മതം ആവശ്യമാണോ?
സമൂഹത്തിന്റെ ഭാഗമാണ് മനുഷ്യന്‍. അവന് ഒറ്റക്ക് ജീവിക്കാനാവില്ല. ജീവിതത്തില്‍ സമാധാനവും സഹായവും സഹകരണവും ലഭിക്കണം. എങ്കിലേ വളരാനും സമൂഹത്തിന് നന്മ ചെയ്യാനും സാധിക്കൂ.
മനുഷ്യശിശുവിന്റെ വളര്‍ച്ചക്ക് മാതാപിതാക്കള്‍ വേണം. സമൂഹമുണ്ടാകുന്നത് ദാമ്പത്യത്തിലൂടെയാണ്. വ്യക്തികള്‍ക്ക് ജീവിതപ്രശ്‌നങ്ങളെ ശരിയായ രീതിയില്‍ നേരിടാനോ പരിഹരിക്കാനോ കഴിയില്ല. അതുകൊണ്ടാണ് കൂട്ടു വേണമെന്ന് തോന്നുന്നത്. അത് ആണാണോ പെണ്ണാണോ എന്നതാണ് പിന്നെത്ത പ്രശ്‌നം. പെണ്ണിന് ആണും ആണിന് പെണ്ണുമാണ് ഏറ്റവും അനുയോജ്യം എന്ന് പ്രകൃതി തീരുമാനിച്ചിരിക്കുന്നു. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും ആണും പെണ്ണുമായി ഒരുമിച്ചു ജീവിക്കുന്നു. അത് ദൈവനിശ്ചയമാണെന്ന് മതവിശ്വാസികള്‍ കരുതുന്നു. മനുഷ്യവംശത്തിന്റെ വളര്‍ച്ചക്ക് സ്ത്രീ-പുരുഷ ദാമ്പത്യം അനിവാര്യമാണ്.
കുടുംബജീവിതം അനിവാര്യമാണെന്ന് മനുഷ്യന് ബോധ്യമുണ്ട്. അതുകൊണ്ടാണ് മതവിശ്വാസിയും മതനിഷേധിയും ദൈവവിശ്വാസിയും ദൈവനിഷേധിയും ദാമ്പത്യം സ്വീകരിക്കുന്നത്. ദാമ്പത്യത്തില്‍ പരസ്പരസ്‌നേഹവും സഹകരണവും ആവശ്യമാണ്. അതുകൊണ്ട് പരസ്പരം അറിഞ്ഞും അന്വേഷിച്ചും ദാമ്പത്യത്തില്‍ പ്രവേശിക്കണമെന്ന് മതം നിര്‍ദേശിച്ചു. എല്ലാ മതക്കാരും ദാമ്പത്യജീവിതം അംഗീകരിച്ചിരിക്കുന്നു.
ജീവിതത്തിന്റെ എല്ലാ നന്മകളെയും തകര്‍ത്തുകളയുന്നതാണ് കലഹം. കുടുംബകലഹം രു വ്യക്തികളുടെ മാത്രമല്ല, സമൂഹത്തിന്റെയും സമാധാനം കെടുത്തുന്നു. അതുകൊണ്ട് കുടുംബജീവിതത്തില്‍ സമാധാനം നിലനിര്‍ത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങളും നിയന്ത്രണങ്ങളും മതം മുന്നോട്ടുവെക്കുന്നു.
ഇത്രയേറെ മതങ്ങള്‍ ആവശ്യമാണോ എന്നത് മറ്റൊരു വിഷയമാണ്. അതിനെക്കുറിച്ച് മനുഷ്യര്‍ ചിന്തിക്കട്ടെ. മനുഷ്യജീവിതത്തില്‍ സമാധാനവും സഹകരണവും ആവശ്യമാണോ എന്നതാണ് നമ്മുടെ അന്വേഷണത്തിന്റെ കാതല്‍. ആണെന്ന് നാം സമ്മതിക്കും. സഹകരണത്തിന് ചില ചിട്ടകള്‍ പാലിക്കേണ്ടതുണ്ടോ എന്നതാണ് രണ്ടാമത്തെ ചോദ്യം. വേണമെന്നായിരിക്കും യുക്തമായ മറുപടി.
സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും ജീവിതത്തിന് ആവശ്യമാണ് പരസ്പര വിശ്വാസത്തിലും സ്‌നേഹത്തിലും അധിഷ്ഠിതമായ ജീവിതം. അത്തരമൊരു ജീവിതത്തിനാവശ്യമായ ചട്ടക്കൂടിനാണ് ആദര്‍ശം എന്നു പറയുന്നത്. ആ ആദര്‍ശത്തിന്റെ മറ്റൊരു പേരാണ് മതം. ദാമ്പത്യജീവിത വിജയത്തിനാവശ്യമായ നിര്‍ദേശങ്ങള്‍ ഇസ്‌ലാം മുന്നോട്ടുവെക്കുന്നു.
മനുഷ്യജീവിതത്തില്‍ പിഴവുകള്‍ സംഭവിക്കാം. അവ തുടര്‍ന്നുപോകുന്നത് വ്യക്തികള്‍ക്കു മാത്രമല്ല, സമൂഹത്തിനും പ്രശ്‌നങ്ങളുണ്ടാക്കും. അതുകൊണ്ട് പിഴവുകള്‍ പരിഹരിക്കാന്‍ മതം ആവശ്യപ്പെടുന്നു. ജീവിതത്തിന്റെ സമാധാനപൂര്‍ണമായ നിലനില്‍പിനും പുരോഗതിക്കും വേണ്ടിയാണ് മതത്തിന്റെ നിര്‍ദേശങ്ങള്‍ എന്നു കാണാനാകും. അതുകൊണ്ട് മതനിര്‍ദേശങ്ങള്‍ നിരസിക്കുന്നവര്‍ക്കും നിഷേധിക്കുന്നവര്‍ക്കും വെല്ലുവിളിക്കുന്നവര്‍ക്കുമാണ് നഷ്ടം സംഭവിക്കുന്നത്. മതത്തിന് ഒരു നഷ്ടവുമില്ല. മതം നിത്യയൗവനത്തോടെ എല്ലാ കാലത്തും നിലനില്‍ക്കും. മതം നിത്യവസന്തമാണ്. എപ്പോഴും കായ്കനികള്‍ തരുന്ന ഫലവൃക്ഷം. അതിന്റെ ചുവട്ടില്‍ ഒത്തുകൂടിയാല്‍ സുഗന്ധവും സമാധാനവും ആസ്വദിക്കാനാകും. സമാധാനപൂര്‍ണമായ ജീവിതം പടുത്തുയര്‍ത്തുന്നതിന് കലര്‍പ്പില്ലാത്ത മതം സഹായിക്കും.
മതത്തിനു പുറത്തുള്ള ഒരു പ്രസ്ഥാനവും ജീവിതത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയോ മാര്‍ഗനിര്‍ദേശം നല്‍കുകയോ ചെയ്യുന്നില്ല. ശാസ്ത്രം ജീവിതത്തെ മിനുക്കിപ്പണിയുന്നു; മാറ്റിപ്പണിയുന്നില്ല. ജീവിതരീതികളെ മെച്ചപ്പെടുത്തുന്നു; പകരം വെക്കുന്നില്ല. ഉത്തമമായ വസ്തുക്കള്‍ സമ്മാനിക്കുന്നു; ഉത്തമമായ ജീവിതം സമ്മാനിക്കുന്നില്ല. വിസ്മയകരമായ കാഴ്ചകള്‍ നല്‍കുന്നു; ഉത്തമമായ മൂല്യങ്ങള്‍ നല്‍കുന്നില്ല. ശാസ്ത്രത്തിന് മതത്തെ മാറ്റാനോ തിരുത്താനോ ഉള്ള ശക്തിയോ സന്നാഹങ്ങളോ ഇല്ല. ശാസ്ത്രം മനുഷ്യന് പുതിയ രീതികള്‍ കണ്ടെത്തി നല്‍കുന്ന ഗവേഷണമാര്‍ഗം മാത്രം. മതമാകട്ടെ ഉത്തമ മനുഷ്യനെ വാര്‍ത്തെടുക്കുന്ന മൂല്യങ്ങളും. മൂല്യങ്ങളില്ലാതെ മനുഷ്യന് മുന്നോട്ടുപോകാനാവില്ല.
Comments