Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 10

മോഡിയും പത്താം വാര്‍ഷികവും

ഇഹ്‌സാന്‍

ഗുജറാത്തിന്റെ നാണക്കേടിന് അങ്ങനെ പത്ത് വര്‍ഷം പൂര്‍ത്തിയായി. ഇത്രയും കാലത്തിനിടയില്‍ നരേന്ദ്രമോഡിയും ബി.ജെ.പിയും മനഃസ്താപത്തിന്റെ നേരിയ ഒരു ലാഞ്ഛന പോലും കാണിക്കാതെ തന്നെ ആ ദുരന്തത്തിന്റെ തിലോദകം ഇന്ത്യ കൊണ്ടാടുകയും ചെയ്തു. നിതിന്‍ ഗഡ്കരി ഒരുകണക്കിന് ഇന്ത്യയെ പരിഹസിച്ചുവെന്നു പോലും പറയാം. രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രി എന്ന നിലയില്‍ മോഡിയെ പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുമെന്നാണ് ഗഡ്കരി പറഞ്ഞത്. അരുണ്‍ ജയ്റ്റ്‌ലി ഒരു ലേഖനം എഴുതി മാധ്യമങ്ങള്‍ക്കു പ്രസിദ്ധീകരിക്കാന്‍ നല്‍കിയതില്‍ ഒരു വരി പോലും 2002ലെ വംശഹത്യയെ അധിക്ഷേപിക്കുന്നതായി കാണാനാവില്ല. എല്ലാ കലാപങ്ങളും ആളുകളുടെ ജീവനെടുക്കും, കനത്ത നാശനഷ്ടങ്ങളുണ്ടാക്കും എന്നും മറ്റുമുള്ള ചില ഒഴുക്കന്‍ പ്രസ്താവനകളല്ലാതെ നടന്ന നരനായാട്ടിന്റെ വംശീയവെറിയെ ജയ്റ്റ്‌ലി പൂര്‍ണമായും മറച്ചു പിടിക്കുകയാണ് ചെയ്തത്. വംശഹത്യയുടെ പത്തുവര്‍ഷങ്ങള്‍ക്കു ശേഷം ചില ഒറ്റപ്പെട്ട മാധ്യമങ്ങള്‍ ഗുജറാത്തിന്റെ മുറിവുകള്‍ പരിശോധിക്കുന്നതാണ് ബി.ജെ.പിയെ അസ്വസ്ഥമാക്കിയത്. ഗുജറാത്തില്‍ പിന്നീട് പത്തു വര്‍ഷം എന്തു കൊണ്ട് കലാപങ്ങളുണ്ടായില്ല എന്ന് മാധ്യമങ്ങള്‍ വേണ്ടതു പോലെ അന്വേഷിക്കുന്നില്ലത്രെ! ഉണ്ടായ ദുരന്തത്തിന് പത്ത് വര്‍ഷം മാത്രം പിന്നിടുമ്പോഴേക്കും അതെല്ലാം 'അടഞ്ഞ അധ്യായ'ങ്ങളായ സ്ഥിതിക്ക് എല്ലാം മറന്ന് നമുക്ക് വികസനത്തെ കുറിച്ച് സംസാരിക്കാമെന്നാണ് നരേന്ദ്ര മോഡിയോടു ചോദിച്ചപ്പോള്‍ ലഭിച്ച ഉത്തരം. ഈ പത്ത് വര്‍ഷക്കാലയളവില്‍ ഗുജറാത്തിലെ ഹിന്ദുത്വത്തിന് സ്വന്തം പ്രോസിക്യൂട്ടര്‍മാരും പോലീസും ഒരുവേള ജഡ്ജിമാര്‍ പോലും ഉണ്ടാവുകയും അവര്‍ ഒറ്റ കലാപകേസില്‍ പോലും പ്രതിയെ സ്വമേധയാ നിയമത്തിന് മുന്നില്‍ ഹാജരാക്കാതെ ഇരകളെ ചരിത്രത്തിലെ ഏറ്റവും കൊടിയ മാനസിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത സംഭവങ്ങളോടാണ് ഒരു മുഖ്യമന്ത്രിയുടെ ഈ പ്രതികരണമെന്നോര്‍ക്കുക.
അതേസമയത്ത് ഈ പത്തുവര്‍ഷക്കാലയളവിലെ എല്ലാ തെരഞ്ഞെടുപ്പുകളിലും മോഡിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഗുജറാത്തില്‍ വിജയിച്ചു കൊണ്ടേയിരുന്നു. ജനാധിപത്യം എന്നതിന് ഗുജറാത്തില്‍ ഹിന്ദുത്വം എന്നായിരുന്നു അര്‍ഥം. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്ന ആരും, കോടതി പോലും, അന്നാട്ടില്‍ ഹിന്ദുക്കളുടെ 'വികാരത്തെ'യായിരുന്നു വ്രണപ്പെടുത്തിയത്. മോഡിക്കെതിരെ ഉയരുന്ന ഏതു ചൂണ്ടുവിരലും ഗുജറാത്തിന്റെ നേരെയായിരുന്നു. മോഡി എന്നാല്‍ ഗുജറാത്ത്, ഗുജറാത്ത് എന്നാല്‍ മോഡി. ഇത് രണ്ടും പരാജയപ്പെടുന്ന അവസരങ്ങളില്‍ മോഡിയെയും ഗുജറാത്തിനെയും ഇന്ത്യയിലെ ഹിന്ദുസമൂഹത്തിന്റെ മൊത്തം പ്രതീകമായി ചിത്രീകരിക്കാന്‍ പോലും ബി.ജെ.പി ഒപ്പം നിന്നു. ഒരുപടി കൂടി മുന്നോട്ടു പോയി താന്‍ ഗുജറാത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണെന്നും തന്നെ കുറിച്ച എല്ലാ ആരോപണങ്ങള്‍ക്കും ജനങ്ങള്‍ മറുപടി പറയുമെന്നുമുള്ള നിലപാട് പോലും മോഡി മാധ്യമ പ്രവര്‍ത്തകരുടെ മുമ്പാകെ സ്വീകരിച്ചു. അതായത് തെരുവില്‍ കണ്ടോളാമെന്ന്! ഗുജറാത്തിലെ അഴിമതിക്കും ന്യൂനപക്ഷ വിവേചനത്തിനും വര്‍ഗീയവല്‍ക്കരണത്തിനും ഭരണഘടനയോ രാഷ്ട്ര സങ്കല്‍പ്പങ്ങളോ ആയിരുന്നില്ല മോഡിയുടെ ഉരകല്ല്. ഹിന്ദുത്വത്തിന്റെ മൃഗീയ ഭൂരിപക്ഷമായിരുന്നു.
ഗുജറാത്തിലെ മുസ്‌ലിംകള്‍ക്ക് എന്തു സംഭവിച്ചു എന്നതാണ് കാതലായ ചോദ്യം. ഔട്ട്‌ലുക്ക് വാരിക മോഡിയോടു ചോദിച്ച 25 ചോദ്യങ്ങള്‍ കലാപത്തിന്റെ എല്ലാ അടിസ്ഥാനങ്ങളെയും ഒറ്റയടിക്ക് ഓര്‍മയില്‍ കൊണ്ടുവരുന്നതായി. മരണത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരു ഖുത്വ്ബുദ്ദീന്‍ അന്‍സാരിയായിരുന്നോ നിയമത്തില്‍ നിന്ന് ഇന്നും പിടിയൂരി നടക്കുന്ന ആയിരക്കണക്കിന് കൊലയാളികളായിരുന്നോ യഥാര്‍ഥ വാര്‍ത്ത? മാറിയ മുസ്‌ലിം മനസ്സിനെ കുറിച്ച ഉപന്യാസങ്ങളും പോയവാരത്തിന്റെ തുടക്കത്തിലെ മാധ്യമ നിലപാടില്‍ നിന്ന് ബി.ജെ.പി അനുകൂല നിലപാടിലേക്കുണ്ടായ വ്യതിചലനമായിരുന്നു. അഹ്മദാബാദിലെ ന്യൂനപക്ഷങ്ങള്‍ മുന്‍സിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ മോഡിയെ ജയിപ്പിച്ചു എന്നത് സംസ്ഥാനത്തെ വര്‍ഗീയാന്തരീക്ഷത്തില്‍ വന്ന കാതലായ മാറ്റമായിരുന്നോ? ഗുജറാത്തിലെ നഗരങ്ങളിലെ മുസ്‌ലിംകളുടെ ദാരിദ്ര്യം ഉന്നതജാതിക്കാരായ ഹിന്ദുക്കളുടേതിനെ അപേക്ഷിച്ച് 800 മടങ്ങും ഒ.ബി.സിക്കാരുടേതിനെ അപേക്ഷിച്ച് 50 ശതമാനവും മോഡിയുടെ ഭരണകാലയവളില്‍ വര്‍ധിച്ചുവെന്ന അമ്പരപ്പിക്കുന്ന കണക്കില്‍ ഈ 'വോട്ടു' ലഭിക്കലിന്റെ ഉത്തരവുമുണ്ട് (വിശദാംശങ്ങള്‍ക്ക് ടീസ്റ്റ സെറ്റില്‍വാദ് ഫ്രണ്ട്‌ലൈന് നല്‍കിയ അഭിമുഖം കാണുക). കേവലം 2 ശതമാനം മുസ്‌ലിംകള്‍ക്കാണ് മോഡിയുടെ ഭരണകാലത്ത് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് ലോണ്‍ ലഭിച്ചത്. മുസ്‌ലിം യുവാക്കള്‍ക്ക് നല്‍കാനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കോടിക്കണക്കിന് രൂപയുടെ സ്‌കോളര്‍ഷിപ്പാണ് മോഡിയുടെ ഭരണകൂടം വിതരണം ചെയ്യാതെ മടക്കി അയച്ചത്. പള്ളികളുടെ പുറത്തേക്ക് ശബ്ദം വരരുതെന്ന ഉത്തരവ് അനുസരിച്ചില്ലെങ്കില്‍ അഹ്മദാബാദിലെയും സൂറത്തിലെയും വഡോദരയിലെയും മറ്റും മുസ്‌ലിമിനും ക്രിസ്ത്യാനിക്കും അവരുടെ പ്രവാചകന്മാരുടെ ജന്മദിനങ്ങളായ മീലാദും ക്രിസ്മസ്സുമൊന്നും ആഘോഷിക്കാനാവില്ലെന്നു കൂടി അവിടത്തെ പൗരാവകാശങ്ങളെ കുറിച്ച് കേള്‍ക്കുന്ന കഥകളിലുണ്ട്. അന്യന്റെ മതപരമായ ശബ്ദങ്ങള്‍ പോലും ഗുജറാത്തിന്റെ സദ്ഭാവനക്ക് കേട്ടുകൂടാത്തതാണെന്ന് പച്ചമലയാളം.
വംശഹത്യയുടെ പത്താം വര്‍ഷത്തിലേക്കെത്തുമ്പോള്‍ പക്ഷേ ദേശീയ മാധ്യമങ്ങളുടെ നിലപാടില്‍ എവിടെയോ അല്‍പ്പം മാറ്റമുണ്ടായിട്ടുണ്ട്. ഫെബ്രുവരി 26-ന്റെ ഓര്‍മകളില്‍ ഗോധ്രയെ പര്‍വതീകരിക്കുകയും പിന്നീടുണ്ടായ നായാട്ടിനെ ലഘൂകരിച്ച് കാണുകയും ചെയ്യുന്ന പതിവ് നിലപാടായിരുന്നില്ല ഇത്തവണ. മോഡിയുടെ നിലപാടുകളെയും കലാപത്തിന്റെ ഇരകളോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ നിലപാടുകളെയും ഏതാണ്ടെല്ലാ ദേശീയ മാധ്യമങ്ങളും ടെലിവിഷന്‍ ചാനലുകളും ചോദ്യം ചെയ്യുന്നതാണ് കാണാനായത്. ബി.ജെ.പിയുടെ മീഡിയാ വിഭാഗം ഇതാദ്യമായി ഗുജറാത്ത് വിഷയത്തില്‍ മാധ്യമങ്ങള്‍ മോഡിയോട് അനീതി ചെയ്യുന്നുണ്ടെന്ന് പരസ്യമായി കുറ്റപ്പെടുത്തുക പോലുമുണ്ടായി. മോഡിയെ വാര്‍ത്തയില്‍ നിറച്ചു നിര്‍ത്തി മറ്റാരെങ്കിലും യു.പിയില്‍ നേട്ടം കൊയ്യാന്‍ മാധ്യമങ്ങളെ കൈയിലെടുത്തതല്ലെങ്കില്‍ ശ്ലാഘനീയമാണ് ഈ വാര്‍ഷിക സ്മരണ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം