വിജ്ഞാനവും സമ്പൂര്‍ണതയും
വിജ്ഞാന സമ്പാദനത്തില്‍ മനുഷ്യരുടെ കഴിവ് ആപേക്ഷികമാണ്. എല്ലാ വിഷയങ്ങളിലും അവഗാഹം നേടിയ ഒരാളെയും ഈ ലോകത്ത് കണ്ടെത്തുക സാധ്യമല്ല. ഇനി ഒരാള്‍ തനിക്കുണ്ട് എന്ന് സ്വയം അവകാശപ്പെടുകയോ മറ്റുള്ളവര്‍ അംഗീകരിച്ചുകൊടുക്കുകയോ ചെയ്തിട്ടുള്ള വിജ്ഞാനത്തില്‍ പോലും അയാള്‍ സമ്പൂര്‍ണനല്ല. അതിനാല്‍ തന്റെ വിജ്ഞാനത്തെ ചൊല്ലി അഹങ്കരിക്കാന്‍ ഇവിടെ ആര്‍ക്കും അവകാശമില്ല. അല്ലാഹു പറയുന്നു: ''അറിവുള്ളവരുടെയെല്ലാം മീതെ എല്ലാം അറിയുന്നവനുണ്ട്'' (യൂസുഫ്: 76).
മനുഷ്യരില്‍ ഏറ്റവും കൂടുതല്‍ വിജ്ഞാനം നല്‍കപ്പെട്ടവരാണ് പ്രവാചകന്മാര്‍. വിജ്ഞാനത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് വന്നിട്ടുള്ള അബദ്ധങ്ങള്‍ അല്ലാഹു തിരുത്തിയിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍. ദൈവശിക്ഷയാകുന്ന പ്രളയം വരാനിരിക്കെ സത്യനിഷേധത്തില്‍ ഉറച്ചുനില്‍ക്കുന്നവരുടെ കാര്യത്തില്‍ തന്നോട് സംസാരിക്കരുത് എന്ന് അല്ലാഹു നൂഹ് നബി(അ)യെ വിലക്കിയതായിരുന്നു. ''അക്രമം ചെയ്തവരുടെ കാര്യത്തില്‍ നീ എന്നോട് സംസാരിക്കരുത്. തീര്‍ച്ചയായും അവര്‍ മുക്കി നശിപ്പിക്കപ്പെടാന്‍ പോവുകയാണ്'' (ഹൂദ്: 37). ഇങ്ങനെ മുന്നറിയിപ്പു നല്‍കിയിട്ടും നൂഹ് നബി(അ) അല്ലാഹുവോട് തന്റെ മകന്റെ പരലോക രക്ഷക്കുവേണ്ടി ശിപാര്‍ശ ചെയ്യുകയുണ്ടായി. അപ്പോള്‍ അല്ലാഹുവിന്റെ കല്‍പന ഇപ്രകാരമായിരുന്നു: ''നൂഹേ, തീര്‍ച്ചയായും അവന്‍ നിന്റെ കുടുംബത്തില്‍പെട്ടവനല്ല. തീര്‍ച്ചയായും അവന്‍ ശരിയല്ലാത്തത് ചെയ്തവനാണ്. അതിനാല്‍ നിനക്ക് അറിവില്ലാത്ത കാര്യം എന്നോട് ചോദിച്ചു പോകരുത്. നീ അറിവില്ലാത്തവരുടെ കൂട്ടത്തിലായിപ്പോകരുതെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുകയാണ്'' (ഹൂദ്: 46). മലക്കുകള്‍ക്ക് ഭക്ഷിക്കാന്‍ പാകം ചെയ്ത മാംസം കൊണ്ടുവന്ന് കൊടുത്ത ഇബ്‌റാഹീം നബി(അ)യെ തിരുത്തിയത് അവര്‍ തന്നെയായിരുന്നു. മലക്കുകള്‍ ഭക്ഷിക്കുകയില്ലല്ലോ. അതിപ്രകാരമാണ്: ''എന്നിട്ട് അവരുടെ കൈകള്‍ അതിലേക്ക് (ഭക്ഷണത്തളികയിലേക്ക്) നീളുന്നില്ലെന്നു കണ്ടപ്പോള്‍ അദ്ദേഹത്തിന് അവരുടെ കാര്യത്തില്‍ പന്തികേട് തോന്നി. അവരെപ്പറ്റി ഭയം അനുഭവപ്പെടുകയും ചെയ്തു. അവര്‍ പറഞ്ഞു: ഭയപ്പെടേണ്ട. ഞങ്ങള്‍ ലൂത്വിന്റെ ജനതയിലേക്ക് അയക്കപ്പെട്ടിരിക്കുകയാണ്'' (ഹൂദ്: 70).
മൂസാ നബി(അ)യെയും അല്ലാഹു തിരുത്തിയിട്ടുണ്ട്. നബി(സ) അരുളി: ''മൂസാ നബി(അ) ബനൂഇസ്രാഈല്യരുടെ മുമ്പില്‍ പ്രസംഗിക്കാനായി എഴുന്നേറ്റു. അപ്പോള്‍ അദ്ദേഹത്തോട് ഒരാള്‍ ചോദിച്ചു: ജനങ്ങളില്‍ വെച്ച് ഏറ്റവും അറിവുള്ളവന്‍ ആരാണ്? അദ്ദേഹം പറഞ്ഞു: ഞാന്‍ തന്നെ. അതിന്റെ പേരില്‍ അല്ലാഹു അദ്ദേഹത്തെ വിമര്‍ശിക്കുകയും 'മജ്മഉല്‍ ബഹ്‌റൈനി' എന്ന സ്ഥലത്ത് താങ്കളേക്കാള്‍ അറിവുള്ള ഒരടിമയുണ്ടെന്ന് അദ്ദേഹത്തിന് വഹ്‌യ് നല്‍കുകയും ചെയ്തു'' (ബുഖാരി) അങ്ങനെയാണ് മൂസാ നബി(അ) ഖളിറിന്റെ ശിഷ്യത്വം സ്വീകരിച്ചത്. മുഹമ്മദ് നബി(സ)യെയും അല്ലാഹു തിരുത്തിയിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു ഉബയ്യ് (കപടന്മാരുടെ നേതാവ്) മരണപ്പെട്ടപ്പോള്‍ നബി(സ) തന്റെ കുപ്പായം അദ്ദേഹത്തിന് നല്‍കുകയുണ്ടായി (ജനാസ പൊതിയാന്‍). പിന്നീട് അദ്ദേഹത്തിനു വേണ്ടി ജനാസ നമസ്‌കരിക്കാന്‍ നിന്നു. അപ്പോള്‍ ഉമര്‍(റ) അദ്ദേഹത്തിന്റെ വസ്ത്രം പിടിച്ചുകൊണ്ട് ഇപ്രകാരം ചോദിച്ചു: 'അദ്ദേഹം കപടവിശ്വാസിയായിരിക്കെ അദ്ദേഹത്തിന്റെ മേല്‍ നമസ്‌കരിക്കുകയോ?' അങ്ങനെ നബി(സ) അദ്ദേഹത്തിന്റെ മേല്‍ നമസ്‌കരിച്ചു. ഞങ്ങളും (സ്വഹാബികള്‍) നമസ്‌കരിക്കുകയുണ്ടായി. അനന്തരം അല്ലാഹു അവതരിപ്പിച്ചു: 'അവരുടെ കൂട്ടത്തില്‍നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും താങ്കള്‍ ഒരിക്കലും നമസ്‌കരിക്കരുത്...' (ബുഖാരി). സ്വഹാബികളെയും അല്ലാഹു തിരുത്തിയിട്ടുണ്ട്. തന്റെ മകള്‍ ആഇശ(റ)ക്കെതിരെ അപവാദ പ്രചാരണം നടത്തിയപ്പോഴും തന്റെ ബന്ധുകൂടിയായ മിസ്ത്വഹിനെതിരെ അബൂബക്ര്‍ (റ) ഇപ്രകാരം ശപഥം ചെയ്യുകയുണ്ടായി: 'ഞാന്‍ ഒരിക്കലും മിസ്ത്വഹിന് ഒരു സഹായവും ചെയ്യുന്നതല്ല. അവന്‍ എന്റെ മകളുടെ പേരില്‍ അപവാദം പ്രചരിപ്പിച്ചിരിക്കുന്നു.' ഈ ശപഥം ശരിയല്ലെന്നു തിരുത്തി അല്ലാഹു: ''നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബ ബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഹിജ്‌റ വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പു നല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ'' (അന്നൂര്‍: 22).
ഉമറി(റ)ന്റെ അറിവില്ലായ്മ തിരുത്തിയത് വിശുദ്ധ ഖുര്‍ആന്‍ ഉദ്ധരിച്ചുകൊണ്ട് അബൂബക്ര്‍(റ) ആയിരുന്നു. നബി(സ) മരണപ്പെട്ടു എന്നു കേട്ടപ്പോള്‍ അത് വിശ്വസിക്കാന്‍ ഉമര്‍(റ) തയാറായില്ല. ഉമര്‍(റ) പറഞ്ഞത് ഇങ്ങനെ: ''നബി(സ) മരണപ്പെട്ടു എന്ന് ചില കപടവിശ്വാസികള്‍ ജല്‍പിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ ദൂതന്‍ മരിച്ചിട്ടില്ല. അദ്ദേഹം മടങ്ങി വരിക തന്നെ ചെയ്യും. തീര്‍ച്ചയായും നബി(സ) മരണപ്പെട്ടു എന്ന് ജല്‍പിക്കുന്നവരുടെ കൈകാലുകള്‍ നാം മുറിച്ചു കളയുക തന്നെ ചെയ്യും'' (ഇബ്‌നു ഹിശാം: 2/655). നബി(സ) മരണപ്പെടും എന്ന ആലുഇംറാനിലെ 144-ാം വചനം ഉമറി(റ)ന് ഓതിക്കേള്‍പ്പിച്ചുകൊണ്ടാണ് അബൂബക്ര്‍(റ) അദ്ദേഹത്തെ തിരുത്തിയത് (മുഖ്തസ്വര്‍ ഇബ്‌നി കസീര്‍: 1/322).
വിജ്ഞാന വിഷയത്തില്‍ സ്വഹാബികള്‍ ഒട്ടും അഹങ്കാരികളായിരുന്നില്ല. തനിക്ക് അറിയാത്ത കാര്യങ്ങള്‍ അറിയുമെന്ന് ഒരു സ്വഹാബിയും അവകാശപ്പെട്ടിരുന്നില്ല. നബി(സ) ജീവിച്ചിരിക്കുന്ന കാലത്ത് ഊഴം വെച്ചായിരുന്നു അവര്‍ മതനിയമങ്ങള്‍ പഠിച്ചിരുന്നത്. അഥവാ ഒരാള്‍ തൊഴിലെടുക്കാന്‍ പോകുമ്പോള്‍ ദീന്‍ പഠിക്കാന്‍ തന്റെ കൂട്ടുകാരനെ നബിയുടെ കൂടെ നിര്‍ത്തും. എന്നിട്ട് നബിയില്‍നിന്ന് അയാള്‍ കേട്ടത് പഠിച്ചെടുക്കും. അടുത്ത തവണ നബിയുടെ കൂടെയിരിക്കാനുള്ള ഊഴം മറ്റേയാള്‍ക്കായിരിക്കും. ഇവരൊക്കെയും അറിയാത്ത കാര്യങ്ങള്‍ അറിയുകയില്ല എന്ന് തുറന്നു പറയും. ചില സംഭവങ്ങള്‍. സഅ്ദ് (റ) പറയുന്നു: നബി (സ)യുടെ 'വിത്‌റ്' നമസ്‌കാരം എങ്ങനെയായിരുന്നു എന്ന് പഠിക്കാന്‍ ഞാന്‍ ഇബ്‌നു അബ്ബാസി(റ)ന്റെ അടുക്കല്‍ ചെന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഈ ഭൂമിയില്‍ (നബിയുടെ) വിത്‌റ് നമസ്‌കാരത്തെക്കുറിച്ച് ഏറ്റവും അറിവുള്ളയാള്‍ ആരാണെന്ന് ഞാന്‍ പറയട്ടെ?' ഞാന്‍ ചോദിച്ചു: 'ആരാണത്?' അദ്ദേഹം പറഞ്ഞു: 'ആഇശ(റ) ആണത്. അവരോട് ചോദിച്ചു പഠിക്കുക' (മുസ്‌ലിം: 746). ഈ വിഷയകമായി വന്ന മറ്റൊരു ഹദീസ് ഇപ്രകാരം: ഇംറാന്‍ (റ) പ്രസ്താവിച്ചു. ഞാന്‍ ആഇശ(റ)യോട് പട്ടുവസ്ത്രം ധരിക്കുന്നതിനെ സംബന്ധിച്ച് ചോദിക്കുകയുണ്ടായി. അവര്‍ പറഞ്ഞു: 'താങ്കള്‍ ഇബ്‌നു അബ്ബാസി(റ)ന്റെ അടുക്കല്‍ ചെന്ന് ചോദിക്കുക.' അങ്ങനെ ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞു: 'താങ്കള്‍ ഇബ്‌നു ഉമറി(റ)നോട് ചോദിക്കുക.' അങ്ങനെ ഞാന്‍ ചോദിച്ചപ്പോള്‍ ഇബ്‌നു ഉമര്‍(റ) ഇപ്രകാരം പറഞ്ഞു: 'നബി (സ) ഇപ്രകാരം പറഞ്ഞതായി അബുഹഫ്‌സ്വ അഥവാ ഉമര്‍ (റ) എന്നോട് പറയുകയുണ്ടായി; 'പരലോകത്ത് യാതൊരു വിഹിതവും ലഭിക്കാത്തവര്‍ (പുരുഷന്മാര്‍) മാത്രമേ ദുന്‍യാവില്‍ പട്ടുവസ്ത്രം ധരിക്കൂ' (ബുഖാരി: 5835 മുസ്‌ലിം: 2068).
മനുഷ്യന് അല്ലാഹു കുറഞ്ഞ വിജ്ഞാനമേ നല്‍കിയിട്ടുള്ളൂ. അല്ലാഹു അരുളി: ''അറിവില്‍നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല.'' (അല്‍ഇസ്രാഅ്: 85). അതുകൊണ്ടുതന്നെ ഒന്നു രണ്ട് നഹ്‌വിന്റെ ഗ്രന്ഥങ്ങളും ഏതാനും ഫിഖ്ഹ് ഗ്രന്ഥങ്ങളും ജലാലൈനി തഫ്‌സീറും വായിച്ചു പഠിച്ചവരൊക്കെ ബഹ്‌റുല്‍ ഉലമയും സുല്‍ത്ത്വാനുല്‍ ഉലമയുമൊക്കെ ആണെങ്കില്‍ നബി(സ)യില്‍നിന്ന് നമ്മേക്കാള്‍ എത്രയോ പതിന്മടങ്ങ് വിജ്ഞാനം നേടിയ സ്വഹാബികളെ നാം എന്താണ് വിളിക്കുക? ഇങ്ങനെ അമിതമായി പുകഴ്ത്തുന്നവരുടെ വായിലേക്ക് മണ്ണുവാരിയിടാനാണ് പ്രവാചകകല്‍പന. നബി(സ) അരുളുകയുണ്ടായി: ''അമിതമായി പ്രശംസിക്കുന്നവരെ നിങ്ങള്‍ കണ്ടാല്‍ അവരുടെ വായിലേക്ക് നിങ്ങള്‍ മണ്ണുവാരിയിടുക'' (മുസ്‌ലിം). താന്‍ കറകളഞ്ഞ മുഅ്മിനാണെന്നോ മഹാപണ്ഡിതനാണെന്നോ സ്വര്‍ഗാവകാശിയാണെന്നോ ഒരാളും അവകാശപ്പെടാവതല്ല. ഈ വിഷയത്തില്‍ വന്ന ഒരു നബിവചനം ഇപ്രകാരമാണ്: ''താന്‍ ഈമാനുള്ളവനാണെന്ന് സ്വയം അവകാശപ്പെടുന്നവന്‍ കാഫിറായിരിക്കും. താന്‍ പണ്ഡിതനാണെന്ന് അവകാശപ്പെടുന്നവന്‍ അജ്ഞാനിയായിരിക്കും. താന്‍ സ്വര്‍ഗാവകാശിയാണെന്ന് സ്വയം അവകാശപ്പെടുന്നവന്‍ നരകാവകാശിയുമായിരിക്കും'' (അഹ്മദ്). വിജ്ഞാനം വര്‍ധിപ്പിച്ചുതരാന്‍ നാം അല്ലാഹുവോട് സദാ സമയവും പ്രാര്‍ഥിക്കേണ്ടതാണ്; 'എന്റെ രക്ഷിതാവേ, എനിക്ക് നീ വിജ്ഞാനം വര്‍ധിപ്പിച്ചുതരേണമേ എന്ന് താങ്കള്‍ പ്രാര്‍ഥിക്കുക' (ത്വാഹാ: 114).
Comments