Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 10

സാഹിത്യം ഇപ്പോള്‍ അധിനിവേശ കല കൂടിയാണ്

പുസ്തകം - കെ. അശ്‌റഫ്

കേരളത്തില്‍ പുതിയ വായനയുടെ ഭാഗമായി വരുന്ന സാഹിത്യകൃതികളില്‍ സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നതാണ് മുസ്‌ലിം ലൈംഗികത, ലിംഗഭേദം എന്നിവയെ മുന്‍നിര്‍ത്തിയുള്ള പുസ്തകങ്ങള്‍. അന്താരാഷ്ട്ര വിപണിയില്‍ 2001 സെപ്റ്റംബര്‍ പതിനൊന്നിനു ശേഷമാണ് ഇത്തരം പുസ്തകങ്ങളുടെ കുത്തൊഴുക്ക് ഉണ്ടാവുന്നത്. 2000-2008 കാലയളവിലുള്ള ജോര്‍ജ് ബുഷ് രണ്ടാമന്റെ മേല്‍നോട്ടത്തില്‍ മധ്യേഷ്യന്‍ രാഷ്ട്രീയ നിലപാടുകള്‍ രൂപീകരിച്ചിരുന്ന 'മുസ്‌ലിം വേള്‍ഡ് ഔട്ട് റീച്ച്' പോലുള്ള പ്രോജക്ടുകളാണ് ഇത്തരം ഇടപെടലുകളെ ത്വരിതപ്പെടുത്തിയത്.
കോളനിവത്കരണത്തിന് വിധേയമാവുന്നവരും കോളനിവത്കരിക്കുന്നവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച വിശകലനങ്ങള്‍ക്ക് മാത്രമേ ഇത്തരം സാഹിത്യ കൃതികളും (നോവല്‍, ഓര്‍മക്കുറിപ്പുകള്‍, അനുഭവമെഴുത്ത് തുടങ്ങിയവ) അമേരിക്കന്‍ നേതൃത്വം നല്‍കുന്ന എംപയറും (Empire) തമ്മിലുള്ള അറിവധികാരത്തിലധിഷ്ഠിതമായ ഘടനാപരമായ സാദൃശ്യത്തെ വെളിച്ചത്തുകൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ എന്ന് അല്‍അഹ്‌റാം വാരികയില്‍ എഴുതിയ ലേഖനത്തില്‍ ഹാമിദ് ദബാശി (2006 ജൂണ്‍ 1-7) ചൂണ്ടിക്കാണിച്ചിരുന്നു. അസര്‍ നഫീസിയുടെ 'റീഡിംഗ് ലോലിത ഇന്‍ തെഹ്‌റാന്‍' എന്ന കൃതിയെ വിമര്‍ശിച്ചായിരുന്നു പ്രസ്തുത ലേഖനം. 2000-2008 കാലയളവില്‍ നടന്ന ഇത്തരം സാഹിത്യ സംരംഭങ്ങളെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച എഴുത്തുകാരെയും തുറന്നു കാണിച്ചുകൊണ്ട് അല്‍ അഹ്‌റാം വാരികയില്‍ എഴുതിയ ലേഖനത്തിന്റെ വികസിത രൂപം പുസ്തകമായി ദബാശി പുറത്തിറക്കിയിട്ടുണ്ട്-Brown Skin, White Masks (New York and London, Pluto Press, 2011) എന്ന പേരില്‍.
'അധിനിവേശവും ബൗദ്ധിക ഇടപെടലുകളും' എന്ന വിശാല സാഹചര്യത്തെയാണ് ദബാശിയുടെ പുസ്തകം നോക്കിക്കാണാന്‍ ശ്രമിക്കുന്നത്. ഫ്രാന്‍സ് ഫാനന്റെ Black Skin, White Masks എന്ന പുസ്തകത്തില്‍നിന്നാണ് ദബാശി പ്രചോദനം ഉള്‍ക്കൊള്ളുന്നത്. ഇന്നത്തെ സവിശേഷ രാഷ്ട്രീയ ജീവിതത്തെ അഭിമുഖീകരിക്കാനാവശ്യമായ 'സാങ്കേതിക പദങ്ങള്‍' ദബാശി പുസ്തകത്തിലൂടെ വികസിപ്പിക്കുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും മുസ്‌ലിം ജീവിതവും ഇന്നത്തെ അമേരിക്കന്‍ കടന്നാക്രമണങ്ങളും തമ്മിലുള്ള കൗതുകകരമായ നിരീക്ഷണങ്ങളാണ് പുസ്തകത്തിന്റെ മര്‍മം.
2008- മുബൈ (ഭീകര?) ആക്രമണത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഹാമിദ് ദബാശി തുടങ്ങുന്നത്. അന്ന് നിയോ കണ്‍സര്‍വേറ്റീവുകളില്‍ പ്രധാനിയായ തോമസ് ഫ്രീഡ്മാന്‍ പറഞ്ഞത് യൂറോ-അമേരിക്കയിലെ മുസ്‌ലിംകള്‍ ഈ ആക്രമണത്തെ അപലപിക്കണമെന്നാണ്. ഹാമിദ് ദബാശി തിരിച്ചു ചോദിക്കുന്നു: ഗസ്സയെ തുറന്ന ജയിലാക്കിയ, ലക്ഷക്കണക്കിന് മനുഷ്യരെ ഇറാഖിലും അഫ്ഗാനിലും കശാപ്പു ചെയ്ത അമേരിക്കക്കെതിരെ രംഗത്തിറങ്ങാന്‍ ഫ്രീഡ്മാന്‍ ആഹ്വാനം ചെയ്യാത്തത് എന്തുകൊണ്ടാണ്? എന്തുകൊണ്ട് മുസ്‌ലിംകള്‍ മാത്രം പേറേണ്ട ചരിത്ര ദൗത്യമായി 'വയലന്‍സുകള്‍ക്കെതിരെയുള്ള നിലപാടുകള്‍' മാറുന്നു? എന്തുകൊണ്ട് ഇസ്‌ലാമും വയലന്‍സും എന്നത് ഇരട്ട പെറ്റ പദമായി ലിബറല്‍ -ദേശീയവാദ-ഇടതുപക്ഷ നിഘണ്ടുവില്‍ സ്ഥാനം പിടിക്കുന്നു? ഉദാഹരണത്തിന് 1980കള്‍ക്കു ശേഷം (ഇറാന്‍ വിപ്ലവത്തിനു ശേഷം) മാത്രം കോടിക്കണക്കിന് മുസ്‌ലിംകളെയാണ് യുദ്ധം, വംശഹത്യ, ആഭ്യന്തര സുരക്ഷ തുടങ്ങിയ ആധുനിക മതേതര വയലന്‍സുകള്‍ കശാപ്പു ചെയ്തിരിക്കുന്നത്. ലിബറല്‍ ദേശീയവാദികള്‍ 'യുദ്ധം' എന്ന നിയമവിധേയ(legitimate) മതേതര വയലന്‍സിന് സാധൂകണം നല്‍കുന്നത് എന്തുകൊണ്ട് ആരും കാണാതെ പോവുന്നു? ഇവിടെ നടക്കുന്നത് വയലന്‍സിനെതിരായ നിലപാടുകളല്ല, മറിച്ച് 'തിന്മയുടെ ഇസ്‌ലാമികവത്കരണം' എന്നതു മാത്രമാണ്. ദബാശി വിരല്‍ ചൂണ്ടുന്നത് യൂറോ അമേരിക്കയിലെ മാറിയ സാഹചര്യങ്ങളിലേക്കാണ്. ഇപ്പോള്‍ തവിട്ടു നിറമുള്ളവന്‍ കറുത്ത നിറമുള്ളവനായും മുസ്‌ലിമെന്നത് പുതിയ ജൂതനായും മാറിയിരിക്കുന്നു. ഇത് അവിടെ നിലനില്‍ക്കുന്ന വംശ/വര്‍ണ വിഭജനത്തിന്റെയും വിവേചനത്തിന്റെയും പുതിയ ആവിഷ്‌കാരങ്ങളാണ്.
