Prabodhanm Weekly

Pages

Search

2019 നവംബര്‍ 22

3127

1441 റബീഉല്‍ അവ്വല്‍ 24

സുന്നത്തിനെ മാറ്റിനിര്‍ത്താനാവില്ല

അര്‍ശദ് ചെറുവാടി

'ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് സന്മാര്‍ഗ ദര്‍ശനമായി അവതരിച്ച വിശുദ്ധ ഗ്രന്ഥം ഉള്ളപ്പോള്‍ 'പ്രവാചകചര്യ' എന്നൊരു രണ്ടാം പ്രമാണത്തിന്റെ ആവശ്യമെന്ത്' എന്ന ചോദ്യത്തില്‍നിന്നുണ്ടാവുന്നതാണ് 'ഹദീസ് നിഷേധം.' അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)ക്ക് വഹ്‌യ് (ദിവ്യബോധനം) മുഖേന ലഭിച്ചതാണ് ഖുര്‍ആന്‍ എന്ന കാര്യം തര്‍ക്കമില്ലാതെ അംഗീകരിക്കുകയും 'സുന്നത്ത്' പ്രവാചകന്റെ സ്വന്തം അഭിപ്രായങ്ങളാണ് എന്ന് തെറ്റിദ്ധരിക്കുകയുമാണ് ഈ വാദക്കാര്‍ ചെയ്യുന്നത്. പ്രവാചകന്റെ ഓരോ സംസാരവും ചലനവും വഹ്‌യിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നതാണ് യാഥാര്‍ഥ്യം. ''അദ്ദേഹം സ്വേഛാനുസൃതം പറയുകയല്ല. ഇതൊക്കെ അദ്ദേഹത്തിനു ലഭിക്കുന്ന ദിവ്യബോധനം തന്നെയാകുന്നു'' (അന്നജ്മ് 3,4). അല്ലാഹുവിന് വേദഗ്രന്ഥം അവതരിപ്പിക്കാനുള്ള മാധ്യമം മാത്രമല്ല വഹ്‌യ്. അതിന് വിപുലമായ ആശയങ്ങളുണ്ട്.

എന്താണ് വഹ്‌യ്?

ബോധകനും ബോധിതനുമല്ലാത്ത മറ്റാരും അറിയാത്ത നിലയില്‍ രഹസ്യമായി ബോധിപ്പിക്കുക എന്നാണ് വഹ്‌യിന്റെ ഭാഷാര്‍ഥം. ''നിങ്ങളുടെ നാഥന്‍ തേനീച്ചകള്‍ക്ക് വഹ്‌യ് നല്‍കി. എന്തെന്നാല്‍, 'പര്‍വതങ്ങളിലും വൃക്ഷങ്ങളിലും മണ്ണിനു മുകളില്‍ പടര്‍ത്തപ്പെടുന്ന വള്ളികളിലും നിങ്ങള്‍ കൂടുകളുണ്ടാക്കുക'' (അന്നഹ്ല്‍ 68). ഇവിടെ തേനീച്ചകള്‍ക്ക് നല്‍കപ്പെട്ട വഹ്‌യ് അവയുടെ ദൗത്യത്തെയും നൈസര്‍ഗിക വാസനയെയുമാണ് കുറിക്കുന്നത്. മത്സ്യത്തിന് നീന്താനും പറവകള്‍ക്ക് പറക്കാനും ചിത്രശലഭങ്ങള്‍ക്ക് പൂന്തേന്‍ നുകരാനുമുള്ള കഴിവ് ഇത്തരത്തിലുള്ള വഹ്‌യാണ്. 'മൂസായുടെ മാതാവിന് നാം വഹ്‌യ് നല്‍കി' (അല്‍ ഖസ്വസ്വ് 7) എന്ന് പറയുമ്പോള്‍ അത് നൈസര്‍ഗിക വാസനയോ വേദവാക്യമോ അല്ല; ഒരു അടിയന്തര ഘട്ടത്തില്‍ ദൈവം നല്‍കിയ വെളിപാടാണ്. എന്നാല്‍ പ്രവാചകന്മാര്‍ക്ക് നല്‍കപ്പെടുന്ന വഹ്‌യ് ഇസ്‌ലാമിന്റെ സവിശേഷമായ ഒരു സാങ്കേതിക ശബ്ദമാണ്.
''അല്ലാഹു പ്രവാചകന്മാരല്ലാത്തവരില്‍നിന്ന് മറച്ചുവെക്കുന്നതും എന്നാല്‍ അനിവാര്യമായി അറിഞ്ഞിരിക്കേതുമായ വിവരങ്ങള്‍, പ്രവാചകന്മാര്‍ക്ക് അവരുടെ മനസ്സുകളെ അത് സ്വീകരിക്കാന്‍ സജ്ജമാക്കിയ ശേഷം ഒരു മാധ്യമത്തിലൂടെയോ അല്ലാതെയോ നല്‍കുന്നതാണ് വഹ്‌യ്.'' ഇതാണ് ഇമാം റശീദ് രിദാ പ്രവാചകന്മാരുടെ വഹ്‌യിന് നല്‍കിയ നിര്‍വചനം.

പ്രവാചകന്മാര്‍ക്ക് വഹ്‌യ് നല്‍കപ്പെടുന്ന രീതികള്‍

''വെളിപാട് രൂപത്തിലോ മറക്ക് പിന്നിലൂടെയോ ഒരു ദൂതനെ അയച്ച് തന്റെ അനുമതിയോടെ ബോധനം നല്‍കിക്കൊാേ അല്ലാതെ അല്ലാഹു ഒരു മനുഷ്യനോടും സംസാരിക്കുന്നില്ല. തീര്‍ച്ചയായും അവന്‍ അത്യുന്നതനും യുക്തിമാനുമാകുന്നു'' (അശ്ശൂറാ 51). അല്ലാഹു പ്രവാചകന്മാര്‍ക്ക് ദിവ്യസന്ദേശം എത്തിച്ചുകൊടുക്കുന്ന മൂന്ന് രീതികളാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്: 1. ദൂതനെ അയക്കുക. 2. വെൡ പാട് നല്‍കുക. 3. മറക്ക് പിന്നില്‍നിന്ന് സംസാരിക്കുക. 'ദൂതനെ അയക്കുക' എന്നാല്‍ ജിബ്‌രീല്‍ എന്ന മലക്ക് മുഖേന സന്ദേശമയച്ച് പ്രവാചകന്മാരിലേക്ക് എത്തിക്കുക എന്നാണ്. മുഹമ്മദ് നബിയെ സംബന്ധിച്ചേടത്തോളം അത് ഖുര്‍ആനാകുന്ന വേദവചനങ്ങളാണ്. നബി(സ)ക്ക് ഖുര്‍ആനിക വചനങ്ങള്‍ക്ക് പുറമെയുള്ള അറിവുകള്‍ അല്ലാഹു എത്തിച്ചുകൊടുത്തത് വെളിപാടിലൂടെയും മറക്ക് പിന്നില്‍നിന്നു കൊണ്ടുള്ള സംസാരത്തിലൂടെയും ആണെന്ന് മനസ്സിലാക്കാം.

അന്ത്യപ്രവാചകന്റെ വഹ്‌യ്

സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് വിശുദ്ധ  കഅ്ബ പടുത്തുയര്‍ത്തി ഇബ്‌റാഹീം നബിയും മകന്‍ ഇസ്മാഈല്‍ നബിയും നടത്തുന്ന പ്രാര്‍ഥനയുണ്ട്: ''ഞങ്ങളുടെ നാഥാ, ഈ ജനത്തില്‍ അവരില്‍നിന്നുതന്നെ നിന്റെ വചനങ്ങള്‍ കേള്‍പ്പിക്കുകയും ഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുകയും അവരുടെ ജീവിതത്തെ സംസ്‌കരിക്കുകയും ചെയ്യുന്ന ഒരു ദൂതനെ നിയോഗിക്കേണമേ. സര്‍വശക്തനും യുക്തിജ്ഞനുമല്ലോ നീ'' (അല്‍ബഖറ 129). മുഴുവന്‍ ജനതക്കും സന്ദേശവാഹകനായി മുഹമ്മദ് നബിയെ നിയോഗിച്ചതിലൂടെ അല്ലാഹു നിര്‍വഹിച്ചത് ഇബ്‌റാഹീം നബിയുടെ ആ പ്രാര്‍ഥനയുടെ സാക്ഷാത്കാരമാണ്.
''തങ്ങളില്‍നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചതിലൂടെ സത്യവിശ്വാസികളെ അല്ലാഹു അതിയായി അനുഗ്രഹിച്ചിരിക്കുന്നു. അദ്ദേഹം അവരെ അല്ലാഹുവിന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്നു. അവരെ സംസ്‌കരിച്ചെടുക്കുന്നു. അല്ലാഹുവിന്റെ ഗ്രന്ഥവും തത്ത്വജ്ഞാനവും പഠിപ്പിക്കുന്നു. അവരോ, അതിന് മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു'' (ആലുഇംറാന്‍ 164). പ്രവാചകന്റെ മൂന്ന് ദൗത്യങ്ങളാണ് ഇവിടെ പരാമര്‍ശിക്കുന്നത്: 1. അല്ലാഹുവിന്റെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുക. 2. ജനങ്ങളുടെ ജീവിതം സംസ്‌കരിക്കുക. 3. അവരെ വേദവും തത്ത്വജ്ഞാനവും പഠിപ്പിക്കുക. 'അല്ലാഹുവിന്റെ സൂക്തങ്ങള്‍ ഓതിക്കേള്‍പ്പിക്കുക' എന്നതിനര്‍ഥം അല്ലാഹുവില്‍നിന്ന് അവതരിച്ചു കിട്ടുന്ന ഖുര്‍ആനിക വാക്യങ്ങള്‍ ജനസമക്ഷം പാരായണം ചെയ്യുക എന്നത് മാത്രമാണ്. ഈ വാക്യങ്ങള്‍ വഹ്‌യ് മുഖേന ലഭിക്കുന്നതാണെന്ന കാര്യത്തില്‍ വിശ്വാസികളില്‍ ആര്‍ക്കും തന്നെ സംശയമില്ല.
'ജനങ്ങളുടെ ജീവിതത്തെ സംസ്‌കരിക്കുക' എന്നാല്‍ അവരെ തെറ്റായ ചര്യകളില്‍നിന്ന് മോചിപ്പിച്ച് ഏറ്റവും ഉത്തമമായ മാര്‍ഗത്തിലൂടെ നയിക്കുക എന്നാണ്. ജനങ്ങള്‍ക്ക് നല്‍കുന്ന ഉപദേശ നിര്‍ദേശങ്ങള്‍ സംസ്‌കരണത്തിന്റെ ഭാഗമാണ്. എങ്ങനെ സംസ്‌കരിക്കണം, ഏതെല്ലാം ഘട്ടങ്ങളിലൂടെ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുപോകണം എന്നെല്ലാം അല്ലാഹു വഹ്‌യ് മുഖേന അറിയിച്ചു കൊടുക്കുന്നു.
'വേദവും തത്ത്വജ്ഞാനവും പഠിപ്പിക്കുക' എന്നതിന് വിപുലമായ ആശയതലങ്ങളുണ്ട്. വേദം പഠിപ്പിക്കുക എന്നാല്‍ അത് നേരത്തേ പറഞ്ഞ പോലെ കേവല പാരായണമല്ല. വേദവചനങ്ങളുടെ ആശയങ്ങളും താല്‍പര്യങ്ങളും വിശദീകരിച്ച് കൊടുക്കുക, അതിലെ അവ്യക്ത വചനങ്ങളുടെ അര്‍ഥങ്ങള്‍ വ്യക്തമാക്കി കൊടുക്കുക, വേദസത്യങ്ങളും അവയുടെ ലക്ഷ്യങ്ങളും അവരെ മനസ്സിലാക്കുക, അതു സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കുക, വേദവചനങ്ങള്‍ അവരില്‍ ചുമത്തുന്ന നിയമങ്ങളും ചിട്ടകളും വിവരിച്ച് കൊടുക്കുക എന്നിവയെല്ലാം വേദം പഠിപ്പിക്കുന്നതില്‍ ഉള്‍പ്പെടുന്നു.
''നാം നിനക്ക് സത്യസന്ദേശവുമായി ഈ വേദപുസ്തകം ഇറക്കിത്തന്നിരിക്കുന്നു. അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പിക്കാന്‍ വേണ്ടിയാണിത്'' (അന്നിസാഅ് 105). പ്രവാചകന് ഖുര്‍ആന്‍ വാക്യങ്ങളെ തോന്നിയതുപോലെ വ്യാഖ്യാനിച്ചു കൊടുക്കാന്‍ അധികാരമില്ല എന്ന് മേല്‍പ്പറഞ്ഞ സൂക്തത്തില്‍നിന്ന് വ്യക്തം. 'അല്ലാഹു കാണിച്ചുതരുന്നത് പ്രകാരം' എന്ന വാക്യത്തില്‍നിന്ന് മനസ്സിലാവുന്നത് ഖുര്‍ആനിക വചനങ്ങളെ എപ്രകാരം വിശദീകരിക്കണമെന്നും അവയുടെ ആശയങ്ങളും പൊരുളുകളും എന്താണെന്നും അല്ലാഹുതന്നെ വഹ്‌യിലൂടെ വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട് എന്നാണ്.
തത്ത്വജ്ഞാനം എന്നാണ് 'ഹിക്മത്തി'ന് തര്‍ജമ കൊടുത്തിട്ടുള്ളത്. യുക്തിജ്ഞാനം, ദര്‍ശനം, വിദ്യ, തന്ത്രം എന്നിവയും ഹിക്മത്തിന്റെ അര്‍ഥങ്ങളാണ്. സംഗതികളുടെ ഉള്ളുകള്ളികളെയും സ്വഭാവത്തെയും അതിന്റെ താത്ത്വികവും പ്രായോഗികവുമായ വശങ്ങളെയും ലക്ഷ്യങ്ങളെയുമെല്ലാം സംബന്ധിച്ച അറിവാണ് ഹിക്മത്ത്. 'അല്ലാഹു അദ്ദേഹത്തിന് അധികാരവും ഹിക്മത്തും നല്‍കി' (അല്‍ബഖറ 251) എന്ന് ദാവൂദ് നബിയെയും 'നാം നിനക്ക് പ്രമാണവും യുക്തിജ്ഞാനവും തൗറാത്തും ഇഞ്ചീലും അഭ്യസിപ്പിച്ചു' (അല്‍മാഇദ 110) എന്ന് ഈസാ നബിയെയും കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശമുണ്ട്.
അല്ലാഹുവിന്റെ ദീനായ ഇസ്‌ലാമിനെ എങ്ങനെ സമീപിക്കണം, അതിനെ എങ്ങനെ പ്രയോഗവത്കരിക്കണം, തൗഹീദിന്റെ സ്ഥാപനവും ശിര്‍ക്കിന്റെ നിര്‍മാര്‍ജനവും എപ്രകാരം ഇത്യാദി കാര്യങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നവയാണ് പ്രവാചകന് നല്‍കപ്പെട്ട ഹിക്മത്ത്. 'കിതാബു'മായി ചേര്‍ത്ത് പറഞ്ഞത് കൊണ്ടുതന്നെ ഹിക്മത്ത് പ്രവാചക സൃഷ്ടിയല്ല, അത് ദൈവത്തില്‍നിന്നുള്ള വഹ്‌യ് ആണ് എന്ന കാര്യം സ്പഷ്ടം. കിതാബ്, ഹിക്മത്ത് എന്നിവയില്‍ ഒതുങ്ങുന്നതല്ല പ്രവാചകന് അല്ലാഹുവില്‍നിന്ന് കിട്ടിയ വഹ്‌യ്. ''അല്ലാഹു നിനക്ക് വേദപുസ്തകവും തത്ത്വജ്ഞാനവും ഇറക്കിത്തന്നു. നിനക്കറിയാത്ത പലതും നിന്നെ പഠിപ്പിക്കുകയും ചെയ്തു. അല്ലാഹു നിനക്കേകിയ അനുഗ്രഹം അതിമഹത്തരം തന്നെ'' (അന്നിസാഅ് 113). ഇവിടെ വേദത്തിനും ഹിക്മത്തിനും പുറമെ 'നിനക്ക് അറിവില്ലാതിരുന്ന പലതിനെക്കുറിച്ചും പഠിപ്പിച്ചു' എന്നു പറയുന്നു. ഇതിനര്‍ഥം ഖുര്‍ആനിലൂടെയല്ലാതെയും പ്രവാചകന് പല കാര്യങ്ങളും അല്ലാഹു പറഞ്ഞുകൊടുത്തിട്ടുണ്ട് എന്നാണല്ലോ. അതുകൊണ്ട് അതും വഹ്‌യ് തന്നെയാണ്.
മറ്റൊരു ഖുര്‍ആനിക പരാമര്‍ശം കാണുക: ''നീ ഇതുവരെ തിരിഞ്ഞുനിന്നിരുന്ന ദിക്കിനെ ഖിബ്‌ലയായി നിശ്ചയിച്ചിരുന്നത്, ദൈവദൂതനെ പിന്‍പറ്റുന്നവരെയും പിന്മാറിപ്പോകുന്നവരെയും വേര്‍തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്. അതൊരു വലിയ കാര്യം തന്നെ. അല്ലാഹു നേര്‍വഴിയിലാക്കിയവര്‍ക്കൊഴികെ. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ ഒട്ടും പാഴാക്കുകയില്ല. അല്ലാഹു ജനങ്ങളോട് അളവറ്റ കൃപയുള്ളവനും കരുണാമയനുമാകുന്നു. നിന്റെ മുഖം അടിക്കടി മാനത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്കിഷ്ടപ്പെടുന്ന ഖിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനി മുതല്‍ മസ്ജിദുല്‍ ഹറാമിന്റെ നേരെ നീ നിന്റെ മുഖം തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും നിങ്ങള്‍ അതിന്റെ നേരെ മുഖം തിരിക്കുക. വേദം നല്‍കപ്പെട്ടവര്‍ക്ക് ഇത് തങ്ങളുടെ നാഥനില്‍നിന്നുള്ള സത്യമാണെന്ന് നന്നായറിയാം. അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി അല്ലാഹു ഒട്ടും അശ്രദ്ധനല്ല'' (അല്‍ബഖറ 143,144).
വിശുദ്ധ കഅ്ബയെ വിശ്വാസികളുടെ ഖിബ്‌ലയാക്കി നിശ്ചയിച്ചത് ഈ സൂക്തം അവതരിപ്പിച്ചുകൊണ്ടാണ്. 'നീ ഇപ്പോള്‍ അഭിമുഖീകരിക്കുന്നതിനെ' എന്ന് ഉദ്ദേശിക്കുന്നത് ആദ്യ ഖിബ്‌ലയായ ബൈത്തുല്‍ മഖ്ദിസിനെക്കുറിച്ചാണ്. എന്നാല്‍ ബൈത്തുല്‍ മഖ്ദിസിനെ ഖിബ്‌ല ആക്കുന്നതിനെ സംബന്ധിച്ച് ഖുര്‍ആനിലെവിടെയും പരാമര്‍ശമില്ല. ആ തീരുമാനം അല്ലാഹു വഹ്‌യിലൂടെ അറിയിച്ചു കൊടുത്തതായിരുന്നു.
''പ്രവാചകന്‍ തന്റെ ഭാര്യമാരിലൊരാളോട് ഒരു രഹസ്യ വര്‍ത്തമാനം പറഞ്ഞു. അവരത് മറ്റൊരാളെ അറിയിച്ചു. രഹസ്യം പരസ്യമായ വിവരം അല്ലാഹു പ്രവാചകനെ ധരിപ്പിച്ചു. അപ്പോള്‍ അദ്ദേഹം അതിലെ ചില വശങ്ങള്‍ ആ ഭാര്യയെ അറിയിച്ചു. ചില വശം ഒഴിവാക്കുകയും ചെയ്തു. ഇക്കാര്യം പ്രവാചകന്‍ അവരോട് പറഞ്ഞപ്പോള്‍, ആരാണിത് താങ്കളെ അറിയിച്ചതെന്ന് അവര്‍ ചോദിച്ചു. പ്രവാചകന്‍ പറഞ്ഞു:  സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമായവനാണ് എന്നെ വിവരമറിയിച്ചത്'' (അത്തഹ്‌രീം 3). ആ അറിയിപ്പ് ഖുര്‍ആനില്‍ കാണുക സാധ്യമല്ല. അത് അല്ലാഹു രഹസ്യമായി അവതരിപ്പിച്ച വഹ്‌യ് ആയിരുന്നു.
ബദ്ര്‍ യുദ്ധത്തില്‍ ഖുറൈശികളുടെ സൈന്യത്തിന്റെ ശക്തിയെക്കുറിച്ച് പ്രവാചകന്‍ കണ്ട സ്വപ്‌നം അല്ലാഹുവില്‍നിന്നുള്ള വഹ്‌യായിരുന്നു എന്ന് ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ''അല്ലാഹു സ്വപ്‌നത്തിലൂടെ അവരെ വളരെ കുറച്ചു പേര്‍ മാത്രമായി നിനക്ക് കാണിച്ചുതന്ന സന്ദര്‍ഭം ഓര്‍ക്കുക'' (അല്‍അന്‍ഫാല്‍ 43).
ബനുന്നദീര്‍ യുദ്ധത്തില്‍ മുസ്‌ലിംകള്‍ സ്വീകരിച്ച യുദ്ധ നടപടിയെക്കുറിച്ച് അല്ലാഹു പറയുന്നു: ''നിങ്ങള്‍ ചില ഈത്തപ്പനകളെ മുറിച്ചിട്ടതും ചിലതിനെ അവയുടെ മുരടുകളില്‍ നിലനിര്‍ത്തിയതും അല്ലാഹുവിന്റെ അനുമതിയോടെ തന്നെയാണ്'' (അല്‍ഹശ്ര്‍ 5).
പ്രവാചകന്റെ ഓരോ നടപടിയും അല്ലാഹുവിന്റെ കല്‍പന പ്രകാരം ആയിരുന്നു. തനിക്ക് ദൈവത്തില്‍നിന്ന് അവതരിച്ചു കിട്ടുന്നവയെല്ലാം അദ്ദേഹം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുത്തിരുന്നു. ആഇശ (റ) പറയുന്നു: ''മുഹമ്മദ് അദ്ദേഹത്തിന് അവതരിച്ചു കിട്ടിയതില്‍നിന്ന് വല്ലതും മറച്ചുവെച്ചിട്ടുണ്ട് എന്ന് ആരെങ്കിലും നിന്നോട് പറഞ്ഞാല്‍ അവന്‍ കള്ളം പറഞ്ഞിരിക്കുന്നു.'' അല്ലാഹു പറയുന്നു: ''ദൈവദൂതരേ, നിന്റെ നാഥനില്‍നിന്ന് നിനക്ക് ഇറക്കിക്കിട്ടിയത് ജനങ്ങള്‍ക്കെത്തിച്ചു കൊടുക്കുക. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ നീ അവന്‍ ഏല്‍പിച്ച ദൗത്യം നിറവേറ്റാത്തവനായിത്തീരും'' (അല്‍മാഇദ 67).
പ്രവാചകന് ഖുര്‍ആന് പുറമെ അവതരിച്ച് കിട്ടിയതെല്ലാം അദ്ദേഹം ജനങ്ങള്‍ക്ക് എത്തിച്ചു കൊടുത്തിട്ടുണ്ട്. അതാണ് സൂന്നത്ത് എന്ന് അറിയപ്പെടുന്നത്. അതില്‍ തത്ത്വജ്ഞാനം, വെളിപാടുകള്‍, സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, തീരുമാനങ്ങള്‍, നടപടിക്രമങ്ങള്‍ എന്നിങ്ങനെ പലതുമുള്‍പ്പെടുന്നു. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ പിന്‍പറ്റുന്നത് പോലെത്തന്നെ സുന്നത്ത് പിന്‍പറ്റുന്നതും സത്യവിശ്വാസികളുടെ ബാധ്യതയായിത്തീരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (45-48)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വയം പീഡയേല്‍ക്കലല്ല ആത്മീയത
നൗഷാദ് ചേനപ്പാടി