രാഷ്ട്ര സംവിധാനം രൂപപ്പെടുന്നത്
ഒരു രാഷ്ട്രം എങ്ങനെ രൂപപ്പെടുന്നു? രാഷ്ട്ര മീമാംസാ ദര്‍ശനങ്ങളില്‍ ഇത് പല വിധത്തിലാകാം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരു നേതാവിന്റെ അല്ലെങ്കില്‍ രാജാവിന്റെ കൈയൂക്കു കൊണ്ട് രാഷ്ട്രം നിലവില്‍ വരാം എന്നതാണ് അതിലൊന്ന്. നേതാവ് / രാജാവ് മേല്‍ക്കോയ്മ നേടുകയും ചുറ്റിലുമുള്ളവര്‍ അദ്ദേഹത്തിന്റെ ഇഛകള്‍ക്ക് വിധേയപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ അതിക്രമിച്ചും കൈയേറിയുമാണ് പല രാഷ്ട്രങ്ങളും നിലവില്‍ വന്നത്. അപ്പോള്‍ ഒരു ഗോത്ര നേതാവോ നാടുവാഴിയോ രാഷ്ട്രത്തലവനായി മാറുന്നു. പരസ്പരമുള്ള കരാറിന്റെ അടിസ്ഥാനത്തിലും രാഷ്ട്രം രൂപപ്പെടാം. ഈ തിയറിയുടെ വക്താക്കള്‍ പറയുന്നത്, രാഷ്ട്രപൂര്‍വ ഘട്ടത്തില്‍ മനുഷ്യരുടേത് വളരെ സ്വാഭാവികമായ ഒരു ജീവിതമായിരുന്നു; സുഖദുഃഖ സമ്മിശ്രമായ ജീവിതം. പിന്നെയവര്‍ ഒന്നിച്ചു സംഘടിതമായി ജീവിക്കാന്‍ തീരുമാനിക്കുന്നു. പ്രകൃതിദത്ത സ്വാതന്ത്ര്യത്തിന്റെ സ്ഥാനത്തിന് സിവില്‍ സ്വാതന്ത്ര്യത്തെ പകരം വെക്കുന്നു. ഈ പരസ്പര ധാരണയും കരാറും ഒരു രാഷ്ട്രം ജന്മമെടുക്കുന്നതിന് നിമിത്തമായിത്തീരുന്നു. ഇവിടെ രാഷ്ട്രത്തിന്റെ ചുമതല, വ്യക്തികളെ സേവിക്കുകയും അവരുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്. ഭരണാധികാരി ജനതയുടെ സേവകന്‍ മാത്രം. സമൂഹത്തിന്റെ താല്‍പര്യങ്ങളെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്.1
രാഷ്ട്രനിര്‍മാണത്തിന് അടിസ്ഥാനമായ ഈ സാമൂഹിക കരാറിനെക്കുറിച്ച് അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ടെങ്കിലും, ഈ വിഷയത്തില്‍ ഏറ്റവും പ്രശസ്തമായ തിയറി ഇതുതന്നെയാണ്. അതിനു കാരണം ഈ ആശയം ഉള്‍ക്കൊള്ളുന്ന ജനാധിപത്യ -കൂടിയാലോചനാ ചൈതന്യമാണ്. സമൂഹം രാഷ്ട്രത്തെ നിര്‍മിക്കുന്നു എന്നതാണ് സങ്കല്‍പം. അധികാരവും അവരുടെ കൈകളില്‍ തന്നെ. സമൂഹത്തെ സേവിക്കാന്‍ ആ രാഷ്ട്രം പ്രതിജ്ഞാബദ്ധമാണ്. സമൂഹത്തിന്റെ പിന്തുണയും തൃപ്തിയും പിടിച്ചുപറ്റാനായിരിക്കും അതിന്റെ ശ്രമം. ജനത്തിന്റെ പിന്‍ബലം നഷ്ടമായിക്കഴിഞ്ഞാല്‍ അധികാരവും നഷ്ടമാകും. അതുകൊണ്ടായിരിക്കും നമ്മുടെ കാലത്തെ മിക്ക ഇസ്‌ലാമിക ചിന്തകരും ഈ തിയറിയെയും തദ്‌വിഷയകമായ ഇസ്‌ലാമിക ചിന്തയെയും പരസ്പരം ബന്ധിപ്പിക്കാനും ചേര്‍ത്തുനിര്‍ത്താനും ശ്രമിക്കുന്നത്.
നേതൃത്വം ഒരു കരാറാണ്
ഈ ബന്ധവും അടുപ്പവും ആദ്യമായി തിരിച്ചറിയുകയും അതിനു വേണ്ടി നിലകൊള്ളുകയും ചെയ്തയാളാണ് പ്രശസ്ത ഈജിപ്ഷ്യന്‍ നിയമജ്ഞന്‍ അബ്ദുര്‍റസാഖ് സന്‍ഹൂരി (1895-1971). 1926-ല്‍ പാരീസില്‍ വെച്ച് അദ്ദേഹമെഴുതിയ പ്രബന്ധമാണ് Le califat (ഖിലാഫത്ത്). നേതൃത്വം യഥാര്‍ഥത്തില്‍ ഒരു സാമൂഹിക കരാറാണെന്ന് ആ പ്രബന്ധത്തില്‍ അദ്ദേഹം സ്ഥാപിക്കുന്നു. നിയമപരമായ ഉപാധികള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന കരാര്‍. ഈ കരാര്‍ വഴിയാണ് ഭരണാധികാരിക്ക് തന്റെ അധികാരത്തിന് നിയമാനുസൃതത്വം ലഭിക്കുന്നത്. നേതാവിനും ജനതക്കുമിടയിലെ കരാറാണത്. അതിന്റെ അടിസ്ഥാനമാവട്ടെ പരസ്പരമുള്ള തൃപ്തിയും. അതുവഴിയാണ് ഖലീഫക്ക് അധികാരം നല്‍കപ്പെടുന്നത്. അദ്ദേഹത്തിന് ലഭിക്കുന്ന അധികാരം ജനങ്ങള്‍ക്ക് ലഭിക്കുന്ന അധികാരമാണെന്നര്‍ഥം. കരാര്‍ പ്രകാരമുള്ള ഈ ജനകീയാധികാര കൈമാറ്റം നൂറ്റാണ്ടുകളായി മുസ്‌ലിം സമൂഹം പരീക്ഷിച്ചുപോന്നിട്ടുണ്ട്. എന്നല്ല, ളിയാഉദ്ദീന്‍ റയ്‌സ് അഭിപ്രായപ്പെടുന്നതുപോലെ ഈ ജനകീയാധികാര കൈമാറ്റത്തിന്റെ ഏറ്റവും മികച്ച രൂപവുമാണത്. റൂസോ പറയുന്ന സാമൂഹിക കരാര്‍ അക്കാലത്ത് അദ്ദേഹത്തിന്റെ കേവലം ഭാവന മാത്രമായിരുന്നു എന്ന് മനസ്സിലാക്കണം. അതിനെ പിന്തുണക്കുന്നതായി യൂറോപ്യന്‍ ചരിത്രത്തില്‍ യാതൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ഇസ്‌ലാമികമായ സാമൂഹിക കരാര്‍ ദര്‍ശനത്തിന് വ്യക്തമായ ചരിത്ര സാക്ഷ്യമുണ്ട്. ഇസ്‌ലാമിന്റെ സുവര്‍ണകാലത്തുള്ള മുസ്‌ലിം സമൂഹത്തിന്റെ ചരിത്രാനുഭവമാണത്.2 മുസ്‌ലിംകളുടെ ഇജ്മാഅ് ദര്‍ശനം ഇതിനെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നുണ്ട്.3
അപ്പോള്‍ ഇമാമത്ത്/ നേതൃത്വം സ്ഥാപിതമാവുന്നതും സ്ഥിരപ്പെടുന്നതും സമൂഹം നടത്തുന്ന തെരഞ്ഞെടുപ്പ് വഴിയാണ്. 'ഇമാമത്ത് കരാറാണ്' (അല്‍ ഇമാമതു അഖ്ദുന്‍) എന്നാണ് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുള്ളത്. അനുസരണ പ്രതിജ്ഞ എന്നത് ഒരു വിശേഷണം മാത്രം, അല്ലെങ്കില്‍ ഇമാമിന്റെയും ഉമ്മത്തിന്റെയും ഇടക്കുള്ള കരാറിന്റെ ഒരു പ്രതീകം. പ്രവാചകന്റെ നേതൃത്വത്തില്‍ നടന്ന അഖബാ ഉടമ്പടികളില്‍ ഇതിന്റെ അടിസ്ഥാനങ്ങള്‍ കണ്ടെത്താമെന്നും അവര്‍ പറയുന്നു. പ്രത്യേകിച്ച് രണ്ടാം അഖബാ ഉടമ്പടി. മദീനയില്‍ ഒരു ഇസ്‌ലാമിക രാഷ്ട്ര സംവിധാനമുണ്ടാകുന്നതിനെക്കുറിച്ച് നേതാവായ പ്രവാചകനും ഔസ്-ഖസ്‌റജ് ഗോത്രങ്ങളും തമ്മിലുണ്ടാക്കിയ കരാറാണത്. 'സ്ത്രീകളുടെ അനുസരണ പ്രതിജ്ഞ' എന്ന പേരില്‍ അറിയപ്പെട്ട ഒന്നാം അഖബാ ഉടമ്പടിയില്‍നിന്ന് വ്യത്യസ്തമായിരുന്നു രണ്ടാം ഉടമ്പടി. അത് ഒരു രാഷ്ട്രീയ അനുസരണ പ്രതിജ്ഞയായിരുന്നു; ഒരു തരത്തിലുള്ള സൈനിക സഖ്യവും.4 അധികാരമേറ്റയുടനെ അബൂബക്ര്‍ സിദ്ദീഖ് നടത്തിയ പ്രസംഗത്തില്‍ സമൂഹമാണ് തന്നെ ഭരണമേല്‍പ്പിച്ചത് എന്നു പറയുന്നുണ്ടല്ലോ. താന്‍ ശരീഅത്തിനോട് പ്രതിബദ്ധത കാണിക്കുന്നുണ്ടെങ്കില്‍ മാത്രമേ അവര്‍ തന്നെ അനുസരിക്കാന്‍ ബാധ്യസ്ഥരാകുന്നുള്ളൂ എന്നും വ്യക്തമാക്കുന്നു. മേല്‍നോട്ടക്കാര്‍ അവരാണ്; താന്‍ വഴിതെറ്റിയാല്‍ തന്നെ നേര്‍വഴിയിലേക്ക് കൊണ്ടുവരേണ്ടവരും. സഖീഫ അങ്കണത്തില്‍ വെച്ച് നടന്ന അനുസരണ പ്രതിജ്ഞയിലൂടെയല്ല അബൂബക്ര്‍ ഖലീഫയാകുന്നത്. അത് കേവലം നാമനിര്‍ദേശം മാത്രമാണ്. പള്ളിയില്‍ വെച്ച് പൊതുസമൂഹം ബൈഅത്ത് ചെയ്തപ്പോള്‍ മാത്രമാണ് അദ്ദേഹം ഖലീഫയായിത്തീരുന്നത്.5 ഇതേ ആശയം തുടര്‍ന്നുവരുന്ന ഖലീഫമാരും പ്രകടിപ്പിക്കുന്നതു കാണാം. അവര്‍ക്കും പള്ളിയില്‍ വെച്ച് ജനകീയ അനുസരണ പ്രതിജ്ഞ ലഭിക്കുകയുണ്ടായി. ശരീഅത്തിനോടുള്ള പ്രതിബദ്ധത, ജനത്തിന്റെ തൃപ്തി എന്നതില്‍ കവിഞ്ഞ് തങ്ങളുടെ അധികാരത്തിന് മറ്റൊരു നിയമാനുസൃതത്വവും ഇല്ലെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. ആ മികച്ച ഭരണസംവിധാനം പിന്നീട് അട്ടിമറിഞ്ഞെങ്കിലും, പിന്നീടും നിയമാനുസൃതത്വം തീരുമാനിക്കുന്നത് ജനം തന്നെയായിരുന്നു. ഭരണഘടന(ശരീഅത്ത്)ക്കും ശൂറാ(പൊതു അനുസരണ പ്രതിജ്ഞ)ക്കും വിധേയപ്പെടുമ്പോള്‍ മാത്രമേ ഏതൊരു ഭരണസംവിധാനത്തെയും നിയമാനുസൃതമായി കണ്ടിരുന്നുള്ളൂ. അതുകൊണ്ടാണ് പില്‍ക്കാലത്തെ തനി സ്വേഛാധിപതികളായ ഭരണാധികാരികള്‍ വരെ, ചൈതന്യം മുഴുവന്‍ ചോര്‍ത്തിക്കളഞ്ഞിട്ടും, ബൈഅത്തിന്റെ/ പൊതു അനുസരണ പ്രതിജ്ഞയുടെ ബാഹ്യരൂപങ്ങള്‍ ഇപ്പോഴും നിലനിര്‍ത്തുന്നത്. ഈ പൊതു അനുസരണ പ്രതിജ്ഞയിലൂടെ മാത്രമേ അധികാരം നിയമാനുസൃതമാവുകയുള്ളൂ എന്ന മുസ്‌ലിം സമൂഹത്തിന്റെ ദൃഢബോധ്യമാണ് ബൈഅത്തിന്റെ പ്രകടനരൂപങ്ങള്‍ നിലനിര്‍ത്താന്‍ സ്വേഛാധിപതികളെ നിര്‍ബന്ധിക്കുന്നത്.6
അപ്പോള്‍ ശരീഅത്ത് നടപ്പാക്കുക, സമുദായത്തെ നേര്‍വഴിക്ക് നയിക്കുക, അവരുമായി കൂടിയാലോചിക്കുക എന്നീ അടിസ്ഥാനങ്ങളില്‍ ഭരണാധികാരിയും സമൂഹവും തമ്മിലുണ്ടാക്കുന്ന കരാറിന്റെ പേരാണ് ഇമാമത്ത്/ നേതൃത്വം. ഈ ഉപാധികള്‍ പാലിക്കുന്നുണ്ടെങ്കില്‍ ആ നേതൃത്വത്തെ കേള്‍ക്കുകയും അനുസരിക്കുകയും വേണം.
ഇസ്‌ലാമിക രാഷ്ട്ര സ്വരൂപത്തിന്റെ ഉത്ഭവത്തെ കരാറിലേക്കും ബൈഅത്തിലേക്കും കൊണ്ടെത്തിക്കുന്ന ഈ രാഷ്ട്രീയ ദര്‍ശനത്തിന് വലിയ സ്വീകാര്യതയാണ് നമ്മുടെ കാലത്ത് ലഭിച്ചത്. ഏതൊരു സമകാലിക രാഷ്ട്രീയ ദര്‍ശനത്തെയും മറികടക്കാനുള്ള അതിന്റെ ശേഷി കാരണം ഗവേഷകരില്‍ വളരെ താല്‍പര്യമുണര്‍ത്താന്‍ അതിന് കഴിഞ്ഞിട്ടുണ്ട്. ഇതിനെ സാധൂകരിക്കുന്ന പ്രമാണങ്ങളില്‍നിന്നുള്ള നിരവധി സാക്ഷ്യങ്ങളും ചരിത്രത്തില്‍നിന്നുള്ള ഒട്ടുവളരെ ഉദാഹരണങ്ങളും കൊണ്ടുവരാന്‍ സാധിക്കും. ഏകാധിപത്യം നിലനില്‍ക്കുന്ന മുസ്‌ലിം നാടുകളില്‍ അതിനെതിരെ പൊരുതാനുള്ള നല്ലൊരു ആയുധമായും ഈ ആശയം മാറുന്നുണ്ട്. ഇസ്‌ലാമിന്റേത് സ്വേഛാധിപത്യ മതരാഷ്ട്രമാണെന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ബൗദ്ധികകടന്നാക്രമണത്തെ ഫലപ്രദമായി ചെറുക്കാനും അതിന് കഴിയും. മുസ്‌ലിം ധൈഷണിക ലോകത്ത് വലിയ സ്വീകാര്യത ഈ ആശയത്തിന് ലഭിക്കാന്‍ അതാണ് കാരണം. ഈ ആശയം ഉയര്‍ത്തിപ്പിടിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്ന ഒട്ടുവളരെ ചിന്തകന്മാരും പണ്ഡിതന്മാരുമുണ്ട്; അബ്ദുര്‍റസാഖ് സന്‍ഹൂരി, ളിയാഉദ്ദീന്‍ റയ്‌സ്, ഫത്ഹീ ഉസ്മാന്‍, സലീം അല്‍ അവാ എന്നിവരെപ്പോലെ. പക്ഷേ ഇതിനെ ചെറുക്കുന്ന ഒരു ധാരയും ഇസ്‌ലാമിക ചിന്തയില്‍ തന്നെയുണ്ട്. ആരാണ് ഈ എതിര്‍ ചിന്തയുടെ വക്താക്കള്‍?
ശീഈ ധാര
ഇറാനില്‍ നടന്ന വിപ്ലവത്തിനു ശേഷം ഈ ധാരക്ക് വളരെയേറെ പ്രാമുഖ്യവും പ്രചാരവും ലഭിക്കുകയുണ്ടായി. മുത്വഹ്ഹരി, അലി ശരീഅത്തി പോലുള്ളവരുടെ രചനകള്‍ ഈ പ്രചാരത്തിന് കാരണമായിട്ടുണ്ട്. എന്നല്ല സുന്നീപക്ഷത്തുള്ള ചിന്തകന്മാരെപ്പോലും ആ ധാര സ്വാധീനിക്കുകയുണ്ടായി. ശീഈ വിശ്വാസങ്ങളുമായി അഗാധമായി ബന്ധപ്പെട്ടു നില്‍ക്കുന്നു ഈ രാഷ്ട്രീയ ചിന്താധാര. പ്രവാചകത്വ(നുബുവ്വത്ത്)ത്തെ നേതൃത്വ(ഇമാമത്ത്)വുമായി താരതമ്യം ചെയ്യുന്നു എന്നതാണ് അതിന്റെ അടിസ്ഥാനം. ''നമ്മള്‍ വിശ്വസിക്കുന്നത് ഇമാമത്ത് എന്നത് നുബുവ്വത്ത് പോലെത്തന്നെയാണ് എന്നാണ്. അതിന്റെ വിധി നുബുവ്വത്തിന്റെ വിധി തന്നെ. ഒരു വ്യത്യാസവുമില്ല.''7 അതിനാല്‍ ഇമാമിനെ തള്ളിപ്പറയുന്നത് കുഫ്ര്‍ (സത്യത്തെ നിരാകരിക്കല്‍) ആണ്; പ്രവാചകനെ തള്ളിപ്പറയുന്നത് കുഫ്ര്‍ ആയതു പോലെത്തന്നെ. ഇരു കാര്യങ്ങളിലുമുള്ള അജ്ഞത ഒരേ തലത്തിലാണ്. എന്നല്ല, ഇത്രകൂടി പറയുന്നു: ''ഇമാമത്തിന് നുബുവ്വത്തിനേക്കാള്‍ ഒരു പ്രത്യേകതയുണ്ട്. പ്രവാചകത്വയുഗം അവസാനിച്ച ശേഷം സത്യസന്ദേശ പ്രചാരണം (രിസാലത്ത്) തുടര്‍ന്നു വന്നത് ഇമാമത്ത് വഴിയാണ്. നുബുവ്വത്ത് പ്രത്യേകം ചിലര്‍ക്കുള്ള അനുഗ്രഹമാണെങ്കില്‍ ഇമാമത്ത് പൊതുവായിട്ടുള്ള അനുഗ്രഹമാണ്''8 ശീഈ ചിന്തകരില്‍ മിതവാദിയെന്ന് അറിയപ്പെടുന്ന മുഹമ്മദ് മഹ്ദി ശംസുദ്ദീന്‍ ഇതിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നു: ''നേതാവ് തന്റെ അര്‍ഹത നേടിയെടുക്കേണ്ടത് അല്ലാഹുവില്‍നിന്നാണ്; ഇമാം വഴിയായി. ഇമാമിന് ഈ അര്‍ഹത കിട്ടിയിട്ടുള്ളത് നബിയില്‍നിന്നാണ്; നബി ആ അര്‍ഹത നേടിയത് അല്ലാഹുവില്‍നിന്ന്‌നേരിട്ടും.''9
ശീഈ രാഷ്ട്രീയ ചിന്തയില്‍ ബാഖിര്‍ സ്വദ്‌റിന്റെ 'ഖിലാഫത്തുല്‍ ഇന്‍സാന്‍ വ ശഹാദതുല്‍ അമ്പിയാഅ്' എന്ന കൃതിക്ക് ശേഷം ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് അദ്ദേഹത്തിന്റെ ശിഷ്യന്‍ സ്വദ്‌റുദ്ദീന്‍ ഖുബാനജി എഴുതിയ 'അല്‍ മദ്ഹബുസ്സിയാസി ഫില്‍ ഇസ്‌ലാം' എന്ന കൃതിയാണ് (ഇറാനിലെ കമ്യൂണിക്കേഷന്‍ മന്ത്രാലയം പുറത്തിറക്കിയത്). തെറ്റുപറ്റാത്ത (മഅ്‌സ്വൂം) ഇമാമിന്റെ അഭാവത്തില്‍ പോലും നിലവിലുള്ള ഇമാമിനെ അദ്ദേഹം കാണുന്നത് ഇപ്രകാരമാണ്: ''അദ്ദേഹം മത, രാഷ്ട്രീയ നേതാവാണ്. മതകാര്യത്തിലായാലും രാഷ്ട്രീയ കാര്യത്തിലായാലും സമൂഹം മടങ്ങേണ്ടത് അദ്ദേഹത്തിലേക്കാണ്. ഈ രണ്ട് മേഖലകളിലും അദ്ദേഹത്തിന്റെ തീരുമാനങ്ങളാണ് നടപ്പിലാവുക.''10 അതായത് പാപരാഹിത്യ പദവി (ഇസ്വ്മത്) സമൂഹം ഒരിക്കലും ആര്‍ജിക്കുന്നില്ല. അത് ആര്‍ജിക്കുന്നത് അതില്‍പെട്ട ഒരു വ്യക്തി മാത്രമാണ്. ''പാപരാഹിത്യ പദവി നേടുകയോ അതിനോടടുത്ത് എത്തുകയോ ചെയ്യുന്നത് ഈ നേതാവായിരിക്കും. അതിനാല്‍ ആ നേതാവിനെ തെരഞ്ഞെടുക്കാന്‍ സമൂഹത്തിന് അര്‍ഹതയില്ല. സമൂഹത്തിന് യാതൊരു അധികാരവും ഉണ്ടായിരിക്കില്ല.''11 ''പ്രജകള്‍ക്കു മേല്‍ സമ്പൂര്‍ണ അധികാരമായിരിക്കും ഇമാമിന്.''12 ''രാഷ്ട്രീയ തീരുമാനം സമൂഹത്തിലെ ഭൂരിപക്ഷത്തിനോ ശൂറായിലെ ആളുകള്‍ക്കോ അവകാശപ്പെട്ടതായിരിക്കില്ല; അത് കൈകാര്യ കര്‍ത്താവിന് (വലിയ്യുല്‍ അംറ്) മാത്രമായിരിക്കും.''13
അതേസമയം ഖുബാനജി അനുസരണ പ്രതിജ്ഞ(ബൈഅത്ത്)യെക്കുറിച്ചും, ഇമാമിനെ നിശ്ചയിക്കുന്നതിലും നിയമാവിഷ്‌കാരത്തിലും സമൂഹത്തിനുള്ള പങ്കിനെക്കുറിച്ചും സംസാരിക്കുന്നുണ്ടെങ്കിലും അതിലൊന്നും വ്യക്തതയോ കൃത്യതയോ ഇല്ല. വായനക്കാര്‍ക്ക് അതൊട്ടും ബോധ്യമാവുകയുമില്ല. നുബുവ്വത്ത് അവസാനിച്ചിരിക്കെ ഒരു വ്യക്തിക്ക് എങ്ങനെയാണ് പാപസുരക്ഷിതത്വമോ പാപസുരക്ഷിതത്വത്തോടടുത്ത പദവിയോ ലഭിക്കുക ('വിലായത്തുല്‍ ഫഖീഹി'നെക്കുറിച്ച സങ്കല്‍പം അങ്ങനെയാണല്ലോ)? എന്നാല്‍ ഈ വ്യക്തി വളര്‍ന്നു വന്ന സമൂഹത്തിനാകട്ടെ അത്തരമൊരു പാപസുരക്ഷിതത്വം ഇല്ലതാനും!
സ്‌നേഹപ്രകടനത്തിന്റെ അതിരുകവിച്ചില്‍ എന്നേ ഇതേപ്പറ്റി പറയാനാവൂ. തങ്ങളുടെ ഇമാമുമാരെ സാധാരണ മനുഷ്യരായി കാണാന്‍ നമ്മുടെ ശീഈ സുഹൃത്തുക്കള്‍ സന്നദ്ധരല്ല. സാദാ ജനത്തിനും നുബുവ്വത്തിനും ഇടക്കുള്ള ഒരു സ്ഥാനമാണ് ഇമാമുകള്‍ക്ക് അവര്‍ കല്‍പിച്ചുനല്‍കുന്നത്.
ഖുബാനജി ആ കൃതിയിലുടനീളം തന്റെ വാദമുഖങ്ങളെ ഇസ്‌ലാമിക രാഷ്ട്രീയ ദര്‍ശനം എന്നാണ് പേരിട്ടു വിളിക്കുന്നത്; ശീഈ രാഷ്ട്രീയ ദര്‍ശനം എന്നല്ല. മാത്രവുമല്ല, അത് മുഴുവന്‍ ശീഈകളുടെയും നിലപാടുമല്ല. അദ്ദേഹം വിശദീകരിക്കുന്നത് ഇമാമീ ശീഈകളുടെ നിലപാടാണ്. മൊത്തം ഇമാമീ ശീഈകളുടെയും അഭിപ്രായം എന്നു പറയാനും പറ്റുകയില്ല; അവരില്‍ ഒരു വിഭാഗത്തിന്റെ മാത്രം. എന്നാല്‍ അദ്ദേഹം അവകാശപ്പെടുന്നതാകട്ടെ, ലോക ഇസ്‌ലാമിക പണ്ഡിതരുടെ, ഇമാമുമാരുടെ ഇജ്മാഅ് എന്നൊക്കെയും! തന്റെ വിഭാഗത്തില്‍പെടാത്ത, തന്റെ വീക്ഷണത്തോട് ഒത്തുപോകാത്ത ഒരു പണ്ഡിതന്റെ പോലും അഭിപ്രായങ്ങളിലേക്ക് ഒരു സൂചന പോലും അദ്ദേഹം നല്‍കുന്നില്ല എന്നതാണ് സത്യം. ആ വിഷയത്തില്‍ മറ്റുള്ള പണ്ഡിതന്മാര്‍ക്ക് ഇന്നയിന്ന വീക്ഷണങ്ങളുണ്ട് എന്ന് എടുത്തുപറയാനുള്ള വിനയം അദ്ദേഹം കാണിക്കണമായിരുന്നു. നമ്മുടെ പൂര്‍വകാല പണ്ഡിതന്മാര്‍ 'നമ്മുടെ സുഹൃത്തുക്കള്‍ ഇങ്ങനെയാണ് പറഞ്ഞിട്ടുള്ളത്' എന്നെഴുതിയ ശേഷം ഭിന്നാഭിപ്രായങ്ങളും രേഖപ്പെടുത്തിയിരുന്നു. ചിന്താലോകത്ത് ഭിന്നാഭിപ്രായങ്ങളെ കണ്ടില്ലെന്നു നടിക്കുന്നതും ഗളഹസ്തം ചെയ്യുന്നതും സംഭവലോകത്തെ ആ പണ്ഡിതസമൂഹത്തെ തുടച്ചുനീക്കുന്നതിന് തുല്യമല്ലേ? ഇത് അപകടം പിടിച്ചൊരു രീതിശാസ്ത്രമാണ്. ഇസ്‌ലാമിന് ഇങ്ങനെയൊരു വീക്ഷണമേയുള്ളൂ എന്നാണ് സ്ഥാപിച്ചെടുക്കുന്നത്. അത് മുസ്‌ലിം ജനസാമാന്യത്തിന്റെ അസ്തിത്വം തന്നെ നിഷേധിക്കുന്നതിനു തുല്യമാണ്.
വിപ്ലവം നടത്തുകയും രാഷ്ട്രനായകനായിത്തീരുകയും ചെയ്ത ഖുമൈനിയും ഈ അതിരുകവിച്ചിലില്‍നിന്ന് മുക്തനല്ല. അദ്ദേഹത്തിന്റെ 'ഇസ്‌ലാമിക് ഗവണ്‍മെന്റ്' എന്ന കൃതിയില്‍ ഒരു പരാമര്‍ശമുണ്ട്. അതൊരു പിശകായിരിക്കുമെന്നും തുടര്‍ന്നുള്ള പതിപ്പുകളില്‍ അത് തിരുത്തുമെന്നുമാണ് ഞാന്‍ കരുതിയത്. പക്ഷേ അങ്ങനെ സംഭവിച്ചില്ല. പരാമര്‍ശം ഇങ്ങനെ: ''ഹുജ്ജത്തുല്ല (ദൈവത്തിന്റെ തെളിവ്) പദവിയാര്‍ജിച്ച വ്യക്തിയെ മുസ്‌ലിംകളുടെ കാര്യങ്ങള്‍ നോക്കി നടത്താനായി അല്ലാഹു നേരിട്ട് നിശ്ചയിക്കുകയാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളുമെല്ലാം മുസ്‌ലിംകള്‍ക്ക് തെളിവായിത്തീരും. അവരത് നടപ്പാക്കാന്‍ ബാധ്യസ്ഥരുമാണ്''14 ഇത്ര വരെ അദ്ദേഹം പറഞ്ഞുവെക്കുന്നു: ''നമ്മുടെ ചിന്താരീതിയുടെ അനിവാര്യതകളില്‍ പെടുന്നതാണ് നമ്മുടെ ഇമാമുകള്‍ക്കുള്ള സ്ഥാനവും പദവിയും. സമീപസ്ഥരായ മലക്കുകള്‍ക്കോ ദൂതനായി നിശ്ചയിക്കപ്പെടുന്ന നബിക്കോ ആ പദവിയിലെത്താനാവുകയില്ല.''15 ഇതൊന്നും പൊതു മുസ്‌ലിം വിശ്വാസമല്ല, ഒരു വിഭാഗത്തിന്റെ വിശ്വാസം മാത്രമാണ്. ബാഖിര്‍ സ്വദ്‌റിന്റെയോ അദ്ദേഹത്തിന്റെ ശിഷ്യന്‍ ഖുബാനജിയുടെയോ കൃതികളില്‍ ഇത്തരം പരാമര്‍ശങ്ങള്‍ കാണുകയില്ലെന്നും കൂട്ടത്തില്‍ പറഞ്ഞു കൊള്ളട്ടെ. പരസ്പര കരാറിലൂടെയാവണം രാഷ്ട്രം രൂപപ്പെടേണ്ടതെന്ന ചിന്തയെ എതിര്‍ക്കുന്ന ഈ വിഭാഗക്കാര്‍ ഇമാമത്തിനെ ഒരു ദൈവദത്ത പദവിയായാണ് കാണുന്നത്. ദൈവനിയുക്തനായ ഈ കൈകാര്യകര്‍ത്താവിനെ/ വസ്വിയ്യി
നെ നിസ്സാരനായി കാണുന്നവന്‍ അല്ലാഹുവിനെയാണ് നിസ്സാരനായി കാണുന്നതെന്നും അത് ദൈവത്തില്‍ പങ്കുചേര്‍ക്കുക എന്ന പാപത്തിന്റെ പരിധിയില്‍ പെടുമെന്നുമൊക്കെ വ്യാഖ്യാനങ്ങളുമുണ്ടായി.16 ഈ വീക്ഷണപ്രകാരം യഥാര്‍ഥ അധികാരം മറഞ്ഞിരിക്കുന്ന ഇമാമിനാണ്. എന്നാല്‍ നിലവിലുള്ള ഇമാം അദ്ദേഹത്തിന്റെ പേരിലാണ് സംസാരിക്കുക. പ്രതിനിധികളായി ഭരണം നടത്തുന്ന ഇമാമുമാരില്‍നിന്ന് യഥാര്‍ഥ ഇമാം മറഞ്ഞിരിക്കുകയല്ലെന്നും അവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ എല്ലായ്‌പ്പോഴും കൂടെയുണ്ടാവുമെന്നുമൊക്കെയുള്ള വ്യാഖ്യാനങ്ങളുമുണ്ട്. ചില പ്രത്യേക സമയങ്ങളില്‍ ഈ ഇമാമുമാര്‍ക്ക് യഥാര്‍ഥ ഇമാമുമായി കൂടിക്കാഴ്ച നടത്താനും പറ്റുമത്രെ.17 യുദ്ധസന്ദര്‍ഭങ്ങളിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാവും. ചുരുക്കം പറഞ്ഞാല്‍ യഥാര്‍ഥ ഇമാമിന്റെ അനുവാദമില്ലാതെ പ്രതിനിധി ഇമാം യാതൊന്നും തന്നെ ചെയ്യുന്നില്ല. ഇങ്ങനെ പലതരം ആഖ്യാനങ്ങളുണ്ട് ശീഈ വൈജ്ഞാനിക സാഹിത്യത്തില്‍. അവരിലെ പണ്ഡിതന്മാര്‍ അതേക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു, അവര്‍ക്കതിലൊന്നും വിശ്വാസമില്ലെങ്കിലും. ഇക്കാര്യങ്ങളിലൊന്നും അവര്‍ക്കിടയില്‍ പണ്ഡിത സമവായവുമില്ല. വിലായത്തുല്‍ ഫഖീഹും അഭിപ്രായൈക്യമില്ലാത്ത വിഷയമാണ്. കൂടിയാലോചന തന്നെയാണ് രാഷ്ട്രസങ്കല്‍പത്തിന്റെ അടിസ്ഥാനമാവേണ്ടത്. ചിന്താമണ്ഡലത്തില്‍ ഈ ആശയത്തിനാണ് സ്വീകാര്യത വര്‍ധിച്ചുവരുന്നത്.
കുറിപ്പുകള്‍
1. ശംസ് മിര്‍ഗനി അലി- അല്‍ഖാനൂനു ദ്ദസ്തൂരി
2. റയ്‌സ്- അന്നള്‌രിയ്യാത്തുസ്സിയാസിയ്യ അല്‍ ഇസ്‌ലാമിയ്യ, പേജ് 214
3. പുതിയകാല ശീഈ നേതാക്കളുടെ അഭിപ്രായത്തില്‍, തെറ്റു പറ്റാത്ത ഇമാമുകള്‍ ഇപ്പോള്‍ ഇല്ലെന്നിരിക്കെ ഇക്കാര്യത്തില്‍ സുന്നികള്‍ക്കും ശീഈകള്‍ക്കും അഭിപ്രായ വ്യത്യാസമില്ല. 'അധികാരത്തിന്റെ ഉടമസ്ഥത മുസ്‌ലിം ഉമ്മത്തിന് ആണ്. നേതാവിനെ തെരഞ്ഞെടുക്കുകയാണ് ചെയ്യുക. ഉപാധികള്‍ ഒത്തുവന്നവരെ തെരഞ്ഞെടുക്കാനുള്ള അവകാശം ആ സമൂഹത്തിനുണ്ട്' എന്ന് മുന്‍തളരി പറയുന്നു. ദിറാസതുന്‍ ഫീ വിലായത്തില്‍ ഫഖീഹി വഫിഖ്ഹിദ്ദൗല എന്ന കൃതി കാണുക, പേജ് 1/405
4. അല്ലാലുല്‍ ഫാസി- മഖാസ്വിദുശ്ശരീഅ അല്‍ ഇസ്‌ലാമിയ്യ വമകാരിമുഹാ, പേജ് 256
5. ഇമാം ഇബ്‌നുതൈമിയ്യ- അസ്സിയാസത്തുശ്ശര്‍ഇയ്യ ഫീ ഇസ്വ്‌ലാഹി റാഈ വ റഇയ്യ (കയ്‌റോ 1969).
6. ഇമാം ബാഖില്ലാനി പറയുന്നു: ''ഒരു നേതാവ് നേതാവായിത്തീരുന്നത് കെട്ടാനും അഴിക്കാനും യോഗ്യതയുള്ള ശ്രേഷ്ഠ വിശ്വാസികളുമായി അദ്ദേഹത്തിന് കരാര്‍ സാധ്യമാവുമ്പോഴാണ്.'' ഉദ്ധരണം: ഫത്ഹി ഉസ്മാന്റെ ഉസ്വൂലുല്‍ ഫിക്‌രിസ്സിയാസി അല്‍ ഇസ്‌ലാമി, പേജ് 405.
7. അഖാഇദുല്‍ ഇമാമിയ്യ, പേജ് 74
8. തല്‍ഖീസുശ്ശാഫീ, 4/131,132. മുഹമ്മദ് അമ്മാറയുടെ 'അദ്ദീനു വദ്ദൗല ഫി ഇന്‍ജാസിര്‍റസൂല്‍' എന്ന ലേഖനത്തില്‍നിന്ന് ഉദ്ധരിച്ചത് (അല്‍ ഹിവാര്‍, വാള്യം 1, ലക്കം 1-1986).
9. മുഹമ്മദ് മഹ്ദി ശംസുദ്ദീന്‍-ഇലാ ഹുകുമില്‍ ഇസ്‌ലാം (കര്‍ബല, ഹിജ്‌റ 1382, പേജ് 54)
10. അതേ പുസ്തകം, പേജ് 54
11. ഖുബാനജി- അല്‍ മദ്ഹബുസ്സിയാസി ഫില്‍ ഇസ്‌ലാം, പേജ് 240
12. അതേ പുസ്തകം, പേജ് 241
13. അതേ പുസ്തകം, പേജ് 231
14. ഖുമൈനി-അല്‍ഹുകൂമതുല്‍ ഇസ്‌ലാമിയ്യ, പേജ് 78
15. അതേ കൃതി, പേജ് 52
16. ഇമാം ജഅ്ഫര്‍ സ്വാദിഖില്‍നിന്ന് ചില ശീഈ പണ്ഡിതന്മാര്‍ ഇങ്ങനെ ചില വാക്യങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. ഖുബാനജിയുടെ അല്‍ മദ്ഹബുസ്സിയാസി ഫില്‍ ഇസ്‌ലാം എന്ന കൃതിയില്‍ ഉദ്ധരിച്ചത്. പേജ് 206
17. അതേ കൃതി, പേജ് 232
Comments