Prabodhanm Weekly

Pages

Search

2020 ജനുവരി 03

3133

1441 ജമാദുല്‍ അവ്വല്‍ 07

നടത്തം, വഴിയുടെ അവകാശങ്ങള്‍

മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി

മിതമായ വേഗതയിലാണ് നാം നടക്കേണ്ടത്. തിരക്കു കൂട്ടി കുതിച്ചു നടന്ന് പരിഹാസ്യമായിപ്പോവരുത്. രോഗിയെ പോലെ തീരെ പതുക്കെയും നടക്കരുത്. കാല്‍പാദം നീട്ടിനീട്ടി എടുത്തുവെച്ചായിരുന്നു നബി(സ)യുടെ നടത്തം. കാല്‍ നിലത്ത് ഉരസിയുരസി നടക്കുന്നതിനു പകരം അത് ഉയര്‍ത്തിയെടുത്തും പിന്നെ നിലത്തുവെച്ചും നടക്കുന്നതായിരുന്നു അവിടുത്തെ ശൈലി.
മാന്യതയും ഗൗരവവും കൈവിടാതെ താഴോട്ടുനോക്കി വേണം നടക്കാന്‍. വഴിയിലൂടെ നാല് ഭാഗത്തുമുള്ള സകല വസ്തുക്കളിലേക്കും കണ്ണയച്ചല്ല നടക്കേണ്ടത്. അമാന്യമാണ് ആ നടത്തം. മുകളില്‍നിന്ന് താഴോട്ട് കുത്തിയിറങ്ങുംപോലെ തോന്നിപ്പോകുമാറ് നബി(സ) തന്റെ ശരീരം മുന്നോട്ട് ചായ്ച്ച് ഗാംഭീര്യം കുറക്കാതെയാണ് നടന്നിരുന്നത്. വിനയത്തോടെ ഒതുങ്ങിയ നടത്തം, അഹങ്കാരം ലവലേശമില്ല. ഭൂമി പിളര്‍ക്കാനോ, പര്‍വതത്തിന്റെ ഉച്ചിയിലെത്താനോ നാം അശക്തരാണെന്നിരിക്കെ എന്തിന് അഹങ്കാരം! എപ്പോഴും ചെരിപ്പ് ധരിച്ചു നടക്കണം. ചെരിപ്പിടാതെ നടന്നാല്‍ മുള്ള് പോലുള്ളവ കാലില്‍ തറക്കും. ആക്രമണകാരികളായ മൃഗങ്ങളില്‍നിന്ന് രക്ഷപ്പെടാനും ചെരിപ്പിടുന്നതാണ് ഉത്തമം. നബി(സ) പറഞ്ഞു: ''അധിക നേരവും ചെരിപ്പിട്ട് നടക്കുക. ചെരിപ്പിട്ട് നടക്കുന്നവന്‍ ഒരു സവാരിക്കാരന്‍ തന്നെയാണ്. ഒറ്റ ചെരിപ്പിട്ട് നടക്കരുത്. ധരിക്കുന്നുവെങ്കില്‍ രണ്ടുമിടുക; അല്ലെങ്കില്‍ രണ്ടും ഊരിവെക്കുക'' (തിര്‍മിദി). സംസ്‌കാരത്തിനും മാന്യതക്കും ചേരാത്തതിനാലാണ് നബി(സ) ഈ നിര്‍ദേശം നല്‍കിയത്. വസ്ത്രം ഒതുക്കിവെച്ചാണ് നടക്കേണ്ടത്. ചിതറിത്തെറിച്ച വസ്ത്രം അപകടകാരിയായി മാറും. തന്റെ ഉടുതുണി അല്‍പം മുകളിലോട്ട് ഉയര്‍ത്തി, ഒതുക്കിപ്പിടിച്ചാണ് നബി(സ) നടന്നിരുന്നത്.
