ത്യാഗത്തില്‍ ചാലിച്ച പെണ്‍കരുത്ത്
തിരിച്ചറിഞ്ഞംഗീകരിച്ച ആദര്‍ശത്തില്‍നിന്ന് മര്‍ദനമുറകള്‍കൊണ്ട് ഒരാളെയും പിന്തിരിപ്പിക്കാനാവില്ലെന്ന പാഠമാണ് ഹാദിയയുടെ ഇസ്‌ലാം സ്വീകരണം നല്‍കുന്നത്. ഫറോവയുടെ പീഡനങ്ങളെ അതിജീവിച്ച് ഇഷ്ടപ്പെട്ട വിശ്വാസം പുല്‍കിയ ആസിയാ ബീവിയുടെ കഥയും അങ്ങനെയായിരുന്നു. ഒരുപക്ഷേ, ഹാദിയയിലൂടെ ആസിയാ ബീവിയുടെ ചരിത്രം ആവര്‍ത്തിക്കുകയായിരിക്കും. ഹാദിയയുടെ ഇസ്‌ലാം സ്വീകരണത്തെ ലൗ ജിഹാദാക്കി ചിത്രീകരിക്കാന്‍ ശ്രമമുണ്ടായി. എന്നാല്‍, ഹാദിയയുടെ തെരഞ്ഞെടുപ്പിനെ ലൗ ജിഹാദെന്ന ഇടുങ്ങിയ കള്ളിയിലേക്ക് ഒതുക്കാന്‍ ഒരു നിലക്കും സാധ്യമല്ല.
ഇസ്‌ലാം സ്വീകരിച്ച ഹാദിയയുടെ ആത്മകഥയാണ് 'ഇത് എന്റെ കഥ' എന്ന പുസ്തകം. പുസ്തകത്തിന്റെ ഓരോ അക്ഷരത്തിലും ത്യാഗത്തിന്റെ ഉപ്പുരസം പറ്റിക്കിടപ്പുണ്ടെന്ന് അത് വായിക്കുമ്പോള്‍ ബോധ്യമാവും. ഇസ്‌ലാമിനെ തന്റെ ആത്മാവിന്റെ ശ്വാസമായി ഹാദിയ സ്വീകരിച്ചപ്പോള്‍ ഭരണകൂടം അവരോട് കാണിച്ച നെറികേടുകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. തന്റെ ജീവിതത്തിന്റെ സ്വഛന്ദമായ ഒഴുക്കിനെ എങ്ങനെയാണ് ഭരണകൂടം തടസ്സപ്പെടുത്തിയതെന്ന് ഹാദിയ വെളിപ്പെടുത്തുന്നു. ഇരുപതോളം അധ്യായങ്ങളില്‍ ക്രമീകൃതമായ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് തേജസ് ബുക്‌സാണ്.
ഭരണകൂടം തനിക്കെതിരെ അതിന്റെ ഉപകരണങ്ങള്‍ തിരിച്ചുവെച്ചപ്പോഴും അസാധാരണമായ കരുത്താണ് ഹാദിയ പ്രകടിപ്പിച്ചത്. ഭരണകൂടം അവരുടെ മൗലികാവകാശങ്ങള്‍ റദ്ദുചെയ്തു. ഇഷ്ടപ്പെട്ട വ്യക്തിയെ ജീവിതപങ്കാളിയാക്കുന്നതില്‍ തടസ്സം നിന്നു. സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചു. പഠനസ്വാതന്ത്ര്യം ഇല്ലാതാക്കി. അനേകദിവസം പോലീസ് കാവലില്‍ വീട്ടുതടങ്കലില്‍ വെച്ചു. ചുറ്റും ജനസഞ്ചയം ഉള്ളപ്പോഴും ഏകാന്തത അനുഭവിക്കുകയായിരുന്നു. എന്നാല്‍, എല്ലാറ്റിനെയും ആത്മധൈര്യത്തോടെ നേരിട്ടു ഹാദിയ. വിശ്വാസത്തിന്റെ ആഴങ്ങളില്‍ അലിഞ്ഞുചേര്‍ന്നപ്പോള്‍ ലഭിച്ചതായിരുന്നു ഈ ആത്മധൈര്യം.
മുഖ്യധാരയില്‍ ചര്‍ച്ചയായപ്പോള്‍ ലോകം അറിഞ്ഞ അനുഭവങ്ങള്‍ മാത്രമല്ല ഹാദിയ പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്. മിലിറ്ററി ഓഫീസറായ അഛനെക്കുറിച്ചും അമ്മയെക്കുറിച്ചും പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. ഹാദിയയുടെ ബാല്യവും കൗമാരവും യൗവനവും പുസ്തകത്താളുകളില്‍ കടന്നുവരുന്നു. ജന്മം നല്‍കിയവര്‍ പ്രയാസപ്പെടുത്തുമ്പോഴും അഛനെ ഒത്തിരി സ്‌നേഹിക്കുന്നുണ്ടെന്ന് ഉറച്ച സ്വരത്തില്‍ പ്രഖ്യാപിക്കുന്നുണ്ട് ഹാദിയ. തന്റെ ജീവിതത്തെ കുടുസ്സാക്കുന്നതില്‍ അഛന്റെ സഹായികളായി വര്‍ത്തിച്ചത്, പൊതുസമൂഹവും ഭരണാധികാരികളും ആണല്ലോയെന്ന സത്യം അഛന്‍ തിരിച്ചറിയാത്തതില്‍ മാത്രമാണ് ഹാദിയക്ക് പരിഭവമുള്ളത്. നിരീശ്വരവാദിയായ അഛനല്ല, ദൈവഭക്തയായ അമ്മയാണ് വിശ്വാസപരമായും ആചാരപരമായും തന്നെ സ്വാധീനിച്ചതെന്നും ഹാദിയ പറയുന്നുണ്ട്.
'മാറ്റത്തിലേക്ക് വഴിനടത്തം' എന്ന അധ്യായമാണ് ഏറ്റവും ആകര്‍ഷണീയമായി തോന്നിയത്. ഇസ്‌ലാമിലേക്ക് ഹാദിയ എത്തിച്ചേര്‍ന്ന വഴികളുടെ വിവരണമാണ് ഈ അധ്യായത്തില്‍. ഹാദിയതന്നെ അതു പറയട്ടെ: 'പഠനത്തിന്റെ രണ്ടാം വര്‍ഷത്തില്‍ തന്നെ ഞാന്‍ ഇസ്‌ലാമിനെ സ്‌നേഹിച്ചുതുടങ്ങിയിരുന്നു. ഇസ്‌ലാമിന്റെ ലാളിത്യം എന്നെ ഹഠാദാകര്‍ഷിച്ചു. ഇസ്‌ലാമികരീതിയിലുള്ള വസ്ത്രധാരണം ഞാന്‍ ഇഷ്ടപ്പെട്ടുതുടങ്ങി. ഇസ്‌ലാമിനെ സ്‌നേഹിച്ചു തുടങ്ങിയതു മുതല്‍ക്കുതന്നെ നഷ്ടങ്ങളെക്കുറിച്ച ഉല്‍ക്കണ്ഠ തീര്‍ത്തും ശമിച്ചു'. ഹാദിയാ വിഷയം ഹൈക്കോടതിയിലും സുപ്രീംകോടതിയിലും എത്തിയതും ഒടുവില്‍ പരമോന്നത കോടതിയില്‍നിന്ന് നീതി ലഭിച്ചതുമൊക്കെ പുസ്തകത്തില്‍ കടന്നുവരുന്നുണ്ട്.
Comments