അന്തിമ വിധിയിലെ അന്തഃസംഘര്‍ഷം
ബാബരി ഭൂമി കേസിന്റെ വിധി പറയാനായി മാത്രം അവധിദിനമായ നവംബര്‍ ഒമ്പതിന് രണ്ടാം ശനിയാഴ്ച രാവിലെ തുറന്ന സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പര്‍ കോടതിയുടെ വാതില്‍ക്കല്‍ ആളുകള്‍ അക്ഷമരായി കാത്തുനില്‍ക്കുന്നു. കോടതിമുറിയില്‍ ഇടം കിട്ടില്ലെന്ന് കരുതി പത്തര മണിക്കുള്ള വിധി പ്രസ്താവം പകര്‍ത്താനായി രണ്ട് മണിക്കൂര്‍ മുമ്പെ മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരുന്നു. ചരിത്രവിധിക്കുള്ള കാത്തുനില്‍പ്പിന്റെ മുഷിപ്പ് മാറ്റാന്‍ സെല്‍ഫിയെടുത്തും വിധി പ്രവചിച്ചും അവര്‍ നേരം തള്ളിനീക്കുകയാണ്. അതിനിടയിലാണ് 'ഹിന്ദു' ദിനപത്രത്തിന്റെ നിയമകാര്യ ലേഖകന്‍ കൃഷ്ണദാസ് രാജേഗാപാല്‍ എന്തായിരിക്കും വിധിയെന്ന് പറയാമോ എന്ന് ചോദിച്ചത്. 5:0 എന്ന നിലയില്‍ രാമക്ഷേത്രത്തിനായി വിധിക്കുമെന്ന് ഒട്ടുമാലോചിക്കാതെ തന്നെ മറുപടി നല്‍കി. പരമാവധി 3:1:1 എന്ന നിലയിലായാല്‍ പോലും അഞ്ചു പേരും രാമക്ഷേത്രത്തിന് അനുകൂലമായി എഴുതുമെന്നും ജസ്റ്റിസ് ചന്ദ്രചൂഡും ജസ്റ്റിസ് അബ്ദുല്‍ നസീറും തങ്ങളുടെ സ്വന്തം അനുബന്ധമായി വല്ലതുമൊക്കെ എഴുതി ചേര്‍ക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ഒട്ടും അമ്പരപ്പ് പ്രകടിപ്പിക്കാതെ എനിക്കുമതാണ് തോന്നുന്നതെന്ന് കൃഷ്ണദാസ് മറുപടി നല്‍കി.
വിധി വരാന്‍ ഒന്നര മണിക്കൂര്‍ ബാക്കിയുള്ളപ്പോഴും തെറ്റുമെന്ന ഭയം പോലുമില്ലാതെ ഇത്രയും കൃത്യമായ പ്രവചനം നടത്താന്‍ കേസില്‍ 40 ദിവസം നീണ്ട തുടര്‍ച്ചയായ അന്തിമ വാദം നിരന്തരം പിന്തുടര്‍ന്നവര്‍ക്കെല്ലാം കഴിഞ്ഞു. വാദത്തിന്റെ മെറിറ്റില്‍നിന്നായിരുന്നില്ല, ഇരുപക്ഷവും നടത്തിയ വാദത്തോട് സുപ്രീംകോടതിയിലെ അഞ്ചംഗ ബെഞ്ച് സ്വീകരിച്ച സമീപനത്തില്‍നിന്നായിരുന്നു ഞങ്ങളെല്ലാം ഈ വിലയിരുത്തലില്‍ എത്തിയത്. മറിച്ച് വാദത്തിന്റെ മെറിറ്റ് നോക്കിയായിരുന്നുവെങ്കില്‍ വിധി 100 ശതമാനവും സുന്നീ വഖ്ഫ് ബോര്‍ഡിന് അനുകൂലമായിരിക്കുമെന്ന് ഇതേ മാധ്യമപ്രവര്‍ത്തകര്‍ തന്നെ വിലയിരുത്തിയിരുന്നുവെന്നതാണ് ഏറെ കൗതുകകരം. അതുകൊണ്ടുതന്നെ രാമക്ഷേത്രത്തിനു വേണ്ടിയുള്ള വിധിയിലേക്ക് സുപ്രീംകോടതി പറയുന്ന ന്യായവാദങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാനുള്ള ജിജ്ഞാസ മാത്രമേ ഞങ്ങളില്‍ ബാക്കിയുണ്ടായിരുന്നുള്ളൂ.
കൃത്യം പത്തര മണിക്ക് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി വിധി വായിച്ചു. പ്രതീക്ഷിച്ച പോലെ തന്നെയാണ് സംഭവിച്ചത്. മറിച്ചൊരു വിധി പ്രതീക്ഷിച്ചവരെല്ലാം ഞെട്ടുകയും അമ്പരക്കുകയും ചെയ്തു. വിധി ഒരുപോലെ എഴുതുമെന്ന് നേരത്തേതന്നെ കരുതിയിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെയും അശോക് ഭൂഷണും മാത്രമല്ല, ശബരിമലയില്‍ വിശ്വാസത്തിനെതിരെ വിപ്ലവ വിധിയെഴുതിയ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ബാബരി കേസില്‍ തന്നെ മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ സംഘ്പരിവാര്‍ അനുകൂല വിധിക്കെതിരെ വിയോജന വിധി എഴുതിയ ജസ്റ്റിസ് അബ്ദുല്‍ നസീറും ആരെഴുതിയെന്ന് ഇനിയും വെളിപ്പെടുത്താത്ത ഒരേ വിധി പ്രസ്താവത്തിന് മേലൊപ്പിട്ടു. തെളിവും രേഖകളുമില്ലാത്ത രാമവിഗ്രഹത്തിന് എല്ലാം കൊടുത്തപ്പോള്‍ അലഹാബാദ് ഹൈക്കോടതി നല്‍കിയ പോലൊരു തുണ്ടെങ്കിലും സുന്നി വഖ്ഫ് ബോര്‍ഡിന് നല്‍കിയില്ല. രാമക്ഷേത്രം തകര്‍ത്താണ് ബാബരി മസ്ജിദ് നിര്‍മിച്ചത് എന്ന് തെളിയിക്കാന്‍ കഴിയാത്ത പരിക്ക് കുറക്കാന്‍ രാമജന്മഭൂമി തന്നെ അതെന്ന് സ്ഥാപിക്കാന്‍ 116 പേജ് അനുബന്ധ വിധിക്കുറിപ്പ് എഴുതിയ ജഡ്ജിയുടെ പേരു പോലും വെളിപ്പെടുത്തിയില്ല. തെളിവുകള്‍ക്കും രേഖകള്‍ക്കുമെതിരെ രാജ്യം ഉറ്റുനോക്കിയ വിധിപ്രസ്താവന എഴുതിയത് ആരാണെന്ന് വെളിപ്പെടുത്താന്‍ അഞ്ചംഗ ബെഞ്ച് തയാറായില്ല.
രാജീവ് ധവാന് മുമ്പില്‍ നിരായുധരായ ബെഞ്ച്
ഏകപക്ഷീയമായിരുന്നു സുപ്രീംകോടതിയില്‍ നടന്ന കേസിന്റെ അന്തിമവാദവും. അത് പക്ഷേ ഇപ്പോള്‍ കിട്ടിയ വിധിക്ക് നേര്‍വിപരീതമായിരുന്നുവെന്നതാണ് വിരോധാഭാസം. ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട സിവില്‍ കേസിന്റെ നിയമപരമായ തെളിവുകളും രേഖകളുമെല്ലാം നിരത്തി പഴുതടച്ച വാദത്തിലൂടെ ബാബരി ഭൂമിക്ക് മേല്‍ മുസ്‌ലിംകള്‍ക്കുള്ള കൈവശാവകാശം രാജീവ് ധവാനും സഫരിയാബ് ജീലാനിയും സ്ഥാപിച്ചെടുത്തപ്പോള്‍ തെളിവെന്ന് സമര്‍പ്പിക്കാന്‍ ഒരു രേഖ പോലും പള്ളിയുടെ 2.77 ഏക്കര്‍ ഭൂമി ഇപ്പോള്‍ പതിച്ചു കിട്ടിയ അഭിഭാഷകരായ പരാശരനോ വൈദ്യനാഥനോ ഹാജരാക്കാന്‍ കഴിഞ്ഞില്ല. സ്വത്തിന്മേലുള്ള ഉടമാവകാശം സ്ഥാപിക്കാന്‍ തെളിവുകളൊന്നുമില്ലാത്ത പരാശരനും വൈദ്യനാഥനും വാദത്തിന് കിട്ടിയ ദിവസങ്ങള്‍ തികക്കാന്‍ ഇതിഹാസവും പുരാണവും പോരാഞ്ഞ് ഖുര്‍ആനും ഹദീസുമൊക്കെ എടുക്കേണ്ടി വന്നു. തങ്ങള്‍ക്ക് സ്വത്തില്‍ അവകാശം തെളിയിക്കാന്‍ കഴിയില്ലെന്ന് കണ്ടതോടെ നിയമപ്രകാരം അത് പള്ളിയല്ലെന്ന് സ്ഥാപിക്കാന്‍ നടത്തിയ വിഫല ശ്രമമായിരുന്നു അത്.
ഭരണഘടന വ്യാഖ്യാനിക്കാറുള്ള പരാശരന്‍ ഖുര്‍ആനും ഹദീസും വ്യാഖ്യാനിക്കാന്‍ ഇസ്‌ലാമിക പണ്ഡിതനൊന്നുമല്ലെന്നും ഇത്തരം വാദങ്ങള്‍ അനുവദിക്കരുതെന്നും ധവാന്‍ തടസ്സവാദമുന്നയിച്ചപ്പോള്‍ മറുപടി നല്‍കാനാകാതെ പരാശരന് ഇരിക്കേണ്ടി വന്നു. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായി ഹിന്ദു പക്ഷം വാദം നടത്തിയിട്ടും ഒന്നും മിണ്ടാതെ അത് അനുവദിച്ച നടപടി നിയമപരമായി ചോദ്യം ചെയ്ത ധവാന് മുന്നില്‍ അഞ്ചംഗ ബെഞ്ച് പല ദിവസങ്ങളിലും നിരായുധരായി. സുന്നീ വഖ്ഫ് ബോര്‍ഡിനോട് ഉടമാവകാശത്തിന്റെ തെളിവായി നികുതി ശീട്ട് ചോദിക്കുന്ന സുപ്രീംകോടതി ഹിന്ദുപക്ഷത്തോട് എന്തുകൊണ്ടാണ് ഇതൊന്നും ചോദിക്കാത്തത് എന്ന ധവാന്റെ ചോദ്യത്തിനു മുമ്പില്‍ അഞ്ച് പേരും നിശ്ശബ്ദരായി.
വഖ്ഫ് ബോര്‍ഡിനോട് തോറ്റ കോടതിവിധി
സുന്നീ വഖഫ് ബോര്‍ഡിനായി രാജീവ് ധവാന്‍ നടത്തിയ വാദം അവഗണിക്കാന്‍ കഴിയാതിരുന്ന കോടതിക്ക് അതൊക്കെ അംഗീകരിച്ചുവെന്ന് അന്തിമ വിധിയില്‍ എഴുതിവെക്കേണ്ടിവന്നുവെന്ന് 1045 പേജുള്ള വിധിന്യായം ഒരാവൃത്തി വായിച്ചാലറിയാം. രാമക്ഷേത്രം പൊളിച്ചാണ് ബാബരി മസ്ജിദ് ഉണ്ടാക്കിയത് എന്നതിന് തെളിവില്ലെന്ന നഗ്ന സത്യം സുപ്രീംകോടതി വിധിയില്‍ എഴുതിവെക്കേണ്ടിവന്നതാണ് അതില്‍ ഏറ്റവും സുപ്രധാനം. ബാബരി മസ്ജിദ് നിര്‍മിക്കാന്‍ അതിനു മുമ്പ് പൊളിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന സുപ്രീംകോടതി വിധി ഈ വാദം പ്രചരിപ്പിച്ച സംഘ് പരിവാറിന്റെ പ്രചാരകരായ പുരാവസ്തു വിദഗ്ധര്‍ക്ക് കൂടി തിരിച്ചടിയാണ്. വിശ്വാസത്തിന്റെയും പുരാവസ്തു റിപ്പോര്‍ട്ടുകളുടെയും സഞ്ചാരികളുടെ കുറിപ്പുകളുടെയും അടിസ്ഥാനത്തില്‍ ഭൂമിയുടെ അവകാശത്തര്‍ക്കം തീര്‍പ്പാക്കാനാകില്ല എന്ന സുന്നി വഖ്ഫ് ബോര്‍ഡിന്റെ വാദത്തിനും അഞ്ച് ജഡ്ജിമാരും വിധിയില്‍ മോലൊപ്പ് ചാര്‍ത്തി. ഹിന്ദു പക്ഷം ചെയ്തതുപോലെ ഖുര്‍ആനും ഹദീസും വ്യാഖ്യാനിച്ച് ഇസ്‌ലാമികനിയമപ്രകാരം ബാബരി മസ്ജിദ് ഒരു പള്ളിയല്ലെന്ന് പറയാനാവില്ലെന്ന് വിധി ഓര്‍മിപ്പിച്ചു. 1991-ലെ ആരാധനാസ്ഥല നിയമ പ്രകാരമുള്ള സംരക്ഷണപ്രകാരം സ്വാതന്ത്ര്യം കിട്ടുന്ന വേളയില്‍ കേസുകളില്ലാത്ത ഏതെങ്കിലും മതവിഭാഗത്തിന്റെ കൈവശമുള്ള ഒരു ആരാധനാലയത്തിന് മേലും മറ്റാര്‍ക്കും അവകാശവാദമുന്നയിക്കാനാവില്ല എന്നവാദം വിധി അംഗീകരിച്ചു. ഇന്ത്യയിലെ ഏതൊരു പൗരനുമുള്ള നിയമപരമായ അവകാശങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ബാധകമാക്കിയതുപോലെ രാമവിഗ്രഹത്തിന് അവകാശപ്പെടാമെങ്കിലും രാമജന്മഭൂമി എന്ന സ്ഥലത്തിന് അവകാശപ്പെടാനാകില്ല. ബാബരി ഭൂമിയില്‍ മുസ്‌ലിം പക്ഷം ഉന്നയിച്ച ഈ പ്രധാന വാദങ്ങളെല്ലാം അംഗീകരിച്ച് പുറപ്പെടുവിച്ച വിധിപ്രസ്താവത്തില്‍ തങ്ങള്‍ തന്നെ എഴുതിയ, 'ഭൂമി തര്‍ക്കം തീര്‍ക്കാന്‍ വിശ്വാസം മാനദണ്ഡമാക്കരുത്' എന്ന ആമുഖത്തിന് നേര്‍വിപരീതമായി അഞ്ചംഗ ബെഞ്ച് ഒടുക്കം ഭൂമി പള്ളി പൊളിച്ചവര്‍ക്ക് വിട്ടുകൊടുത്തുവെന്നതാണ് ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിന്റെ ഏറ്റവും വലിയ ദുരന്തം.
വഖ്ഫ് ബോര്‍ഡ് സ്ഥാപിച്ചെടുത്തത്
1949 ഡിസംബര്‍ 22-ന് രാത്രി അഭിറാം ദാസ് ബാബരി മസ്ജിദിനകത്ത് വിഗ്രഹം കൊണ്ടിട്ട് തുടങ്ങിയ നാടകമാണ് രാമജന്മഭൂമി പള്ളിക്കകത്താണെന്ന പ്രചാരണത്തിലെത്തിയതെന്നാണ് സുന്നീ വഖ്ഫ് ബോര്‍ഡിനു വേണ്ടി രാജീവ് ധവാന്‍ ബോധിപ്പിച്ചത്. വിഗ്രഹം കൊണ്ടുവന്നിട്ടതോടെയാണ് അതു വരെ ബാബരി മസ്ജിദ് കെട്ടിടത്തിനു പുറത്ത് നടത്തിയിരുന്ന പൂജയും വിഗ്രഹാരാധനയും പള്ളിക്കകത്തേക്ക് മാറ്റിയത്.
പള്ളിയില്‍ വിഗ്രഹം കൊണ്ടിട്ടത് ക്രിമിനല്‍ കുറ്റകൃത്യമായിരുന്നു. ആ നിലക്ക് അത് കൊണ്ടിട്ട പ്രതിയെ ശിക്ഷിക്കുകയും ആ വിഗ്രഹം എടുത്തു മാറ്റുകയുമായിരുന്നു വേണ്ടത്. എന്നാല്‍ ബാബരി മസ്ജിദില്‍ വിഗ്രഹം കൊണ്ടിട്ട അഭിറാം ദാസിനെ ശിക്ഷിച്ചെങ്കിലും വിഗ്രഹം നീക്കിയില്ല. എന്നിട്ടും അത് പള്ളിയായതുകൊണ്ടാണ് 1951-ല്‍ ബാബരി മസ്ജിദ് സുന്നി വഖ്ഫ് ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തത്.
1949 ഡിസംബര്‍ 22 വരെ ബാബരി മസ്ജിദില്‍ നമസ്‌കാരം നടന്നതിനുള്ള രേഖാമൂലമുള്ള തെളിവുകള്‍ ധവാനൊപ്പം സുന്നി വഖ്ഫ് ബോര്‍ഡിന് വേണ്ടി ഹാജരായ അഡ്വ. സഫരിയാബ് ജീലാനി നിരത്തി. 1949 ഡിസംബര്‍ 22 വരെ താന്‍ ബാബരി മസ്ജിദില്‍ നമസ്‌കാരം നിര്‍വഹിച്ചുവെന്ന് വഖ്ഫ് ബോര്‍ഡിന് വേണ്ടി കോടതിയെ സമീപിച്ച മുഹമ്മദ് ഹാശിം അന്‍സാരി വ്യക്തമാക്കിയിട്ടുണ്ട്. ബാബരി മസ്ജിദില്‍ വിഗ്രഹം കൊണ്ടിട്ട് പൂട്ടിയിട്ട ശേഷവും അവിടെ നമസ്‌കരിക്കാന്‍ ശ്രമം നടത്തിയതിന്റെ പേരില്‍ മുഹമ്മദ് ഹാശിം അന്‍സാരിയെ ജയിലിലടച്ചിട്ടുമുണ്ട്. 1949 ഡിസംബര്‍ 22-ന് ഹാശിം അന്‍സാരിയെ കൂടാതെ ഹാജി മഹ്ബൂബും ബാബരി മസ്ജിദില്‍ നമസ്‌കരിച്ചതിന്റെ തെളിവുണ്ട്. 1934-ലെ കലാപത്തില്‍ ബാബരി മസജിദിന് കേടുപാടുകള്‍ പറ്റിയപ്പോള്‍ നഷ്ടപരിഹാരം വിധിച്ച് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതിക്ക് കാണിച്ചുകൊടുത്ത സഫരിയാബ് ജീലാനി അത് പള്ളിയായതുകൊണ്ടാണ് പള്ളിക്കമ്മിറ്റി നഷ്ടപരിഹാരത്തിനായി സമീപിച്ചതെന്ന് ബോധിപ്പിച്ചു. മറിച്ചായിരുന്നുവെങ്കില്‍ മറുവിഭാഗമായിരുന്നു സമീപിക്കേണ്ടിയിരുന്നത്. 1942-ല്‍ നിര്‍മോഹി അഖാഡയുമായുള്ള കേസിലും കെട്ടിടം പള്ളിയാണെന്നാണ് കോടതി പറഞ്ഞിട്ടുള്ളത് എന്നും ജീലാനി ബോധിപ്പിച്ചു.
ശ്രീരാമന്റെ വിശുദ്ധി എല്ലാവരും അംഗീകരിക്കുന്നതാണ്. രാമന്‍ ജനിച്ചത് അയോധ്യയിലെവിടെയോ ആണെന്ന് എല്ലാവരും അംഗീകരിക്കുന്നതാണ്. എന്നാല്‍ അയോധ്യയിലെവിടെയാണ് ജനിച്ചത് എന്ന് തെളിയിക്കാവുന്ന ഒരു മതഗ്രനഥവും ഹാജരാക്കാന്‍ എതിര്‍പക്ഷത്തിന് കഴിഞ്ഞിട്ടില്ല. 1885-നു ശേഷമാണ് ബാബരി മസ്ജിദിനു പുറത്തുള്ള രാം ഛബൂത്ര പോലും ജന്മസ്ഥാന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയതെന്ന് ധവാന്‍ ബോധിപ്പിച്ചു. എന്നാല്‍ രാമജന്മ ഭൂമി പ്രസ്ഥാനത്തോടെയും രഥയാത്രയോടെയും അവകാശവാദം പള്ളിക്കുള്ളിലേക്കായി. രാഷ്ട്രീയ നേട്ടത്തിനായി 1985-നും 1992-നുമിടയില്‍ നടന്ന രണ്ട് രഥയാത്രകള്‍ തൊട്ടാണ് ഇപ്പോള്‍ ഈ കേട്ട വാദഗതികള്‍ക്ക് പ്രചാരം ലഭിക്കുന്നത്. രണ്ട് രഥയാത്രകളുടെ തുടര്‍ച്ചയായി നടത്തിയതായിരുന്നു കര്‍സേവ. ഹിന്ദുക്കളുടെ ഭൂമിയില്‍ നിര്‍മിച്ചതായതിനാല്‍ അത് പള്ളിയായി അംഗീകരിക്കില്ല എന്നാണ് ഇസ്‌ലാമിക നിയമമെന്ന പരാശരന്റെ വാദം ധവാന്‍ ഖണ്ഡിച്ചു. അമുസ്‌ലിംകളുടെ ഭൂമിയില്‍ പോലും പള്ളിയും ഖബ്ര്‍സ്ഥാനുമുണ്ടാക്കിയാല്‍ അത് വഖ്ഫ് തന്നെയാകുമെന്നും ഹിന്ദുവിന്റെ വഖ്ഫ് ആവശ്യത്തിനായി നീക്കിവെച്ചാലും അത് വഖ്ഫായി തന്നെ തുടരുമെന്നും ധവാന്‍ ബോധിപ്പിച്ചു. ബാബരി ഭൂമിയില്‍നിന്ന് കിട്ടിയ 14 തൂണുകളില്‍ ഒന്നില്‍ പോലും ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളില്ല. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ബാബരി മസ്ജിദിലുണ്ടെന്ന് വരുത്താന്‍ ഹിന്ദുപക്ഷം സമര്‍പ്പിച്ച ചിത്രങ്ങളുടെ സാംഗത്യം ചോദ്യം ചെയ്ത ധവാന്‍ ബാബരി മസ്ജിദ് പള്ളിയാണെന്നതിനുള്ള തെളിവായി 1950-ലും 1991-ലുമെടുത്ത പള്ളിയുടെ വിവിധ ഭാഗങ്ങളുടെ ചിത്രങ്ങള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.
തൂണുകളിലെ അലങ്കാരപ്പണികളില്‍ താമര അടക്കമുള്ള ചിത്രങ്ങളുണ്ട് എന്ന് ധവാന്‍ ബോധിപ്പിച്ചപ്പോള്‍ അങ്ങനെ മറ്റു മുസ്‌ലിം പള്ളികളിലുണ്ടോ എന്ന് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ തിരിച്ചു ചോദിച്ചു. ഉദാഹരണമായി ധവാന്‍ കുത്വ്ബ് മിനാറിലെ ഖുവ്വത്തുല്‍ ഇസ്‌ലാം പള്ളിയെ കുറിച്ച് പറഞ്ഞു. കേരളത്തിലെ ഏതെങ്കിലും ഒരു ക്ഷേത്രത്തില്‍ കുരിശിന്റെ ചിത്രമുണ്ടെന്ന് കരുതി അത് ക്ഷേത്രമല്ലെന്ന് നിങ്ങള്‍ പറയുമോ എന്ന് ധവാന്‍ ജസ്റ്റിസ് ബോബ്‌ഡെയോട് തിരിച്ചുചോദിച്ചു. പള്ളികള്‍ നിര്‍മിച്ചത് മുസ്‌ലിം തൊഴിലാളികള്‍ ഒറ്റക്കല്ല. താജ്മഹല്‍ നിര്‍മിച്ചതും മുസ്‌ലിംകള്‍ ഒറ്റക്കല്ല. മുസ്‌ലിം തൊഴിലാളികള്‍ക്കൊപ്പം ഹിന്ദു തൊഴിലാളികളും ചേര്‍ന്നാണ് അവ നിര്‍മിച്ചത് - ധവാന്‍ കൂട്ടിച്ചേര്‍ത്തു. അതിനാല്‍ ഈ അലങ്കാര ചിത്രങ്ങള്‍ കാട്ടി അത് ക്ഷേത്രത്തിന്റേതാണെന്ന് പറയാനാവില്ല. ധവാന്റെ വാദം ബോധ്യമാകാത്ത പോലെ 'തൂണില്‍ ദ്വാരപാലകന്റെ ചിത്രമുണ്ടല്ലോ' എന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ വീണ്ടും പറഞ്ഞു.
നിലപാട് മാറ്റി ഹിന്ദു പക്ഷം
1861 മുതല്‍ ബാബരി മസ്ജിദിന്റെ ഭൂമിക്ക് മേല്‍ അവകാശ തര്‍ക്കമുണ്ടെന്ന് വരുത്താനാണ് ഹിന്ദുപക്ഷം അന്തിമ വാദത്തിലെത്തിയപ്പോള്‍ ശ്രമിച്ചുകൊണ്ടിരുന്നത്. 1858-ല്‍ ഒരാള്‍ പള്ളിക്കകത്ത് വന്ന് രാം രാം എന്ന് എഴുതിവെച്ചു. അത് വിശ്വാസികള്‍ അപ്പോള്‍ തന്നെ നീക്കം ചെയ്ത് വൃത്തിയാക്കി. 1858-നും 1861-നുമിടയിലാണ് ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളുണ്ടാക്കി തുടങ്ങിയത്. 1855-ലെ ഹിന്ദു-മുസ്‌ലിം കലാപത്തെ കുറിച്ച് 1885-ലെ കോടതിവിധിയില്‍ പരാമര്‍ശിച്ചിരുന്നു. ആ പരാമര്‍ശം സംശയാസ്പദമാണെന്ന നിലപാടാണ് സുന്നി വഖ്ഫ് ബോര്‍ഡിനുണ്ടായിരുന്നത്. അത്തരം കുഴപ്പവും കലാപവും ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ഇടയിലുണ്ടായിരുന്നുവെന്ന് പരാമര്‍ശിക്കുന്നത് ബാബരി മസ്ജിദ് നില്‍ക്കുന്ന ഭൂമിക്കു മേലുള്ള ഹിന്ദുക്കളുടെ അവകാശവാദത്തിന് കൂടുതല്‍ കാലപ്പഴക്കമുണ്ടെന്ന് കാണിക്കാനായിരുന്നു. ഇത്തരമാരു കലാപം നടന്നതായി ഗസറ്റിയറില്‍ പറയുന്നുണ്ടെങ്കിലും അതിന്റെ തീവ്രത എത്രത്തോളമാണെന്ന് അതില്‍ പറയുന്നില്ല. എന്നാല്‍ ജസ്റ്റിസ് ചന്ദ്രചൂഡ് ഈ കലാപത്തെ കുറിച്ച് സുന്നി വഖ്ഫ് ബോര്‍ഡിനെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.
അതിനു മുമ്പ് പറയുന്ന സംഭവങ്ങള്‍ക്കൊന്നും ഔദ്യോഗിക രേഖകള്‍ തെളിവായില്ല. അത്തരത്തില്‍ വല്ല തെളിവുമുണ്ടെങ്കില്‍ ഹാജരാക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഹിന്ദുപക്ഷം ഹാജരാക്കിയത് 1985-ല്‍ എഴുതിയ ഒരു പുസ്തകമാണ്. കീഴ്‌ക്കോടതി വിധി ശേഷം എഴുതിയ പുസ്തകം അതിന് മുമ്പുള്ള കേസിന്റെ തെളിവായി സ്വീകരിക്കുന്നതിന്റെ യുക്തിയും പ്രാമാണികതയും സുന്നി വഖ്ഫ് ബോര്‍ഡ് ചോദ്യം ചെയ്തു. ഏതെങ്കിലും കേസ് തുടങ്ങിയ ശേഷമുണ്ടാക്കുന്ന രേഖകളെ ആ കേസിന്റെ തെളിവുകളായി അംഗീകരിക്കാന്‍ പറ്റില്ലെന്ന വാദം കോടതിക്കും അംഗീകരിക്കേണ്ടിവന്നു.
കോടതി വിധിച്ച 'നായര്‍ പരിഹാരം'
സുന്നീ വഖ്ഫ് ബോര്‍ഡ് അഭിഭാഷകന്‍ രാജീവ് ധവാന്‍ 'നായര്‍ പരിഹാരം' എന്ന് വിശേഷിപ്പിച്ച പ്രശ്‌ന പരിഹാരമാണ് അന്തിമ വാദത്തിനൊടുവില്‍ സുപ്രീംകോടതി വിധിയായി പുറത്തുവന്നത്. ബാബരി മസ്ജിദിനകത്ത് വിഗ്രഹം കൊണ്ടിട്ട് അത് ക്ഷേത്രമാക്കുന്നതിനുള്ള നീക്കങ്ങളില്‍ പങ്കാളിയായ മലയാളിയായ ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് കെ.കെ നായരാണ് മുസ്‌ലിംകള്‍ ബാബരി മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് പ്രശ്‌നം പരിഹരിക്കണമെന്ന ഫോര്‍മുല ആദ്യമായി അവതരിപ്പിച്ചതെന്ന് രാജീവ് ധവാന്‍ ബോധിപ്പിച്ചിരുന്നു. അതുകൊണ്ടാണ് പള്ളി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കാനുള്ള ഫോര്‍മുലയെ 'നായര്‍ പരിഹാരം' എന്ന് ധവാന്‍ വിശേഷിപ്പിച്ചത്. ബാബരി മസ്ജിദിനുള്ളില്‍ കൊണ്ടു വന്നിട്ട വിഗ്രഹം എടുത്തുമാറ്റാന്‍ ബാധ്യസ്ഥനായ കെ.കെ നായര്‍ അത് ചെയ്യാതെ വിഗ്രഹം സംരക്ഷിച്ചതാണ് ബാബരി ഭൂമി കേസ് സങ്കീര്‍ണമാക്കിയതെന്ന് ധവാന്‍ കോടതിയില്‍ വിശദീകരിച്ചിരുന്നു.
പത്തു പതിനാറ് പേര്‍ പള്ളിക്കകത്ത് വിഗ്രഹം കൊണ്ടിട്ടത് കെ.കെ നായരുടെ അറിവോടെയായിരുന്നു. പള്ളിയില്‍ വിഗ്രഹം പ്രത്യക്ഷപ്പെട്ടുവെന്ന് മേലുദ്യോഗസ്ഥന് നായര്‍ എഴുതിയപ്പോള്‍ അതെടുത്തുമാറ്റാനായിരുന്നു ഉത്തരവിട്ടത്. എന്നാല്‍ ആ ഉത്തരവ് നടപ്പാക്കുന്നതിനു പകരം വിഗ്രഹത്തിന് സംരക്ഷണം നല്‍കി പ്രശ്‌നം സങ്കീര്‍ണമാക്കുകയാണ് നായര്‍ ചെയ്തത്. പള്ളിയില്‍നിന്ന് വിഗ്രഹം എടുത്തുമാറ്റാന്‍ അദ്ദേഹത്തോട് നിര്‍ദേശിച്ചപ്പോള്‍ അത് അനുസരിക്കുന്നതിനു പകരം പള്ളി അടച്ചിട്ട് മുസ്‌ലിംകളെയും ഹിന്ദുക്കളെയും ഒരുപോലെ തടയണമെന്നായിരുന്നു നായര്‍ കൈക്കൊണ്ട നിലപാട്. തന്റെ അജണ്ട നായര്‍ നടപ്പാക്കുകയും ചെയ്തു. അന്ന് വിഗ്രഹം എടുത്തുമാറ്റിയിരുന്നുവെങ്കില്‍ ബാബരി ഭൂമി കേസ് തന്നെ ഉണ്ടാകുമായിരുന്നില്ല. പള്ളിയുടെ താഴികക്കുടത്തിന് താഴെയാണ് രാമജന്മഭൂമിയെന്ന് പറയുകയും ചെയ്യുമായിരുന്നില്ല. ബാബരിഭൂമിയിലെ ആരാധനാ തര്‍ക്കം ഇത്തരമൊരു സങ്കീര്‍ണമായ അവസ്ഥയിലെത്തുകയും ചെയ്യുമായിരുന്നില്ല. ആയതിനാല്‍ 'നായരുടെ പ്രശ്‌നപരിഹാരം' സുപ്രീംകോടതി ഏറ്റെടുക്കരുതെന്ന് ധവാന്‍ അഞ്ചംഗ ബെഞ്ചിനെ ഓര്‍മിപ്പിച്ചു.
എന്നാല്‍ ധവാന്‍ അരുതെന്ന് പറഞ്ഞ നായര്‍ പരിഹാരം തന്നെയാണ് തങ്ങള്‍ക്കും വെക്കാനുള്ളതെന്നാണ്, നാലു പതിറ്റാണ്ടിലേറെ ബാബരി ഭൂമി മുസ്‌ലിംകളുടെ കൈവശത്തിലുണ്ടെന്ന് തെളിയിച്ച ശേഷവും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയത്. ബാബര്‍ നിര്‍മിച്ച കാലം തൊട്ട് ബ്രിട്ടീഷ് സര്‍ക്കാറിന്റെ കാലവും കഴിഞ്ഞ് വിഗ്രഹം കൊണ്ടിടുന്നത് വരെ പള്ളിയുടെ തുടര്‍ച്ച അംഗീകരിച്ചുവെന്ന് ധവാന്‍ ബോധിപ്പിച്ചതാണ്. പള്ളി പുനരുദ്ധാരണത്തിന് 15,000 രൂപ ചോദിച്ചതിന്റെ രേഖയും ബ്രിട്ടീഷുകാരുടെ കാലത്ത് പള്ളിക്ക് ഗ്രാന്‍ഡ് അനുവദിച്ചതിന്റെ രേഖയും സുന്നി വഖ്ഫ് ബോര്‍ഡ് തെളിവായി സുപ്രീംകോടതിക്ക് സമര്‍പ്പിച്ചതാണ്. 1934-ല്‍ അയോധ്യയിലുണ്ടായ വര്‍ഗീയ കലാപത്തില്‍ ഒരു താഴികക്കുടം തകര്‍ത്തപ്പോള്‍ അത് ശരിപ്പെടുത്തുന്നതിന് നഷ്ടപരിഹാരം നല്‍കാനും വിധി വന്നിരുന്നുവെന്നും ധവാന്‍ വാദിച്ചു. ആ രേഖകള്‍ സമര്‍പ്പിച്ചപ്പോള്‍ കൈവശാവകാശത്തിന്റെ ഇത്രയും രേഖകള്‍ സമര്‍പ്പിച്ച ശേഷവും സുന്നി വഖ്ഫ് ബോര്‍ഡിനോട് 1860-നു മുമ്പുള്ള നിയമപരമായ രേഖകളൊന്നും കൈവശമില്ലേ എന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ചോദ്യം. അക്കാലത്തെ രേഖയില്ലെങ്കില്‍ പിന്നെ ബാബര്‍ നിര്‍മിച്ച പള്ളിയില്‍ 1860 വരെ മുസ്‌ലിംകള്‍ നമസ്‌കരിച്ചുവെന്നതിന് തെളിവ് വേണമെന്ന വിചിത്ര ആവശ്യവും ജസ്റ്റിസ് ചന്ദ്രചൂഡ് മുന്നോട്ടുവെച്ചു. അത്തരമൊരു ഘട്ടത്തിലാണ് കോടതിക്ക് ഒരു രേഖ പോലും നല്‍കാനില്ലാത്ത രാമവിഗ്രഹത്തിന്റെ അഭിഭാഷകനോട് ഉടമാവകാശത്തിന്റെ രേഖ സുപ്രീംകോടതി ചോദിക്കാത്തതെന്ത് എന്ന് ധവാന്‍ മറുചോദ്യം ഉന്നയിച്ചത്.
(തുടരും)
Comments