ഹാശിം അല്‍ രിഫാഇ ഒരു രക്തസാക്ഷിയുടെ സ്വപ്നം പൂവണിയുമ്പോള്‍
ജീവിത നിയോഗം തിരിച്ചറിയുമ്പോള്‍ ദൗത്യത്തിലേക്കുള്ള തങ്ങളുടെ പ്രയാണത്തില്‍ നേരിടേണ്ടിവരുന്ന പ്രയാസങ്ങളും പ്രതിബന്ധങ്ങളും തങ്ങളെ കാത്തിരിക്കുന്ന കറുത്ത ശക്തികളുടെ കൊലക്കയറും എപ്രകാരമായിരിക്കുമെന്ന് പ്രപഞ്ച സ്രഷ്ടാവിന്റെ വര്‍ണം സ്വീകരിച്ച പോരാളിയുടെ മുമ്പില്‍ വരച്ചുവെക്കുകയായിരുന്നു ഇരുപത്തിനാലാം വയസ്സില്‍ സമരമുഖത്ത് രക്തസാക്ഷ്യം വരിച്ച ഹാശിം അല്‍ രിഫാഇ. യുവതയില്‍ നിന്ന് ലോകം എന്താണ് തേടുന്നതെന്ന് ശബാബുല്‍ ഇസ്‌ലാം പോലുള്ള കവിതയിലൂടെ നിര്‍വചിച്ചും ജീവിതം കൊണ്ട് ആ വരികള്‍ക്ക് വ്യാഖ്യാനം നല്‍കിയുമാണ് ചരിത്രത്താളില്‍ ഹാശിം ജീവിതം അടയാളപ്പെടുത്തിയത്.
1935-ല്‍ കിഴക്കന്‍ ഈജിപ്തിലെ അന്‍ശാസ്വ് ഗ്രാമത്തില്‍ ജനിച്ച ഹാശിമിന്റെ മുഴുവന്‍ പേര് സയ്യിദ് ബ്‌നു ജാമിഅ് ബ്‌നു ഹാശിം ബ്‌നു മുസ്ത്വഫാ അല്‍ രിഫാഇ. പ്രശസ്തനായ പിതാമഹന്റെ പേരില്‍ പിന്നീട് അറിയപ്പെട്ടു. കറപുരളാത്ത ഗ്രാമീണ ജീവിതവും മതനിഷ്ഠയുള്ള കുടുംബ പശ്ചാത്തലവും കാവ്യലോകത്തെ മഹത്തുക്കളുമായുള്ള സഹവാസവും എട്ടാം വയസ്സില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയതിലൂടെ സിദ്ധിച്ച ഭാഷാ മികവും കുറഞ്ഞ കാലത്തെ ജീവിതം കൊണ്ട് തന്നെ ഉന്നത ശ്രേണീയരായ കവികള്‍ക്കിടയില്‍ സ്ഥാനം പിടിക്കാന്‍ ഹാശിമിനെ പ്രാപ്തനാക്കി. 12-ാം വയസ്സില്‍ കവിത രചിക്കാന്‍ തുടങ്ങി. പഠനത്തില്‍ മിടുക്കനായിരുന്നു. അസ്ഹറിന്റെ കീഴിലുള്ള സഖാസീഖ് ഇസ്‌ലാമിക കലാലയത്തില്‍ 1947-ല്‍ ചേര്‍ന്നു. 1956-ല്‍ സെക്കന്ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1955-ല്‍ ദാറുല്‍ ഉലൂം കോളേജില്‍ ചേര്‍ന്നെങ്കിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനു മുമ്പ് 1959-ല്‍ ഭരണകൂടം അദ്ദേഹത്തെ വധിച്ചു.
