Prabodhanm Weekly

Pages

Search

2019 നവംബര്‍ 22

3127

1441 റബീഉല്‍ അവ്വല്‍ 24

മാവോയിസത്തിന്റെ പേരിലുള്ള വ്യാജ ഏറ്റുമുട്ടലുകളെ അംഗീകരിക്കാനാവില്ല

ഒ. അബ്ദുര്‍റഹ്മാന്‍

കേരളത്തില്‍ ശക്തിപ്പെടുന്നു എന്ന് ഇടതു ഭരണകൂടം അവകാശപ്പെടുന്ന മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍  ഒ. അബ്ദുര്‍റഹ്മാന്‍ സംസാരിക്കുന്നു

*********

താങ്കളുടെ പുസ്തകം, 'മാര്‍ക്‌സിസം സാമ്രാജ്യത്വം തീവ്രവാദം: സംശയങ്ങള്‍ക്ക് മറുപടി' കേരള പോലീസിന്റെ മാവോയിസ്റ്റ് കേസില്‍ തൊണ്ടിമുതലായി പിടിച്ചിരിക്കുകയാണല്ലോ! എന്ത് പറയുന്നു?

നിരോധിത മാവോയിസ്റ്റ് പ്രസ്ഥാനവുമായി ബന്ധം പുലര്‍ത്തിയെന്ന ആരോപണം ചുമത്തി പോലീസ് പിടികൂടിയ രണ്ട് സി.പി.എം പ്രവര്‍ത്തകരില്‍ ഒരാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്ത പുസ്തകങ്ങളിലൊന്ന് 'മാര്‍ക്‌സിസം, സാമ്രാജ്യത്വം, തീവ്രവാദം: സംശയങ്ങള്‍ക്ക് മറുപടി' എന്ന ചോദ്യോത്തര സമാഹാരമാണ്. ഏതാ് പതിറ്റാ് കാലത്തിനിടയില്‍  പ്രബോധനം വാരികയിലൂടെ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ചോദ്യോത്തരങ്ങള്‍ മൂന്ന് വാള്യങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. അക്കൂട്ടത്തിലേതാണ് 2011-ല്‍ പ്രസിദ്ധീകരിച്ച പ്രസ്തുത സമാഹാരം. 400 പേജുകളിലായി 248 ചോദ്യങ്ങളും മറുപടികളുമാണ് ഗ്രന്ഥത്തിന്റെ ഉള്ളടക്കം. മാര്‍ക്‌സിസത്തോട് ബന്ധപ്പെട്ടതാണ് കുറേയേറെ ചോദ്യോത്തരങ്ങള്‍. ഇരുപതോളം ചോദ്യങ്ങള്‍ തീവ്രവാദവുമായി ബന്ധപ്പെട്ടതും. എന്നാല്‍ ഒരു ചോദ്യം പോലും മാവോയിസവുമായി ബന്ധപ്പെട്ടതല്ല. തീവ്രവാദത്തെ പരാമര്‍ശിക്കുന്ന ചോദ്യങ്ങളാകട്ടെ ഇസ്‌ലാമിനെയും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെയും സംബന്ധിക്കുന്ന തീവ്രവാദാരോപണങ്ങളുടെ മറുപടികളാണ്. പുസ്തകം മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകന്റെ വീട്ടില്‍ കാണാനിടയായത് അദ്ദേഹമോ മറ്റു കുടുംബാംഗങ്ങളോ പാര്‍ട്ടിയുടെ നേരെ ഉയരുന്ന വിമര്‍ശനങ്ങളെക്കുറിച്ചറിയാന്‍ വാങ്ങി വെച്ചതാവാം. പുസ്തകം സി.പി.എം യുവജന പ്രവര്‍ത്തകന്‍ വായിച്ചിട്ടുണ്ടോ എന്നറിയില്ല. എന്തായാലും അത് വായിച്ചിട്ടാരും മാവോയിസ്റ്റാവില്ല എന്നുറപ്പ്. റെയ്ഡ് നടത്തിയപ്പോള്‍ കിട്ടിയ പുസ്തകം എന്നതില്‍ കവിഞ്ഞ പ്രസക്തി സംഭവത്തിനില്ല. പ്രതികള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ച കോടതിയില്‍ അവരുടെ അഭിഭാഷകര്‍, പ്രതികള്‍ക്ക് മാവോയിസ്റ്റ് ബന്ധമില്ല എന്ന് തെളിയിക്കാനാണ് ഈ പൂസ്തകത്തെ ഉപയോഗപ്പെടുത്തിയത്. നമ്മുടെ പോലീസും സുരക്ഷാ സേനയും നടത്തുന്ന റെയ്ഡുകളില്‍ പിടിച്ചെടുക്കുന്ന പുസ്തകങ്ങളിലും ലഘുലേഖകളിലും പലതും അവര്‍ വായിച്ചുനോക്കാറില്ല. ഇത്തരം കാര്യങ്ങളില്‍ അവരില്‍ മിക്കവര്‍ക്കും ഒരു പിടിപാടുമില്ലെന്നതാണ് അനുഭവം. സാമാന്യ ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ഇതുതകും എന്നവര്‍ കരുതുന്നുണ്ടാവാം. ഒരു കാര്യം വ്യക്തം; പിടിച്ചെടുത്ത ഐ.പി.എച്ച് പുസ്തകം നിരോധിതമല്ല. എട്ടു വര്‍ഷത്തോളമായി അത് മാര്‍ക്കറ്റിലുണ്ട്. നിരോധിക്കപ്പെടാത്ത ഏതു പുസ്തകവും കൈവശം വെക്കുന്നതോ വായിക്കുന്നതോ കുറ്റകരമല്ല.

പുസ്തകങ്ങളും ലഘുലേഖകളും തൊണ്ടിമുതലുകളാക്കുന്ന സംഭവം കേരളത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട് (ഹിറ ലൈബ്രറി റെയ്ഡ് ഉദാഹരണം). ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും പല ലോകരാജ്യങ്ങളിലും സമാന സംഭവങ്ങള്‍ ഉണ്ടായതായി വായിച്ചിട്ടുണ്ട്. അക്ഷരങ്ങളെ ഭയക്കുകയും വായന ക്രിമിനല്‍ കുറ്റമാവുകയും ചെയ്യുന്ന ഈ പ്രവണതയെ എങ്ങനെ കാണുന്നു?

യു.എ.പി.എ പ്രാബല്യത്തില്‍ വന്ന ശേഷം നിയമപാലകര്‍ അവരുടെ കണ്ണില്‍ അനഭിമതരായവരുടെ വീടുകളിലും ഓഫീസുകൡലും റെയ്ഡ് നടത്തുക സാധാരണ സംഭവമായിട്ടുണ്ട്. പിടിച്ചെടുത്ത പ്രസിദ്ധീകരണങ്ങളില്‍ അതുണ്ട്, ഇതുണ്ട് എന്നൊക്കെ മാധ്യമങ്ങളോട് വിളിച്ചു പറയുന്നതും പതിവാണ്. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെന്നും ചിന്താസ്വാതന്ത്ര്യമാണ് ജനാധിപത്യ ഭരണഘടനയുടെ അന്തസ്സത്ത എന്നും എടുത്തുപറയേണ്ടതായിട്ടില്ല. നിയമവിരുദ്ധമോ സാമാധാനഭഞ്ജകമോ ആയ പ്രവൃത്തികളിലേര്‍പ്പെടാത്തേടത്തോളം കാലം, സര്‍ക്കാറിനെയോ വ്യവസ്ഥിതിയെയോ വിമര്‍ശിക്കുന്നത് കുറ്റകരമല്ല എന്ന് ഒന്നിലധികം വിധികളില്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ആശയങ്ങളെ ആശയപരമായാണ് നേരിടേണ്ടത്. നിയമനടപടികളിലൂടെയോ ഹിംസാപരമായോ അല്ല. ഏകാധിപത്യ രാജ്യങ്ങളിലാണ് ഭരണാധികാരികളെ ചോദ്യം ചെയ്യുന്നതും വിമര്‍ശിക്കുന്നതും കുറ്റകരമായി കണക്കാക്കപ്പെടുന്നത്. അവിടെ പട്ടാളവും പോലീസും മര്‍ദനോപാധികളാണ്.

കേരളത്തിലെ മാവോയിസ്റ്റ് വേട്ടക്ക്  എന്തെങ്കിലും അടിസ്ഥാനമുണ്ടോ? എങ്ങനെയാണ് മാവോയിസം ഇവിടെ രൂപപ്പെടുന്നതും പ്രവര്‍ത്തിക്കുന്നതും? ഹിംസാത്മക മാവോയിസത്തിന്റെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്? ആ പ്രവര്‍ത്തന ശൈലിയോട് യോജിക്കാനാവുമോ? മാവോയിസ്റ്റ് വേട്ടക്ക് നീക്കി വെക്കുന്ന പണം, അവര്‍ കേന്ദ്രീകരിച്ച മേഖലകളിലെ ദരിദ്രര്‍ക്ക് നല്‍കിയിരുന്നെങ്കില്‍ മാവോയിസ്റ്റ് നക്‌സലൈറ്റ് പ്രശ്‌നങ്ങള്‍ തന്നെ അപ്രസക്തമാകുമെന്ന നിരീക്ഷണത്തെ എങ്ങനെ കാണുന്നു?

മാര്‍ക്‌സിസമോ കമ്യൂണിസമോ മാവോയിസമോ ഒന്നും മൗലികമായി ജനാധിപത്യത്തിലാ അഹിംസയിലോ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങളല്ല. 1917 ഒക്‌ടോബറിലെ റഷ്യന്‍ വിപ്ലവമാകട്ടെ, 1949-ലെ ചൈനീസ് വിപ്ലവമാകട്ടെ സമാധാനപരമോ നിരായുധമോ ആയിരുന്നില്ല, സായുധ വിപ്ലവങ്ങള്‍ തന്നെയായിരുന്നു. 'വിപ്ലവം തോക്കിന്‍കുഴലിലൂടെ' എന്നതാണ് പ്രസിദ്ധമായ മാവോയിസ്റ്റ് സമവാക്യം. സംഘടനാ ന്യൂനപക്ഷം സായുധ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത്' പ്രതിയോഗികളെ മുഴുവന്‍ കൊന്നൊടുക്കുകയോ ജയിലിലടക്കുകയോ ചെയ്ത ശേഷം അവശേഷിച്ചവരുടെ നേരെ തോക്ക് ചൂണ്ടി അവരെ നിശ്ശബ്ദരാക്കിക്കൊണ്ടാണ് മുന്‍ സോവിയറ്റ് നാടുകളിലും പൂര്‍വ യൂറോപ്പിലും ചൈനയിലും വിയറ്റ്‌നാമിലും കൊറിയയിലും ലാറ്റിന്‍ അമേരിക്കയിലുമെല്ലാം കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ സ്ഥാപിതമായത്. പിന്നീടും ഈ രാജ്യങ്ങളിലൊന്നിലും ബഹുകക്ഷി ജനാധിപത്യമോ കമ്യൂണിസ്റ്റിതരര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമോ അനുവദിക്കപ്പെട്ടില്ല. ഇപ്പോഴും ചൈനയില്‍ കടുത്ത സമഗ്രാധിപത്യമാണ് നിലനില്‍ക്കുന്നത്. ഉയിഗൂരില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന് പ്രാഥമിക വിശ്വാസ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു.
മാവോയിസം ഇന്ത്യയില്‍ പിറവിയെടുത്ത പശ്ചാത്തലം, കമ്യൂണിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്ററി ജനാധിപത്യം അംഗീകരിക്കുകയും സായുധ വിപ്ലവത്തിന്റെ വഴി ഉപേക്ഷിക്കുകയും ചെയ്തതാണ്. 1940-കളുടെ ഒടുവില്‍ കമ്യൂണിസ്റ്റ് തൊഴിലാളി നേതാവ് ബി.ടി രണദിവെയും കൂട്ടുകാരും നടത്തിയ രക്തരൂഷിത തെലങ്കാന വിപ്ലവം സമ്പൂര്‍ണമായി പരാജയപ്പെടുകയും തല്‍ഫലമായി കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെടുകയും ചെയ്തതിനു ശേഷമാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്ററി ജനാധിപത്യത്തെ മാര്‍ഗമായി അംഗീകരിച്ച് തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്നത്. പക്ഷേ പാര്‍ട്ടി അണികളില്‍ ഒരു വിഭാഗം ഇതംഗീകരിച്ചിരുന്നില്ല. അതോടൊപ്പമാണ് ഇന്ത്യ-ചീന ഭായി ഭായി എന്നാര്‍ത്തുവിളിച്ച് പരസ്പരം ഐക്യപ്പെട്ട ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ഇന്ത്യയും ചു എന്‍ ലായിയുടെ ചൈനയും അതിര്‍ത്തിത്തര്‍ക്കത്തെ തുടര്‍ന്ന് പിണങ്ങിപ്പിരിഞ്ഞ് 1962-ല്‍ പരസ്പരം യുദ്ധത്തില്‍ ഏര്‍പ്പെടുന്നത്. യുദ്ധത്തില്‍ ഇന്ത്യക്ക് 15000 ച. കിലോമീറ്ററോളം ഭൂമി നഷ്ടപ്പെടുകയും ഇന്ത്യ പ്രതിരോധായുധങ്ങള്‍ക്ക് വേണ്ടി അമേരിക്കയെ സമീപിക്കുകയും ചെയ്തതോടെ ചൈനയുമായുള്ള ബന്ധം തീര്‍ത്തും മോശമായി. ഒപ്പം അന്താരാഷ്ട്ര കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ സോവിയറ്റ്-ചൈനീസ് ചേരിതിരിവ് രൂക്ഷതരമായി. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും പിളര്‍പ്പ് ആഴത്തില്‍ ബാധിച്ചു. ഇ.എം.എസ് നമ്പൂതിരിപ്പാട്, എ.കെ ഗോപാലന്‍, ബി.ടി രണദിവെ, പി. സുന്ദരയ്യ, ബസവ പുന്നയ്യ, ജ്യോതിബസു. വി.എസ് അച്യുതാനന്ദന്‍ തുടങ്ങി 32 പേര്‍ ഔദ്യോഗിക പാര്‍ട്ടിയില്‍നിന്ന് 1964-ല്‍ പുറത്തു പോയി സി.പി.ഐ (മാര്‍ക്‌സിസ്റ്റ്) എന്ന പേരില്‍ വേറിട്ട പാര്‍ട്ടിക്ക് രൂപം നല്‍കി. അവര്‍ ചൈനീസ് ലൈനിനോടാണ് ആഭിമുഖ്യം പുലര്‍ത്തിയത്, എസ്.എ ഡാങ്കെയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗം സോവിയറ്റ് അനുകൂല സി.പി.ഐ ആയി അവശേഷിക്കുകയും ചെയ്തു. എന്നാല്‍, സി.പി.ഐ (എം) പൂര്‍ണാര്‍ഥത്തില്‍ ചൈനീസ് ലൈനിനെ പിന്താങ്ങിയില്ല. വിപ്ലവം തോക്കിന്‍കുഴലിലൂടെ ഇന്ത്യയില്‍ പ്രായോഗികമല്ലെന്ന് തീരുമാനിക്കുകയും ചെയ്തു. ഇതിനെതിരെ കലാപമുയര്‍ത്തി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ രൂപപ്പെട്ട മൂന്നാമത്തെ വിഭാഗമാണ് സി.പി.ഐ.എം.എല്‍ (കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്). ബംഗാളിലെ നക്‌സല്‍ ബാരി ഗ്രാമത്തിലാണ് ചാരു മജുംദാറിന്റെയും കനു സന്യാലിന്റെയും നേതൃത്വത്തില്‍ ഇവര്‍ ആദ്യമായി സായുധ കലാപം പരീക്ഷിച്ചത് എന്നതിനാല്‍ കമ്യൂണിസ്റ്റ് തീവ്രവാദികള്‍ക്ക് നക്‌സലൈറ്റുകള്‍ എന്ന പേരും വന്നു. മൊത്തമായി സായുധ വിപ്ലവത്തിന്റെ വക്താക്കള്‍ മാവോയിസ്റ്റുകള്‍ എന്ന പേരിലാണ് അറിയപ്പെട്ടതെങ്കിലും നിരവധി ഗ്രൂപ്പുകളായി അവര്‍ പിരിയാനും പരസ്പരം തള്ളിപ്പറയാനും താമസമുണ്ടായില്ല. പീപ്പ്ള്‍സ് വാര്‍ ഗ്രൂപ്പാണ് അതിതീവ്ര കമ്യൂണിസ്റ്റ് ഗ്രൂപ്പായി രംഗപ്രവേശം ചെയ്തത്. ഈ സംഘടന പിന്നീട് നിരോധിക്കപ്പെട്ടു. പിന്നീട് റെഡ് ഫഌഗ്, ഗദ്ദാര്‍, മാവോയിസ്റ്റ് തുടങ്ങി ഒട്ടനവധി കൂട്ടായ്മകള്‍ ആദിവാസി കേന്ദ്രീകൃത മേഖലകളില്‍ പ്രവര്‍ത്തനനിരതമായി. പ്രധാനമായും ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ബിഹാര്‍, ആന്ധ്ര, ബംഗാള്‍ സംസ്ഥാനങ്ങളിലാണ് ഇവയൊക്കെ ജന്മിമാര്‍ക്കും പോലീസിനുമെതിരായ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ സായുധ സമര മാര്‍ഗത്തില്‍നിന്ന് പിന്തിരിഞ്ഞ് പാര്‍ലമെന്ററി പൊളിറ്റിക്‌സില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച സി.പി.ഐ എം.എല്‍ പോലുള്ള ഗ്രൂപ്പുകളുമുണ്ട്. ചൂഷിതരായ ആദിവാസികള്‍, പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ എന്നിവരുടെ മോചനത്തിനായാണ് തങ്ങള്‍ പൊരുതുന്നതെന്ന് എല്ലാ മാവോയിസ്റ്റ് ഗ്രൂപ്പുകളും അവകാശപ്പെടുന്നുണ്ടെങ്കിലും ദിശാബോധം നഷ്ടപ്പെട്ടു കടുത്ത ശൈഥില്യത്തിനു വിധേയരായ തീവ്ര കമ്യൂണിസ്റ്റ് വിപ്ലവകാരികള്‍ക്ക് ജനവിഭാഗങ്ങളിലൊന്നിനെയും ജന്മി-മുതലാളി വര്‍ഗത്തില്‍നിന്നോ ഫാഷിസ്റ്റുകളില്‍നിന്നോ രക്ഷിക്കാനായില്ല. പകരം ഭരണകൂട ഭീകരതയുടെ ഇരകളായി വെടിയേറ്റു വീഴുകയോ കാലാകാലം കാരാഗൃഹങ്ങളില്‍ എരിഞ്ഞൊടുങ്ങുകയോ അതല്ലെങ്കില്‍ കീഴടങ്ങി നിഷ്‌ക്രിയരായി ശിഷ്ട ജീവിതം തള്ളിനീക്കുകയോ മാത്രമേ ഇത്തരക്കാര്‍ക്കെല്ലാം സാധ്യമായിട്ടുള്ളൂ.
അതേയവസരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളിലും സായുധ പോരാട്ടങ്ങളിലും ഏര്‍പ്പെട്ടവരെ ജാഗ്രതയോടെ പിടികൂടി നിയമാനുസൃത നടപടികള്‍ക്ക് വിധേയരാക്കുകയല്ലാതെ സംശയാസ്പദമായ സാഹചര്യങ്ങളില്‍ കാണപ്പെടുന്നവരെയെല്ലാം വെടിവെച്ചു കൊല്ലുന്ന പോലീസ് അതിക്രമങ്ങളെ ന്യായീകരിക്കാന്‍ വയ്യ. വ്യാജ ഏറ്റുമുട്ടലുകളും നീതീകരിക്കപ്പെടുക വയ്യ. പാരിതോഷികങ്ങളോ സ്ഥാനക്കയറ്റമോ മറ്റെന്തെങ്കിലും നേട്ടങ്ങളോ പ്രതീക്ഷിച്ച് നടത്തപ്പെടുന്ന ഓപ്പറേഷനുകള്‍ മനുഷ്യത്വരഹിതവും ഭരണഘടനയുടെ ലംഘനവുമാണ്.  മാവോയിസ്റ്റുകളെ തള്ളിപ്പറയുന്ന പോലെ ഇസ്‌ലാമിക പ്രസ്ഥാനം ഭണകൂടഭീകര നടപടികളെയും അപലപിക്കുന്നു. അത് മാവോയിസത്തോടുള്ള ആഭിമുഖ്യമല്ല.
മാവോയിസ്റ്റ് വേട്ടക്ക് ചെലവിടുന്ന ഭീമമായ തുക ആദിവാസി ക്ഷേമത്തിനുപയോഗിച്ചാല്‍ അവര്‍ മാവോയിസ്റ്റുകളുടെ കെണിയില്‍ വീഴുമായിരുന്നില്ല എന്ന ആലോചനക്ക് പ്രസക്തിയുണ്ട്. ആദിവാസി ക്ഷേമത്തിനായി കാലാകാലങ്ങളില്‍ അനേകായിരം കോടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നീക്കിവെക്കുന്നുവെങ്കിലും ഫണ്ടിന്റെ വലിയ വിഭാഗം ഉദ്യോഗസ്ഥരുടെയും കങ്കാണിമാരുടെയും കീശയിലേക്കാണ് പോകുന്നത്. ഈ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കാനായാല്‍ ആദിവാസി മേഖലയില്‍ മാവോയിസ്റ്റ് -തീവ്രവാദി സ്വാധീനം കുറക്കാം. അപ്പോഴും വിദേശശക്തികളുടെ നിഗൂഢ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയുള്ള ജാഗ്രത തുടരേണ്ടതായിത്തന്നെ വരും. ആശയപരമായി മാവോയിസത്തിനെതിരായ ബോധവത്കരണം ഫലപ്രദമായി നടക്കുന്നില്ലെന്നതും തിരുത്തപ്പെടേണ്ട വീഴ്ചയാണ്. പ്രത്യയശാസ്ത്രം ഏതായാലും അത് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യേണ്ടത് പഠനത്തിലൂടെയും ആശയസംവാദങ്ങളിലൂടെയുമാണ്. ഭീഷണിയും ബലപ്രയോഗവും മര്‍ദനവും പ്രത്യയശാസ്ത്രപരമായ പരിവര്‍ത്തനത്തിന് പകരംനില്‍ക്കുകയില്ല. മാവോയിസം മനുഷ്യസമൂഹത്തിന്റെ മോചനത്തിനുള്ള യഥാര്‍ഥ മാര്‍ഗമല്ലെന്നതോടൊപ്പം ലക്ഷ്യപ്രാപ്തിക്ക് അത് സ്വീകരിക്കുന്ന മാര്‍ഗങ്ങളും ചെറുത്തു തോല്‍പിക്കപ്പെടേണ്ടതാണ്. സാക്ഷാല്‍ മാവോയിസ്റ്റ് ചൈന ഷി ജിന്‍പിംഗ് എന്ന ഏക നേതാവിന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത അപ്രമാദിത്വം സര്‍വാത്മനാ അംഗീകരിച്ച് അദ്ദേഹത്തിന്റെ സൂക്തങ്ങള്‍ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത്, എന്നാല്‍ അതോടൊപ്പം മുതലാളിത്ത പാതയിലൂടെ മുന്നേറുന്ന രാജ്യമായി മാറിയത് മാവോയിസ്റ്റുകളുടെ കണ്ണ് തുറപ്പിക്കണം.

കേരളത്തില്‍ മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവം വിവാദമാവുകയുണ്ടായി. ഏറ്റുമുട്ടല്‍ കൊലകള്‍ ഭരണകൂട ഭീകരതയുടെ അടയാളമാണല്ലോ. എന്താണ് ഏറ്റുമുട്ടല്‍ കൊലകളുടെ രാഷ്ട്രീയം? അത് എത്രത്തോളം ജനാധിപത്യ വിരുദ്ധവും മനുഷ്യത്വരഹിതവുമാണ്? കേരളത്തിലെ ഇടതു സര്‍ക്കാറിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു? ആഭ്യന്തര വകുപ്പ് പരാജയമാണെന്ന നിരീക്ഷണം ശരിവെക്കുന്ന സംഭവങ്ങളല്ലേ നടന്നുകൊണ്ടിരിക്കുന്നത്?

യു.എ.പി.എ എന്ന കരിനിയമത്തിന്റെ കീഴില്‍ എന്‍.ഐ.എക്കും പോലീസ് സേനകള്‍ക്കും ലഭിച്ച അമിതാധികാരം ഭരണകൂട താല്‍പര്യങ്ങള്‍ക്കനുസൃതമായി ദുരുപയോഗപ്പെടുത്തുന്നതാണ് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കാണുന്നത്. ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് സമാന്യ നീതി നിഷേധിക്കുന്ന യു.എ.പി.എ പാര്‍ലമെന്റ് പാസ്സാക്കിയെടുത്തത്. ബി.ജെ പി ഇതര പാര്‍ട്ടികള്‍ രാജ്യം ഭരിച്ചുകൊണ്ടിരുന്നപ്പോഴും യു.എ.പി.എ, ടാഡ, പോട്ട, മിസ തുടങ്ങിയ കരിനിയമങ്ങള്‍ ഉണ്ടായിരുന്നു. അവയൊക്കെ ഭരണകൂട ഭീകരതക്കായി ഉപയോഗപ്പെടുത്തിയിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇത്തരം കരിനിയമങ്ങള്‍ക്കെതിരാണെന്ന് അവകാശപ്പെടുമ്പോഴും അവരുടെ താല്‍പര്യങ്ങളുടെ സംരക്ഷണത്തിന് ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ പോലീസിന് ആത്യന്തിക നിയമങ്ങള്‍ പ്രയോഗിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. ഇപ്പോഴും നല്‍കുന്നുമുണ്ട്.  വ്യാജ ഏറ്റുമുട്ടല്‍ കൊലകളെയും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. പിടികൂടി കോടതിയുടെ മുമ്പാകെ ഹാജരാക്കി തെളിവുകള്‍ സമര്‍പ്പിച്ചു നീതിപൂര്‍വകവും സ്വതന്ത്രവുമായ വിചാരണക്ക് അവസരം നല്‍കിയ ശേഷം വേണം ആരെ വേണമെങ്കിലും ശിക്ഷിക്കാന്‍. നിരോധിത സംഘങ്ങളുടെ പ്രവര്‍ത്തകരായാലും അവര്‍ക്കും നീതി തേടാന്‍ അവകാശം ലഭിക്കണം. ഒരു കാലത്ത് ഈ അവകാശം നിഷേധിക്കപ്പെട്ടവരാണ് കമ്യൂണിസ്റ്റുകാര്‍. ഇന്നവര്‍ അധികാരത്തിലിരിക്കുമ്പോള്‍ മറ്റുള്ളവരുടെ നേരെ അമിതാധികാരങ്ങള്‍ പ്രയോഗിക്കുന്നതില്‍ വൈരുധ്യമുണ്ട്. ഫാഷിസ്റ്റ് സ്വഭാവമുള്ളതെന്ന് സി.പി.എം കുറ്റപ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാറിനെ ഭയന്നാണ് ഇത്തരം സമീപനങ്ങള്‍ സ്വീകരിക്കേണ്ടിവരുന്നതെന്ന സൂചന മനസ്സിലാക്കാന്‍ കഴിയാത്തതല്ല. എങ്കിലും കീഴടങ്ങല്‍ നിലപാട് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും സമ്മാനിക്കുന്ന അപഖ്യാതിയെ നേരിടുക എളുപ്പമാവില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (45-48)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വയം പീഡയേല്‍ക്കലല്ല ആത്മീയത
നൗഷാദ് ചേനപ്പാടി