ഈ മഹാ പ്രക്ഷോഭത്തെ പോലീസിനെ കയറൂരിവിട്ട് തടയാനാവുമോ?
'ഒരു പരിഷ്‌കൃത സമൂഹത്തിന് ഒട്ടും ചേര്‍ന്നതല്ല പോലീസിന്റെ ഈ കിരാതമായ അഴിഞ്ഞാട്ടം. പോലീസില്‍ പരിഷ്‌കരണം വളരെ അത്യാവശ്യമായിരിക്കുന്നു.' ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് സആദത്തുല്ല ഹുസൈനിയുടേതാണ് ഈ വാക്കുകള്‍. ജാമിഅ മില്ലിയ്യയില്‍ ദല്‍ഹി പോലീസും അലീഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ യു.പി പോലീസും അഴിഞ്ഞാടിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജാമിഅയില്‍ പോലീസ് വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറി എന്നും ആരോപണമുണ്ട്. ലൈബ്രറിയിലേക്ക് വരെ ഇരച്ചുകയറി വിദ്യാര്‍ഥികളെ മര്‍ദിച്ചു. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തിക്കുന്നതിനു പകരം മണിക്കൂറുകളോളം പോലീസ് സ്റ്റേഷനുകളില്‍ തടഞ്ഞുവെച്ചു. പോലീസ് തന്നെ ബസിന് തീകൊളുത്തുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്തു വന്നു. അലീഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ സ്ഥാപനാധികൃതരുടെ അനുമതിയില്ലാതെ കാമ്പസില്‍ കടന്ന പോലീസ് സകലതും തച്ചുതകര്‍ത്തു. കര്‍ണാടകയിലും സ്ഥിതി ഭിന്നമല്ല. മംഗഌരിവില്‍ വെടിവെപ്പില്‍ രണ്ട് പേരാണ് മരിച്ചത്. സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കു നേരെ പോലീസ് വെടിവെക്കുകയായിരുന്നു. അതിക്രമങ്ങള്‍ അധികവും അരങ്ങേറിയത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍; അല്ലെങ്കില്‍ പോലീസ് സംവിധാനം ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളില്‍.
പോലീസ് മനപ്പൂര്‍വം പൊതുമുതല്‍ നശിപ്പിക്കുകയും എന്നിട്ട് അതിന്റെ ഉത്തരവാദിത്തം നിരപരാധികളില്‍ ചാര്‍ത്തി അവരെ പ്രതിചേര്‍ക്കുകയുമാണ് ചെയ്തിട്ടുള്ളതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പറഞ്ഞതാണ് സത്യം. പ്രക്ഷോഭകര്‍ക്കു നേരെ യു.പി പോലീസ് വെടിവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് ആവര്‍ത്തിച്ച് ആണയിടുന്നുണ്ടെങ്കിലും, അവിടെ മരിച്ച 17 പേരില്‍ മിക്കവരും വെടിയേറ്റവരായിരുന്നു. യു.പിയില്‍ 27 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവുമെന്നാണ് അനൗദ്യോഗിക കണക്ക്. സൗത്ത് ഏഷ്യ ഹ്യൂമന്‍ റൈറ്റ്‌സ് ഡോക്യുമെന്റേഷന്‍ സെന്റര്‍ ഡയറക്ടര്‍ രവി നായരുടെ നേതൃത്വത്തില്‍ യു.പിയിലെത്തിയ വസ്തുതാന്വേഷണ സംഘത്തിന് പോലീസ് അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന കാഴ്ചകളാണ് കാണാന്‍ കഴിഞ്ഞത്. പൊതുമുതലുകള്‍ നശിപ്പിച്ചത് മുകളില്‍നിന്നുള്ള നിര്‍ദേശപ്രകാരം പോലീസാണെങ്കിലും, പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെയാണ് ഇതിലൊക്കെയും പ്രതിചേര്‍ത്തിരിക്കുന്നത്. അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും നടപടി തുടങ്ങിയിട്ടുണ്ട്.
ഇതൊക്കെയും ഫാഷിസ്റ്റ് ശക്തികള്‍ക്കെതിരെ രാജ്യമെമ്പാടും ഉയരുന്ന ജനരോഷത്തിന് ഇന്ധനം പകരുക മാത്രമാണ് ചെയ്തത്. ഒരു ജനവിഭാഗവും ഒറ്റക്കല്ലെന്നും, എല്ലാവരും ഒറ്റക്കെട്ടാണെന്നുമുള്ള പ്രഖ്യാപനങ്ങളാണ് ഇന്ത്യന്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും മുഴങ്ങുന്നത്. തീര്‍ത്തും ഒറ്റപ്പെട്ടു പോയത് ഫാഷിസ്റ്റുകള്‍ തന്നെ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത ക്രാന്തദര്‍ശികളായ രാഷ്ട്രീയ നേതാക്കളും പണ്ഡിതന്മാരും നാടിന്റെ വൈവിധ്യവും വ്യത്യസ്തതകളും കണ്ടറിഞ്ഞ് രൂപം നല്‍കിയ തികച്ചും അന്യാദൃശമെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യന്‍ ഭരണഘടനയെ ചീന്തിയെറിയാനാണ് ജനം തങ്ങളെ വോട്ട് ചെയ്ത് ജയിപ്പിച്ചതെന്ന് തെറ്റിദ്ധരിച്ചവര്‍ക്ക് ഈ മഹാ പ്രതിഷേധം അല്‍പം യാഥാര്‍ഥ്യബോധമൊക്കെ നല്‍കിത്തുടങ്ങിയതിന്റെ തെളിവാണ് ദേശീയ പൗരത്വ പട്ടികയെപ്പറ്റി തങ്ങള്‍ ആലോചിച്ചിട്ടേയില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന. ഝാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് നേരിട്ട കനത്ത പരാജയം വരാനിരിക്കുന്ന മാറ്റത്തിന്റെ സൂചനയായി എടുക്കാം. തെരുവില്‍ രൂപപ്പെട്ട ഈ ജനകീയൈക്യത്തിനൊത്ത് നിലപാടുകള്‍ സ്വീകരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് കഴിയണമെന്നു മാത്രം.
Comments