Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 3

ലാം ഫിലിം ഫെസ്റ്റിവലിലെ വസന്ത കാഴ്ചകള്‍

റിപ്പോര്‍ട്ട് ബഷീര്‍ തൃപ്പനച്ചി

റബ് വസന്തത്തിന്റെ ദൃശ്യ വിരുന്നൊരുക്കുന്നതായിരുന്നു അല്‍ജാമിഅ വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച 'ലാം ഇന്റര്‍നാഷ്‌നല്‍ ഫിലിം ഫെസ്റ്റിവല്‍'. ഈജിപ്ഷ്യന്‍ വിപ്ലവത്തിലെ നിര്‍ണായകമായ 18 ദിനങ്ങളെ പത്ത് സംവിധായകര്‍ ചിത്രീകരിച്ച 18 Days ആയിരുന്നു ഫെസ്റ്റിവലിലെ മുഖ്യ ആകര്‍ഷണം. തുനീഷ്യയില്‍ ആരംഭിച്ച അറബ് വസന്തത്തിന്റെ പ്രാഥമിക പ്രതികരണങ്ങള്‍ ഈജിപ്ഷ്യന്‍ തെരുവുകളില്‍ രൂപം കൊള്ളുന്നത് മുതല്‍ മുബാറക്കിനെ താഴെയിറക്കുന്ന കൊടുങ്കാറ്റായത് രൂപം കൊള്ളുന്നത് വരെയുള്ള ഘട്ടങ്ങള്‍ വാചാലമായി ഓരോ ഫിലിമും സംസാരിക്കുന്നു. ഭാവനക്കും ഫിക്ഷനും പകരം തെരുവിലെ നേര്‍ക്കാഴ്ചകളിലേക്കാണ് കാമറ തുറന്ന് വെച്ചിരിക്കുന്നത്. ഓരോ ദിനവും ശക്തി പ്രാപിച്ചുവരുന്ന പ്രക്ഷോഭത്തിലേക്ക് രാജ്യത്തിന്റെ വ്യത്യസ്ത കോണുകളില്‍നിന്ന് ആളുകള്‍ അണിചേരുന്ന വിപ്ലവത്തിന്റെ ജനകീയതയെ സിനിമ ചിത്രീകരിക്കുന്നു. തെരുവില്‍ ചായ വില്‍ക്കുന്ന പെണ്‍കുട്ടി മുതല്‍ മധ്യ വര്‍ഗക്കാരന്‍ വരെ പുലരാന്‍ പോകുന്ന ലോകത്തെക്കുറിച്ച തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും കാമറക്ക് മുന്നില്‍ പ്രഖ്യാപിച്ച് പ്രക്ഷോഭത്തില്‍ അണിചേരുന്നു.
സുരക്ഷാ സൈനികര്‍ അഴിച്ചുവിട്ട ക്രൂര മര്‍ദനങ്ങളും കര്‍ഫ്യൂവിന്റെ മറവില്‍ നടന്ന ഭരണകൂട അതിക്രമങ്ങളും ഇരുട്ടിനും വെളിച്ചത്തിനുമിടക്ക് അവ്യക്തമായി സ്‌ക്രീനില്‍ തെളിയുന്നുണ്ട്. മുല്ലപ്പൂവിന്റെ നറുമണം ആസ്വദിക്കുന്നതിന് ഒരു ജനത തെരുവിലൊഴുക്കിയ രക്തവര്‍ണങ്ങള്‍ പലപ്പോഴും പശ്ചാത്തല സംഗീതത്തെ ശോകാര്‍ദ്രമാക്കുന്നു. സ്വേഛാധിപതിയുടെ അധികാരക്കൊതി തുറന്നു കാട്ടുന്ന, വിപ്ലവകാരികള്‍ക്ക് താക്കീത് നല്‍കുന്ന മുബാറക്കിന്റെ പ്രഭാഷണം സിനിമയില്‍ കടന്നുവരുന്നുണ്ട്. തൊഴിലില്ലായ്മയും പട്ടിണിയും ഒരു രാഷ്ട്രത്തിലെ സാധാരണക്കാരനെ എങ്ങനെ പ്രക്ഷോഭകാരിയാക്കുന്നുവെന്ന് തെരുവിലേക്ക് തുറന്നുവെച്ച കാമറയിലൂടെ നാം കാണുന്നു. പത്ത് ഫിലിമുകളും കണ്ട് കഴിയുമ്പോള്‍ പ്രണയത്തിലും കെട്ടുകഥകളിലും അഭിരമിക്കുന്ന നമ്മുടെ സംവിധായക 'പ്രതിഭകള്‍' പച്ചയായ ഇന്ത്യന്‍ തെരുവു കാഴ്ചകളിലേക്ക് കാമറ ഫോക്കസ് ചെയ്തിരുന്നുവെങ്കില്‍ എന്ന് ഒരു നിമിഷം ആഗ്രഹിച്ചുപോകും.
Retention (Sherif Arafa), God's Creation (Kamla Abu Zikry), 19-19 (Marwan Hamed), When the Flood Hits You (Mohammed Ali), Curfew (Sherif E l Bendari), Revolution Cookies (Khaled Marei), Thahrir 2/2 (Mariam Abu Ouf), Window (Ahmad Abdullah), Interior/Exterior (Yousuri Nasrullah), Ashraf Seberto (Ahmad Alaa) എന്നീ സ്ത്രീകളുള്‍പ്പെടെയുള്ള പത്ത് സംവിധായകരാണ് 18 days സിനിമകളെ അണിയിച്ചൊരുക്കിയിരിക്കുന്നത്.
ഹാനി ആദിലും സാമിര്‍ ഈദും ചേര്‍ന്ന് സംവിധാനം ചെയ്ത മുല്ലപ്പൂ വിപ്ലവത്തിന്റെ തീം സോംഗായി മാറിയ സൗത്തുല്‍ ഹുരിയ്യ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ഫെസ്റ്റിവലിന്റെ തുടക്കം. പ്രശസ്ത തുനീഷ്യന്‍ സംവിധായകന്‍ ഇല്യാസ് ബക്കര്‍ (Raouge Parole) വീഡിയോ കോണ്‍ഫറന്‍സിലൂടെ ഫെസ്റ്റിവലിനെ അഭിസംബോധന ചെയ്തു.
El-Gneral- The Voice of Tunisia (Mahir Zain), Time of LIberty (Sa'd Chemmari), Do'nt Wanna (Murad Aldin Amayerh), Palastine will be Free (Mahir Zain) തുടങ്ങിയ മ്യൂസിക് ആല്‍ബങ്ങളും അറബ് വസന്ത പാക്കേജില്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു.
ഇന്ത്യന്‍ കാമ്പസുകളില്‍ നിന്നുള്ള ഹ്രസ്വ ഫിലിമുകളുടെ പ്രദര്‍ശനവും കാമ്പസ് ഡയറക്ടര്‍മാരെ പങ്കെടുപ്പിച്ചുള്ള ചര്‍ച്ചയും ഫെസ്റ്റിവലിന്റെ ഭാഗമായി നടന്നു. 'അറബ് വിപ്ലവവും പുതിയ ദൃശ്യ കാഴ്ചകളും' 'കാമ്പസ് ഫിലിമുകള്‍ പറയുന്നത്' എന്നീ വിഷയങ്ങളിലുള്ള ഓപ്പണ്‍ ഫോറങ്ങള്‍ ഉള്ളടക്കം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. മീഡിയാ വണ്‍ ചീഫ് പ്രോഗ്രാം പ്രൊഡ്യൂസര്‍ ആദം അയ്യൂബ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. സാദിഖ് മന്‍സിലി (യമന്‍), എം. നൗഷാദ്, അബ്ദുല്ലാ മന്‍ഹാം, കെ. അബ്ദുല്‍ കരീം, ടി.പി ബഷീര്‍, എം.ജെ വസീം എന്നിവര്‍ സംസാരിച്ചു. ഫെസ്റ്റിവലിലെ മികച്ച ഹ്രസ്വ ഫിലിമിനുള്ള അവാര്‍ഡ് സുജിത്ത് സംവിധാനം ചെയ്ത തമിഴിലെ 'വേഷം' കരസ്ഥമാക്കി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം