Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 10

കത്തുകള്‍

ടി.ഒ ബാവാ സാഹിബിനെ കുറിച്ച് ചിലത് കൂടി
കെ.പി യൂസുഫ് ഈരാറ്റുപേട്ട

'നടന്നു തീരാത്ത വഴികളില്‍' ദഅ്‌വത്ത് നഗര്‍ സ്‌മ്മേളനത്തിലെ ടി.ഒ ബാവ സാഹിബിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നുവെന്ന് സൂചിപ്പിച്ചുവല്ലോ. എന്നാല്‍, അതിലും ശ്രദ്ധേയമായിരുന്നു 1981 ഫെബ്രുവരി 20-22 തീയകളില്‍ ഹൈദാരാബാദില്‍ നടന്ന അഖിലേന്ത്യാ സമ്മേളനത്തിലെ ടി.ഒ ബാവ സാഹിബിന്റെ സാന്നിധ്യം. ഫെബ്രുവരി 19-ന് രാത്രി 8മണിക്ക് മുമ്പ് ഞങ്ങള്‍ വാദിഹുദയിലെത്തിയപ്പോള്‍ നഗരി വീക്ഷണം കഴിഞ്ഞ് അകമ്പടിയോടെ സ്റ്റേറ്റ് കാറില്‍ രാജ്ഭവനിലേക്ക് മടങ്ങുന്ന ടി.ഒ ബാവ സാഹിബിനെയാണ് ആദ്യം കണ്ടത്.
സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് രണ്ട് ദിവസം മുമ്പ് ടി.ഒ ബാവ സാഹിബ് രാജ്ഭവനിലെത്തിയതോടെ, ഒരു ഭരണ കക്ഷിയുടെ സമ്മേളനത്തിന് ലഭിക്കുന്ന മിക്ക സൗകര്യങ്ങളും കിട്ടിയെന്നത് വസ്തുതയാണ്. അന്ന് ആന്ധ്രാ പ്രദേശ് ഗവര്‍ണര്‍ സ്ഥാനം അനാരോഗ്യം കാരണമോ മറ്റോ ടി.ഒ ബാവ സാഹിബ് നിരസിച്ചതു കൊണ്ടാണ് കെ.സി എബ്രഹാം മാസ്റ്റര്‍ ഗവര്‍ണറായത്. മൂന്ന് ദിവസവും സജീവമായി സമ്മേളനത്തില്‍ പങ്കെടുത്ത ബാവ സാഹിബ് വിശ്രമ സമയത്ത് രാജ്ഭവനിലേക്ക് പോകുമ്പോഴും വരുമ്പോഴും സംഘാടകരുമായി ആവശ്യങ്ങളെക്കുറിച്ച് അന്വേഷിക്കുമായിരുന്നു.


-------
വിശ്വപ്രപഞ്ചത്തെ വായിച്ച വലിയ ജീവിതം എന്ന ലേഖനം (ഫെബ്രുവരി 11) വായിച്ചു. ഭൗമിക വ്യവസ്ഥിതികള്‍ക്കപ്പുറം വിശ്വമഹാപ്രപഞ്ച വ്യവസ്ഥക്ക് മനുഷ്യജീവിത്തിലുള്ള പ്രഭാവത്തെ ഓര്‍മിക്കാന്‍ വഴിവെക്കുന്നു എന്നതാണ് നബിയുടെ ജീവിതം നല്‍കുന്ന സംഭാവന. ആ വലിയ ജീവിതം വലുതായ വിശ്വപ്രപഞ്ച വ്യവസ്ഥ പോലെ തന്നെ വിശ്വവിശാലവും മതാതീതവുമാണ്. അഥവാ വിശ്വപ്രപഞ്ച വ്യവസ്ഥ കൂടാതെ ഭൂമിയില്‍ മതസഹിതരായിരിക്കാനോ മതരഹിതരായിരിക്കാനോ ആര്‍ക്കും കഴിയില്ല എന്ന് എല്ലാവരെയും ഓര്‍മിപ്പിക്കുന്നതാണ്. അതിനെ നമസ്‌കാര ബുദ്ധിയോടെയല്ലാതെ ഓര്‍മിക്കാനാവില്ല; എന്നും ഹനുമത് ഭക്തിയോടുള്ള ഹൃദയബന്ധമാണ് അല്ലാഹുവിങ്കല്‍ സമ്പൂര്‍ണ സമര്‍പ്പണം ചെയ്ത മുഹമ്മദ് നബി എന്ന ദൈവദാസന്റെ മാഹാത്മ്യം രുചിച്ചറിയാനുള്ള രാസഗ്രന്ഥികള്‍ എന്നില്‍ രൂപപ്പെടുത്തിയത് എന്നും രേഖപ്പെടുത്തിയിട്ടുള്ളതില്‍ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയിലെ കറകളഞ്ഞ ആര്‍ഷ സംസ്‌കാര സമ്പന്നതയാണ് പ്രകാശിക്കുന്നത്.
കെ.വി വാസുദേവന്‍ / കുന്നക്കാവ്

