ഇന്ത്യന്‍ മുസ്‌ലിംകള്‍ തങ്ങളുടെ അവകാശങ്ങള്‍ ഊന്നിപ്പറയുക മാത്രമാണ്
'ജാമിഅ മില്ലിയ്യയിലെയും അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലെയും പ്രക്ഷോഭങ്ങള്‍ ബി.ജെ.പിക്ക് എല്ലായ്‌പ്പോഴും ആവശ്യമുള്ള ചിലത് ഇട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. ഇനിയവര്‍ക്ക് പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങളെ വര്‍ഗീയമെന്നും വിഭാഗീയമെന്നും മുദ്രകുത്താം, മുസ്‌ലിംകള്‍ നടത്തുന്ന പ്രക്ഷോഭമാണ് എന്നു പറയാം'- പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്ന, മുസ്‌ലിംകളോട് അനുഭാവമുള്ള പലരുടെയും പരിദേവനമാണിത്. പ്രതിഷേധം ഹിന്ദു -മുസ്‌ലിം ദ്വന്ദ്വത്തില്‍ ഒതുങ്ങിപ്പോകും എന്നാണവരുടെ പേടി. അങ്ങനെ പ്രക്ഷോഭത്തിന്റെ ദിശ തെറ്റിപ്പോകുമെന്നും.
ഇതിന്റെ ഏറ്റവും മോശപ്പെട്ട ഉദാഹരണങ്ങള്‍ കാണാനാവുക പ്രധാനമന്ത്രിയുടെ വാക്കുകളില്‍ തന്നെ. തുടക്കത്തില്‍ അദ്ദേഹം പറഞ്ഞു, പ്രക്ഷോഭകരെ അവരുടെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന്. പാകിസ്താനികള്‍ക്കൊക്കെ കോണ്‍ഗ്രസ് പൗരത്വം കൊടുക്കുമോ എന്ന് വെല്ലുവിളിക്കുകയും ചെയ്തു. മുസ്‌ലിംകള്‍ക്കു മേല്‍ എളുപ്പത്തില്‍ പാകിസ്താനീ മുദ്ര ചാര്‍ത്തിക്കൊടുക്കാനാവുമല്ലോ. അങ്ങനെ അവര്‍ ചെയ്യുന്ന എന്തിനെയും നിയമവിരുദ്ധവുമാക്കി മാറ്റാം.
അപ്പോള്‍ പിന്നെ മുസ്‌ലിംകള്‍ എന്താണ് ചെയ്യുക? തങ്ങളുടെ 'ദൃശ്യത' പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള സമരത്തെ ദുര്‍ബലമാക്കിക്കളയുമെന്നതിനാല്‍ ജാമിഅയിലും അലീഗഢിലും അവര്‍ മിണ്ടാതിരിക്കണമായിരുന്നോ? സീലംപുരിലും പുര്‍ണിയയിലും പ്രക്ഷോഭത്തിനിറങ്ങാതെ വീട്ടില്‍ അടച്ചുപൂട്ടി ഇരിക്കണമായിരുന്നോ? ഇങ്ങനെ പ്രക്ഷോഭത്തിന് 'മുസ്‌ലിമിസം' കൈവരുമ്പോഴെല്ലാം ഈ അഭ്യുദയകാംക്ഷികളെ ഒരു ഭയം പിടികൂടുകയായി; പ്രക്ഷോഭമെങ്ങാനും മത പിന്തിരിപ്പന്‍ മുസ്‌ലിം നേതാക്കളുടെ കൈകളില്‍ അകപ്പെട്ട് ഗെറ്റോവല്‍ക്കരിക്കപ്പെടുമോ?
അക്രമസംഭവങ്ങള്‍ കുറച്ചേ ഉണ്ടായുള്ളൂ. പക്ഷേ അസമിലും അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടല്ലോ. അസമിലെ അക്രമ സംഭവങ്ങളും അപലപിക്കപ്പെടേണ്ടതു തന്നെയല്ലേ? പക്ഷേ സംഗതി അസമിലാകുമ്പോള്‍ അത്തരം ഉത്കണ്ഠകളൊന്നും ഉയരുന്നില്ല. ജാമിഅയിലും അലീഗഢിലും പ്രക്ഷോഭം തുടങ്ങിയപ്പോള്‍ തന്നെ ഒരു മുതിര്‍ന്ന കേന്ദ്രമന്ത്രി എന്തുകൊണ്ടാണ് അതിനെ ജിഹാദുമായി ബന്ധിപ്പിച്ച് പറഞ്ഞത്?
പൗരത്വ ഭേദഗതി ബില്‍ നിയമമായതിനു ശേഷം മുസ്‌ലിംകള്‍ക്ക് ന്യായമായ ആശങ്കകള്‍ ഉണ്ടെന്നത് ആര്‍ക്കാണ് നിഷേധിക്കാനാവുക? ഭേദഗതി നിയമത്തില്‍ അവരുടെ മതത്തിന്റെ പേരു പറയാതെ അവരെ ഒറ്റപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. മുസ്‌ലിംകള്‍ക്ക് മാത്രമേ ഈ ഒറ്റപ്പെടല്‍ ഉണ്ടാവുകയുമുള്ളൂ.
അവര്‍ തെരുവിലേക്ക് ഇറങ്ങിയപ്പോള്‍ ഇന്ത്യ ഞങ്ങളുടെ കൂടി ദേശമാണെന്ന് അവകാശപ്പെടുകയാണ് ചെയ്തത്. അവര്‍ ചെയ്തതൊക്കെയും പൗരന്മാര്‍ എന്ന നിലക്കാണ്. വിഭാഗീയമായ ഒരാവശ്യവും അവര്‍ ഉന്നയിക്കുന്നില്ല. ഇന്ത്യയില്‍ തങ്ങള്‍ക്കും തുല്യാവകാശങ്ങള്‍ ഉണ്ടെന്ന് ഊന്നിപ്പറയുക മാത്രം. മറ്റൊന്നുകൂടി അവര്‍ ഊന്നിപ്പറഞ്ഞു: മുസ്‌ലിമിസം എന്നത് ഹിന്ദുയിസം പോലെ തന്നെ വളരെ സ്വാഭാവികമായിട്ടു തന്നെ ഇന്ത്യനാണ്. പൗരത്വ ഭേദഗതി ബില്‍ വിരുദ്ധമായ മറ്റൊരു വാദമാണ് ഉന്നയിക്കുന്നത്. മുസ്‌ലിമല്ലാത്തവര്‍ക്ക് ഇന്ത്യയില്‍ വരാനും അതിന്റെ ആതിഥ്യം ആസ്വദിക്കാനും അവകാശമുണ്ടെങ്കില്‍ മുസ്‌ലിംകള്‍ക്കും അതേ അവകാശങ്ങള്‍ ഉണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരിലുള്ള പ്രക്ഷോഭത്തിലൂടെ ഇക്കാര്യമാണ് മുസ്‌ലിംകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.
മുസ്‌ലിംകള്‍ സെക്യുലര്‍ ആകണം, സെക്യുലര്‍ നേതൃത്വത്തിനു കീഴില്‍ വരണം എന്നൊക്കെ മുസ്‌ലിംകളെ ഉപദേശിക്കാറുണ്ട്. ഇതൊരു വിചിത്ര വാദഗതിയാണ്. ഒരൊറ്റ സെക്യുലര്‍ പാര്‍ട്ടിയും (തൃണമൂല്‍ കോണ്‍ഗ്രസിനെ ഇതില്‍നിന്ന് ഒഴിച്ചു നിര്‍ത്താം) ഈ ആക്ടിനെതിരെ ജനങ്ങളെ സംഘടിപ്പിക്കാന്‍ മുന്നോട്ടു വന്നിരുന്നില്ല എന്നോര്‍ക്കണം. ഈ രണ്ട് യൂനിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥികളാണ് അതിനെതിരെ രംഗത്തു വന്നത്. അവരില്‍ മുസ്‌ലിംകളല്ലാത്ത വിദ്യാര്‍ഥികളും ഉണ്ടായിരുന്നു.
അയോധ്യാ വിധിപ്രസ്താവത്തില്‍ ഉള്ളടങ്ങിയ അനീതിക്കെതിരെ സെക്യുലര്‍ പാര്‍ട്ടികള്‍ നിലപാടെടുക്കുമെന്ന് കരുതി മുസ്‌ലിംകള്‍ കാത്തിരുന്നു. നിരാശയായിരുന്നു ഫലം. തങ്ങളാണ് കൂടുതല്‍ ഹിന്ദു എന്ന് വരുത്തിത്തീര്‍ക്കാനുളള ശ്രമത്തിലായിരുന്നു സെക്യുലര്‍ പാര്‍ട്ടികള്‍. വിധിപ്രസ്താവത്തെ 'ഇന്ത്യന്‍ ജനതയുടെ വികാരത്തോടൊപ്പം നില്‍ക്കുന്ന' ഒന്നായാണ്, അല്ലാതെ വിഭാഗീയതയോ വര്‍ഗീയതയോ സൃഷ്ടിക്കുന്ന ഒന്നായിട്ടല്ല പൊതുവെ വിലയിരുത്തിയത്.
പൗരത്വ ഭേദഗതി ബില്ലിന്റെ മുന്നോടിയായിരുന്നു അയോധ്യാ വിധിപ്രസ്താവം. തെളിവുകളൊന്നുമില്ലെങ്കിലും ഹിന്ദു അവകാശവാദങ്ങള്‍ക്ക് മുസ്‌ലിം അവകാശവാദങ്ങളേക്കാള്‍ മുന്‍ഗണന കൊടുക്കുന്ന ഒരു ഹയറാര്‍ക്കി സൃഷ്ടിക്കപ്പെടുകയും അതില്‍ മുസ്‌ലിംകള്‍ പദവിയില്‍ താഴ്ന്നവരായിത്തീരുകയും ചെയ്തു. അതുതന്നെയാണ് പൗരത്വ ഭേദഗതി ബില്ലിന്റെ കാര്യത്തിലും സംഭവിച്ചത്. അതിനാല്‍തന്നെ ദേശ നിര്‍മാണ പ്രക്രിയയില്‍നിന്ന് തങ്ങളെ ഒരിക്കല്‍ കൂടി അകറ്റിനിര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത് എന്ന് മുസ്‌ലിംകള്‍ക്ക് തോന്നിപ്പോയെങ്കില്‍ അതിലെന്താണ് തെറ്റ്?
മുസ്‌ലിംകളുടെ ഉത്കണ്ഠക്ക് ശബ്ദം നല്‍കാന്‍ ഈ സെക്യുലര്‍ വര്‍ഗം തയാറില്ലെങ്കില്‍, പിന്നെ ഈ ജനവിഭാഗം എന്തു ചെയ്യണമെന്നാണ് പറയുന്നത്? മുസ്‌ലിം വ്യക്തികള്‍ വധിക്കപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ ഈ പാര്‍ട്ടികളൊന്നും രംഗത്തു വന്നിരുന്നില്ല. രാജ്യ നേതൃത്വം അവരെ പിശാചുവല്‍ക്കരിച്ചുകൊണ്ടിരുന്നപ്പോഴും ആ പാര്‍ട്ടികള്‍ പ്രതികരിച്ചില്ല. കഴിഞ്ഞ ആറു വര്‍ഷമായി ജാമിഅ മില്ലിയ്യയെയും അലീഗഢ് യൂനിവേഴ്‌സിറ്റിയെയും അപകീര്‍ത്തിപ്പെടുത്തിക്കൊണ്ടിരുന്നപ്പോഴും അതിനെതിരെ ഈ പാര്‍ട്ടികള്‍ ശക്തമായ നിലപാടെടുക്കുകയുണ്ടായില്ല. വിവിധ ജനവിഭാഗങ്ങള്‍ ഒന്നിച്ചു പാര്‍ക്കുന്ന ബറോഡയില്‍നിന്ന് ഡിസ്റ്റേര്‍ബ്ഡ് ഏരിയാസ് ആക്ട് ഉപയോഗിച്ച് മുസ്‌ലിംകളെ പുറന്തള്ളിയപ്പോഴും സെക്യുലര്‍ പാര്‍ട്ടികള്‍ ചോദ്യം ചെയ്തില്ല.
ഇന്ത്യയുടെ മുസ്‌ലിമിസം ഇഞ്ചിഞ്ചായി മുറിച്ചു മാറ്റപ്പെട്ടുകൊണ്ടിരുന്നപ്പോഴും അതും ഈ രാഷ്ട്രീയ വര്‍ഗത്തെ അസ്വസ്ഥപ്പെടുത്തുകയുണ്ടായില്ല. ഈ പ്രക്രിയ വളരെ മുമ്പ് തുടങ്ങിയിട്ടുണ്ട്. 1949-ല്‍ തന്നെ ഇന്ദിരാ ഗാന്ധി, നെഹ്‌റുവിന് ഇപ്രകാരം എഴുതുന്നുണ്ട്: ''ടാന്‍ഡന്‍ജി (പുരുഷോത്തം ദാസ് ടാന്‍ഡന്‍) 'ബാദ്' കൊണ്ട് അവസാനിക്കുന്ന ഓരോ നഗരവും 'നഗര്‍' ആക്കി മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രക്രിയ തുടരുകയാണെങ്കില്‍ ഞാനെന്റെ പേര് 'സുഹ്‌റാ ബീഗം' എന്നോ മറ്റോ മാറ്റാന്‍ പ്രകോപിതയാകും.''
ഈ വ്യക്തതയും ദൃഢനിശ്ചയവും ഇന്ദിരാഗാന്ധിയുടെ പാര്‍ട്ടിയില്‍നിന്നു വരെ ഇല്ലാതായിക്കഴിഞ്ഞു. ഇന്ത്യയുടെ ഹിന്ദുവല്‍ക്കരണമാണ് സ്വാഭാവികമായി കണക്കാക്കപ്പെടുന്നത്.
വിഭജനത്തിന്റെ ഭാരം പേറുകയാണ് ഇന്നും മുസ്‌ലിംകള്‍. അത് സംഭവിച്ചിട്ട് എഴുപതില്‍പരം വര്‍ഷങ്ങള്‍ കഴിഞ്ഞു. മുസ്‌ലിം പുതുതലമുറകളോട് ഇപ്പോഴും അതിന്റെ കണക്ക് ചോദിച്ചുകൊണ്ടിരിക്കുകയാണ്. സ്വന്തം നാട്ടില്‍നിന്ന് പിഴുതെറിയപ്പെട്ട സിക്കുകാരുടെയും ഹിന്ദുക്കളുടെയും മുറിവുകളെപ്പറ്റി ആ പുതുതലമുറകളെ നിരന്തരം ഓര്‍മിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ ഇന്ത്യ എന്ന ദേശത്ത് മുസ്‌ലിംകള്‍ക്കെതിരെ നടന്ന കൂട്ടക്കൊലകളെക്കുറിച്ച് മിണ്ടുന്നുമില്ല. ഈ അതിക്രമങ്ങള്‍ നേരില്‍ കണ്ടിട്ടും ഇന്ത്യയില്‍തന്നെ ജീവിക്കാന്‍ തീരുമാനിച്ച മുസ്‌ലിംകള്‍ എക്കാലവും അവരുടെ കൂറ് തെളിയിച്ചുകൊണ്ടേയിരിക്കേണ്ടതുണ്ടോ?
മുസ്‌ലിംകള്‍ തങ്ങളുടെ ഭാഗധേയം ഇന്ത്യയിലെ സെക്യുലര്‍ രാഷ്ട്രീയവുമായി ബന്ധിപ്പിച്ചവരാണ്. പക്ഷേ ഇന്ത്യയുടെ പൊതു സാമൂഹിക മനസ്സിനെ പ്രതിനിധീകരിക്കുന്നവരായി അവര്‍ സ്വീകരിക്കപ്പെടുകയുണ്ടായില്ല. മുസ്‌ലിം നേതാക്കള്‍ മുസ്‌ലിം നേതാക്കളാകാന്‍ മാത്രം വിധിക്കപ്പെട്ടവരായിരുന്നു, ദലിത് നേതാക്കളെപ്പോലെത്തന്നെ. അവരുടേതും പൊതു ശബ്ദമായി കണക്കാക്കപ്പെടുന്നില്ല. തങ്ങള്‍ ഗെറ്റോവല്‍ക്കരിക്കപ്പെടുന്നത് മുസ്‌ലിംകള്‍ക്ക് തടയാനാവാത്തതു പോലെ, തങ്ങള്‍ പ്രത്യേകമായി മാറ്റി നിര്‍ത്തപ്പെടുന്നത് ദലിതുകള്‍ക്കും തടയാനാവുന്നില്ല. 2018 ഏപ്രില്‍ രണ്ടിന് നടന്ന ദലിത് പ്രക്ഷോഭം ഓര്‍ക്കുക. ജാതി ഹിന്ദുക്കള്‍ അതില്‍ പങ്കെടുക്കുകയുണ്ടായില്ല. ദലിത് ഉത്കണ്ഠകള്‍ കേവലം ഭാവനയായിരുന്നില്ല. എന്നിട്ടും ദലിതരല്ലാത്തവരുടെ സാന്നിധ്യം അതില്‍ ഉണ്ടായില്ല.
എങ്കിലും ദലിതര്‍ കുറേകൂടി നല്ലൊരു പൊസിഷനിലാണ്. കാരണം അവര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമ്പോള്‍ മുസ്‌ലിംകള്‍ക്കെതിരെ ഉന്നയിക്കുന്ന പോലെ അത് വിഭാഗീയമാണെന്ന് ആരും പറയുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളൊക്കെ ദലിത് പക്ഷം ചേരാന്‍ മത്സരിക്കുകയും ചെയ്യുന്നു. ആ ഭാഗ്യം മുസ്‌ലിംകള്‍ക്കില്ല.
തങ്ങളെ അരുക്കാക്കുന്നതിനെ ചോദ്യം ചെയ്യാന്‍ തന്നെയാണ് ഇത്തവണ മുസ്‌ലിംകള്‍ തീരുമാനിച്ചത്. തങ്ങളുടെ ഭാഷ മറ്റേതൊരു ഇന്ത്യക്കാരന്റേതും പോലെ പ്രാതിനിധ്യസ്വഭാവമുള്ളതും ജനാധിപത്യപരവുമായിത്തന്നെ പരിഗണിക്കപ്പെടണം.
മുസ്‌ലിംകള്‍ക്ക് ഇന്ത്യയില്‍ ഒന്നും തന്നെ തെളിയിക്കേണ്ടതായിട്ടില്ല. ഈ സമയത്ത് നാം മുസ്‌ലിംകളല്ലാത്തവര്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണം, നമ്മളെല്ലാം സഹപൗരന്മാരാണെന്ന് അവര്‍ക്ക് തെളിയിച്ചു കൊടുക്കാന്‍. എങ്ങനെയാണ് ഒരാള്‍ 'വൈഷ്ണവ് ജന്‍' (വൈഷ്ണവ ഭക്തന്‍) ആവുക, മറ്റുള്ളവരുടെ വേദന അറിയുകയും പങ്കു വെക്കുകയും ചെയ്യാതെ? മുസ്‌ലിംകള്‍ അനുഭവിക്കുന്ന വേദന തങ്ങള്‍ക്കു വേണ്ടി സംസാരിക്കാനുള്ള ഡിഗ്‌നിറ്റി അവര്‍ക്ക് വകവെച്ചു നല്‍കുന്നുണ്ട്. അവരോടൊപ്പം ചേര്‍ന്നു നിന്നു കൊണ്ടാണ് മറ്റുള്ളവര്‍ തങ്ങളുടെ മനുഷ്യത്വം തെളിയിക്കേണ്ടത്.
(ദ വയര്‍.ഇന്‍, 2019 ഡിസംബര്‍ 23)
Comments