ഇ.വി ഉസ്സന്‍ കോയ
കോഴിക്കോട് പ്രാദേശിക ജമാഅത്തിലെ ഇ.വി ഉസ്സന്‍ കോയ സാഹിബ് (87) 2019 ഒക്‌ടോബര്‍ 3-ന് അല്ലാഹുവിലേക്ക് യാത്രയായി. വളരെ ചെറുപ്പം മുതല്‍ ഇസ്‌ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ട അദ്ദേഹം, ഹാജി സാഹിബ് കോഴിക്കോട്ട് വരുമ്പോഴൊക്കെയും ഹാജി സാഹിബിനെ കേള്‍ക്കാനും ഒന്നിച്ച് പ്രവര്‍ത്തിക്കാനും എത്തിച്ചേരാറുണ്ടായിരുന്നു. ഉസ്സന്‍ കോയ സാഹിബിന്റെ നികാഹ് നടത്തിക്കൊടുത്തത് ഹാജി സാഹിബായിരുന്നു.
ഇടക്കൊക്കെ പ്രബോധനം വായിക്കാറുണ്ടായിരുന്ന എം.കെ അബൂബക്കര്‍, പ്രസ്ഥാന പ്രവര്‍ത്തകനാകുന്നതും സ്ഥിരം പ്രബോധനം വായനക്കാരനാകുന്നതും ഇ.വിയുടെ തന്ത്രപരമായ ഇടപെടല്‍ വഴിയാണ്. ഒരു ദിവസം എം.കെ അബൂബക്കര്‍ കുണ്ടുങ്ങലിനടുത്ത് ഇരുമ്പുപാലത്ത് ഒരു ചായപ്പീടികയില്‍ ചന്ദ്രിക ദിനപത്രം വായിച്ചുകൊണ്ടിരിക്കെ ഇ.വിയും കിണാശ്ശേരി താമസിച്ചിരുന്ന സൈദുക്കയും സമീപത്ത് വന്നിരുന്ന് ചന്ദ്രിക വായനയെ സംബന്ധിച്ച് എന്തോ പറഞ്ഞു. എം.കെ ഉടന്‍ മറുപടി കൊടുത്തു; ഇന്ന് വായിക്കാന്‍ കൊള്ളാവുന്ന ദിനപത്രവും ആഴ്ചപ്പതിപ്പും ചന്ദ്രികയും പ്രബോധനവും മാത്രമാണെന്ന്. പ്രബോധനം എന്ന പ്രയോഗം അപ്രതീക്ഷിതമായി കേട്ട അവര്‍ ഉടന്‍ എം.കെയോട് ചോദിച്ചു. പ്രബോധനം നിങ്ങള്‍ക്ക് എവിടന്നാണ് കിട്ടുന്നത്? കോഴിക്കോട് ടൗണില്‍ പോയി ചിലപ്പോള്‍ വാങ്ങാറുണ്ടെന്ന് പറഞ്ഞപ്പോള്‍ ഉസ്സന്‍ കോയ സാഹിബ് പറഞ്ഞു; പ്രബോധനം കുണ്ടുങ്ങല്‍ കച്ചവടം ചെയ്യുന്ന പി.എം മൊയ്തീന്‍ കോയ സാഹിബിന്റെ കടയില്‍ കിട്ടും. അവിടന്ന് വാങ്ങിയാല്‍ മതി എന്ന്. പിന്നീട് പി.എം മൊയ്തീന്‍ കോയ സാഹിബും ഉസ്സന്‍ കോയ സാഹിബും അബൂബക്കറിനെ പിടിവിടാതെ പ്രസ്ഥാന പ്രവര്‍ത്തകനാക്കി മാറ്റി. യുവാക്കളെ പ്രസ്ഥാനത്തിലേക്ക് വഴികാണിക്കുന്നതില്‍ നിപുണനായിരുന്നു ഇ.വി. കുറച്ചു കാലം അദ്ദേഹം മസ്ജിദ് ലുഅ്‌ലുഇല്‍ പ്രാദേശിക ജമാഅത്ത് യോഗത്തിലും ഒപ്പം പരപ്പില്‍ കാര്‍കുന്‍ ഹല്‍ഖാ യോഗത്തിലും പങ്കെടുത്തിരുന്നു. പരപ്പില്‍ ഹല്‍ഖയുടെ നാസിമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനസേവനരംഗത്തും സജീവമായിരുന്നു. സിറ്റി സകാത്ത് കമ്മിറ്റിയുടെ ആഴ്ചതോറുമുള്ള സിറ്റിംഗിലും അന്വേഷണങ്ങളിലും കൃത്യമായി അദ്ദേഹം പങ്കെടുക്കുമായിരുന്നു. മസ്ജിദ് ലുഅ്‌ലുഇന്റെയും തുടര്‍ന്ന് മര്‍ജാന്‍ മസ്ജിദിന്റെയും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഇല്ലുഹാജിയോടൊപ്പം നേതൃപരമായി പങ്ക് വഹിച്ചു. ചെറുപ്പകാലത്ത് മുംബൈയില്‍ മരക്കച്ചവടം നടത്തിയിരുന്ന ഇ.വി കോഴിക്കോട്ട് തിരിച്ചെത്തിയ ശേഷം പുതിയപാലത്ത് 'പ്രഭാത് സോമില്‍' എന്ന പേരില്‍ ഈര്‍ച്ചമില്‍ തുടങ്ങി. ഈ കാലത്തൊക്കെയും വൈകുന്നേരങ്ങളില്‍ 'ജമാഅത്ത് ടീം' ഇടിയങ്ങരയില്‍ 'താടിക്കാരുടെ പീടിക' എന്നറിയപ്പെടുന്ന മസാലക്കടയില്‍ ഒന്നിച്ചുകൂടുമായിരുന്നു. പഴയകാല പ്രവര്‍ത്തകരായിരുന്ന ഇമ്പിച്ചമ്മു മാസ്റ്റര്‍, സി.പി.എം അബ്ദുല്‍ഖാദര്‍, പാലാട്ട് അഹമ്മദ് കോയ, റഹ്മത്ത് ഹോട്ടല്‍ ഉടമ കുഞ്ഞഹമ്മദ്ക്ക, സൈദ് അഹമ്മദ്, കെ.വി മമ്മദ് കോയ, എം.കെ മമ്മദ് കോയ തുടങ്ങിയ പ്രമുഖരൊക്കെ ആ സംഗമത്തില്‍ ഉണ്ടാകും. ഇ.വി ജമാഅത്ത് അംഗമാകുന്നത് 1992-ലാണ്.
ഭാര്യയും നേരത്തേ മരണപ്പെട്ട രണ്ട് മക്കള്‍ അടക്കം 12 മക്കളുമാണ് അദ്ദേഹത്തിനുള്ളത്.
പോത്തങ്കോടന്‍ മമ്മദ് ഹാജി
മലപ്പുറം വള്ളുവമ്പ്രം സ്വദേശി പോത്തങ്കോടന്‍ മമ്മദ് ഹാജി അല്ലാഹുവിലേക്കു യാത്രയായി. സോളിഡാരിറ്റി മലപ്പുറം ജില്ലയുടെ സ്വപ്‌നപദ്ധതിയായ 'പാര്‍പ്പിടം: എ വില്ലാ പ്രോജക്ടി'നു ഭൂമി നല്‍കിയ മനുഷ്യസ്‌നേഹി. തന്റെ ഉടമസ്ഥതയിലുള്ള 30 സെന്റ് ഭൂമി വീടില്ലാത്തവര്‍ക്കു തണലൊരുക്കാന്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍, പല സാമൂഹികപ്രസ്ഥാനങ്ങളെയും കുറിച്ച് അന്വേഷിച്ച് ഒടുവില്‍ അദ്ദേഹം സോളിഡാരിറ്റിയെ തേടിവരികയായിരുന്നു. ആദ്യകാലങ്ങളില്‍ യാഥാസ്ഥിതിക നിലപാടുകളോടായിരുന്നു അദ്ദേഹത്തിനു ആഭിമുഖ്യം. പ്രവാസ ജീവിതകാലത്തെ സൗഹൃദങ്ങളും സംവാദങ്ങളുമാണ് അദ്ദേഹത്തെ പുരോഗമന ചിന്തകളിലേക്കു നയിച്ചത്. പ്രവാസജീവിതകാലത്താണ് സേവനമേഖലകളില്‍ പലതും ചെയ്യാനുണ്ടെന്ന തോന്നലും പ്രചോദനവും അദ്ദേഹത്തിനുണ്ടായത്. ഉമ്മയുടെ മരണത്തിനു ശേഷം അവരുടെ പേരില്‍ പള്ളിക്കു സ്ഥലം നല്‍കി. നാലു കുടുംബങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഭൂമി നല്‍കിയതും അദ്ദേഹത്തിന്റെ നന്മയാണ്. പിന്നീടാണ് തന്റെ പേരിലുള്ള 30 സെന്റ് സ്ഥലം പാവപ്പെട്ടവര്‍ക്കു വീടുണ്ടാക്കാന്‍ കൊടുക്കണമെന്ന ചിന്തയില്‍ അദ്ദേഹം സോളിഡാരിറ്റിയെ അന്വേഷിച്ചെത്തുന്നത്. അങ്ങനെയാണ് 'പാര്‍പ്പിടം: എ വില്ലാ പ്രോജക്ട്' എന്ന പദ്ധതിക്കു മണ്ണൊരുങ്ങിയത്. 2014 ഡിസംബര്‍ 26-ന് കോട്ടക്കലില്‍ നടന്ന സോളിഡാരിറ്റി ജില്ലാ സമ്മേളനവേദിയില്‍, ഭൂമിയുടെ രേഖകള്‍ ഔദ്യോഗികമായി സോളിഡാരിറ്റി ജില്ലാ നേതൃത്വത്തിനു അദ്ദേഹം കൈമാറി. ആ ഭൂമിയിലേക്ക് വഴി പ്രയാസമായപ്പോള്‍ അതും കുടിവെള്ളത്തിന് കുഴല്‍ കിണറും സ്വന്തം ചെലവില്‍ തന്നെ ഒരുക്കിനല്‍കി. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ സമ്പാദ്യത്തില്‍നിന്ന് അമ്പതിനായിരം രൂപ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും തീരുമാനിച്ചത് ആ വലിയ നന്മയുടെ തുടര്‍ച്ചയാണ്. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, സംസ്ഥാന സെക്രട്ടറിമാരായ സി.ടി സുഹൈബ്, ജുമൈല്‍ കൊടിഞ്ഞി, അലിഫ് ശുക്കൂര്‍, മുഈനുദ്ദീന്‍ അഫ്‌സല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ജലീല്‍ കോഡൂര്‍ എന്നിവര്‍ അദ്ദേഹത്തിന്റെ വീടു സന്ദര്‍ശിച്ചു.
ശ്വാസകോശസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. 63 വയസ്സായിരുന്നു. സുഹ്‌റാബി(അറവങ്കര)യാണ് ഭാര്യ. 4 മക്കളുണ്ട്.
വി. അന്‍വര്‍ ശമീം ആസാദ്
Comments