Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 10

വാര്‍ത്തകള്‍ വിശേഷങ്ങള്‍

മൂസക്കുട്ടി വെട്ടിക്കാട്ടിരി

കിര്‍ഗിസ്താനില്‍ ഹിജാബ് വിരുദ്ധ നീക്കം ശക്തിപ്പെടുന്നു

മുസ്ലിം ഭൂരിപക്ഷ മധേഷ്യന്‍ രാഷ്ട്രമായ കിര്‍ഗിസ്താനിലെ മതേതര സര്‍ക്കാര്‍ മുസ്ലിം ചിഹ്നങ്ങളെ അസഹിഷ്ണുതയോടെയാണ് കാണുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ ശിരസ്സ് മറക്കുന്നതും ഹിജാബ് ധരിക്കുന്നതും നിരോധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് അതിന്റെ ഭാഗമാണെന്ന് കിര്‍ഗ് മുസ്ലിംകള്‍ പറയുന്നു. പുതിയ നിയമംമൂലം അനേകം മുസ്ലിം പെണ്‍കുട്ടികള്‍ പഠനം നിര്‍ത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തല മറച്ചുകൊണ്ട് ക്ളാസില്‍ പ്രവേശിക്കുന്നത് തടഞ്ഞതുമൂലം തനിക്ക് പഠനം നിര്‍ത്തേണ്ടിവന്നുവെന്നും ഭാവി ഇരുളടയുകയാണെന്നും ശിരോവസ്ത്രം നിരോധിച്ചതുകാരണം സ്കൂള്‍ വിടേണ്ടിവന്ന 14 കാരിയായ കിര്‍ഗിസ്താന്‍ പെണ്‍കുട്ടി റഹാത്ത് 'റഷ്യ ടുഡേ'യോട് പറഞ്ഞു. ഇസ്ലാമിക വസ്ത്ര ധാരണം നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് അനേകം മുസ്ലിം പെണ്‍കുട്ടികള്‍ റഹാത്തിന്റെ വഴിതന്നെ തെരഞ്ഞെടുക്കുകയാണ്. കിര്‍ഗിസ്താനില്‍ സ്കൂളുകള്‍ക്കുപുറമെ 'അഡള്‍ട്ട് ലേണിംഗ് സെന്ററു'കള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വളരെ നിലവാരം കുറഞ്ഞ ഇത്തരം സ്ഥാപനങ്ങളെ അധികമാരും ആശ്രയിക്കാറില്ല.
ഹിജാബ് തര്‍ക്കം രാജ്യത്തെ വ്യാപകമായ പ്രതിഷേധ സമരങ്ങളിലേക്ക് നയിക്കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. പൌരസ്വാതന്ത്യ്രം ഹനിക്കുന്നതിനെതിരെയും അഭിപ്രായ സ്വാതന്ത്യ്രവും മത സ്വാതന്ത്യ്രവും സംരക്ഷിക്കുന്നതിനും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണം നടത്തിവരുന്നു.
മുന്‍ സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്ന കിര്‍ഗിസ്താനിലെ 55 ലക്ഷത്തോളം വരുന്ന ജനസംഖ്യയുടെ 80 ശതമാനം മുസ്ലിംകളാണ്. ബാക്കി വിവിധ ക്രൈസ്തവ വിഭാഗങ്ങളും വളരെ ന്യൂനപക്ഷമായ ബുദ്ധിസ്റുകളുമാണ്. അറബ് രാഷ്ട്രങ്ങളുടെ സഹായത്തോടെ രാജ്യത്ത് ധാരാളം പള്ളികളും ഇസ്ലാമിക ട്രസ്റുകളും പ്രവര്‍ത്തിച്ചുവരുന്നു. പക്ഷേ, മതം സ്വകാര്യ ജീവിതത്തില്‍ ഒതുക്കണമെന്നാണ് പ്രസിഡന്റ് അല്‍മസ്ബെക് ആദംബായേവ് നയിക്കുന്ന മതേതര സര്‍ക്കാറിന്റെ വാദം. കിര്‍ഗിസ്താന്‍, ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്‍ (ഒ.ഐ.സി) അംഗം കൂടിയാണ്.