സാഹിത്യ നിരൂപകരും പണ്ഡിതന്മാരും അദ്ദേഹത്തെ ഒരു പൂര്‍ണ കവിയായി അംഗീകരിക്കുക മാത്രമല്ല, അറബ് ലോകത്തെ അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള സമരമുഖത്ത് ഹാശിമിന്റെ കവിതകള്‍ പോരാളികളുടെ ആവേശവും വഴികാട്ടിയുമായിരുന്നുവെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. നാഗരികതയുടെയും പുരോഗതിയുടെയും മനുഷ്യാവകാശത്തിന്റെയും കുത്തക അവകാശപ്പെടുന്നവരുടെ പൊയ്മുഖങ്ങള്‍ വലിച്ചുചീന്തി പാശ്ചാത്യ അധിനിവേശകരെയും അവരുടെ സില്‍ബന്ധികളെയും സമൂഹമധ്യത്തില്‍ തൊലിയുരിയുകയായിരുന്നു 'വധശിക്ഷയുടെ രാവിലെ സന്ദേശം' (രിസാലത്തുന്‍ ഫീ ലൈലത്തി തന്‍ഫീദ്) എന്ന പ്രശസ്ത കവിതയിലൂടെ ഹാശിം. അടിമത്തത്തിനും അടിച്ചമര്‍ത്തലിനുമെതിരെ നട്ടെല്ല് വളയാതെ പ്രതികരിച്ചവനെ ഉന്മൂലനം ചെയ്യുന്ന ഭരണകൂട ഭീകരതയെയും പാശ്ചാത്യനില്‍നിന്ന് കടം കൊണ്ട കൊലക്കയറിനെയും പരിഹസിക്കുന്നതോടൊപ്പം, ധര്‍മത്തിന്റെ പാതയിലെ വിപ്ലവകാരിയെ ഒരു ഭീകരതക്കും അടിമയാക്കിവെക്കാന്‍ കഴിയില്ലെന്നും എല്ലാ ഭൗതിക ചങ്ങലകളെയും പൊട്ടിച്ചെറിഞ്ഞ് അവന്‍ സ്വാതന്ത്ര്യത്തിന്റെ വിശാല വിഹായസ്സില്‍ ഔന്നിത്യം കാത്തുസൂക്ഷിക്കുമെന്നും ആ കവിത ലോകത്തോട് പറഞ്ഞു.
ഈജിപ്തിലെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയും അവരുടെ പാവ ഭരണകൂടത്തിനെതിരെയും വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് ഹാശിം പ്രകടനങ്ങള്‍ നയിച്ചു. ഈജിപ്ഷ്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രശസ്തമായ 'അബ്ബാസ് പാലം സംഭവ'ത്തില്‍ ഹാശിമിന്റെ തലക്ക് പോലീസിന്റെ വെടിയേറ്റിരുന്നു. 1946-ല്‍ ഫാറൂഖ് രാജാവിനെതിരെ പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ അബ്ബാസ് പാലത്തിലെത്തിയപ്പോള്‍ വെള്ളം കെട്ടി നിര്‍ത്തിയ തടയണകള്‍ തുറന്നുവിടുകയും അങ്ങനെ നിരവധി പേര്‍ ഒഴുക്കില്‍ പെടുകയും ശേഷിച്ചവര്‍ക്കെതിരെ പോലീസ് വെടിവെക്കുകയും ചെയ്തതായിരുന്നു ആ സംഭവം. ഇതൊന്നും ഹാശിമിനെ തളര്‍ത്തിയില്ല. അദ്ദേഹം പാടി 'എന്റെ വാരിയെല്ലുകള്‍ക്കടിയിലെ വിപ്ലവം, അതടങ്ങുകയില്ല, എന്റെ ജീവിതം കീഴടങ്ങാനും നിന്ദ്യത പേറാനുമുള്ളതോ?'
