പൗരത്വം
രാജ്യാതിര്‍ത്തിയില്‍
യുദ്ധം ജയിച്ച്
നാട്ടിലെത്തിയ വേളയിലാണ്
പൗരത്വപ്പരീക്ഷയില്‍
ഭാര്യയും മക്കളും തോറ്റതറിഞ്ഞത്.
അതിര്‍ത്തിയില്‍
ശത്രുവിന്റെ നേര്‍ക്ക്
നീട്ടിയ തോക്കിന്‍കുഴല്‍
തന്റെ നേര്‍ക്കും മുരണ്ടുവരുന്നെന്നറിഞ്ഞത്
പൗരാവകാശങ്ങള്‍
റദ്ദ് ചെയ്യപ്പെട്ടതില്‍പിന്നെയാണ്.
അതിര്‍ത്തിയില്‍നിന്നും
പിടിക്കപ്പെട്ട ശത്രുവിനെ
കൈയാമം വെച്ച്
കൊണ്ടുവരുമ്പോളാണറിഞ്ഞത്
തടവറയില്‍ ഞങ്ങള്‍ രണ്ടു പേരും
നാളെ മുതല്‍ ഒന്നിച്ചാണെന്ന്.
വെയിലത്തും മഴയത്തും
ജയില്‍മുറികള്‍ക്ക്
കല്ലുകള്‍ പടുക്കുമ്പോളും
ചാന്ത് തേക്കുമ്പോളും
ആരുമറിഞ്ഞതേയില്ല ഈ തടവറകള്‍
എല്ലാവര്‍ക്കുമുള്ള അടിമത്തശാലയാണെന്ന്.
എന്റെ എല്ലാമെല്ലാമായ ചങ്ങായി
രായിന്‍കുട്ടി രാമന്‍കുട്ടിയായി
മൗലികാവകാശങ്ങള്‍
തിരിച്ചുപിടിച്ചതില്‍പിന്നെയാണ്
താജ്മഹല്‍ തേജോമഹലായി
'പ്രൗഢി' തിരിച്ചുപിടിച്ചെന്നറിഞ്ഞത്.
നമുക്കിടയില്‍ മതിലുകള്‍
അത്രമേല്‍ ഉയര്‍ത്തിക്കെട്ടിയതിനു ശേഷമാണ്
വംശീയതയുടെ വിഷമഴ
ഇടിമിന്നലോടെ പെയ്തുതുടങ്ങിയത്.
ഭരണഘടനയില്‍നിന്നും
ചില വാക്കുകളെ
ഇറക്കിവിട്ടതില്‍പിന്നെയാണ്
ഹിന്ദി ഭാഷയില്‍ നമ്മോടവര്‍
ഇറങ്ങിപ്പോകാന്‍ പറഞ്ഞത്.
അന്നാണ്, ചരിത്രത്തിന്റെ ഓടിളക്കി മാറ്റി
പുറത്തുനിന്നവരൊക്കെയും
അകത്തു കയറിയത്.
രാജ്യത്തിന്റെ
വേദപുസ്തകത്തില്‍നിന്നും
വെള്ളരിപ്രാവുകളെ തുരത്തിയോടിച്ചും
അവകാശങ്ങളെ
സോപ്പുകുമിളകള്‍ പോലെ പറത്തിവിട്ടും
ആള്‍ക്കൂട്ടങ്ങളുടെ കൈയടി വാങ്ങിക്കൂട്ടുന്ന
മായാജാലക്കാരന്റെ
അവസാന ജാലവിദ്യ കാണാന്‍
രാജ്യമേ.... നീ ഉയിരോടെയുണ്ടാകുമോ?
Comments