ന്യൂയോര്‍ക്ക് പോലീസും 'ഒളിഞ്ഞുനോക്കുന്നു'

അമേരിക്കന്‍ മുസ്ലിംകളുടെയും ഇസ്ലാമിക സ്ഥാപനങ്ങളുടെയും വിശദവിവരങ്ങള്‍ രഹസ്യമായി ശേഖരിക്കുന്നതായി വെളിപ്പെടുത്തല്‍. ന്യൂയോര്‍ക്ക് പോലീസാണ് രഹസ്യമായി വിവരങ്ങള്‍ ചോര്‍ത്താന്‍ ഇറങ്ങിയിരിക്കുന്നതെന്ന് 'അസോസിയേറ്റഡ് പ്രസ് ഏജന്‍സി'യാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതിനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ന്യൂയോര്‍ക്ക് പോലീസ് മേധാവി പറഞ്ഞു. കഴിഞ്ഞ മാസം ന്യൂയോര്‍ക്കിലെ മുസ്ലിംകളില്‍ വ്യാപക പ്രതിഷേധത്തിനിടയക്കിയ പ്രസ്തുത സംഭവത്തിനു ശേഷം ന്യൂജേര്‍സിയിലെ ഏറ്റവും വലിയ പട്ടണമായ ന്യൂ ആര്‍ക്കിലും പോലീസ് മുസ്ലിംകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതായി ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മുസ്ലിംകളുടെ കച്ചവട കേന്ദ്രങ്ങളും വാഹനങ്ങളും ഇസ്ലാമിക സ്ഥാപനങ്ങളും മുസ്ലിം കുട്ടികള്‍ പഠിക്കുന്ന കലാശാലകളുമെല്ലാം ഒളിഞ്ഞുനോട്ടത്തിന്റെ പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. യാലേ, കൊളംബിയ, ബ്രോക്ലീന്‍ തുടങ്ങി മുസ്ലിം കുട്ടികള്‍ പഠിക്കുന്ന യൂനിവേഴ്സിറ്റികളിലും കോളേജുകളിലും വിവരങ്ങള്‍ ശേഖരിച്ചതായി 'അസോസിയേറ്റഡ് പ്രസ് ഏജന്‍സി' വെളിപ്പടുത്തിയിട്ടുണ്ട്. തങ്ങളുടെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ മേലുള്ള ഇത്തരം ഒളിനോട്ടത്തില്‍ ആശങ്കിക്കുന്നതായി വിദ്യാഭ്യാസ സ്ഥാപന അധികാരികള്‍ വ്യക്തമാക്കി. ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലുമുള്ള മുസ്ലിംകളെകുറിച്ച രഹസ്യാന്വേഷണത്തിന് ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റിന് വൈറ്റ് ഹൌസ് വന്‍തുകയുടെ ഫണ്ട് അനുവദിച്ചതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇസ്രയേലിന്റെ ഖുദ്സ് കൈയേറ്റം അന്വേഷിക്കണമെന്ന് ദോഹ അന്താരാഷ്ട്ര സമ്മേളനം

ഖുദ്സ് പ്രതിരോധ ഫോറത്തിന്റെ രണ്ടു ദിവസം നീണ്ട അന്താരാഷ്ട്ര സമ്മേളനം ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചേര്‍ന്നു. ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയാണ് ഉദ്ഘാടനം ചെയ്തത്. പ്രമുഖര്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഖുദ്സ് സംരക്ഷണത്തിന് നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുകയുണ്ടായി.
ഖുദ്സിന്റെ അറബ് ഇസ്ലാമിക മാനം കാത്തുസൂക്ഷിക്കാന്‍ വേണ്ട നടപടികളുമായി മുന്നോട്ടുവരണമെന്ന് ഫലസ്ത്വീന്‍ നേതൃത്വത്തോട് ഖത്തര്‍ അമീര്‍ ആവശ്യപ്പെടുകയുണ്ടായി. ഖുദ്സ് പട്ടണത്തിന്റെ വികസനവും സംരക്ഷണവും ലക്ഷ്യംവെച്ച് ഒരു സമ്പൂര്‍ണ പദ്ധതിക്ക് രൂപം നല്‍കണം. ഖുദ്സ് ഉള്‍പ്പെടാത്ത ഒരു ഫലസ്ത്വീന്‍ രാഷ്ട്രം അസാധ്യമാണെന്നും അല്‍അഖ്സ മസ്ജിദില്ലാത്ത ഖുദ്സ് നഗരം ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അറബ് ലോകത്തെ പുത്തനുണര്‍വ് ഇസ്രയേലും മറ്റു ലോക രാഷ്ട്രങ്ങളും മനസ്സിലാക്കണം. ഒ.ഐ.സി സെക്രട്ടറി ജനറല്‍ അക്മലുദ്ദീന്‍ ഇഹ്സാന്‍ ഓഗ്ലു ഖുദ്സിലെ വിവിധ വികസന പദ്ധതികള്‍ക്കായി ഇസ്ലാമിക് ഡവലപ്മെന്റ് ബാങ്ക് സാമ്പത്തിക സഹായം നല്‍കിവരുന്നതായി അറിയിച്ചു. ഖുദ്സ് നഗരത്തിലെ വിവിധ ആരോഗ്യ വിദ്യാഭ്യാസ പദ്ധതികള്‍ ഐ.ഡി.ബി ആസൂത്രണം ചെയ്തുവരുന്നതായും അദ്ദേഹം പറഞ്ഞു.
ഖുദ്സ് പ്രതിരോധ ഫോറത്തിനുള്ള ഖത്തര്‍ അന്താരാഷ്ട്ര സമ്മേളനത്തില്‍ ഫലസ്ത്വീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, മൊറോക്കന്‍ പ്രധാനമന്ത്രി അബ്ദുല്‍ ഇലാഹ് ബിന്‍ കീറാന്‍, അറബ് ലീഗ് സെക്രട്ടറി ജനറല്‍ ഡോ. നബീല്‍ അല്‍അറബി, ഇസ്രയേല്‍ രാഷ്ട്രത്തെ എതിര്‍ക്കുന്ന ജൂത സംഘമായ 'നേതൂരി കര്‍താ' നേതാവ് ഇസ്രയേല്‍ ഹെര്‍ഷ്, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.
ഇസ്രയേല്‍ അധിനിവേശത്തിനുശേഷം 1948 മുതല്‍ ഖുദ്സ് ചരിത്രം മാറ്റിയെഴുതാനുള്ള പദ്ധതികള്‍ ഇസ്രയേല്‍ ആസൂത്രണം ചെയ്തുവരുന്നുണ്ട്. അതിന്റെ ഭാഗമായി ഖുദ്സിലെ ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കുക, ചരിത്ര പാഠപുസ്തകങ്ങളില്‍ അസത്യങ്ങള്‍ കുത്തിനിറക്കുക തുടങ്ങിയ കുത്സിത ശ്രമങ്ങള്‍ നടന്നുവരുന്നു.

അഹ്മദ് ഫഹ്മി സ്പീക്കര്‍ സ്ഥാനത്തേക്ക് എതിരില്ലാതെ

ഈജിപ്ത് പാര്‍ലമെന്റ് അധോസഭയായ ശൂറാ കൌണ്‍സില്‍ (മജ്ലിസ് ശൂറ) സ്പീക്കറായി ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥി ഡോ. അഹ്മദ് ഫഹ്മി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സഭയിലേക്കുള്ള പുതിയ തെരഞ്ഞെടുപ്പിനുശേഷം ചേര്‍ന്ന ആദ്യത്തെ യോഗത്തിലാണ് ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടി നോമിനി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ലമെന്റ് ഉപരിസഭ(മജ്ലിസുശ്ശഅബ്)യിലേതുപോലെ അധോസഭയിലും ഇഖ്വാനുല്‍ മുസ്ലിമൂന്റെ രാഷ്ട്രീയ വിഭാഗമായ ഫ്രീഡം ആന്റ് ജസ്റിസ് പാര്‍ട്ടിക്കാണ് ഭൂരിപക്ഷം.
ഈജിപ്തിലെ ജനകീയ വിപ്ളവം ഏതൊരു ലക്ഷ്യം നേടാന്‍വേണ്ടിയായിരുന്നുവോ അരങ്ങേറിയത്, ആ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനു സഭ പ്രതിജ്ഞാബദ്ധമായിരിക്കുമെന്ന് ഡോ. ഫഹ്മി വ്യക്തമാക്കി. വിപ്ളവ രക്തസാക്ഷികളുടെ പ്രായശ്ചിത്തം നടപ്പാക്കുമെന്നും അവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, മുസ്ലിം ബ്രദര്‍ ഹുഡ് ആസ്ഥാനത്തിെയ ഈജിപ്തിലെ പ്രമുഖ ക്രിസ്ത്യന്‍ വിഭാഗമായ ഇഞ്ചീലിയന്‍ ചര്‍ച്ച് സംഘത്തെ മുസ്ലിം ബ്രദര്‍ ഹുഡ് നേതാവ് മുഹമ്മദ് ബദീഅ് സ്വീകരിച്ചു. രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തില്‍ എല്ലാ പൌരന്‍മാര്‍ക്കും പങ്കുണ്ടാവുമെന്നും ഒരു വിഭാഗത്തോടും അനീതിയോ വിവേചനമോ കാണിക്കുകയില്ലെന്നും മുഹമ്മദ് ബദീഅ് ഉറപ്പ് നല്‍കി. ഇഞ്ചീലിയന്‍ ചര്‍ച്ച് മേധാവി ഡോ. സഫ്വത് അല്‍ബയാളിയുടെ നേതൃത്വത്തില്‍ 17 അംഗ ക്രിസ്ത്യന്‍ സംഘമാണ് ബ്രദര്‍ ഹുഡ് ആസ്ഥാനത്തെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

'അറബ് വസന്തം' അല്‍ജാമിഅ് അല്‍അസ്ഹറിലും


നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം അല്‍അസ്ഹറിലെത്തിയ ഫലസ്ത്വീന്‍ ചെറുത്ത്നില്‍പ് സംഘടനാ നേതാവ് ഇസ്മാഈല്‍ ഹനിയ്യ 'അറബ് വസന്ത'ത്തിന്റെ ഓര്‍മകള്‍ പുതുക്കി. അറബ് സമൂഹം ഫലസ്ത്വീന്‍ വിമോചനത്തിന് ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് അല്‍അസ്ഹര്‍ പള്ളിയില്‍ കഴിഞ്ഞ ദിവസം ജുമുഅ ഖുത്വ്ബ നിര്‍വഹിച്ചുകൊണ്ട് അദ്ദേഹം ആഹ്വാനം ചെയ്തു. ജനാധിപത്യക്രമവും സ്വാതന്ത്യ്രവും പരിഷ്കരണവും സാധ്യമാക്കിക്കൊണ്ട് അറബ് ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന വിപ്ളവങ്ങളെയും ചെറുത്തിനില്‍പ്പുകളെയും പ്രശംസിച്ച ഹനിയ്യ നീതിക്കുവേണ്ടി പോരാടുന്ന സിറിയന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഫലസ്ത്വീന്‍ വിമോചനത്തിന്റെ ആണിക്കല്ലായി ഈജിപ്ത് വര്‍ത്തിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിമോചനത്തിന്റെ അടയാളമായി മാറിയ 'തഹ്രീര്‍ സ്ക്വയറില്‍' അല്‍അഖ്സയുടെ താഴികക്കുടങ്ങള്‍ താന്‍ കാണുന്നുവെന്നും അസ്ഹറിന്റെ മിമ്പറില്‍നിന്ന് അയ്യൂബിയുടെ (സ്വലാഹുദ്ദീന്‍ അയ്യൂബി) മിമ്പറിലേക്കുള്ള വിമോചനത്തിന്റെ തേര് ഈജിപ്തിലെ പണ്ഡിതര്‍ തെളിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഫലസ്ത്വീന്റെ മോചനത്തിന് ചെറുത്ത്നില്‍പ്പല്ലാതെ മറ്റു വഴികളൊന്നുമില്ലെന്ന് ഇസ്മാഈല്‍ ഹനിയ്യ ജുമുഅ നമസ്കാരത്തിനുശേഷം അല്‍അസ്ഹറില്‍ നടന്ന ബഹുജന റാലിയെ അഭിസംബോന ചെയ്തുകൊണ്ട് പറഞ്ഞു. ഇസ്മാഈല്‍ ഹനിയ്യയെ ശ്രവിക്കാന്‍ അല്‍അസ്ഹര്‍ പള്ളിയില്‍ ജുമുഅ ഖുത്വ്ബക്ക് ഒഴുകിയെത്തിയ ആയിരങ്ങള്‍ ഹര്‍ഷാരവങ്ങളോടെയാണ് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യമുള്ള വാക്കുകളെ എതിരേറ്റത്.
എന്തായാലും അറബ് വസന്തത്തിനു നന്ദി പറയുകയാണ് അറബ് ജനത. ഇസ്ലാമിക സംസ്കാരത്തിന്റെ ഈറ്റില്ലമായിരുന്ന ഈജിപ്തില്‍ പതിറ്റാണ്ടുകള്‍ നീണ്ട ഏകാധിപത്യ ഭരണത്തിനും അതിന്റെ ഉല്‍പന്നമായ നീതിനിഷേധങ്ങള്‍ക്കും ശേഷം ഇതാദ്യമായാണ് ഒരു ഇസ്ലാമിക സംഘടനയുടെ പ്രമുഖ വ്യക്തിത്വം അല്‍അസ്ഹര്‍ പള്ളിയില്‍ ജുമുഅ ഖുത്വ്ബ നടത്തുന്നത്.


ഇന്തോനേഷ്യന്‍ സംഘടനകള്‍ക്ക് അമേരിക്കന്‍ ട്രഷറി വകുപ്പിന്റെ വിലക്ക്

ഇന്തോനേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ജമാഅത്ത് അന്‍സാറുത്തൌഹീദ്' എന്ന മത സംഘടനയുടെ വക്താക്കളെന്നാരോപിച്ച് അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് മൂന്നു മുസ്ലിം സംഘടനാ നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇന്തോനേഷ്യയില്‍ വിവിധ മത രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അതഷ്വാന്‍, സൂന്‍ ഹാദി ബിന്‍ മുഹാജിര്‍, അബ്ദുല്‍ റഷീദ് ബാഅഷീര്‍ എന്നിവര്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്ന് വിദേശ ഏജന്‍സികളെ നിരീക്ഷിക്കാനുള്ള അമേരിക്കന്‍ മന്ത്രാലയത്തിലെ ഓഫീസ് വക്താവ് പറഞ്ഞു.
പണമിടപാടുകളില്‍ നിന്ന് ഇവരെ പൂര്‍ണമായി വിലക്കുകയാണ് അമേരിക്കന്‍ സുരക്ഷാ ഓഫീസിന്റെ ലക്ഷ്യം. തീവ്രവാദ സംഘടനകളെ ഭീകരവാദപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിലക്കുകളെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം പിന്നീട് വ്യക്തമാക്കി. ഭീകരപട്ടികയിലുള്ള സംഘടനകള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാകാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദേശ ഏജന്‍സികളെ നിരീക്ഷിക്കാനുള്ള അമേരിക്കന്‍ മന്ത്രാലയത്തിലെ ഓഫീസ് മേധാവി ആദം സൂബിന്‍ (അറമാ ട്വൌയശി) പറഞ്ഞു. എന്നാല്‍ ഇത്തരം വിലക്കുകള്‍ ചെറിയ സംഘങ്ങള്‍ക്ക് അര്‍ഹിക്കാത്ത പ്രചാരണം ലഭിക്കാന്‍ കാരണമാകുമെന്നാണ് ഒരു സുരക്ഷാ വിദഗ്ധന്‍ അഭിപ്രായപ്പെട്ടത്.
ജമാഅത്ത് അന്‍സാറുത്തൌഹീദ് ഇന്തോനേഷ്യയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ ഒരു സംഘടനയാണെന്നും അമേരിക്കയിലേക്കോ തിരിച്ചോ പണമിടപാട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടനക്കില്ലെന്നും സംഘടനാ വക്താവ് സൂന്‍ ഹാദി പറഞ്ഞു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം