പൗരത്വ ഭേദഗതി നിയമത്തെ തള്ളിക്കളഞ്ഞ സമ്മേളനം
ബി.ജെ.പി ഭരണകൂടത്തിന്റെ പൗരത്വ നിഷേധ നടപടികള്‍ക്കെതിരായ പ്രക്ഷോഭം അനുദിനം ശക്തിയാര്‍ജിച്ചുവരികയാണ്. ലോകത്തിന്റെ വിവിധ കോണുകളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉജ്ജ്വലമായ സമരാവിഷ്‌കാരങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. കേന്ദ്ര സര്‍വകലാശാലകള്‍ മുതല്‍ നാട്ടിന്‍പുറങ്ങള്‍ വരെ മുദ്രാവാക്യശരങ്ങളാല്‍ മുഖരിതമാണ്. പൗരത്വനിയമ ഭേദഗതിക്കെതിരായ പോരാട്ടങ്ങളില്‍ കേരള ജമാഅത്തെ ഇസ്‌ലാമി വിവിധ സമരപരിപാടികളാണ് സംഘടിപ്പിച്ചുവരുന്നത്.
സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന ബഹുജന റാലിയും പ്രതിഷേധ സമ്മേളനവും ഇതിലെ രാഷ്ട്രീയമായ ചുവടുവെപ്പായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം പതിനായിരങ്ങള്‍ ബഹുജന റാലിയില്‍ പങ്കുകൊണ്ടു. ഭരണകൂട നിലപാടുകള്‍ക്കെതിരായ ശക്തമായ ജനരോഷമുയര്‍ന്ന റാലി ജമാഅത്തെ ഇസ്‌ലാമി ദേശീയ സെക്രട്ടറി ജനറല്‍ ടി. ആരിഫലി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുന്നതിനുള്ള സമരമാണിതെന്ന് ആരിഫലി പറഞ്ഞു. ഇന്ത്യ എന്ന ആശയം സംരക്ഷിക്കാനുള്ള സമരമാണിത്. വെറുപ്പിനെ പ്രതിരോധിക്കാനുള്ള സമരമാണ്. വിഭജന അജണ്ടയെ, വിവേചന അജണ്ടകളെ പ്രതിരോധിക്കാനുള്ള സമരമാണ്. അസമിലെ എന്‍.ആര്‍.സി പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കെടുത്ത ആളാണ് ഞാന്‍. ഏതാണ്ട് 250 വളന്റിയര്‍മാരെ നാലു മാസം ശമ്പളം കൊടുത്ത് നിശ്ചയിച്ച് ദരിദ്ര പിന്നാക്ക മേഖലകളില്‍, അസമിന്റെ ഗ്രാമ പ്രദേശങ്ങളില്‍ അവിടെയുള്ളവരെ പൗരത്വ രേഖകള്‍ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം നല്‍കിയ വ്യക്തിയെന്ന നിലയില്‍ അതിന്റെ പേരില്‍ അവിടത്തെ ജനത അനുഭവിച്ച കഷ്ടപ്പാട് എന്താണെന്ന് എനിക്ക് നന്നായറിയാം. അതുകൊണ്ടാണ് പറയുന്നത്, ഇത് അനുവദിക്കരുത്. പൗരത്വ ഭേദഗതി നിയമമെന്നല്ല പൗരത്വ വിവേചന നിയമമെന്ന് ഇതിന് പേര് നല്‍കണം. പുറത്തുനിന്നു വരുന്നവര്‍ക്ക് പൗരത്വം നല്‍കുമ്പോള്‍ മതമേത്, ജാതിയേത് എന്ന് ചോദിക്കുന്ന പുതിയ ഒരു സമ്പ്രദായം തുടങ്ങുകയാണ്. അതുകൊണ്ടാണ് ഇത് ഇന്ത്യ എന്ന ആശയത്തിനും ഭരണഘടനക്കും എതിരാണെന്ന് പറയുന്നത്.
