Prabodhanm Weekly

Pages

Search

2020 ജനുവരി 03

3133

1441 ജമാദുല്‍ അവ്വല്‍ 07

ജന്മനാട്ടിലേക്ക്  തിരിച്ചു പോകാം എന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ

പാലേക്കോടന്‍ ആഇശ/സദ്‌റുദ്ദീന്‍ വാഴക്കാട്

വയസ്സ് തൊണ്ണൂറ്റിയഞ്ച് തികയുന്നു. ജനിച്ചത് ആന്തമാനിലെ ഫൊനിക്‌സ്‌ബെയില്‍, സ്വദേശം ഇന്നത്തെ പാലക്കാട് ജില്ലയിലെ കുമരംപുത്തൂര്‍, താമസം പോര്‍ട്‌ബ്ലെയറില്‍. സ്വന്തം രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരുടെയും ത്യാഗപൂര്‍വം ദുരിതക്കടല്‍ നീന്തി അതിജീവിച്ചവരുടെയും അവസാനത്തെ കണ്ണികളിലൊരാള്‍. നാട്ടില്‍ എവിടെയാണ്, ഏതാണ് കുടുംബം എന്ന് ചോദിച്ചാല്‍ ദീര്‍ഘനിശ്വാസത്തോടെ മറുപടി; കുമരംപുത്തൂര്‍ കുഞ്ഞുണ്ണിയുടെയും മണ്ണാര്‍ക്കാട് ബെല്ലഞ്ചേരി പാലത്തൊടീയില്‍ പാത്തുണ്ണിയുടെയും രണ്ട് മക്കളില്‍ മൂത്തവള്‍ ആയിഷ, അനിയത്തി പാത്തുമ്മ. നാടിന്റെ സ്വാതന്ത്ര്യവും ജനതയുടെ അഭിമാനവും തിരിച്ചുപിടിക്കാന്‍ വേണ്ടി, ആദര്‍ശ പ്രചോദിതരായി, നട്ടെല്ല് വളയ്ക്കാതെ, നെഞ്ചൂക്കോടെ പൊരുതിയ ഒരു തലമുറയുടെ പ്രതിനിധി.
മാതാപിതാക്കള്‍ പിറന്ന് വളര്‍ന്ന, അവരുടെ കുടുംബം വേരുകളാഴ്ത്തിയ മണ്ണ് ആയിഷമാര്‍ക്കും പാത്തുമ്മമാര്‍ക്കും, പിന്നെ ആയിരങ്ങള്‍ക്കും ബ്രിട്ടീഷുകാര്‍ നിഷേധിച്ചത്, 'ഞങ്ങളുടെ രാജ്യം വിട്ട് പോകണം' എന്ന് ആ വിദേശി കൊള്ളക്കാരോട് പറഞ്ഞതിന്റെ പേരിലായിരുന്നു. ഇന്ന് പക്ഷേ, അങ്ങനെ നാടുകടത്തപ്പെട്ട ധീരദേശാഭിമാനികളുടെ അനന്തരാവകാശികളാട്, സ്വന്തം രാജ്യവും വേരും പൗരത്വവും ഇതാണെന്ന് തെളിയിക്കാന്‍, അല്ലെങ്കില്‍ ഖബ്‌റിസ്ഥാനില്‍ പോകാന്‍ ആേക്രാശിക്കുന്നത് 'സ്വദേശി കുത്തകക്കാരാണ്' എന്നത് ചരിത്രത്തിന്റെ വിധിവൈപരീത്യമാണ്. 1920-21-ല്‍, സാമ്രാജ്യത്വ-ജന്മിത്വ ഹുങ്കിനെതിരെ തെരുവിലിറങ്ങി പൊരുതിയ സമര ധീരതക്ക് ഒരു നൂറ്റാണ്ട് തികയുമ്പോള്‍ വീണ്ടും തെരുവുകള്‍ പ്രക്ഷുബ്ധമാകുന്ന കാഴ്ച, ഫാഷിസത്തില്‍ നിന്നുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ്. നമ്മുടെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും നിലനില്‍പ്പിന് വേണ്ടിയാണ്.
നാട് കാണാനും കുടുംബ ബന്ധങ്ങള്‍ പുതുക്കാനും മറ്റുമായി ആന്തമാനില്‍ നിന്ന് കേരളത്തിലെത്തിയ ആയിഷാത്തയുമായി, കുറച്ചു മുമ്പ് കോഴിക്കോട്ട് വി.കെ നൂറുദ്ദീന്റെ പേരമകന്റെ ഫഌറ്റിലിരുന്ന് നടത്തിയ ഈ സംഭാഷണം പകര്‍ത്താന്‍ അനുയോജ്യമായ ചരിത്ര സന്ദര്‍ഭമാണിത്. മകന്‍ വി.കെ അബ്ദുല്‍ മജീദും അന്ന് അവരോടൊപ്പമുണ്ടായിരുന്നു. അവരുടെ ജ്വലിക്കുന്ന ഓര്‍മകളില്‍ നിന്ന്.

എങ്ങനെയാണ് നിങ്ങള്‍ ആന്തമാനിലെത്തുന്നത്? നാടുകടത്തലിന്റെ ഓര്‍മകള്‍ എന്തൊക്കെയാണ്?

ബ്രിട്ടീഷുകാര്‍ക്കെതിരായ സമരം, 1921-ല്‍ മലബാറില്‍ നടന്ന ശക്തമായ പോരാട്ടം. ബാപ്പയെ ആന്തമാനിലേക്ക് പിടിച്ചു കൊണ്ടുപോയത് അതിന്റെ പേരിലാണ്. മലബാറിലെ മറ്റു പല സ്ഥലങ്ങളിലെയും പോലെ, കുമരംപുത്തൂര്‍, മണ്ണാര്‍ക്കാട് ഭാഗത്തൊക്കെ ബ്രിട്ടീഷുകാര്‍ക്കെതിരെ വലിയ ലഹളകള്‍ നടന്നിട്ടുണ്ട്. നമ്മുടെ നാടിന് വേണ്ടിയായിരുന്നു ആ സമരം. എന്തൊക്കെ വേദനകള്‍ സഹിച്ചു, എത്രയോ പേര്‍ രക്തസാക്ഷികളായി. എല്ലാം നാടിനു വേണ്ടിയായിരുന്നു. പലയിടത്തു നിന്നായി ആയിരക്കണക്കിന് ആളുകളെ പിടിച്ചു കൊണ്ടുപോയി. കുറേ പേരെ ബെല്ലാരിയിലും മറ്റും ജയിലിലിട്ടു, പീഡിപ്പിച്ചു. ചരക്ക് കൊണ്ടു പോകുന്ന ട്രെയിനില്‍ കൂട്ടക്കൊല നടത്തി, വാഗണ്‍ ട്രാജഡി. കുറേ പേരെ ആന്തമാനിലേക്ക് നാടുകടത്തി. അവിടെയും ജയില്‍ തന്നെ. പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയില്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്തു കലാപമുണ്ടാക്കി എന്നതാണ് പോരാളികള്‍ ചെയ്ത തെറ്റ്. സെല്ലുലാര്‍ ജയിലില്‍ അന്ന് തടവില്‍ കിടന്നവരുടെ പേരുകള്‍ എഴുതി വെച്ചിട്ടുണ്ട്.
ആന്തമാനിലേക്ക് നാട് കടത്തുമ്പോള്‍ ബാപ്പ കല്യാണം കഴിച്ചിരുന്നു. അന്ന് നാട്ടില്‍  ബാപ്പാക്ക് എന്തായിരുന്നു ജോലിയെന്ന് ഓര്‍മയില്ല. കുറച്ച് കാലമേ ബാപ്പ ആന്തമാനിലെ ജയിലില്‍ കിടന്നുള്ളു. അതു കഴിഞ്ഞ് പുറത്ത് വിട്ടു, ആന്തമാനില്‍ തന്നെ ജീവിക്കണം. നാട്ടിലേക്ക് മടങ്ങാന്‍ പാടില്ല, നാട്ടില്‍ വന്ന് എല്ലാവരെയും കണ്ടു പോകാം, അത്ര തന്നെ.
കുറച്ച് പോലീസുകാരുടെ വലയത്തില്‍ ബാപ്പ നാട്ടില്‍ വന്നു. മറ്റു ചിലരും അതുപോലെ വന്നിട്ടുണ്ടാകണം. തിരികെ പോകുമ്പോള്‍ ഉമ്മയെയും ആന്തമാനിലേക്ക് കൂട്ടി. മക്കളില്ലാത്തതിനാല്‍ ജ്യേഷ്ഠത്തിയുടെ മകനെയും കൂടെ കൊണ്ടുപോയി. ദാരിദ്ര്യവും പട്ടിണിയും സഹിക്കവയ്യാതെ പലരെയും ബാപ്പയുടെ കൂടെ ഇവിടെ നിന്ന് കുടുംബക്കാര്‍ കയറ്റി വിട്ടിട്ടുണ്ട് അന്ന്. അത്രക്ക് കഷ്ടപ്പാടായിരുന്നു സമരം കഴിഞ്ഞപ്പോള്‍ മലബാറില്‍ ഉണ്ടായിരുന്നത്. തിന്നാനൊന്നുമില്ലാത്ത കൊടുംപട്ടിണി. ആണുങ്ങള്‍ കുറേ കൊല്ലപ്പെട്ടു, പിന്നെ കുറേ പേര്‍ ജയിലില്‍. സമ്പാദിച്ചു കൊണ്ട്‌കൊടുക്കാന്‍ ആരുമില്ലാതെ പെണ്ണുങ്ങള്‍ കഷ്ടപ്പെട്ടു. ബാപ്പ കൊണ്ടു പോയവര്‍ക്കെല്ലാം ബാപ്പയുടെ ഇനീഷ്യല്‍ തന്നെയാണ് കൊടുത്തത്. ജ്യേഷ്ഠത്തിയുടെ മകന്‍ സി. കുഞ്ഞുമുഹമ്മദ് ആയിരുന്നു, ആന്തമാനിലെത്തിയപ്പോള്‍ പി.കെ കുഞ്ഞുമുഹമ്മദ് ആയി. ബര്‍മക്കാര്‍ ആന്തമാനില്‍ വന്നപ്പോള്‍ ആളുമാറി മൂപ്പരെ വെടിവെച്ച് കൊല്ലുകയായിരുന്നു. 1977 ഒക്‌ടോബര്‍ ഒന്‍പതാം തീയതിയായിരുന്നു മൂപ്പര്‍ കൊല്ലപ്പെട്ടത്.

ബാപ്പയുടെ ജോലിയും സാമ്പത്തിക അവസ്ഥയുമൊക്കെ?

ആന്തമാനില്‍ ബാപ്പക്ക് തുന്നല്‍പ്പണിയായിരുന്നു. അവിടന്ന് തന്നെ പഠിച്ചതാണ്. ജയിലില്‍ നിന്ന് പുറത്ത് വിട്ട് ആന്തമാനില്‍ തന്നെ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടവര്‍ ജീവിക്കാന്‍ വേണ്ടി പല തരം പണികളില്‍ ഏര്‍പ്പെടുകയുണ്ടായി. പലതും പുതുതായി പഠിക്കുകയായിരുന്നു. അങ്ങനെയാണ് ബാപ്പ തുന്നല്‍ക്കാരനായത്. അവിടെ തുന്നല്‍ക്കാര്‍ കുറവായതിനാല്‍ പണി ഒരു പാട് കിട്ടുമായിരുന്നു. ഒരു അണ, രണ്ട് അണ ഒക്കെ ഒരു തുണിക്ക് കൂലി കിട്ടിയത് എനിക്ക് ഓര്‍മയുണ്ട്.
ആദ്യം തുന്നല്‍പ്പണി ചെയ്ത ശേഷം ബാപ്പ ചാത്തപ്പണിക്ക് പോയിരുന്നു. ചാത്തം ഈര്‍ച്ച മില്ലില്‍ മരത്തിന്റെ പണി. അവര്‍ തുടങ്ങിയ മില്ല് ഇപ്പോഴുമുണ്ട്. ആന്തമാനില്‍ ശിക്ഷ കിട്ടി വന്നവരില്‍ ആദ്യമായി 'ടിന്നുപുര' ഉണ്ടാക്കിയത് ബാപ്പയാണ്. ഷീറ്റ് കൊണ്ടുള്ള മേല്‍ക്കൂരയിട്ട വീടിനെയാണ്  'ടിന്നുപുര' എന്ന് പറയുന്നത്. പുല്ല് /ഓല മേഞ്ഞ വീടുകളാണ് ആദ്യമുണ്ടായിരുന്നത്. പിന്നെ പലകയടിച്ച വീടുണ്ടാക്കി. ടിന്നു പുരയില്‍ മൂന്ന് മുറികള്‍ കിരായക്ക് - വാടകയ്ക്ക് - കൊടുത്തിട്ടുണ്ടായിരുന്നു. അന്ന് രണ്ട് രൂപയാണ് കിരായ കിട്ടുക. പിന്നെ മുഹമ്മദ്ക്കയും ജോലിക്ക് പോകും. സാമ്പത്തികമായി ഞങ്ങള്‍ നല്ല അവസ്ഥയിലായിരുന്നു.

ഉമ്മയുടെയും മലബാറില്‍ നിന്ന് ആന്തമാനിലേക്ക് പോകേണ്ടി വന്ന മറ്റു സ്ത്രീകളുടെയും ജീവിതം എങ്ങനെയായിരുന്നു?

ആന്തമാനിലേക്ക് കൊണ്ടുപോയ പെണ്ണുങ്ങളുടെ സ്ഥിതി വളരെ ദയനീയമായിരുന്നു. പുറത്തൊന്നും പോയി ജീവിച്ച് പരിചയമില്ലാത്തവര്‍ക്ക് ഭാഷ തന്നെ വലിയൊരു പ്രശ്‌നമായി. നാട്ടുകാരായ ആണുങ്ങള്‍ കുറവായിരുന്നതിനാല്‍ ഒരു പാട് മാപ്പിളപ്പെണ്ണുങ്ങളെ ബര്‍മക്കാര്‍ക്കും ഉര്‍ദുക്കാര്‍ക്കും മറ്റു ഭാഷക്കാര്‍ക്കുമൊക്കെ കല്യാണം ചെയ്തു കൊടുക്കേണ്ടി വന്നു. അക്കാലത്തെ ആന്തമാനിലെ മാപ്പിളപ്പെണ്ണുങ്ങള്‍ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങള്‍ മറ്റാരും സഹിക്കേണ്ടി വന്നിട്ടില്ലാത്തതാണ്. അന്യ ഭാഷക്കാരനുമായി വിവാഹം കഴിഞ്ഞ്, ഭാര്യാ ഭര്‍ത്താക്കന്മാരായ ശേഷം ആദ്യമൊക്കെ പരസ്പരം മിണ്ടാതെയും പറയാതെയും ഇരിക്കും. പിന്നീട് രണ്ടാളും സ്വന്തം ഭാഷയില്‍ തമ്മില്‍ തമ്മില്‍  പലതും പറയും. അങ്ങനെ അവര്‍ക്കിടയില്‍ ഒരു മൂന്നാം ഭാഷ ഉണ്ടായിത്തീര്‍ന്നു. ഇതിനെക്കുറിച്ച് തമാശയായി, 'ചോര്‍, ചോര്‍, ബെല്ലം' എന്ന് ആന്തമാനില്‍ പറയാറുണ്ട്!
ഉമ്മയടക്കമുള്ള മാപ്പിള പെണ്ണുങ്ങള്‍ പുറത്ത് പോയി ജോലി ചെയ്യാറുണ്ടായിരുന്നില്ല. പക്ഷേ, മാസത്തിലൊരിക്കല്‍ കുപ്പായം തുന്നുന്ന ജോലി കിട്ടുമായിരുന്നു. 'മാറ് തുന്നുക' എന്നാണ് പറഞ്ഞിരുന്നത്. കുപ്പായത്തിന്റെ നെഞ്ച് ഭാഗത്ത് സൂചിയും നൂലും കൊണ്ട് ഭംഗിയായി തുന്നണം. പെണ്ണുങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക ചടങ്ങു പോലെയായിരുന്നു അത്. കൂടാതെ വെറ്റില കച്ചവടവും ചില പെണ്ണുങ്ങള്‍ നടത്തിയിരുന്നു.
ഞാനും അനിയത്തിയും ജനിച്ചത് ആന്തമാനിലാണ്. 1924-ലാണ് എന്റെ ജനനം. കൂടെ കൊണ്ട് വന്ന മുഹമ്മദ്ക്കയെയും ഞങ്ങളെയും ഒരുമിച്ച്, യാതൊരു വേര്‍തിരിവുമില്ലാതെയാണ് വളര്‍ത്തിയത്. ഞങ്ങളുടെ നേര്‍ആങ്ങള അല്ലെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അത്രയ്ക്ക് ഒരുമിച്ച്, ഒരേ പാത്രത്തില്‍ നിന്ന് ഭക്ഷണം തന്ന്, ഒരു ഉമ്മ പെറ്റ മക്കളായിത്തന്നെ വളര്‍ത്തി. ഞങ്ങള്‍ ചെറുപ്പത്തില്‍ നെല്ല് കുത്താന്‍ വേണ്ടി കല്ലടിക്കാരുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. അവര്‍ ഇവിടത്തെ വലിയ പണക്കാരായിരുന്നു.

നിങ്ങള്‍ മദ്‌റസയിലും സ്‌കൂളിലുമൊക്കെ പഠിച്ചിട്ടില്ലേ? ആന്തമാനിലെ സൗഹൃദങ്ങളും സാമൂഹിക ബന്ധങ്ങളുമൊക്കെ എങ്ങനെയായിരുന്നു?

