ബാബരി മസ്ജിദ് പിന്നിട്ട വഴികള്‍
മുഗള്‍ ചക്രവര്‍ത്തി ബാബറിന്റെ അവധിലെ ഗവര്‍ണറായിരുന്ന മീര്‍ ബാഖി നിര്‍മിച്ച പള്ളിയാണ് ബാബരി മസ്ജിദ്. ഈ പള്ളിയുമായി ബന്ധപ്പെട്ട പരാമര്‍ശമോ മീര്‍ ബാഖി എന്ന പേരോ മുഗള്‍ ചരിത്രത്തിന്റെ പ്രമുഖ ഔദ്യോഗിക രേഖകളായി കണക്കാക്കപ്പെടുന്ന ബാബര്‍നാമയിലോ ഹുമയൂണ്‍നാമയിലോ തുസൂക്കെ ജഹാന്‍ഗീരിയിലോ ഇല്ല. മാത്രമല്ല നാല് വര്‍ഷത്തെ ഭരണത്തിലൊരിക്കല്‍ പോലും ബാബര്‍ അയോധ്യയില്‍ വന്നിട്ടില്ല എന്നാണ് ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നത്. 1528-ല്‍ നിര്‍മിച്ച നിരവധി കെട്ടിടങ്ങളുടെയും തടയണകളുടെയും പാലങ്ങളുടെയും നിര്‍മാണ പുരോഗതി വിലയിരുത്തുന്ന 'ബാബര്‍നാമ'യില്‍ തന്റെ പേരില്‍ പണിതുകൊണ്ടിരിക്കുന്ന ബാബരി മസ്ജിദുമായി ബന്ധപ്പെട്ട ഒരു പരാമര്‍ശം പോലുമില്ലാത്തതിന് കാരണം അത് അത്ര പ്രാധാന്യമൊന്നുമില്ലാത്ത ഒരു സാധാരണ മസ്ജിദായതുകൊാവാം. ഇന്ത്യയിലെ മതങ്ങളെയും സംസ്‌കാരങ്ങളെയും കുറിച്ച സര്‍വ വിജ്ഞാന കോശമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ആയിനെ അക്ബരി'യില്‍ എല്ലാ മതസമുദായങ്ങളെയും അവയുടെ പ്രധാന ആരാധനാലയങ്ങളെയും പ്രതിപാദിക്കുന്നുണ്ട്. അയോധ്യയെയും രാമനെയും പ്രതിപാദിക്കുന്നിടത്ത് ക്ഷേത്രം തകര്‍ത്ത് പള്ളിയുണ്ടാക്കിയതിനെ കുറിച്ച് യാതൊരു പരാമര്‍ശവുമില്ല. 1574-ല്‍ 'രാമചരിത മാനസം' രചിച്ച മഹാകവി തുളസീദാസ് അയോധ്യയില്‍ താമസിച്ചിരുന്നത്, ബാബരി മസ്ജിദ് സ്ഥിതിചെയ്ത കുന്നില്‍നിന്ന് നോക്കിയാല്‍ കാണുന്ന ദൂരത്തായിരുന്നു. എന്നിട്ടും അയോധ്യയിലെ എല്ലാ വിശേഷങ്ങളും എഴുതിവെച്ച കവി രാമക്ഷേത്രത്തെ കുറിച്ചോ അത് തകര്‍ത്തതിനെ കുറിച്ചോ ഒരു വാക്കു പോലും മിണ്ടിയിട്ടില്ല. ശ്രീരാമന്റെ ജനനം അയോധ്യയിലെവിടെയോ ആണെന്ന് അംഗീകരിക്കുമ്പോള്‍തന്നെ അയോധ്യയിലെവിടെയാണെന്ന് തെളിയിക്കുന്ന ഒരു മതഗ്രന്ഥവും ഇതുവരെ ആരും ഹാജരാക്കിയിട്ടില്ല എന്നതും ഇതിന്റെ കൂടെ ചേര്‍ത്തുവായിക്കുക.
ബാബരി ഭൂമിയില്‍നിന്ന് കിട്ടിയ പതിനാല് തൂണുകളില്‍ ഒന്നില്‍ പോലും ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളില്ല. എന്നാല്‍ ഖുത്വ്ബ്മിനാറിലെ ഖുവ്വത്തുല്‍ ഇസ്‌ലാം പള്ളിയെ പോലെ, തൂണുകളിലെ അലങ്കാര പണികളില്‍ താമര അടക്കമുള്ളവയുടെ ചിത്രങ്ങളുണ്ട്. ഇന്ത്യയില്‍ താജ്മഹല്‍ ഉള്‍പ്പെടെയുള്ള നിര്‍മിതികളില്‍ ഹിന്ദു-മുസ്‌ലിം തൊഴിലാളികളുടെ പങ്കാളിത്തം മാത്രമായിട്ടേ ഇതിനെ കാണേണ്ടതുള്ളൂ. അലഹബാദ് ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പുരാവസ്തു വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ക്ഷേത്രം തകര്‍ത്തതിന് തെളിവില്ല. സോമനാഥക്ഷേത്രം തകര്‍ത്തതിന്റെ അടയാളം നൂറ്റാണ്ടുകള്‍ അവശേഷിച്ചിരുന്നു എന്നും ഓര്‍ക്കേണ്ടതാണ്. ഇത്രയും പ്രാധാന്യമുള്ള ഒരു ക്ഷേത്രം ആരാധിക്കാനാളില്ലാതെ പൊളിഞ്ഞുപോയി എന്ന് പറയുന്നതും വിരോധാഭാസമാണ്. ഇന്ന് മനുഷ്യന്‍ കെട്ടിപ്പൊക്കിയിരിക്കുന്ന എല്ലാ കെട്ടിടങ്ങളും നില്‍ക്കുന്നത് മണ്ണടിഞ്ഞ നാഗരികതകള്‍ക്ക് മുകളിലാണ് എന്നതിനാല്‍ തരിശായി കിടക്കുന്ന ഭൂമി ക്ഷേത്രത്തിന്റേതാണ് എന്ന് പറയുന്നതിലര്‍ഥമില്ല. പുരാവസ്തു ശാസ്ത്രം ഭൗതിക ശാസ്ത്രങ്ങളെപ്പോലെ സൂക്ഷ്മമായ ഒന്നല്ല. തെറ്റുകളും വൈരുധ്യങ്ങളുമൊക്കെ സംഭവിക്കാവുന്ന കേവലം അനുമാനങ്ങള്‍ മാത്രമാണ്. 1961-ലെ കേസിന് 2003-ല്‍ വന്ന തെളിവാണ് പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ട്. ചട്ടപ്രകാരം പുരാവസ്തു വകുപ്പ് റിപ്പോര്‍ട്ടിന്റെ ഉപസംഹാരത്തില്‍ എഴുതിയ ആളുടെ പേരും ഒപ്പും വേണമെന്നുണ്ട്. എല്ലാ അധ്യായങ്ങളും ആരുടേതാണെന്ന് വ്യക്തമാണെങ്കിലും അവയില്‍നിന്നും ഭിന്നമായ പരാമര്‍ശങ്ങളുള്ള പത്താം അധ്യായം ആരുടേതാണെന്ന് വ്യക്തമല്ല. ഉത്ഖനനം നടത്തിയ പുരാവസ്തു വകുപ്പിന്റെ റിപ്പോര്‍ട്ട് വൈരുധ്യങ്ങളുടെ കൂമ്പാരമാണ്. 16-ഉം 17-ഉം ചുവരുകള്‍ പടിഞ്ഞാറിന് അഭിമുഖമാണെന്നാണ് പറയുന്നത്. എങ്കിലത് ഈദ്ഗാഹിന്റേതുമാകാം. അവശിഷ്ടങ്ങളില്‍നിന്ന് കിട്ടിയ തൂണുകള്‍ പല കാലഘട്ടങ്ങളിലേതാണെന്ന് റിപ്പോര്‍ട്ട് തന്നെ പറയുന്നുണ്ട്. കാലപ്പഴക്കം പരിശോധിക്കാന്‍ കാര്‍ബണ്‍ ഡേറ്റിംഗ് ഉപയോഗിക്കാമായിരുന്നിട്ടും പുരാവസ്തു വകുപ്പ് അതുപയോഗിച്ചിട്ടില്ല. പള്ളിക്ക് താഴെയുള്ള അവശിഷ്ടങ്ങള്‍ ഗുപ്ത കാലഘട്ടത്തിലേതല്ല, 12-ാം നൂറ്റാണ്ടിലേതാണെന്നു പറയുന്നത്.
നൂറ്റാണ്ടുകള്‍ നീണ്ട ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെയും മതമൈത്രിയുടെയും മകുടോദാഹരണമാണ് അയോധ്യയിലെ ജനജീവിതം. 1857-ലെ ഒന്നാം സ്വാതന്ത്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ മീറത്തിലെയും ദല്‍ഹിയിലെയും ജനങ്ങള്‍ മുഗളന്മാര്‍ക്കു കീഴിലും കാണ്‍പൂരിലെ ജനങ്ങള്‍ നാനാ സാഹിബിന് കീഴിലും ബര്‍രാക്പൂരിലുള്ളവര്‍ മംഗള്‍ പാണ്ഡെയുടെ കീഴിലും ഗ്വാളിയോറിലുള്ളവര്‍ റാണി ലക്ഷ്മി ഭായിയുടെ കീഴിലും ഒന്നിച്ചപ്പോള്‍ അവധിലെ നവാബുമാരുടെ കീഴില്‍ നടന്ന വന്‍പ്രക്ഷോഭങ്ങളില്‍ ജാതി-മതഭേദമന്യേ വന്‍ജനാവലി അണിനിരന്നിരുന്നു. ഈ ഐക്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ 1870-ല്‍ ഫൈസാബാദ് ജില്ലാ ഗസറ്റിയറിന്റെ എഡിറ്ററായിരുന്ന എച്ച്.ആര്‍ നെവില്‍ ആണ് 1528-ല്‍ ബാബര്‍ അയോധ്യയില്‍ ഒരാഴ്ച താമസിക്കുകയും അവിടത്തെ പുരാതന ക്ഷേത്രം നശിപ്പിക്കുകയും ചെയ്‌തെന്നും, തുടര്‍ന്ന് ബാബരി എന്ന പേരില്‍ ഒരു പള്ളി അവിടെ പണിതെന്നും ആദ്യമായി എഴുതിവെച്ചത്. പരസ്പരം സ്‌നേഹത്തിലും സൗഹാര്‍ദത്തിലും കഴിഞ്ഞുകൂടിയിരുന്ന ഹിന്ദുക്കളെയും മുസ്‌ലിംകളെയും തമ്മില്‍ തെറ്റിക്കാന്‍ മെനഞ്ഞുണ്ടാക്കിയ കഥയായിരുന്നു ഇത്. 1885 വരെ ഈ കള്ളക്കഥ കാര്യമായ പ്രത്യാഘാതമൊന്നും സൃഷ്ടിച്ചില്ല. എന്നാല്‍ 1885 ജനുവരി 16-ന് അയോധ്യയിലെ മുഖ്യപുരോഹിതനെന്ന് അവകാശപ്പെട്ടുകൊണ്ട് മഹന്ദ് രഖുബര്‍ ദാസ് ഫൈസാബാദ് സബ്‌കോടതിയില്‍ ഒരു ഹരജി നല്‍കി. തനിക്കും മറ്റു പുരോഹിതന്മാര്‍ക്കും ആരാധിക്കാന്‍ ബാബരി മസ്ജിദിന്റെ പുറംമതിലിനകത്ത് ക്ഷേത്രം പണിയാന്‍ അനുമതി നല്‍കണമെന്നായിരുന്നു അപേക്ഷ. പള്ളിക്ക് സമീപം ക്ഷേത്രം പണിയുന്നത് പൊതുതാല്‍പര്യത്തിന് എതിരാണ് എന്ന് ചൂണ്ടിക്കാണിച്ച് കോടതി ആ അപേക്ഷ തള്ളുകയായിരുന്നു. തുടര്‍ന്ന് ജില്ലാ കോടതിയിലും ലഖ്‌നൗ ജുഡീഷ്യല്‍ കമീഷണര്‍ക്കും അപ്പീല്‍ നല്‍കിയെങ്കിലും അവ രണ്ടും തള്ളുകയാണുണ്ടായത്.
1934-ല്‍ വര്‍ഗീയ ലഹളകളെ തുടര്‍ന്ന് കുംഭഗോപുരമുള്‍പ്പെടെ ബാബരി മസ്ജിദിന് സാരമായ കേടുപാടുകള്‍ സംഭവിക്കുകയും ചുറ്റുമതില്‍ തകരുകയും ചെയ്തു. ഈ ലഹളകള്‍ രാമജന്മഭൂമി തര്‍ക്കത്തിന്റെ പേരിലല്ല, ഗോവധത്തിന്റെ പേരിലായിരുന്നു നടന്നത്. 1936-ല്‍ ഉത്തര്‍പ്രദേശ് വഖ്ഫ് നിയമപ്രകാരം വഖ്ഫ് കമീഷന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് 1944 ഫെബ്രുവരി 20-ന് ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് ബാബരി മസ്ജിദ് കേന്ദ്ര വഖ്ഫ് ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഭൂസ്വത്താണ്. ഇതിന്‍ പ്രകാരം 1946 മാര്‍ച്ച് 23-ന് ഫൈസാബാദ് സിവില്‍ ജഡ്ജ് എസ്.എ അഹ്‌സര്‍ പുറപ്പെടുവിച്ച വിധിയില്‍ ബാബരി മസ്ജിദില്‍ സുന്നികളും ശിഈകളുമായ മുഴുവന്‍ മുസ്‌ലിംകള്‍ക്കും നമസ്‌കരിക്കാമെന്ന് പ്രസ്താവിച്ചു.
1947-ല്‍ ഇന്ത്യാ വിഭജനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ കൊടുമ്പിരി കൊണ്ടതിനെ തുടര്‍ന്ന് അവധിലെ നിരവധി ആളുകള്‍ പാകിസ്താനിലേക്ക് പലായനം ചെയ്തു. ഈ ഘട്ടത്തില്‍ രാമജന്മഭൂമി പ്രശ്‌നം ഹിന്ദു മതവിശ്വാസികളുടെ മതപരമായ ഒരു പ്രധാന പ്രശ്‌നമായി ഉയര്‍ത്തിക്കൊുവരാന്‍ ഉന്മാദ ദേശീയവാദികള്‍ ശ്രമിക്കുകയുായി. അതിന്റെ ഭാഗമായി 1949-ല്‍ രാമായണ മഹാസഭയുടെ കീഴില്‍ അവധില്‍ തുടര്‍ച്ചയായ ഒമ്പത് ദിവസം പരസ്യ രാമായണ പാരായണം നടന്നു. 1949 ഡിസംബര്‍ 22-ന് അര്‍ധരാത്രി പൂജാരി അഭയ രാം ദാസിന്റെ നേതൃത്വത്തില്‍ അറുപതോളം ആളുകള്‍ പള്ളിയുടെ പൂട്ടുപൊളിച്ച് അകത്തു കടന്ന് അവിടെ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു. ഇതിനാവശ്യമായ സഹായം ചെയ്തുകൊടുത്ത ജില്ലാ മജിസ്‌ട്രേറ്റ് കെ.കെ നായര്‍ 1949 ഡിസംബര്‍ 23 മുതല്‍ ബാബരി മസ്ജിദ് പൂട്ടിയിടാന്‍ ഉത്തരവ് നല്‍കി. മുസ്‌ലിംകളും ഹിന്ദുക്കളും പള്ളിക്കകത്ത് പ്രവേശിക്കുന്നത് തടഞ്ഞു. എങ്കിലും ശ്രീരാമ വിഗ്രഹത്തിന്റെ പൂജാദികര്‍മങ്ങള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഒരു പൂജാരിയെ നിശ്ചയിച്ചു. അതോടെ അതുവരെ മുസ്‌ലിം ആരാധനാലയം മാത്രമായിരുന്ന ബാബരി മസ്ജിദ് ഒരു വിവാദ ഭൂമിയായി മാറുകയായിരുന്നു.
ബാബരി മസ്ജിദില്‍ പ്രതിഷ്ഠിച്ച വിഗ്രഹങ്ങളെ ദര്‍ശനം നടത്താനും ആരാധിക്കാനും തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് 1950 ജനുവരി 16-ന് ഗോപാല്‍ സിങ് വിശാരദ് എന്നൊരാള്‍ ഫൈസാബാദിലെ സിവില്‍ ജഡ്ജി മുമ്പാകെ ഒരു ഹരജി സമര്‍പ്പിച്ചു. അന്ന് തന്നെ ഈ ആവശ്യം അനുവദിക്കപ്പെട്ടു എന്ന് മാത്രമല്ല, മൂന്ന് ദിവസങ്ങള്‍ക്കു ശേഷം (ജനുവരി 19), ഹിന്ദുക്കള്‍ക്ക് കൂടുതല്‍ സൗകര്യത്തോടെ ആരാധിക്കാന്‍ സാധിക്കുമാറ് ഈ വിധിയില്‍ അവശ്യ ഭേദഗതികള്‍ വരുത്തി. ഇതിനെതിരെ ഫൈസാബാദ് ഡെപ്യൂട്ടി കമീഷണര്‍ ജെ.എന്‍ ഉഗ്ര സമര്‍പ്പിച്ച സത്യവാങ്മൂലം അവഗണിക്കുകയായിരുന്നു.
ബാബരി മസ്ജിദും മറ്റു വഖ്ഫ് സ്വത്തുക്കളും തങ്ങളുടേതാണെന്നും ഉടമസ്ഥാവകാശം സ്ഥാപിച്ചു തരണമെന്നും ആവശ്യപ്പെട്ട് 1961-ല്‍ ഉത്തര്‍പ്രദേശ് കേന്ദ്ര സുന്നി വഖ്ഫ് കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചു. അതോടെ ബാബരി മസ്ജിദുമായി ബന്ധപ്പെട്ടുണ്ടായിരുന്ന മറ്റു മൂന്ന് കേസുകള്‍ കൂടി വഖ്ഫ് കൗണ്‍സില്‍ കേസിനോട് ചേര്‍ത്തു. പിന്നീട് ദശാബ്ദങ്ങളോളം അവ അലഹബാദ് ഹൈക്കോടതിയില്‍ കെട്ടിക്കിടന്നു. 1986 ജനുവരിയില്‍ ഉമേഷ് ചന്ദ്ര പാണ്ഡെ എന്ന അഭിഭാഷകന്‍ തനിക്കും മറ്റു ഹിന്ദുക്കള്‍ക്കും ശ്രീരാമനെ ആരാധിക്കാനുള്ള വിലക്കുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ജില്ലാ ജഡ്ജി കെ.എം പാണ്ഡെ മിനിറ്റുകള്‍ മാത്രം നീണ്ടുനിന്ന വിചാരണയുടെ അടിസ്ഥാനത്തില്‍ അംഗീകരിക്കുകയും അന്ന് തന്നെ പൂജക്കു വേണ്ടി പള്ളിയുടെ കവാടം തുറന്നുകൊടുക്കുകയും ചെയ്തു. 1986 ഫെബ്രുവരി ഒന്ന് വൈകീട്ട് 4.40-ന് വന്ന വിധി കേവലം 39 മിനിറ്റുകള്‍ക്കു ശേഷം 5.19-ന് നടപ്പിലാക്കുമ്പോള്‍ അതിനു സാക്ഷികളാകാന്‍ നൂറുകണക്കിനാളുകളും സര്‍ക്കാരിന്റെ ദൂരദര്‍ശന്‍ വിഭാഗവും ഹാജരായിരുന്നു. 1961 മുതല്‍ ഹൈക്കോടതിയില്‍ നിലവിലുണ്ടായിരുന്ന കേസിനെ മറികടന്നാണ് ഈ വിധി വരുന്നത്. ഇതിനെതിരെ മുഹമ്മദ് ഹാശിം ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയെങ്കിലും കേസ് ഫയലില്‍ സ്വീകരിക്കപ്പെട്ടതല്ലാതെ തുടര്‍ നടപടികളുണ്ടായില്ല.
1989 ഫെബ്രുവരി ഒന്നിന് പ്രയാഗില്‍ കുംഭമേളയോടനുബന്ധിച്ച് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച മൂന്നാം ധര്‍മസന്‍സദ് സന്യാസി സമ്മേളനം രാമക്ഷേത്ര നിര്‍മാണത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഇഷ്ടികകള്‍ നാടിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍നിന്ന് പൂജിച്ചു കൊണ്ടുവരാനും തീരുമാനിച്ചു. 25 കോടി രൂപയാണ് ക്ഷേത്ര നിര്‍മാണ ചെലവിനായി കണക്കാക്കിയത്. 1989 ആഗസ്റ്റ് 14-ന് പുറത്തുവന്ന ഹൈക്കോടതിവിധി തര്‍ക്കസ്ഥലത്തിന്റെ സ്വഭാവത്തില്‍ ഒരുവിധ മാറ്റവും പാടില്ലെന്ന് നിര്‍ദേശിച്ചു. എന്നാല്‍ ഹിന്ദുവിരുദ്ധമായ ഏതു കോടതിവിധിയും നിരസിക്കുമെന്നും തര്‍ക്കഭൂമിയില്‍ കോടതിവിധി ലംഘിച്ചും ശിലയിടുമെന്നും വി.എച്ച്.പി പ്രഖ്യാപിച്ചു. 1989 നവംബര്‍ 9-ന് ബാബരി മസ്ജിദിന്റെ ഏകദേശം 270 അടി മാത്രം അകലെയുള്ള ഖബ്ര്‍സ്ഥാനില്‍ വി.എച്ച്.പി ശിലാന്യാസം നടത്തി.
1990 ഒക്‌ടോബര്‍ 17-ന് ബാബരി മസ്ജിദ് സംരക്ഷിക്കണമെന്നും അമ്പലം പണിയാനുള്ള ഹിന്ദുക്കളുടെ മതപരമായ ആഗ്രഹം നിയമത്തിന്റെ ചട്ടക്കൂട്ടില്‍നിന്ന് സാധ്യമാക്കണമെന്നും സര്‍വകക്ഷി യോഗം നിര്‍ദേശിച്ചു. ഈ വേളയിലാണ് വി.പി സിംഗ് സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് തൊഴില്‍ സംവരണം ഉറപ്പുവരുത്തുന്ന മണ്ഡല്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഹിന്ദു സമുദായത്തിലെ ഉയര്‍ന്ന ജാതിക്കാരുടെ അപ്രീതിക്ക് കാരണമായ ഈ തീരുമാനത്തില്‍നിന്ന് സര്‍ക്കാറിനെ പിന്തിരിപ്പിക്കാന്‍ സംഘ് പരിവാറിന്റെ നേതൃത്വത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭങ്ങള്‍ അരങ്ങേറി. രാമജന്മഭൂമി പ്രശ്‌നം ആളിക്കത്തിച്ച് വര്‍ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തിയെങ്കില്‍ മാത്രമേ മണ്ഡല്‍ കമീഷന്‍ ഉയര്‍ത്തിവിട്ട പ്രക്ഷോഭ തരംഗങ്ങളെ മറിടക്കാനാവൂ എന്ന തിരിച്ചറിവിലേക്കാണിത് തീവ്ര വലതുപക്ഷത്തെ നയിച്ചത്. ഇതിന്റെ ഫലമാണ് 1990-ല്‍ സോമനാഥ് ക്ഷേത്രം മുതല്‍ അയോധ്യ വരെ എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ രാമരഥ യാത്ര. തുടര്‍ന്ന് ഒക്‌ടോബര്‍ 30-ന് വി.എച്ച്. പി പ്രവര്‍ത്തകര്‍ സുരക്ഷാവലയം ഭേദിച്ച് മസ്ജിദിന്റെ താഴികക്കുടങ്ങള്‍ക്കു മുകളില്‍ കൊടി നാട്ടി.
1991 ഒക്‌ടോബര്‍ 9-ന് പുറപ്പെടുവിച്ച രണ്ട് ഓര്‍ഡിനന്‍സുകളിലൂടെ യു.പിയിലെ ബി.ജെ.പി.സര്‍ക്കാര്‍ വിവാദപരമായ 2.77 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. നവംബര്‍ 4-ന് ആ സ്ഥലം നിരപ്പാക്കുന്നതിന് ഏതാനും കെട്ടിടങ്ങള്‍ പൊളിക്കാന്‍ കോടതി അനുവാദം നല്‍കി. സ്ഥിരസ്വഭാവമുള്ള ജോലികള്‍ വിലക്കുകയും താല്‍ക്കാലികമായവ അനുവദിക്കുകയും ചെയ്തു. 1992 ജൂലൈ 26-ന് തര്‍ക്കഭൂമിക്ക് 200 മീറ്റര്‍ അകലെ കര്‍സേവകര്‍ ലക്ഷ്മണ ക്ഷേത്ര നിര്‍മാണം ആരംഭിച്ചു. ഒക്‌ടോബര്‍ 28-ന് കര്‍സേവ പുനരാരംഭിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് സെക്രട്ടറി പ്രഖ്യാപിച്ചു. ഡിസംബര്‍ 6-ന്റെ കര്‍സേവ തടയാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ആള്‍ ഇന്ത്യ ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റിക്ക് ഉറപ്പുനല്‍കി. തുടര്‍ന്ന് അയോധ്യ പ്രശ്‌നത്തില്‍ നിയമവാഴ്ചയും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കാന്‍ ആവശ്യമായ ഏതു നടപടിയും സ്വീകരിക്കാന്‍ ദേശീയോദ്ഗ്രഥന സമിതി യോഗം പ്രധാനമന്ത്രിയെ ചുമതലപ്പെടുത്തി. കര്‍സേവ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നവംബര്‍ 26-ന് സുരക്ഷാസേനകളെ അയക്കാന്‍ തുടങ്ങി. സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ കര്‍സേവ അനുവദിക്കരുതെന്ന് നവംബര്‍ 27-ന് സുപ്രീം കോടതി ഉത്തരവിട്ടു. കോടതി ഉത്തരവ് പാലിക്കുമെന്ന് യു.പി മുഖ്യമന്ത്രി കല്യാണ്‍ സിംഗ് ഉറപ്പു നല്‍കി.
ഡിസംബര്‍ 3-ന് യു.പി മുഖ്യമന്ത്രിയുടെ ഉറപ്പ് തങ്ങള്‍ക്ക് ബാധകമല്ലെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചു. ഡിസംബര്‍ 6-ന് ഉച്ചക്ക് 12.15-ന് തന്നെ കര്‍സേവ ആരംഭിക്കാന്‍ വി.എച്ച്.പിയുടെ കേന്ദ്രിയ മാര്‍ഗനിര്‍ദേശ മണ്ഡല്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ലക്ഷക്കണക്കിന് കര്‍സേവകര്‍ മദോന്മത്തരായി അയോധ്യയില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ കേന്ദ്ര പ്രതിരോധ മന്ത്രി ശരത് പവാറിനു വേണ്ടി റെക്കോര്‍ഡ് ചെയ്തതനുസരിച്ച് അദ്വാനി, ജോഷി, ഉമാഭാരതി, സ്വാതി ഋതംബര, അശോക് സിംഗാള്‍, മഹന്ത് അവൈദ്യനാഥ്, മൊറേശ്വര്‍ സര്‍വെ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കാവി നിറത്തിലുള്ള തുണി കഴുത്തില്‍ ചുറ്റിയ, കാക്കി നിക്കര്‍ ധരിച്ച ഒരു സംഘം ഇരു ഭാഗത്തും നിലയുറപ്പിച്ച സന്യാസിമാര്‍ക്കിടയിലൂടെ പള്ളിയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ കയറി നിന്നു. പരിശീലനം ലഭിച്ച ഈ സംഘം കൂടം, പിക്കാസ്, മണ്‍വെട്ടി എന്നിവ കൊണ്ട് പള്ളി പൊളിക്കുമ്പോള്‍ യു.പി പോലീസും ജില്ലാ അധികൃതരും നോക്കിനില്‍ക്കുകയായിരുന്നു. പള്ളി പൊളിച്ച ശേഷം നിര്‍മിച്ച താല്‍ക്കാലിക ക്ഷേത്രത്തില്‍ ഫൈസാബാദ് ജില്ലാ ഭരണകൂടം ദര്‍ശനമനുവദിക്കുകയായിരുന്നു.
Comments