Prabodhanm Weekly

Pages

Search

2020 ജനുവരി 03

3133

1441 ജമാദുല്‍ അവ്വല്‍ 07

ഇറാന്‍ പുതു വിപ്ലവത്തിന്റെ പടയൊരുക്കം

ഹകീം പെരുമ്പിലാവ്

സഹോദരിയുടെ മകന്‍ ഐമന്‍ ഹമീദ് ആപ്പിള്‍ കച്ചവടവുമായി ബന്ധപ്പെട്ടാണ് നവംബര്‍ അവസാനവാരം ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനിലേക്ക് പോയത്. അവിടെനിന്നും തബ്‌രീസ്, ഇഷ്‌നാവിയ ദമാവന്ത് തുടങ്ങിയ തണുപ്പുള്ള മേഖലകളിലേക്കായിരുന്നു അവന്റെ സന്ദര്‍ശനം. പക്ഷേ ഇറാനില്‍ എത്തിയതിനു ശേഷം അവനെ ബന്ധപ്പെടാന്‍ യാതൊരു മാര്‍ഗവുമില്ല. തെഹ്‌റാനില്‍ ഇന്റര്‍നെറ്റ് ബ്ലോക്ക് ആയിരുന്നു. ഇറാന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭങ്ങള്‍ നടക്കുകയാണെന്നും പ്രക്ഷോഭവാര്‍ത്തകര്‍ ചോരുന്നത് തടയാന്‍ ഭരണകൂടം രാജ്യത്തുടനീളം നെറ്റ് തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും തലസ്ഥാന നഗരിയില്‍ അവന്‍ താമസിക്കുന്ന ഹോട്ടല്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു. തുടര്‍ച്ചയായി 10 ദിവസം വരെയൊക്കെ നെറ്റ് തടസ്സപ്പെടുന്നത് പുറം ലോകവുമായുള്ള ബന്ധമില്ലാതാക്കും എന്നത് മാത്രമല്ല പ്രശ്‌നം. അത് രാജ്യത്തെ 10 വര്‍ഷമെങ്കിലും പിന്നോട്ട് നയിക്കുന്നുണ്ട്. വായുവും വെള്ളവുമൊക്കെ പോലെ ഇന്റര്‍നെറ്റ് ശീലിച്ച പുതുതലമുറക്കിത് വിശ്വസിക്കാന്‍ കഴിയാതിരിക്കുന്നത് സ്വാഭാവികമാണ്.   
 കഴിഞ്ഞ നവംബര്‍ 15 മുതല്‍ രാജ്യത്തെ ഇന്ധനവില 50 ശതമാനം വര്‍ധിപ്പിച്ചതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. വിപ്ലവത്തിന്റെ 40 വര്‍ഷങ്ങള്‍ക്ക് ശേഷം പുതുതായി രൂപപ്പെട്ട പ്രക്ഷോഭങ്ങള്‍ വളര്‍ന്ന് ഇറാനില്‍ മറ്റൊരു വിപ്ലവമാകുമോ എന്നാണ് ലോകത്തുടനീളമുള്ള രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ജൂണില്‍ പ്രക്ഷോഭം തുടങ്ങിയ ശേഷം ഇതുവരെ ഇറാന്‍ ലോകശക്തികള്‍ക്ക് മുന്നില്‍ പിടിച്ച് നിന്നെങ്കിലും ഇപ്പോള്‍ ഭരണകൂടത്തെ വിറപ്പിക്കുന്ന തരത്തിലേക്ക് അതിന്റെ സ്വഭാവം മാറിയിരിക്കുന്നു. പ്രതിഷേധങ്ങള്‍ നടത്തുന്നത് പാര്‍ട്ടികളല്ലെങ്കിലും ഇറാനിയന്‍ കുര്‍ദിസ്താനിലെ കുര്‍ദുകളും മുജാഹിദീനെ  ഖല്‍ഖ് പാര്‍ട്ടിയും സര്‍വകലാശാലാ വിദ്യാര്‍ഥികളും കുറേ യുവാക്കളുമാണ് പ്രക്ഷോഭത്തിലെ മുന്നണി പോരാളികള്‍. എന്നാല്‍ ഇവരൊന്നും പ്രക്ഷോഭം വിജയിപ്പിച്ചെടുക്കാന്‍ കെല്‍പുറ്റവരല്ലെന്ന ധാരണയിലാണ് ഭരണകൂടം


പ്രക്ഷോഭത്തിന്റെ വേരുകള്‍

ഇറാനിലെ 31 പ്രവശ്യകളിലെ 29 നഗരങ്ങളിലായി പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ജനബാഹുല്യം തലസ്ഥാനമായ തെഹ്‌റാനില്‍ തന്നെയാണ്. അരക്ഷിതരും തൊഴില്‍ രഹിതരുമായ യുവാക്കളാണ് കാര്യമായി ഈ പ്രക്ഷോഭങ്ങളുടെ മുന്നിലുള്ളത്. ഇന്ധന വിലയിലുണ്ടായ വര്‍ധനവെന്ന ഒറ്റ കാരണത്താല്‍ ഉണ്ടായതല്ല ഈ പ്രക്ഷോഭമെന്നും അതിന് രാഷ്ട്രീയമായും സാമ്പത്തികമായും ആഴത്തില്‍ വേരുകളുണ്ടെന്നും വ്യക്തം. അഴിമതിയും ഭരണപരാജയവും പടരുന്ന ദാരിദ്ര്യവുമാണ് പ്രധാന കാരണങ്ങള്‍. സാമ്പത്തിക പുരോഗതി കൈവരിക്കുന്നതില്‍ ഭരണകൂടം അമ്പേ പരാജയപ്പെട്ടു. പുരോഹിതരുടെ പരമാധികാരത്തെ ചോദ്യം ചെയ്യാനാകാത്ത സ്ഥിതിവിശേഷവും പരിഷ്‌കരണ വാദികളുടെ ഉള്ളില്‍ കുറേ കാലമായി നീറിപ്പുകയുകയായിരുന്നു. ഇപ്പോഴത്തെ അടിച്ചമര്‍ത്തലില്‍ പ്രക്ഷോഭങ്ങള്‍ അവസാനിക്കുകയില്ലെന്നും പ്രക്ഷോഭം വീണ്ടും വീണ്ടും ഉയര്‍ന്നു വരാവുന്ന ഒട്ടേറെ കാരണങ്ങള്‍ ഇതിന്റെ പുറകിലുണ്ടെന്നും അവര്‍ വാദിക്കുന്നു.
രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഇന്ധനത്തിനു നല്‍കിപ്പോന്നിരുന്ന സബ്‌സിഡികള്‍ വെട്ടിക്കുറച്ചത്. ഇതാണ് ഇന്ധനവില കൂടാന്‍ കാരണം. പാര്‍ലമെന്റില്‍ ഒരു ബില്ല് കൊണ്ടുവരും വരെ സാവകാശം ഭരണകൂടം ആവശ്യപ്പെട്ടെങ്കിലും പ്രക്ഷോഭകര്‍ വഴങ്ങിയില്ല. അമേരിക്കന്‍ ഉപരോധങ്ങളെ തുടര്‍ന്നുായ ബജറ്റ് കമ്മി, ഐ.എം.എഫില്‍ നിന്നുള്ള സമ്മര്‍ദ്ദം തുടങ്ങി വേറെയും കാരണങ്ങളു് വിലവര്‍ധനവിന്.


അപരിഷ്‌കൃതമായ അടിച്ചമര്‍ത്തല്‍

ഇറാനില്‍ രഹസ്യപ്പോലീസും സൈന്യവുമാണ് പ്രക്ഷോഭങ്ങളെ നേരിടുന്നത്. ഇറാഖിലും ലബനാനിലും ഇറാനിയന്‍ സൈനിക നേതൃത്വം തന്നെയാണു പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തിയിരുന്നത്. അതേ രീതിയില്‍ തന്നെയാണ് ഇറാനിലും പ്രതിഷേധങ്ങളെ തല്ലിക്കെടുത്തുന്നത്. ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍ പുറത്തുവിട്ട കണക്കനുസരിച്ച് 304 പേര്‍ ഇതിനകം കൊല്ലപ്പെട്ടു. എന്നാല്‍ 500-ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടെന്നാണു മറ്റു വൃത്തങ്ങളില്‍ നിന്നും പുറത്ത് വരുന്ന വിവരം. പലയിടങ്ങളിലും കൂട്ടക്കുരുതിയാണു നടക്കുന്നത്. മഹ്ഷഹ്‌റ് എന്ന പ്രദേശത്ത് നടത്തിയ കിരാത വേട്ടയില്‍ 90 പേരെയാണ് ഒറ്റയടിക്ക് കൊന്നൊടുക്കിയത്. അതില്‍ ഭൂരിഭാഗവും യുവാക്കള്‍. 7500 പേരെ തടവില്‍ പാര്‍പ്പിച്ചിട്ടുണ്ടെന്നും 2500 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ കണക്കുകള്‍ പുറത്തുവന്നിട്ടുണ്ട്. വിദ്യാര്‍ഥികളെയും പത്രപ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും 15 വയസ്സിനു താഴെയുള്ള കുട്ടികളെപോലും ജയിലിലടച്ച് അപരിഷ്‌കൃതമായ രീതിയിലാണ് പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നത്. പരിക്കേറ്റ് ചികിത്സ തേടിയെത്തുമ്പോള്‍ പിടികൂടാന്‍ മെഡിക്കല്‍ ഷോപ്പുകള്‍ പോലും റെയ്ഡ് ചെയ്യുന്നുണ്ട്.


40 വര്‍ഷം പിന്നിട്ടപ്പോള്‍

40 വര്‍ഷം മുന്നെയുള്ള ഇറാനല്ല ഇന്നത്തെ ഇറാന്‍. ഊര്‍ജസ്വലരായ പൗരസമൂഹം, അഭ്യസ്ത വിദ്യരായ ചെറുപ്പക്കാര്‍, വിപ്ലവബോധമുള്ള ബുദ്ധിജീവികള്‍, ടെക്‌നോളജിയില്‍ അപ്‌ഡേറ്റഡ് ആയ സാമൂഹികബോധം. പുതിയ കണക്കുകള്‍ പ്രകാരം ഇറാനിലെ 81 ദശലക്ഷം ആളുകളില്‍ 10 ദശലക്ഷത്തിലധികം പേര്‍ക്ക് യൂനിവേഴ്‌സിറ്റി ഡിഗ്രിയുണ്ട്. നാലു ദശലക്ഷം പേര്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്നു. പുതുതലമുറയിലുള്ള എല്ലാതരക്കാരും ഒരു മാറ്റത്തിനു ദാഹിക്കുന്നുണ്ട്. 2009-ലെ ഇറാന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന മിര്‍ ഹുസൈന്‍ മൂസവിയുള്‍പ്പെടെയുള്ളവര്‍ നയിക്കുന്ന പ്രതിപക്ഷ കക്ഷികള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കൂട്ടക്കുരുതിയെ ശക്തമായി അപലപിക്കുന്നു. 1978-ല്‍ അന്ന് ഭരണത്തിലുണ്ടായിരുന്ന ഷാ മുഹമ്മദ് റിസ പഹ്‌ലവിയുടെ ഭരണകൂടത്തെ താഴെയിറക്കാന്‍ കാരണമായ കൂട്ടക്കുരുതികള്‍ക്ക് സമാനമാണിതെന്നും അന്ന് ഏതാണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ പതനമുണ്ടായെന്നും അതുപോലുള്ള സംഭവങ്ങള്‍ തന്നെയാണു ഇപ്പോള്‍ രൂപപ്പെട്ടു വന്നിട്ടുള്ളതെന്നും അദ്ദേഹം പറയുകയുണ്ടായി.
പത്ത് ദശലക്ഷത്തിലധികം ആളുകള്‍ കടുത്ത പട്ടിണിയിലാണ്. ശതകോടിക്കണക്കിനു ഡോളര്‍ ഭരണകൂടത്തിലുള്ളവര്‍ മാസംതോറും ചെലവാക്കുന്നു്. അതിന്റെ ഗുണഭോക്താക്കള്‍ ഭരണവര്‍ഗമാണെന്നും 40 വര്‍ഷത്തെ ഭരണത്തില്‍ ജനങ്ങള്‍ക്കായി എന്താണു ബാക്കിവെച്ചതെന്നും പ്രക്ഷോഭകര്‍ ചോദിക്കുന്നു. 1979-ല്‍നിന്ന് 2019-ല്‍ എത്തിയപ്പോള്‍ കൊഴിഞ്ഞത് വെറും 40 വര്‍ഷത്തെ ദൂരമല്ല. ആയത്തുല്ലാ ഖുമൈനിയില്‍ നിന്ന് അലി അല്‍ഖാംനഈയുടെ ഇറാനിലെത്തുമ്പോള്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിക്കഴിഞ്ഞിട്ടു്. പൂര്‍ത്തീകരിക്കാത്ത വാഗ്ദാനങ്ങളുടെയും കൊടിയ അന്ധകാരത്തിന്റെയും നിരാശയുടെയും ഇരുണ്ടയുഗത്തിലേക്ക് ഇറാനെ എത്തിച്ചുവെന്നതാണ് അതില്‍ എടുത്തുപറയേണ്ട ഒരു മാറ്റം. നിഷ്ഠുരമായ അടിച്ചമര്‍ത്തല്‍ നയം സ്വീകരിക്കുന്ന അലി ഖാംനഈ ഭരണത്തില്‍ പൊതുജനത്തിനു മടുപ്പനുഭവപ്പെട്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഒരു മാറ്റത്തിനു വേണ്ടിയുള്ള പടയൊരുക്കം തന്നെയാണ് ഇറാനില്‍ നടക്കുന്നത്. ഇതെഴുതുമ്പോഴും പ്രക്ഷോഭം രൂക്ഷമാണ്. ഏതാണ്ട് എല്ലാ പ്രവിശ്യകളിലേക്കുമത് പടര്‍ന്നുകഴിഞ്ഞു. ഏതാണ്ട് 50 മിലിട്ടറി ബേസുകള്‍ ആക്രമിക്കപ്പെടുകയുണ്ടായി. 1000-ത്തോളം ബാങ്കുകള്‍ക്ക് നേരെയും അക്രമമുണ്ടായി.


വിഭാഗീയതയുടെ രാഷ്ട്രീയം

മധ്യപൗരസ്ത്യ ദേശത്തെ കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊിരുന്ന ഇറാന്‍ രണ്ട് കാര്യങ്ങളില്‍ ബദ്ധശ്രദ്ധരായിരുന്നു. യാതൊരു കുഴപ്പങ്ങളുമില്ലാതെ തങ്ങളുടെ രാജ്യം സുരക്ഷിതമാക്കുകയാണ് ഒന്നാമത്തേത്. ഇപ്പോഴത്തെ പ്രക്ഷോഭങ്ങള്‍ അവരുടെ ആഭ്യന്തര സുരക്ഷിതത്വത്തിന്റെ കടക്കലാണ് കത്തിവെച്ചത്. ശീഈസത്തിനു പ്രചുരപ്രചാരം നേടിക്കൊടുക്കുകയും അതിനു സ്വാധീനമുള്ള മണ്ണൊരുക്കുകയുമാണ് രണ്ടാമത്തേത്. ഇതിനു വേണ്ടി ഇറാഖിലും സിറിയയിലും ലബനാനിലും യമനിലുമൊക്കെ അവര്‍ ഇറങ്ങിക്കളിച്ചിട്ടു്. 2011-നു ശേഷം ആയിരക്കണക്കിനു ട്രൂപ്പുകളെയാണ് സിറിയയിലേക്ക് അയച്ചത്. ലബനാനിലെ ഹിസ്ബുല്ലക്ക് എല്ലാ സഹായവും നല്‍കി. ഇറാഖിന്റെ ഭരണത്തില്‍ സുപ്രധാനമായ സ്വാധീന ശക്തിയായി. യമനിലെ ഹൂത്തികളെ കരുവാക്കി ഗള്‍ഫ് രാഷ്ട്രങ്ങളെ നേരിട്ടു. ഇറാഖ്, ലബനാന്‍ പ്രക്ഷോഭങ്ങളുടെ തുടക്കത്തില്‍ തന്നെ ഇറാന്റെ മേല്‍ക്കൈ നഷ്ടമാവുകയായിരുന്നു. സര്‍വസജ്ജരായ സൈന്യത്തെ ഇറക്കി ശക്തമായി അടിച്ചമര്‍ത്തിയിട്ടും പൊതുജനങ്ങളുടെ പ്രതിഷേധാഗ്നിക്കുമുന്നില്‍ പിടിച്ച് നില്‍ക്കാന്‍ ഭരണകൂടങ്ങള്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് രണ്ടിടങ്ങളിലും ഭരണമാറ്റമല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് വന്നിരിക്കുന്നു. ഇരുസ്ഥലത്തും ഇറാനെ അടുപ്പിക്കില്ലെന്നാണു പ്രക്ഷോഭകര്‍ പറയുന്നത്. ഇറാഖിലും ലബനാനിലും ശീഈകള്‍ക്കിടയില്‍ വലിയ ശൈഥില്യം ഉായിക്കഴിഞ്ഞു. ഇറാനില്‍ ആഭ്യന്തര ശൈഥില്യം മൂര്‍ഛിക്കുകയാണ്. വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത വിഭാഗീയതയുടെ കനലുകള്‍ ഇപ്പോള്‍ തിരിഞ്ഞു കുത്തുകയാണെന്ന് വേണം കരുതാന്‍.


വിദേശനയവും ഖാംനഈ സ്ട്രാറ്റജിയും

ഇറാനില്‍ പൊതുവെ വിജയം കാണുന്ന നയനിലപാടുകളെ ഖാംനഈ സ്ട്രാറ്റജി എന്ന് വിളിക്കാം. പ്രക്ഷോഭങ്ങളെ നേരിടുന്നതില്‍ ഇത്തിരി കണിശവുമാണു ഈ നിലപാട്. പ്രതിഷേധം നടത്തുന്നവരുടെ മുന്നില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചക്കും തയാറാവാതിരിക്കുക. ആ സ്ട്രാറ്റജി പ്രകാരം ഏതെങ്കിലും തരത്തില്‍ താഴ്ന്നു കൊടുക്കേണ്ടിവന്നാല്‍ അത് ഭരണകൂടത്തിന്റെ പതനത്തിനു കാരണമാകുമെന്നും അവര്‍ കരുതുന്നു. പ്രക്ഷോഭം നടക്കുമ്പോള്‍ ദൈവനിന്ദ പ്രയോഗിച്ചാണ് ആദ്യഘട്ടത്തില്‍ നേരിടുക. കടുത്ത ശീഈ വിശ്വാസികളായ ഇറാനികളെ അടക്കിനിര്‍ത്താന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണത്. പ്രക്ഷോഭങ്ങള്‍ അണക്കാന്‍ ആരെ ജയിലിലടക്കണമെന്നും മാധ്യമങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്നും അവര്‍ക്കറിയാം. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതുവരെ ഒരു പ്രക്ഷോഭവും വിജയം കിട്ടില്ല. 2010-ല്‍ ഹുസൈന്‍ മൂസവി നാലുലക്ഷം ആളുകളെ അണിനിരത്തി തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് പറഞ്ഞിട്ടും വീണ്ടും വോട്ടെണ്ണാന്‍ തയാറാവുകയുണ്ടായില്ല. അതേസമയം പ്രക്ഷോഭങ്ങള്‍ അനുവദിക്കുന്നത് പോലും ഭരണം ജനാധിപത്യപരമാണെന്ന് പുറംലോകത്തെ ബോധ്യപ്പെടുത്താനാണ്. മാധ്യമ സ്വാതന്ത്ര്യമോ ശരിയായ പ്രതിപക്ഷമോ ഇല്ലാത്ത ഒരിടത്ത് പ്രക്ഷോഭം അനുവദിക്കാതിരിക്കുന്നത് ജനങ്ങളെ കൂടുതല്‍ ക്ഷുഭിതരാക്കുമെന്ന് കറിഞ്ഞത് കൊാണ് ഭരണകൂടം ജനത്തിന് തെരുവിലിറങ്ങാന്‍ അനുമതി കൊടുത്തത്. 
അധികാരം നിലനിര്‍ത്തുന്നതിനു വേണ്ടി മതവും മതവിഭാഗീയതയും തരാതരംപോലെ പ്രയോഗിക്കാറു് ഇറാന്‍. ശീഈകള്‍ ഭൂരിപക്ഷമുള്ള ഇറാനില്‍ മതപരമായ മേലങ്കികള്‍ അണിഞ്ഞു കോണ്ട് ഇറാനിലെ സാമ്പ്രദായിക പുരോഹിതന്മാരാണ് (പരമോന്നത മതമേലധ്യക്ഷനും  ഒപ്പം 'പരിഷ്‌കര്‍ത്താവും പുരോഗമനവാദി'യുമായ പ്രസിഡന്റും) ഭരണചക്രം കറക്കുന്നത്. റൂഹാനി ഭരണത്തിനു തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പലിക്കാന്‍ സാധിക്കാത്തത് കൊണ്ട് ജനങ്ങള്‍ക്ക് അദ്ദേഹത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടു. കുറച്ചു ത്യാഗം സഹിച്ചാണെങ്കിലും ഭരണകൂടത്തെ അനുസരിക്കാനാണ് ഇറാനിയന്‍ ജനത ശീലിച്ചു പോന്നത്. എന്നാല്‍ പ്രക്ഷോഭം നടത്തുന്ന ന്യൂനപക്ഷമാവട്ടെ ജീവത്യാഗം ചെയ്യാന്‍ തയാറായി വന്നവരുമാണ്. അതുകൊണ്ട് തന്നെ പുതുവിപ്ലവം സാധ്യമായിട്ടേ പിന്മാറുകയുള്ളുവെന്ന് പ്രക്ഷോഭകര്‍ പറയുന്നു. അതിനു എത്ര പേരെ ഇനിയും കുരുതി കൊടുക്കേണ്ടിവരുമെന്നും എത്രസമയം കാത്തിരിക്കേണ്ടിവരുമെന്നും ഇപ്പോള്‍ പറയാനാവില്ല. എന്തായാലും 2020 ഫെബ്രുവരിയിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ വിഷയങ്ങള്‍ വലിയ ചര്‍ച്ചയാകുമെന്നുറപ്പാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (58-59)
ടി.കെ ഉബൈദ്‌