മുഹമ്മദ് നബീജിന്റെ നേതൃത്വത്തില്‍ ജനങ്ങളോടൊപ്പം പട്ടാള ഓഫീസര്‍മാര്‍ നയിച്ച വിപ്ലവം ഹാശിമിനെ വീണ്ടും ആവേശം കൊള്ളിച്ചു. ആ വിപ്ലവം അവസാനിച്ചത് ബ്രിട്ടീഷുകാരെയും ഫാറൂഖ് രാജാവിനെയും നാട്ടില്‍ നിന്ന് കെട്ടുകെട്ടിച്ചായിരുന്നു. ജനാധിപത്യത്തിലൂടെ ജനങ്ങള്‍ക്ക് അധികാരം ഏല്‍പിച്ചുകൊടുക്കണമെന്നും പട്ടാളം ബാരക്കിലേക്ക് തിരിക്കണമെന്നും ആഗ്രഹിച്ച മുഹമ്മദ് നജീബിനെ ഒതുക്കിക്കൊണ്ട് വിപ്ലവം വീണ്ടും അടിമേല്‍ മറിഞ്ഞു. ഇഖ്‌വാനുല്‍ മുസ്‌ലിമൂനെ സഹായിക്കുന്നുവെന്നും അവര്‍ക്ക് അവസരം നല്‍കുന്നുവെന്നുമാരോപിച്ച് ഗൂഢാലോചനയിലൂടെ ജമാല്‍ അബ്ദുന്നാസറും കൂട്ടാളികളും മുഹമ്മദ് നജീബിനെ വീട്ടുതടങ്കലിലാക്കി. തുടര്‍ന്ന് ജമാല്‍ അബ്ദുന്നാസര്‍ ഈജിപ്തിന്റെ നേതാവും പ്രസിഡന്റുമായി സ്വയം അവരോധിതനാവുകയും 1954-ല്‍ ജയിലുകളുടെ വാതിലുകള്‍ ഇഖ്‌വാനികള്‍ക്കായി തുറക്കപ്പെടുകയുമായിരുന്നു. തന്റെ ചെയ്തികളെ പൊതുജനത്തിനും ലോകത്തിനും മുമ്പില്‍ ന്യായീകരിക്കാന്‍ പട്ടാള കോടതി സ്ഥാപിച്ച് പോലീസ് രാജിലൂടെ ഇഖ്‌വാനികളെ അയാള്‍ വേട്ടയാടാന്‍ തുടങ്ങി. പ്രസ്ഥാന പ്രവര്‍ത്തകര്‍ക്കു നേരെ വാപിളര്‍ത്തിവെച്ച ജയിലുകളും പട്ടാള വിചാരണാ നാടകവും തുടര്‍ന്ന് സമ്മാനിക്കപ്പെടുന്ന കൊലക്കയറും ഇതിവൃത്തമാക്കിയാണ് ഹാശിം അല്‍ രിഫാഇ 'വധശിക്ഷയുടെ രാവില്‍' എന്ന തന്റെ പ്രശസ്ത കവിത രചിച്ചത്. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍ 1959-ല്‍ നടന്ന കവിയരങ്ങില്‍ പങ്കെടുത്ത് അവതരിപ്പിച്ച പ്രസ്തുത കവിത സമ്മാനം നേടി.