അരവിന്ദ ദര്‍ശനവും പ്രവാചകന്‍ മുഹമ്മദും
എ.പി ശാരദ

പോണ്ടിച്ചേരി ആശ്രമത്തിലെ ശ്രീ അരവിന്ദ മഹാ യോഗി യോഗസാധനയെ കുറിച്ചും, മനുഷ്യന്റെ ആധ്യാത്മിക പ്രവണതകള്‍ക്ക് ദിശാബോധവും പിന്‍ബലവും സഹായവും എക്കാലവും നല്‍കിവന്ന പ്രവാചക ശ്രേഷ്ഠന്മാരെക്കുറിച്ചും തന്റെ ബൃഹത്തായ ആധ്യാത്മിക സാഹിത്യ സമുച്ചയത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. അതില്‍ പ്രവാചകനായ മുഹമ്മദ് നബിയെ കുറിച്ച് അദ്ദേഹം പറയുന്നത് ശ്രദ്ധേയമാണ്. അധികമാരും വായിച്ചിരിക്കാന്‍ സാധ്യതയില്ലാത്ത ഈ അഭിപ്രായങ്ങളാണ് താഴെ ഉദ്ധരിക്കുന്നത്.
''പൂര്‍ണവിശ്വാസത്തോടും വിധേയത്വത്തോടും കൂടി, താന്‍ അനുഭവിക്കുന്ന സുഖദുഃഖങ്ങള്‍ക്കും പുണ്യപാപങ്ങള്‍ക്കും സ്വയം ചുമതല ഏറ്റെടുക്കാതെ തന്റെ കര്‍മങ്ങളെ ഫലേഛ കൂടാതെ ഈശ്വരാര്‍പ്പിതമായി ചെയ്തുതീര്‍ക്കുകയും തന്റേതു മാത്രമായ ആഗ്രഹങ്ങള്‍ക്കും കഴിവുകള്‍ക്കും മുന്‍ഗണന കൊടുക്കാതെ ദൈവേഛകളെ മാത്രം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരികയും ചെയ്യുന്ന നിസ്വാര്‍ഥനും സേവകനുമായ കര്‍മയോഗിയാണ് ദൈവത്തിന്റെ ഉറ്റ തോഴനും അദ്ദേഹത്തിന്റെ ശക്തി പ്രവാഹത്തിനുള്ള ഏറ്റവും മികച്ച മാധ്യവുമായിത്തീരുന്നത്. ഈ ഭക്തനിലൂടെയാണ് ലോകത്തിനു വേണ്ട കുറ്റമറ്റ സേവന പ്രവര്‍ത്തനങ്ങള്‍ വിജയിച്ചുവരുന്നത്. .... മുഹമ്മദ് ഇത്തരത്തിലുള്ള ഒരു യോഗീ ശ്രേഷ്ഠനായിരുന്നു...''
വിശുദ്ധ ഖുര്‍ആനില്‍ ആവര്‍ത്തിച്ചു കാണുന്ന ഒരു വാചകമുണ്ട്- ''ആകാശത്തിലും ഭൂമിയിലും കാണുന്ന എല്ലാം തന്നെ അല്ലാഹുവിന്റെ മഹത്വത്തെ വിളിച്ചു പറയുന്നു. അവനാണ് സര്‍വശക്തന്‍, സര്‍വജ്ഞാനി''. ശ്രീ അരവിന്ദ ദര്‍ശനത്തില്‍ ഈ ജ്ഞാനവും ശക്തിയും മൂര്‍ത്തീ മദ്ഭാവങ്ങളാകുന്നത് മഹേശ്വരിയിലും മഹാ കാളിയിലുമാണ്. എന്നാല്‍, ഏത് മതവിശ്വാസത്തിലുമാകട്ടെ, മേല്‍ പറഞ്ഞ ശക്തികള്‍ പ്രവര്‍ത്തിക്കണമെങ്കില്‍, വ്യാപരിക്കണമെങ്കില്‍ മനുഷ്യന്‍ അതിനനുയോജ്യമായ ആധാരമായിത്തീരണം. സമുദായത്തെ ഉദ്ധരിക്കാനായി ജന്മമെടുക്കുന്നവരാണ് എല്ലാ മതങ്ങളിലെയും ഉത്തമ പ്രവാചകര്‍.
അല്ലാഹുവിന്റെ പ്രവാചകന്മാരുടെ പരമ്പരയിലെ അവസാനത്തെ പ്രവാചകനായി മുസ്‌ലിംകള്‍ മഹാനായ മുഹമ്മദിനെ കാണുന്നു. 'ഭാരതത്തിന്റെ രാപ്പാടി' എന്നറിയപ്പെടുന്ന കവയിത്രി ശ്രീമതി സരോജിനി നായിഡു ഒരിക്കല്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു: ''ജനപങ്കാളത്തത്തിന് പ്രാധാന്യം കൊടുക്കുന്ന മതമാണ് ഇസ്‌ലാം. പള്ളിയിലെ പ്രസാദ ശിഖരത്തില്‍ നിന്നും വരുന്ന നിസ്‌കാരത്തിനുള്ള ആഹ്വാനം ശ്രവിക്കുന്ന വിശ്വാസികള്‍ എല്ലാവരും ഒന്നിച്ച് പ്രാര്‍ഥന നടത്തുന്നു. കൃഷിക്കാരനും രാജാവും ഒരുമിച്ച് അടുത്തടുത്തിരുന്ന് 'അല്ലാഹു മാത്രമാണ് സര്‍വശക്തന്‍' എന്ന് ദിവസത്തില്‍ അഞ്ചുതവണ പ്രാര്‍ഥനാപൂര്‍വം ഉരുവിടുമ്പോള്‍, നാം അവിടെ കാണുന്നത് സക്രിയമായ ജനാധിപത്യമാണ്.''

മുസ്‌ലിം ലീഗും സര്‍വേന്ത്യാ ലീഗും
എ.ആര്‍ അഹ്മദ് ഹസന്‍ പെരിങ്ങാടി
ഡിസംബര്‍ 18-ന്റെ പ്രബോധനത്തില്‍ ടി.കെയുടെ 'നടന്നു തീരാത്ത വഴികളില്‍' 'ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് ഇന്ത്യാ വിഭജനത്തിന് മുമ്പുള്ള മുസ്‌ലിം ലീഗിന്റെ തുടര്‍ച്ചയല്ല. പുതുതായി രൂപീകരിക്കപ്പെട്ടതാണ്' എന്ന് പ്രസ്താവിച്ചത് ശരിയാണോ?
ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് പഴയ സര്‍വേന്ത്യാ ലീഗിന്റെ തുടര്‍ച്ചയല്ലെന്ന് ലീഗുകാരില്‍ പലരും തറപ്പിച്ചു പറയുന്നില്ല. 1973-ല്‍ കേരളത്തില്‍ നടന്ന 'ഭാരത രത്‌നം' പാഠപുസ്തക വിവാദവേളയില്‍ നിലവിലുള്ള മുസ്‌ലിം ലീഗും മുഹമ്മദലി ജിന്ന ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കിയ പഴയ ലീഗിന്റെ തുടര്‍ച്ച തന്നെയാണെന്നായിരുന്നു മുസ്‌ലിം ലീഗ് നേതാക്കള്‍ ദൃഢസ്വരത്തില്‍ പറഞ്ഞിരുന്നത്. എ.കെ ആന്റണി, പി.സി ചാക്കോ തുടങ്ങിയവരുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് അര്‍ഥശങ്കക്കിടയില്ലാത്ത വിധം ധീര സ്വരത്തില്‍ ലീഗ് നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയത്. അന്നത്തെ യൂത്ത് ലീഗ് -എം.എസ്.എഫ് നേതൃത്വം ഇതിനെ പൂര്‍ണമായും പിന്തുണച്ചിരുന്നു. ലീഗ് മുഖപത്രമായ ചന്ദ്രികയിലും ഇതിനെ പിന്തുണച്ച് മുഖപ്രസംഗവും ലേഖനങ്ങളും വന്നിരുന്നു. പിന്നീട് ലീഗ് പിളര്‍ന്നപ്പോള്‍ സയ്യിദ് ഉമര്‍ ബാഫഖി തങ്ങളുടെ വിഭാഗം സ്വീകരിച്ച നാമം പഴയ ജിന്നാ ലീഗിന്റേതു തന്നെ- അഖിലേന്ത്യാ ലീഗ്.
വിഭജനവുമായി ബന്ധപ്പെട്ട അധിക്ഷേപത്തില്‍നിന്ന് രക്ഷപ്പെടാനാണ് ചില ലീഗ് നേതാക്കള്‍ ഇന്നത്തെ ലീഗ് പഴയ ലീഗിന്റെ തുടര്‍ച്ചയല്ലെന്ന് തട്ടിമൂളുന്നത്. സത്യത്തില്‍ ഇന്ത്യാ വിഭജനത്തിന്റെ പാപക്കുരിശ് മുസ്‌ലിം ലീഗിന്റെ പിരടിയില്‍ മാത്രം പൂര്‍ണമായും വെച്ചുകെട്ടേണ്ടതല്ല.
ജിന്നയുള്‍പ്പെടെ പല ലീഗ് നേതാക്കളും പഴയ കോണ്‍ഗ്രസ്സുകാരായിരുന്നു. വിഭജനമെന്ന പാപത്തില്‍ കോണ്‍ഗ്രസ്സിന് വലിയ പങ്കുണ്ട്. ഇപ്പോഴത്തെ കോണ്‍ഗ്രസ് പഴയ കോണ്‍ഗ്രസ്സിന്റെ തുടര്‍ച്ചയാണ്. വിഭജനത്തില്‍ മുസ്‌ലിം ലീഗിന്നും പങ്കുണ്ട്. കോണ്‍ഗ്രസ്സിനിവിടെ മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം തുടരാമെങ്കില്‍ ലീഗിനും രാഷ്ട്രീയ രംഗത്ത് തുടരാന്‍ അപകര്‍ഷബോധം തോന്നേണ്ടതില്ല. മുന്‍കാലങ്ങളില്‍ പിണഞ്ഞ അബദ്ധങ്ങളില്‍ നിന്ന് പാഠം പഠിക്കുകയാണ് വേണ്ടത്.

-----

രാഷ്ട്രീയം മതസംഘടനകള്‍ക്ക് വിലക്കപ്പെട്ട കനിയാണെന്നത് നബിചരിത്രം അറിയാത്തവരുടെയും സത്യം മറച്ചുവെക്കുന്നവരുടെയും വാദമാണ്. ഇസ്‌ലാം പള്ളിയില്‍ മാത്രം ഒതുങ്ങിയിരുന്നെങ്കില്‍ പിന്നെങ്ങനെ ഖലീഫയെന്ന ഭരണാധികാരിയുണ്ടായി എന്ന് ഏത് കൊച്ചു കുഞ്ഞും ചോദിച്ചു പോകും. മതം ആരാധനാലയങ്ങളില്‍ ഒതുങ്ങിക്കഴിയേണ്ടതാണെന്നും രാഷ്ട്രീയത്തില്‍ ഇടപെടാന്‍ അതിന് യോഗ്യതയില്ലെന്നും പറഞ്ഞു നടന്നവര്‍ ഇപ്പോള്‍ മതാചാര്യന്മാരെ സ്വന്തം ചിറകിലൊതുക്കാന്‍ നോക്കുന്നു. പ്രവാചകന്മാരെ വിമോചനപ്പോരാളികളായി അംഗീകരിക്കാനുള്ള സന്മനസ്സ് അഭിനന്ദനീയമാണ്.
നബി പള്ളിയിലെ ഇമാമും പാര്‍ലമെന്റിലെ 'സ്പീക്കറു'മായിരുന്നു. ഈ മഹാ സത്യത്തെയാണ് പെരും നുണയായി ചിലര്‍ അവതരിപ്പിക്കുന്നത്. തീക്കട്ട ഉറുമാലില്‍ പൊതിയുന്ന വിഡ്ഢിത്തമാണത്. സ്വന്തം ഭൂതകാലം മറന്നുപോയ അവര്‍ക്ക് വര്‍ത്തമാനകാലം മറുപടി നല്‍കിയിരിക്കുകയാണ്.
കെ.പി ഇസ്മാഈല്‍ / കണ്ണൂര്‍

നക്ഷത്ര കൊട്ടാരത്തിലെ കവി
പുത്തൂര്‍ ഇബ്‌റാഹീം കുട്ടി

പി.ടി കുഞ്ഞാലി ചേന്ദമംഗല്ലൂര്‍ 'അബൂ സഹ്‌ലയുടെ നക്ഷത്ര കൊട്ടാര'ത്തെക്കുറിച്ച് നടത്തിയ സാംസ്‌കാരിക പഠനം ശ്രദ്ധേയവും പഠനാര്‍ഹവുമായിരുന്നു. മുഖ്യധാരാ മാപ്പിള കവികളില്‍ നിന്ന് തെല്ലുമാറി സ്വയം നിയന്ത്രിതമായ ആദര്‍ശതലങ്ങളിലൊതുങ്ങി മാപ്പിളപ്പാട്ടിന് മറ്റൊരു മുഖം സൃഷ്ടിച്ച യു.കെ വ്യത്യസ്തനാണ്. ലേഖകന്‍ നടത്തിയ സമഗ്രമായ പഠനശ്രമങ്ങളെ പുകഴ്ത്തട്ടെ.
തഖ്‌വയുടെ അതിരുകള്‍ സൂക്ഷിച്ചിരുന്ന കവിക്ക് ഇത്രയേറെ പറയാനുണ്ടായിരുന്നിട്ടും അവ ഏറ്റു പറയുന്ന കാര്യത്തില്‍ എവിടെയോ പിഴവുകള്‍ സംഭവിച്ചതുപോലെ തോന്നുന്നു. ആലാപന ശാസ്ത്രത്തില്‍ ഇത്രയധികം മാധുര്യവും ആകര്‍ഷകത്വവുമുള്ള ഈണ വൈവിധ്യം ഉള്‍ച്ചേര്‍ന്ന മാപ്പിള കാവ്യ ശാഖയെ പ്രബോധന ലക്ഷ്യങ്ങള്‍ക്കുപയുക്തമാക്കാമെന്നതിന് അദ്ദേഹമൊരു മാതൃക സൃഷ്ടിക്കുകയായിരുന്നു.
യു.കെയുടെ ഗാനങ്ങള്‍ക്ക് അദ്ദേഹം തീരുമാനിച്ച ശ്രുതിതന്നെ നല്‍കണമെന്ന ഒരഭിപ്രായം അലിഖിതമായി നിലനില്‍ക്കുന്നുണ്ട്. സംഗീതം, ഈണം എന്നീ രണ്ടാം സൃഷ്ടി എപ്രകാരമാകണമെന്ന് രചയിതാവിന് നിര്‍ദേശിക്കാമെങ്കിലും അത് പൊതുസമൂഹത്തിന് വിട്ടുകൊടുക്കുന്നതാണ് നല്ലത്. ഏതു രചനയും പൂര്‍ത്തിയായി കഴിഞ്ഞാല്‍ അത് പൊതുസമൂഹത്തിന്റേതായി മാറുന്നു. ഈ സ്വാതന്ത്ര്യം അബൂ സഹ്‌ലയുടെ കാവ്യങ്ങള്‍ക്ക് അനുവദിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ ഉയരങ്ങള്‍ കയറാന്‍ അവക്ക് കഴിയുമായിരുന്നു.
ഇതോടൊപ്പം മറ്റു മാപ്പിള കവികളെക്കുറിച്ചുള്ള ലേഖകന്റെ ചില പരാമര്‍ശങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തട്ടെ. അശ്ലീലവും ആഭാസകരവുമായ വരികള്‍ മാപ്പിളപ്പാട്ടുകളിലുണ്ടെന്നത് ശരിതന്നെ. പക്ഷേ, ലേഖനത്തില്‍ ഉദ്ധരിക്കപ്പെട്ട പാട്ടുകളിലും മറ്റും ലേഖകന്‍ ആരോപിക്കുന്ന പോലെ അത്ര കാഠിന്യമുണ്ടെന്ന് പറയാന്‍ വയ്യ. വൈദ്യര്‍ മുതല്‍ എസ്.എ ജമീല്‍ വരെയുള്ള മാപ്പിളക്കവികളുടെ 'അശ്ലീല പ്രയോഗങ്ങള്‍' എന്ന് നാം ആരോപിക്കുന്നത് കാല്‍പനികതയിലും സ്ത്രീ വര്‍ണനകളിലും ഒപ്പന-കത്തുപാട്ടുകളിലും അടങ്ങിയിരിക്കുന്ന ലഘുവായ പദപ്രയോഗങ്ങളെയാണ്. എസ്.എ ജമീലിന്റെ 'അങ്കം വെട്ടുന്ന തങ്കമേനികള്‍...', പുലിക്കോട്ടിലിന്റെ 'എന്നെ നിങ്ങളൊയ്യെ തൊട്ടിട്ടില്ല മറ്റൊരാണ്', 'ഇപ്പോഴും ഭുജിക്കാന്‍ കണ്ട് നുണഞ്ഞ്' എന്നീ വരികളും ദുബായിക്കത്തുകളും സഭ്യതയുടെ വരമ്പുകള്‍ തകര്‍ക്കുന്നതായി ആരോപിക്കുന്നത് ശരിയല്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം