മാതൃകാപരമായ രാഷ്ട്രീയ ജീവിതം
പ്രബോധനം (നവംബര്‍ 1) പ്രവാചക പതിപ്പിലെ ഓരോ ലേഖനവും മികവുറ്റതായി; പ്രത്യേകിച്ച് ഡോ. പി.ജെ വിന്‍സെന്റിന്റെയും ജി.കെ എടത്തനാട്ടുകരയുടെയും ലേഖനങ്ങള്‍. വിന്‍സെന്റിന്റെ ലേഖനത്തില്‍ പറയാതെ പറയുന്നത് പ്രവാചകന്റെ രാഷ്ട്രീയം തന്നെയാണ്. ജി.കെയുടെ ലേഖനം പ്രവാചകനെ മുസ്‌ലിംകളില്‍ മാത്രമായി ഒതുക്കി നിര്‍ത്തുന്നതിനെ ചോദ്യം ചെയ്യുന്നു. പ്രത്യേകിച്ചും പ്രവാചകന്റെ രാഷ്ട്രീയ ജീവിതമാണ് അദ്ദേഹവും ഊന്നിപ്പറയുന്നത്. പ്രവാചക രാഷ്ട്രീയം പൊതുമണ്ഡലത്തിലും അക്കാദമിക തലത്തിലുമൊക്കെ ചര്‍ച്ചചെയ്യപ്പെടേണ്ടതാണ്.
രാഷ്ട്രീയ പ്രവര്‍ത്തനം ആരാണ്, എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിനെ സംബന്ധിച്ച് പ്രവാചകന് വ്യക്തമായി കാഴ്ചപ്പാടുണ്ടായിരുന്നു. ജീവിത വിശുദ്ധിയുള്ളവരാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കേണ്ടത്. അതിന് സഹായകരമാവുന്നതാവണം വിശ്വാസവും അനുഷ്ഠാനങ്ങളും. ധാര്‍മികതയും സദാചാരനിഷ്ഠയുമുള്ള രാഷ്ട്രീയ നേതൃത്വത്തിന് മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം സമര്‍പ്പിക്കാനാവുകയുള്ളൂ. രാഷ്ട്രീയ നേതൃത്വത്തിന് വേണ്ടത് ലളിത ജീവിതമാണ്. അവര്‍ ഒരിക്കലും സമൂഹത്തിലെ ഇത്തിക്കണ്ണികളാകരുത്. സമൂഹത്തിന്റെ ക്ഷേമവും നീതിയും സുരക്ഷിതത്വവും ലക്ഷ്യമാക്കി ഉത്തരവാദിത്തത്തോടെ ലാളിത്യത്തില്‍ ഊന്നി ജീവിക്കുന്നവര്‍ എന്ന സന്ദേശമാണ് സമൂഹത്തിന് അവരില്‍നിന്ന് ലഭിക്കേണ്ടത്.
പ്രവാചകന്റെ ജീവിത സന്ദേശം വിവിധ മേഖലകളിലേക്ക് വെളിച്ചം വീശുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആത്മീയ ജീവിതവും കുടുംബ ജീവിതവുമാണ് മുസ്‌ലിം വ്യവഹാരങ്ങളില്‍ മുഴച്ചു നില്‍ക്കുക. ലോകത്തിന്റെ സമാധാനപരമായ നിലനില്‍പിന് സഹായിക്കുന്ന വിധത്തില്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ഒരു മഹാസന്ദേശം എന്ന നിലക്ക് തിരിച്ചു കൊണ്ടുവരേണ്ടിയിരിക്കുന്നു.
സുന്നത്തിന്റെ സാമൂഹിക വായനകള്‍
സദ്‌റുദ്ദീന്‍ വാഴക്കാടിന്റെ 'സുന്നത്തിന്റെ സാമൂഹികത' (ലക്കം 3124) എന്ന ലേഖനമാണ് ഈ കുറിപ്പിനാധാരം. സുന്നത്തിന്റെ ആകാശപരപ്പിനെ കുറിച്ച് നിരവധി ചിന്തകളുണര്‍ത്തുന്നു ആ ലേഖനം.
സുന്നത്ത് എന്ന പദത്തെ മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ കള്ളിയിലൊതുക്കിയതും അതിനനുസരിച്ചുള്ള സാമ്പ്രദായിക ആഖ്യാനവും പഠനവുമാണ് സമഗ്ര ഇസ്ലാമിന്റെ മുന്നേറ്റത്തിന് വിഘാതമായത്. പ്രവാചകചര്യയുടെ വിശാലാഖ്യാനത്തിന്റെയും അതിന്റെ പ്രായോഗവല്‍ക്കരണത്തിന്റെയും അഭാവമാണ് ഇസ്‌ലാമിനെ ബഹുസ്വര സമൂഹത്തില്‍ വെറുമൊരു സങ്കുചിത 'മത' മാക്കി മാറ്റിയത്.
ഇസ്ലാം എന്ന ആകാരവടിവിന് രൂപവും ഭംഗിയും നല്‍കുന്ന ചട്ടക്കൂടാണ് സുന്നത്ത്. ചില ആചാരപ്രധാനമായ കള്ളികളില്‍ കഷ്ണിച്ച് അതിനെ തളച്ചിട്ടാല്‍ ഇസ്ലാമിന് വൈരൂപ്യം സംഭവിക്കുന്നു.
മനുഷ്യന്റെ ഭൗതിക-ആത്മീയ-രാഷ്ട്രീയ-വൈയക്തിക -സാമൂഹിക-സാംസ്‌കാരിക ജീവിത മേഖലകളില്‍ കടന്ന് ചെന്ന് മഴവില്‍ വര്‍ണങ്ങള്‍ വിതറാന്‍ കെല്‍പുള്ള സുന്നത്തിനെ നാം എത്ര സമര്‍ഥമായിട്ടാണ്, ലേഖനത്തില്‍ സൂചിപ്പിച്ചത് പോലെ, വെറും താടിയുടെ നീളത്തിലും വിരലാട്ടത്തിലും പാന്റിന്റെ ഇറുക്കത്തിലും ആചാരങ്ങളിലും മറ്റും തളച്ചു കളഞ്ഞത്! മണ്ണിനെയും വിണ്ണിനെയും കോര്‍ത്തിണക്കാന്‍ ശേഷിയുള്ള വിശാല സുന്നത്തിനെ കേവല മതത്തിന്റെ ചട്ടക്കൂട്ടിലൊതുക്കി. സ്വജീവിതംകൊണ്ട് ഖുര്‍ആനിന്റെ വ്യാഖ്യാനമായി മാറിയ ജീവിതമായിരുന്നു പ്രവാചകന്റേത്. അറിഞ്ഞോ അറിയാതെയോ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വേണ്ടി മതപരം എന്നും ലൗകികം എന്നും തിരിച്ച് വേലിക്കെട്ടുകള്‍ തീര്‍ത്തു. ഓരോ നിമിഷവും പ്രവാചകമാതൃക പിന്തുടര്‍ന്ന് ജീവിക്കാന്‍ നമുക്ക് കഴിയണമെന്നില്ല. തെറ്റുകളും വീഴ്ചകളും വരാം. പക്ഷേ ജീവിത വ്യവഹാരങ്ങളില്‍ ഇടപെടുന്ന ഓരോ നിമിഷവും അതനുസരിച്ച് ജീവിക്കണമെന്ന ബോധം പോലും നഷ്ടപ്പെട്ടു എന്നതാണ് ഖേദകരമായ കാര്യം.
സുന്നത്തിനെ വെറും 'മത' കോളത്തില്‍ ഒതുക്കാതെ ജീവിതത്തിന്റെ സമസ്ത മേഖലയിലും പ്രയോഗവല്‍ക്കരിക്കേണ്ടതുണ്ട്. ആത്മീയ-ഭൗതികഭാവങ്ങളെ സമന്വയിപ്പിക്കലാണ് വിശ്വാസികളുടെ കര്‍ത്തവ്യം. ഇബാദത്തുകളുടെ താല്‍പര്യവും ലക്ഷ്യവും അതു തന്നെ.
നമസ്‌കാരം, നോമ്പ്, പ്രാര്‍ഥനകള്‍, ദിക്‌റുകള്‍, മറ്റ് വ്യക്തിപരമായ മതകര്‍മങ്ങള്‍ തുടങ്ങിയവ പോലെയുള്ള ഏതാനും ആചാര-വിശ്വാസാനുഷ്ഠാനങ്ങളും ചില ആത്മീയ ഉപദേശങ്ങളും മാത്രം പഠിപ്പിക്കാനാണ് ദൈവദൂതന്‍ വന്നതെന്ന മിഥ്യാധാരണയും, അദ്ദേഹത്തിന്റെ ചര്യക്ക് സാമൂഹിക-രാഷ്ട്രീയ ജീവിതത്തിന്റെ വിശാല വേദികളില്‍ ഒരു റോളും ഇല്ലെന്ന തെറ്റിദ്ധാരണകളുമാണ് മിക്ക മതസംഘടനകളുടെ സ്റ്റേജുകളും പേജുകളും പോസ്റ്ററുകളും നമ്മോട് വിളിച്ച് പറയുന്നത്. പൊതുമണ്ഡലങ്ങളില്‍ പ്രവാചകചര്യയുടെ ഉദാത്ത മാതൃക പരിചയപ്പെടുത്താനുള്ള കരുത്തോ പ്രബുദ്ധതയോ ആത്മവിശ്വാസമോ നഷ്ടപ്പെടുത്തുന്ന വിധത്തിലാണ്, പല സംഘടനകളുടെയും അജണ്ടകളുടെ മുന്‍ഗണനാക്രമം. ഖുര്‍ആനിനും സുന്നത്തിനും സാമൂഹികജീവിതത്തില്‍ ഒരു പ്രസക്തിയുമില്ല എന്ന തോന്നലുണ്ടാകുമ്പോഴാണ് പല ആദര്‍ശാധിഷ്ഠത സംഘങ്ങളിലും പൊട്ടലും ചീറ്റലും ഉണ്ടാകുന്നത്.
ദൈനംദിന ജീവിതത്തില്‍ റസൂലിന്റെ മാതൃകയനുസരിച്ച് ജീവിക്കേണ്ടവരാണ് നാം. പ്രവാചകന്റെ മാര്‍ഗദര്‍ശനത്തില്‍ സാമൂഹിക മാനമുള്ളത് ഒഴിവാക്കാം എന്ന നിലപാട് ഇസ്ലാമിനെ ഒഴിവാക്കുന്നതിന് തുല്യമായിരിക്കും.
മഹാനായ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഉദാത്തമായ മാതൃകയുണ്ടെന്നും നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കണമെന്നും ഖുര്‍ആന്‍ പലവട്ടം നമ്മോട് കല്‍പ്പിക്കുന്നുണ്ട്. മാത്രവുമല്ല നബിയുടെ ജീവിതം പ്രിയ പത്‌നി ആഇശ(റ) മൊഴിഞ്ഞത് പോലെ ഖുര്‍ആനികാശയങ്ങളുടെ ജീവന്‍ തുടിക്കുന്ന സര്‍ഗാത്മക പ്രതിഫലനങ്ങളായിരുന്നു. അദ്ദേഹം ഒരേസമയം പിതാവ്, ഗൃഹനായകന്‍, സൈനികന്‍, കച്ചവടക്കാരന്‍, ഭരണാധികാരി, പ്രബോധകന്‍, രാഷ്ട്രീയക്കാരന്‍, തൊഴിലാളി, പള്ളിയിലെ ഇമാം എന്നിങ്ങനെ സമസ്ത മേഖലകളിലും ഉദാത്തമായ ജീവിത മൂല്യങ്ങള്‍ പകര്‍ന്ന് നല്‍കിയ പ്രഫുല്ല താരകമായിരുന്നു.
മുഹമ്മദ് നബി(സ) ഒരു തുറന്ന പുസ്തകമായിരുന്നു. പക്ഷേ അത് എഴുതപ്പെട്ട ഒന്നായിരുന്നില്ല. 'പുസ്തകമാകാത്ത ജീവിതങ്ങളുണ്ടാകാം. പക്ഷേ ജീവിതമാകാത്ത പുസ്തകങ്ങളോ... അവ അര്‍ഥശൂന്യങ്ങളല്ലേ' എന്ന ലേഖകന്റെ ഹൃദയസ്പര്‍ശിയായ വാക്യം മനസ്സകങ്ങളില്‍ ഒരു പുനര്‍വിചിന്തനത്തിന് തിരികൊളുത്തട്ടെ.
വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി
ഉയര്‍ത്തികാണിക്കേണ്ടത് പ്രവാചക മാതൃക
പ്രവാചകന്റെ ജീവിതം തന്നെ ഖുര്‍ആന്‍ ആയിരുന്നു. ആ ഖുര്‍ആന്‍ അനുസരിച്ച് തന്നെ അദ്ദേഹം തന്റെ അനുചരന്മാരെ വളര്‍ത്തി. ഭൂമിയില്‍ ചലിക്കുന്ന ഖുര്‍ആനുകള്‍ ആയിരുന്നു അവര്‍.
ഇത്തരം ഒരു ഗ്രന്ഥം കൈയിലുണ്ടായിട്ടും ഗ്രന്ഥം ചുമക്കുന്ന കഴുതകളാകാനാണ് മുസ്‌ലിംകളുടെ വിധിയെങ്കില്‍ കാലം അവര്‍ക്ക് മാപ്പ് നല്‍കില്ല. 'ഞാന്‍ രണ്ട് കാര്യങ്ങള്‍ വിട്ട് പോകുന്നു, അത് മുറുകെ പിടിച്ചാല്‍ നിങ്ങള്‍ പരാജയപ്പെടില്ല, വിശുദ്ധ ഖുര്‍ആനും തിരുചര്യയുമാണത്.' ആ രണ്ട് കാര്യങ്ങള്‍ മുറുകെ പിടിച്ചാണ് നമ്മുടെ പ്രവാചക സ്‌നേഹം പ്രകടിപ്പിക്കേണ്ടത്. നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമ മാതൃകയുണ്ട്. 'മാതൃകയാണ് മുഹമ്മദ് നബി' എന്ന അമീര്‍ എം.ഐ അബ്ദുല്‍ അസീസിന്റെ മുഖവാക്ക് (നവംബര്‍ 1) പ്രവാചകന്റെ മഹത്തായ ജീവിതം കുറഞ്ഞ വാക്കുകളില്‍ അടയാളപ്പെടുത്തി. പ്രവാചകന്റെ ജീവിതം പരിചയപ്പെടുത്തുന്ന പ്രത്യേക പതിപ്പ് നല്ല വായനാനുഭവമായി.
അബ്ദുര്‍റസാഖ് മുന്നിയൂര്‍
പുതുമയുള്ള അവതരണം
ജി.കെ എടത്തനാട്ടുകരയുടെ 'മുഹമ്മദ് നബി സാധിച്ച വിപ്ലവം' എന്ന ലേഖനം (നവംബര്‍ 1) അവതരണത്തിന്റെ പുതുമ കൊണ്ട് ശ്രദ്ധേയമായി. ആ ലേഖനത്തിലെ ചില വാക്യങ്ങള്‍ അനുവാചകരെ ഹഠാദാകര്‍ഷിക്കുന്നതായി.
- മദീനയില്‍ പള്ളി പണിത പ്രവാചകന്‍ അവിടത്തെ ഒരു പള്ളി ഇമാമായി കഴിഞ്ഞു കൂടുകയല്ല ചെയ്തത്. അവിടത്തെ ജൂത, ക്രൈസ്തവ വിഭാഗങ്ങളുമായെല്ലാം ധാരണയായി ഒരു ഭരണകൂടം സ്ഥാപിച്ച് അതിന്റെ ഭരണാധികാരിയാവുകയായിരുന്നു.
- ഒരു ദൈവത്തിന്റെ സൃഷ്ടികള്‍ എന്ന നിലക്ക് കറുത്ത ബിലാലും വെളുത്ത അബൂബക്‌റും തുല്യരായി. നമ്മുടെ നാട്ടില്‍ പട്ടിക്കും പൂച്ചക്കും സ്വതന്ത്രമായി നടക്കാവുന്ന വഴിയിലൂടെ ഒരു കറുത്തവന് വഴി നടക്കാന്‍ അനുവാദമില്ലാത്ത കാലത്താണ് കറുത്ത ബിലാലിനെ കഅ്ബാലയത്തിന്റെ മുകളില്‍ കയറ്റി പ്രവാചകന്‍ ബാങ്ക് വിളിപ്പിച്ചത്.
- സമ്പന്നനു മാത്രം ലഭിക്കുന്ന പലിശ നിഷിദ്ധമാക്കുകയും ദരിദ്രനു മാത്രം ലഭിക്കുന്ന സകാത്ത് നിര്‍ബന്ധമാക്കുകയും ചെയ്തതോടെ ദാരിദ്ര്യ നിര്‍മാര്‍ജനം പ്രയോഗത്തില്‍ വന്നു.
- സ്ത്രീ ജനത്തെ ഒന്നുകില്‍ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് അല്ലെങ്കില്‍ അരങ്ങത്ത് നിന്ന് അടുക്കളയിലേക്ക് എന്ന ആത്യന്തിക നിലപാടുകളില്‍നിന്ന് രക്ഷിച്ചെടുത്ത് അടുക്കളയിലും അരങ്ങിലും തങ്ങളുടെ ധര്‍മനിര്‍വഹണത്തിനുള്ള അവസരമൊരുക്കി.
- അധികാരമെന്നാല്‍ അധികഭാരമാണെന്ന ബോധത്തില്‍ യൂഫ്രട്ടീസിന്റെ തീരത്ത് ഒരാട്ടിന്‍ കുട്ടി വിശന്നു മരിച്ചാല്‍ ദൈവത്തോട് ഞാന്‍ മറുപടി പറയേണ്ടി വരുമല്ലോ എന്ന് വിലപിക്കുന്നവരായി മാറി ഭരണാധികാരികള്‍.
അബ്ദുസ്സമദ് കൂട്ടിലങ്ങാടി
Comments