Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 3

ചമയം -ചിന്ത, ചന്തം, ചാരിത്ര്യം

പുസ്തകം ഉമ്മുല്‍ ഫാഇസ

9/11-നു ശേഷം അറബ് വസന്തം ഇസ്‌ലാമിക ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. നവ ചിന്താധാരകള്‍ വിശകലനങ്ങളിലൂടെ പുതിയ അര്‍ഥങ്ങളും അനുമാനങ്ങളും കണ്ടെത്തുകയാണ്. ഭീകരതയും തീവ്രവാദവും ഒരുഭാഗത്ത് ചേര്‍ത്തു വായിക്കപ്പെടുമ്പോള്‍, മറുഭാഗത്ത് സ്ത്രീ വിമോചനത്തിന്റെ പ്രതീകമായി ഇസ്‌ലാമിക വ്യവസ്ഥിതിയെ അവതരിപ്പിക്കുന്നു. സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള വാദഗതികളിലാണ് ഇസ്‌ലാം വ്യാപകമായി വ്യാഖ്യാനിക്കപ്പെട്ടിട്ടുള്ളതും വിലയിരുത്തപ്പെട്ടിട്ടുള്ളതും. 'ഇസ്‌ലാമിലെ സ്ത്രീ' അഥവാ 'മുസ്‌ലിം സ്ത്രീ' അടിച്ചമര്‍ത്തപ്പെട്ടവളും അടിമയാക്കപ്പെട്ടവളുമായാണ് സെക്യുലരിസ്റ്റുകളും ഫെമിനിസ്റ്റുകളും ആരോപിക്കുന്നത്. മുസ്‌ലിം സ്ത്രീ വിശകലനങ്ങളില്‍ തന്നെ മിക്കതും ഹിജാബ്, പര്‍ദ, നിഖാബ് തുടങ്ങി അവളുടെ വേഷവിധാനത്തെ കേന്ദ്രമാക്കിയുള്ളവയാണ്. ഒരു വില കുറഞ്ഞ യൂനിഫോമിറ്റിയായാണ് ഹിജാബിനെ പാശ്ചാത്യര്‍ കാണുന്നത്.
ചൂടേറിയ വിമര്‍ശനങ്ങള്‍ക്കിടയിലും അമേരിക്കയിലെയും യൂറോപ്പിലെയും -പ്രധാനമായും ബ്രിട്ടനിലെ- കോസ്‌മോ പൊളിറ്റന്‍ നഗരങ്ങളിലെ മുസ്‌ലിംകള്‍ക്കിടയില്‍ പ്രത്യക്ഷത്തില്‍ വര്‍ധിച്ചുവരുന്ന വിശ്വാസത്തിന്റെ പ്രകടമായ കാഴ്ചകളാണ് വിസിബ്‌ലി മുസ്‌ലിം: ഫാഷന്‍, പൊളിറ്റിക്‌സ്, ഫെയ്ത്ത് എന്ന ഗ്രന്ഥത്തിലൂടെ എമ്മാ ടാര്‍ലോ വരച്ചുകാട്ടുന്നത്. ലണ്ടന്‍ സര്‍വകലാശാലയിലെ ഗോള്‍ഡ് സ്മിത്ത്‌സില്‍ ആന്ത്രോപോളജിയില്‍ റീഡറാണ് ഗ്രന്ഥകാരി. ഇന്ത്യയിലും ബ്രിട്ടനിലുമായി ക്ലോത്തിംഗ്, ടെക്‌സ്റ്റൈല്‍സ്, സ്വത്വരാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണങ്ങളും പഠനങ്ങളും ടാര്‍ലോ നടത്തിയിട്ടുണ്ട്. ക്ലോത്തിംഗും ടെക്‌സ്റ്റൈല്‍സും കേന്ദ്രീകരിച്ച് ടാര്‍ലോ ഇന്ത്യയില്‍ നടത്തിയ ഗവേഷണം പ്രാദേശിക, ദേശീയ ഐഡന്റിറ്റിയെ കുറിച്ചുള്ള സാംസ്‌കാരിക വിശകലനങ്ങള്‍ക്ക് നിമിത്തമായിട്ടുണ്ട്.
ഉത്തരാധുനിക യൂറോപ്പില്‍ സാമൂഹിക ശക്തിയായി ഇസ്‌ലാം കടന്നുവരുന്നതിനെക്കുറിച്ചാണ് ടാര്‍ലോ ഇപ്പോള്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത്. കാഴ്ചയിലെ മുസ്‌ലിമിന്റെ രാഷ്ട്രീയത്തെയും ഫാഷനെയും വിശ്വാസത്തെയും സംയോജിപ്പിക്കുകയാണ് 2010-ല്‍ പ്രസിദ്ധീകരിച്ച 'വിസിബ്‌ലി മുസ്‌ലിം' എന്ന ഗ്രന്ഥത്തിലൂടെ ടാര്‍ലോ ചെയ്യുന്നത്.
വിശ്വാസവും ഫാഷനും കൂട്ടിക്കലര്‍ത്താന്‍ പറ്റാത്ത പരസ്പര വിരുദ്ധങ്ങളായ രണ്ട് വിഷയങ്ങളായാണ് പൊതുവെ പരിഗണിക്കാറുള്ളത്. മതത്തിന്റെ അന്തസ്സിനും മതപാഠങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്കും കോട്ടം തട്ടാത്ത രൂപത്തില്‍ പുതിയ രീതികള്‍ വേഷത്തില്‍ ആവിഷ്‌കരിച്ചാലും അത്തരക്കാരെ കേവല പരിഷ്‌കാരികളായി കാണുന്ന പ്രവണതയാണ് ഇന്നുമുള്ളത്. പുതിയ കാലത്ത് വിദ്യാഭ്യാസത്തിനും ഉപജീവനത്തിനുമായി ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ബ്രിട്ടനിലേക്കുണ്ടായ കുടിയേറ്റങ്ങളുടെ അനന്തരഫലമായി അവിടെ രൂപപ്പെട്ടിട്ടുള്ള ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം യുവതികള്‍ ഹെഡ് സ്‌കാഫ് കൊണ്ടുമാത്രം തിരിച്ചറിയാന്‍ പറ്റുന്ന രീതിയില്‍ തങ്ങളുടെ സമപ്രായക്കാരായ ബ്രിട്ടീഷ് യുവതികളെ പോലെ ഫാഷന്‍ ട്രെന്‍ഡുകളോട് ആഭിമുഖ്യം പുലര്‍ത്തുന്നവരായി കാണാം. ഇവിടെ തികച്ചും വ്യത്യസ്തമായ ഒരു ആത്മബോധത്തിന്റെ ഘടകമായി ഹിജാബിനെ ടാര്‍ലോ വിലയിരുത്തുന്നു. വൈവിധ്യമാര്‍ന്ന കലാവിദ്യകളിലൂടെ ഹെഡ് സ്‌കാഫിന്റെ മോടി കൂട്ടുന്ന യുവതികള്‍ക്കായി പുതുപുത്തന്‍ 'ഹിജാബി ഫാഷന്‍' മാര്‍ക്കറ്റുകളുടെ വളര്‍ച്ചയും ആവിഷ്‌കാരങ്ങളും ഉള്‍പ്പെടുത്തിയ ഉള്ളടക്കം ടാര്‍ലോയുടെ രചനയെ വേറിട്ടു നിര്‍ത്തുന്നു.
