Prabodhanm Weekly

Pages

Search

2019 നവംബര്‍ 22

3127

1441 റബീഉല്‍ അവ്വല്‍ 24

ആദര്‍ശ പരിവര്‍ത്തനത്തിന് സമ്മര്‍ദങ്ങള്‍

വി.കെ ജലീല്‍

ചരിത്രാതീത കാലം മുതല്‍, നബി തിരുമേനി 'അല്‍ മദീന' എന്ന  നവനാമം നല്‍കുന്നതു വരെ, ആ പ്രദേശം 'യസ്‌രിബ്' എന്നാണ് അറിയപ്പെട്ടിരുന്നത്. ആ ഭൂഭാഗത്തിന്റെ  കാര്‍ഷിക സാധ്യതകള്‍ ആദ്യമായി കണ്ടറിഞ്ഞ്, വിയര്‍പ്പൊഴുക്കിയ ആളായിരുന്നത്രെ യസ്‌രിബ്.  ഇയാളുടെ പിതൃപരമ്പര   സെമിറ്റിക്ക് കുലപതിയായ  'സാമി'ല്‍ സന്ധിക്കും വിധം ഒന്നിലധികം ശ്രേണികളിലായി വിവരിക്കപ്പെട്ടിരിക്കുന്നു. ഒരു വ്യക്തിയുടെ  നാമത്തില്‍നിന്നും മാറ്റി, താന്‍ പ്രതിനിധാനം ചെയ്യുന്ന  ആദര്‍ശത്തോട് ചേരുംവിധമുള്ള പേര് നാടിനു നല്‍കുകയായിരുന്നു തിരുമേനി. ആ ബഹുസ്വര നഗരരാഷ്ട്രത്തിന് നല്‍കാന്‍ അതിനേക്കാള്‍  നിഷ്പക്ഷവും നിരാക്ഷേപവുമായ മറ്റൊരു പേരുണ്ടായിരുന്നില്ല.
 എക്കാലത്തും ഒരു പലായന ദേശമായിരുന്നു   യസ്‌രിബ് എന്നത് ഒരു ചരിത്ര കൗതുകമത്രെ. ബാബിലോണില്‍നിന്ന്  വന്നവരായിരുന്നു യസ്‌രിബ് എന്ന ആദി കര്‍ഷകന്റെ  ഗോത്രമായ 'അബീല്‍.' പില്‍ക്കാലത്ത് ഇറാഖില്‍നിന്നും ഒരു കൊടുങ്കാറ്റ് കണക്കെ ആഞ്ഞടിച്ചുവന്ന  അമാലേക്യര്‍  അബീല്‍ വംശത്തെ കീഴടക്കി. പരമപരാക്രമികളായ അമാലേക്യരെ പ്രവാചകനായ മോശെയുടെ ആസൂത്രണത്തില്‍ ഇസ്രായേല്യര്‍ 'യസ്‌രിബി'ല്‍നിന്ന് തുരത്തി. അതോടെ ജൂതന്മാര്‍ അവിടെ അധിവാസം ആരംഭിച്ചു. അപ്പോഴും  യസ്‌രിബില്‍ അവിടവിടെ അമാലേക്യരില്‍പെട്ടവരും അല്ലാത്തവരുമായ ചില സാധാരണ അറബി കുടുംബങ്ങള്‍ വസിക്കുന്നുണ്ടായിരുന്നു.
നബി തിരുമേനിയെ യസ്‌രിബിലേക്ക് സ്വാഗതം ചെയ്ത അറബികളായ ഔസ്, ഖസ്‌റജ് ഗോത്രങ്ങളുടെ പൂര്‍വികര്‍  യമനില്‍നിന്ന് ശരണാര്‍ഥികള്‍ ആയി എത്തിയവരാണ്.  പലായകരുടെ ഈ പട്ടിക പൂര്‍ണമല്ല.
നമുക്ക്  വിഷയത്തിലേക്ക് വരാം. ശതകങ്ങള്‍ ദീര്‍ഘിച്ച നിരന്തര സമ്പര്‍ക്കം,  വിഗ്രഹപൂജകരായ അറബികള്‍ക്കും ജൂത മതവിശ്വാസികള്‍ക്കുമിടയില്‍ ഒരുപാട് ആദാനപ്രദാനങ്ങള്‍ക്ക് ഹേതുവായി. പ്രവാചകനായ മോശെയുടെയും നബി തിരുമേനിയുടെയും നിയോഗ ഘട്ടങ്ങള്‍ക്കിടക്ക് രണ്ടായിരത്തി നാനൂറു സംവത്സരങ്ങള്‍ ദീര്‍ഘിച്ച ഒരു ചരിത്രപഥം തെളിഞ്ഞും മങ്ങിയും കിടപ്പുണ്ടല്ലോ.
ജൂതന്മാരുടെ ചിരപുരാതനവും നിഷ്‌കൃഷ്ടവുമായ 'വംശവിശുദ്ധിവാദം' പ്രസിദ്ധമാണ്. അക്കാരണത്താല്‍ ജൂതമതം  പ്രബോധനം ചെയ്യപ്പെടാറില്ല. എന്നാല്‍ ആ മതവിഭാഗത്തിന്റെ ഈ വ്യതിരിക്തത നന്നായി അറിയുന്ന ചില ചരിത്രകര്‍ത്താക്കള്‍  തന്നെ ബനൂഖുറൈള, ബനുന്നദീര്‍ ഗോത്രങ്ങള്‍ പ്രാക്തന  അറബ്‌ഗോത്രമായ  'ജുദാമി'ല്‍നിന്നും  ജൂതരായി പരിവര്‍ത്തനം ചെയ്തവരാണെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. ജൂത ഗോത്രങ്ങളില്‍ കാണപ്പെട്ട പല ആചാരകാര്യങ്ങളും ഈ പാരമ്പര്യം വഴി അറബികളില്‍നിന്നും പകര്‍ന്നതാണ് എന്നും അവര്‍ പറയുന്നു. എന്നാല്‍ അറബ് ഗോത്രങ്ങളുമായുള്ള സഹജീവിതം, യസ്‌രിബിലെ ജൂതന്മാരുടെ മത സാംസ്‌കാരിക ജീവിതത്തെ വലുതായി സ്വാധീനിച്ചു എന്നത് നിസ്തര്‍ക്കമത്രെ; തിരിച്ചും. അതിന്റെ തെളിവായിരുന്നു അറബി ഭാഷ ജൂതര്‍ക്കിടയില്‍ നേടിയ വിസ്മയകരമായ  സ്വാധീനം. 
പ്രവാചകന്റെ കാലക്കാരും ജൂതന്മാരുമായ, ലബ്ധപ്രതിഷ്ഠരായ അറബി കവികളെ ചരിത്രം പരാമര്‍ശിക്കുന്നുണ്ട്.
ജൂതന്മാര്‍ തങ്ങള്‍ സര്‍വോന്നതരും, ജന്മനാ കൂടുതല്‍ ദൈവസാമീപ്യമുള്ളവരുമാണെന്ന്  അറബി ഗോത്രങ്ങളെ  വിശ്വസിപ്പിച്ചു. അത് പല നവീനാചാര വിശ്വാസങ്ങളും ഉടലെടുക്കാന്‍ കാരണമായി.  
ഒരു ഉദാഹരണം. ചില അറബി ഗോത്രങ്ങളിലെ കുടുംബിനികള്‍, തങ്ങളോട് ഭര്‍ത്താക്കന്മാരുടെ ലൈംഗികാഭിനിവേശം കുറയുകയും, അതുവഴി പുത്രലബ്ധി ഇല്ലാതാവുമെന്ന് ആശങ്കിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍,  ദാമ്പത്യബന്ധങ്ങള്‍ വീണ്ടും ഊഷ്മളമായി തങ്ങള്‍ക്ക്  ആണ്‍കുഞ്ഞ് ജനിക്കുന്നപക്ഷം,  ആ കുഞ്ഞിനെ  ജൂതനായി വളര്‍ത്താം എന്ന് നേര്‍ച്ചയാക്കുന്ന പതിവുണ്ടായിരുന്നുവത്രെ. ഇസ്‌ലാമിന്റെ ആഗമനത്തോടെ മുസ്‌ലിംകളായിത്തീര്‍ന്ന