Prabodhanm Weekly

Pages

Search

2020 ജനുവരി 03

3133

1441 ജമാദുല്‍ അവ്വല്‍ 07

ആസാദിന്റെ ദീര്‍ഘവീക്ഷണം, മൗദൂദിയുടെയും

കെ.പി.എഫ് ഖാന്‍, ചേനപ്പാടി

ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം അജയ്യമെന്നും ഇനിയൊരിക്കലും അതിനൊരു തിരിച്ചുപോക്കില്ലെന്നും മുതലാളിത്തം തകരാനടുത്തിരിക്കുന്നുവെന്നും  ഊറ്റം കൊണ്ടിരുന്ന കാലത്ത് മൗലാനാ മൗദൂദിയുടെ ആ ദീര്‍ഘദര്‍ശനമുണ്ടായി; കമ്യൂണിസത്തിന് മോസ്‌കോയില്‍ പോലും അഭയം ലഭിക്കാതെ പ്രേതം കണക്കെ അലഞ്ഞുതിരിയേണ്ട കാലം വരുമെന്ന്. മൗലാനയുടെ നിര്യാണം കഴിഞ്ഞ് ഒരു ദശാബ്ദത്തിനുള്ളില്‍ ദീര്‍ഘദര്‍ശനം യാഥാര്‍ഥ്യമായി പുലര്‍ന്നു.
1946-ല്‍ അവിഭക്ത ജമാഅത്തെ ഇസ്‌ലാമിയുടെ ഒടുവിലത്തെ വാര്‍ഷിക സമ്മേളനം മദിരാശിയില്‍ നടക്കുകയുണ്ടായി. ആ സമ്മേളനത്തിലെ മൗദൂദി സാഹിബിന്റെ അധ്യക്ഷ പ്രസംഗം 'ഇന്ത്യന്‍ യൂനിയനും ഇസ്‌ലാമിക പ്രസ്ഥാനവു'മെന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. പാകിസ്താന്‍ രൂപീകരണത്തിന്റെ പരിണിത ഫലമായി ബാക്കിവരുന്ന ഇന്ത്യ ഹിന്ദു ഭാരതമായി തീരുമെന്നും ഇവിടെ ശേഷിക്കുന്ന മുസ്‌ലിംകള്‍ രണ്ടാം കിടയോ മൂന്നാം കിടയോ പൗരന്മാരായി തീര്‍ന്ന് കെടുതികള്‍ അനുഭവിക്കുമെന്നും മൗദൂദി ആ പ്രഭാഷണത്തില്‍ വിവരിക്കുകയുണ്ടായി. ഈ പരിണതിയെ മുന്നില്‍ കണ്ടാണ് മൗദൂദി സാഹിബ്, അബുല്‍കലാം ആസാദ് തുടങ്ങിയ നേതാക്കള്‍ പാകിസ്താന്‍ വാദത്തെ എതിര്‍ത്തത്. സ്വര്‍ഗരാജ്യം ലഭിക്കാന്‍ പോകുന്ന ആഹ്ലാദത്തില്‍ മതിമറന്ന മുസ്‌ലിംലീഗിന് മൗദൂദിയും ആസാദുമൊക്കെ ഇസ്‌ലാംവിരുദ്ധരാകാന്‍ തക്ക കാരണമായിരുന്നു അവരുടെ വിഭജനത്തോടുള്ള എതിര്‍പ്പ്. അതാണ് ലീഗുകാര്‍ സംഘം ചേര്‍ന്ന് മദിരാശിയിലെ ജമാഅത്ത് യോഗം കലക്കാനും മൗദൂദിയെ കൈയേറ്റം ചെയ്യാനും കാരണം.
ദീര്‍ഘവീക്ഷണമില്ലാത്ത മുസ്‌ലിം നേതാക്കളുടെ എടുത്തുചാട്ടമാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍ ഇന്നനുഭവിക്കുന്ന ഈ ദുരിതം. ഈ ഭരണവും ദീര്‍ഘകാലം നിലനില്‍ക്കുകയില്ലെന്നും മൗദൂദി പറഞ്ഞിട്ടുണ്ട്. 

 

 

സ്വാതന്ത്ര്യ വാദം നവ തലമുറയെ നയിക്കുന്നത്

തീര്‍ത്തും കാലികമായ, തികഞ്ഞ ഗൗരവത്തോടെ കാണേണ്ട വിഷയമാണ് ഫാത്വിമാ സഹ്‌റ ബത്തൂല്‍ എഴുതിയിട്ടുള്ളത് (2019 ഡിസംബര്‍ 6). അള്‍ട്ടിമേറ്റ് സ്വാതന്ത്ര്യവാദത്തിന്റെ വക്താക്കളായി യുവ തലമുറയില്‍ ചിലര്‍ മാറുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെയും അരുതുകളുടെയും സീമകള്‍ നിശ്ചയിക്കുന്നിടത്ത് രക്ഷിതാക്കളും സമൂഹവും പരാജയപ്പെടുകയാണ്. തികഞ്ഞ മതചിട്ടയോടെ ജീവിക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള യുവാക്കളും യുവതികളും പോലും ആസൂത്രിതമായ പിന്നാമ്പുറ തിരക്കഥകളില്‍ വീഴുന്നു എന്ന് സമകാലിക അനുഭവങ്ങള്‍ തെളിയിക്കുന്നു. സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളുടെ കൂടിച്ചേരലുകള്‍, വിനോദയാത്രകള്‍ തുടങ്ങി ഒട്ടേറെ സ്വതന്ത്ര ഇടങ്ങളില്‍ സ്വയം പരിധി നിശ്ചയിക്കുന്നതില്‍ പരാജയപ്പെടുന്നവരില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ ഏറെയാണ്. ഇന്ന്, വിനോദയാത്രകളില്‍ ഒഴിച്ചുകൂടാനാവാത്ത ഡി.ജെ പാര്‍ട്ടികളില്‍ നടക്കുന്ന ലഹരി,  മദ്യപാനം തുടങ്ങിയ ആഭാസങ്ങളില്‍ യാതൊരു മടിയും കൂടാതെ പങ്കെടുക്കുന്നത് കേവലം സ്വാതന്ത്ര്യത്തിന്റെയോ, ആസ്വാദനത്തിന്റെയോ പരിധിയില്‍ ഒതുങ്ങുന്നതാണ് എന്ന അപകട ചിന്ത വ്യാപകമാണ്.
സാമുദായിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂണുപോലെ മുളച്ചു പൊങ്ങിയെങ്കിലും അവയില്‍നിന്നും വിശ്വാസ ആദര്‍ശങ്ങളും ധാര്‍മിക ചിട്ടകളും വേണ്ട വിധത്തില്‍ ലഭിക്കുന്നില്ല എന്നു വേണം മനസ്സിലാക്കാന്‍. മറിച്ച്, ഇത്തരം സ്ഥാപനങ്ങളുടെ വ്യാപനം വഴി പൊതുസമൂഹത്തില്‍ ജീവിച്ചു പരിചയിക്കേണ്ടതിന്റെയും  ബഹുസ്വരതയെ അറിയേണ്ടതിന്റെയും ആവശ്യകത വരുംതലമുറക്ക് കിട്ടാതെ പോവുന്നു എന്നതും  ഗൗരവമായി കാണേണ്ടതാണ്.
സ്വതന്ത്ര ചിന്ത, യുക്തി, ആവിഷ്‌കാരം തുടങ്ങി വിവിധ ചേരുവകള്‍ വേണ്ടുവോളം ലഭിക്കുന്ന സോഷ്യല്‍ മീഡിയ കാലത്ത് യഥാര്‍ഥ വിശ്വാസത്തോടൊപ്പം പ്രമാണങ്ങളെ വിവിധ മാനങ്ങളില്‍ വായിക്കാനും തുറന്ന മനസ്സോടെ ഗ്രഹിക്കാനും പുതുതലമുറയെ ശീലിപ്പിക്കേണ്ടതുണ്ട്. അരുതുകളോടൊപ്പം അനുവാദങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും മാധുര്യത്തെപ്പറ്റി ചിന്തിപ്പിക്കുകയും അതിലൂടെ ആര്‍ജവം നേടാനുള്ള  വിശ്വാസം വളര്‍ത്തിയെടുക്കുകയുമാണ് ചെയ്യേണ്ടത്. 

സലീം ചളവറ, ജിദ്ദ

 

 

ഉത്തരവാദിത്ത ബോധം പ്രധാനമാണ്

കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ നിന്ന് അപകട മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. രാവിലെ പത്ത് മണി മുതല്‍ നാല് മണി വരെയുള്ള സമയം വിദ്യാലയങ്ങളില്‍ ചെലവഴിക്കുന്ന കുട്ടികളുടെ പഠനം മാത്രമല്ല, സുരക്ഷിതത്വവും അധ്യാപകരുടെ ഉത്തരവാദിത്തമാണ്. തങ്ങളുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ അവര്‍ സുരക്ഷിതരാണോ എന്ന് രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതുണ്ട്. അക്കാദമിക മികവിനോടൊപ്പം ഉത്തരവാദിത്തബോധം ഏറെ അനിവാര്യമാണ്. ഗുരുതരാവസ്ഥയില്‍ രോഗിയെ കൊണ്ടുവരുമ്പോള്‍ സന്ദര്‍ഭത്തിനൊത്ത് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടവരാണ് ഡോക്ടര്‍മാര്‍. ഒട്ടും സമയം നഷ്ടപ്പെടുത്താതെ രോഗിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കേണ്ടത് ഡോക്ടറുടെ കടമയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത അനവധി വിദ്യാലയങ്ങള്‍ കേരളത്തിലുണ്ട്. ആവശ്യത്തിനും അനാവശ്യത്തിനും പഠിപ്പ് മുടക്കി സമരം ചെയ്യുന്ന വിദ്യാര്‍ഥി സംഘടനകള്‍ കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത വിദ്യാലയങ്ങളുടെ ശോചനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് പരിഹരിക്കാന്‍ ജാഗ്രത കാണിക്കണം. ക്ലാസ്സ് മുറികള്‍ ഹൈടെക്ക് സംവിധാനത്തിലേക്ക് മാറ്റുമ്പോഴും കുട്ടികള്‍ക്ക് സുരക്ഷിതമായി പഠിക്കാന്‍ കഴിയുന്ന ക്ലാസ്സ് മുറികള്‍ തന്നെ ഇല്ലാത്ത അനവധി വിദ്യാലയങ്ങള്‍ കേരളത്തിലുണ്ട് എന്നോര്‍ക്കണം. എന്റെ അനാസ്ഥ കാരണം ഒരാളുടെയും ജീവന്‍ നഷ്ടപ്പെടുകയില്ലെന്ന് ഒരോരുത്തരും പ്രതിജ്ഞ എടുത്താല്‍ മാറ്റം വലുതായിരിക്കും. 

കെ.ടി ഇബ്‌റാഹീം എടക്കഴിയൂര്‍, ദുബൈ

 

 

'ഖുര്‍ആന്‍ ബോധന'ത്തെക്കുറിച്ചു തന്നെ

പലവുരു ഇവിടെ പറഞ്ഞതാണെന്നറിയാം. എന്നാലും, വായിക്കുംതോറും വീണ്ടും വീണ്ടും ബോധ്യപ്പെടുന്ന കാര്യമായതുകൊണ്ട് ഒന്നുകൂടി പറയാതിരിക്കാന്‍ കഴിയുന്നില്ല.
ഖുര്‍ആന്‍ ബോധനം ഒരത്ഭുതമാണ്.  ഒരുപക്ഷേ, ഖുര്‍ആന്റെ കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകാലത്തെ ചരിത്രത്തില്‍, ഇത്രയും സമഗ്രമായ ഒരു വ്യാഖ്യാനം അറബിയിലെന്നല്ല മറ്റേതൊരു ഭാഷയിലും അപൂര്‍വമായിരിക്കും. നിലവിലുള്ള എല്ലാ ആധികാരിക തഫ്‌സീര്‍ ഗ്രന്ഥങ്ങളെയും സ്വാംശീകരിച്ച് അവയില്‍നിന്നെല്ലാം ആശയം കൈക്കൊള്ളുന്നതോടൊപ്പം കാലികമായ വ്യാഖ്യാനവും ഉള്‍പ്പെടുത്തുന്നു എന്നതാണ് ഖുര്‍ആന്‍ ബോധനത്തിന്റെ സവിശേഷത. പ്രധാനപ്പെട്ട അറബിപദങ്ങളെയും പ്രയോഗങ്ങളെയും പ്രത്യേകമായെടുത്ത് വിശകലനം ചെയ്യുകയും, അവയുടെ ഭാഷാര്‍ഥങ്ങളും സാന്ദര്‍ഭികാശയങ്ങളും പറയുകവഴി അഗാധമായി ഖുര്‍ആന്‍ പഠിക്കാനാഗ്രഹിക്കുന്നവരെ കൂടി തൃപ്തിപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഗൗരവമായി ഖുര്‍ആന്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കെന്നപോലെ മറ്റുള്ളവരെ ഖുര്‍ആന്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും വിശിഷ്ട റഫറന്‍സ് ഗ്രന്ഥമായിത്തീരുന്ന ഖുര്‍ആന്‍ ബോധനം മലയാളി മുസ്‌ലിംകള്‍ക്കൊരനുഗ്രഹമാണ്.
ഗ്രന്ഥകാരന് അല്ലാഹു ദീര്‍ഘായുസ്സും ആരോഗ്യവും നല്‍കുമാറാകട്ടെ! 

അബ്ദുന്നാസര്‍, നാദാപുരം

 


സ്ത്രീസമൂഹം അതിക്രമങ്ങളെ അതിജീവിക്കും

നീതിനിര്‍വഹണത്തില്‍ പോലീസ് ഇടനിലക്കാരനാണ്. തെളിവുകള്‍ ശേഖരിച്ച് കോടതിസമക്ഷം സമര്‍പ്പിക്കുകയെന്ന ഉത്തരവാദിത്തമാണ് പോലീസ് ചെയ്യേണ്ടത്. പ്രതികളെ പിടികൂടി ഏകപക്ഷീയമായി സ്വന്തം നിലക്ക് ശിക്ഷ നടപ്പാക്കാനുള്ള അധികാരം ഭരണഘടന അവര്‍ക്ക് നല്‍കിയിട്ടില്ല. ഇന്ത്യയിലെ പോലീസ് സംവിധാനം സ്വന്തം നിലക്ക് ശിക്ഷ നടപ്പാക്കുന്ന ഏകാധിപത്യത്തിലേക്ക് മാറിയിരിക്കുന്നു. ഇരകള്‍ക്ക് കിട്ടേണ്ട സഹാനുഭൂതി വേട്ടക്കാരനിലേക്കും ചെന്നെത്തുന്നു. അതുകൊണ്ടു തന്നെ ഇത്തരം നടപടികള്‍ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് ഭൂഷണമല്ല. വ്യാജ ഏറ്റുമുട്ടലുകളെ ഏറ്റുമുട്ടലുകള്‍ എന്ന ഭാഷ്യം ചമച്ച് പോലീസിന് രക്ഷപ്പെടാം. കരിനിയമങ്ങളുടെ പിന്‍ബലത്തില്‍ പോലീസിന് രക്ഷപ്പെടാനുള്ള ന്യായവാദമാണ് ഏറ്റുമുട്ടലിലൂടെ കൈവരുന്നത്. വടക്കേ ഇന്ത്യയില്‍ അരങ്ങേറുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഉദാഹരണമാണ്. പോലീസ് നടപടികളെ പ്രശംസിച്ചുകൊണ്ട് രാജ്യത്തുടനീളം നടക്കുന്ന വൈകാരിക പ്രകടനങ്ങള്‍ താല്‍ക്കാലികമായുണ്ടാകുന്ന കേവലം രോഷപ്രകടനങ്ങള്‍ മാത്രമാണ്. ഭാരതം കേട്ടുണരുന്നത് സ്ത്രീപീഡന വാര്‍ത്തകളുമായിട്ടാണ്. സ്ത്രീപീഡനങ്ങളും കൊലപാതകങ്ങളും ഭാരതത്തിന്റെ അന്തസ്സിനേല്‍ക്കുന്ന ഉണങ്ങാത്ത മുറിവുകളാണ്. ഭാരതസംസ്‌കാരം സ്ത്രീസമൂഹത്തിനു നല്‍കുന്ന അന്തസ്സ് ലോകത്തിന് തന്നെ മാതൃകയാണ്. വര്‍ത്തമാന ദുരിതമായി മാറിയിരിക്കുന്ന ബലാത്സംഗങ്ങളും കൊലപാതകങ്ങളും രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടെത്തിച്ചിരിക്കുന്നത്? മനുഷ്യനും മൃഗവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിവാണ്. തിരിച്ചറിവുണ്ടെന്നു വിശ്വസിക്കുന്ന മനുഷ്യന്‍ മൃഗത്തെ കടത്തിവെട്ടി ക്രൂരതകള്‍ നടത്തുന്നു. നിയമാനുസൃത ശിക്ഷാ നടപടികള്‍ ഉറപ്പാക്കിയിട്ടുള്ള ഭരണഘടനാ സ്ഥാപനമാണ് നമ്മുടെ നീതിപീഠങ്ങള്‍. ഗാന്ധിവധം, ഇന്ദിരാവധം, രാജീവ് വധം തുടങ്ങിയവ ഉദാഹരണങ്ങളാണ്. നിയമം നടപ്പാക്കേണ്ടത് കോടതിയാണെന്നിരിക്കെ പോലീസ് സ്വന്തം നിലക്ക് ശിക്ഷ നടപ്പാക്കുമ്പോള്‍ കോടതി എന്തിനാണെന്നുള്ള ചോദ്യം അവശേഷിക്കുകയാണ്. തെളിവുകള്‍ ശേഖരിച്ച് കോടതി മുമ്പാകെ സമര്‍പ്പിക്കുന്നതിലെ കാലതാമസമാണ് ഇത്തരം അനീതികളിലേക്ക് പോലീസിനെ കൊണ്ടെത്തിക്കുന്നത്.
സ്ത്രീസമൂഹം ഉന്നതികളില്‍ വിരാജിക്കുമ്പോഴും വളര്‍ന്നുവരുന്ന യുവതലമുറ നേരിടുന്ന ഇത്തരം ക്രൂരതകള്‍ അവരെ നിരാശയിലും ആശങ്കയിലും എത്തിക്കുന്നു. ബലാത്സംഗം, മാനസിക പീഡനം, തൊഴില്‍ ശാലകളിലെ അസഭ്യങ്ങള്‍, പാഠശാലകളിലെ റാഗിംഗ്, അനീതികള്‍ തുടങ്ങിയവ യുവതികള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്.
ഐ.ഐ.ടി പോലുള്ള ഉന്നത വിദ്യാശാലകളിലെ പീഡനമാണ് ഫാത്വിമ ലത്വീഫിനെപ്പോലെയുള്ള വിദ്യാര്‍ഥിനികള്‍ക്ക് ജീവിതം അവസാനിപ്പിക്കാന്‍ പ്രേരണയാവുന്നത്. സ്ത്രീപീഡനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇന്നത്തെ നിയമസംവിധാനം മാത്രം മതിയാവുകയില്ല എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. 

ഇ. ഖാലിദ്, പുന്നപ്ര

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (58-59)
ടി.കെ ഉബൈദ്‌