സുഹൃത്തുക്കള്‍ക്കൊപ്പം നടക്കുമ്പോള്‍ ഹാവഭാവങ്ങള്‍ നടിക്കുകയോ സംഘത്തിന്റെ മുമ്പില്‍ കയറിനടന്ന് താന്‍പോരിമ പ്രകടിപ്പിക്കുകയോ അരുത്. ഭാവപ്രകടനങ്ങളില്ലാതെ പരസ്പരം കൈപിടിച്ചും നടക്കാം. കൂട്ടുകാര്‍ക്കൊപ്പം നടക്കുമ്പോള്‍ നബി(സ) ഒരിക്കലും തന്റെ സവിശേഷ സ്ഥാനം തിരിച്ചറിയപ്പെടുംവിധം നടന്നിരുന്നില്ല. അധികവും സ്വഹാബികള്‍ക്കൊപ്പം നടക്കുമ്പോള്‍ പലപ്പോഴും പിന്‍നിരയിലാണ്  നബിയെ കാണാനാവുക. പ്രത്യേക ഭാവമില്ലാതിരിക്കാന്‍ കൂട്ടുകാരുടെ കൈപിടിച്ചും ചിലപ്പോഴൊക്കെ അവിടുന്ന് ഒന്നിച്ചു നടക്കാറുണ്ടായിരുന്നു.
വഴിയുടെ അവകാശങ്ങള്‍ നടത്തക്കാര്‍ വകവെച്ചു നല്‍കണം. റോഡിലും ഇടവഴിയിലും തങ്ങിനിന്നും ഇരുന്നും യാത്രക്കാരെ ബുദ്ധിമുട്ടിക്കരുത്. അങ്ങാടിയില്‍ തങ്ങുകയോ ഇരിക്കുകയോ വേണ്ടി വന്നാല്‍ താഴെ പറയുന്ന വഴിയുടെ ആറ് അവകാശങ്ങള്‍ വകവെച്ചു നല്‍കണം:
1. ദൃഷ്ടികള്‍ താഴ്ത്തുക 2. ഉപദ്രവകരമായ വസ്തുക്കള്‍ വഴിയില്‍നിന്ന് മാറ്റിയിടുക. 3. സലാം പറഞ്ഞാല്‍ മറുപടി നല്‍കുക. 4. നന്മയെ പറ്റി ബോധവത്കരിക്കുക; തിന്മ തടയുക. 5. വഴിതെറ്റിയവരെ ലക്ഷ്യസ്ഥാനത്തേക്കു വഴികാണിക്കുക. 6. പ്രയാസപ്പെടുന്നവര്‍ക്കു സഹായം ചെയ്യുക.
നല്ല മനുഷ്യരോടൊപ്പമാണ് എപ്പോഴും യാത്രചെയ്യേണ്ടത്. യാത്രയില്‍ ചീത്ത കൂട്ടുകെട്ട് ഒഴിവാക്കുക. അന്യ സ്ത്രീപുരുഷന്മാര്‍ ഒന്നിച്ച് നടക്കരുത്. സ്ത്രീകള്‍ റോഡിന്റെ പാര്‍ശ്വത്തിലൂടെ നടക്കട്ടെ. അവരെ തട്ടിമുട്ടി പോകാതിരിക്കാന്‍ പുരുഷന്മാരും ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീകള്‍ ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുമ്പോള്‍ തങ്ങളുടെ ശരീരഭാഗങ്ങള്‍ മറയ്ക്കണം; നടക്കുമ്പോള്‍ ശബ്ദമുണ്ടാക്കുന്ന പാദസരം പോലുള്ളവ ധരിക്കുകയോ സുഗന്ധം പുരട്ടി പുറത്തിറങ്ങുകയോ ചെയ്യരുത്. അത്തരക്കാരെ പ്രവാചകന്‍(സ) നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ആകാശത്തേക്ക് ദൃഷ്ടിയുയര്‍ത്തി ഇങ്ങനെ പ്രാര്‍ഥിക്കുക:
ബിസ്മില്ലാഹി തവക്കല്‍തു അലല്ലാഹി അല്ലാഹുമ്മ ഇന്നീ അഊദുബിക മിന്‍ അന്‍ നസില്ല ഔ നുസല്ല വഅന്‍ നളില്ല ഔ നുളല്ല ഔ നള്‌ലിമ ഔ യുള്‌ലമ അലൈനാ ഔ നജ്ഹല ഔ യുജ്ഹല അലൈനാ (അഹ്മദ്).
(അല്ലാഹുവേ നിന്നില്‍ ഭരമേല്‍പിച്ചുകൊണ്ട് ഞാന്‍ പുറത്തേക്കിറങ്ങുന്നു. നാഥാ, വഴിതെറ്റുകയോ വഴിതെറ്റിപ്പിക്കുകയോ ചെയ്യുന്നതില്‍നിന്നും, വഴിപിഴക്കുകയോ വഴിപിഴപ്പിക്കപ്പെടുകയോ ചെയ്യുന്നതില്‍നിന്നും, ഞാന്‍ സ്വയം അക്രമിയാകുന്നതില്‍നിന്നും മറ്റുള്ളവര്‍ ഞങ്ങളോട് അതിക്രമം കാട്ടുന്നതില്‍നിന്നും എനിക്ക് അജ്ഞത സംഭവിക്കുന്നതില്‍നിന്നും മറ്റുള്ളവര്‍ ഞങ്ങളോട് അജ്ഞത കാണിക്കുന്നതില്‍നിന്നും നിന്നില്‍ അഭയം തേടുന്നു).
അങ്ങാടിയിലേക്കു പോവുമ്പോള്‍ ഇങ്ങനെയും പ്രാര്‍ഥിക്കണം: ബിസ്മില്ലാഹി അല്ലാഹുമ്മ ഇന്നീ അസ്അലുക ഖൈറ ഹാദിഹിസ്സൂഖി വഖൈറ മാഫീഹാ വഅഊദുബികമിന്‍ ശര്‍രിഹാ വശര്‍രി മാഫീഹാ, അല്ലാഹുമ്മ ഇന്നീ അഊദുബിക അന്‍ ഉസ്വീബ ബിഹാ യമീനന്‍ ഫാജിറതന്‍ ഔ സ്വഫഖതന്‍ ഖാസിറതന്‍.
(ദൈവനാമത്തില്‍. നാഥാ, ഈ അങ്ങാടിയുടെ നന്മയും അതിലുള്ളതിന്റെ നന്മയും ഞാന്‍ നിന്നോട് ചോദിക്കുന്നു. ഈ തെരുവിന്റെ ശാപത്തില്‍നിന്നും അതിലുള്ളതിന്റെ ശാപത്തില്‍നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുകയും ചെയ്യുന്നു. നാഥാ, അവിടത്തെ കള്ളസത്യത്തില്‍നിന്നും നഷ്ടങ്ങളില്‍നിന്നും നിന്നില്‍ അഭയം തേടുന്നു).
ഉമര്‍(റ) നബി(സ)യില്‍നിന്ന് ഉദ്ധരിക്കുന്നു:
'പ്രസ്തുത പ്രാര്‍ഥന ഉരുവിട്ട് അങ്ങാടിയില്‍ പ്രവേശിക്കുന്നവര്‍ക്ക് അല്ലാഹു അവന്റെ കണ്ഠത്തില്‍ പത്തുലക്ഷം നന്മ ചൊരിയുന്നതാണ്. അത്രതന്നെ കുറ്റങ്ങള്‍ അവന് പൊറുക്കുന്നതും അത്ര കണ്ട് പദവി ഉയര്‍ത്തുന്നതുമാണ്.'

യാത്രയിലാവുമ്പോള്‍

അനുയോജ്യമായ സമയം തെരഞ്ഞെടുത്താണ് യാത്ര പുറപ്പെടേണ്ടത്. വിശിഷ്യാ, നമസ്‌കാരസമയം പ്രത്യേകം ശ്രദ്ധിക്കണം. നബി(സ) യാത്രപോകാനോ മറ്റാരെയെങ്കിലും യാത്രയയക്കാനോ വേണ്ടി പൊതുവില്‍ വ്യാഴാഴ്ചയാണ് പറ്റിയ ദിവസമായി തെരഞ്ഞെടുത്തിരുന്നത്. ഒറ്റക്കു യാത്ര പോകുന്നതിനു പകരം 3 പേരെങ്കിലും ഒന്നിച്ച് പോകുന്നതാണ് ഉത്തമം. യാത്രാപാഥേയങ്ങളുടെ സുരക്ഷക്കും മറ്റു ആവശ്യങ്ങള്‍ ഉാകുമെന്നതിനാലും അപകടങ്ങളില്‍നിന്ന് രക്ഷപ്പെടാനും ഒന്നില്‍ കൂടുതല്‍ ആളുകള്‍ കൂടെ ഉണ്ടാവുന്നതാണ് നല്ലത്.
നബി (സ) പറഞ്ഞു: 'ഒറ്റക്കു യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന പ്രയാസങ്ങളെ പറ്റി ഞാന്‍ അറിയുന്ന കാര്യങ്ങള്‍ ജനങ്ങളും അറിഞ്ഞിരുന്നെങ്കില്‍ ആരും രാത്രി ഉള്‍പ്പെടെ തനിച്ച് സഞ്ചരിക്കുകയില്ല' (ബുഖാരി).
ഒരിക്കല്‍ വിദൂരത്തുനിന്ന് യാത്രചെയ്ത് പ്രവാചകസന്നിധിയില്‍ വന്ന ആളോട് കൂടെ ആരാണുള്ളതെന്ന് അവിടുന്ന് അന്വേഷിച്ചു. ആഗതന്റെ മറുപടി: 'പ്രവാചകരേ, ഒറ്റക്കാണ്.' പ്രവാചകന്‍ പറഞ്ഞു: 'ഒറ്റക്ക് യാത്ര ചെയ്യുന്നവന്‍ ചെകുത്താനാണ്. രണ്ട് പേരുടെ യാത്രയും ചെകുത്താനാണ്. മൂന്നു പേരുടേതാണ് യഥാര്‍ഥ യാത്ര' (തിര്‍മിദി).
സ്ത്രീ തനിക്ക് വിവാഹം നിഷിദ്ധമാക്കപ്പെട്ട(മുഹ്‌രിം) ആള്‍ക്കൊപ്പമാണ് യാത്രചെയ്യേത്. അര ദിവസത്തെ യാത്രയാണെങ്കില്‍ വലിയ കുഴപ്പമില്ല. എങ്കിലും അവള്‍ ഒറ്റക്ക് യാത്രചെയ്യാതിരിക്കലാണ് സൂക്ഷ്മത. നബി(സ) പറഞ്ഞു: 'അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന സ്ത്രീക്ക് മൂന്നോ അതില്‍ കൂടുതലോ ദിവസം ഒറ്റക്കുള്ള യാത്ര അനുവദനീയമല്ല. പിതാവ്, സഹോദരന്‍, ഭര്‍ത്താവ്, മകന്‍- എന്നിവരില്‍ ആരെങ്കിലും കൂടെയുള്ള സന്ദര്‍ഭത്തിലേ അവള്‍ ദീര്‍ഘയാത്ര നടത്താവൂ' (ബുഖാരി).
യാത്രക്കുവേണ്ടി തയാറായി വാഹനത്തിലിരുന്നാല്‍ അല്ലെങ്കില്‍ വാഹനം ഇളകി തുടങ്ങുമ്പോള്‍ ഇങ്ങനെ പ്രാര്‍ഥിക്കുക:
സുബ്ഹാനല്ലദീ സഖ്ഖറ ലനാ ഹാദാ വമാ കുന്നാ ലഹു മുഖ്‌രിനീന്‍
യാത്രയില്‍ മറ്റുള്ളവരുടെയും എളുപ്പവും സൗകര്യവും പരിഗണിക്കണം. കൂടെയുള്ള ആള്‍ എന്ന ഖുര്‍ആനിക പ്രയോഗം (അസ്സ്വാഹിബു ബില്‍ ജുന്‍ബ് - അന്നിസാഅ്: 3) അവരോട് നല്ല നിലയില്‍ പെരുമാറണമെന്ന് ഉണര്‍ത്തുന്നു്. യാത്രയില്‍ എവിടെവെച്ചും ഇടപഴകേണ്ടി വരുന്ന ഏതൊരാളും നമുക്ക് 'സ്വാഹിബു ബില്‍ജന്‍ബ്' ആണ്. യാത്രയിലെ ചെറിയകാലത്തെ കൂട്ടുകെട്ട് പോലും സഹയാത്രികരോട് സൗഹൃദത്തില്‍ വര്‍ത്തിക്കാന്‍ നമ്മെ ബാധ്യതപ്പെടുന്നു്. അഥവാ വാക്കാലോ പ്രവൃത്തിയാലോ ശാരീരികമോ മാനസികമോ ആയ യാതൊരു ദ്രോഹവും അവര്‍ക്കുണ്ടാകാതിരിക്കുക എന്നതാണ് ആ ബാധ്യത. നബി(സ) പറഞ്ഞു: 'ജനനേതാവ് അവരുടെ സേവകനാകുന്നു. ആരെങ്കിലും മറ്റുള്ളവര്‍ക്ക് സേവനം ചെയ്യുന്നതില്‍ മുന്നേറുന്നുണ്ടെങ്കില്‍ നന്മയില്‍ അയാളെ കവച്ചുവെക്കുന്നവനായി ആരുമില്ല. ദൈവമാര്‍ഗത്തില്‍ രക്തസാക്ഷിയായ ആള്‍ അല്ലാതെ' (മിശ്കാത്ത്).
യാത്ര പുറപ്പെടുമ്പോഴും മടങ്ങിയെത്തിയാലും രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കരിക്കുക. മടങ്ങിയെത്തിയതിന്റെ നന്ദിസൂചകമായ നമസ്‌കാരമാണ് അപ്പോള്‍ നിര്‍വഹിക്കുന്നത്. അതായിരുന്നു പ്രവാചക മാതൃക.
യാത്രാ വാഹനം ഏതുമാകട്ടെ, അത് ചലിക്കാന്‍ തുടങ്ങുമ്പോള്‍ ഇങ്ങനെ പ്രാര്‍ഥിക്കുക: അല്ലാഹുമ്മ ലക ശറഫു അലാ കുല്ലി ശറഫ്, വലകല്‍ ഹംദു അലാ കുല്ലി ഹാല്‍.
കൊള്ളക്കാരും കവര്‍ച്ചക്കാരും ഹിംസ്രജന്തുക്കളും ജീവനും സ്വത്തിനും ഉപദ്രവമേല്‍പിക്കാത്ത സുരക്ഷിത സ്ഥലമാണ് രാത്രി തങ്ങാന്‍ യാത്രക്കിടയില്‍ തെരഞ്ഞെടുക്കേണ്ടത്. യാത്രാലക്ഷ്യം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ നിന്നു തിരിയാതെ വേഗം മടക്കയാത്രക്ക് തയാറെടുക്കണം. വീട്ടുകാരെ അറിയിക്കാതെ പെട്ടെന്ന് വീട്ടിലേക്ക് കയറിച്ചെല്ലുകയല്ല വേത്. മുന്‍കൂട്ടി അവരെ അറിയിച്ച ശേഷം അവര്‍ക്ക് തന്നെ/തങ്ങളെ സ്വീകരിക്കാനുള്ള സാവകാശം നല്‍കിയ ശേഷമാണ് വീട്ടിലേക്ക് കയറേണ്ടത്. യാത്രയില്‍, വിശേഷിച്ചും തണുപ്പു കാലത്ത് ഒരു വിരിപ്പ് കൂടെ കരുതണം. ആതിഥേയന് ഉാകാനിടയുള്ള ചില പ്രയാസങ്ങള്‍ അതു മുഖേന ലഘൂകരിക്കപ്പെടാം. വെള്ളപ്പാത്രവും നമസ്‌കാരപ്പടവും കൂടെ കരുതുക. ഒന്നിച്ചുള്ള യാത്രയില്‍ ഒരാളെ നേതാവായി നിശ്ചയിക്കണം. എങ്കിലും ടിക്കറ്റ്, പണം, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ ഓരോരുത്തരും അവരവരുടെ കൈയില്‍ തന്നെയാണ് സൂക്ഷിക്കേണ്ടത്. 
യാത്രകഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ഇങ്ങനെ പ്രാര്‍ഥിക്കുക:

(തന്റെ നാഥങ്കലേക്ക് ഇനിയും മടങ്ങേണ്ടതുണ്ട്. തിന്മയുടെ ഒരു കണികപോലും അവശേഷിപ്പിക്കാത്തവിധം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു കൊണ്ടാണ് എന്റെ മടക്കം).
യാത്രയയക്കുമ്പോള്‍ കൂടെ അല്‍പം പിന്തുടരുകയും പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും വേണം. അയാള്‍ക്കുവേണ്ടി 'അസ്തൗദിഉല്ലാഹ ദീനക വ അമാനത്തക വ ഖവാതീമ അമലിക' എന്നു പ്രാര്‍ഥിക്കുക.
യാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്നവരെ സ്വീകരിക്കുകയും സ്‌നേഹവാക്കുകള്‍ പ്രകടിപ്പിക്കുകയും സാഹചര്യമനുസരിച്ച് ഹസ്തദാനമോ ആലിംഗനമോ നടത്തുകയും വേണമെന്നതാണ് ഇസ്‌ലാമിക ചിട്ട. 

വിവ: റഫീഖുര്‍റഹ്മാന്‍ മൂഴിക്കല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (58-59)
ടി.കെ ഉബൈദ്‌