Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 10

അടുത്തുനിന്നവര്‍ അകലം പാലിച്ചവര്‍-4 - പണ്ഡിത പ്രമുഖര്‍

ടി.കെ അബ്ദുല്ല / സദ്‌റുദ്ദീന്‍ വാഴക്കാട്

അല്‍ ഫാറൂഖ് മാസികയുടെ എഡിറ്ററായിരുന്ന സാദിഖ് മൌലവി, ആകര്‍ഷകമായ വ്യക്തിത്വത്തിന്റെയും യുവ സഹജമായ പ്രസരിപ്പിന്റെയും ഉടമയായിരുന്നു; ദീനീ പണ്ഡിതനുമായിരുന്നു. വായിക്കാന്‍ സന്തോഷം തോന്നുന്ന ഒരു പത്രമായിരുന്നു അല്‍ ഫാറൂഖ്. അക്കാലത്ത് പ്രബോധനത്തില്‍ എഴുതാന്‍ മടിക്കുന്ന, ജമാഅത്തിനോട് സ്നേഹവും ആദരവുമുള്ള യുവ എഴുത്തുകാര്‍ തങ്ങളുടെ രചനകള്‍ പ്രബോധനത്തിലേക്ക് അയച്ചാല്‍ അവിടെയിരിക്കുന്ന ചെറുപ്പക്കാര്‍ പ്രസിദ്ധീകരിക്കുകയില്ലെന്ന് ഭയപ്പെട്ടിരുന്നു. അത്തരം യുവ പണ്ഡിതന്മാര്‍ക്കും എഴുത്തുകാര്‍ക്കുമുള്ള ഒരു വഴിയമ്പലവും ഇടത്താവളവുമൊക്കെയായിരുന്നു അല്‍ഫാറൂഖ്. പ്രത്യേകിച്ച് കവിതകള്‍, കഥകള്‍, നാടകങ്ങള്‍ തുടങ്ങിയവയൊന്നും പ്രബോധനത്തില്‍ വരികയില്ല എന്ന് അന്ന് ഉറപ്പായിരുന്നു.

എന്നാല്‍, കൊച്ചു പാട്ടുകള്‍, കവിതകള്‍, നുറുങ്ങു ലേഖനങ്ങള്‍, കഥകള്‍ തുടങ്ങിയ രചനകളൊക്കെ അല്‍ഫാറൂഖ് പ്രസിദ്ധീകരിച്ചിരുന്നു. (മാസികയുടെ കോപ്പികള്‍ ഇന്നും ചില സുഹൃത്തുക്കളുടെ വശം കാണും).
അല്‍ ഫാറൂഖിനെക്കുറിച്ച് പറയുമ്പോള്‍ പ്രശസ്ത മുജാഹിദ് പണ്ഡിതനായ കടവത്തൂരിലെ ഇ.കെ മൌലവി ജമാഅത്തിനെ വിമര്‍ശിച്ചെഴുതിയ ഒരു ലേഖനത്തിന് മറുപടിയായി വന്ന ലേഖന പരമ്പരയെ കുറിച്ചും സൂചിപ്പിക്കേണ്ടതുണ്ട്.
മതവും രാഷ്ട്രീയവും കൂട്ടികലര്‍ത്തുന്ന ജമാഅത്തിന്റെ ആദര്‍ശത്തെയാണ് ഇ.കെ മൌലവി വിമര്‍ശിച്ചത്. മറുപടി എഴുതിയത് ഇപ്പോള്‍ മുജാഹിദ് പ്രവര്‍ത്തകനായ മൂസ മൌലവി വാണിമേലും ഞാനും ചേര്‍ന്നായിരുന്നു. അന്ന് അദ്ദേഹം ജമാഅത്ത് പ്രവര്‍ത്തകനായിരുന്നു. എടയൂരിലെ പ്രബോധനം ഓഫീസില്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. ജമാഅത്തുമായി പില്‍ക്കാലത്ത് അദ്ദേഹം അകന്നുപോയത് ആദര്‍ശത്തിന്റെ പേരിലാണെന്ന് തോന്നിയിട്ടില്ല. ഏതോ സംഭവവശാല്‍ അകന്നു പോയതാകാനാണ് സാധ്യത. അതിനെക്കുറിച്ചൊന്നും ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിട്ടില്ല. മൂസാ വാണിമേല്‍ ഇപ്പോഴും എന്റെ സുഹൃത്താണ്.
ലേഖനം അച്ചടിച്ചത് മൂസ വാണിമേലിന്റെ പേരിലാണ്. ആ ലേഖനത്തില്‍ ശക്തമായി സമര്‍ഥിക്കുന്നത് ഇസ്ലാമില്‍ ദീന്‍-ദുനിയാ വിഭജനങ്ങളൊന്നും സാധ്യമല്ല എന്നായിരുന്നു.
ഇത്തരം ലേഖനങ്ങള്‍ക്കെല്ലാം അല്‍ഫാറൂഖില്‍ സ്ഥാനമുണ്ടായിരുന്നു. അങ്ങനെ ജമാഅത്തിന്റെ ഔദ്യോഗിക പത്രമെന്ന പ്രബോധനത്തിന്റെ പരിമിതിക്ക് അല്‍ഫാറൂഖ് പരിഹാരം ഒരുക്കി. ഇതാണ് അല്‍ ഫാറൂഖിന്റെ സ്ഥാനവും പ്രാധാന്യവും. സാദിഖ് മൌലവി ജമാഅത്തിനോട് വളരെ സ്നേഹം പുലര്‍ത്തിയ വ്യക്തിയായിരുന്നു. അല്‍ഫാറൂഖോ സാദിഖ് മൌലവിയോ പുതിയ തലമുറക്ക് പരിചിതമല്ല.
ആഫ്താബ് കുഞ്ഞുമുഹമ്മദ് (അല്‍ ജിഹാദ് പത്രാധിപര്‍)
അക്കാലത്തുതന്നെ-തൊള്ളായിരത്തി അമ്പതുകളില്‍- ഒരു മിന്നല്‍ പിണര്‍ പോലെ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും അകാലത്തില്‍ അസ്തമിച്ചു പോവുകയും ചെയ്ത അല്‍ ജിഹാദ് എന്ന പത്രത്തെയും അതിന്റെ അധിപരെയും കുറിച്ച് പറയേണ്ടതാണ്. പേര് പോലെ തന്നെ അതിപ്രസരവും അമിതാവേശവുമായിരുന്നു അല്‍ജിഹാദിന്റെ മുഖമുദ്ര. അതിനാല്‍ തന്നെ അധികം മുന്നോട്ടുപോകില്ലെന്നും തോന്നിയിരുന്നു. അല്‍ജിഹാദ് നടത്തിയിരുന്നത് ആഫ്താബ് കുഞ്ഞുമുഹമ്മദ് സാഹിബായിരുന്നു. ആലുവ/എറണാകുളം പ്രദേശത്തുകാരനായിരുന്നു ആഫ്താബ് എന്ന് ഓര്‍ക്കുന്നു. തീ പാറുന്ന പംക്തികളായിരുന്നു പത്രത്തിന്റെ കരുത്ത്. വളരെ ശ്രദ്ധിച്ച് ഞാനെഴുതിയ ഒരു ലേഖനം പ്രസിദ്ധീകരിക്കുന്നതിന് തൊട്ടു മുമ്പാണ് അത് നിന്നുപോയത്. ആഫ്താബ് കുഞ്ഞുമുഹമ്മദ് സാഹിബ് നല്ല എഴുത്തുകാരനായിരുന്നു. മാത്രമല്ല, നിമിഷ കവിയെന്ന് പറയുന്നതുപോലെ നിമിഷ ലേഖകനായിരുന്നു അദ്ദേഹം. പത്രത്തിലേക്ക് എന്തെങ്കിലും എഴുതാന്‍ മറന്നാല്‍ പലപ്പോഴും പ്രസ്സില്‍ ചെന്നാണ് പറഞ്ഞു കൊടുക്കുക. അദ്ദേഹം പറഞ്ഞു കൊടുക്കുന്നതനുസരിച്ച് ജീവനക്കാര്‍ അക്ഷരം നിരത്തും! അങ്ങനെയും ലേഖനം എഴുതുമായിരുന്നുവത്രെ ആഫ്താബ്.
ഇത്തരം പത്രങ്ങള്‍ പുതിയ എഴുത്തുകാര്‍ക്ക് വളര്‍ന്നുവരാന്‍ പ്രചോദനവും പ്രോത്സാഹനവുമായിരുന്നു. സാമ്പത്തികമോ, നടത്തിപ്പുമായി ബന്ധപ്പെട്ടതോ, നടത്തുന്നവരുടെ വ്യക്തിപരമോ ആയ കാരണത്താലാവും അവ മുടങ്ങിപ്പോവുക. അല്‍ ഫാറൂഖ് പോലെ അല്‍ജിഹാദും ജമാഅത്തിന്റെ ആദ്യകാല സഹയാത്രികനായിരുന്നു.
എസ്.എം.ജെ മൌലാന
ഇവിടെ ഓര്‍മിക്കാവുന്ന ഒരുജ്ജ്വല വ്യക്തിത്വമാണ് എസ്.എം.ജെ മൌലാന. മുഴുവന്‍ പേര് സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ മൌലാന. കത്ത്പാട്ടിലൂടെ പ്രശസ്തനായ എസ്.എ ജമീല്‍ സാഹിബിന്റെ പിതാവ്. 1968ലാണ് എസ്.എം.ജെ മരണമടഞ്ഞതെന്നോര്‍ക്കുന്നു. ഏതാണ്ട് 70-ാം വയസ്സില്‍ മരണപ്പെട്ടുവെന്നല്ലാതെ, പിതാവിനെ സംബന്ധിച്ച് ജമീല്‍ സാഹിബിനും അധികമൊന്നും അറിവില്ല. എസ്.എം.ജെ ബഹുഭാഷാ പണ്ഡിതനായിരുന്നു. അറബി, ഉര്‍ദു, ഇംഗ്ളീഷ് ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുമായിരുന്നുവത്രെ.
കഥാപുരുഷനെ ആദ്യമായി ഞാന്‍ കാണുന്നത് പ്രമാദമായ ശാന്തപുരം സംവാദ വേദിയിലാണെന്ന് അതുസംബന്ധിച്ച ചര്‍ച്ചയില്‍ സൂചിപ്പിച്ചുവല്ലോ. ആജാനുബാഹുവായ അദ്ദേഹത്തിന്റെ പ്രഭാഷണം ഒരു സിംഹ ഗര്‍ജനമായിരുന്നു. മുഴക്കമുള്ള ആ ശബ്ദഗാംഭീര്യം ആരെയും പിടിച്ചിരുത്തും. ഇസ്ലാമിന്റെ സൌന്ദര്യവും സമ്പൂര്‍ണതയും സാര്‍വജനീനതയും വിളംബരം ചെയ്ത ആ പ്രഭാഷണ പ്രവാഹം ഇന്നും കാതില്‍ വന്നലക്കുന്ന പോലെ! എവിടെനിന്നാണ് ഈ അപരിചിതന്‍ വന്നതെന്നോ, പ്രസ്ഥാനവുമായി എന്താണ് അദ്ദേഹത്തിനു ബന്ധമെന്നോ എനിക്കും എന്നെപ്പോലെ പലര്‍ക്കും അറിയില്ലായിരുന്നു. ഇനിയിപ്പോള്‍ അതൊക്കെ അറിയാനും പ്രയാസം. എങ്കിലും ആ വ്യക്തിത്വം മനസ്സില്‍ മായാതെ നില്‍ക്കും.
എസ്.എം.ജെ മൌലാന എന്ന പ്രതിഭയെ നമുക്കറിയില്ല. എങ്കിലും അങ്ങനെയൊരാള്‍ പ്രസ്ഥാന ചരിത്രത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നാമറിയുന്നു.
എസ്.എം.ജെയുടെ ഒരു മകള്‍ നിലമ്പൂരിനടുത്തെവിടെയോ താമസമുള്ളതായി കേള്‍ക്കുന്നു. അവരുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ല.
എടപ്പാറ
കുഞ്ഞമ്മദ് മുസ്ലിയാര്‍
കണ്ണൂര്‍ ജില്ലയിലെ കടവത്തൂര്‍ എന്റെ 'മാതൃ'രാജ്യമായതുകൊണ്ട് ആ പ്രദേശവുമായി ചെറുപ്പം തൊട്ടേ എനിക്ക് ബന്ധവും പരിചയവും ഉണ്ട്. സ്ഥലത്തെ മുസ്ലിംകള്‍ സുന്നികളായും മുജാഹിദുകളായും മതാടിസ്ഥാനത്തില്‍ മഹല്ലുകളിലായി വിഭജിക്കപ്പെട്ടിരിക്കുന്നു. മഹല്ല് പൌരത്വത്തിന്റെ ഈ മതാടിസ്ഥാനവും രണ്ടിലൊന്നു തെരഞ്ഞെടുക്കാനുള്ള നിര്‍ബന്ധിതാവസ്ഥയും മതത്തിലെ മറ്റു പ്രസ്ഥാനങ്ങള്‍ക്ക് വേരൂന്നി വളരാനുള്ള സാഹചര്യം പരിമിതപ്പെടുത്തുന്നു- കേരളത്തിലെ യു.ഡി.എഫ്, എല്‍.ഡി.എഫ് രാഷ്ട്രീയം മൂന്നാമതൊരു മുന്നണിക്കോ പാര്‍ട്ടിക്കോ ഇടം നഷ്ടപ്പെടുത്തുന്നത് പോലെ. കടവത്തൂരില്‍ ജമാഅത്തെ ഇസ്ലാമിക്ക് പ്രവര്‍ത്തകരും അനുഭാവികളും ഉണ്ടെങ്കിലും ഒരു മൂന്നാം കക്ഷിയായി കരുത്താര്‍ജിക്കാന്‍ കഴിയാത്തതിനെക്കുറിച്ച എന്റെ വിലയിരുത്തല്‍ ഇതാണ്.
കേരളത്തില്‍ പൊതുവെ സുന്നി പണ്ഡിതന്മാര്‍ 'മുസല്യാന്മാരും' മുജാഹിദ് പണ്ഡിതന്മാര്‍ 'മൌലവിമാരു'മാണ്. എന്നാല്‍ ഈ പൊതുരീതിക്ക് വിപരീതമായി കടവത്തൂരില്‍ ഏതാണ്ട് സമപ്രായക്കാരായ നാല് മുജാഹിദ് 'മുസല്യാന്മാര്‍' ഉണ്ടായിരുന്നു (ആരും ജീവിച്ചിരിപ്പില്ല). പള്ളി ദര്‍സില്‍ കിതാബ് ഓതി മുസല്യാന്മാരായ ഇവര്‍ 'വഹാബി' ആയശേഷവും ജനസംസാരത്തില്‍ 'മുസല്യാന്മാരായി' തുടര്‍ന്നതാകാം.
ഈ നാല്‍വര്‍ സംഘത്തില്‍ 1. ഞോലയില്‍ കുഞ്ഞമ്മദ് മുസല്യാര്‍. പ്രകൃതിസ്നേഹിയും പ്രസ്ഥാന സുഹൃത്തുമായ വി.എന്‍.കെ അഹ്മദ് ഹാജിയുടെ അമ്മാവനാണ്. ഹജ്ജിനു പോയി ഹറമില്‍ മൌദൂദി സാഹിബുമായി കാണാന്‍ സന്ദര്‍ഭമുണ്ടായത് അദ്ദേഹം ആദരപൂര്‍വം അനുസ്മരിക്കാറുണ്ട്. മരുമകളുടെ കല്യാണത്തിനു എന്നെ സ്നേഹപൂര്‍വം വി.എന്‍.കെ മുഖേന ക്ഷണിച്ചുകൊണ്ടുപോയി നികാഹ് ഖുത്വ്ബ നടത്തിച്ചത് മനസ്സില്‍ തട്ടിയ അനുഭവമാണ്. 2. പറമ്പത്ത് ഇബ്റാഹീം മുസ്ലിയാര്‍. പ്രമാദമായ കടവത്തൂര്‍ വാദപ്രതിവാദത്തില്‍ സുന്നിനേതാവ് പതി അബ്ദുല്‍ഖാദിര്‍ മുസ്ലിയാരുടെ പരന്ന പുറംഭാഗത്ത് ആഞ്ഞൊരടികൊടുത്ത് ഹീറോ ആയ ഇബ്റാഹീം മുസല്യാരെ മുമ്പ് പരിചയപ്പെടുത്തിയിട്ടുണ്ട്. എന്റെ അമ്മാവനാണ് അദ്ദേഹം. 3. പുത്തലത്ത് മമ്മി മുസല്യാര്‍. സ്ഥലത്തെ പൊതുസമ്മതനായ മുജാഹിദ് നേതാവ്.
4. എടപ്പാറ കുഞ്ഞമ്മദ് മുസല്യാര്‍. ഗുരുതുല്യനായ ഈ പണ്ഡിതശ്രേഷ്ഠനാണ് ഈ കുറിപ്പിലെ കഥാനായകന്‍. ഞാന്‍ വാഴക്കാട് ദാറുല്‍ ഉലൂമില്‍ എന്‍ട്രന്‍സ് വിദ്യാര്‍ഥി ആയിരിക്കെ, ഇരുത്തം വന്ന പണ്ഡിതനായ എടപ്പാറ അവിടെ ഫൈനല്‍ 'വിദ്യാര്‍ഥി'യാണ്. ആധുനിക അറബി ഗ്രന്ഥങ്ങളുമായും കോളേജ് പഠനരീതികളുമായും പരിചയപ്പെടാനായിരിക്കണം ദാറുല്‍ ഉലൂമില്‍ വന്നുചേര്‍ന്നത്. എല്ലാവരാലും ആദരിക്കപ്പെടുന്ന, സൂഫീ പ്രകൃതനായ ആത്മീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. എടപ്പാറ 'വഹാബി' ആയിരുന്നില്ലെങ്കില്‍ സമുദായം അദ്ദേഹത്തെ ഔലിയ ആക്കി തോളേറ്റി നടക്കുമായിരുന്നു. എന്നോട് വലിയ സ്നേഹമായിരുന്നു മുസല്യാര്‍ക്ക്. ആയഞ്ചേരിയിലെ എന്റെ വീട്ടിലും വന്നിരുന്നു. കടവത്തൂര് ഭാഗത്ത് മുജാഹിദ് വൃത്തങ്ങളില്‍ 'മുസല്യാര്‍' എന്നാല്‍ എടപ്പാറ കുഞ്ഞമ്മദ് മുസല്യാര്‍ എന്നാണര്‍ഥം.
കടവത്തൂര് എരഞ്ഞീന്റെ കീഴില്‍ മുജാഹിദ് കേന്ദ്രത്തില്‍ ജമാഅത്തുകാരനായ എന്റെ ഒരു സ്റഡിക്ളാസ് അവരുടെ സമ്മതത്തോടെ നടക്കുകയുണ്ടായി. ക്ഷണിക്കപ്പെട്ട ചുരുക്കം പേരുടെ ഒരുല്‍ബുദ്ധ സദസ്. ചര്‍ച്ച സജീവമാകട്ടെ എന്ന് കരുതി, അല്ലാഹുവിന്റെ ഹാകിമിയ്യത്ത് എന്ന വിവാദമാകാവുന്ന വിഷയത്തിലാണ് ഞാന്‍ ക്ളാസെടുത്തത്. രാഷ്ട്രീയ-സാമൂഹിക മേഖലയിലുള്‍പ്പെടെ അല്ലാഹുവിന്റെ പരമാധിപത്യം സമര്‍ഥിച്ചുകൊണ്ടുള്ളതായിരുന്നു ക്ളാസ്. ആദ്യന്തം മുസല്യാരുടെ സാന്നിധ്യം ഉണ്ടായിരുന്നു. എന്തെങ്കിലും വിയോജിപ്പോ ഭിന്നാഭിപ്രായമോ സൂചിപ്പിച്ചില്ല. എന്റെ സുഹൃത്തും സജീവ മുജാഹിദ് പ്രവര്‍ത്തകനുമായ സി.എച്ച് അബൂബക്കര്‍ മാസ്റര്‍ മാത്രം ഫലിതത്തില്‍ ഒരു കുത്തുവാക്ക് തൊടുത്തതായി ഓര്‍ക്കുന്നു. 'പറഞ്ഞത് ഹുകൂമത്തെ ഇലാഹി ആണല്ലോ; ഇഖാമത്തുദ്ദീന്‍ എപ്പളാ പറയുക' എന്നായിരുന്നു സി.എച്ചിന്റെ കമന്റ്. അടുത്തത് അതാവാം എന്ന് ഞാനും പറഞ്ഞു (ആ കാലങ്ങളില്‍ ജമാഅത്ത്-മുജാഹിദ് ബന്ധം ഇന്നത്തെപ്പോലെ അത്ര മോശമായിരുന്നില്ല എന്നതിനു ഇത്തരം കൂട്ടായ്മകള്‍ സാക്ഷിയാണ്).
എന്റെ സ്വദേശമായ ആയഞ്ചേരി പൈങ്ങോട്ടായിയില്‍ പ്രമുഖ കുടുംബത്തില്‍ ഉയര്‍ന്നുവന്ന ഒരു 'മുലകുടി' പ്രശ്നത്തിനു ശറഈ പരിഹാരം കണ്ടെത്താനുള്ള മൂന്നാം പണ്ഡിത സംഘത്തില്‍ എടപ്പാറ കുഞ്ഞമ്മദ് മുസല്യാരും അംഗമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് വിവാഹിതരായി സന്താനങ്ങളുണ്ടായ ദമ്പതികള്‍ക്കിടയില്‍ ആരോപിക്കപ്പെട്ട മുലകുടി ബന്ധമാണ് പ്രശ്നമായത്. മൂന്ന് മുഖ്യമത സംഘടനകളിലെ പണ്ഡിത സംഘമാണ് വിഷയം കൈകാര്യം ചെയ്തത്. ജമാഅത്തിനെ പ്രതിനിധീകരിച്ച് ടി. മുഹമ്മദ് സാഹിബ്, സുന്നി പക്ഷത്ത് നിന്ന് വള്ള്യാട് കുഞ്ഞമ്മദ് മുസല്യാര്‍, മുജാഹിദ് പ്രതിനിധിയായി എടപ്പാറയും. പണ്ഡിതോചിതമായ തയാറെടുപ്പുകളോടു കൂടിയാണ് മൂവരും സന്നിഹിതരായത്. ചര്‍ച്ചക്ക് നേതൃത്വം വഹിച്ച ടി. മുഹമ്മദ് സാഹിബ് സഹപണ്ഡിതന്മാരുടെ ഭാരം ലഘൂകരിച്ചു. പൊതുജനമധ്യത്തില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍, വിവാഹബന്ധം സാധൂകരിച്ചുകൊണ്ടുള്ള ഏകകണ്ഠമായ വിധിതീരുമാനം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ നാട്ടിലും കുടുംബങ്ങളിലും ആശ്വാസത്തിന്റെ കുളിര്‍ തെന്നല്‍ പടര്‍ന്നു!
ഇവിടെ ചര്‍ച്ചാവിഷയം മുലകുടി ബന്ധമല്ല. പ്രശ്നത്തില്‍ എടപ്പാറ കുഞ്ഞമ്മദ് മുസല്യാരുടെ മഹനീയ സാന്നിധ്യവും പങ്കാളിത്തവുമാണ്. മതവും മുടിയും മഹാത്മാക്കളുമൊക്കെ കമ്പോളവസ്തുക്കളായി മാറിയ കാലഘട്ടത്തില്‍ ആത്മാര്‍ഥതയുള്ള ആത്മീയ വ്യക്തിത്വങ്ങളുടെ ഓര്‍മകള്‍ സമൂഹത്തില്‍ നന്മയുടെ വികാരങ്ങളുണര്‍ത്താന്‍ അല്‍പമെങ്കിലും സഹായകമായേക്കാം. 2007ല്‍ 92ാമത്തെ വയസ്സിലാണ് മുസല്യാരുടെ അന്ത്യം.
(തുടരും)
sadarvzkd @gmail.com



Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം