ഭര്‍ത്താവ് ദീര്‍ഘകാലം അപ്രത്യക്ഷനായാല്‍
ഒരു സ്ത്രീയുടെ ഭര്‍ത്താവിനെക്കുറിച്ച് അഞ്ച് വര്‍ഷമായി യാതൊരു വിവരവുമില്ല. നാലു വര്‍ഷമായി സ്വന്തം പിതാവിന്റെ സംരക്ഷണത്തിലാണ് ആ സ്ത്രീ കഴിയുന്നത്. ഈ സഹോദരിയുടെ ഭാവിജീവിതത്തെപ്പറ്റി ഇസ്‌ലാമിക ശരീഅത്തിന്റെ വിധിവിലക്കുകള്‍ അറിയാന്‍ വേണ്ടിയാണ് ഈ ചോദ്യങ്ങള്‍.
1. ഭര്‍ത്താവ് ജീവിച്ചിരിപ്പില്ല എന്ന് മനസ്സിലാക്കാമോ? അതോ ജീവിച്ചിരിപ്പുണ്ട് എന്ന് ധരിച്ച് കാലാകാലം ഭാര്യയായി കഴിഞ്ഞുകൂടേണ്ടതുണ്ടോ?
2. ജീവിച്ചിരിപ്പില്ല എന്ന് മനസ്സിലാക്കുകയാണെങ്കില്‍ ആ സഹോദരിക്ക് മറ്റൊരാളെ വിവാഹം ചെയ്യാമോ?
3. മറ്റൊരാളെ വിവാഹം ചെയ്യുകയാണെങ്കില്‍ അതിന് മുമ്പ് ഇദ്ദ അനുഷ്ഠിക്കേണ്ടതുണ്ടോ?
4. ഇദ്ദ അനുഷ്ഠിക്കേണ്ടതുണ്ടെങ്കില്‍ അതിന്റെ കാലം എത്രയാണ്? എപ്പോള്‍ മുതലാണത് ആരംഭിക്കേണ്ടത്?
5. ജീവിച്ചിരിപ്പില്ല എന്ന് മനസ്സിലാക്കുകയാണെങ്കില്‍ അയാളുടെ സ്വത്ത് അനന്തരാവകാശികള്‍ക്ക് വീതംവെച്ചെടുക്കാമോ?
7. അപ്രത്യക്ഷനായ ഭര്‍ത്താവ് മരിച്ചു എന്ന നിഗമനത്തിലെത്തുകയും മറ്റൊരാളെ വിവാഹം ചെയ്യുകയും ചെയ്ത ശേഷം ആദ്യ ഭര്‍ത്താവ് തിരിച്ചുവന്നാല്‍ എന്താണ് വിധി?
8. മരണപ്പെട്ടു എന്ന് വിധിയെഴുതാതെ ഭാര്യക്ക് വിവാഹബന്ധം വേര്‍പെടുത്താനും മറ്റൊരു വിവാഹം ചെയ്യാനും വല്ല സാധ്യതയും ശരീഅത്തില്‍ ഉണ്ടോ?
ഫുഖഹാക്കളെ പണ്ടുമുതലേ പ്രതിസന്ധിയിലാക്കിയ സങ്കീര്‍ണമായ ഒരു വിഷയമാണ് ഭര്‍ത്താവിന്റെ അപ്രത്യക്ഷമാവല്‍. യാതൊരു വിവരവും ലഭ്യമല്ലാത്തതിനാല്‍ ജീവിച്ചിരിപ്പുണ്ടോ, മരിച്ചോ എന്ന് ഉറപ്പിച്ചുപറയാന്‍ പറ്റാത്തതിനാല്‍ ദാമ്പത്യം, അനന്തരാവകാശം തുടങ്ങി പല പ്രശ്‌നങ്ങളും തീര്‍പ്പാകാതെ കിടക്കും. പലരുടെയും അവകാശങ്ങളും ബാധ്യതകളും പരസ്പരം ഏറ്റുമുട്ടുന്നതിനാല്‍ ഏതിനു മുന്‍ഗണന നല്‍കുമെന്നതിലാണ് ആശയക്കുഴപ്പം.
തികച്ചും അന്യായമായി, കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ആരോരുമറിയാതെ ജയിലുകളില്‍ എത്തിപ്പെടുന്ന നിസ്സഹായരായവര്‍ സ്വദേശത്തും വിദേശത്തുമെല്ലാം ഇന്ന് ധാരാളമുല്ലോ. തന്റേതല്ലാത്ത കാരണത്താല്‍ ഇങ്ങനെ കഴിഞ്ഞുകൂടാന്‍ വിധിക്കപ്പെട്ട ഒരാളുടെ ഭാര്യ എന്തുചെയ്യും? അവള്‍ ഇദ്ദേഹത്തെ മരണപ്പെട്ടവനായി കണക്കാക്കി മറ്റൊരു വിവാഹം ചെയ്യുന്നത് ന്യായമാണോ? വല്ല കാരണവശാലും അയാള്‍ മോചിതനാവാനും കുടുംബത്തില്‍ തിരിച്ചെത്താനും ഇടയായാല്‍ എന്തായിരിക്കും സ്ഥിതി?
കുടുംബജീവിതത്തിന്റെയും ദാമ്പത്യത്തിന്റെയും എല്ലാ ഐശ്വര്യവും തടയപ്പെട്ട് ജീവിതം കരിഞ്ഞുണങ്ങുന്ന ഭാര്യയുടെ ന്യായമായ അവകാശം പരിഗണിക്കേണ്ടതു തന്നെയല്ലേ? ആ വശത്തിനല്ലേ കൂടുതല്‍ പരിഗണനയും മുന്‍ഗണനയും നല്‍കേണ്ടത്? ഇങ്ങനെ ആകെക്കൂടി പല വിധത്തിലുമുള്ള സങ്കീര്‍ണതകള്‍ നിറഞ്ഞ ഒരു പ്രശ്‌നമാണിത്.
അതുകൊണ്ടുതന്നെ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഇവ്വിഷയകമായി ഫുഖഹാക്കള്‍ പ്രകടിപ്പിച്ചിട്ടുള്ളത്. ഈ ഭിന്നത സ്വഹാബിമാരുടെ കാലം മുതല്‍ തന്നെ നമുക്ക് കാണാം. നബി(സ)യില്‍നിന്ന് വ്യക്തമായ ഒരു പരാമര്‍ശവും ഇല്ലാത്തതുകൊണ്ടു കൂടിയാണ് ഇത്രമാത്രം ഭിന്നാഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. എത്രത്തോളമെന്നു വെച്ചാല്‍, ഇമാം ശാഫിഈക്ക് തന്നെ തികച്ചും വിരുദ്ധമായ രണ്ട് അഭിപ്രായങ്ങള്‍ ഉള്ളതായി കാണാം.
പ്രശ്‌നത്തിന്റെ എല്ലാ വശവും പരിഗണിച്ച് പൊതുവെ സ്വീകരിക്കാവുന്ന നിലപാട് ചുരുക്കി ഇവിടെ വിവരിക്കാം.
ഒന്ന്: വീട്ടില്‍നിന്നും നാട്ടില്‍നിന്നും ഒരാള്‍ അപ്രത്യക്ഷനാവുകയും അയാള്‍ എവിടെയാണെന്നോ ജീവിച്ചിരിപ്പുണ്ടോ മരണപ്പെട്ടോ എന്നു തുടങ്ങി യാതൊരു വിവരവും ലഭ്യമല്ലാതിരിക്കുകയും ചെയ്താല്‍ അത്തരക്കാരെ പറ്റി 'മഫ്ഖൂദ്' എന്നാണ് പറയുക. ഇത്തരക്കാര്‍ മരിച്ചു എന്ന് ഉറപ്പാകുന്നത് വരെ അവര്‍ ജീവിച്ചിരിക്കുന്നു എന്ന് കരുതലാണ് മൗലികമായ വിധി. ശരീഅത്തിലെ സര്‍വാംഗീകൃതമായ ഒരു അടിസ്ഥാന തത്ത്വമാണ് 'അല്‍യഖീനു ലാ യസൂലു ബിശ്ശക്കി' എന്നത്. അഥവാ 'ഉറപ്പായ ഒരു കാര്യം കേവലം സംശയം കൊണ്ട് മാറുകയില്ല.' അതിനാല്‍ ഇങ്ങനെയൊരാള്‍ അപ്രത്യക്ഷമായി എന്ന ഒരൊറ്റ കാരണം മാത്രം വെച്ച് വിശ്വസനീയമായ വിവരം ലഭിക്കുകയോ, കോടതി വിധിയുണ്ടാവുകയോ ചെയ്യുന്നതിന് മുമ്പായി അയാള്‍ മരിച്ചു എന്ന് വിധിതീര്‍പ്പിലെത്തി അനന്തരാവകാശം വീതിക്കാനോ, അയാളുടെ ഭാര്യ മറ്റൊരു വിവാഹം ചെയ്യാനോ പാടുള്ളതല്ല.
എന്നാല്‍ അയാള്‍ മരിച്ചു എന്ന് ഉറപ്പായാല്‍ അവിടം മുതല്‍ ഭാര്യ ഇദ്ദ ആരംഭിക്കണം. മരിച്ച അന്നു മുതലാണ് കണക്കു കൂട്ടേണ്ടത്, അല്ലാതെ മരണ വിവരം അറിഞ്ഞതുമുതലല്ല. ഇനി ഇദ്ദയുടെ കാലാവധി കഴിഞ്ഞ ശേഷമാണ് മരണപ്പെട്ട വിവരം അറിയുന്നതെങ്കില്‍ ഭാര്യയുടെ ഇദ്ദാ കാലാവധി കഴിഞ്ഞതിനാല്‍ വീണ്ടും ഇദ്ദയനുഷ്ഠിക്കേണ്ടതില്ല. കാരണം മരണപ്പെട്ട സമയം മുതലാണ് ഇദ്ദയാരംഭിക്കേണ്ടത്.
രണ്ട്: ഭര്‍ത്താവിന്റെ അസാന്നിധ്യം വര്‍ഷങ്ങളോളം അനിശ്ചിതമായി നീണ്ടുപോവുകയും യാതൊരു വിവരവും ലഭ്യമാവാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭാര്യ കോടതിയെ സമീപിക്കുകയും ഭര്‍ത്താവിന്റെ മരണം സ്ഥിരീകരിച്ചുകൊണ്ടോ, ഇതു കാരണം തനിക്കുണ്ടാവുന്ന ദോഷങ്ങളും നഷ്ടങ്ങളും കഷ്ടപ്പാടുകളും പരിഗണിച്ച് വിവാഹ ബന്ധം വേര്‍പ്പെടുത്തിക്കൊണ്ടോ ഉള്ള വിധി സമ്പാദിക്കുകയും വേണം. അങ്ങനെ ന്യായമായ കാരണങ്ങളാല്‍ അയാള്‍ മരിച്ചു എന്നാണ് വിധിയെങ്കില്‍ മരണം സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള വിധി വന്ന ദിവസം മുതല്‍ ഭാര്യ നാലു മാസവും പത്തു ദിവസവും ഇദ്ദയാചരിക്കണം. സ്വാഭാവികമായും ഇദ്ദാ കാലാവധി കഴിഞ്ഞാല്‍ അവള്‍ക്ക് മറ്റൊരു വിവാഹം കഴിക്കാവുന്നതും, അയാളുടെ സ്വത്ത് അവകാശികള്‍ക്ക് ഓഹരി വെച്ച് വ്യവസ്ഥ പ്രകാരം എടുക്കാവുന്നതുമാണ്
എന്നാല്‍ അയാള്‍ മരിച്ചിട്ടില്ലെന്ന് പിന്നീട് ഉറപ്പാവുകയും പ്രത്യക്ഷപ്പെടുകയും ചെയ്താല്‍ ഭാര്യയെ തനിക്ക് വേണമെന്ന് ആവശ്യപ്പെടാന്‍ അയാള്‍ക്ക് അവകാശമുണ്ട്. അങ്ങനെ വരുമ്പോള്‍ ഭാര്യയുടെ രണ്ടാം വിവാഹം റദ്ദാക്കുകയും ഭാര്യ മൂന്ന് മാസമുറക്കാലം ഇദ്ദയാചരിക്കുകയും വേണം. ശേഷം മറ്റൊരു വിവാഹക്കരാറിലൂടെ ആദ്യഭര്‍ത്താവിന് അവളെ തിരിച്ചെടുക്കാവുന്നതുമാണ്. ഇനി തിരിച്ചെടുക്കാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ നേരത്തേ കൊടുത്ത മഹ്‌റ് തിരിച്ചുവാങ്ങാന്‍ അയാള്‍ക്ക് അവകാശമുണ്ടായിരിക്കും. അതുപോലെ വീതം വെക്കപ്പെട്ട തന്റെ സ്വത്ത് തിരിച്ചുവാങ്ങാനും അയാള്‍ക്ക് അവകാശമുണ്ടായിരിക്കും. എന്നാല്‍ അയാള്‍ മരിച്ചെന്ന നിലയില്‍ കൈപ്പറ്റിയ മുതലില്‍നിന്ന് അവകാശികള്‍ വല്ലതും ചെലവഴിച്ചു പോയിട്ടുണ്ടെങ്കില്‍ അത് തിരിച്ചുകൊടുക്കേണ്ടതോ, നഷ്ടപരിഹാരം നല്‍കേണ്ടതോ ആയ ബാധ്യത അവകാശികള്‍ക്കില്ല.
മൂന്ന്: അപ്രത്യക്ഷനായ ഭര്‍ത്താവിന്റെ ദീര്‍ഘമായ അസാന്നിധ്യം സാമ്പത്തികമായോ ശാരീരികമായോ മാനസികമായോ ഭാര്യക്ക് ക്ഷതമേല്‍പ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അത്തരം സാഹചര്യത്തില്‍ ആ കാരണങ്ങള്‍ വെച്ചുകൊണ്ട് തങ്ങള്‍ തമ്മിലുള്ള ദാമ്പത്യം വേര്‍പ്പെടുത്തിത്തരണമെന്ന് കോടതിയോട് ആവശ്യപ്പെടാന്‍ ഭാര്യക്ക് ന്യായമായും അവകാശമുണ്ട്. ഇന്ത്യയില്‍ നിലവിലുള്ള മുസ്ലിം മാര്യേജ് ആക്ട് പ്രകാരം നമ്മുടെ നാട്ടിലെ കോടതികളിലും പരിഗണനീയമായ കേസാണിത്.
എത്ര കാലം കാത്തിരുന്ന ശേഷമാണ് ഭാര്യക്ക് ഈ അവകാശം വന്നു ചേരുക എന്നതിലും വ്യത്യസ്ത വീക്ഷണങ്ങളു്. ഖലീഫാ ഉമറിന്റെ വീക്ഷണപ്രകാരം നാലു വര്‍ഷം കാത്തിരിക്കണമെന്നാണ്. ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ടായിട്ടും, പിടിപ്പുകേടുകൊണ്ട് ദാമ്പത്യബാധ്യതകള്‍ നിര്‍വഹിക്കാത്തവരെ പറ്റിയല്ല ഇവിടെ പറയുന്നത്. അത്തരം സാഹചര്യങ്ങളില്‍ ഇങ്ങനെ കാത്തിരിക്കാതെ തന്നെ ദാമ്പത്യം വേര്‍പ്പെടുത്തിത്തരണമെന്ന് കോടതിയോട് ആവശ്യപ്പെടാന്‍ ഭാര്യക്ക് അവകാശമുണ്ടായിരിക്കും.
ഇത്തരം സാഹചര്യങ്ങളില്‍ ഭാര്യമാരെ സംബന്ധിച്ചേടത്തോളം അപ്രത്യക്ഷനായ ഭര്‍ത്താവിന്റെ നീണ്ട അസാന്നിധ്യം അടിസ്ഥാനമാക്കി അയാള്‍ മരണപ്പെട്ടു എന്ന നിഗമനത്തിലെത്തുന്നതിനേക്കാള്‍ എന്തുകൊണ്ടും ഭേദം ഭര്‍ത്താവിന്റെ നീണ്ട അസാന്നിധ്യം മുഖേന തനിക്കുണ്ടാവുന്ന കഷ്ടനഷ്ടങ്ങള്‍ പരിഗണിച്ച് ആ വിവാഹബന്ധം ഫസ്ഖ് മുഖേന വേര്‍പ്പെടുത്തുകയാണ്. കോടതി വിധിയിലൂടെ മാത്രമേ അതും സാധുവാകുകയുള്ളൂ. അഥവാ ഭര്‍ത്താവ് തിരിച്ചുവന്നാല്‍ ഭാര്യയെ അത് ഒരുനിലക്കും ബാധിക്കുകയില്ല. ന്യായമായ കാരണത്താല്‍ വിവാഹബന്ധം വേര്‍പ്പെടുത്തപ്പെട്ടതാണ് എന്നതു തന്നെ കാരണം. ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ട് എന്ന് ഉറപ്പായാലും ഇങ്ങനെ ഫസ്ഖ് ചെയ്യാന്‍ ശറഇല്‍ വകുപ്പുണ്ട്; ഇന്ത്യയില്‍ നിലവിലുള്ള മുസ്‌ലിം വ്യക്തിനിയമത്തിലും വകുപ്പുണ്ട്.
അപ്രത്യക്ഷനായ ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ പരമാവധി ക്ഷമിക്കുകയും ദാമ്പത്യം വേര്‍പ്പെടുത്താന്‍ ധൃതികാണിക്കാതിരിക്കുകയുമാണ് ഭാര്യമാര്‍ ചെയ്യേണ്ടത്. വിശിഷ്യാ, തന്റേതല്ലാത്ത കാരണത്താല്‍ അന്യായമായി തടവില്‍ കഴിയാന്‍ വിധിക്കപ്പെടുന്ന കേസുകള്‍ ധാരാളമായി കേള്‍ക്കുന്ന ഇക്കാലത്ത്.
ഇത്തരം ഭാര്യമാരെ സംബന്ധിച്ചേടത്തോളം ഭര്‍ത്താവ് മരണപ്പെട്ടു എന്ന് ഉറപ്പാവുന്നതുവരെ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്നു തന്നെയാണ് വെപ്പ്. അതിനാല്‍ അദ്ദേഹത്തിന്റെ സ്വത്ത് അനന്തരാവകാശികള്‍ക്കിടയില്‍ വീതംവെക്കാന്‍ പാടില്ല. അദ്ദേഹത്തിന്റെ ഭാര്യക്ക് അയാളുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുകയുമില്ല.
ഇമാം ശാഫിഈയുടെ പുതിയ അഭിപ്രായമനുസരിച്ച്, ഹനഫികളുടെ അതേ വീക്ഷണം തന്നെയാണ് ശാഫിഈ മദ്ഹബിലെയും ഏറ്റവും പ്രബലമായ അഭിപ്രായം. അതു പ്രകാരം മരണപ്പെട്ടു എന്നോ വിവാഹമോചനം ചെയ്തു എന്നോ പൂര്‍ണമായ ഉറപ്പ് ലഭിക്കുന്നതുവരെ തന്റെ ഭര്‍ത്താവ് ജീവിച്ചിരിപ്പുണ്ട് എന്നും ഇപ്പോഴും താന്‍ അദ്ദേഹത്തിന്റെ ഭാര്യയാണെന്നും തന്നെയാണ് നിയമം. അതിനാല്‍ അയാളുടെ സ്വത്ത് അനന്തരാവകാശികള്‍ക്ക് വീതിച്ചെടുക്കാന്‍ പാടില്ലാത്തതുപോലെ അയാളുടെ ഭാര്യക്ക് ഫസ്ഖ് ആവശ്യപ്പെടാനും വകുപ്പില്ല.
എന്നാല്‍ മാലിക്കികളും ഹമ്പലികളും പറയുന്നത് അത്തരം ഭാര്യമാര്‍ നാലു വര്‍ഷം കാത്തിരിക്കുകയും അതു കഴിഞ്ഞ് ഭര്‍ത്താവിന്റെ വിയോഗം കാരണമായുള്ള ഇദ്ദ നാലു മാസവും പത്തു ദിവസവും അനുഷ്ഠിക്കണമെന്നുമാണ് (അല്‍ഫിഖ്ഹുല്‍ ഇസ്ലാമി വഅദില്ലത്തുഹു: 9/608).
ഇമാം മാലിക് വഴി തന്നിലേക്ക് എത്തുന്ന നിവേദകപരമ്പര സഹിതം ഇമാം ശാഫിഈ പറഞ്ഞു: ഖലീഫാ ഉമറി(റ)ല്‍നിന്ന് ഉദ്ധരിക്കുന്നു: ഉമര്‍ പറഞ്ഞു: ഏതൊരു സ്ത്രീയുടെ ഭര്‍ത്താവ് നഷ്ടപ്പെടുകയും, അയാള്‍ എവിടെയാണ് എന്ന് നിശ്ചയമില്ലാതിരിക്കുകയും ചെയ്താല്‍ അവള്‍ നാലു വര്‍ഷം കാത്തിരിക്കുകയും, തുടര്‍ന്ന് നാലു മാസവും പത്തു ദിവസവും ഇദ്ദയാചരിക്കേണ്ടതുമാണ് (ബൈഹഖി, അസ്സുനനുല്‍ കുബ്‌റാ: 15974).
ഇമാം ശാഫിഈയുടെ ആദ്യകാല വീക്ഷണവും ഇതായിരുന്നു. അത് എടുത്തുദ്ധരിച്ചശേഷം ഇമാം മാവര്‍ദി പറയുന്നു: അപ്രത്യക്ഷനായ ഭര്‍ത്താവുമായുള്ള ബന്ധം വല്ലാതെ ദീര്‍ഘിച്ചാലും വിവരം തീരെ കിട്ടാതിരുന്നാലും എന്താണ് വിധി എന്നതില്‍ രണ്ടഭിപ്രായമുണ്ട്.
ഒന്നാമത്തെ വീക്ഷണം: ഭര്‍ത്താവുമായി ബന്ധം അറ്റു എന്ന് കോടതിയെ ബോധ്യപ്പെടുത്തുകയും, അങ്ങനെ നാലു വര്‍ഷം കാത്തിരിക്കുകയും ചെയ്യുക. തുടര്‍ന്ന് അയാള്‍ മരണപ്പെട്ടു എന്ന വിധി സമ്പാദിക്കുകയും, ഭര്‍ത്താവ് മരിച്ച സ്ത്രീയുടെ ഇദ്ദയായ 4 മാസവും 10 ദിവസവും ഇദ്ദ ആചരിക്കുകയും ചെയ്യുക. അതുകഴിഞ്ഞാല്‍ അവള്‍ക്ക് വേറെ വിവാഹം കഴിക്കാം. ഇതാണ് ഇമാം ശാഫിഈയുടെ പഴയ മദ്ഹബ്. സ്വഹാബിമാരായ ഉമര്‍, ഉസ്മാന്‍, അബ്ദുല്ലാഹിബ്‌നു അബ്ബാസ്, അബ്ദുല്ലാഹിബ്‌നു ഉമര്‍ തുടങ്ങിയവരുടെയും വീക്ഷണവും ഇതുതന്നെയാണ്. 'ദ്രോഹിക്കുന്നതിനു വേണ്ടി അവരെ പിടിച്ചുവെക്കരുത്' (അല്‍ബഖറ 231) എന്ന ഖുര്‍ആനിക സൂക്തമാണ് ഈ വീക്ഷണത്തിന്റെ ആധാരം. ഇത്തരം സാഹചര്യങ്ങളില്‍ അവളെ ഇങ്ങനെ കെട്ടിയിടുക എന്നത് അവളോടുള്ള ദ്രോഹമാണ്.
രണ്ടാമത്തെ വീക്ഷണം: അവള്‍ അയാളുടെ ഭാര്യയായിതന്നെ അവശേഷിക്കും എന്നതാണ്. അയാള്‍ മരണപ്പെട്ടു എന്ന ഉറപ്പായ വിവരം അവള്‍ക്ക് വന്നെത്തുന്നത് വരെ, അയാളുടെ അസാന്നിധ്യം എത്ര ദീര്‍ഘിച്ചാലും ശരി. സ്വഹാബിമാരില്‍ അലി (റ) ഈ വീക്ഷണക്കാരനാണ്..... ഭര്‍ത്താവ് തിരിച്ചുവന്നത് കണ്ടപ്പോള്‍ ഉമര്‍ (റ) തന്റെ വീക്ഷണം തിരുത്തിയെന്നും ഉസ്മാനും ഇബ്‌നു അബ്ബാസുമെല്ലാം അതംഗീകരിച്ചു എന്നും അങ്ങനെ തുടക്കത്തില്‍ ഉണ്ടായിരുന്ന ഭിന്നത പിന്നീട് നീങ്ങി ഇജ്മാഅ് തന്നെയുണ്ടായി എന്നും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട് (അല്‍ഹാവി അല്‍കബീര്‍: 11/ 714 717).
ഇങ്ങനെ നാലു വര്‍ഷം കാത്തിരുന്നാല്‍ മതി എന്ന വീക്ഷണക്കാര്‍ ഭൂരിഭാഗവും, കോടതിയില്‍ കേസ് ഫയല്‍ ചെയ്തതു മുതലാണത് ആരംഭിക്കേണ്ടത് എന്നാണ് പറഞ്ഞിട്ടുള്ളത്. അതുകഴിഞ്ഞ ശേഷം നാലു മാസവും പത്തു ദിവസവും ഇദ്ദയും ആചരിക്കണം. അതുപോലെ തന്നെ, അവള്‍ മറ്റൊരാളെ വിവാഹം ചെയ്യൂകയും, ആദ്യ ഭര്‍ത്താവ് തിരിച്ചുവരികയും ചെയ്താല്‍ അയാള്‍ക്ക് അവളുമായുള്ള ദാമ്പത്യം തുടരണോ, അതല്ല അവള്‍ക്കു നല്‍കിയ വിവാഹമൂല്യം (മഹ്ര്‍) തിരിച്ചുവാങ്ങി ഒഴിവാക്കിക്കൊടുക്കണമോ എന്നെല്ലാം തീരുമാനിക്കാനുള്ള അവകാശം അദ്ദേഹത്തിനുണ്ടായിരിക്കും എന്നതിലും ഭൂരിഭാഗം ഫുഖഹാക്കളും ഏകോപിച്ചിരിക്കുന്നു (ഫത്ഹുല്‍ബാരി 9/431, മഫ്ഖൂദിന്റെ വിധി എന്ന അധ്യായം).
ഇവ്വിഷയകമായി വന്നിട്ടുള്ള അഭിപ്രായങ്ങളും ഓരോ അഭിപ്രായത്തിന്റെയും ന്യായങ്ങളും പരിശോധിച്ചു നോക്കിയപ്പോള്‍ ബോധ്യമായ കാര്യങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം:
ഭര്‍ത്താവ് ദീര്‍ഘകാലം അപ്രത്യക്ഷനാവുകയും പരമാവധി അന്വേഷിച്ചിട്ടും ഒരു വിവരവും ലഭിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ എത്ര ന്യായമായ കാരണങ്ങളുണ്ടെങ്കിലും ഭാര്യയുടെ ദാമ്പത്യ ജീവിതത്തിനും അനുബന്ധ അവകാശങ്ങള്‍ക്കുമാണ് മുഖ്യ പരിഗണന. ചില ഫുഖഹാക്കള്‍ പറഞ്ഞതുപോലെ ദാമ്പത്യാവകാശങ്ങളെ കേവലം അനന്തര സ്വത്തുമായി തുലനം ചെയ്യുന്നത് ഇവിടെ പ്രസക്തമല്ല. ഇക്കാര്യം ശാഫിഈ മദ്ഹബിലെ മുഹഖിഖായ ഇബ്‌നു ഹജര്‍ അല്‍ ഹൈതമി വ്യക്തമാക്കുന്നത് കാണുക:
''അനന്തരാവകാശി ദരിദ്രനാണെങ്കില്‍ പോലും മുതല്‍ അവകാശം പകുക്കുന്നത് വൈകിപ്പിക്കുന്നതു കൊണ്ട് അവന് ഒരു ദോഷവുമില്ല. കാരണം അങ്ങനെയൊരു മുതലുണ്ട് എന്നത് അതല്ലാത്തത് സമ്പാദിക്കുന്നതില്‍ നിന്നോ, കടം വാങ്ങുന്നതില്‍നിന്നോ അവനെ തടയുകയില്ല. എന്നുവെച്ചാല്‍ അവന്റെ ബുദ്ധിമുട്ട് അവന് പരിഹരിക്കാന്‍ സാധിക്കും. എന്നാല്‍ ഭാര്യയുടെ കാര്യം നേരെ തിരിച്ചാണ്. കാരണം ഭര്‍ത്താവ് നഷ്ടപ്പെട്ടതിന്റെ ബുദ്ധിമുട്ട് അവള്‍ക്ക് ഒരു നിലക്കും തടുക്കുക സാധ്യമല്ല. അപരിഹാര്യമായ നഷ്ടമായതുകൊണ്ട് ഇമാം ശാഫിഈയുടെ പഴയ മദ്ഹബനുസരിച്ച് വിധി പറഞ്ഞാല്‍ അവളുടെ വിഷയത്തില്‍ അത് സാധുവാകുന്നതാണ്. അത് ദുര്‍ബലപ്പെടുത്തേണ്ട കാര്യമില്ല എന്നര്‍ഥം'' (തുഹ്ഫ: ഇദ്ദയുടെ അധ്യായം). ഇവിടെയാണ് നാലു വര്‍ഷം കാത്തിരുന്നാല്‍ മതിയെന്ന ഖലീഫാ ഉമറിന്റെ വിധിയുടെ പ്രസക്തി.
ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യ പറയുന്നത് കാണുക: ''മഫ്ഖൂദിന്റെ വിഷയത്തില്‍ ശരിയായ നിലപാട് ഉമറി(റ)ന്റേതും മറ്റു സ്വഹാബിമാരുടേതുമാണ്. നാലു വര്‍ഷം കാത്തിരിക്കുകയും അതു കഴിഞ്ഞ് ഭര്‍ത്താവ് മരിച്ചവളുടെ ഇദ്ദയനുഷ്ഠിക്കുകയും ചെയ്യുക എന്നതാണത്. അതിനു ശേഷം അവള്‍ക്ക് വിവാഹം കഴിക്കാവുന്നതാണ്. അതോടെ എല്ലാ നിലക്കും അവള്‍ രണ്ടാം ഭര്‍ത്താവിന്റെ ഭാര്യയായിക്കഴിഞ്ഞു. അങ്ങനെ കല്യാണം കഴിഞ്ഞശേഷം അവളുടെ ആദ്യ ഭര്‍ത്താവ് ആഗതനായാല്‍ അവളെ വേണോ, അതല്ല അവള്‍ക്ക് കൊടുത്ത മഹ്ര്‍ തിരിച്ചു മേടിച്ച് അവളുമായി ബന്ധം അവസാനിപ്പിക്കണോ എന്ന് ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും'' (അല്‍ഫതാവല്‍ കുബ്‌റാ 5/511).
എങ്കിലും അപ്രത്യക്ഷനായ ഭര്‍ത്താവ് മരണപ്പെട്ടു എന്നു വിധിക്കുന്നതിനേക്കാള്‍ മുന്‍ഗണന കല്‍പ്പിക്കേണ്ടത്, ഭാര്യയുടെ ദാമ്പത്യാവകാശങ്ങള്‍ തടയപ്പെടുന്നതു മൂലം ബന്ധം വേര്‍പ്പെടുത്താനുള്ള ഭാര്യയുടെ അവകാശത്തിനാണ്; തിരിച്ചു വരാനുള്ള നേരിയ സാധ്യതയെങ്കിലും ഉണ്ടെങ്കില്‍ വിശേഷിച്ചും. ഭര്‍ത്താവ് തിരിച്ചു വന്നാലും പിന്നീട് നടന്ന വിവാഹത്തെ ബാധിക്കുകയില്ല എന്നതാണ് അതു കൊണ്ടുള്ള നേട്ടം. കാരണം ഭര്‍ത്താവ് അപ്രത്യക്ഷനൊന്നുമല്ലാത്ത സാഹചര്യത്തിലും ഇങ്ങനെ വിവാഹമോചനം നേടാനുള്ള അവകാശം സ്ത്രീക്കുണ്ട്. ആ നിലക്ക് വിവാഹബന്ധം കോടതി മുഖേന ഫസ്ഖ് ചെയ്യപ്പെട്ടതാണെങ്കില്‍ പിന്നീട് ഉണ്ടാവുന്ന വിവാഹം നേരത്തേ വിവാഹം ചെയ്ത ഭര്‍ത്താവ് തിരിച്ചു വന്നതുകൊണ്ട് അസാധുവാകുകയില്ല.
ഇനി എല്ലാവര്‍ക്കും സമ്മതമാണെങ്കില്‍ രണ്ടാമത് വിവാഹം ചെയ്ത വ്യക്തി ത്വലാഖ് ചൊല്ലുകയും, തുടര്‍ന്ന് ഈ സ്ത്രീ മൂന്ന് മാസമുറക്കാലം ഇദ്ദ അനുഷ്ഠിക്കുകയും ചെയ്ത ശേഷം ആദ്യ ഭര്‍ത്താവിന് മഹ്ര്‍ നല്‍കിക്കൊണ്ട്അവളെ പുനര്‍വിവാഹം ചെയ്യാം; അവള്‍ ഗര്‍ഭിണിയല്ലെങ്കില്‍. ഗര്‍ഭിണിയാണെങ്കില്‍ അവളുടെ ഇദ്ദ പ്രസവിക്കുന്നത് വരെയാണ്.
Comments