Prabodhanm Weekly

Pages

Search

2020 ജനുവരി 03

3133

1441 ജമാദുല്‍ അവ്വല്‍ 07

പുരുഷമനസ്സിന്റെ പകര്‍ന്നാട്ടങ്ങള്‍

ഡോ. ജാസിം അല്‍ മുത്വവ്വ

പുരുഷന്‍ സ്വാര്‍ഥിയാണെന്ന് പറയുന്നത് ശരിയാണോ? സ്‌നേഹവികാരങ്ങള്‍ പുരുഷന്‍ പ്രകടിപ്പിക്കുകയില്ലെന്നത് നേരാണോ? ശക്തയായ സ്ത്രീ പുരുഷനില്‍ കൗതുകം ജനിപ്പിക്കുകയില്ലെന്ന നിരീക്ഷണത്തില്‍ ശരിയുണ്ടോ? പുരുഷന്‍ ഏകാന്തത ഇഷ്ടപ്പെടുന്നു എന്ന് പറയുന്നതില്‍ വാസ്തവമുണ്ടോ? വനിതാ സംഗമത്തില്‍ സ്ത്രീകള്‍ ഉന്നയിച്ച ചോദ്യങ്ങളാണിവ. ഞാന്‍ നല്‍കിയ മറുപടി:
ദാമ്പത്യ ജീവിതത്തിന്റെ ആദ്യനാളുകളില്‍ സുന്ദരിയായ സ്ത്രീയെയാണ് പുരുഷന്‍ ഇഷ്ടപ്പെടുക. അവളുടെ കാര്യത്തില്‍ അങ്ങേയറ്റം ഔത്സുക്യവും ശ്രദ്ധയും അയാള്‍ക്കുണ്ടാകും. പ്രായമായാല്‍ സുന്ദരിയായ സ്ത്രീയിലേക്ക് അയാളുടെ നോട്ടം പോകുമെങ്കിലും, പക്ഷേ, അയാള്‍ ഏറെ ഇഷ്ടപ്പെടുക നന്നായി സംസാരിക്കുന്ന സ്ത്രീയെയാണ്. കാരണം വര്‍ത്തമാനം ആഗ്രഹിക്കുന്ന പ്രായത്തിലെത്തിയിരിക്കുകയാണയാള്‍. കുടുംബം സ്ഥാപിച്ച് അവരുടെ ഭാവി സുരക്ഷിതമാക്കി സ്വാസ്ഥ്യം പൂണ്ടിരിക്കുന്ന അയാള്‍ വര്‍ത്തമാനം പറയാനും കേള്‍ക്കാനും ഏറെ ഉത്സുകനാവുക സ്വാഭാവികം.
ദാമ്പത്യ ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ സ്ത്രീയില്‍നിന്ന് പുരുഷന്‍ ആഗ്രഹിക്കുന്നത് വീട്, മക്കള്‍, ഗൃഹഭരണം എന്നീ വിഷയങ്ങളില്‍ അവളുടെ സഹകരണമാണ്. പ്രായം നാല്‍പതോ അമ്പതോ കടക്കുന്നതോടെ പുരുഷനില്‍ ശാരീരികാവശതകള്‍ പ്രകടമാവുകയായി. കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, നടുവേദന അങ്ങനെ തുടങ്ങി പല അസുഖങ്ങളുടെയും ഘോഷയാത്ര. ആ ഘട്ടത്തിലാണ് ഒരു സ്ത്രീയുടെ ആവശ്യകത പുരുഷന് ഏറെ ബോധ്യപ്പെടുക. മാതാവിന്റെ വാത്സല്യവും സ്‌നേഹമസൃണമായ പരിചരണവും നല്‍കുന്ന ഒരു സ്ത്രീയുടെ സാന്നിധ്യം പുരുഷന്‍ കൊതിക്കുന്ന സന്ദര്‍ഭമാണത്. ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ ആര്‍ജിക്കാനും തൊട്ടതെല്ലാം പൊന്നാക്കാനും ഭദ്രമായ ജീവിതം കെട്ടിപ്പടുക്കാനും സാധിച്ച പുരുഷന്‍ തന്റെ കുടുംബത്തിനു വേണ്ടി താന്‍ അനുഷ്ഠിച്ച ത്യാഗങ്ങളും ക്ലേശപൂര്‍ണമായ യാത്രയിലെ ഓരോ നിമിഷവും ചാരിതാര്‍ഥ്യത്തോടെ ഓര്‍ത്തെടുക്കുന്ന വേളയാണത്. അപ്പോഴാണ് തനിക്കും ഒന്ന് ജീവിതം ആസ്വദിക്കണമെന്നും ആനന്ദ മുഹൂര്‍ത്തങ്ങള്‍ കണ്ടെത്തണമെന്നും പുരുഷന്‍ ചിന്തിച്ചുതുടങ്ങുക. ചിലര്‍ അതിന് രാജ്യാന്തര സഞ്ചാരമായിരിക്കും തെരഞ്ഞെടുക്കുക. ചിലര്‍ കുടുംബത്തില്‍നിന്നും മറ്റ് കെട്ടുപാടുകളില്‍നിന്നും അകന്ന് ദൂരെ എവിടെയെങ്കിലും കഴിയാന്‍ കൊതിക്കും. ഭാര്യയുമായി അസ്വാരസ്യമുള്ള വ്യക്തി വേറെയേതെങ്കിലും സ്ത്രീയുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കും. വളരെക്കാലമായി മനസ്സില്‍ മോഹിച്ച വിലകൂടിയ വസ്തുക്കള്‍ സ്വന്തമാക്കാനായിരിക്കും ഈ ഘട്ടത്തില്‍ ചിലരുടെ ആഗ്രഹം.
'ശക്തയായ സ്ത്രീ' പുരുഷനില്‍ കൗതുകം ജനിപ്പിക്കുമോ? മിക്കവാറും ഇല്ലെന്നതാണ് വാസ്തവം. കാരണം ശക്തിയുടെയും കരുത്തിന്റെയും പ്രഭവകേന്ദ്രം താന്‍ ആണെന്നാണ് പുരുഷന്റെ വിചാരം. കുലീനമായ സ്‌ത്രൈണതയും വിനയാന്വിതമായ അനുസരണവും ഉള്ള സ്ത്രീയെയാണ് അയാള്‍ ഇഷ്ടപ്പെടുക. സ്ത്രീ തന്നേക്കാള്‍ കരുത്തും ശക്തിയും ഉള്ളവളാണെങ്കില്‍ തന്നോടവള്‍ മത്സരിക്കുകയും മക്കളുടെ മുന്നില്‍ തന്നെ ഒന്നുമല്ലാതാക്കുകയും അരികുവല്‍ക്കരിക്കുകയും തന്റെ തീരുമാനങ്ങള്‍ തള്ളിക്കളയുകയും ചെയ്‌തേക്കുമോ എന്നായിരിക്കും അയാളുടെ ഭീതി. ഉയര്‍ന്ന പദവിയിലും നിലയിലും നിലവാരത്തിലുമുള്ള സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാന്‍ സാധാരണ ഗതിയില്‍ മിക്ക പുരുഷന്മാരും തയാറാവില്ല. മറുകക്ഷിയെ മാറ്റിയെടുക്കുന്നതില്‍ പരിമിതമായ കഴിവേ പുരുഷനുള്ളൂ. ശബ്ദമുയര്‍ത്തി സംസാരിക്കുക, ധിക്കരിക്കുക, നിരന്തരം സംശയിക്കുക തുടങ്ങി ഭാര്യയുടെ പെരുമാറ്റ വൈകല്യങ്ങള്‍ ഇഷ്ടപ്പെടാത്ത ഭര്‍ത്താവ്, അവളുടെ ദുഃസ്വഭാവം മാറ്റിയെടുക്കാന്‍ കുറേ ശ്രമിച്ചുനോക്കും. ഒരു ഫലവും ഇല്ലെന്ന് ബോധ്യമായാല്‍ ഈ 'പ്രിയപ്പെട്ട ശല്യ'ത്തെ അയാള്‍ ക്ഷമാപൂര്‍വം സഹിക്കും. അല്ലെങ്കില്‍ അവളില്‍നിന്ന് കഴിവതും അകന്നു നില്‍ക്കാന്‍ ശ്രമിക്കും. അതുമല്ലെങ്കില്‍ തനിക്ക് മനഃസമാധാനവും സന്തോഷവും തരുന്ന വേറൊരു സ്ത്രീയെക്കുറിച്ച് ആലോചിക്കും.
ഏകാന്തതയെക്കുറിച്ച് പറഞ്ഞാല്‍, തന്റെ ലക്ഷ്യം നേടാനോ തന്റെ പദ്ധതി വിജയിപ്പിച്ചെടുക്കാനോ ചിന്തകളില്‍ മുഴുകാനോ ഒരാള്‍ തനിച്ചിരിക്കാന്‍ തുനിഞ്ഞെന്നു വരും. പ്രത്യേകിച്ച് നാല്‍പതു കഴിഞ്ഞാല്‍ അതാണവസ്ഥ. പുരുഷന്റെ ഈ മനഃശാസ്ത്രം തിരിച്ചറിയാത്തവര്‍ അവനില്‍ സ്വാര്‍ഥത ആരോപിക്കും. സത്യത്തില്‍ അയാള്‍ സ്വാര്‍ഥിയായിരിക്കില്ല. തന്റെ മുന്നിലുള്ള ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച അയാള്‍ കുടുംബകാര്യങ്ങള്‍ നോക്കുന്നതില്‍ ചിലപ്പോള്‍ വീഴ്ച വരുത്തിയെന്നിരിക്കാമെങ്കിലും അയാളെ 'സ്വാര്‍ഥി' എന്ന് വിളിക്കുന്നത് ശരിയല്ല.
അക്കങ്ങളില്‍ കുടുങ്ങിനില്‍ക്കും പുരുഷചിന്ത. എന്തെങ്കിലും വാങ്ങേണ്ടിവരുമ്പോള്‍ അയാള്‍ ചിന്തിക്കുക വാങ്ങുന്ന വസ്തു ഈ തുകക്കുണ്ടോ, വാങ്ങുന്ന സാധനം എത്രകാലം ഉപയോഗിക്കാനാവും എന്നൊക്കെയാണ്. അതുകൊണ്ടാണ് സ്ത്രീക്ക് ഒരു പനിനീര്‍പുഷ്പം വാങ്ങിക്കൊടുക്കാന്‍ പുരുഷന്‍ ചിന്തിക്കാത്തത്. അതിന് വിലകൂടും, ആയുസ്സ് കുറവാണ് എന്നാണ് അയാളുടെ കണക്കുകൂട്ടല്‍. പനിനീര്‍പൂ വാങ്ങിക്കൊടുക്കാന്‍ വിസമ്മതിക്കുന്ന ഇതേ പുരുഷന്‍ തന്നെ ഒരു മടിയും കൂടാതെ വിലകൂടിയ വാഹനം ഭാര്യക്ക് വാങ്ങിക്കൊടുത്തെന്നിരിക്കും.
ഇനി സ്‌നേഹത്തിന്റെ കാര്യമെടുക്കുക. സ്ത്രീപുരുഷനെ സ്‌നേഹിക്കുന്നതിനേക്കാളേറെ പുരുഷന്‍ സ്ത്രീയെ സ്‌നേഹിക്കുന്നുണ്ട്. പക്ഷേ അയാള്‍ ഈ സ്‌നേഹം സംസാരത്തിലൂടെയോ സല്ലാപത്തിലൂടെയോ പ്രേമപ്രകടനത്തിലൂടെയോ പ്രദര്‍ശിപ്പിക്കണമെന്നില്ല. അപ്പോള്‍ സ്ത്രീ കരുതുക, പുരുഷന്‍ തന്നെ സ്‌നേഹിക്കുന്നില്ലെന്നാണ്. ചില പുരുഷന്മാര്‍ സംസാരത്തിലൂടെ സ്‌നേഹം പ്രകടിപ്പിക്കും. ചിലര്‍ അത് പ്രകടിപ്പിക്കുക പ്രവൃത്തിയിലൂടെയാവും. ചിലര്‍ക്ക് അത് രണ്ടും ഒന്നിച്ചു കഴിഞ്ഞെന്നു വരും. അത്തരക്കാര്‍ അപൂര്‍വമാണ്. ഒരു വീട്ടില്‍ ഒന്നിച്ചു കഴിയുകയും ഉത്തരവാദിത്തങ്ങള്‍ ഒന്നിച്ചു പങ്കിടുകയും ചെയ്യുന്നതിനര്‍ഥം അയാള്‍ അവളെ സ്‌നേഹിക്കുന്നു എന്നു തന്നെയാണ്. പുരുഷമനസ്സിന്റെ ചില പകര്‍ന്നാട്ടങ്ങളും ആന്തരസ്വഭാവങ്ങളുമാണിവ. പക്ഷേ അധിക സ്ത്രീകള്‍ക്കും ഇത് തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. സ്ത്രീയായ അവര്‍ കരുതുന്നത് പുരുഷന്‍ തന്നെപ്പോലെയാണെന്നാണ്.  

വിവ: പി.കെ ജമാല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (58-59)
ടി.കെ ഉബൈദ്‌