തൂക്കുമരം കാത്തിരിക്കുന്ന ഒരു രക്തസാക്ഷിയുടെ ചിന്തകളാണ് കവിതയുടെ ഇതിവൃത്തം. നാളെ പ്രഭാതത്തില്‍ തൂക്കിലേറ്റപ്പെടാന്‍ പോകുന്ന വിപ്ലവകാരി തന്റെ വന്ദ്യപിതാവിനെഴുതുന്ന അവസാനത്തെ കത്ത്. അതിലെ ഓരോ വരിയും അതുല്യവും വികാര നിര്‍ഭരവുമാണ്. സംസ്‌കാര സമ്പന്നരെന്നും ആധുനിക നാഗരികതയുടെ സ്രഷ്ടാക്കളെന്നും നടിക്കുന്നവര്‍ തങ്ങളുടെ അടിമത്തത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ ശ്രമിക്കുന്ന ജനതക്കായി ഒരുക്കിവെച്ച ഭീകരങ്ങളായ ജയിലറകളും അവരുടെ കൈകളാല്‍ പിരിച്ചുവെച്ച കൊലക്കയറുകളും ആ വരികളില്‍ പുനര്‍ജനിക്കുന്നു. ജയില്‍ പുള്ളികളുടെ ചങ്ങലകളുടെ കിലുക്കം ഭീകരമായ നിശ്ശബ്ദതയെ പിളര്‍ക്കുന്നു. ഓരോ പകലും ഓരോ ജയിലറ തുറന്ന് വലിച്ചിഴക്കപ്പെടുന്നവന്‍ സംസ്‌കാരത്തിന്റെ മൂര്‍ത്തികളാല്‍ തൂക്കിലേറ്റപ്പെടുന്നു. ഈ ക്രൂരതകള്‍ അനുഭവിക്കേണ്ടിവരുന്നത് അടിമത്തം അംഗീകരിക്കാത്ത ഒരു വിശ്വാസി ആയി എന്ന ഒറ്റ കാരണം കൊണ്ട്. അതിന്റെ പേരില്‍ നാളെ തൂക്കിലേറ്റപ്പെടുന്നു എന്നറിയുമ്പോഴുണ്ടാകുന്ന വിശ്വാസത്തിന്റെ മാധുര്യമാണ് ഹാശിം കവിതയില്‍ ഹൃദയസ്പര്‍ശിയായി വരച്ചിടുന്നത്. സമരമുഖത്തെ തീജ്വാലയായി ആ കവിത യുവാക്കളില്‍ കത്തിപ്പടരുകയായിരുന്നു.
'പ്രഭാതത്തില്‍ സൂര്യന്‍ ലോകത്തെ പ്രകാശിപ്പിക്കുമ്പോള്‍, കിളികള്‍ വര്‍ണശോഭമായ ഒരു സുന്ദര പ്രഭാതത്തെക്കൂടി ആനന്ദത്തോടെ വരവേല്‍ക്കുമ്പോള്‍, പതിവുപോലെ ആത്മവിശ്വാസത്തിന്റെ നല്ല വര്‍ത്തമാനങ്ങളുമായി പാല്‍ക്കാരന്‍ നമ്മുടെ വാതിലില്‍ മുട്ടുമ്പോള്‍, രണ്ട് ആരാച്ചാര്‍മാര്‍ എന്റെ വാതിലും മുട്ടും. പിന്നെ ഉറപ്പുള്ള കമ്പില്‍ കെട്ടിയ ആ കരുത്ത കയറില്‍ എന്റെ ചേതനയറ്റ ശരീരം ആടും. എങ്കിലും വന്ദ്യ പിതാവേ, നിങ്ങള്‍ക്കാശ്വസിക്കാം ഈ കയര്‍ നമ്മുടെ വളപ്പിലെ കൈകളാല്‍ ഉണ്ടാക്കപ്പെട്ടതല്ലെന്ന്. ലോകത്തിന് സംസ്‌കാരവും നാഗരികതയും പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരെന്ന് സ്വയം വാദിക്കുന്നവര്‍ അവരുടെ സഹായികളിലൂടെ വ്രണിതമായ നമ്മുടെ നാട്ടിലേക്ക് കൊണ്ടുവന്നതാണ്. നിങ്ങളൊരിക്കലും മനോവ്യഥയില്‍ തകര്‍ന്നുവീഴരുത്. കാരണം ചങ്ങലയില്‍ പൂട്ടി മരണത്തിലേക്ക് ഞാന്‍ തെളിക്കപ്പെട്ടത് നിന്ദ്യത പേറിക്കൊണ്ടല്ല. നമ്മുടെ നാടെന്താണാഗ്രഹിക്കുന്നതെന്ന് ചെറുപ്പത്തില്‍ അങ്ങ് എന്നോട് പറഞ്ഞു തന്നത് ഞാനിപ്പോഴും ഓര്‍ക്കുന്നു. യൗവനത്തിന്റെ വസന്തത്തിലെ എന്റെ വേര്‍പാട് സഹിക്കാനാവാതെ അയല്‍ക്കാരില്‍ നിന്ന് ദുഃഖം കടിച്ചമര്‍ത്തി രാത്രിയുടെ അന്ധകാരത്തില്‍ തലയിണയില്‍ മുഖമമര്‍ത്തി എന്റെ വന്ദ്യ മാതാവ് കരയുമ്പോള്‍ എനിക്ക് മാപ്പ് തരാനായി ഉമ്മയോട് പറയണം. എനിക്ക് അവരുടെ പൊറുക്കലല്ലാതെ മറ്റൊന്നും വേണ്ട. അവരെന്റെ കാതില്‍ മന്ത്രിച്ച നിരവധി സുന്ദര സ്വപ്നങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ എനിക്ക് കഴിയാതെപോയതിനുള്ള മാപ്പ്. വികൃതി നിര്‍ത്തി നല്ലൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ച് അവരുടെ സ്‌നേഹവലയത്തിലാക്കിക്കൊടുക്കാന്‍ പറഞ്ഞത് എനിക്ക് നിറവേറ്റാനായിട്ടില്ല. എനിക്കൊരു തിട്ടവുമില്ല, എനിക്ക് ശേഷം അവര്‍ക്കെങ്ങനെ ജീവിക്കാനാകുമെന്ന്. അതിനാല്‍ എനിക്ക് പൊറുത്തു തരാന്‍ അവരോട് നിങ്ങള്‍ പറയുക.'' സമരമുഖത്തെ പോരാളിയുടെ മാതാപിതാക്കളനുഭവിക്കുന്ന മനോവ്യഥകള്‍ ഹാശിം കവിതയില്‍ പകര്‍ത്തിയതിങ്ങനെയായിരുന്നു.
ഏതൊരു അക്രമിയായ ഭരണാധികാരിക്കെതിരെയും നടക്കുന്ന ജനകീയ സമരങ്ങളുടെ ആവേശമാണ് ഹാശിമിന്റെ കവിത. വളര്‍ന്നു വന്ന വിശ്വാസ വിശുദ്ധിയുടെ തെളിമയില്‍ ചാലിച്ചെടുത്ത ഹാശിമിന്റെ കവിത സ്വാതന്ത്ര്യമാഗ്രഹിച്ചവന്റെ കാതുകളും കണ്ണുകളും ഹൃദയങ്ങളും നിറച്ചു. ബ്രിട്ടീഷുകാരും ഫാറൂഖ് രാജാവും ഈജിപ്ത് വിട്ടെങ്കിലും ജമാല്‍ അബ്ദുന്നാസിര്‍ പുതിയ പീഡനപര്‍വങ്ങള്‍ ഈജിപ്ഷ്യന്‍ ജനതക്ക് സമ്മാനിച്ചപ്പോള്‍ ഇനിയും സ്വാതന്ത്ര്യം കിട്ടിയില്ലെന്ന് ബോധ്യമുള്ളവര്‍ക്ക് അടങ്ങി നില്‍ക്കാനാവുമായിരുന്നില്ല. ഒരു ജനതയുടെ യാതനകളും സമര്‍പ്പണവും പുതിയ സ്വേഛാധിപതികള്‍ ബലാല്‍ക്കാരം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഹാശിമിനും നിശ്ശബ്ദനാകാന്‍ കഴിഞ്ഞില്ല. സ്വാതന്ത്ര്യത്തിനായി ഒരു സമൂഹം ചെയ്ത ത്യാഗങ്ങളെ മുഴുവന്‍ തമസ്‌കരിച്ചുകൊണ്ട് അവരെ വേട്ടയാടുന്ന ജമാലിനെതിരെയും അയാളുടെ വിചാരണാ നാടകത്തിനെതിരെയും ഹാശിം ശക്തിയായി പ്രതികരിച്ചു.
ഹാശിമിന്റെ ചോദ്യങ്ങള്‍ ഭരണകൂടത്തിന്റെ എല്ലാ സ്ഥാപിത ചട്ടക്കൂടുകളും ലംഘിക്കുന്നതായിരുന്നു. സ്വാതന്ത്ര്യ സമരത്തിലെ സജീവ സാന്നിധ്യമായ ഇഖ്‌വാനികളെ വേട്ടയാടുന്ന ജമാലിനും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ ഹാശിം ശബ്ദമുയര്‍ത്തി. അങ്ങനെ ഭരണകൂടത്തിന്റെ ഭീകരമായ കുഴിബോംബ് പാടത്തേക്ക് ഹാശിം പ്രവേശിച്ചു. വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് തെരുവുകളില്‍ ഹാശിം പ്രകടനങ്ങള്‍ നടത്തി.ജമാലിനെതിരെ വിദ്യാര്‍ഥികളെ സംഘടിപ്പിച്ചു എന്ന കാരണത്താല്‍ കോളേജില്‍ നിന്ന് രണ്ട് വര്‍ഷത്തേക്ക് ഹാശിമിനെ പുറത്താക്കി. ഹാശിം വിശേഷിപ്പിച്ചത് ഈജിപ്ത് രണ്ട് അധിനിവേശങ്ങള്‍ക്കിടയിലാണെന്നാണ്. ഒന്ന്, ബ്രിട്ടീഷ് അധിനിവേശവും രണ്ടാമത്തേത് ജമാലിന്റെ അധിനിവേശവും. ഹാശിം ഏതു സമയവും ഭരണകൂടത്താല്‍ വകവരുത്തപ്പെടുമെന്ന് ഭയന്നതിനാല്‍ ജമാലിനെ വിമര്‍ശിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ നിരവധി കവി സുഹൃത്തുക്കള്‍ ഹാശിമിനെ ഉപദേശിച്ചെങ്കിലും, തന്റെ വികാരത്തെയും ചിന്തയെയും കുരുതികൊടുത്ത് നിന്ദ്യത പേറി ജീവിക്കുന്നതില്‍ അര്‍ഥമില്ലെന്ന് പറഞ്ഞ് അതിക്രമികള്‍ക്കെതിരെ ഹാശിം വീണ്ടും കവിതയിലൂടെ കത്തിക്കയറി.
ഇടപെടലുകളുടെയും സമരങ്ങളുടെയും ചെറുത്തുനില്‍പ്പുകളുടെയും ഇടയില്‍ ഹാശിമിന് പഠനം പൂര്‍ത്തിയാക്കാനായില്ല. സ്വേഛാധിപതികള്‍ക്ക് ഭീഷണിയായി വളരുന്ന ഹാശിമിന്റെ നേരെ ചതിയുടെയും അക്രമത്തിന്റെയും കറപുരണ്ട ഭീരുത്വത്തിന്റെയും കൈകള്‍ നീണ്ടു. 1959 ജൂലൈ 1-ന് തന്റെ ജന്മനാടായ അന്‍ശാസ്വില്‍ കമ്യൂണിസ്റ്റുകാരുമായി കൃത്രിമമായ ഒരു തര്‍ക്കത്തിലേക്ക് ഹാശിം വലിച്ചിഴക്കപ്പെട്ടു. ബഹളത്തിനിടയില്‍ ഭീരുവായ തന്റെ ശത്രുവിന്റെ കഠാര ഹാശിമിന്റെ പിന്നിലൂടെ ആണ്ടിറങ്ങി. ആശയങ്ങളെയും ആദര്‍ശത്തെയും നേരിടാന്‍ ധൈര്യമില്ലാത്തവര്‍ വാടക ഗുണ്ടകളില്‍ അഭയം തേടുകയാണ് കാട്ടുനീതി. സ്വാതന്ത്ര്യം ആര്‍ക്കും അടിമപ്പെടുത്താന്‍ തയാറല്ലെന്ന് അവസാന ശ്വാസം വരെ പ്രഖ്യാപിച്ച ആ പടയാളി ഭൂമിയില്‍ ദൈവത്തിന്റെ അടിമകള്‍ സഹജീവികളോട് ചെയ്യുന്ന ക്രൂരതകളും ചതിയും സ്രഷ്ടാവിന്റെ മുമ്പില്‍ ആവലാതിപ്പെട്ടുകൊണ്ട് വിടവാങ്ങി. അടിമത്തവും അനീതിയും അംഗീകരിക്കാത്ത ഏതൊരു വിപ്ലവകാരിയും ആഗ്രഹിക്കുന്ന രക്തസാക്ഷിത്വവുമായി. അങ്ങനെ ഹാശിമും ജമാല്‍ അബ്ദുന്നാസിറിനാല്‍ കൊലചെയ്യപ്പെട്ട അനേകം രക്തസാക്ഷികളുടെ പട്ടികയില്‍ ഒരാളായി. വിപ്ലവത്തിന്റെ പേരില്‍ ഹോമിക്കപ്പെടുന്നത് വിഡ്ഢിത്തമാണെന്ന് പറയുന്നവരോട് ഹാശിമിന് പറയാനുള്ളത് ഇതാണ്: ''നിരവധി മഴത്തുള്ളികള്‍ ചേര്‍ന്നാണ് ചെറിയ പ്രവാഹങ്ങളും, നിരവധി പ്രവാഹങ്ങള്‍ ചേര്‍ന്നാണ് മഹാ പ്രളയങ്ങളുമുണ്ടാവുന്നത്. മഹാ പ്രളയത്തില്‍ എത്ര വലിയ സ്വേഛാധിപതികളും അടിയോടെ പിഴുതെറിയപ്പെടും. എനിക്കറിയില്ല എന്റെ കാലശേഷം ഞാന്‍ ഓര്‍ക്കപ്പെടുമോ അതോ വിസ്മൃതിയുടെ കയത്തില്‍ എറിയപ്പെടുമോ എന്ന്. വിഗ്രഹ ധ്വംസകനെന്നോ ഗൂഢാലോചകനെന്നോ എപ്രകാരമാണ് ചരിത്രത്തില്‍ ഞാന്‍ രേഖപ്പെടുത്തപ്പെടുക എന്നുമെനിക്കറിയില്ല. പക്ഷേ, ഒന്നെനിക്കറിയാം. സമരത്തില്‍ എന്റെ സാന്നിധ്യമാവശ്യമില്ലെങ്കിലും നിന്ദ്യതയുടെ കോപ്പ കുടിക്കാന്‍ എനിക്ക് സാധ്യമല്ല. ചങ്ങലകളും ഭീകരതയും മനുഷ്യ നിന്ദയുമില്ലാത്ത മാന്യമായ ഒരു ജീവിതം ഞാനാഗ്രഹിക്കുന്നു. ഞാന്‍ വീഴുകയാണെങ്കില്‍ തിളക്കുന്ന രക്തം സിരകളില്‍ വഹിക്കുന്ന ഒരു സ്വതന്ത്രന്റെ ആത്മാഭിമാനത്തോടെയായിരിക്കും എന്റെ വീഴ്ച.''
ഹാശിമിന്റെ കവിതയുടെ അവസാന ഭാഗം ഇങ്ങനെയായിരുന്നു.
''വന്ദ്യ പിതാവേ, മനസ്സിലൂടെ ചരിക്കുന്ന ചിന്തകള്‍ക്ക് ഞാനിവിടെ വിരാമമിടട്ടെ. എങ്കിലും പ്രകാശത്തിന് വിജയമുണ്ടാവുകയും പൊതുജനത്തിന്റെ കൈകളാല്‍ കടല്‍ക്കൊള്ളക്കാരുടെ നിയമം പിച്ചിച്ചീന്തപ്പെടുകയും ചെയ്യുമ്പോള്‍ അവരെന്നെ ഓര്‍ക്കുന്നത് എന്നില്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. വിശുദ്ധ നിയമത്തിന്റെയും തുലാസിന്റെയും തണലില്‍ നമുക്ക് വീണ്ടും കണ്ടുമുട്ടാം.''