ഞാന്‍ സ്‌കൂളില്‍ പോയിട്ടില്ല. അക്കാലത്ത് സ്‌കൂളില്‍ പറഞ്ഞയക്കില്ലായിരുന്നു. ആര്യനെയ്ത്ത് / മലയാളം പഠിച്ചു കഴിഞ്ഞാല്‍ അമുസ്‌ലിം ചെറുപ്പക്കാരുമായി എഴുത്തുകുത്ത് നടത്താന്‍ അവസരം കിട്ടുമെന്ന് പേടിച്ച് ബാപ്പമാര്‍ കുട്ടികളെ സ്‌കൂളില്‍ അയച്ചിരുന്നില്ല. ഞാന്‍ ഓത്തുപള്ളിയില്‍ പോയിട്ടുണ്ട്. ഫൊനിക്‌സ്‌ബെയിലെ ഒരു വീട്ടിനുള്ളില്‍, ചെറിയൊരു മുറിയിലായിരുന്നു ഓത്തുപള്ളി നടത്തിയിരുന്നത്. അവിടെ ഖുര്‍ആന്‍ ഓതാനും നിസ്‌കാരവും മറ്റ് കാര്യങ്ങളും പഠിപ്പിച്ചിരുന്നു. 'വെള്ളത്തില്‍ കന്ന് പൂട്ടുന്ന പോലെ' ബഹളംവെച്ച് ഒരു ഓത്താണ് എല്ലാരുംകൂടെ. ബിസ്മിയുടെ അര്‍ഥം പോലും ആര്‍ക്കും അറിയില്ലായിരുന്നു, അതൊന്നും അവിടെ പഠിപ്പിച്ചിരുന്നില്ല. എന്നെ അറബി അക്ഷരങ്ങളൊക്കെ എഴുതാന്‍ പഠിപ്പിച്ചത് അബൂബക്കര്‍ മുസ്‌ലിയാരാണ്. അദ്ദേഹമാണ് ഏറ്റവും കൂടുതല്‍ കാലം ആന്തമാനിലുണ്ടായിരുന്ന ഓത്ത് മുസ്‌ലിയാര്‍. മൂപ്പര്‍ ഇവിടന്ന് തന്നെ കല്യാണം കഴിച്ച്, കുട്ടികളൊക്കെയായി, പ്രായം ചെന്ന ശേഷമാണ് മരിച്ചത്. മറ്റു പല മുസ്‌ലിയാക്കന്മാരും ആറു മാസമൊക്കെയാണ് ആന്തമാനില്‍ നില്‍ക്കാറുണ്ടായിരുന്നത്. പിന്നെ നാട്ടിലേക്ക് തിരിച്ചു പോകും. അങ്ങനെയായിരുന്നു ആന്തമാനിലെ അവസ്ഥ. ഞാന്‍ മലയാളം വായിക്കാനും എഴുതാനും പഠിച്ചത് പിന്നീട് കുറേ കഴിഞ്ഞ്, ആരുമറിയാതെ, അവിടന്നും ഇവിടന്നുമൊക്കെ കിട്ടുന്ന കടലാസുകള്‍ നോക്കിയും മറ്റുമാണ്.
പാവാടയും കുപ്പായവും തട്ടവുമാണ് അന്ന് മാപ്പിളപ്പെണ്ണുങ്ങള്‍ ധരിച്ചിരുന്നത്. സാധാരണയായി ബുര്‍ഖ ധരിക്കുക പഠാണിപ്പെണ്ണുങ്ങളാണ്. ബര്‍മീസ് വസ്ത്രങ്ങളും മാപ്പിളപ്പെണ്ണുങ്ങള്‍ ഉപയോഗിച്ചിരുന്നു.  മെച്ചപ്പെട്ട ജോലിയും ജീവിതവും ആഗ്രഹിച്ചാണ് 1920-കളില്‍ ബ്രിട്ടീഷ് നിര്‍ദേശപ്രകാരം ചില ബര്‍മക്കാര്‍ ആന്തമാനിലേക്ക് കുടിയേറിയത്. അവരുടെ വസ്ത്രം കൈമുഴുവനാക്കിയും പാവാട മുട്ടിനു താഴെ ഇറക്കിത്തുന്നിയുമാണ് ധരിച്ചത്. പഠാണി, ബര്‍മീസ് പെണ്‍കുട്ടികളൊക്കെ കൂട്ടുകാരായി ഉണ്ടായിരുന്നു. ഹിന്ദു-മുസ്‌ലിം വിവേചനമൊന്നും ഇല്ല. ബര്‍മക്കാരൊക്കെ ചില സമയത്ത്, പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ബാപ്പയെ വിളിച്ച് അഭിപ്രായം ചോദിക്കുമായിരുന്നു. എല്ലാവരും തമ്മില്‍ നല്ല ബന്ധമായിരുന്നു ആന്തമാനില്‍. വര്‍ഗീയതയൊന്നും ഒട്ടും ഉണ്ടായിരുന്നില്ല. പെരുന്നാളും പൊങ്കാലയുമൊക്കെ എല്ലാവരുടെയും ആഘോഷമായിരുന്നു.
ബര്‍മക്കാര്‍ 66-ല്‍ തിരിച്ചു പോയ ശേഷം, അവിടന്ന് ഞങ്ങള്‍ക്ക് കത്തയക്കുകയും വരുന്നവരോട് അന്വേഷണം പറയാന്‍ ഏല്‍പ്പിക്കുകയും ചെയ്യുമായിരുന്നു. ബര്‍മക്കാര്‍ സ്‌നേഹിച്ചാല്‍ നല്ലവരാണ്. പക്ഷേ, അവരോട് എന്തെങ്കിലും എതിര്‍പ്പ് കാണിച്ചാല്‍ അവരാകെ  മാറും. ഞങ്ങള്‍ കുറേക്കാലം ബര്‍മക്കാര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്, റൈറ്റ്മ്യൂവില്‍. അവിടെ കുട്ടികളുടെ ബാപ്പ ചായക്കച്ചോടമൊക്കെ ചെയ്തിരുന്നു. റൈറ്റ്മ്യൂ ബര്‍മയിലെ ഒരു സ്ഥലപ്പേരാണ്. അതാണ് അവര്‍ ഇവിടെയും ഇട്ടത്. മലബാരി മാപ്പിളമാര്‍ കേരളത്തിലെ സ്ഥലപ്പേരുകളും അതുപോലെ ഇവിടെ ഉപയോഗിച്ചിട്ടുണ്ട്. മലപ്പുറം, വണ്ടൂര്‍, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളൊക്കെ ഇവിടെയുണ്ട്. നിലമ്പൂര്‍ എന്ന പേര് 1960-കള്‍ക്ക് ശേഷമാണ് ഇവിടെ വന്നത്. നന്നായി തേക്ക് വളരുന്ന മണ്ണുള്ളത് കൊണ്ടാണ് മൈസൂരില്‍ നിന്ന് ആന്തമാനില്‍ ഓഫീസറായി വന്ന ഗണപതി എന്ന ഒരാള്‍ നിലമ്പൂര്‍ എന്ന് ആ സ്ഥലത്തിന് പേരിട്ടത്.

നിങ്ങളുടെ ഭക്ഷണ രീതിയൊക്കെ ആദ്യകാലത്ത് എങ്ങനെയായിരുന്നു?

ആദ്യകാലത്ത് കുറച്ച് കഷ്ടപ്പെട്ടതൊഴിച്ചാല്‍, നാട്ടിലേതുപോലെ ഇവിടെ പട്ടിണി ഉണ്ടായിരുന്നില്ല. ചോറും കറിയുമൊക്കെത്തന്നെ മുഖ്യം. പക്ഷേ, പച്ചരിയായിരുന്നു അന്ന് ആന്തമാനില്‍ സുലഭം. പുഴുങ്ങലരി കിട്ടാന്‍ ബാപ്പ പൈസ കൊടുത്ത് ഏല്‍പ്പിക്കുമായിരുന്നു. മീനും ഇറച്ചിയുമൊക്കെ ചില ഭാഗത്ത് നല്ലോണം കിട്ടും. മീന്‍ ഇഷ്ടം പോലെ. വലിയ മീനുകള്‍ കിട്ടിയാല്‍ അവിടെത്തന്നെ ഉപേക്ഷിക്കും. മറ്റുള്ളവര്‍, പ്രത്യേകിച്ചും ബര്‍മക്കാര്‍, മലബാരികള്‍ വലിയ മീന്‍ തിന്നുമെന്ന് പറഞ്ഞ് പരിഹസിക്കുമായിരുന്നു. അവര്‍ വലിയ മീന്‍ പിടിക്കാറില്ല.

നിങ്ങളുടെ വിവാഹവും കുടുംബ ജീവിതവുമൊക്കെ?

ജപ്പാന്‍കാര്‍ നാട് കീഴടക്കുന്നതിന്റെ ഭയപ്പാടിലായിരുന്നു എന്റെ വിവാഹം. വീട്ടിക്കാടന്‍ മുഹമ്മദാണ് ഭര്‍ത്താവ്. ഭയങ്കര ഉപദ്രവകാരികളായിരുന്നു ജപ്പാന്‍കാര്‍. കല്യാണം കഴിക്കാത്ത ചെറുപ്പക്കാരെയൊക്കെ അവര്‍ പിടിച്ചു കൊണ്ട് പോകുമോ എന്ന പേടിയിലാണ് പെട്ടെന്ന് കല്യാണം കഴിച്ചു കൊടുത്തത്. നല്ല മട്ടിലാണ് കല്യാണമൊക്കെ നടന്നത്. ചോറും കുമ്പളങ്ങക്കറിയുമൊക്കെയാണ് വിശേഷപ്പെട്ട ഭക്ഷണം. കല്യാണത്തിന് ശേഷമാണ് ആദ്യമായി ഞാന്‍ എന്റെ ഭര്‍ത്താവിനെ കാണുന്നത്. അന്ന് കല്യാണമൊക്കെ തീരുമാനിച്ചിരുന്നത് ബാപ്പമാര്‍ തമ്മിലാണ്. അതില്‍ ചെക്കനും പെണ്ണിനും ഒരു സ്ഥാനവുമില്ല. ബാപ്പമാര്‍ തമ്മിലെ സൗഹ്യദത്തിന്റെ പേരിലാണ് അന്ന് പലപ്പോഴും കുട്ടികള്‍ തമ്മില്‍ വിവാഹം നടന്നിരുന്നത്. ബാപ്പമാര്‍ തമ്മില്‍ പിരിയുമ്പോള്‍, അല്ലെങ്കില്‍ വഴക്കിടുമ്പോള്‍ ചെക്കനെയും പെണ്ണിനെയും മൊഴിചൊല്ലിക്കുമായിരുന്നു. അപ്പോള്‍ ചെക്കന്റെയും പെണ്ണിന്റെയും ഇഷ്ടമൊന്നും പ്രധാനമായിരുന്നില്ല. അങ്ങനെ നാലു കല്യാണം വരെ നടന്ന സ്ത്രീകളും പുരുഷന്മാരും അവിടെ ധാരാളമുണ്ടായിരുന്നു.
ആന്തമാനില്‍ മുസ്‌ലിംകള്‍ക്ക് പള്ളികളൊക്കെ കുറവായിരുന്നു. ആകെ മൂന്ന് പള്ളികള്‍, ഒന്ന് മണ്ണാര്‍ക്കാട്ട്. രണ്ട്, മദാര്‍പ്പാടുള്ള പള്ളി, ബ്രിട്ടീഷ് കാലത്ത് ഉണ്ടാക്കിയതാണ്. മൂന്നാമത്തേത് പോലീസ് പള്ളി. ക്രിസ്ത്യന്‍ പള്ളികളൊന്നും അന്ന് അവിടെ ഉണ്ടായിരുന്നില്ല. കേരളത്തിലേക്ക് തന്നെ തിരിച്ചുവരാനുള്ള വ്യഗ്രതയിലായിരുന്നു ആന്തമാനിലേക്ക് നാടുകടത്തപ്പെട്ട മാപ്പിളമാരൊക്കെ ഉണ്ടായിരുന്നത്. അതിനനുസരിച്ച ജീവിതരീതിയും നിര്‍മാണങ്ങളുമൊക്കെ നടത്തി. കൃഷി പോലും അങ്ങനെയായിരുന്നു. വാഴ, ചേന, ചേമ്പ് തുടങ്ങിയവയേ ആദ്യമൊക്കെ കൃഷി ചെയ്തുള്ളൂ. ജന്മനാട്ടിലേക്ക്  തിരിച്ചു പോകാം എന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. പിന്നെ, ജപ്പാന്‍കാരുടെ വരവോടെയാണ് തിരിച്ചുപോകില്ലെന്ന് പലര്‍ക്കും ബോധ്യം വന്നത്. അതിനു ശേഷമാണ്, കവുങ്ങും തെങ്ങും നെല്ലുമൊക്കെ കാര്യമായി കൃഷി ചെയ്യാന്‍ തുടങ്ങിയത്. സെല്ലുലാര്‍ ജയിലിനു പുറത്തും ആന്തമാന്‍ ഒരു തുറന്ന ജയിലായിരുന്നു. ആ തുറന്ന ജയിലിനകത്തെ ജീവിതം മരണം വരെ. ജനിച്ചു വളര്‍ന്ന നാടിന്റെ മണമില്ലാതെ, സ്വന്തം രക്തബന്ധുക്കളെപ്പോലും കാണാന്‍ കഴിയാതെ വല്ലാത്തൊരു ജീവിതം! എല്ലാം നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി.

ജപ്പാന്‍കാര്‍ ആന്തമാനില്‍ വന്നത് എപ്പോഴാണ്? എങ്ങനെയായിരുന്നു അവരുടെ ഭരണമൊക്കെ?

രണ്ടാം ലോകയുദ്ധത്തിനിടയില്‍, 1942-ലാണ് ജപ്പാന്‍കാര്‍ ആന്തമാന്‍ കീഴടക്കിയത്. രാത്രിയോടു രാത്രി അവര്‍ അവിടെയാകെ പരക്കുകയായിരുന്നു. കപ്പലിലാണ് ആദ്യം വന്നത്. പിന്നെ പോര്‍ട് ബ്ലെയറിലെ ചെറിയ എയര്‍പോര്‍ട്ടില്‍ ജപ്പാന്‍ സൈന്യത്തിന്റെ വിമാനം ഇറങ്ങി. അവിടെ ഉണ്ടായിരുന്ന ബ്രിട്ടീഷുകാര്‍ക്ക് നേരത്തേ അറിയാമായിരുന്നു ജപ്പാന്‍ സൈന്യം വന്ന് അവിടെ പിടിച്ചടക്കുമെന്ന്. അതു കൊണ്ട് വല്യ ബ്രിട്ടീഷ് ഓഫീസര്‍മാരെയൊക്കെ അവര്‍ ആന്തമാനില്‍ നിന്ന് കയറ്റി അയച്ചിരുന്നു. ജപ്പാന്‍കാര്‍ക്ക് ബ്രിട്ടീഷുകാരോട് കടുത്ത എതിര്‍പ്പുണ്ടായിരുന്നു. രണ്ടാം ലോക യുദ്ധ സമയത്ത് ജപ്പാന്‍ ബ്രിട്ടീഷുകാരെ ആക്രമിച്ചു, ബ്രിട്ടീഷുകാര്‍ ഉള്ള സ്ഥലത്തൊക്കെ അവര്‍ ആക്രമണം നടത്തിയിട്ടുണ്ട്. അങ്ങനെയാണ് ആന്തമാനിലും വരുന്നത്.
ജപ്പാന്‍കാര്‍ ബ്രിട്ടീഷുകാരെയും മാപ്പിളമാരെയുമൊക്കെ കൊന്നിട്ടുണ്ട്. റോസ് ഐലന്റിനടുത്ത് വെച്ച് അവരുടെ കപ്പല്‍ ബ്രിട്ടീഷുകാര്‍ കടലില്‍ മുക്കിക്കളഞ്ഞിരുന്നു. കപ്പലിന്റെ വിവരങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് ചോര്‍ത്തിക്കൊടുത്തത് മാപ്പിളമാരാണെന്ന ധാരണയിലാണ് നമ്മളെയും ജപ്പാന്‍കാര്‍ ആക്രമിച്ചത്. സ്ത്രീകളെ അധികം ഉപദ്രവിച്ചില്ല, വയസ്സായ ആണുങ്ങളെ വരെ പിടിച്ചുകൊണ്ടു പോയി കൊന്നിട്ടുണ്ട്. പെണ്‍കുട്ടികളെയും ചെറുപ്പക്കാരെയും പിടിച്ച് കൊണ്ട് പോകുമോ എന്ന ഭയത്താലാണ് വേഗം പലരുടെയും കല്യാണം നടത്തിയത്. ഉത്തരേന്ത്യക്കാരെയും അവര്‍ കൊന്നിട്ടുണ്ട്. പഠാണികളുടെ കുടുംബത്തില്‍ കയറി വന്ന് സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിച്ച ഒരു ജപ്പാന്‍ പട്ടാളക്കാരനെ അവരിലൊരാള്‍ വെടിവെച്ചു. ഇതിന്റെ പ്രതികാരമായാണ് ജപ്പാന്‍ പട്ടാളം തീ വെപ്പും അറുംകൊലയും ചെയ്തത്.  കൊല്ലപ്പെട്ടയാളുടെ സ്മാരകം  ബസാറില്‍ ഇപ്പോഴുമുണ്ട്. കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സുഭാഷ് ചന്ദ്ര ബോസ് ആന്തമാനില്‍ വന്നിരുന്നു. ജപ്പാന്‍കാര്‍ നമ്മോട് ചെയ്ത പീഡനങ്ങള്‍ക്ക് അറുതി വരുത്താനൊന്നും അദ്ദേഹത്തിന് കഴിഞ്ഞില്ല.
ജപ്പാന്‍ അധിനിവേശ കാലത്ത് ആന്തമാനില്‍ ഭക്ഷണത്തിനൊക്കെ വലിയ ക്ഷാമമായിരുന്നു. നെല്‍കൃഷിയുള്ളവര്‍ കൊയ്യുന്ന സമയത്ത് അവരോട് പറയണം. കൃഷി ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും തുല്യമായി നെല്ല് അവര്‍ അളന്ന് കൊടുക്കും. ബാക്കി മുഴുവന്‍ അവര്‍ക്കുള്ളതാണ്. മുള കൊണ്ടുള്ള അളവുകോലാണ് നാരായം. ഒരു നാരായം നെല്ലില്‍ നിന്ന് മൂന്ന് ഡബ്ബ നെല്ല് മാത്രമേ ഒരു വീട്ടിലേക്ക് കിട്ടുകയുള്ളൂ. അതു കൊണ്ട് ഒരു വര്‍ഷം കഴിയണം. രണ്ട് കയില് കഞ്ഞിയൊക്കെയാണ് ഒരാള്‍ക്ക് കിട്ടുക! പട്ടിണി കിടന്ന കാലം. നമ്മളേക്കാള്‍ ബുദ്ധിമുട്ട് പഞ്ചാബികള്‍ക്കായിരുന്നു. അവര്‍ക്ക് കഞ്ഞിയൊന്നും ശരിയാവില്ല. തെങ്ങ് ധാരാളമുണ്ടായിരുന്നത് കൊണ്ട്, തേങ്ങ കൊപ്രയാക്കും. മാപ്പിളമാരുടെ പട്ടിണി കണ്ട് ബര്‍മക്കാര്‍ തേങ്ങ കൊണ്ട് വന്ന് തന്നിരുന്നു. തേങ്ങ അരച്ച് പിഴിഞ്ഞ് പാലെടുത്ത് എണ്ണയുണ്ടാക്കും. പിഴിഞ്ഞ ചണ്ടി ഉണക്കി കറിയിലിടും. അന്ന് ഉള്ളിയും തക്കാളിയുമൊന്നുമില്ല. ആദ്യം ഉപ്പ് വാങ്ങാന്‍ കിട്ടിയിരുന്നു. പിന്നെ കിട്ടാതായപ്പോള്‍ ഞങ്ങള്‍ സ്വന്തം ഉണ്ടാക്കലായി. തിരയടിച്ച് പാറപ്പുറത്തെ കുഴികളില്‍ വീഴുന്ന വെള്ളം വറ്റി ഉപ്പായിട്ട് കിട്ടുമായിരുന്നു. ഇങ്ങനെയൊക്കെയാണ് ഭക്ഷണം ഉണ്ടാക്കിയിരുന്നത്.
വിശപ്പിന് എന്തെങ്കിലും തിന്നണ്ടേ! മൂന്ന് വര്‍ഷക്കാലം, അവര്‍ പോകുന്നതുവരെ ദുരിതമായിരുന്നു. ജപ്പാന്‍കാരുടെ ഭാഗത്തു നിന്നുള്ള ദ്രോഹം സഹിക്കാന്‍ കഴിയാതെയാണ് ഞങ്ങള്‍ ടൗണില്‍ നിന്ന് കാടിന്റെയടുത്തേക്ക് താമസം മാറിയത്. എന്റെ വീട്ടില്‍ അംഗങ്ങള്‍ കുറവായിരുന്നു. പക്ഷേ, ഭര്‍ത്താവിന്റെ വീട്ടില്‍ പതിനെട്ടോളം പേരുണ്ടായിരുന്നു. ജപ്പാന്‍ കാലത്ത് അവിടെ വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. കിട്ടുന്ന റേഷന്‍ കൊണ്ട് എല്ലാവര്‍ക്കും ഭക്ഷണം ഉണ്ടാവില്ല. കുറച്ച് അരിയല്ലേ കിട്ടു! എല്ലാവരും കൂടെ ഒരു പാത്രത്തിലാണ് കഞ്ഞി കുടിക്കുക, എങ്കിലേ എല്ലാവര്‍ക്കും എത്തിക്കാനാകൂ. ആ സമയത്ത് എന്നെ എന്റെ വീട്ടില്‍ കൊണ്ടുപോയി താമസിപ്പിക്കാന്‍ ഭര്‍ത്താവിന്റെ ഉമ്മ മൂപ്പരോട് പറയുമായിരുന്നു. ആളു കുറവായതിനാല്‍ എന്റെ വീട്ടില്‍ പ്രയാസം കുറവായിരുന്നു. ബാപ്പ എന്നെ കാണാന്‍ വരുന്നതും നോക്കിയിരിക്കും ആ സമയത്ത്. പുഴവക്കത്ത് പോകും വഴി അപ്പയുടെ ഇല പറിച്ച് നിലത്തിട്ട് നോക്കുമായിരുന്നു, ബാപ്പ വരുമോ, ഇല്ലേ എന്നറിയാന്‍. ഇല കമഴ്ന്ന് വീണാല്‍ ബാപ്പ അന്ന് വരുമെന്നര്‍ഥം. ആകെ കിട്ടിയ ഒരു കയില് വറ്റ് തിന്നിട്ടും വിശപ്പ് മാറാതെ ഒരിക്കല്‍ ഞാന്‍ വാവിട്ട് കരഞ്ഞിട്ടുണ്ട്. അന്ന് ഭര്‍ത്താവിന്റെ ഉപ്പ എന്നോട് പറഞ്ഞു, ബാപ്പ വന്നിട്ടില്ലെങ്കില്‍ ഞാന്‍ വീട്ടില്‍ കൊണ്ടാക്കി തരാമെന്ന്.
ഒരു കൊയ്ത്തിന്റെ തലേ രാത്രി അമ്മായി ഉമ്മ ഞങ്ങളെ വിളിച്ചുണര്‍ത്തി. ജപ്പാന്‍കാരറിയാതെ അവര്‍ നെല്ല് കൊയ്‌തെടുത്ത് കൊണ്ടുവന്നിരുന്നു. 'ഉമ്മ ഊരി, പുഴുങ്ങിക്ക്ണ്, ഇനി നിങ്ങള് കുത്തിക്കോ' എന്ന് ഉമ്മ പറഞ്ഞു. കതിര് ഊരി, നെല്ലെടുത്ത്, പുഴുങ്ങിയ ശേഷമാണ് ഞങ്ങളെ വിളിച്ചത്. ഒരു പുല്ല് പോലും നിലത്ത് വീഴാതെ നോക്കിയിരുന്നു ഉമ്മ. വൈക്കോല് കണ്ടാല്‍ മനസ്സിലാകും, അപ്പോള്‍ തല പോകും. ജപ്പാന്‍ കാലത്ത് ആദ്യമായി കഞ്ഞി കുടിച്ചത് അന്നാണെന്ന് തോന്നുന്നു. ഒരു നേരത്തെ അന്നത്തിന് വേണ്ടി അക്കാലത്ത് മാപ്പിളപ്പെണ്ണുങ്ങള്‍ കഷ്ടപ്പെട്ടതിന്റെ ചെറിയ ഉദാഹരണമാണിത്. പെണ്ണുങ്ങളാണ് ഏറ്റവും കൂടുതല്‍ പട്ടിണി അനുഭവിച്ചത്. ബാപ്പാക്കും മക്കള്‍ക്കുമൊക്കെ കൊടുത്ത ശേഷം ബാക്കിയുണ്ടെങ്കില്‍ തള്ളക്കയിലില്‍ എന്തെങ്കിലും വാരിത്തിന്നും ഉമ്മമാര്‍. നെല്ല് കുത്തിയ ഉമി പഠാണികളും പഞ്ചാബികളും എടുത്ത് കൊണ്ട് പോകും, അത് കൊണ്ട് ചപ്പാത്തി ഉണ്ടാക്കി തിന്നും. ഒരിക്കല്‍ കാട്ടില്‍ വെച്ച് ജപ്പാന്‍കാര്‍ ആനയെ ചുട്ടു. അന്ന് ഏതാണ്ട് ആന്തമാന്‍ മുഴുവന്‍ അതിന്റെ മണമായിരുന്നു.

പിന്നീട് എപ്പോഴാണ് ജപ്പാന്‍ പട്ടാളം ആന്തമാനില്‍ നിന്ന് മടങ്ങിയത്?

മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍, 1945-ല്‍ ജപ്പാന്‍കാര്‍ ആന്തമാന്‍ വിട്ടുപോയി. കുറച്ച് കഴിഞ്ഞ് ബ്രിട്ടീഷുകാര്‍ തിരിച്ചുവന്നു. ഇതിനിടയില്‍ ചെറിയൊരു കാലം, പോലീസും പട്ടാളവുമില്ലാത്ത സമയം ആന്തമാനിലുണ്ടായിരുന്നു. വല്ലാത്ത അക്രമങ്ങള്‍ നടന്ന സന്ദര്‍ഭമായിരുന്നു അത്. ടൗണിലൊക്കെ പ്രശ്‌നങ്ങളായിരുന്നു. ബ്രിട്ടീഷുകാര്‍ തിരിച്ചു വന്നപ്പോഴാണ് സമാധാനമുണ്ടായത്. ഭക്ഷണ സാധനങ്ങളൊക്കെ അവര്‍ കൃത്യമായി എത്തിച്ചു തരുമായിരുന്നു. എണ്ണ, പഞ്ചസാര, ചായപ്പൊടി, മസാലപ്പൊടികള്‍ ഒക്കെ കിട്ടി. ആന്തമാനില്‍ ഒന്നുമില്ല, എല്ലാം കപ്പലില്‍ പുറത്ത് നിന്ന് വരണം. അത് വന്നില്ലെങ്കില്‍ പട്ടിണി തന്നെ. കുറേകാലം പഞ്ചാരയിടാത്ത ചായ കുടിച്ച് ശീലിച്ചിട്ട്, പിന്നീട് പഞ്ചാരയിട്ട ചായ കുടിക്കുമ്പോള്‍ മനംപിരട്ടലായിരുന്നു. എരുമയും പയ്ക്കളുമൊക്കെ ധാരാളം ഉണ്ടായിരുന്നതിനാല്‍ പാല് ഇഷ്ടം പോലെയായിരുന്നു.
ആന്തമാനില്‍ ബ്രിട്ടീഷുകാരുടെ ഭരണം ഭക്ഷണത്തിന്റെയും മറ്റും കാര്യത്തില്‍ ഒരര്‍ഥത്തില്‍ സുഖമായിരുന്നു. സ്വാതന്ത്ര്യമില്ലെങ്കിലും, പാവങ്ങളെ അവര്‍ കൂടുതലും നോക്കിയിരുന്നു. ജപ്പാന്‍കാരേക്കാളും ഇപ്പോഴത്തെ ഇന്ത്യന്‍ ഭരണാധികാരികളേക്കാളും ഭേദമായിരുന്നു ബ്രിട്ടീഷുകാര്‍. മെഡിക്കല്‍ സഹായങ്ങളൊക്കെ ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. അവരുടെ പെരുമാറ്റത്തിലും കേടുണ്ടായിരുന്നില്ല. കുറേ ആണുങ്ങള്‍ക്ക് കമ്പനിയില്‍ ജോലി നല്‍കി. പഞ്ചാബികളും പഠാണികളുമൊക്കെ ചേര്‍ന്ന് റോഡുകളുണ്ടാക്കിയത് ഓര്‍മയുണ്ട്. തെലുങ്കത്തികളും മദ്രാസികളുമായ പെണ്ണുങ്ങള്‍ പണിക്ക് പോകും, മാപ്പിളപ്പെണ്ണുങ്ങള്‍ പോകില്ല.

പിന്നീട് കേരളത്തിലേക്ക് തിരിച്ചു വരാന്‍ തോന്നിയില്ലേ?

ഞങ്ങളുടെയൊക്കെ വിയര്‍പ്പും ചോരയും ജീവിതവും കൊണ്ട് കൂടി നേടിയതാണ് നമ്മുടെ നാടിന്റെ സ്വാതന്ത്ര്യം. പക്ഷേ, സ്വാതന്ത്ര്യം കിട്ടിയിട്ടും ആന്തമാനില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ തോന്നിയില്ല. അതിനിപ്പോ ഇവിടെ കേരളത്തില്‍ പിന്നീട് ഞങ്ങള്‍ക്ക് എന്താ ഉണ്ടായിരുന്നത്? എല്ലാം അവിടെയല്ലേ! 90-കളിലാണ് ഞാന്‍ കേരളത്തില്‍ വന്നത്. ഇവിടേക്ക് വരണമെന്ന് ആര്‍ക്കും പിന്നീട് തോന്നിയില്ല. കേരളത്തേക്കാള്‍ മനസ്സമാധാനവും സന്തോഷവുമൊക്കെ അവിടെയാണ്. ഇപ്പോള്‍ അഞ്ച് തലമുറയായി.....

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (58-59)
ടി.കെ ഉബൈദ്‌