ഈ അറബ് കുടുംബങ്ങള്‍ക്ക് തങ്ങളുടെ അജ്ഞതയുടെ ഫലമായി ഇങ്ങനെ ജൂതന്മാരായി വളര്‍ത്തപ്പെട്ട സ്വസന്താനങ്ങളെ ഇസ്‌ലാമിലേക്ക് കൊണ്ടുവരാന്‍ വലിയ ആഗ്രഹം ജനിച്ചു. വേണ്ടിവന്നാല്‍ ഇക്കാര്യത്തില്‍ അല്‍പം സമ്മര്‍ദം പ്രയോഗിക്കാം എന്നും അവര്‍ ചിന്തിച്ചുപോയി. ഈ അവസരത്തിലാണ് 'ലാ ഇക്‌റാഹ ഫിദ്ദീന്‍.....ഇസ്‌ലാം വിശ്വസിപ്പിക്കാന്‍  (ആരിലും ഒരു തരത്തിലും) ഒരു സമ്മര്‍ദവും അനുവദനീയമല്ല' എന്ന് ഖുര്‍ആന്‍ അസന്ദിഗ്ധമായി  പ്രഖ്യാപിക്കുന്നതും മനുഷ്യന്റെ ഇഛാസ്വാതന്ത്ര്യത്തെ ഉയര്‍ത്തിക്കാട്ടുന്നതും. 
ഡോ. യൂസുഫുല്‍ ഖറദാവി മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ അമുസ്‌ലിം ന്യൂനപക്ഷങ്ങളുടെ മഹിതമായ വിശ്വാസ സ്വാതന്ത്ര്യത്തെ കുറിച്ച തന്റെ സ്വതന്ത്ര കൃതിയില്‍ ഈ സംഭവം ഇത്ര വിശദാംശങ്ങള്‍ ഇല്ലാതെ ഉദ്ധരിക്കുന്നുണ്ട്. പ്രസ്തുത ഖുര്‍ആന്‍ സൂക്തത്തിന്റെ അവതരണ പശ്ചാത്തലം വിവരിച്ചുകൊണ്ട് സുപ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളായ ഇബ്‌നു കസീര്‍, കശ്ശാഫ് തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഇതല്ലാത്ത ഒരു സംഭവവും കൂടി ചേര്‍ത്തും ഉദ്ധരിക്കുന്നു. 
അതിങ്ങനെ: അന്‍സ്വാരിയായ, അല്‍ഹുസൈനി എന്നയാളുടെ രണ്ടു പുത്രന്മാര്‍, സിറിയയില്‍നിന്നു വന്ന  മിഷനറി മനസ്സുള്ള ക്രിസ്ത്യന്‍ വ്യാപാരികളുടെ സ്വാധീനത്താല്‍ അവരുടെ മതം സ്വീകരിച്ചു  കൂടെ പോയി. മദീനയിലേക്കുള്ള തിരുമേനിയുടെ ആഗമനത്തിനു കുറച്ചു മുമ്പായിരുന്നു ഈ സംഭവം. അല്‍പകാലത്തിനുശേഷം ഈ സന്തതികള്‍ രണ്ടുപേരും, അതിനകം മുസ്‌ലിമായിത്തീര്‍ന്ന  പിതാവിനെ സന്ദര്‍ശിക്കാനെത്തി. സന്ദര്‍ശനം കഴിഞ്ഞ് അവര്‍ സിറിയയിലേക്ക് തിരിച്ചുപോകാനിറങ്ങിയപ്പോള്‍ ആ പിതാവ്  തിരുമേനിയുടെ അടുത്ത് വലിയ മനഃപ്രയാസത്തോടെ ഓടിയെത്തി. മക്കളെ തടയാനും അവരെ ഇസ്‌ലാമിലേക്ക്  ബലം പ്രയോഗിച്ച് കൊണ്ടുവരാനും അനുവാദം ചോദിച്ചു. ആ സന്ദര്‍ഭത്തിലാണ് ആദര്‍ശ പരിവര്‍ത്തനത്തിന്റെ കാര്യത്തിലുള്ള ഇസ്‌ലാമിന്റെ കര്‍ശനമായ  പൊതുനയം പ്രഖ്യാപിക്കപ്പെട്ടത്. ഈ വിഷയത്തില്‍ ഒരു തരത്തിലുമുള്ള ബലപ്രയോഗമോ സമ്മര്‍ദസൂത്രങ്ങളോ ഇസ്‌ലാം അനുവദിക്കുന്നില്ലെന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചു.
'തന്റെ ശരീരത്തിന്റെ ഒരു ഭാഗം നരകത്തില്‍ കിടക്കുന്നത് ഞാന്‍ എങ്ങനെ സഹിക്കും' എന്ന് നെഞ്ചത്ത് കൈചേര്‍ത്ത്, ആ മനുഷ്യന്‍ കണ്ണീരോടെ പ്രവാചകനോട് കേണുവെന്നാണ് ഒരു നിവേദനം. പ്രവാചകന്‍ ഒരു സമ്മര്‍ദത്തിനും സമ്മതം കൊടുത്തില്ല. ഇത് വായിക്കുമ്പോള്‍, ദയാരഹിതമായ 'ഘര്‍ വാപ്പസി'യുടെയും 'പ്രണയ ജിഹാദെ'ന്ന പെരും നുണകളുടെയും  ഈ കെട്ടകാലത്ത്, ഇസ്‌ലാം മത വിശ്വാസികള്‍ക്ക്, ഇസ്‌ലാമിന്റെ ആദര്‍ശ മികവിനെ കുറിച്ച്, പുളകം കൊള്ളാന്‍ ധാരാളം വകയുണ്ട്. പിന്നെ, ഒരു മിശ്രസമൂഹത്തിന്റെ സമ്യക്കായ ഒത്തുപുലര്‍ച്ചക്കു ചേരാത്തതൊന്നും പ്രകൃതി പന്ഥാവായ ഇസ്‌ലാമിലില്ല. അപ്പോലെ തന്നെ, മനുഷ്യന്റെ പ്രജ്ഞ അറിയാതെ അവനിലേക്ക് വിശ്വാസം കട്ടു കടത്താനുള്ള ഒരു  മാര്‍ഗവും ഖുര്‍ആന്‍ അംഗീകരിക്കുന്നുമില്ല. മനുഷ്യന്റെ സാന്മാര്‍ഗിക ജീവിതത്തില്‍  മേധാവിത്വം ആഗ്രഹിക്കുന്ന ഇസ്‌ലാം, ഇത്രയും വിശാലമായ ഒരു സ്വതന്ത്ര നിലപാട്  കൈക്കൊള്ളുന്നതും  പ്രഖ്യാപിക്കുന്നതും അതിന്റെ എല്ലുറപ്പില്ലാത്ത നയം കൊണ്ടാണെന്ന് ധരിക്കരുത്. മറിച്ച്, ഒരു സമ്മര്‍ദത്തിനും വിധേയനാകാതെ, സാമാന്യ ബുദ്ധിയുള്ള ഒരു മനുഷ്യന്‍ ഋജുമാനസനായി ചിന്തിക്കാന്‍ തയാറായാല്‍, അവന് ഇസ്‌ലാമിലേക്ക് എത്തിച്ചേരുകയല്ലാതെ വേറെ വഴിയില്ലെന്ന സത്യതയിലുള്ള അതിന്റെ ദൃഢബോധ്യം കൊണ്ടത്രെ. മനുഷ്യനെ കെണിവെച്ച് പിടിക്കുന്നതിനല്ല, അവന്റെ ധിഷണയെയും യുക്തിയെയും ചോദനകളെയും സുധീരം അഭിസംബോധന ചെയ്യുന്നതിനാണ് ഇസ്‌ലാമിക പ്രബോധനം എന്ന് പറയുന്നത്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (45-48)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വയം പീഡയേല്‍ക്കലല്ല ആത്മീയത
നൗഷാദ് ചേനപ്പാടി