ഭരണഘടന ഉയര്‍ത്തിപ്പിടിച്ച ചില മൂല്യങ്ങളുണ്ടായിരുന്നു. അതില്‍ സോഷ്യലിസം എന്ന ആശയം ഇപ്പോള്‍ കബറടക്കം ചെയ്യപ്പെട്ടിരിക്കുകയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലെ അകലം ഈ ഭരണകാലത്ത് വളരെ വളരെ വര്‍ധിച്ചിരിക്കുന്നു. അതിനെ സംബന്ധിച്ച് ആരും പറയുന്നില്ല. പിന്നെ മതനിരപേക്ഷത, അത് വെന്റിലേറ്ററിലാണ്. അതിനെ ആരെങ്കിലും രക്ഷിച്ചിട്ടുവേണം. റിലീജ്യസ് പ്ലൂരലിസം എന്ന് പറയുന്ന, കള്‍ചറല്‍ പ്ലൂരലിസം എന്ന് പറയുന്ന നമ്മുടെ സെക്യുലരിസത്തെ സംരക്ഷിക്കുന്നതിന് കഠിന പരിശ്രമം ആവശ്യമായിട്ടുണ്ട്.
മറ്റൊന്നുള്ളത് ജനാധിപത്യമാണ്. അത് ഐ.സി.യുവിലാണ്. അതിനാല്‍ ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കുന്ന എന്‍.ആര്‍.സിക്കെതിരായ സമരം ഇന്ത്യന്‍ ഭരണഘടനക്കു വേണ്ടിയുള്ള സമരമാണ്. ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ഥികളാണ് ഈ സമരത്തിന്റെ ദിശ നിര്‍ണയിച്ചത്. വിദ്യാര്‍ഥികള്‍ മുന്നില്‍ നിന്ന് നയിച്ച സമരമാണിത്. പോലീസുകാരാണ് ഈ സമരത്തെ സംഘര്‍ഷത്തിലേക്ക് ഗതിമാറ്റാന്‍ ശ്രമിക്കുന്നത്. ഈ സമരത്തില്‍ മൂപ്പിളമ തര്‍ക്കത്തിന് പ്രസക്തിയില്ല. എല്ലാവിധ സമരങ്ങളും നടക്കെട്ട. ഇത് സി.എ.എ-എന്‍.ആര്‍.സി നിയമത്തെ കെട്ടുകെട്ടിക്കുന്നതു വരെ തുടരുന്ന സമരമാണ്. എല്ലാവര്‍ക്കും അവരവരുടെ ആചാരങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ സാധിക്കുന്ന ഇന്ത്യയെ സൃഷ്ടിക്കുന്നതു വരെ ഇത് തുടരുമെന്നും ടി. ആരിഫലി പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ഈ നിയമം കേവലം മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന വിഷയമല്ല. രാജ്യത്തിന്റെ സ്വാതന്ത്ര്യം ഏറെ വിലകൊടുത്ത് വാങ്ങിയതാണ്. അത് നഷ്ടപ്പെടുത്താന്‍ ഈ രാജ്യത്തെ ജനത അനുവദിക്കില്ലെന്നും അമീര്‍ പറഞ്ഞു. ഇത് ഈ രാജ്യത്തിന്റെ പ്രശ്‌നമാണ്. ഈ രാജ്യം ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ വിനഷ്ടമാകുന്നതിന്റെ പ്രശ്‌നമാണ്. ഗുജറാത്ത് വംശഹത്യാ കാലത്തെ കുത്ബുദ്ദീന്‍ അന്‍സാരിയുടെ കൂപ്പിയ കൈയല്ല, പോലീസുകാരനു നേരെ ഉയര്‍ത്തിയ ആഇശ റെന്നയുടെ ചൂണ്ടുവിരലാണ് ഈ സമരത്തിന്റെ പ്രതീകം എന്നത് ഓര്‍ക്കേണ്ടതാണ്. ഭരണകൂടത്തിന് വീണ്ടുവിചാരത്തിന് സമയമായിരിക്കുന്നുവെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
സമ്മേളനത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ന്യായമായ ഒരു ലക്ഷ്യത്തിന് വേണ്ടി ഇന്ത്യയില്‍ നടക്കുന്ന ഈ പ്രക്ഷോഭം പാര്‍ട്ടികളുടെ ഒന്നും അതിര്‍വരമ്പുകളില്‍ നില്‍ക്കുന്നതല്ല. കുടുതല്‍ കാമ്പസുകളിലേക്ക് പ്രക്ഷോഭം പടരുകയാണ്. ഇനിയും ഈ നിയമത്തിനെതിരെ ജനം ഇറങ്ങിക്കൊണ്ടിരിക്കും. നമ്മുടെ മാതൃരാജ്യത്തെയാണ് ഈ നിയമം ദ്രോഹിക്കുന്നത്. പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അയല്‍ രാജ്യങ്ങളേക്കാള്‍ നമ്മുടെ സാമ്പത്തിക രംഗം താഴേക്ക് പതിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യം അഭിമുഖീകരിക്കുന്ന പട്ടിണിയും തൊഴിലില്ലായ്മയും പൗരത്വ ഭേദഗതി നിയമം വഴി മൂടിവെക്കാമെന്നാണ് ഭരണകൂടം കരുതുന്നത്. ബി.ജെ.പി ഈ നിയമം നടപ്പിലാക്കിക്കളയാമെന്ന് വിചാരിച്ചിരുന്നു. അമിത്ഷായുടെ ബോഡി ലാംഗ്വേജ് അത് വെളിവാക്കുന്നതായിരുന്നു. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി രംഗത്തിറങ്ങിക്കൊണ്ടിരിക്കുന്നത് ഭൂരിപക്ഷ സമൂഹത്തിലെ ആളുകളാണ്. കാമ്പസുകള്‍ ഇളകിമറിയുകയാണ്. അതിനാല്‍ ഉറപ്പിച്ചുപറയുന്നു, ഈ സമരം നാള്‍ക്കുനാള്‍ ശക്തിപ്പെടും. ആര്‍ക്കും അവഗണിക്കാനാവില്ല. നമുക്ക് ഒരുമിച്ചു നിന്ന് ഈ അനീതിക്കെതിരെ പോരാടാമെന്നും പി.കെ കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
സമ്മേളനത്തില്‍ സംഘ് പരിവാര്‍ ഭരണകൂടത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഐ.എ.എസ് പദവി രാജിവെച്ച ശശികാന്ത് സെന്തില്‍ മുഖ്യാതിഥിയായി സംസാരിച്ചു. ഞാന്‍ ഐ.എ.എസ് രാജിവെച്ചു. പക്ഷേ ഞാന്‍ എന്റെ ജോലിയിലേക്ക് കടന്നിരിക്കുകയാണ്. നിങ്ങളോരോരുത്തരെയും പോലെ ഞാനും ഇന്ത്യയെ കുറിച്ച് സ്വപ്‌നങ്ങള്‍ കണ്ടിരുന്നു. നല്ല ശമ്പളം വാങ്ങിയ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായിരുന്നു ഞാന്‍. ഇന്ത്യ എന്ന ആശയമാണ് പൊതുജന സേവന രംഗത്തേക്ക് എന്നെ എത്തിച്ചത്. പക്ഷേ ഈ ഭരണകൂടത്തിനു കീഴില്‍ നിന്ന് അത് സാധ്യമല്ലെന്ന് കണ്ടാണ് ഇറങ്ങിപ്പോന്നത്.
എല്ലാവരുടെയും ജീവിതത്തിന് ഒരു കടലാസു കഷ്ണത്തിന്റെ വിലയിട്ടിരിക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍. എന്താണ് പൗരത്വം എന്ന് നമ്മളില്‍ പലരും ആലോചിച്ച കാര്യമായിരുന്നില്ല. ഇന്ത്യക്കാരനാണെന്ന് തെളിയിക്കൂ എന്ന് നമ്മളോട് ഇതുവരെ ആരും ആവശ്യപ്പെട്ടിരുന്നില്ല. ഇപ്പോഴത് സംഭവിച്ചിരിക്കുന്നു.
ഇപ്പോഴവര്‍ നമ്മുടെ പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെടുന്നു. അത് അവരുടെ കുഴപ്പമല്ല. നോട്ടു നിരോധിച്ചപ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍ നമ്മള്‍ തയാറായില്ല. നമ്മള്‍ വീട്ടിലിരുന്നു. ക്യൂവില്‍ മാന്യമായി നിരന്നു നിന്നു. ഇപ്പോള്‍ ഈ അവസ്ഥയില്‍ നമ്മള്‍ ഒരുമിച്ചുകൂടേണ്ടിവന്നത് അക്കാരണത്താലാണ്.
ഗുജറാത്ത് മോഡല്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന ഭരണാധികാരികള്‍ക്ക് ഈ രാജ്യത്തെ ജനങ്ങളെ അറിയില്ല. അവര്‍ വിചാരിക്കുന്നത് ഓരോന്ന് നടപ്പിലാക്കുമ്പോഴും അത് ജനം സ്വീകരിച്ചുവെന്നാണ്. അതിനാല്‍ എന്‍.ആര്‍.സിയും സ്വീകരിക്കും എന്ന് കരുതി. എന്നാല്‍ ഇത് അവസാനത്തേതാണ്. ഇവിടെ അവര്‍ പരാജയപ്പെടുമെന്ന് ഉറപ്പുണ്ട്. വിദ്യാര്‍ഥികള്‍ തെരുവിലുണ്ട്. അവരാണ് നമുക്ക് എന്നും വഴികാട്ടികളായത്. അത് തന്നെ ഈ ചരിത്ര ഘട്ടത്തിലും സംഭവിച്ചിരിക്കുകയാണ്. 20-ല്‍പരം യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ റോട്ടിലുണ്ട്. അതിനാല്‍ ഈ സമരം തുടരും. ഇന്ത്യ എന്താണ് എന്ന് ഈ സമരം തെളിയിക്കും.
ഈ യുദ്ധം അവര്‍ക്ക് ജയിക്കാനാവില്ല. എനിക്ക് പൗരത്വം തെളിയിക്കാനുള്ള രേഖകളുണ്ട്. എന്നാല്‍ അത് ആര്‍ക്കു മുന്നിലും ഞാന്‍ പ്രദര്‍ശിപ്പിക്കില്ല. ഇവിടെയുള്ള പൗരത്വം തെളിയിക്കാന്‍ സാധിക്കാത്തവനൊപ്പം ഞാന്‍ നിലകൊള്ളുമെന്നും ശശികാന്ത് സെന്തില്‍ പറഞ്ഞു.
നമുക്ക് മികച്ച ഒരു ഭരണഘടനയുണ്ട്. അതിനെ മറികടക്കാന്‍ ഭരണകൂടം ശ്രമിക്കരുതെന്ന് മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. ഭരണഘടനയുടെ പേരില്‍ അധികാരം ഏറ്റവര്‍ ഫാഷിസം നടപ്പിലാക്കുന്നതിന്റെ ഭവിഷ്യത്താണ് നമ്മള്‍ ഇന്ന് അനുഭവിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും രംഗത്തിറക്കരുത് എന്ന് ഈ ഘട്ടത്തിലും പ്രസ്താവന ഇറക്കുന്നവര്‍ പുനരാലോചന നടത്തേണ്ടതുണ്ട്. അസ്തിത്വവും വ്യക്തിത്വവും പൗരത്വവും ചോദ്യം ചെയ്യപ്പെടുമ്പോള്‍ സ്ത്രീകളും കുട്ടികളും വീട്ടിലടങ്ങിയിരിക്കില്ല. അതാണ് അവര്‍ തെരുവുകളില്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. അതിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ല.
ഇവിടെ ജനിച്ചുവളര്‍ന്ന ജനവിഭാഗങ്ങള്‍ക്ക് പൗരത്വം നിഷേധിക്കാനുള്ള നീക്കം നടക്കാന്‍ പോകുന്നതല്ല. ഈ രാജ്യത്തെ ജനത അതിന് അനുവദിക്കില്ല. ഓരോരോ നടപടികളെടുക്കുേമ്പാഴും നമ്മള്‍ മിണ്ടാതിരിക്കുകയായിരുന്നു. മുത്ത്വലാഖ്, കശ്മീര്‍ വിഷയങ്ങളില്‍ ആര്‍ക്കും ഒരു പ്രശ്‌നവുമുണ്ടായില്ല. ആദ്യ ടെസ്റ്റ് ഡോസ് വിജയിച്ചുവെന്ന് കണ്ടാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നതെന്നും ഒ. അബ്ദുര്‍റഹ്മാന്‍ പറഞ്ഞു. കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, വി.എച്ച് അലിയാര്‍ ഖാസിമി, ഡോ. പി.കെ പോക്കര്‍, എന്‍.പി ചെക്കുട്ടി, പി.കെ പാറക്കടവ്, പി. മുജീബുര്‍റഹ്മാന്‍, വി.ടി അബ്ദുല്ലക്കോയ തങ്ങള്‍, ഹമീദ് വാണിയമ്പലം, ഡോ. അബ്ദുല്‍ മജീദ് സ്വലാഹി, ഡോ. ജാബിര്‍ അമാനി, ശിഹാബ് പൂക്കോട്ടൂര്‍, പി. റുക്‌സാന, നഹാസ് മാള, സ്വാലിഹ് കോട്ടപ്പള്ളി, അഫീദ അഹ്മദ്, സലീം മമ്പാട് എന്നിവര്‍ സംസാരിച്ചു.
Comments