Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 10

ഊമപ്പൂങ്കുയില്‍ പാടുമ്പോള്‍

മീഡിയ - പി.ടി കുഞ്ഞാലി ചേന്ദമംഗല്ലൂര്‍

കേരളത്തിന്റെ മധ്യവര്‍ഗ പൊങ്ങച്ചങ്ങളുടെ വര്‍ണ വിസ്മയങ്ങളില്‍ ഒന്നാണ് ഇംഗ്ലീഷ് ഭ്രമം. മലയാള ഭാഷ ഉരുവം തേടിയത് ചെന്തമിഴില്‍ നിന്നോ സംസ്‌കൃതത്തില്‍ നിന്നോ എന്ന സംവാദം ഒടുങ്ങുകയും അത് ഇംഗ്ലീഷില്‍ നിന്നാണെന്ന പൊതുബോധം ഊട്ടപ്പെടുകയും ചെയ്യാന്‍ കാലമേറെ വേണ്ട. അത്രക്ക് കലശലാണ് നമ്മുടെ ഇംഗ്ലീഷ് ഭാഷാ കാമം. ഏറെ വര്‍ഷങ്ങളായി മലയാളി അകപ്പെട്ടുപോയ ഈയൊരു മാനസിക വിഭ്രാന്തിയും അതിന്റെ പരിസരം സൃഷ്ടിക്കുന്ന സംഭ്രമജനകമായ അനന്തരതകളുമാണ് പുതുമുഖ സംവിധായകനായ അബൂബക്കര്‍ സിദ്ദീഖ് സംവിധാനം ചെയ്ത 'ഊമക്കുയില്‍ പാടുമ്പോള്‍' നമ്മോട് സംബോധന ചെയ്യുന്നത്.
മുഖ്യധാരാ പള്ളിക്കൂടത്തില്‍ കവിതയെ പ്രണയിച്ചും തുമ്പിയെ പിടിച്ചും തുമ്പപ്പൂവിറുക്കിയും ആകാശം നോക്കിയും മണ്ണില്‍ ചവുട്ടിയും ഏറെ ശുഭത്തോടെ പാഠം ചൊല്ലിയ റീമ എന്ന കൗമാരത്തിടമ്പ് മാതാപിതാക്കളുടെ പ്രത്യേകിച്ച് ഉമ്മയുടെ പൊങ്ങച്ചക്കൈകളാല്‍ ഏറെ പെരുമപ്പെട്ട ഇംഗ്ലീഷ് സ്‌കൂളിലേക്ക് നിര്‍ദയം പറിച്ചുനടപ്പെടുന്നു. അവിടെ അവള്‍ക്ക് നഷ്ടമായത് അവളെയായിരുന്നു. ആത്മസൗഹൃദത്തിന്റെ ഊഷ്മളതകളോ സ്വപ്നങ്ങള്‍ പൂത്തുനില്‍ക്കുന്ന ആകാശമോ കവിത ചിലങ്ക കെട്ടിയാടുന്ന മണ്ണോ അവിടെയില്ല. അതോടൊപ്പം കൗമാരത്തിന്റെ സ്വാഭാവിക തരളിതയിലേക്ക് പോലും ഒളിച്ചുകയറി അവിടെയും നഞ്ഞു കലക്കാനുള്ള ഉമ്മയുടെ അവസാനത്തെ ആക്രാന്തം. കുഞ്ഞിന്റെ പുസ്തകക്കെട്ട് പോലീസുകാരെപ്പോലെ പരിശോധിക്കുകയും മലയാള പുസ്തകമെന്ന അതിഭീകരമായ തൊണ്ടി കണ്ടെടുക്കുകയും ചെയ്യുന്ന രംഗം ഇതാണ് പ്രേക്ഷകരിലേക്കെത്തിക്കുന്നത്.
അക്കാദമിക പാഠങ്ങളുടെ അടുപ്പില്‍ നീറുന്ന റീമ. കൂടെ നടന്ന് അഗ്നി പകരുന്ന ഉമ്മ. ഇതൊരു മനുഷ്യനാണെന്ന ബോധം പോലും ഉല്‍പാദിപ്പിക്കപ്പെടാത്ത ഉമ്മയില്‍ പ്രവര്‍ത്തിക്കുന്നത് കേരളീയ മധ്യവര്‍ഗത്തിന്റെ മടുപ്പിക്കുന്ന പൊങ്ങച്ചം മാത്രമാണ്. മകളെ താന്‍ സൂക്ഷിക്കുന്ന സങ്കല്‍പരാജ്യത്തെ രാജകുമാരിയാക്കാന്‍ നടത്തുന്ന നിലവിട്ട അത്യാഗ്രഹം, അതിനായുള്ള നെട്ടോട്ടം. ഒരുകാലത്ത് മലയാളി പൊതുമനസ്സ് ഏറ്റുവാങ്ങിയ അയല്‍ബന്ധങ്ങള്‍ പോലും ഈ വെപ്രാളത്തിനിടയില്‍ അവര്‍ മറന്നുപോകുന്നു. കുതറിയോടുന്ന അയല്‍ക്കാരന്‍ കുഞ്ഞ് അബദ്ധത്തില്‍ തകര്‍ത്ത ജനല്‍പാളി വീണുടഞ്ഞപ്പോള്‍ അതിനേക്കാള്‍ ശബ്ദത്തില്‍ ചിതറിവീണത് അയല്‍ബന്ധങ്ങളിലെ ദാനാദാനങ്ങളാണ്. മതിലുകള്‍ കെട്ടിയും കതകടച്ചും നാം പുറം
തള്ളിയ അയല്‍സൗഹൃദത്തിന്റെ ആദാന പ്രദാനങ്ങള്‍. ഇത് റീമയിലുണ്ടാക്കുന്ന മാനസിക പിരിമുറുക്കങ്ങള്‍.
പഠിക്കാനെത്തിയ പുതിയ സ്ഥാപനവും അതിന്റെ മേധാവികളും പുനരുല്‍പാദിപ്പിക്കുന്നത് ഉമ്മ സീനത്തിന്റെ തന്നെ മനോനിലയുടെ മറ്റൊരു ഭാവമാണ്. സ്ഥാപനത്തിന്റെ പെരുമയിലും അതിനുവേണ്ടി തുടരുന്ന കാര്‍ക്കശ്യത്തിലും മാത്രം രമിക്കുന്ന അധികൃതര്‍. അവിടത്തെ പ്രിന്‍സിപ്പല്‍. അദ്ദേഹത്തിന്റെ മീശയും ഭാഷയും ഏതോ ഒരു പട്ടാള ജയിലിന്റെ വാര്‍ഡനെ ഓര്‍മിപ്പിക്കുന്നു. മാനേജ്‌മെന്റംഗങ്ങള്‍ ഫീസിനങ്ങളുടെ കണക്കന്വേഷിക്കുന്ന രക്ഷിതാക്കളെ നോക്കി ഷൈലോക്കിനെപ്പോലെ നിറഞ്ഞ് ചിരിക്കുന്നു. ഇതത്രയും ഇന്ന് കേരളീയ പൊതുമണ്ഡലത്തില്‍ നാം കണ്ടുമടുത്ത വികൃത വേഷങ്ങള്‍ തന്നെയാണ്. പൊങ്ങച്ചത്തിന്റെ ചന്തയില്‍ അക്ഷരത്തികവുകള്‍ മറിച്ചു വില്‍ക്കാനെത്തിയ ചെട്ടിമിടുക്ക്. എങ്ങനെ മറ്റുള്ളവരുടെ മുന്നിലെത്താം എന്ന കുടിലസൂത്രം മാത്രം ധര്‍മോപദേശമായി ലഭിക്കുന്ന ഇവിടങ്ങളില്‍ സൗഹൃദത്തിന്റെയും മാനവികതയുടെയും ആര്‍ദ്ര സമതലങ്ങള്‍ സൃഷ്ടിക്കപ്പെടുകയില്ല. സ്വന്തം വീടും ഇംഗ്ലീഷ് സ്‌കൂള്‍ പരിസരവും റീമക്ക് നല്‍കുന്ന ഉഷ്ണ പാഷാണ ശിഖരങ്ങളില്‍ അവള്‍ക്ക് സാന്ത്വനമാകുന്നത് അവളുടെ മുത്തശ്ശിയും താന്‍ ഉപേക്ഷിച്ചുപോരേണ്ടിവന്ന പഴയ പള്ളിക്കൂടത്തിലെ ഭാഷാധ്യാപകനുമാണ്.
വാര്‍ധക്യം ഇന്നൊരു പാപമാണ്. ആധുനികോത്തര കാലത്തിന്റെ തീര്‍പ്പ് അങ്ങനെ. അതുകൊണ്ടുതന്നെയാകാം വൃദ്ധന്മാര്‍ വാര്‍ധക്യത്തെ ഭയക്കുന്നത്. മുടി കറുപ്പിച്ചും പല്ലു പിടിപ്പിച്ചും ചര്‍മ സംവര്‍ധനികള്‍ പൂശിയും വാര്‍ധക്യം സ്വയം രക്ഷ തേടി യൗവനങ്ങളുടെ പകിട്ടില്‍ പതുങ്ങാന്‍ ശ്രമിക്കുന്നത്. ഈ സിനിമയില്‍ വാര്‍ധക്യം അതിന്റെ നിയോഗം കണ്ടെടുക്കുന്നു. മനോസമ്മര്‍ദത്തില്‍ മുങ്ങിപ്പൊങ്ങുമ്പോള്‍ റീമ സാന്ത്വനം തേടി പോകുന്നത് ഉമ്മൂമ്മയെന്ന ജന്മ പുണ്യത്തിലേക്കാവുന്നത് വെറുതയെല്ല. പൊടിയരിക്കഞ്ഞിയില്‍ ഉപ്പു പരലുകള്‍ പോലെ റീമയിലെ ലവണശേഷിയായി ആ ഉമ്മൂമ്മ ആര്‍ദ്ര സാന്നിധ്യമാവുന്നു. പുതുകാലത്തിന്റെ അവതാരമായ മനോസമ്മര്‍ദത്തെ തെറിപ്പിച്ചു കളയുന്ന ഒരു സുരക്ഷാ വാല്‍വ്. വാര്‍ധക്യത്തിന് ഇങ്ങനെയും പ്രവര്‍ത്തിക്കാന്‍ പറ്റും. സേഫ്റ്റി വാല്‍വുകളില്ലാത്ത അടഞ്ഞ വെപ്പു പാത്രമായി നമ്മുടെ ബാല്യ കൗമാരങ്ങള്‍ മാറിയാല്‍ അത് നിരന്തരം പൊട്ടിത്തെറിക്കും. പഴയകാല തറവാടുകളിലും കുടിലുകളിലും രക്ഷാബോധമായി നിന്നു കത്തിയ വാര്‍ധക്യത്തെ പുതുകാല അണുകുടുംബങ്ങള്‍ എറിഞ്ഞു കളഞ്ഞതിനെതിരെയുള്ള താക്കീത് കൂടിയാണീ സിനിമ. ഒന്നാം തലമുറ സാമൂഹിക ജീവിതത്തില്‍ നിന്നും തുരത്തപ്പെടേണ്ട ഒന്നല്ലെന്നും പ്രതീക്ഷയോടെ പുണരേണ്ട സാധ്യതകളാണെന്നുമുള്ള മഹത്തായ പാഠം ഈ സിനിമ നമുക്ക് നല്‍കുന്നു. നമസ്‌കാരപ്പായിലിരുന്ന് വേദപുസ്തകം വായിക്കുന്ന മുത്തശ്ശി പേരമകള്‍ റീമയിലേക്ക് പ്രക്ഷേപിക്കുന്നത് സാന്ത്വനത്തിന്റെയും പ്രതീക്ഷയുടെയും വിവേക പുണ്യങ്ങളാണ്. ഇങ്ങനെയൊരു മുത്തശ്ശിയെ സമൂഹത്തില്‍ നിന്നും സമുദായത്തില്‍നിന്നും കണ്ടെടുത്ത് പുതുകാലത്തിന്റെ വെപ്രാളത്തിനു നല്‍കിയ സിദ്ദീഖ് അഭിനന്ദനമര്‍ഹിക്കുന്നു.
ഏറ്റവും ശക്തമായ സ്‌കൂളിംഗ്, ഡിസ്‌കൂളിംഗ് (Deschooling) ആണ് എന്ന നവീമായ ഒരു ചിന്തയുണ്ട്. സ്‌കൂളുകള്‍ക്ക് തീ കൊടുക്കുക എന്ന ആഹ്വാനം ലോകത്തിന്ന് ശക്തമാണ്. ടോട്ടോച്ചാന്‍ മുതല്‍ സാരംഗ് വരെ അതാണ് പറയുന്നത്. വമ്പന്‍ കോണ്‍ക്രീറ്റ് പന്തികള്‍ കെട്ടിയുണ്ടാക്കി അതില്‍ ഇടിച്ചും കുത്തിയും തലമുടി വടിച്ചും നറു ബാല്യത്തെ ചട്ടം പഠിപ്പിക്കുന്ന അശ്ലീലതക്കെതിരെയുള്ള കലാപമാണീ സിനിമ. ആര്‍ദ്രതയുടെയും ഭാവനയുടെയും മഞ്ഞണിഞ്ഞ ശൈലങ്ങളും തളിര്‍ പുല്‍മെത്തകളും തൈവാഴകൂമ്പുകളും അവര്‍ക്ക് തടയപ്പെടരുത്. അതവര്‍ക്ക് പ്രതീക്ഷയുടെ ഏദന്‍ തോട്ടങ്ങളാണ്.
പുതുകാല തലമുറ സ്വാര്‍ഥ മൂര്‍ത്തികളായ രക്ഷിതാക്കളോട് ഒരു യുദ്ധമുഖം തുറക്കേണ്ടതുണ്ട്. രണ്ട് തീരങ്ങളും അതിന്റെ ഇരു മണല്‍തിട്ടകളും തിരിച്ചുവാങ്ങാനുള്ള യുദ്ധം. വൃദ്ധ സൗഭാഗ്യങ്ങളുടെ രക്ഷാ കവചം, ഒപ്പം ആര്‍ദ്രതയുടെ മഞ്ഞ മന്ദാരത്തോട്ടങ്ങളും.
ശങ്കര്‍, നിലമ്പൂര്‍ ആഇശ, ബന്ന ചേന്ദമംഗല്ലൂര്‍, മാളവിക, സംഗീത തുടങ്ങിയവര്‍ പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മാണം സെഞ്ച്വറി വിഷന്‍ മീഡിയയാണ്. ഷോട്ടുകളും ദൃശ്യങ്ങളും രംഗനിര്‍ണയങ്ങളും നവാഗതന്റെ പരിഭ്രമങ്ങള്‍ അത്രയൊന്നും കാട്ടുന്നില്ലെങ്കിലും ചിത്രത്തിന്റെ ക്രാഫ്റ്റ് അത്ര ബലിഷ്ഠമല്ലെന്നു പറയേണ്ടതുണ്ട്. ദൃശ്യ പ്രദേശങ്ങളാകട്ടെ ഇത്തിരി വട്ടത്തില്‍ ഒതുങ്ങി നിന്നുകളയുകയും ചെയ്യുന്നു. കാനേഷ് പൂനൂരിന്റെ മനോഹര ഗാനങ്ങള്‍ക്ക് എം.ആര്‍ റിസാന്‍ ഈണം നല്‍കിയിരിക്കുന്ന ചിത്രം കണ്ടിറങ്ങുമ്പോള്‍ ഒരു ചോദ്യം മുഴങ്ങുന്നു: എന്തുകൊണ്ടാണ് കുട്ടികള്‍ സ്‌കൂളിലേക്ക് നടന്നും, തിരിച്ച് വീട്ടിലേക്ക് ഓടിയും പോകുന്നത്?

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം