Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 10

ധന്യം ഈ ഒത്തുചേരല്‍

ചരിത്രാഖ്യായിക ബിന്‍ത് ശാത്വിഅ് - വിവ: അബ്ദുറഹ്മാന്‍ തുറക്കല്‍

കൂട്ടുകാരി നഫീസ മുഹമ്മദിന്റെ അരികിലെത്തി. അവള്‍ ചോദിച്ചു: 'ഓ മുഹമ്മദ്, ഐഹികലോകത്ത് എന്തെല്ലാം കാര്യങ്ങളാണ് നിനക്ക് അനിഷ്ടകരം? നിന്റെ എകാന്തതക്ക് സമാധാനവും സന്തോഷവും പകരുന്ന ഒരു ഇണയെ ആവശ്യമില്ലേ?' മുഹമ്മദിന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ആറാമത്തെ വയസ്സില്‍ മാതാവ് മരിച്ച ശേഷം അനുഭവിച്ച ദുരിതങ്ങളും കഷ്ടപാടുകളുമെല്ലാം ഓര്‍ത്തു. പുഞ്ചിരി ഭാവിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: 'വിവാഹം കഴിക്കാന്‍ എന്റെ പക്കലൊന്നുമില്ലല്ലോ.' നഫീസ ചോദിച്ചു: 'സമ്പത്തും കുലീനതയും ഭംഗിയും ഒത്തുചേര്‍ന്ന ഒരു വിവാഹാലോചനയാണെങ്കിലോ?' ആ ചോദ്യത്തിലൊളിഞ്ഞ മഹതി ആരാണെന്ന് കണ്ടുപിടിക്കാന്‍ മുഹമ്മദിന് അധികമൊന്നും ആലോചിക്കേണ്ടിവന്നില്ല. അദ്ദേഹം പറഞ്ഞു. 'തീര്‍ച്ചയായും അത് ഖദീജ തന്നെയായിരിക്കും. അവളെക്കാള്‍ സമ്പത്തും കുലീനതയും ഭംഗിയുമുള്ള മറ്റാരാണുള്ളത്? അവളുടെ വിവാഹഭ്യര്‍ഥന ഞാന്‍ സ്വീകരിക്കുന്നു.' ഖദീജയുടെ കൂട്ടുകാരി മടങ്ങി. മുഹമ്മദ് ചിന്താനിമഗ്‌നനായി. ഖുറൈശികളില്‍ തന്നെ മാന്യന്മാരും സമ്പന്നരുമെല്ലാം ഉണ്ടെന്നിരിക്കെ ഖദീജ തന്നോട് വിവാഹഭ്യര്‍ഥന നടത്തുകയോ? അദ്ദേഹം കഅ്ബയെ ലക്ഷ്യമാക്കി പുറപെട്ടു.
മുഹമ്മദിന് ഖദീജയുടെ വിവാഹഭ്യര്‍ഥന ലഭിച്ചു. പിതൃവ്യരായ അബൂത്ത്വാലിബ്, ഹംസ എന്നിവരെ വിവരമറിയിച്ചു. അവരോടൊപ്പം ഖദീജയുടെ വീട്ടിലേക്ക് പുറപ്പെട്ടു. ഖദീജയുടെ കുടുംബാംഗങ്ങളെല്ലാം അവിടെ സന്നിഹിതരായിട്ടുണ്ട്. വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കുന്നു. അബൂത്വാലിബ് അവരെ അഭിസംബോധന ചെയ്തു. ''തീര്‍ച്ചയായും ഖുറൈശി യുവാക്കളില്‍ മുഹമ്മദിനോട് കിടപിടിക്കാന്‍ മറ്റൊരാളില്ല. സമ്പത്ത് അല്‍പം കുറഞ്ഞവനാണെങ്കിലും മുഹമ്മദ് ഖുറൈശി യുവാക്കളില്‍ ഉല്‍കൃഷ്ട സ്വഭാവിയും ബുദ്ധിമാനും മാന്യനുമാണ്. സമ്പത്ത് നിഴലാണെന്ന് അറിയുക.............. ''
ഖദീജയുടെ വീടും പരിസരവും വിവാഹത്തിന് അണിഞ്ഞൊരുങ്ങി. പിതൃവ്യന്‍ അംറ്ബ്‌നു അസദ്ബ്‌നു അബ്ദുല്ല, മുഹമ്മദുമായുള്ള വിവാഹത്തെ പ്രകീര്‍ത്തിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. അങ്ങനെ ഖദീജയെ മുഹമ്മദിന് 20 ചെറിയ ഒട്ടകങ്ങള്‍ വിവാഹമൂല്യത്തിന് പിതൃവ്യന്‍ വിവാഹം കഴിച്ചുകൊടുത്തു (പിതാവാണ് വിവാഹം കഴിച്ചുകൊടുത്തതെന്നും വിവാഹമൂല്യം പന്ത്രണ്ട് ഊഖിയയായിരുന്നുവെന്നും അഭിപ്രായമുണ്ട്). ദഫ് മുട്ടലും ആടുകളെ അറുക്കലുമെല്ലാം വിവാഹത്തിന് കൊഴുപ്പേകി. വിവാഹത്തിന് സാക്ഷികളാവാന്‍ കുടുംബാംഗങ്ങളും ഖദീജയുടെ കൂട്ടുകാരികളും എത്തിയിട്ടുണ്ട്. മുഹമ്മദിനെ ചെറുപ്പത്തില്‍ മൂലയൂട്ടിയ ബനീ സഅദ് താഴ്‌വരയില്‍ നിന്നുള്ള ഹലീമയും അവര്‍ക്കിടയിലുണ്ട്. പ്രിയ ഭര്‍ത്താവിന് മൂലയുട്ടിയതിന് ഉപഹാരമെന്നോണം ഖദീജ നാല്‍പത് ആടുകളെ ഹലീമക്ക് നല്‍കി.
അന്നേ ദിവസം മാതാവിനെ ഓര്‍ത്ത് മുഹമ്മദിന്റെ ഇരു കണ്ണുകളും ഈറനണിഞ്ഞു. ഖദീജയുമൊത്തുള്ള ദാമ്പത്യ ജീവിതം ദുഃഖങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും ഇല്ലായ്മകള്‍ക്കും പകരം സ്‌ഹേത്തിന്റെയും ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും കുളിര് പകര്‍ന്നു.
ആ ദാമ്പത്യ ജീവിതം പത്ത് വര്‍ഷം പിന്നിട്ടു. ധന്യവും സ്‌നേഹ സുരഭിലവും മാതൃകാപരവുമായ ദാമ്പത്യ ജീവിതമായി അപ്പോഴേക്കും ചരിത്രത്തിലിത് ഇടം നേടിക്കഴിഞ്ഞു. അനുഗ്രഹീതമായ ആ ദാമ്പത്യം പിന്നെയും പതിനഞ്ച് വര്‍ഷം ഒഴുകി. ഖാസിം, അബ്ദുല്ല എന്നീ രണ്ട് ആണ്‍കുട്ടികളും സൈനബ്, റുഖിയ, ഉമ്മുകുല്‍സൂം, ഫാത്വിമ എന്നീ പെണ്‍കുട്ടികളും നല്‍കി ഇരുവരെയും അല്ലാഹു അനുഗ്രഹിച്ചു. ചെറുപ്പം മുതലേ അനാഥനായി വളര്‍ന്ന മുഹമ്മദിന് സന്താനങ്ങള്‍ സന്തോഷവും കണ്‍കുളിര്‍മയുമുണ്ടാക്കി. എന്നാല്‍ വാത്സല്യനിധികളായ രണ്ട് ആണ്‍കുട്ടികളുടെയും വിയോഗം ഇരുവരെയും തീരാ ദുഃഖത്തിലാഴ്ത്തി.
മഹത്തായ ഒരു സംഭവത്തിന് മക്ക സാക്ഷിയാകാറായി. അത് മുഹമ്മദിന്റെ കുടുംബത്തെയോ ഖുറൈശികളെയോ അറബികളെയോ മാത്രമല്ല, മാനവകുലത്തെ മുഴുവന്‍ ബാധിക്കുന്നതായിരുന്നു. ദൈവിക വചനങ്ങളുടെ അവതരണമായിരുന്നു അത്. മുഹമ്മദിന് വയസ്സ് നാല്‍പതിനോടടുത്തു. ഹിറയിലേക്കുള്ള പോക്കുവരവുകളും അവിടത്തെ ഏകാന്തവാസവും ഇപ്പോള്‍ കൂടിയിട്ടുണ്ട്. ആത്മീയ കാര്യങ്ങളിലാണ് ഇപ്പോള്‍ കൂടുതല്‍ സമയവും. എന്തോ ഒരു മഹദ് യാഥാര്‍ഥ്യത്തിലേക്ക് താന്‍ അടുക്കുന്നതായും രഹസ്യങ്ങളെന്തോ തനിക്ക് വെളിപ്പെടാന്‍ പോകുന്നതായും അദ്ദേഹത്തിന് തോന്നി. പ്രിയ ഭര്‍ത്താവിന്റെ ഏകാന്ത ജീവിതം ഖദീജയെ അസ്വസ്ഥയാക്കി. പല തോന്നലുകളും മനസ്സില്‍ ഉയര്‍ന്നു. വീട്ടിലെത്തിയാല്‍ സമാശ്വാസവാക്കുകളാലും സ്‌നേഹമസൃണമായ പൊരുമാറ്റങ്ങളാലും ഭര്‍ത്താവിന് അവള്‍ ആശ്വാസവും സമാധാനവും പകര്‍ന്നുകൊണ്ടിരുന്നു. ഹിറയിലേക്ക് പോകുമ്പോള്‍ കണ്‍മറയുംവരെ നോക്കി നിന്നു. ചിലപ്പോള്‍ ഭര്‍ത്താവിന്റെ ഏകാന്തതക്കും ധ്യാനത്തിനും പ്രയാസമുണ്ടാക്കാത്തവിധം പരിചരണത്തിനും സുരക്ഷക്കുമായി ആളുകളെ പിറകെ അയക്കുകയും ചെയ്തു.

വറഖത്തിന്റെ പ്രവചനം
വിധി നിര്‍ണയരാവില്‍ ഹിറായില്‍ വെച്ച് മുഹമ്മദിന് ദിവ്യ ബോധനം ലഭിച്ചു. അങ്ങനെ അന്ത്യപ്രവാചകനായും മനുഷ്യകുലത്തിനാകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനായും മുന്നറിയിപ്പ് നല്‍കുന്നവനായും അല്ലാഹു അദ്ദേഹത്തെ തെരഞ്ഞെടുത്തു. ബിംബാരാധനയില്‍ മുഴുകിയ ആ ദേശത്തെ അത് പ്രകമ്പനം കൊള്ളിച്ചു. മുഹമ്മദ് (സ) ചകിതനും വിറപൂണ്ടവനുമായി. പ്രഭാതത്തിലെ മങ്ങിയ വെളിച്ചത്തില്‍ വിറച്ച ശരീരവും വിവര്‍ണ മുഖവുമായി അദ്ദേഹം ഹിറായില്‍ നിന്ന് വീട്ടിലേക്ക് ധൃതിയില്‍ നടന്നു.
വാസ്തവത്തില്‍ ദിവ്യ വചനങ്ങളുടെ അവതരണം പൊടുന്നനെ ഉണ്ടായതല്ല. പുതിയൊരു പ്രവാചകന്റെ ആഗമനവും ദൈവിക വെളിപാടുകളെക്കുറിച്ച വൃത്താന്തവും അറബികള്‍ക്കിടയില്‍ നേരത്തെ പ്രചരിച്ചിരുന്നു. അവര്‍ക്കിടയിലെ പുരോഹിതന്മാര്‍ വരാനിരിക്കുന്ന പുതിയ പ്രവാചകനെയും ദിവ്യവെളിപാടുകളെയും സംബന്ധിച്ച് ധാരാളം വാചാലരായിരുന്നു. ആ ദിവ്യ സന്ദേശത്തിന്റെ അവതരണം എങ്ങനെയാകുമെന്നോ എപ്പോഴായിരിക്കുമെന്നോ ആര്‍ക്കുമറിവുണ്ടായിരുന്നില്ല. എല്ലാവരുടെയെല്ലാം കണക്ക് കൂട്ടലുകള്‍ക്കും ചിന്തകള്‍ക്കുമതീതമായിരുന്നു അതിന്റെ അവതരണം. ആ ദൈവിക ദൗത്യം ഏറ്റെടുക്കാനുളള പരിശീലനത്തിലായിരുന്നു മുഹമ്മദ് (സ). ചെറുപ്പത്തില്‍ അനാഥനായി, കഷ്ടപാടുകളുമായി വളര്‍ന്നതും ആടുകളെ മേയ്ക്കാന്‍ പുറപെട്ടതും കച്ചവട സംഘത്തോടൊപ്പം ശാമിലേക്ക് യാത്രയായതും എകാന്തജീവിതം നയിച്ചതും ധ്യാനനിരതനായതുമെല്ലാം അതിനുള്ള ഒരുക്കങ്ങളായിരുന്നു.
വീട്ടിലെത്തിയ മുഹമ്മദി(സ)ന് പ്രിയ പത്‌നി ഖദീജ (റ) സമാധാനവും ആശ്വാസവും പകര്‍ന്നു. പേടിച്ച് വിറച്ച അദ്ദേഹം ഇടറിയ സ്വരത്തില്‍ പ്രിയതമയോട് സംഭവിച്ചതെല്ലാം പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞ ശേഷം ഖദീജ (റ) പറഞ്ഞു: ''അല്ലയോ അബുല്‍ ഖാസിം, അല്ലാഹുവിന്റെ സംരക്ഷണമുണ്ട് നമുക്ക്. താങ്കള്‍ സന്തോഷവാനായിരിക്കുക, അചഞ്ചലനായി നിലകൊള്ളുക. ഖദീജയുടെ ആത്മാവ് ആരുടെ കൈയിലാണോ, അവനാണ് സത്യം, തീര്‍ച്ചയായും താങ്കള്‍ ഈ സമൂഹത്തിന്റെ പ്രവാചകനായി തീരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അല്ലാഹു ഒരിക്കലും താങ്കളെ നിന്ദിക്കുകയില്ല. താങ്കള്‍ കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുന്നു. സത്യം മാത്രം പറയുന്നു. പ്രയാസങ്ങള്‍ ദൂരീകരിക്കുന്നു. സത്യത്തിനായി യത്‌നിക്കുന്നു. ''
പ്രവാചകനെ പിന്തുടര്‍ന്ന ഭയം പതുക്കെ അകന്നു. അല്‍പം ആശ്വാസവും സമാധാനവും കൈവന്നു. അദ്ദേഹം നിദ്രയിലാണ്ടു. ആ സമയത്ത് വീടിന് പുറത്ത് കടന്ന ഖദീജ (റ) വിജനമായ പാതയിലൂടെ തന്റെ പിതൃവ്യ പുത്രന്‍ വറഖത്ത് ബ്‌നു നൗഫലിന്റെ അടുത്തേക്ക് ധൃതിയില്‍ നടന്നു. സംഭവങ്ങള്‍ വറഖയോട് വിവരിച്ചു. എല്ലാം ശ്രദ്ധിച്ചു കേട്ട അദ്ദേഹം ഉത്സാഹത്തോടും അഭിമാനത്തോടും കൂടി പറഞ്ഞു: ''ജിബ്‌രീല്‍ ....... ജിബ്‌രീല്‍.. വറഖയുടെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ സത്യം, ഖദീജ,… നീ പറയുന്നത് സത്യമാണെങ്കില്‍ തീര്‍ച്ചയായും അത് ഈസായുടെയും മൂസായുടെയും അടുത്തു വന്ന ജീബ്‌രിലാണ്. മുഹമ്മദ് ഈ സമൂഹത്തിന്റെ പ്രവാചകനാണ്. ഈ വിവരം അദ്ദേഹത്തോട് പറയുക, ധൈര്യമായിരിക്കാനും.''
സന്തോഷവാര്‍ത്തയുമായി പ്രിയ ഭര്‍ത്താവിന്റെയരികിലേക്ക് ഖദീജ(റ) ഓടിയെത്തി. പ്രവാചകന്‍ ഉണരുന്നതുവരെ കാത്തിരുന്നു. പ്രവാചകന്റെ തൊട്ടടുത്ത് തന്നെ ഖദീജ (റ) നിലകൊണ്ടു. ആ സമയത്ത് പ്രവാചകന്‍ വിരിപ്പില്‍ നിന്ന് ഞെട്ടി എഴുന്നേറ്റ് പ്രയാസത്തോടെ ശ്വാസം വലിച്ചുകൊണ്ടിരുന്നു. വിയര്‍പ്പ് കണങ്ങളാല്‍ തെറ്റിതടം കുതിര്‍ന്നു. അല്‍പനേരം അതു തുടര്‍ന്നു. മുഹമ്മദ് (സ) ആരില്‍ നിന്നോ എന്തോ ശ്രദ്ധിച്ച് കേള്‍ക്കുകയും സാവധാനത്തില്‍ അതേറ്റ് ആവര്‍ത്തിച്ചു പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നത് പോലെയുണ്ട്.
''ഹേ, പുതച്ചു മൂടിയവനേ, എഴുന്നേല്‍ക്കൂ, മുന്നറിയിപ്പ് നല്‍കൂ, നിന്റെ രക്ഷിതാവിന്റെ മഹത്വം വിളംബരം ചെയ്യൂ'' (മുദ്ദസിര്‍ 1-3)
വറഖത് ബ്‌നു നൗഫലില്‍ നിന്ന് കേട്ട കാര്യങ്ങള്‍ ഖദീജ(റ) പ്രവാചകനോട് പറഞ്ഞു. അത് പ്രവാചകനില്‍ കൂടുതല്‍ സന്തോഷവും ശുഭപ്രതീക്ഷയും ഉളവാക്കി. ഇരു ദൃഷ്ടികളും വിരിപ്പിലേക്ക് താഴ്ത്തി പ്രവാചകന്‍ പറഞ്ഞു: ''ഖദീജ, ഉറക്കിന്റെയും വിശ്രമത്തിന്റെയും കാലം കഴിഞ്ഞിരിക്കുന്നു. ജീബ്‌രീല്‍ എന്നോട് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും അവരെ അല്ലാഹുവിലേക്ക് ക്ഷണിക്കാനും കല്‍പിച്ചിരിക്കുന്നു. ആരെയാണ് ഞാന്‍ ക്ഷണിക്കുക? ആരാണെനിക്ക് ഉത്തരം നല്‍കുക?''
പ്രിയ പത്‌നി ഖദീജ (റ) പ്രവാചകനെ സമാശ്വസിപ്പിച്ചു. ഒന്നും ആലോചിച്ചില്ല. പ്രവാചകന്റെ വിളിക്ക് ഉത്തരം നല്‍കി. അങ്ങനെ ഇസ്‌ലാം ആശ്ലേഷിച്ച ആദ്യത്തെ വിശ്വാസിനിയായി ഖദീജ(റ). പ്രിയതമയുടെ ഇസ്‌ലാമാശ്ലേഷം പ്രവാചകന് സമാധാനവും ധൈര്യവും പകര്‍ന്നു. പിന്നീട് പ്രവാചകന്‍ വറഖത് ബ്‌നു നൗഫലിന്റെ അടുത്തേക്ക് പുറപ്പെട്ടു. പ്രവാചകനെ കണ്ട ഉടനെ അദ്ദേഹം പറഞ്ഞു:'''എന്റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ് സത്യം. താങ്കള്‍ ഈ സമൂഹത്തിന്റെ പ്രവാചകനാണ്. അവര്‍ താങ്കളെ കളവാക്കുകയും ഉപദ്രവിക്കുകയും നാട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യും. താങ്കളോട് അവര്‍ യുദ്ധം ചെയ്യും. ആ ദിവസം ഞാനുണ്ടെങ്കില്‍ തീര്‍ച്ചയായും അന്ന് ഞാന്‍ അല്ലാഹുവിനെ സഹായിക്കുക തന്നെ ചെയ്യും.'' വറഖത് ബ്‌നു നൗഫല്‍ പ്രവാചകന്റെ ശിരസ്സ് താഴ്ത്തി മൂര്‍ദ്ധാവില്‍ ചുംബിച്ചു.
ഇതുകേട്ട പ്രവാചകന്‍ ചോദിച്ചു: ''അവര്‍ എന്നെ പുറത്താക്കുമോ?'' വറഖ പറഞ്ഞു: ''അതെ, ദൈവിക സന്ദേശങ്ങളുമായി വന്നവരൊക്കെ പീഡനങ്ങള്‍ക്കിരയായിട്ടുണ്ട്.'' വറഖ തുടര്‍ന്നു. ''ആ ദിവസം ഞാനൊരു യുവാവായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. അന്ന് ജീവിച്ചിരിപ്പുണ്ടെങ്കില്‍ എത്ര നന്നായിരുന്നു!''
വറഖയുടെ വാക്കുകള്‍ പ്രവാചകനെ സന്തോഷിപ്പിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. അദ്ദേഹം വീട്ടിലേക്ക് മടങ്ങി. സത്യപ്രബോധന മാര്‍ഗത്തിലെ തീക്ഷ്ണ പരീക്ഷണങ്ങളും കൊടിയ മര്‍ദനങ്ങളും സഹിക്കാനും ക്ഷമിക്കാനും അദ്ദേഹം തയാറായി. കാണാനും കേള്‍ക്കാനും സാധിക്കാത്ത, സ്വന്തത്തിനോ മറ്റാര്‍ക്കോ ഉപകാരങ്ങളോ ഉപദ്രവങ്ങളോ ചെയ്യാന്‍ കഴിയാത്ത ബിംബങ്ങളെ ആരാധിക്കുന്നത് അദ്ദേഹം എതിര്‍ത്തു. പ്രവാചകനിലൂടെ പ്രകാശിച്ച ദിവ്യചിന്തകള്‍ക്ക് ക്രമേണ മൂര്‍ച്ചയേറി. പ്രപഞ്ചത്തിലെ ഒരോ വസ്തുവിലെയും സ്യഷ്ടിവൈഭവങ്ങളെയും അവക്ക് പിന്നിലെ മഹത്തായ ശക്തിയെയും അവയുടെ വ്യവസ്ഥാപിതമായ ചലനത്തെയും അവയുടെ നിയന്താവിനെയും സംബന്ധിച്ച ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും അത് തിരി കൊളുത്തി.
സത്യപ്രബോധന രംഗത്ത് പ്രിയ പത്‌നി ഖദീജ (റ) പ്രവാചകന് താങ്ങും തണലുമായി വര്‍ത്തിച്ചു. ഖുറൈശികള്‍ കടുത്ത ഉപരോധം ഏര്‍പെടുത്തിയപ്പോള്‍ ഏറ്റവും ഇഷ്ടപെട്ട വീടും ചുറ്റുപാടും ഉപേക്ഷിച്ച് പ്രവാചകനോടൊപ്പം ശിഅ്ബ് അബീ ത്വാലിബിലേക്ക് പോയി. മൂന്ന് വര്‍ഷത്തോളം ശത്രുക്കളുടെ പീഡനങ്ങളും ഉപരോധവും സഹിച്ച് പ്രവാചകനോടൊപ്പം ക്ഷമാശീലയായി ഖദീജ(റ).

(തുടരും)


Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം