Prabodhanm Weekly

Pages

Search

2020 ജനുവരി 03

3133

1441 ജമാദുല്‍ അവ്വല്‍ 07

ജനാധിപത്യാധികാരത്തിന്റെ ദേശരാഷ്ട്രസങ്കല്‍പവും കരിനിയമങ്ങളും-2

സി.കെ അബ്ദുല്‍ അസീസ്

യൂറോപ്യന്‍ ജനാധിപത്യത്തിന്റെ സന്ദിഗ്ധതകളെ നേരിട്ടനുഭവിച്ചും അതില്‍ പരോക്ഷമായി ഭാഗഭാക്കായിക്കൊണ്ടുമാണ് ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ രാഷ്ട്രീയം ജനാധിപത്യ സംവാദങ്ങളില്‍ ഇടപെട്ടു തുടങ്ങിയത്. ഒന്നാം ലോക യുദ്ധത്തിനും രണ്ടാം ലോക യുദ്ധത്തിനുമിടക്കുള്ള കാലഘട്ടം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സൈദ്ധാന്തിക രൂപീകരണത്തിന്റെ കാലഘട്ടം കൂടിയായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ വ്യാവഹാരിക ശക്തിയുള്ള ജനവിഭാഗങ്ങളാരൊക്കെയാണ് എന്നതിനെ സംബന്ധിച്ച രാഷ്ട്രീയ സംവാദങ്ങള്‍ രൂപമെടുത്തതും അക്കാലം മുല്‍ക്കാണ്. ബ്രിട്ടീഷ് നുകത്തില്‍നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിക്കഴിഞ്ഞാല്‍ സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയാധികാരത്തില്‍ ഹിന്ദുക്കള്‍ക്കെന്ന പോലെ മുസ്‌ലിംകള്‍ക്കും തുല്യാധികാരമുണ്ടാവണമെന്ന നിലപാടാണ് മഹാത്മാ ഗാന്ധി സ്വാതന്ത്ര്യ സമരകാലത്തുടനീളം സ്വീകരിച്ചുപോന്നത്. അതേസമയം, ദലിതരുടെ അധികാരത്തെ ഹിന്ദുവെന്ന പൊതു സ്വത്വത്തിലൊതുക്കുകയും വ്യാവഹാരിക ശക്തിയുള്ള രാഷ്ട്രീയ വിഭാഗമായി അവരെ അംഗീകരിക്കാന്‍ കൂട്ടാക്കാതിരിക്കുകയും ചെയ്തു. അതാണ് പൂനാ കരാറില്‍ ദലിതര്‍ക്കും സവര്‍ണ ഹിന്ദുക്കള്‍ക്കുമിടയിലുണ്ടായ ഉടമ്പടിയിലൂടെ സുദൃഢമാക്കപ്പെട്ടത്. സ്വാതന്ത്ര്യത്തിന് ശേഷം, ഇന്ത്യ മതേതര ജനാധിപത്യത്തിലധിഷ്ഠിതമായ ഭരണഘടനയും നിയമവാഴ്ചയും രാജ്യഭരണത്തിന്റെ മൗലിക പ്രമാണമായി അംഗീകരിക്കുമ്പോള്‍ സ്വാതന്ത്ര്യ സമരകാലത്തുയര്‍ന്നുവന്ന സംവാദങ്ങളും തീര്‍പ്പുകളുമെല്ലാം അതില്‍ സമൂര്‍ത്ത രൂപത്തില്‍ കടന്നുവരികയുണ്ടായി. പാശ്ചാത്യ ലിബറല്‍ ജനാധിപത്യത്തെ വിമര്‍ശനാത്മകമായി ഉള്‍ക്കൊള്ളുകയും വ്യക്തി സ്വാതന്ത്ര്യത്തോടൊപ്പം സമുദായങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കും സ്വാതന്ത്ര്യമുറപ്പ് വരുത്തുകയും സാമുദായികമായ സമ്മര്‍ദ തന്ത്രങ്ങളെ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പൊതു സംവാദ രീതിയായി (ജൗയഹശര ഞലമീെിശിഴ) അംഗീകരിക്കുകയും ചെയ്തു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഭരണഘടനാപരമായി വ്യവസ്ഥ ചെയ്യപ്പെടുന്ന ഒരു ഘടനയാണ് നമുക്കുള്ളത്. അതോടൊപ്പം ഭരണഘടന തത്ത്വത്തിലും പ്രയോഗത്തിലും ഉറപ്പുവരുത്തുന്ന മറ്റെല്ലാ അവകാശങ്ങളും ന്യൂനപക്ഷങ്ങള്‍ക്കുണ്ട് എന്നത് പലപ്പോഴും വിസ്മരിക്കപ്പെട്ടു എന്നാണ് തോന്നുന്നത്. എന്നാല്‍, ഈ സാമുദായിക സമ്മര്‍ദതന്ത്രം പൂര്‍ണമായും സവര്‍ണ സമുദായങ്ങളുടെയും ജാതിമേല്‍ക്കോയ്മയുടെയും സാമൂഹിക മേധാവിത്വത്തെ, രാഷ്ട്രീയ മേധാവിത്വമായി പരിവര്‍ത്തിപ്പിക്കാനുള്ള ഉപാധിയായി മാറിയെന്നതാണ് പ്രയോഗത്തില്‍ സംഭവിച്ചത്.
ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്ത നിയമവാഴ്ചയും ഭരണ സ്ഥാപനങ്ങളുടെ മതേതര വീക്ഷണവും ജാതിമേല്‍ക്കോയ്മയോട് ഏറ്റുമുട്ടുന്ന സന്ദര്‍ഭങ്ങളില്‍ രാഷ്ട്രീയവും അധികാരവും മുട്ടുമടക്കുകയും ജാതിമേല്‍ക്കോയ്മയുടെ പക്ഷത്തേക്ക് ചായ്ഞ്ഞുനില്‍ക്കുകയും ചെയ്യുന്ന പൊതു പ്രവണത അപ്രതിരോധ്യമെന്നോണം ഇന്ത്യന്‍ ജനാധിപത്യ രാഷ്ട്രീയത്തിലും ഭരണതലത്തിലും മേധാവിത്വം ചെലുത്തിയതിന്റെ ചരിത്രം സ്വതന്ത്ര ഇന്ത്യയുടെ എഴുപതു കൊല്ലക്കാലത്തെ ചരിത്രത്തില്‍നിന്ന് നമുക്ക് വായിച്ചെടുക്കാനാവും. 1949-ല്‍ ബാബരി മസ്ജിദിനു നേരെ നടന്ന ആക്രമണത്തെയും അക്രമികള്‍ക്കെതിരെ 1949 ഡിസംബര്‍ 29-ന് പ്രദേശത്തെ പോലീസ് ഉദ്യോഗസ്ഥര്‍ ചാര്‍ജ് ചെയ്ത ക്രിമിനല്‍ കേസിനെയും ഉദാഹരണമാക്കിയാല്‍, ഈ പ്രവണത ജനാധിപത്യ സ്ഥാപനങ്ങളെ അടക്കിഭരിച്ചതെങ്ങനെയെന്ന് കൃത്യമായി മനസ്സിലാക്കാനാവും. 1992-ലെ ബാബരി ധ്വംസനവും 1949-ല്‍ പള്ളിക്കകത്ത് കയറി, പള്ളിയങ്കണത്തില്‍ വിഗ്രഹം പ്രതിഷ്ഠിക്കുകയും പള്ളിയെ മലമൂത്ര വിസര്‍ജനം നടത്തി മലിനമാക്കുകയും ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്ന് 2019-ലാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി തീര്‍പ്പു കല്‍പിച്ചത്!! നിയമവാഴ്ചയും ജാതിമേല്‍ക്കോയ്മയുടെ അടക്കിവാഴ്ചയും കൈകോര്‍ത്ത് നില്‍ക്കുന്ന അധികാരത്തിന്റെ സൂക്ഷ്മതല സങ്കേതങ്ങളെ അമര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍  ജനാധിപത്യം അശക്തമായിത്തീര്‍ന്നതിന്റെ അടിസ്ഥാന കാരണങ്ങളിലൊന്നു മതേതര ജനാധിപത്യ രാഷ്ട്രീയവും ജാതിമേല്‍ക്കോയ്മയും തമ്മിലുള്ള അവിഹിത ബന്ധമാണ്, ഈ ബന്ധം അഭംഗുരം തുടര്‍ന്നതുകൊണ്ടാണ്. അതുകൊണ്ടാണ് മതേതര ജനാധിപത്യ രാഷ്ട്രീയത്തിന്റെ ആത്മനിഷ്ഠ ശക്തികളെ സ്വന്തം വശത്താക്കാന്‍ സംഘ് പരിവാര്‍ ശക്തികള്‍ക്ക് അനായാസം സാധ്യമാവുന്നത്. ഇതില്‍ കോണ്‍ഗ്രസും ഇടതുപക്ഷവുമടക്കമുള്ള മതേതര കക്ഷികളോരോരുത്തരും തങ്ങളുടേതായ പങ്കാളിത്തം വഹിച്ചുപോന്നിട്ടുണ്ട്. 