വയലന്‍സ് (ഹിംസ) എന്നത് മുസ്‌ലിമിന്റെ പ്രകൃതവും മതവും സംസ്‌കാരവുമാണെന്ന മേല്‍ക്കോയ്മാ ധാരണയെ തന്നെയാണ് ദബാശി ചോദ്യം ചെയ്യുന്നത്. മേല്‍ക്കോയ്മയുള്ളവര്‍ തങ്ങള്‍ ചെയ്യുന്ന വയലന്‍സ് മറക്കുന്നതിന് ഇരയാക്കപ്പെടുന്നവന്റെ ഉള്ളില്‍ കോളനിവത്കരണ കാലത്ത് ഒരു അധമബോധം സൃഷ്ടിക്കുന്നുണ്ടെന്ന് ഫ്രാന്‍സ് ഫാനന്‍ നിരീക്ഷിക്കുന്നുണ്ട്. ഈ അധമബോധം (Inferiority complex) ഇന്നത്തെ കാലത്ത് ഉല്‍പാദിപ്പിക്കുന്നതിന് കോളനിവത്കരണത്തിന്റെ സാങ്കേതിക വിദ്യ പ്രത്യേകം രൂപകല്‍പന ചെയ്തുണ്ടാക്കിയ പ്രത്യയശാസ്ത്ര ഉപകരണങ്ങളെക്കുറിച്ചാണ് (സ്വദേശി ഇന്‍ഫോര്‍മര്‍, ദല്ലാള്‍ ബുദ്ധിജീവികള്‍, ഹൗസ് മുസ്‌ലിം) ദബാശി എഴുതുന്നതും വിശദീകരിക്കുന്നതും.
ദബാശി വാദിക്കുന്നതനുസരിച്ച് സാമ്രാജ്യത്തിന്റെ ഇരട്ടത്താപ്പുകളും വയലന്‍സുകളും ന്യായീകരിക്കുന്നതിന് സ്വദേശി ഇന്‍ഫോര്‍മര്‍മാരുടെ വമ്പിച്ച നിരയാണ് ഒരുക്കിയിരിക്കുന്നത്. ഇവര്‍ ജനങ്ങളുടെ ജീവിതാനുഭവങ്ങള്‍ പറിച്ചെറിയുന്നു. പകരം ജനപ്രിയ മാധ്യമങ്ങളിലൂടെ ഉണ്ടാകുന്ന 'അധീശ പ്രതിനിധാനങ്ങള്‍' വലിയ തോതിലുള്ള ഹിംസയുടെ ന്യായവും സാക്ഷ്യവുമായി മാറുകയും ചെയ്യുന്നു. ദബാശി പറയുന്നത്, അങ്ങനെ നമ്മള്‍ ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ക്ക് കീഴില്‍ ജീവിക്കുന്ന 'പ്രതിബിംബങ്ങളുടെ സമൂഹമായി' മാറുന്നുവെന്നാണ്. സ്വദേശി ഇന്‍ഫോര്‍മര്‍ തന്റെ നാട്ടില്‍ നിലനില്‍ക്കുന്ന 'നാഗരിക വിരുദ്ധത'കളെക്കുറിച്ച് സത്യവാങ്മൂലങ്ങള്‍ നല്‍കുന്നു. അങ്ങനെ എംപയറിനെ തന്റെ നാഗരിക ദൗത്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നു. അങ്ങനെ അവര്‍ കോളനിവത്കരിക്കപ്പെട്ട ജനതയുടെ ലൈംഗികത, കുടുംബജീവിതം തുടങ്ങിയവയിലെ മുന്‍ഗണനകളെ നിര്‍ണയിക്കുകയും തീര്‍പ്പുകല്‍പ്പിച്ചൊതുക്കുകയും ചെയ്യുന്നു. ഈ തീര്‍പ്പുകള്‍ വായിച്ചാല്‍ കൊളോണിയല്‍ നരവംശശാസ്ത്രകാരന്മാര്‍ പോലും നാണിക്കുമെന്ന് ദബാശി.
സ്വദേശി ഇന്‍ഫോര്‍മര്‍ എന്ന പേര് ആദ്യം ഉപയോഗിച്ചത് ലണ്ടന്‍ റിവ്യൂ ഓഫ് ബുക്‌സിന്റെ സീനിയര്‍ എഡിറ്ററായ ആദം ഷാറ്റ്‌സാണ്. ലബനീസ് എഴുത്തുകാരനും മിഡിലീസ്റ്റ് വിദഗ്ധനുമായ ഫുആദ് അജമി ഇറാഖ് അധിനിവേശകാലത്ത് എഴുതിയ ഒരു ലേഖനമുദ്ധരിച്ചാണ് അന്നത്തെ അമേരിക്കന്‍ വൈസ് പ്രസിഡന്റായ ഡിക്‌ചെനി യുദ്ധത്തെ ന്യായീകരിച്ചത്. ഇതാണ് ആദം ഷാറ്റ്‌സിനെ 'നാറ്റീവ് ഇന്‍ഫോര്‍മെന്റ്' എന്ന പ്രയോഗം വികസിപ്പിക്കുന്നതിലേക്ക് എത്തിച്ചത്. 'അമേരിക്കന്‍ സൈന്യം കടന്നുവരുന്നതോടു കൂടി ബസറയിലും ബഗ്ദാദിലും ആഹ്ലാദം അണപൊട്ടിയൊഴുകുമെന്നാണ്' അജമി എഴുതിയത് (ഇതേ നിലപാട് തന്നെയാണ് The Trouble with Islam Today: A Muslim's call for Reform in Her Faith എഴുതിയ ഇര്‍ഷാദ് മഞ്ചിയും പുലര്‍ത്തിയത്).
ദബാശി രൂക്ഷമായി വിമര്‍ശിക്കുന്നത് അറബ്-ആഫ്രിക്കന്‍-ഏഷ്യന്‍ നാടുകളില്‍ നിന്ന് പോയി എംപയറിനെ അതിന്റെ സ്വന്തം മുന്നണിയില്‍ സേവിക്കുന്നവരെയാണ്. ഇങ്ങനെ എംപയറിന്റെ മുന്നണിയില്‍ ചേരുന്നതോടു കൂടി ഇവര്‍ 'വിമത ശബ്ദങ്ങളായി' മാറുന്നു. ഈ 'വിമത ശബ്ദങ്ങള്‍ക്ക്' പണം, പ്രശസ്തി, പത്രകോളങ്ങള്‍, മാധ്യമ പരിചരണം എന്നിവ നല്‍കുന്നത് നിയോകോണുകള്‍ നേരിട്ടാണ് (സോളമന്‍ ഹ്യൂസിന്റെ War on Terror Inc: Corporate Profiteering for the Politics of Fear) എന്ന പുസ്തകം ഇത്തരം നിയോകോണ്‍ അജണ്ടകള്‍ ഫലപ്രദമായി തുറന്നു കാണിക്കുന്നുവെന്ന് ദബാശി പറയുന്നു).
ഇങ്ങനെ സ്വദേശി ഇന്‍ഫോര്‍മര്‍മാര്‍ ഓര്‍മക്കുറിപ്പുകളായും അനുഭവങ്ങളായും നോവലായും എഴുതുന്നത് ഒന്നര ബില്യന്‍ വരുന്ന മനുഷ്യരുടെ രക്തവും മാംസവും എടുക്കാനാണെന്ന് ഹാമിദ് ദബാശി പറയുന്നു. ഇങ്ങനെ അമേരിക്കന്‍ മിലിട്ടറിയെ പകല്‍ വെളിച്ചത്തില്‍ ഇവര്‍ ന്യായീകരിക്കുന്നു.
''അമേരിക്കന്‍ മിലിട്ടറി നേരിട്ടേറ്റെടുത്തവരില്‍ പ്രധാനികളാണ് ഹുസൈന്‍ നസ്‌റിന്റെ മകന്‍ സയ്യിദ് വലി റസ നസ്ര്‍, റെ തകിയ്യ് എന്നിവര്‍. യു.എസ് മിലിട്ടറി എസ്റ്റാബ്ലിഷ്‌മെന്റിലെ പ്രധാനപ്പെട്ടവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവരാണ് അസര്‍ നഫീസിയും ഫുആദ് അജമിയും. നവ യാഥാസ്ഥിതിക തിങ്ക്ടാങ്കുകള്‍ സ്‌പോണ്‍സര്‍ ചെയ്ത് നേരിട്ടവതരിപ്പിക്കുന്നത് അയാന്‍ ഹിര്‍സി അലി. പിന്നെ എല്ലാവരുടെയും ഇഷ്ടഭാജനങ്ങളാണ് റുശ്ദിയും ഇബ്‌നു വറഖും'' (പേജ് 16.17).
ഇന്നത്തെ എംപയറും വടക്കു-കിഴക്കന്‍ യൂറോപ്പിലെ ഫാഷിസ്റ്റ് കക്ഷികളുടെ വളര്‍ച്ചയും തമ്മില്‍ അഭേദ്യ ബന്ധമുണ്ടെന്നാണ് ദബാശി നിരീക്ഷിക്കുന്നത്. ഇന്നത്തെ എംപയര്‍ മുസ്‌ലിം നാടുകളില്‍ കടന്നാക്രമണങ്ങള്‍ നടത്തുക മാത്രമല്ല, എംപയറിന്റെ സ്വന്തം പ്രജകളെ തങ്ങളുടെ ഫാഷിസ്റ്റ് നയപരിപാടികളുടെ തടവിലാക്കുകയും ചെയ്യുന്നു. 'സ്വദേശി ഇന്‍ഫോര്‍മര്‍മാര്‍' യൂറോ-അമേരിക്കയിലെ പ്രജകളെ മുസ്‌ലിംകളില്‍ നിന്ന് വ്യത്യസ്തമായി അവര്‍ക്കുള്ള 'നന്മകള്‍' കേള്‍പ്പിക്കുന്നു. ഇങ്ങനെ യൂറോപ്പില്‍ പുതിയ ഫാഷിസത്തിനും മുസ്‌ലിം നാടുകളില്‍ കൊളോണിയലിസത്തിനും ഇവര്‍ 'സാഹിത്യ രചന'കളില്‍ ഏര്‍പ്പെടുന്നു. ഹന്ന ആരെന്‍ഡ്റ്റ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരീക്ഷിച്ചതുപോലെ, യൂറോപ്യന്‍ ഇംപീരിയലിസത്തിന്റെ വംശീയ (racist) നയങ്ങളും യൂറോപ്പിലെ തന്നെ ഫാഷിസത്തിന്റെ വളര്‍ച്ചയും തമ്മില്‍ പല രീതിയില്‍ ബന്ധമുണ്ട്. യൂറോ-അമേരിക്കന്‍ 'ജനാധിപത്യവും' ആവിഷ്‌കാര സ്വാതന്ത്ര്യവും മുസ്‌ലിം നാടുകളിലെ 'അടിച്ചമര്‍ത്തലും' 'സ്വേഛാധിപത്യവും' തമ്മിലുള്ള ബന്ധമെന്നത് നവലോക രാഷ്ട്രീയത്തിന്റെ വെളിച്ചത്തില്‍ ഇനിയും വിശദീകരിക്കേണ്ടതാണെന്നാണ് ദബാശി പറയുന്നത്.
ഉപസംഹാരവും ആമുഖവും ഉള്‍പ്പെടെ ആറ് അധ്യായങ്ങളുള്ള പുസ്തകം 175 പേജാണ്. വളരെയധികം രസകരമായ ഒരു താരതമ്യം ദബാശി നടത്തുന്നു. ഫ്രാന്‍സ് ഫാനന്‍ Balck Skin, White Masks എഴുതുന്നത് Mayotte Capecia എന്ന കറുത്ത സ്ത്രീ I am Martinicia Women എന്ന നോവലെഴുതിയതിനെ തുടര്‍ന്നു കൂടിയാണ്. ഇറാനില്‍ നിന്നുള്ള അസര്‍ നഫീസിയുടെ പുസ്തകമാണ് ദബാശിയെ കഴിഞ്ഞ കുറെ വര്‍ഷമായി 'സ്വദേശി ഇന്‍ഫോര്‍മര്‍മാരെ' കുറിച്ച് ചിന്തിപ്പിച്ചതും ഈ പുസ്തകം എഴുതിപ്പിച്ചതും.
ഒന്നാമത്തെ അധ്യായം 'സ്വദേശി ഇര്‍ഫോര്‍മര്‍മാരെ'ക്കുറിച്ചാണ്. രണ്ടാമത്തെ അധ്യായം 'ദല്ലാള്‍ ബുദ്ധിജീവികളെ'ക്കുറിച്ചും. Comprador എന്ന ഇംഗ്ലീഷ് വാക്കാണ് ദല്ലാള്‍ എന്നു വിവര്‍ത്തനം ചെയ്തിരിക്കുന്നത്. ഈ വാക്ക് ഇംഗ്ലീഷിലെത്തുന്നത് സ്പാനിഷിലൂടെയും പോര്‍ച്ചുഗീസിലൂടെയുമാണ്. വാക്കിന്റെ അടിസ്ഥാനപരമായ അര്‍ഥം 'വാങ്ങുക' എന്നതാണ്. അതായത് മൂലധനത്തെ വാങ്ങി ഒരു ലോകത്തില്‍ നിന്ന് മറ്റൊരു ലോകത്തേക്ക്എത്തിക്കുക എന്ന പണിയാണ് 'ദല്ലാള്‍' ചെയ്യുന്നത്. കോളനിവാഴ്ച നടത്തുന്ന ഭരണകൂടങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന അധീശ വൈജ്ഞാനിക മൂലധനത്തെ വാങ്ങി മറ്റൊരു ലോകത്ത് പ്രതിഷ്ഠിക്കുക എന്നതാണ് ദല്ലാള്‍ ബുദ്ധിജീവിയുടെ ദൗത്യം. മൂന്നാമത്തെ അധ്യായം 'സാഹിത്യവും എംപയറും' തമ്മിലുള്ളബന്ധത്തെക്കുറിച്ചാണ്. സാഹിത്യം എന്നതൊരു ലോക വിമോചന പരിപാടിയായി കാണുന്ന നിഷ്‌കളങ്കര്‍ സൂക്ഷിച്ചു വായിക്കേണ്ടതാണ് ഈ അധ്യായം. പ്രസിദ്ധീകരണ ശാലകളും പുസ്തക ഏജന്‍സികളും എഴുത്തുകാരും നിരൂപകരും അമേരിക്കന്‍ തിങ്ക് ടാങ്കുകളും ഉള്‍പ്പെട്ട ഒരു വ്യവസായം തന്നെ ചില പ്രത്യേക പുസ്തകങ്ങളെ 'ഉന്നത' സാഹിത്യ കൃതികളായി വാഴ്ത്തുന്നതിന് പണിയെടുത്തുകൊണ്ടിരിക്കുന്നു. നാലാമധ്യായം 'ഹൗസ് മുസ്‌ലിം' എന്നാണ്. ഈ വാക്ക് മാല്‍ക്കം എക്‌സ് വികസിപ്പിച്ചതാണ്. അമേരിക്കയില്‍ സിവില്‍ റൈറ്റ്‌സ് മൂവ്‌മെന്റിന്റെ കാലത്ത് വെള്ളക്കാരന്റെ വീട്ടില്‍ ജോലി ചെയ്യുക മാത്രമല്ല, അയാളെ തൃപ്തിപ്പെടുത്തി തന്റെ നിറത്തേക്കാളും ജീവിത ലോകത്തേക്കാളും വെള്ളക്കാരന് മേന്മയുണ്ടെന്ന് വിശ്വസിക്കുന്നയാളെ 'ഹൗസ് നീഗ്രോ' എന്നാണ് മാല്‍ക്കം എക്‌സ് വിളിച്ചത്. സ്വന്തം ജീവിത ലോകത്തെക്കുറിച്ച് സംസാരിക്കുന്ന സഹജീവിയെ വെള്ളക്കാരനായ യജമാനനുവേണ്ടി 'ഹൗസ് നീഗ്രോ' ഒറ്റിക്കൊടുക്കുന്നു. മുസ്‌ലിം ലോകത്ത് 9/11നു ശേഷം രൂപപ്പെട്ട ഇബ്‌നു വറഖിനെ പോലുള്ള എഴുത്തുകാരെ (ഒരിക്കലും പകല്‍ വെളിച്ചത്തില്‍ ഇയാള്‍ വരാറില്ല) ദബാശി വിളിക്കുന്നത് ഹൗസ് മുസ്‌ലിം എന്നാണ്. അമേരിക്കയും യൂറോപ്യന്‍ യൂനിയനും നേതൃത്വം നല്‍കുന്ന എംപയറിന് ന്യായം ചമക്കുന്നവരാണവര്‍. ഇയാളെ റിവ്യൂ ചെയ്യുന്നവര്‍ കാണുന്ന പ്രധാന ഗുണം 'വിശ്വാസത്തെ വിമര്‍ശിക്കുകയും പാശ്ചാത്യരെ പ്രതിരോധിക്കുകയും ചെയ്യുന്ന ആദ്യ മുസ്‌ലിം' എന്നതാണ് (പേജ് 89). എന്നാല്‍, ഇത്തരം 'ഹൗസ് മുസ്‌ലിം'കള്‍ക്ക് പ്രശംസ ചൊരിയുന്നവര്‍ താരിഖ് റമദാനെ പോലുള്ളവര്‍ക്ക് വിസ നിഷേധിക്കുകയും അത്തരം ബുദ്ധിജീവികള്‍ എംപയറിന്റെ ഭാഷക്ക് പുറത്ത് വികസിപ്പിക്കുന്ന ഇസ്‌ലാമിക വ്യവഹാരങ്ങളെ തമസ്‌കരിക്കുകയാണ് ചെയ്യുന്നത്.
അഞ്ചാമത്തെ അധ്യായം 'കണ്‍ഫ്യൂസിംഗ് ദ കളര്‍ ലൈന്‍' എന്നാണ്. മുബൈ ആക്രമണം നടക്കുമ്പോഴാണ് പുസ്തകത്തിന്റെ ഫൈനല്‍ ഡ്രാഫ്റ്റ് ചെയ്യുന്നത്. മുംബൈയില്‍ നടക്കുന്ന 'ഭീകരാക്രമണവും ഇസ്‌ലാമിക ഭീകരവാദവും' ആവുമ്പോള്‍ ഗസ്സയില്‍ നടക്കുന്നത് 'ജൂത ഭീകരവാദം' ആവാത്തതെന്തുകൊണ്ടാണെന്നാണ് ദബാശി ആലോചിക്കുന്നത് (പേജ് 110). എന്തുകൊണ്ടാണ് രണ്ട് ഭാഷകളും രണ്ട് പദപ്രയോഗങ്ങളും മുസ്‌ലിമിനെ വേര്‍തിരിക്കാന്‍ ലോകത്ത് നിലവില്‍ വരുന്നത്? എന്തുകൊണ്ടാണ് മുംബൈയെക്കുറിച്ച് പറയുന്ന ലോക മാധ്യമങ്ങള്‍ ഗുജറാത്തിനെക്കുറിച്ച് പറയാതെ പോയത്? എന്തുകൊണ്ടിങ്ങനെ ഒരു 'സംഘടിത മറവി' മുസ്‌ലിംകളുടെ മേല്‍ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ചുണ്ടാവുന്നു? 'സംഘടിത മറവികള്‍' ഉണ്ടാകുന്നത് 'തെരഞ്ഞെടുത്ത ഓര്‍മകള്‍' ഉല്‍പാദിപ്പിക്കുന്നതിലൂടെയാണ് എന്നാണ് ദബാശി വിവരിക്കുന്നത്. ഇങ്ങനെ എംപയറിനിഷ്ടപ്പെടുന്ന മറവികളും ഓര്‍മകളും ഉല്‍പാദിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് സ്വദേശി ഇന്‍ഫോര്‍മര്‍മാരും ദല്ലാള്‍ ബുദ്ധിജീവികളും ഹൗസ് മുസ്‌ലിംകളും സാഹിത്യം, ഓര്‍മക്കുറിപ്പുകള്‍, യാത്രാ വിവരണങ്ങള്‍ തുടങ്ങിയ നവ ഓറിയന്റലിസ്റ്റ് അധികാര സ്ഥാപനങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നത്.
ഇന്നത്തെ സാഹിത്യവും അതിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ലിബറല്‍ വ്യവഹാരങ്ങളും എന്നത് നവ കൊളോണിയല്‍ പദ്ധതിയാണെന്നാണ് ഫാനനിലൂടെ ദബാശി പറയുന്നത്. ഇന്നത്തെ 'സ്വാതന്ത്ര്യ'ത്തെക്കുറിച്ചുള്ള ലിബറല്‍ സങ്കല്‍പങ്ങള്‍ യഥാര്‍ഥത്തില്‍ 'സ്വാന്ത്ര്യമില്ലായ്മ'യാണെന്നാണ് ദബാശി വ്യക്തമാക്കുന്നത്. മത/സ്വേഛാധിപതികളുടെ സെന്‍സര്‍ഷിപ്പ് മാത്രമല്ല, ലിബറല്‍/മതേതര ജനാധിപത്യത്തിന്റെ വ്യത്യസ്തമായ രീതിയിലുള്ള സെന്‍സര്‍ഷിപ്പിന്റെ സാങ്കേതിക വിദ്യകളും (Technologies) നിയന്ത്രണ രീതികളും (Controlling mechanism) കാണാന്‍ ഇന്നത്തെ അധികാരത്തെക്കുറിച്ചുള്ള സൂക്ഷ്മ വിശകലനങ്ങള്‍ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം