Prabodhanm Weekly

Pages

Search

2019 നവംബര്‍ 22

3127

1441 റബീഉല്‍ അവ്വല്‍ 24

ആല്‍ഫ്രഡ് മാര്‍ഷലിന്റെ ക്ഷേമസിദ്ധാന്തവും ഇസ്‌ലാമിക ധനതത്ത്വശാസ്ത്ര ചിന്തയും

ഫൈസല്‍ കൊച്ചി

സാമ്പത്തികശാസ്ത്രത്തിന്റെ പിതാവായ ആഡംസ്മിത്ത് മരണപ്പെട്ട് 50 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ക്ഷേമ ധനതത്ത്വശാസ്ത്രത്തിന്റെ വക്താവായ ആല്‍ഫ്രഡ് മാര്‍ഷല്‍ ലണ്ടനില്‍ ജനിക്കുന്നത്. സെന്റ് ജോണ്‍സ് കോളേജിലും  കാംബ്രിഡ്ജിലുമായിരുന്നു പഠനം. പഠിച്ച സ്ഥാപനങ്ങളില്‍തന്നെ  പ്രഫസറും പ്രിന്‍സിപ്പലുമൊക്കെയായി സേവനം ചെയ്യാനുള്ള ഭാഗ്യവും അദ്ദേഹത്തിനു ലഭിച്ചു. ഗണിതശാസ്ത്രത്തില്‍ അതീവ താല്‍പര്യമായിരുന്നു മാര്‍ഷലിന്. പിന്നീട് അദ്ദേഹത്തിനുണ്ടായ മാനസികവിഭ്രാന്തികള്‍ ഗണിതത്തില്‍നിന്ന് തത്ത്വചിന്തയിലേക്ക് മാറുന്നതിനു പ്രചോദനമായി. ക്രമേണ മതവും സമ്പദ് ശാസ്ത്രവും മുഖ്യ പഠനമേഖലകളായി. മാര്‍ഷലിന്റെ എല്ലാ സിദ്ധാന്തങ്ങളിലും സദാചാരചിന്തകളുടെ സ്വാധീനം കാണാനാകുന്നത് മതപഠനത്തിന്റെ ഫലമായാണ്.  1890-ല്‍ അദ്ദേഹം എഴുതിയ സമ്പദ് ശാസ്ത്രതത്ത്വങ്ങള്‍ എന്ന പുസ്തകം വര്‍ഷങ്ങളോളം യൂറോപ്പിലെ അടിസ്ഥാന അക്കാദമിക അവലംബമായിരുന്നു.
ചോദനം, പ്രദാനം, ഉപയുക്തത തുടങ്ങിയ കാഴ്ചപ്പാടുകള്‍ സാമ്പത്തികശാസ്ത്രത്തിനു സംഭാവന ചെയ്തത് മാര്‍ഷലാണ്. സാമ്പത്തികശാസ്ത്രത്തിലെ സുപ്രധാന ചിന്തകളെ ഗണിതശാസ്ത്ര സമവാക്യത്തിലൂടെ വിശദീകരിക്കാന്‍ അദ്ദേഹം  ശ്രമിച്ചു. സ്മിത്തില്‍നിന്ന് വ്യത്യസ്തമായി ധനതത്ത്വചിന്തകളെ ശാസ്ത്രമായി വികസിപ്പിക്കാനുള്ള സംരംഭങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു. 1879-ല്‍ 'വിദേശ വ്യാപാര സിദ്ധാന്തം',  'വ്യവസായത്തിന്റെ സമ്പദ് ശാസ്ത്രം' തുടങ്ങിയ രണ്ടു പുസ്തകങ്ങള്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തി. 1881-ലാണ് 'സമ്പദ്ശാസ്ത്ര സിദ്ധാന്തങ്ങള്‍' എന്ന പ്രസിദ്ധമായ ഗ്രന്ഥത്തിന്റെ രചനയാരംഭിക്കുന്നത്. നീണ്ട ഒമ്പതു വര്‍ഷത്തെ പഠന-ഗവേഷണ പ്രകിയകളുടെ ഫലമായിട്ടാണ് പുസ്തകം പിറവിയെടുത്തത്. വിദേശ വ്യാപാരത്തിന്റെ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്ന അടുത്ത വാള്യം പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് മാര്‍ഷല്‍ മരണമടയുന്നത്. സമ്പദ്ശാസ്ത്രം സാമൂഹികപരിവര്‍ത്തനത്തിന് നിദാനമാകണമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. ദാരിദ്ര്യനിര്‍മാര്‍ജനം, സമ്പത്തിലും വിഭവങ്ങളിലുമുള്ള അസമത്വം അവസാനിപ്പിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി സാമ്പത്തികവിദഗ്ധര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ശിഷ്യഗണങ്ങളെ ആഹ്വാനം ചെയ്തു. മനുഷ്യസമൂഹത്തിന്റെ ഭൗതിക പുരോഗതിയും ക്ഷേമവുമായിരിക്കണം സമ്പദ്ശാസ്ത്രത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം നിരീക്ഷിച്ചു.
സൂക്ഷ്മ സാമ്പത്തികവിശകലനങ്ങളും വ്യക്തിഗതപ്രവര്‍ത്തനങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പഠനമേഖല. ആഡം സ്മിത്ത് പ്രധാനമായും രാഷ്ട്രത്തെക്കുറിച്ചും സാമൂഹികഘടനയെക്കുറിച്ചും കമ്പോളത്തെക്കുറിച്ചുമാണ് സംസാരിച്ചത്. മാര്‍ഷല്‍ വ്യക്തിഗത മനുഷ്യ പെരുമാറ്റങ്ങളെ കുറിച്ചും കമ്പോളത്തില്‍ അതുണ്ടാക്കുന്ന പ്രതിഫലനങ്ങളെക്കുറിച്ചുമാണ് അന്വേഷണമാരംഭിച്ചത്. മാര്‍ഷലിന്റെ പ്രധാനപ്പെട്ട സംഭാവന അദ്ദേഹത്തിന്റെ ക്ഷേമ സിദ്ധാന്തമാണ്. ആ സിദ്ധാന്തത്തിന്റെ സവിശേഷതകള്‍:
1. സമ്പദ്ശാസ്ത്രം മനുഷ്യസമൂഹത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന പഠനശാഖയാണ്.
2. മനുഷ്യജീവിതത്തിന് സാമൂഹികം, മതപരം, സാമ്പത്തികം, രാഷ്ട്രീയം എന്നിങ്ങനെ വിവിധ വശങ്ങളുണ്ട്. സാമ്പത്തികശാസ്ത്രം പ്രധാനമായും സാമ്പത്തിക വശങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. (ഒരാള്‍ രോഗിയായ തന്റെ സുഹൃത്തിനെ സന്ദര്‍ശിക്കുകയാണെങ്കില്‍ അതൊരു സാമൂഹികപ്രവര്‍ത്തനമാണ്. ഒരാള്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നുണ്ടെങ്കില്‍ അതൊരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ഒരാള്‍ ഒരു ആരാധനാലയത്തില്‍ പോകുന്നുണ്ടെങ്കില്‍ അതൊരു മതപ്രവര്‍ത്തനമാണ്. കര്‍ഷകന്‍ മണ്ണിലും തൊഴിലാളി ഫാക്ടറിയിലും പണിയെടുക്കുന്നുണ്ടെങ്കില്‍ അതാണ് സാമ്പത്തിക പ്രവര്‍ത്തനം).
3. മുഴുവന്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെയും ആത്യന്തികലക്ഷ്യം മനുഷ്യക്ഷേമമായിരിക്കണം. സ്മിത്തില്‍നിന്ന് വ്യത്യസ്തമായി മാര്‍ഷല്‍ ധനത്തെ ലക്ഷ്യമായി കാണുന്നില്ല. ധനം ക്ഷേമമെന്ന ലക്ഷ്യം നേടിയെടുക്കാനുള്ള മാര്‍ഗം മാത്രമാണ്. 
4. ഉപയുക്തത എന്ന കാഴ്ചപ്പാടിനെ കൂടുതലായി സാമ്പത്തികചിന്തകള്‍ക്ക് പരിചയപ്പെടുത്തിയത് ആല്‍ഫ്രഡ് മാര്‍ഷലാണെന്നു കാണാന്‍ കഴിയും. ഒരു വസ്തുവിന് /സേവനത്തിന് അത് ഉപയോഗിക്കുന്ന ആളിന്റെ ആവശ്യത്തെ തൃപ്തിപ്പെടുത്താനുള്ള കഴിവിനെയാണ് ഉപയുക്തത എന്നു പറയുന്നത്. അത് കേവലമായ സംതൃപ്തിയല്ല. തൃപ്തിയും ഉപയുക്തതയും രണ്ടു വ്യത്യസ്ത അര്‍ഥങ്ങളിലാണ് മാര്‍ഷല്‍ പരിചയപ്പെടുത്തുന്നത്. ഏറെ തണുപ്പുള്ള പ്രദേശങ്ങളില്‍ കമ്പിളി വസ്ത്രങ്ങള്‍ക്ക് ഉപയുക്തത കൂടുതലാണ്.  വെറും വൈകാരിക സംതൃപ്തിയില്‍നിന്നുപരിയായ ഒരു മൂല്യാധിഷ്ഠിത ആശയമായി അത് ശക്തിപ്രാപിക്കുന്നു. ഉപയോഗത്തിന്റെ അളവ് തുടര്‍ച്ചയായി വര്‍ധിക്കുമ്പോള്‍ ഉപയുക്തത കുറഞ്ഞുവരികയും ചെയ്യുന്നു. 
ഊതി വീര്‍പ്പിക്കപ്പെട്ടതും ക്രമം തെറ്റിയതുമായുള്ള വികസന കെട്ടുകാഴ്ചകളില്‍ മാര്‍ഷല്‍ വിശ്വസിച്ചിരുന്നില്ല. വികസനം മനുഷ്യക്ഷേമത്തെ ലാക്കാക്കിയുള്ളതിനാല്‍ അത് ലക്ഷ്യാധിഷ്ഠിതവും കൃത്യവുമായിരിക്കണമെന്ന് അദ്ദേഹം വിശദീകരിച്ചു. അതിനാല്‍തന്നെ അത് ചിലപ്പോള്‍ ക്രമപ്രവൃദ്ധവും സാവധാനത്തില്‍ സംഭവിക്കുന്നതുമാകാം. വേഗത വേണമെന്ന നിര്‍ബന്ധബുദ്ധി വികസനത്തില്‍ ആവശ്യമില്ല. വികസനത്തിന് മാനസികവും ശാരീരികവും ധാര്‍മികവുമായ പരിഗണനകള്‍ ആവശ്യമാണെന്നും അദ്ദേഹം വാദിച്ചു. ദാരിദ്ര്യം എന്ന പ്രശ്‌നത്തെ പരിഹരിക്കേണ്ടത് വികസനത്തിന്റെ പ്രഥമ ഉപാധിയാണ്. പ്രതീക്ഷ, വിഭവം, ആത്മവിശ്വാസം തുടങ്ങിയവ കൈവശമില്ലാത്തവരാണ് യഥാര്‍ഥത്തില്‍ ദരിദ്രര്‍. അവരെ കൈപ്പിടിച്ചുയര്‍ത്താനുള്ള പ്രഥമ മാര്‍ഗം ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങളാക്കി അവരെ മാറ്റിപ്പണിയുക എന്നുള്ളതാണ്. ഉപജീവനത്തിനുള്ള മാര്‍ഗവും ക്രയശേഷിയും അവര്‍ക്ക് നല്‍കിക്കൊണ്ടു മാത്രമേ അതു സാധ്യമാവുകയുള്ളൂ.
ആദം സ്മിത്തിനെയും ലയണല്‍ റോബിന്‍സിനെയും താരതമ്യം ചെയ്യുമ്പോള്‍ ഇസ്‌ലാമികചിന്തയുമായി അല്‍പമെങ്കിലും സമാനത പുലര്‍ത്തുന്ന ചിന്തകളാണ് മാര്‍ഷല്‍ അവതരിപ്പിക്കുന്നത്. ക്രൈസ്തവവിശ്വാസവുമായി അദ്ദേഹം പുലര്‍ത്തിയ ബന്ധങ്ങളാണ് അതിനു കാരണം. എങ്കില്‍പോലും യൂറോപ്യന്‍ യുക്തിവാദ ചിന്തയുടെ കനത്ത സ്വാധീനം അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളില്‍ അവശേഷിക്കുന്നുണ്ട്. പാശ്ചാത്യ ചിന്തകന്മാരിലധികവും മനുഷ്യനെ കേവല മൃഗമായാണ് പരിഗണിക്കുന്നത്. തിന്നുക, കുടിക്കുക, ഭോഗിക്കുക എന്നതിനപ്പുറമുള്ള ലക്ഷ്യങ്ങള്‍ മനുഷ്യരില്‍ അവര്‍ ദര്‍ശിക്കുന്നില്ല. കവിഞ്ഞാല്‍ ബുദ്ധിയുള്ള സുന്ദരനായ മൃഗം എന്ന പരികല്‍പനയിലാണ് അവര്‍ സായൂജ്യമടയുന്നത്. മനുഷ്യനിലുള്ള ആത്മാവിന്റെ സൗന്ദര്യം കാഴ്ചപ്പുറത്തു കൊണ്ടുവരുന്നതില്‍ അവര്‍ പരാജയപ്പെടുകയുണ്ടായി. മാര്‍ഷലിന്റെ സിദ്ധാന്തത്തിന്റെ പരാജയവും ഇതോട് ചേര്‍ത്തുനിര്‍ത്തി വായിക്കേണ്ടതാണ്. 
ഇസ്‌ലാം ഒരു സമ്പദ്ശാസ്ത്രം മാത്രമല്ല, അതൊരു ജീവിതപദ്ധതി കൂടിയാണ്. മനുഷ്യജീവിതത്തിന്റെ സാമ്പത്തികമടക്കമുള്ള മുഴുവശങ്ങളെയും അത് ചൂഴ്ന്നുനില്‍ക്കുന്നു. ഇസ്‌ലാമിക വീക്ഷണമനുസരിച്ച് ഭൗതികജീവിതം ശാശ്വതലക്ഷ്യമല്ല. അത് സുദീര്‍ഘമായ യാത്രക്കിടയിലെ ഇടത്താവളവും പരീക്ഷണശാലയുമാണ്. ഇവിടത്തെ വിഭവങ്ങള്‍ ദൈവത്തിന്റെ വരദാനങ്ങളാണ്. മനുഷ്യനാകട്ടെ ദൈവത്തിന്റെ ഭൂമിയിലെ പ്രതിനിധി/ഖലീഫയാണ്. ഈ അടിസ്ഥാനചിന്തകളെ മുഖവിലക്കെടുത്താല്‍ മാത്രമേ സമ്പദ്ശാസ്ത്ര ചിന്തകള്‍ ലക്ഷ്യപ്രാപ്തിയിലെത്തുകയുള്ളൂ. വിഭവങ്ങള്‍  മനുഷ്യര്‍ക്ക് സ്രഷ്ടാവ് വിഭിന്നമായ അളവിലാണ് വിതരണം ചെയ്തിട്ടുള്ളത്. ലഭ്യമായ വിഭവങ്ങള്‍ എപ്രകാരം കൈകാര്യം ചെയ്യുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് മനുഷ്യജീവിതം വിലയിരുത്തപ്പെടുന്നത്. 
മാര്‍ഷലടക്കമുള്ള പാശ്ചാത്യ സമ്പദ്ശാസ്ത്രചിന്തകര്‍ വിചാരിക്കുന്നതുപോലെ കേവലമായ മൃഗമല്ല മനുഷ്യന്‍. അവന്‍ ആത്മാവും ശരീരവുമുള്ളവനാണ്. രണ്ടിന്റെയും താല്‍പര്യങ്ങളെ പരിഗണിച്ചുകൊണ്ടുമാത്രമേ മുഴുജീവിതത്തിലും ഇടപെടാന്‍ മനുഷ്യന് സാധിക്കുകയുള്ളൂ. സമ്പത്തിനോടും വിഭവങ്ങളോടുമുള്ള അഭിനിവേശം അവനില്‍ സ്വാഭാവികമാണ്. ഖുര്‍ആന്‍ അക്കാര്യം വിവിധ സന്ദര്‍ഭങ്ങളില്‍ എടുത്തുപറഞ്ഞിട്ടുള്ളതാണ് (ആലുഇംറാന്‍ 14). പക്ഷേ അത് മാത്രം ലക്ഷ്യം വെക്കുന്ന ദുരമൂത്ത ഒറ്റക്കണ്ണനല്ല മനുഷ്യന്‍. അല്ലാഹുവിന്റെ തൃപ്തിയും പരലോകമോക്ഷവും പരിഗണിച്ചുകൊണ്ടു മാത്രമേ വിഭവങ്ങളുടെ ഉപയോഗത്തിലും വിതരണത്തിലും തീരുമാനം കൈക്കൊള്ളാവൂ എന്നതാണ് ഇസ്‌ലാമിന്റെ കല്‍പ്പന. ഭക്തി, ദൈവഭയം, ത്യാഗം, സഹനം, ദാനം (സകാത്ത്, സ്വദഖ), സഹകരണം, ദയ തുടങ്ങി സമ്പത്ത് കുന്നുകൂട്ടണമെന്ന് സിദ്ധാന്തിക്കുന്ന ധനചിന്തകന്മാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയാത്തതും ലബോറട്ടറിയില്‍ തെളിയിക്കാന്‍ കഴിയാത്തതുമായ മൂല്യവ്യവസ്ഥകള്‍ പാലിക്കാന്‍ ബാധ്യതപ്പെട്ടവരാണ് മനുഷ്യര്‍. അതിനാല്‍തന്നെ ദുരയുടെയും ധൂര്‍ത്തിന്റെയും ആഗ്രഹങ്ങളുടെയും മോഹങ്ങളുടെയും താഴ്‌വരകളില്‍ അലക്ഷ്യമായി അലഞ്ഞുനടക്കുന്നവരല്ല അവര്‍. ഇഹലോകത്തും പരലോകത്തുമുള്ള അവയുടെ പ്രതിഫലനങ്ങളെക്കൂടി പരിഗണിച്ചുകൊണ്ടാണ് അവര്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. 
ഉപയുക്തതാ സിദ്ധാന്തം മാര്‍ഷലിന്റെ പ്രധാനപ്പെട്ട സംഭാവനയാണ്.  ഒരു സാധനമോ സേവനമോ ഉപഭോക്താവ് അനുഭവിക്കുമ്പോള്‍ അദ്ദേഹത്തിനു ലഭിക്കുന്ന മാനസിക സംതൃപ്തിയാണ് ഉപയുക്തത.  മാനസിക സംതൃപ്തിയെ പണം കൊണ്ടും ഗണിതശാസ്ത്രസൂചകങ്ങള്‍ കൊണ്ടും അളക്കാന്‍ ശ്രമിച്ചുവെന്നതാണ് മാര്‍ഷലിന് പിണഞ്ഞ അബദ്ധം. പിന്നീട് വന്ന പല സമ്പദ്ശാസ്ത്രജ്ഞരും ഇക്കാര്യത്തില്‍ മാര്‍ഷലിനെ നിരൂപണം ചെയ്തിട്ടുണ്ട്.  പക്ഷേ ഇതോടൊപ്പം തന്നെ കേവല ഭൗതികയുക്തിയുടെ അടിസ്ഥാനത്തില്‍ മാത്രമേ മാര്‍ഷല്‍ ഉപയുക്തതയെ മനസ്സിലാക്കുന്നുള്ളൂവെന്നതും വലിയ പരാജയം തന്നെയാണ്. മനുഷ്യന്‍ നന്മ-തിന്മകള്‍ വിവേചിച്ചറിയാന്‍ കഴിയുന്ന ജീവിയാണ്. ഭൗതികവും ആത്മീയവുമായ വശങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് അവന്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. മനുഷ്യന്റെ ആത്മാവ് അവന് സമ്മാനിക്കുന്ന ധാര്‍മിക-സദാചാരബോധ്യങ്ങള്‍ ഭൗതിക ലക്ഷ്യങ്ങളുടെ പുറകെ പോകാന്‍ മാത്രമായി അവനെ പ്രേരിപ്പിക്കുകയില്ല. സാധനങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നിടത്ത് ഉപയുക്തത മാത്രമല്ല അവന്‍ കണക്കിലെടുക്കുന്നത്. പ്രസ്തുത സാധനങ്ങളും സേവനങ്ങളും ഉപയോഗിക്കുമ്പോള്‍ അവ ദൈവം അനുവദിച്ചതാണോ അല്ലയോ എന്ന സുപ്രധാനമായ ചോദ്യം മനുഷ്യന്‍ കണക്കിലെടുക്കാന്‍ ബാധ്യസ്ഥനാണ്. എത്രയോ ഉയര്‍ന്ന ശതമാനം ഉപയുക്തത നല്‍കുന്നതായാലും ലഹരിവസ്തുക്കള്‍, പലിശ, ചൂതാട്ടം എന്നിവയില്‍നിന്ന് മനുഷ്യന്‍ മാറിനില്‍ക്കുന്നത് ധര്‍മ- അധര്‍മ വിവേചനബോധത്തിന്റെ അടിസ്ഥാനത്തിലാണ്. ഉപയുക്തതയെ പരലോക ചിന്തകളുടെ അടിസ്ഥാനത്തില്‍ താരതമ്യവിധേയമാക്കുന്ന പുതിയ വിശകലനരീതികളെയാണ് ഖുര്‍ആന്‍ പ്രോത്സാഹിപ്പിക്കുന്നത്.
ഇസ്‌ലാമിക ശരീഅത്ത് മനുഷ്യരുടെ സാമൂഹിക സൂരക്ഷ ഉറപ്പുവരുത്തുകയാണ് സാമ്പത്തിക പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. ആരാധനകളില്‍തന്നെ മര്‍മപ്രധാന സ്ഥാനമാണ് ഇക്കാര്യത്തില്‍ സകാത്തിനുള്ളത്. നീതി, സമത്വം, സാഹോദര്യം തുടങ്ങിയ ആശയങ്ങള്‍ക്ക് സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്കാണുള്ളത്. ക്ഷേമം എന്ന ലക്ഷ്യം കൈവരിക്കാനും സമ്പത്തിലും വരുമാനത്തിലും അസമത്വവും അന്തരവും കുറച്ചുകൊണ്ടുവരാനും  ഇതിലും മനോഹരമായ മാതൃക സ്ഥിതിസമത്വ സിദ്ധാന്തങ്ങളില്‍പോലും കാണാനാവുകയില്ല. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് വിഡ്്ഢികളായവര്‍ നേതൃത്വം നല്‍കരുത് എന്നത് ഖുര്‍ആനിന്റെ ശാസനയാണ്. സമ്പത്ത് കെട്ടിപ്പൂട്ടിവെക്കാതെ കമ്പോളത്തിലേക്ക് ഒഴുക്കേണ്ടതും അനിവാര്യമാണ്. മുഴുവന്‍ സമ്പത്തും ദൈവമാര്‍ഗത്തില്‍ ചെലവഴിക്കാന്‍ തയാറായ കഅ്ബുബ്‌നു മാലികിനോട് നബി (സ) പറഞ്ഞു: 'താങ്കള്‍ അല്‍പം ശിഷ്ടകാലത്തേക്ക് കരുതിവെക്കൂ.' സഅ്ദുബ്‌നു അബീവഖാസും ഇപ്രകാരം വാഗ്ദാനം ചെയ്തപ്പോള്‍ നബി (സ) പറഞ്ഞു: 'താങ്കളുടെ അനന്തരാവകാശികള്‍ക്ക് അല്‍പം എടുത്തുവെക്കുക. നാളെ അവര്‍ യാചകരാകുന്ന സ്ഥിതി ഒഴിവാക്കുക.' സമൂഹത്തിന്റെ ക്ഷേമം സ്വപ്നം കാണുന്ന ഉത്തരവാദിത്തമുള്ള പൗരസമൂഹം സര്‍ക്കാര്‍ ഖജനാവില്‍ അവരുടെ നിര്‍ണിതവിഹിതം സകാത്തായി നിക്ഷേപിക്കുന്നു. എന്നാല്‍ ഇതോടുകൂടി അവസാനിക്കുന്നതുമല്ല പൗരധര്‍മം. സാമൂഹികക്ഷേമം ഉറപ്പുവരുത്തുന്നതിന് സകാത്തിനേക്കാള്‍ വര്‍ധിച്ച തോതിലൂള്ള സ്വദഖകള്‍ക്കും (ദാനധര്‍മങ്ങള്‍) അവര്‍ സന്നദ്ധരാകുന്നു. ദൈവവിശ്വാസം സമ്മാനിക്കുന്ന കാരുണ്യവും സഹാനൂഭൂതിയുമാണ് ഇവയുടെ പ്രേരകശക്തി. കോടിക്കണക്കിന് രൂപയാണ് ഇസ്‌ലാമിക സമൂഹങ്ങള്‍ ഈയിനത്തില്‍ ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. പാരത്രികമോക്ഷം മാത്രമാണ് ഈ ചെലവഴിക്കലിനൂ പിന്നിലെ ചേതോവികാരം. ക്ഷേമസിദ്ധാന്തം ചര്‍ച്ചചെയ്യുമ്പോള്‍ ആല്‍ഫ്രഡ് മാര്‍ഷലിനും കൂട്ടര്‍ക്കും ഈ അനുഭവങ്ങള്‍ മനസ്സിലാകാതെപോയി എന്നത് വലിയ വീഴ്ച തന്നെയാണ്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-33 / അല്‍ അഹ്‌സാബ്‌- (45-48)
ടി.കെ ഉബൈദ്‌

ഹദീസ്‌

സ്വയം പീഡയേല്‍ക്കലല്ല ആത്മീയത
നൗഷാദ് ചേനപ്പാടി