ഭൂരിപക്ഷ വര്‍ഗീയതയുടെ ആവിര്‍ഭാവവും വളര്‍ച്ചയും ന്യൂനപക്ഷ വര്‍ഗീയതയുമായി ബന്ധപ്പെട്ടതാണെന്നും ന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയമായി നിശ്ശബ്ദരായാല്‍ മാത്രമേ ഭൂരിപക്ഷ വര്‍ഗീയതയെ പിഴുതുമാറ്റാന്‍ സാധിക്കുകയുള്ളൂവെന്നുമുള്ള ചരിത്ര വസ്തുതകളുടെ പിന്‍ബലമില്ലാത്ത ആശയങ്ങളെ സാമാന്യബോധമായി വളര്‍ത്തിയെടുത്തുകൊണ്ട് യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് പലായനം ചെയ്യുന്നതിനാണ് മതേതരപക്ഷം എക്കാലവും പ്രത്യേകം താല്‍പര്യം കാണിച്ചിട്ടുള്ളത്. സ്വാതന്ത്ര്യത്തിന് ശേഷവും, മുഹമ്മദലി ജിന്നയും പാകിസ്താന്‍വാദവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നതിന് ഇങ്ങനെയൊരു പശ്ചാത്തലം കൂടിയുണ്ട്. സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇന്ത്യ v/s  പാകിസ്താന്‍ എന്ന തരത്തില്‍ ഒരു മുദ്രാവാക്യത്തിന് ഇടം ഉണ്ടാക്കിക്കൊടുത്തതില്‍ മതേതര ഭരണകൂടങ്ങള്‍ക്കുള്ള പങ്ക് കുറച്ചൊന്നുമല്ല. ഇത്തരം തെറ്റായ ആശയങ്ങളുടെ സജീവമായ സാന്നിധ്യം ഉപയോഗിച്ചുകൊണ്ടാണ് സംഘ് പരിവാര്‍ അധികാരത്തിലേക്കുള്ള ഏണിപ്പടികള്‍ നിര്‍മിച്ചെടുത്തത്. ന്യൂനപക്ഷങ്ങളെ ദേശശത്രുക്കളായി കണക്കാക്കുന്ന വെസ്റ്റ്ഫാലിയന്‍/ നവ ലിബറല്‍ രാഷ്ട്രീയത്തിന്റെ 'ഹിന്ദുത്വ മോഡലിന്' ജനകീയാടിത്തറയുണ്ടാക്കിക്കൊടുക്കുന്നതില്‍ ഇത്തരം ആശയങ്ങളും ആശയക്കുഴപ്പങ്ങളുമെല്ലാം ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ടെന്നാണ് എന്റെ നിഗമനം. ന്യൂനപക്ഷങ്ങളുടെ ഭാഗത്തുനിന്ന് ഉയര്‍ന്നുവന്ന രാഷ്ട്രീയ പ്രവണതകളെല്ലാം പൊതുവില്‍ കുറ്റമറ്റതായിരുന്നുവെന്നോ തീര്‍ത്തും ശരിയായിരുന്നുവെന്നോ സമര്‍ഥിക്കാനല്ല ഞാനുദ്ദേശിക്കുന്നത്. ന്യൂനപക്ഷ വര്‍ഗീയതയും മര്‍ദിതര്‍ക്കിടയില്‍ വിഭാഗീയ പ്രവണതകള്‍ സൃഷ്ടിച്ചു കൊണ്ട് ഭരണവര്‍ഗങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിക്കൊടുക്കുന്ന രാഷ്ട്രീയ ആശയങ്ങളും അജണ്ടകളും പ്രതിലോമകരമാണെന്നതില്‍ യാതൊരു സംശയവുമില്ല. അതേസമയം ഇവയിലടങ്ങിയ തെറ്റും ശരിയും വേര്‍തിരിച്ചു നോക്കാതെ 'ന്യൂനപക്ഷ വര്‍ഗീയത' എന്ന ഒരു സൈദ്ധാന്തിക ചട്ടക്കൂടില്‍ ഒതുക്കി നിര്‍ത്തുന്ന മതേതര രാഷ്ട്രീയത്തിന്റെ ലിബറല്‍ തെമ്മാടിത്തത്തെ നിശിതമായി ചോദ്യം ചെയ്യേണ്ടതുണ്ട്; നിരന്തരം വിമര്‍ശിക്കേണ്ടതുണ്ട്. ഈ ചോദ്യം ചെയ്യലും വിമര്‍ശനവും മതേതര പക്ഷത്തെ സംഘ്പരിവാറിനൊപ്പം നിര്‍ത്തിക്കൊണ്ട് വിചാരണ ചെയ്യാനുള്ള ഉപാധിയാക്കി മാറ്റുന്നതിനെ ചെറുക്കുകയും വേണം. ജനാധിപത്യത്തിന്റെ പൊതുസംവാദരീതികളെ ഫലപ്രദമായി ഉപയോഗിക്കാനും ന്യൂനപക്ഷങ്ങള്‍ക്ക് പറയാനും ന്യൂനപക്ഷങ്ങളെ കേള്‍ക്കാനുമുള്ള ഒരു വേദിയായി അതിനെ പരിവര്‍ത്തിപ്പിക്കാനും അശ്രാന്തപരിശ്രമം നടത്തേണ്ടത് അനിവാര്യമായ ഘട്ടങ്ങളില്‍ പോലും മുസ്‌ലിംകള്‍ നിശ്ശബ്ദരായി നിലകൊള്ളുകയാണുണ്ടായത് എന്ന കാര്യവും ഇതോടൊപ്പം കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. ബാബരി ധ്വംസനത്തോട് ഇന്ത്യന്‍ മുസ്‌ലിംകള്‍ സ്വീകരിച്ച സമീപനം നോക്കിയാല്‍ ഈ നിശ്ശബ്ദതയിലെ ജനാധിപത്യക്കമ്മിയുടെ അളവും ആഴവും വ്യക്തമാകും. ഇങ്ങനെ, ഇന്ത്യന്‍ ജനാധിപത്യ രാഷ്ട്രീയത്തില്‍ കാലങ്ങളായി നിലനിന്നുപോന്ന ആശയക്കുഴപ്പങ്ങളുടെയും ദൗര്‍ബല്യങ്ങളുടെയും സ്വാഭാവികമായ പരിണാമ ഗുപ്തിയാണ് ഇപ്പോള്‍ പൗരത്വ ബില്ലില്‍ ചെന്നു നില്‍ക്കുന്നത്.
പൗരത്വ ബില്‍ ഭരണഘടനാപരമായി നിലനില്‍ക്കുമോ എന്നത് രണ്ടാമത്തെ പ്രശ്‌നമാണ്. അത് രാജ്യത്തുണ്ടാക്കിയിട്ടുള്ള രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളാണ് പ്രധാന പ്രശ്‌നം.
നിയമപരമായി നോക്കിയാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ മൗലിക സ്വഭാവത്തിനെതിരെയുള്ള ആക്രമണോത്സുകത അതില്‍ അന്തര്‍ലീനമാണ്. ആര്‍ട്ടിക്ക്ള്‍ 14 വിഭാവനം ചെയ്യുന്ന തുല്യതയെ സംബന്ധിച്ച തത്ത്വം ഭരണഘടനയിലെ മറ്റൊരു വകുപ്പിനും ഭേദഗതി ചെയ്യാനാവാത്തതും ഇളക്കമില്ലാത്തതുമാണ്. ഇന്ത്യയുടെ ഭൂപ്രദേശത്ത് ജീവിക്കുന്ന ഏതൊരു മനുഷ്യനും (to any person) നിയമത്തിനുമുമ്പിലുള്ള തുല്യതയും നിയമത്തിന്റെ സംരക്ഷണവും ഭരണകൂടം നിഷേധിക്കരുത് എന്നാണ് ആര്‍ട്ടിക്ക്ള്‍ 14, തുല്യത എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.
സുപ്രീംകോടതി (Joseph Shine Vs Union of India WPC crl 194/2017)  ഭരണഘടനാ ബെഞ്ചിന്റെ ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന വിധിന്യായത്തില്‍ ഇക്കാര്യം അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുള്ളതുമാണ്. പൗരത്വ ഭേദഗതി ബില്ലിന്റെ നിര്‍മാണത്തില്‍ തന്നെ ഭരണഘടനാ തത്ത്വങ്ങളോട് ചേര്‍ന്ന് പോവാത്ത പലതും കടന്നുകൂടിയിട്ടുണ്ട്. 1955-ലെ ഇന്ത്യന്‍ പൗരത്വ നിയമത്തിലെ 14 എ വകുപ്പിന്റെ അടിസ്ഥാനത്തിലും 2003-ലെ Citizenship (Registration of Citizens and Issue National Identy Cards‑‑)  നിയമങ്ങളുടെ അടിസ്ഥാനത്തിലും നോക്കിയാല്‍ പൗരാവകാശ പട്ടിക തയാറാക്കലും ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്യലും ദേശീയ പൗരത്വ പട്ടികയുണ്ടാക്കുന്നതിനായി നിര്‍ബന്ധമാക്കിയിട്ടുണ്ട്.
1955-ലെ നിയമത്തിലെ 14 A. Section(1) ല്‍, ‘The Central government may compulsorily register every citizen of India and issue national identity card to him' എന്നാണ് നിബന്ധന ചെയ്തിട്ടുള്ളത്. സാധാരണ ഗതിയില്‍, നിയമ പ്രാബല്യമുള്ള 'നിര്‍ബന്ധങ്ങള്‍' നിയമമാവുമ്പോള്‍ ഭരണകൂടങ്ങള്‍ 'May'  എന്നതിന് പകരം  'Shall' എന്ന വാക്കാണ് ഉപയോഗിക്കാറുള്ളത്. ഇക്കാര്യത്തില്‍ ഇന്ത്യയിലെ നീതിന്യായ കോടതികള്‍ക്ക് കൃത്യമായ ധാരണയുണ്ടെന്ന് ഇതു സംബന്ധിച്ച നിരവധി റൂളിംഗുകള്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതുമാണ്. 2003-ലെ എന്‍.ഡി.എ ഗവണ്‍മെന്റിന്റെ കാലത്താണ് ഈ ഉപവകുപ്പ് കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്നതും പ്രസ്താവ്യമാണ്. അതില്‍തന്നെ Rule 11, 6, 4 എന്നിവ വലിയ ആശയക്കുഴപ്പങ്ങള്‍ക്കും ഇടം നല്‍കുന്നുണ്ട്. Rule 11 പറയുന്നത്, ഇലക്‌ട്രോണിക് രൂപത്തിലോ മറ്റു രൂപങ്ങളിലോ ദേശീയ പൗരത്വ പട്ടികയുണ്ടാക്കേണ്ടത് സര്‍ക്കാറിന്റെ കൈയില്‍ ഉള്ള ജനന-മരണ പട്ടികയുടെയും മറ്റു സ്ഥിതിവിവരങ്ങളുടെയും അടിസ്ഥാനത്തിലാണെന്നാണ്. Rule 4, ഈ ഉത്തരവാദിത്തം സെന്‍സസ് പോലുള്ള ദേശീയ തല നടപടിക്രമങ്ങളിലൂടെ നടത്തണമെന്ന് നിര്‍ദേശിക്കുന്നു. എന്നാല്‍ Rule 6, ഓരോ വ്യക്തിയോടും പ്രാദേശിക പൗരത്വ രജിസ്ട്രാറുടെ മുമ്പില്‍ ചെന്ന് പൗരത്വം തെളിയിക്കണമെന്നാവശ്യപ്പെടുന്നു. ഇങ്ങനെ 11, 4 നിയമങ്ങള്‍ക്ക് കടകവിരുദ്ധമായിട്ടാണ് ഇതിലെ 11-ാം റൂള്‍ നിലനില്‍ക്കുന്നത്. ഇപ്പോള്‍ ലോക്‌സഭ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനാധാരം, ഈ 11-ാം റൂള്‍ മാത്രമാണ്. മറ്റു വകുപ്പുകളെ 6-ാം റൂള്‍ റദ്ദാക്കുന്നുവെന്ന് പൗരത്വ ആക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. ഇതിനു പുറമെയാണ് അഭയാര്‍ഥികളുടെ പേരിലുള്ള വിവേചനം ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര അഭയാര്‍ഥി സംരക്ഷണ കരാറില്‍ ഒപ്പുവെച്ച രാജ്യമെന്ന നിലക്ക്, ജാതിയും മതവും വര്‍ണവും വംശവും മറ്റു യാതൊരു വിവേചന മാനദണ്ഡങ്ങളും നോക്കാതെ അഭയാര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കുകയെന്ന തത്ത്വത്തിന്റെ ലംഘനം കൂടിയാണ് ഈ ബില്ല്. ഒരേസമയം, തുല്യതയെ സംബന്ധിച്ച ഇന്ത്യന്‍ ഭരണഘടനാ തത്ത്വങ്ങളെയും അഭയാര്‍ഥികളുടെ മനുഷ്യാവകാശത്തെ സംബന്ധിച്ച അന്താരാഷ്ട്ര തത്ത്വങ്ങളെയും അമിത് ഷായുടെ പൗരത്വ ഭേദഗതി ബില്‍ ലംഘിക്കുന്നുവെന്ന് വ്യക്തം. ഈ ബില്ലിനോട് കോടതിയെന്തു സമീപനം സ്വീകരിക്കുന്നുവെന്നത് സുപ്രധാനമായ കാര്യം തന്നെയാണെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മനിഷ്ഠ ശക്തികള്‍ ഇത്തരത്തിലുള്ള കടന്നാക്രമണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്നതിലാണ് ഇന്ത്യന്‍ ജനാധിപത്യ സമ്പ്രദായത്തിന്റെ വര്‍ത്തമാനത്തെയും ഭാവിയെയും സംബന്ധിച്ചേടത്തോളം ഏറ്റവും നിര്‍ണായകം എന്ന് ഞാന്‍ കരുതുന്നു.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഇന്നത്തെ സന്ദിഗ്ധാവസ്ഥയില്‍, സ്വന്തം അതിജീവനത്തെക്കുറിച്ചുള്ള മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ അസ്ഥാനത്തല്ല. എന്നാല്‍ ഈ ആശങ്കകളെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ മുസ്‌ലിംകളുടെ വ്യാവഹാരിക ശക്തിയായി പരിവര്‍ത്തിപ്പിക്കാനും സര്‍ഗാത്മകമായ ജനാധിപത്യപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങാനും മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ തയാറാവേണ്ടതുണ്ട്.
ഒരു ജനതയെ അടിച്ചമര്‍ത്തണമെങ്കില്‍ അവരുടെ ധൈഷണിക ശക്തിയെ ഇല്ലാതാക്കിയാല്‍ മതിയെന്ന് അലി ശരീഅത്തി പറഞ്ഞത് ഇവിടെ പ്രസ്താവ്യമാണ്. മുസ്ലിംകളുടെ കാര്യങ്ങള്‍ മനസ്സിലാക്കാനും അതിനെ വിലയിരുത്താനുമുള്ള ധൈഷണിക ശക്തിയെയാണ് ആദ്യം ഇവിടെ ഇല്ലാതാക്കിയത്. അത് സാധ്യമായതോടെ ബാക്കിയെല്ലാം നിഷ്പ്രയാസം നടപ്പാക്കാന്‍ ഇവിടെയുള്ള ഫാഷിസ്റ്റുകള്‍ക്ക് സാധിച്ചിട്ടുണ്ട്. നിങ്ങളുടെ പൗരാവകാശങ്ങളില്ലാതാക്കിയാല്‍, പൗരത്വം സംശയത്തിന്റെ നിഴലിലാക്കിയാല്‍ പിന്നെ നിങ്ങളെങ്ങനെയാണ് ചിന്തിക്കുക, പഠിക്കുക! നിങ്ങളുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടാല്‍ നിങ്ങളെങ്ങനെയാണ് സമ്പാദിക്കുക, ജോലി ചെയ്യുക, മക്കളെ പഠിപ്പിക്കുക! ഇതിനെയെല്ലാം തടയിടുകയെന്നത് തന്നെയാണ് പൗരത്വ നിയമത്തിന്റെ പ്രധാന ലക്ഷ്യം. അതാണ് ഇന്ന് സംഘ്പരിവാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
മുസ്ലിംകള്‍ തീവ്രവാദികളോ മറ്റോ ആയതിനാലല്ല ഇതൊന്നും നടപ്പാക്കപ്പെടുന്നത്. കാരണം വളരെ വ്യക്തമാണ്, സവര്‍ണരുടെ ആധിപത്യത്തിനെതിരെ അവര്‍ണരെയടക്കം സംഘടിപ്പിച്ച് പോരാടാന്‍ കെല്‍പുള്ളവര്‍ ഇവിടെ മുസ്ലിംകളാണ്. അത് ചരിത്രബോധമുള്ളവര്‍ക്ക് തിരിച്ചറിയാനാകും. ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാട്ടം തുടങ്ങിയത് 1857-ല്‍ അല്ല. അതിന് മുമ്പ് 1790-കള്‍ക്ക് ശേഷം ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ ബംഗാളിലും മറ്റും മുസ്ലിംകളുടെ നേതൃത്വത്തില്‍ മുസ്ലിംകളും ഹിന്ദുക്കളും മറ്റു വിഭാഗങ്ങളുമെല്ലാം പടപൊരുതിയിരുന്നു. അപ്പോള്‍ സ്വയം പോരാടാനും മറ്റുള്ളവരെ പോരാടാന്‍ പ്രേരിപ്പിക്കാനുമാകുന്ന പ്രത്യയശാസ്ത്രമുള്ളൊരു വിഭാഗമാണ് മുസ്ലിംകള്‍ എന്നതു തന്നെയാണ് സംഘ്പരിവാറിന്റെ പ്രശ്നം.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന എല്ലാ അനീതികളെയും അക്രമങ്ങളെയും മറികടക്കാനുള്ള ശക്തി യഥാര്‍ഥത്തില്‍ ഇന്ത്യയിലെ ജനാധിപത്യത്തിന് ആന്തരികമായുണ്ട്. അതിനെ ഉത്തേജിപ്പിച്ചെടുക്കാന്‍ നമുക്കാവണം. എല്ലാ സമാനമനസ്‌കരെയും ഒന്നിപ്പിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനാകണം. അതോടൊപ്പം മുസ്ലിംകള്‍ സ്വയമൊരു രാഷ്ട്രീയ സമൂഹമായി ഉയര്‍ന്ന് നില്‍ക്കാനുള്ള സന്നദ്ധതയും കാണിക്കണം. കാരണം, സംഘടിതരും രാഷ്ട്രീയ ബോധമില്ലാത്തവരുമായ ഒരു വിഭാഗത്തോട് മറ്റുള്ളവര്‍ കൂട്ടുകൂടില്ല, അവര്‍ക്ക് മറ്റുള്ളവരെ സംഘടിപ്പിക്കാനുമാകില്ല. ഇന്ത്യന്‍ മുസ്ലിംകളെ ചരിത്രം ഓര്‍മിപ്പിക്കാന്‍ ഉണ്ടായ ഒന്നാണ് പൗരത്വ ഭേദഗതി ആക്ട്. അത് നല്‍കുന്ന ആ സന്ദേശം നെഞ്ചേറ്റി ധീരതയോടെ പ്രതിരോധിക്കാന്‍ നാമെല്ലാവരും പ്രവര്‍ത്തനങ്ങളാവിഷ്‌കരിക്കുക. 

(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (58-59)
ടി.കെ ഉബൈദ്‌