സ്വപ്നങ്ങള്‍ പങ്കുവെച്ച് വിപ്ലവത്തിന് ഊര്‍ജം കൊടുത്ത് ജന്മ നിയോഗം പൂര്‍ത്തീകരിച്ച് ഹാശിം വിടവാങ്ങിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. സമരത്തിന്റെ ദീപശിഖ കൈയിലേന്തിയ തന്റെ സഹോദരങ്ങള്‍ ദുരിതപര്‍വതങ്ങള്‍ താണ്ടി കരക്കടുത്ത് ആത്മാഭിമാനത്തോടെ പാരതന്ത്ര്യത്തിന്റെ ചങ്ങലകളില്ലാത്ത, ഭീതിപ്പെടുത്തുന്ന സ്വേഛാധിപതിയില്ലാത്ത ഈജിപ്ഷ്യന്‍ പാര്‍ലമെന്റില്‍ ഉപവിഷ്ഠരായി. പാര്‍ലമെന്റിലെ ഏറ്റവും പ്രായം ചെന്ന വ്യക്തി എന്ന നിലക്ക് ആദ്യ യോഗം നിയന്ത്രിക്കാന്‍ നിയുക്തനായ ഡോ. മഹ്മൂദ് അസ്സഖാ രണ്ടാം സ്ഥാനക്കാരന് കിട്ടിയ 87 വോട്ടുകള്‍ക്കും, മൂന്നാം സ്ഥാനക്കാരന് കിട്ടിയ 10 വോട്ടുകള്‍ക്കുമെതിരെ ലഭിച്ച 399 വോട്ടുകളോടെ ഇഖ്‌വാന്‍ നേതാവ് ഡോ. സഅദ് അല്‍കതാത്‌നി പുതിയ അധ്യക്ഷനായതായി പ്രഖ്യാപിച്ചു. ചരിത്രത്തില്‍ പുതിയ തേരുതെളിക്കാന്‍ നിയുക്തരായവര്‍ക്ക് അധികാരം കൈമാറിക്കൊണ്ട് അദ്ദേഹം പ്രഖ്യാപിച്ചു: ''ഈ സുന്ദരമുഹൂര്‍ത്തം നിരവധി മനുഷ്യരുടെ രക്തസാക്ഷ്യത്തോട് കടപ്പെട്ടിരിക്കുന്നു. യുവ കവിയായിരുന്ന ഹാശിം രിഫാഇ തന്റെ കവിതയിലൂടെ സ്വപ്നം കണ്ട ദിനമാണിത്. ദൈവിക നീതി പുലരുന്ന പുതിയ ചരിത്രത്തിന്റെ കര്‍ത്താക്കളായി വെളിച്ചവുമായി കടന്നുവന്നവരുടെ കൈകളില്‍ ഭരണം ഏല്‍പ്പിക്കപ്പെട്ട ദിനം. രക്തസാക്ഷികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടേണ്ടത് നിങ്ങളുടെ കൈകളിലൂടെയാണ്.'' തുടര്‍ന്ന് അദ്ദേഹം ഹാശിം അല്‍ രിഫാഇയുടെ കവിതയുടെ പ്രസക്ത ഭാഗം ഒരു നിയോഗമെന്നോണം വികാര നിര്‍ഭരമായ ആ ചരിത്ര മുഹൂര്‍ത്തത്തില്‍ ഓര്‍മിപ്പിച്ചു.
അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഡോ. സഅദ് അല്‍കതാത്‌നി പറഞ്ഞു: ''വിപ്ലവം ഇവിടെ അവസാനിക്കുന്നില്ല. അത് തുടര്‍ന്നുകൊണ്ടേയിരിക്കും.'' ഇവിടെ ഹാശിമിന്റെ സ്വപ്നങ്ങള്‍ ഒരു കാവ്യ നീതിയെന്നോണം പുലരുമ്പോള്‍ മാനവികതയിലേക്കും സ്വാതന്ത്ര്യത്തിലേക്കും തിരിച്ചുപോകുന്ന ഒരു ലോകത്തെ നമുക്കും സ്വപ്നം കാണാം.
[email protected]
Comments