ചാരവൃത്തി കാലഘട്ടത്തിന്റെ രോഗം; ശാപവും
പത്തു വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷമാണ് ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ചുഴിഞ്ഞന്വേഷിക്കാനും ചാരവൃത്തി നടത്താനും തുടങ്ങിയത്. താനുമായുള്ള വിവാഹത്തിനു മുമ്പ് ഭര്‍ത്താവിന് ചില അവിഹിത ബന്ധങ്ങളുണ്ടായിരുന്നുവെന്നും വിവാഹത്തോടെയാണ് അതിന് അറുതിവന്നതെന്നും അന്വേഷണത്തില്‍ അവള്‍ക്ക് ബോധ്യപ്പെട്ടു. പിന്നെയും അവള്‍ ചാരവൃത്തി നടത്തിക്കൊണ്ടിരുന്നു. ഭര്‍ത്താവിന്റെ ടെലിഫോണ്‍ ദിവസവും പരിശോധിച്ച് പത്തു കൊല്ലം മുമ്പുണ്ടായിരുന്ന ബന്ധങ്ങളൊന്നും ഇപ്പോള്‍ ഇല്ലെന്ന് ഉറപ്പുവരുത്തി സമാധാനിക്കുന്നത് അവളുടെ ശീലമായി. ചാരപ്പണിയില്ലാതെ ജീവിക്കാനാവില്ലെന്ന് വന്നപ്പോള്‍ അവള്‍ ക്രമേണ മനോരോഗത്തിനടിമയായി. 'വസ്‌വാസ്' (Obsessive Compulsive Disorder- OCD) അവരുടെ ആരോഗ്യം തകര്‍ക്കുകയും ചെയ്തു. മനോവിഭ്രാന്തി കൂടിയതോടെ രക്തസമ്മര്‍ദം വര്‍ധിച്ചു. ആരോഗ്യസ്ഥിതി തീരെ മോശമായി. ഈ ബുദ്ധിമുട്ടുകളെല്ലാം സഹിച്ച് ജീവിച്ച അവരുടെ ഭര്‍ത്താവ് വളരെ നല്ലവനും സദ്‌സ്വഭാവിയും ഭാര്യയുടെ ഏതാവശ്യവും നിറവേറ്റിക്കൊടുക്കാന്‍ ഉത്സുകനും നല്ല പെരുമാറ്റം കാഴ്ചവെക്കുന്നവനുമായിരുന്നു. നമസ്‌കാരത്തില്‍ നിഷ്ഠ, മാതാപിതാക്കള്‍ക്ക് നന്മ; അങ്ങനെ സദ്ഗുണങ്ങളുടെ വിലാസവേദിയായിരുന്നു അയാളുടെ ജീവിതം.
വിവാഹത്തിനു മുമ്പ് അയാള്‍ക്ക് ചില അരുതാത്ത ബന്ധങ്ങളുണ്ടായിരുന്നു എന്നത് നേരുതന്നെ. വിവാഹശേഷം അതെല്ലാം അവസാനിപ്പിക്കുകയും ഭാര്യയോട് കൂറും ആത്മാര്‍ഥതയും പുലര്‍ത്തുന്ന ഭര്‍ത്താവായിത്തീരുകയും ചെയ്തിട്ടുണ്ട് അയാള്‍. പക്ഷേ അയാളെ സംശയദൃഷ്ടിയോടെ വീക്ഷിക്കുകയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്ത് ഭാര്യ ശാരീരികവും മാനസികവുമായി തകര്‍ന്നു എന്നു പറഞ്ഞാല്‍ മതിയല്ലോ. തെറ്റിദ്ധാരണകളുടെയും അയഥാര്‍ഥ മനോവ്യാപാരങ്ങളുടെയും ലോകത്ത് കഴിഞ്ഞുകൂടി ഭാര്യ അയാളില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍.
ഈ കദനക്കഥ എന്റെ മുന്നില്‍ വന്നപ്പോള്‍ അല്ലാഹുവിന്റെ ഒരു നിര്‍ദേശമാണ് ഞാന്‍ ഓര്‍ത്തത്; ''നിങ്ങള്‍ ചാരവൃത്തി നടത്തരുത്.'' കാരണം ചാരവൃത്തി രോഗമാണ്, ശിക്ഷയാണ്, ആത്മപീഡനമാണ്. ഒരു തവണ ചുഴിഞ്ഞന്വേഷിക്കുകയും ചാരപ്പണി നടത്തുകയും ചെയ്‌തെന്നിരിക്കട്ടെ, ആ ശീലം ആവര്‍ത്തിച്ചുകൊണ്ടിരിക്കും. നിര്‍ത്താന്‍ കഴിയില്ല ആ ദുശ്ശീലം. കാരണം രഹസ്യങ്ങള്‍ അറിയാന്‍ പ്രത്യേക താല്‍പര്യമാണ് മനുഷ്യര്‍ക്ക്. ഓരോരുത്തരുടെയും കുറ്റങ്ങളും കുറവുകളും വൈകല്യങ്ങളും തേടിപ്പിടിക്കാനും അറിയാനുമാണ് ഏവര്‍ക്കും തിടുക്കം. ഒരാളുടെ രഹസ്യങ്ങളും അയാളുടെ പ്രത്യേക സ്വഭാവങ്ങളും ന്യൂനതകളും അന്വേഷിച്ച് കണ്ടുപിടിക്കുകയാണ് ചാരവൃത്തി. അത് ഇസ്‌ലാമിക നിയമത്തിലും മറ്റു പൊതുനിയമങ്ങളിലും അസ്വീകാര്യമാണ്. ദമ്പതിമാര്‍ക്കിടയിലെ രഹസ്യമായാല്‍ പോലും അതില്‍ ഇളവില്ല. രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തി ഭരണകൂടങ്ങള്‍ നടത്തുന്ന രഹസ്യാന്വേഷണത്തെ കുറിച്ചല്ല നാം പറയുന്നത്.
കുടുംബത്തിലെ ചാരവൃത്തി തെറ്റാണ്. സ്മാര്‍ട്ട് ഫോണിന്റെ വ്യാപനത്തോടെ ദമ്പതികള്‍ക്കും സ്‌നേഹിതന്മാര്‍ക്കുമിടയില്‍ ചാരവൃത്തി പെരുകിയിരിക്കുന്നു. ദാമ്പത്യ വഞ്ചനകള്‍ക്കും അവിഹിത ബന്ധങ്ങള്‍ക്കും തെളിവുണ്ടാക്കാനുള്ള തിരച്ചിലാണ് സ്മാര്‍ട്ട് ഫോണില്‍ നടക്കുന്നത്. തെറ്റായ വഴിക്ക് നിയമവിരുദ്ധമായി തെളിവ് തേടുന്നത് പാതകമാണ്. അങ്ങനെ തെളിവ് കണ്ടെത്തിയാല്‍ തന്നെ ആ പ്രവൃത്തി ന്യായീകരിക്കപ്പെടില്ല. ശരിയാണ് എന്ന് വിലയിരുത്താനും ഒക്കില്ല.
ഭര്‍ത്താവിനെതിരെ ചാരവൃത്തി ശീലമാക്കിയ സ്ത്രീ എന്നോട് തുറന്നു പറഞ്ഞു: ''ഭര്‍ത്താവിനെതിരെ നിരന്തരമായി നടത്തിയ ചാരപ്പണി എന്റെ ആമാശയത്തില്‍ അള്‍സറിന് ഹേതുവായി.''
തനിക്കെതിരെ ചാരവൃത്തി നടത്തിയ ഭാര്യയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഭര്‍ത്താവും ചാരപ്പണി തുടങ്ങിയ കഥ എനിക്കറിയാം. ദാമ്പത്യബന്ധം തകര്‍ന്നു. ഇരുവര്‍ക്കും തെളിവുകളൊന്നും നിരത്താന്‍ ആയില്ലെങ്കിലും പരസ്പരം വിശ്വാസം നഷ്ടപ്പെടുകയും സംശയം ശക്തിപ്പെടുകയും ചെയ്തതാണ് ദാമ്പത്യത്തകര്‍ച്ചയിലേക്ക് നയിച്ചത്.
ചാരവൃത്തി സമയം നഷ്ടപ്പെടുത്തും, വിശ്വാസ്യത തകര്‍ക്കും. എപ്പോഴും സംശയവും ആന്തര സംഘര്‍ഷവുമായിരിക്കും. ഉറക്കം നഷ്ടപ്പെടും. വെറുപ്പും വിദ്വേഷവുമായിരിക്കും ഏതു നേരവും. പ്രതികാരവാഞ്ഛ കത്തിക്കൊണ്ടിരിക്കും ഉള്ളില്‍. ഇതിനെല്ലാം പുറമെ ഇഹലോകത്തും പരലോകത്തും ദൈവശിക്ഷയും ഉണ്ടാകും. നബി (സ) പറഞ്ഞു: ''ഒരു കൂട്ടരുടെ വര്‍ത്തമാനം അവര്‍ക്കിഷ്ടമില്ലാത്ത ആള്‍ കട്ടു കേട്ടാല്‍ നാളെ ഖിയാമത്ത് നാളില്‍ അയാളുടെ കാതില്‍ ഈയം ഉരുക്കിയൊഴിക്കും.'' ഇത് ഒളിഞ്ഞു കേള്‍ക്കുന്നതിനെക്കുറിച്ചാണ്; കട്ടു കേള്‍ക്കുന്നതാകട്ടെ സംസാരിക്കുന്നവര്‍ക്ക് ഇഷ്ടമില്ലാത്ത ആളും. മൊബൈല്‍ ഫോണില്‍ പരിശോധന നടത്തുക, വാട്ട്‌സ്ആപ്, സോഷ്യല്‍ മീഡിയ തുടങ്ങിയവയിലെ പേഴ്‌സണല്‍ അക്കൗണ്ടില്‍ കടന്നുകയറുക, അവിഹിതമാര്‍ഗേണ പാസ്‌വേഡ് കൈക്കലാക്കി സ്വകാര്യങ്ങള്‍ തിരയുക ഇവയെല്ലാം നബി(സ)യുടെ ഈ താക്കീതിന്റെ പരിധിയില്‍ വരും.
എന്റെ ഭര്‍ത്താവ് എന്നെ ആദരിക്കണം, അത് എന്റെ അവകാശമാണ്, എന്റെ ഭര്‍ത്താവിന് അവിഹിത ബന്ധങ്ങള്‍ ഉണ്ടാവരുതെന്ന നിര്‍ബന്ധം എനിക്കുണ്ടാവില്ലേ എന്നൊക്കെ ഒരു സ്ത്രീക്ക് പറയാം. നമുക്ക് അവരോട് പറയാനുള്ളത്: ''സമ്മതിച്ചു. നിങ്ങള്‍ പറയുന്നത് ശരിയാണ്. അതൊക്കെ നിങ്ങളുടെ അവകാശങ്ങള്‍ തന്നെ. പക്ഷേ ലക്ഷ്യം നേടാന്‍ നിങ്ങള്‍ അവലംബിക്കുന്ന മാര്‍ഗം തെറ്റാണ്. അത് ദേശനിയമത്തിലും ശറഇലും നിരോധിക്കപ്പെട്ടതാണ്. ഇത് പുരുഷനും ബാധകമാണ്. ലക്ഷ്യം മാര്‍ഗത്തെ നീതീകരിക്കുന്നില്ല. മറ്റുള്ളവരുമായുള്ള ബന്ധത്തില്‍ ആഹ്ലാദവും സമാധാനവും വേണമെന്നാഗ്രഹിക്കുന്നവര്‍, അപരരുടെ നന്മകള്‍ കാണാന്‍ ശ്രമിക്കുക. അറിയാത്ത കാര്യങ്ങള്‍ അല്ലാഹുവിനെ ഏല്‍പിക്കുക. ഇനി അവിഹിതബന്ധം ഉണ്ടെന്നു തന്നെ വെക്കുക, അത് അല്ലാഹു വിചാരണ ചെയ്തുകൊള്ളുമല്ലോ. വഞ്ചനക്ക് ഒരു ദുര്‍ഗന്ധമുണ്ട്. കാലം കഴിഞ്ഞാണെങ്കിലും അത് പുറത്തുവരും. അന്നേരം അത് കൈകാര്യം ചെയ്യുന്നതാണ് ബുദ്ധി. സമാധാനത്തോടും സന്തുഷ്ടിയോടും ജീവിക്കാനുള്ള വഴി അതൊന്നു മാത്രം.''
വിവ: പി.കെ ജമാല്‍
Comments