എന്തുകൊണ്ട് സംഘടനാ ഘടനയുടെ ഭാഗമാവണം?
ലോകത്ത് പ്രധാനമായും രണ്ടു തരം സംഘടനകളുണ്ട്. കേഡര്‍ സംഘടനകളും ബഹുജന സംഘടനകളും. ആധുനിക ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ പൊതുവെ കേഡറിസത്തെയാണ് സംഘടനാ ഘടനയായി സ്വീകരിച്ചിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി വളരെ കൃത്യവും ഭദ്രവുമായ കേഡര്‍ സംവിധാനമുള്ള പ്രസ്ഥാനമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ഭരണഘടനാ സാധുതയുള്ള ഏക പ്രസ്ഥാന പങ്കാളിത്ത രൂപം റുക്ന്‍ (മെമ്പര്‍) എന്നതാണ്. ജീവിതം കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും പ്രസ്ഥാനത്തോടൊപ്പം സഞ്ചരിക്കുകയും എന്നാല്‍ അംഗമല്ലാതിരിക്കുകയും ചെയ്യുന്ന ധാരാളമാളുകളെ സംഘടനാ പരിസരത്ത് കാണാന്‍ കഴിയും. ഇത്തരം ആളുകള്‍ എന്തുകൊണ്ടാണ് മെമ്പര്‍മാര്‍ ആകാതിരിക്കുന്നത്? ഒന്നുകില്‍ അതിനെക്കുറിച്ച അശ്രദ്ധയായിരിക്കും കാരണം. അല്ലെങ്കില്‍ ഉത്തരവാദിത്തങ്ങള്‍ തലയില്‍ വരാതിരിക്കാനുള്ള സുരക്ഷാ വഴിയായി അവരതിനെ കാണുന്നുണ്ടാവണം. രണ്ടാമത് പറഞ്ഞ കാരണത്തിന് അവരുടെ ഭാഗത്തുനിന്ന് ആലോചിക്കുമ്പോള്‍ ചില ശരികളുണ്ട്. എവിടെയോ കിടക്കുന്ന കോടാലി എടുത്ത് കാലില്‍ വലിച്ചിടേണ്ട കാര്യമില്ലല്ലോ. പദവികള്‍ മോഹിക്കാതിരിക്കലാണ് പ്രസ്ഥാനം തന്നെ പഠിപ്പിക്കുന്ന ആത്മസംസ്‌കരണത്തോട് ചേര്‍ന്നുനില്‍ക്കുന്നതും. ഈ മാനസികാവസ്ഥയെ പ്രാസ്ഥാനികമായി വിശകലനം ചെയ്യാനാണ് ഈ കുറിപ്പില്‍ ശ്രമിക്കുന്നത്.
പ്രസ്ഥാനത്തിന്റെ ഭരണഘടനാ സാധുതയുള്ള പ്രവര്‍ത്തകര്‍ മെമ്പര്‍മാരാണെന്ന് പറഞ്ഞു. അതൊരു ഇസ്‌ലാമികമായ കരാറാണ്. കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യും എന്ന കരാര്‍. അല്ലാഹുവിനെ മുന്‍നിര്‍ത്തിയുള്ള കരാര്‍. ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ ചോദിച്ചു വാങ്ങാവുന്ന ഏക പദവി അംഗത്വമാണ്. അത് ചോദിച്ചുവാങ്ങേണ്ട പദവി കൂടിയാണ്. ഇവരെയാണ് പ്രസ്ഥാനം അതിന്റെ സകല ഉത്തരവാദിത്തങ്ങളും ഏല്‍പിക്കുന്നത്. ഇവരിലൂടെയാണ് പ്രസ്ഥാനം അതിന്റെ കര്‍മപദ്ധതികള്‍ വിന്യസിക്കുന്നത്. ഇവരില്‍നിന്നാണ് പ്രസ്ഥാനം അതിന്റെ എല്ലാ തലങ്ങളിലുമുള്ള നേതാക്കളെ കണ്ടെത്തുന്നത്. ഇവരാണ് കേന്ദ്ര പ്രതിനിധിസഭ മുതല്‍ മുഴുവന്‍ നേതൃതലങ്ങളെയും തെരഞ്ഞെടുക്കുന്നത്. മെമ്പര്‍മാരെക്കൊണ്ട് മെമ്പര്‍മാരിലൂടെ നിര്‍വഹിക്കപ്പെടുന്നതാണ് പ്രസ്ഥാനം.
ഇസ്‌ലാമിക പ്രസ്ഥാനത്തിനകത്ത് നിരവധി ചുമതലകളുണ്ട്. ഈ ചുമതലകളുടെ നിര്‍വഹണത്തിലൂടെയാണ് പ്രസ്ഥാനം പ്രവര്‍ത്തനക്ഷമമാവുന്നത്. അപ്പോള്‍ മെമ്പറാവുക എന്നാല്‍ പ്രസ്ഥാനം ഏല്‍പിക്കുന്ന ഏതൊരുത്തരവാദിത്തവും ഏറ്റെടുക്കാന്‍ സന്നദ്ധമാവുക എന്നാണര്‍ഥം. ഈ സന്നദ്ധ സമൂഹമാണ് പ്രസ്ഥാനത്തിന്റെ ഒന്നാമത്തെ മുടക്കുമുതല്‍. ബാക്കി പ്രവര്‍ത്തകരും അനുഭാവികളുമെല്ലാം ഈ മുടക്കുമുതലിന്റെ ലാഭം മാത്രമാണ്. പ്രസ്ഥാനം ഏല്‍പിക്കുന്ന ഏതു ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ ഞാന്‍ സന്നദ്ധനാണെന്ന പ്രഖ്യാപനവും കരാറുമാണ് മെമ്പര്‍ഷിപ്പ്.
ഈ ഉത്തരവാദിത്ത നിര്‍വഹണത്തിലൂടെയാണ് പ്രസ്ഥാനം ചലിക്കുന്നത്; ആശയങ്ങള്‍ പ്രവര്‍ത്തനങ്ങളായി മാറുന്നത്. ഈ ഉത്തരവാദിത്തങ്ങളൊന്നും ഞാന്‍ ഏറ്റെടുക്കേണ്ടതില്ല, മറ്റാരോ വന്ന് നിര്‍വഹിച്ചുകൊള്ളും എന്ന് വിശ്വസിക്കുന്നതിന് ഇസ്‌ലാമികമായ ഒരു യുക്തിയുമില്ല. ഞാന്‍ തന്നെയാണ്് എന്നെക്കൊണ്ട് സാധ്യമാവുന്ന ഈ ഉത്തരവാദിത്തങ്ങളെല്ലാം ഏറ്റെടുത്ത് നിര്‍വഹിക്കേണ്ടത്. ഞാനല്ലാത്ത മറ്റാരോ വന്ന് ചരിത്രം നിര്‍മിക്കും എന്ന് കരുതുന്നത് മൗഢ്യമാണ്. ഞാന്‍ കൂടിയാണ് എന്റെ കാലത്തെ ചരിത്രത്തെ നിര്‍മിക്കേണ്ടത്. പ്രസ്ഥാനം ആളുകളോട് മെമ്പറാവണമെന്ന് പറയുന്നത് കേവല ബറകത്തിനു വേണ്ടിയല്ല, ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കാന്‍ വേണ്ടി തന്നെയാണ്. ഈ സന്നദ്ധത അധികാരമോഹമല്ല; ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള സന്നദ്ധതയാണ്, സമ്മതമാണ്. പ്രസ്ഥാനത്തെ സ്‌നേഹിക്കുന്നവര്‍ അംഗത്വത്തിലേക്കും അതുവഴി സംഘടനക്കകത്തേക്കും കടന്നുവരണമെന്ന് എന്തുകൊണ്ട് പ്രസ്ഥാനം പറയുന്നു എന്നതിന്റെ ഉത്തരവും ഈ ഉത്തരവാദിത്ത നിര്‍വഹണത്തില്‍ തന്നെയാണ് കുടികൊള്ളുന്നത്.
പ്രസ്ഥാനത്തില്‍ വിവിധങ്ങളായ ചുമതലകള്‍ ഏല്‍പിക്കപ്പെടാന്‍ വേണ്ടി അംഗമാകൂ എന്നു തന്നെയാണ് അംഗമാവാന്‍ ആവശ്യപ്പെടുന്നതിന്റെ ന്യായം. പ്രസ്ഥാനത്തില്‍ ഉത്തരവാദിത്തങ്ങളൊന്നും ചോദിച്ചുവാങ്ങുന്നവയല്ല, മത്സരിച്ച് നേടിയെടുക്കുന്നവയല്ല. നമ്മെ മനസ്സിലാക്കിയും വിശ്വസിച്ചും ഏല്‍പിക്കപ്പെടുന്നവയാണ്, അഥവാ അമാനത്തുകളാണ്. അമാനത്തുകളെ ഏറ്റവും അര്‍ഹരായവരെ ഏല്‍പിക്കുക എന്നതാണ് സൂക്ഷിപ്പുമുതലുകളുടെ കാര്യത്തിലെ ഒന്നാമത്തെ വെല്ലുവിളി. ഏല്‍പിക്കപ്പെടുന്നവര്‍ സാധ്യമാവുന്നത്ര ശരിയാംവണ്ണം അത് നിര്‍വഹിക്കുക എന്നതാണ് അമാനത്തിലെ രണ്ടാമത്തെ വെല്ലുവിളി. അല്ലാഹു പറയുന്നു: ''അമാനത്തുകള്‍ അവയുടെ ആളുകള്‍ക്ക് ഏല്‍പിച്ചുകൊടുക്കണമെന്നും ജനങ്ങള്‍ക്കിടയില്‍ തീരുമാനം കല്‍പിക്കുമ്പോള്‍ നീതിപൂര്‍വം തീരുമാനം കല്‍പിക്കണമെന്നും അല്ലാഹു നിങ്ങളോടാജ്ഞാപിക്കുന്നു'' (അന്നിസാഅ് 58). അമാനത്തിനെ വിശദീകരിച്ചുകൊണ്ട് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി എഴുതുന്നു: ''ഇസ്രാഈല്യര്‍ തങ്ങളുടെ അധഃപതന ഘട്ടത്തില്‍ അമാനത്തുകളെ-ഉത്തരവാദപ്പെട്ട സ്ഥാനങ്ങളും മത നേതൃത്വവും ജനനായക പദവിയുമെല്ലാം അനര്‍ഹരും സങ്കുചിതഹൃദയരും ദുഃസ്വഭാവികളും വിശ്വാസവഞ്ചകരുമായ ആളുകളില്‍ അര്‍പ്പിച്ചുകളഞ്ഞു. അങ്ങനെ ദുര്‍ജന നേതൃത്വത്തില്‍ ജനത മുഴുവന്‍ ദുഷിച്ചുകൊണ്ടേ പോന്നു. ഇതായിരുന്നു അവരുടെ അടിസ്ഥാനപരമായ ഒരു തെറ്റ്. ഈ വഴക്കം പിന്തുടരരുതെന്ന് മുസ്‌ലിംകളെ താക്കീതു ചെയ്യുകയാണ്. അമാനത്തുകള്‍ അതിന്റെ ഉടമകള്‍ക്ക് ഏല്‍പിച്ചുകൊടുക്കണം. ഉത്തരവാദിത്തം വഹിക്കാന്‍ പ്രാപ്തിയുള്ളവരിലേ ഉത്തരവാദിത്തം അര്‍പ്പിക്കാവൂ.''
ഓരോ ഉത്തരവാദിത്തവും ഏറ്റവും അര്‍ഹരായവരെ ഏല്‍പിക്കാന്‍ സാധിക്കണമെങ്കില്‍ പ്രസ്ഥാനവൃത്തത്തിലെ എല്ലാവരും ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കപ്പെടാനുള്ള അടിസ്ഥാന യോഗ്യത നേടിയിരിക്കണം. ആ അടിസ്ഥാന യോഗ്യത അംഗത്വമാണ്. അധികാരമോഹമെന്ന അപകടത്തിനും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള വിമുഖത എന്ന നിഷ്‌ക്രിയത്വത്തിനുമിടയിലെ മധ്യമവും സന്തുലിതവുമായ വഴിയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സത്യം എപ്പോഴും തീവ്രതക്കും ജീര്‍ണതക്കുമിടയിലെ, ആസക്തിക്കും നിഷ്‌ക്രിയത്വത്തിനുമിടയിലെ സുവര്‍ണ ബിന്ദുവിലാണ് കുടികൊള്ളുക.
ഒരു സമൂഹം സക്രിയമായി നിലനില്‍ക്കണമെങ്കില്‍ ധാരാളം അനുയായികള്‍ ഉണ്ടായാല്‍ മാത്രം പോരാ. എല്ലാ തലങ്ങളിലും മികച്ച നേതാക്കളും ഉണ്ടാവണം. അല്ലാഹു പറയുന്നു: '' ആ വേദം നാം ഇസ്രാഈല്‍ സമൂഹത്തിന് മാര്‍ഗദര്‍ശകമായി നിശ്ചയിച്ചിരിക്കുന്നു. ഇസ്രാഈല്‍ സമൂഹം ക്ഷമയുള്ളവരും നമ്മുടെ സൂക്തങ്ങളില്‍ ദൃഢവിശ്വാസമുള്ളവരും ആയിരുന്നപ്പോള്‍ നമ്മുടെ ശാസനകളാല്‍ മാര്‍ഗദര്‍ശനം ചെയ്യുന്ന നേതാക്കന്മാരെ നാം അവരില്‍നിന്നുമുണ്ടാക്കി'' (സജദ 23,24). അല്ലാഹു ഉണ്ടാക്കി എന്നു പറയുന്നതിന്റെ അര്‍ഥം, അല്ലാഹു ഇന്ദ്രജാല ഇടപെടലിലൂടെ അവരില്‍ നേതാക്കളെ ഉണ്ടാക്കി എന്നല്ല. അവര്‍ ഭക്തരും സ്ഥൈര്യമുള്ളവരുമായപ്പോള്‍ അവരില്‍നിന്ന് നല്ല സാമാന്യ ജനം മാത്രമല്ല, നല്ല നേതൃത്വവും ഉയര്‍ന്നുവന്നു എന്നര്‍ഥം. അവരുടെ ദീനീബോധത്തിന്റെ വളര്‍ച്ചക്കനുസൃതമായി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ അലസതയോ മടിയോ ഇല്ലാതെ അവര്‍ മുന്നോട്ടുവന്നു എന്നു സാരം. ഇത് വേദാവതരണം സൃഷ്ടിച്ച ഫലങ്ങളിലൊന്നാണെന്ന് ഖുര്‍ആന്‍ പറയുന്നു. ദൈവത്തിങ്കല്‍നിന്ന് അവതീര്‍ണമായ വേദം, വേദം മാത്രമായി പ്രവര്‍ത്തനക്ഷമമാവുകയല്ല ചെയ്യുക എന്ന കാര്യം കൂടി ഈ ദിവ്യപാഠത്തിലുണ്ട്. കരുത്തുറ്റ നേതൃത്വവും അനുയായികളുമായിട്ടാണ് വേദം സമൂഹത്തില്‍ പ്രവര്‍ത്തനരൂപം കൈവരിക്കുക. നല്ല മനുഷ്യരും നല്ല അനുയായികളും മാത്രമല്ല ഒരു ഉത്തമ സമൂഹത്തെ സൃഷ്ടിക്കുന്നത്. അവരില്‍നിന്ന് ഉയര്‍ന്നുവരുന്ന, ഉത്തരവാദിത്തമേല്‍പ്പിക്കാന്‍ യോഗ്യരായ, അതിന് സന്നദ്ധരായ നേതാക്കള്‍ കൂടിയാണ് നല്ല സമൂഹത്തെ നിര്‍മിക്കുന്നത്. അമാനത്തുകള്‍ അതിന്റെ അര്‍ഹരെ ഏല്‍പിക്കുക എന്ന ഖുര്‍ആന്‍ പരാമര്‍ശത്തിന്റെ പശ്ചാത്തലമായ ഇസ്രാഈല്‍ സന്തതികളുടെ അവസ്ഥ അവരുടെ അധഃപതനകാലത്തെ സൂചിപ്പിക്കുന്നതാണ്. അവര്‍ക്ക് നല്ല നേതൃത്വത്തെ നല്‍കി എന്ന പരാമര്‍ശം അവരുടെ ചരിത്രത്തിലെ ഇസ്‌ലാമികമായ സുരഭില കാലത്തെ സൂചിപ്പിക്കുന്നതാണ്.
ഉത്തരവാദിത്തങ്ങള്‍ തലയില്‍ വരാതിരിക്കാന്‍ സംഘടനാംഗത്വത്തിലേക്ക് കടന്നുവരാതിരിക്കുന്നത് തഖ്‌വയുടെ അടയാളമായി കണക്കാക്കുന്നത് അര്‍ഥശൂന്യമാണ്. തഖ്‌വയുടെയും സ്വബ്‌റിന്റെയുമൊക്കെ ഭാഗമായിട്ടുള്ളത് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ സന്നദ്ധമാവുക എന്നതാണ്, അതിനുള്ള അടിസ്ഥാന യോഗ്യതകള്‍ ആര്‍ജിച്ചെടുക്കുക എന്നതാണ്. നിഷ്‌ക്രിയത്വത്തിനും ഉത്തരവാദിത്തങ്ങളില്‍നിന്നുള്ള ഒളിച്ചോട്ടത്തിനും ഭക്തി എന്നു പേരിട്ടു വിളിക്കുന്നത് ഇസ്‌ലാമിനെ തെറ്റായി മനസ്സിലാക്കലാണ്. ഇസ്‌ലാം സന്യാസത്തിന്റെ മതമല്ല; നിര്‍മാണത്തിന്റെ മതമാണ്, നാഗരികതയുടെ മതമാണ്. ഊര്‍ജസ്വലമായ നാഗരികതക്ക് തൗഹീദിന്റെ ആത്മാവ് നല്‍കുകയാണ് ഇസ്‌ലാം ചെയ്യുന്നത്.
ഇസ്‌ലാമിക പ്രസ്ഥാനം എന്നതു തന്നെ ഒരു ഉത്തരവാദിത്തത്തിന്റെ പേരാണ്; ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ ഒരുപറ്റം മനുഷ്യര്‍ സ്വയം ഏറ്റെടുത്ത ഉത്തരവാദിത്തത്തിന്റെ ചുരുക്കപ്പേര്. സ്വയമേറ്റെടുത്ത ആ ഉത്തരവാദിത്തത്തിന്റെ പൂര്‍ണത അതിന്റെ അംഗത്വമാണ്. സാമൂഹിക പരിവര്‍ത്തനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത പ്രസ്ഥാനം അതിന്റെ ഉത്തരവാദിത്തത്തിന് നിശ്ചയിച്ച മാനദണ്ഡമാണത്. പ്രസ്ഥാനത്തില്‍ അംഗമാവുക എന്നതിന്റെ അര്‍ഥം, നാം ജീവിക്കുന്ന സമൂഹത്തോടുള്ള ഇസ്‌ലാമികമായ ഉത്തരവാദിത്തം നാം ഏറ്റെടുക്കുന്നു എന്നാണ്.
ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ മാത്രം ഞാന്‍ ആത്മീയമായി വളര്‍ന്നിട്ടില്ല എന്ന മാനസികാവസ്ഥയുമായി കഴിയുന്നവരുണ്ട്. ഇസ്‌ലാമിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ ഒരാള്‍ പാലിച്ചിരിക്കണം. വീഴ്ചകള്‍ സംഭവിക്കാം. അത് നിരന്തരമായി തിരുത്തുകയും പരിഷ്‌കരിക്കുകയും ചെയ്യുകയാണ് വേണ്ടത്. അംഗമാവാനുള്ള യോഗ്യത ഉത്തമ വിശ്വാസിയാവാനുള്ള യോഗ്യതയാണ്. അത് നേടുന്നത് നീട്ടിവെക്കുന്നതിന് ഇസ്‌ലാമികമായി ഒരു ന്യായവുമില്ല. ഈമാന്‍ തികവിലെത്തിയ ശേഷം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുക എന്നതല്ല, ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിലൂടെ ഈമാന്‍ തികവാര്‍ന്നതാവുക എന്നതാണ്. തങ്ങളുടെ കാലത്തെ ഇസ്‌ലാമിക സംഘമായിരുന്ന ഗുഹാവാസികള്‍ എന്നു പേരുവിൡക്കപ്പെട്ട ചെറുപ്പക്കാരെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: ''അവരുടെ ഹൃദയത്തെ നാം വിശ്വാസത്തില്‍ ബലപ്പെടുത്തി. അവര്‍ എഴുന്നേറ്റു നിന്ന് ഞങ്ങളുടെ നാഥന്‍ പ്രപഞ്ചത്തിന്റെ നാഥനാണെന്നും അവനെയല്ലാതെ വേറൊരു ദൈവത്തെയും ഞങ്ങള്‍ പ്രാര്‍ഥിക്കുകയില്ലെന്നും പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍'' (അല്‍ കഹ്ഫ് 14).
പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തങ്ങള്‍ അല്ലാഹുവിന്റെ പൊരുത്തമാഗ്രഹിച്ച് നിര്‍വഹിക്കുന്നതിലൂടെ നാം ആത്മീയ വളര്‍ച്ചയുടെയും പ്രതിഫലത്തിന്റെയും വലിയ പടവുകള്‍ കയറുകയാണ് ചെയ്യുന്നത്.
പ്രവാചകന്‍ സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിച്ച പത്തു പേര്‍ ആരായിരുന്നു? ആ സമൂഹത്തിലെ, പ്രസ്ഥാനത്തിലെ വിവിധങ്ങളായ ഉത്തരവാദിത്തങ്ങള്‍ ഏല്‍പിക്കപ്പെട്ടവരും ഏറ്റെടുത്തവരുമായിരുന്നു. ആദ്യത്തെ നാലു പേര്‍ ഖലീഫമാര്‍. മറ്റുള്ളവരും നേതൃപരമായ ചുമതലകളുള്ളവരായിരുന്നു. ഉമര്‍ (റ) തന്റെ ജീവിതാന്ത്യത്തില്‍, സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടവരായ ജീവിച്ചിരിപ്പുള്ള ആറു പേര്‍ ചേര്‍ന്ന് അവരില്‍നിന്നൊരാളെ പുതിയ ഖലീഫയായി തെരഞ്ഞെടുക്കണമെന്നാണ് നിര്‍ദേശിച്ചത്. സമൂഹ നേതൃത്വം എന്ന നിലക്കാണ് അവര്‍ ആ സമൂഹത്തിന് ഉപകാരപ്പെടുന്നവരായത് എന്നര്‍ഥം. ഇത്തരം രംഗങ്ങളില്‍ പ്രവര്‍ത്തിക്കാതെ ആരാധനകളിലും വിജ്ഞാനസമ്പാദനത്തിലും മാത്രമായി മുഴുകി ജീവിച്ച അസ്വ്ഹാബുസ്സ്വുഫയെപ്പോലുള്ളവര്‍ ആ സമൂഹത്തില്‍ ഉണ്ടായിരുന്നു. അവരെയല്ല പ്രവാചകന്‍ സ്വര്‍ഗം കൊണ്ട് മുന്‍കൂട്ടി സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുത്തിയത്.
അംഗമായിട്ടും ഉത്തരവാദിത്തങ്ങളൊന്നും ഒരാളെ ഏല്‍പിക്കുന്നില്ലെങ്കിലോ? അംഗത്വം സ്വയം തന്നെ ഒരു ഉത്തരവാദിത്തമാണ്. അത് ഒരു കാലഘട്ടത്തില്‍ ഏറ്റെടുക്കേണ്ട ബാധ്യതയുടെ ഏറ്റെടുക്കലാണ്, അനുസരിക്കാന്‍ സന്നദ്ധമാണെന്ന കരാറാണ്. ഈ കരാറിലൂടെ വ്യക്തിയുടെ പ്രാഥമിക ബാധ്യത പൂര്‍ത്തീകരിക്കപ്പെടുകയാണ്. താന്‍ മടിയനോ ഒളിച്ചോടുന്നവനോ അല്ലെന്ന് നേതൃത്വത്തിന്റെ മുന്നില്‍ കരാര്‍ ചെയ്യലാണത്. എന്റെ ജീവിതം ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ അടിസ്ഥാന മൂലധനത്തിന്റെ ഭാഗമാണെന്ന് സമ്മതിച്ചുകൊടുക്കലാണത്. ആ കരാര്‍, സമ്മതം അത് എന്ന നിലക്കുതന്നെ മഹത്തായ ഒരു കര്‍മമാണ്. മഹത്തായ നിരവധി കര്‍മങ്ങളുടെ കവാടമാണ്.
''ദൈവഭക്തന്മാരുടെ പ്രാര്‍ഥന ഇപ്രകാരമാണ്: ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളാലും സന്തതികളാലും ഞങ്ങളുടെ കണ്ണ് കുളിര്‍പ്പിക്കേണമേ. ഞങ്ങളെ നീ ഭക്തന്മാരുടെ നേതാവാക്കേണമേ. ഇവരാകുന്നു തങ്ങളുടെ സ്ഥൈര്യത്തിന്റെ ഫലം ഉത്തുംഗ സൗധത്തിന്റെ രൂപത്തില്‍ പ്രാപി ക്കുന്നവര്‍'' (അല്‍ഫുര്‍ഖാന്‍ 74,75).
ഇവിടെ പരാമര്‍ശിക്കപ്പെട്ട സ്വബ്ര്‍-സ്ഥൈര്യം വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും സത്യദീനിന്റെ സംസ്ഥാപനത്തിന്റെ മാര്‍ഗത്തിലെ സ്ഥൈര്യമാണ്. അതിനൊന്നും ഇറങ്ങിപ്പുറപ്പെടാതിരിക്കുന്നവര്‍ക്ക് സ്ഥൈര്യത്തിന്റെ വിഷയം തന്നെ ഉത്ഭവിക്കുന്നില്ലല്ലോ.
Comments