ഹിജാബിന്റെ പ്രാമാണികതയെ ചോദ്യം ചെയ്യുകയോ വിലയിരുത്തുകയോ ചെയ്യുന്നതിനപ്പുറം സാമൂഹികവും രാഷ്ട്രീയവും വംശപരവും വിശ്വാസപരവുമായ തെരഞ്ഞെടുപ്പിന്റെ പിന്നാമ്പുറങ്ങള്‍ അന്വേഷിക്കുകയാണ് എഴുത്തുകാരി. 2004-ല്‍ വിദ്യാലയങ്ങളില്‍ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിച്ച ഫ്രഞ്ച് ഗവണ്‍മെന്റ് നടപടിയും തുടര്‍ന്ന് ബ്രിട്ടീഷ് മുസ്‌ലിംകളില്‍ സൃഷ്ടിച്ച വികാരവും അവരുടെ നീണ്ട ഗവേഷണ യത്‌നങ്ങളുടെ സൂചകങ്ങളായ ഡ്രസ്സ്, ടെക്‌സ്റ്റൈല്‍സ്, മെറ്റീരിയല്‍ കള്‍ച്ചര്‍ എന്നീ മേഖലകളിലെ താല്‍പര്യവുമാണ് ഇത്തരമൊരന്വേഷണത്തിന് പ്രേരകമായത്.
മുസ്‌ലിം ഐഡന്റിറ്റി നിസ്സങ്കോചം വെളിപ്പെടുത്തുന്നതില്‍ യാതൊരു അപകര്‍ഷതയുമില്ലാത്ത മൂന്ന് പ്രഫഷനലുകളുടെ 'വേഷത്തിന്റെ തെരഞ്ഞെടുപ്പിനെ' (clothing choice) സ്വാധീനിച്ച ജീവിത സാഹചര്യങ്ങള്‍ വിവരിച്ചുകൊണ്ടാണ് പുസ്തകം ആരംഭിക്കുന്നത്. ബംഗ്ലാദേശ് വംശജയായ റസിയ വാഹിദ് ബ്രിട്ടനിലെ അറിയപ്പെടുന്ന ടെക്‌സ്റ്റൈല്‍സ് ആര്‍ട്ടിസ്റ്റാണ്. പിതാവിനോടൊപ്പം അഞ്ചാം വയസ്സില്‍ ബ്രിട്ടനിലേക്ക് കുടിയേറിയതാണ് റസിയയും കുടുംബവും. വിവിധ വര്‍ണങ്ങളിലുള്ള ഹെഡ്‌സ്‌കാഫ് ധരിച്ചുകൊണ്ട് പ്രത്യക്ഷപ്പെടുന്ന റസിയയെ ബ്രിട്ടീഷ് സുഹൃത്തുക്കള്‍ വലിയ ഇസ്‌ലാമിസ്റ്റായി കണ്ടപ്പോള്‍, യാഥാസ്ഥിതിക മുസ്‌ലിം വനിതകള്‍ റസിയയെ ഇസ്‌ലാമില്‍നിന്ന് അകന്നവളോ പാശ്ചാത്യ സംസ്‌കാരത്തോട് കൂടുതല്‍ അടുത്തവളോ ആയി കണ്ടു. റസിയയുടെ വേഷത്തെ ഇസ്‌ലാമികവും ആലങ്കാരികവും ആധുനികവും വൈവിധ്യപൂര്‍ണവുമായിട്ടാണ് ടാര്‍ലോ നിരീക്ഷിക്കുന്നത്.
പ്രൈമറി വിദ്യാഭ്യാസ കാലം തൊട്ടേ രക്ഷിതാക്കളുടെ കര്‍ശനമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി യൂനിഫോം ധരിക്കുന്നത് ഷാസിയ മിര്‍സയെ അസ്വസ്ഥയാക്കിയിരുന്നു. ബാല്യത്തിന്റെ നൈര്‍മല്യം ചാലിച്ച സ്വപ്നങ്ങളില്‍ പ്രശസ്ത മോഡല്‍ മഡോണയായിരുന്നു മനസ്സ് നിറയെ. തീക്ഷ്ണമായ കാമ്പസ് കാലഘട്ടം കടന്ന്, ഇന്ന് ലോകമറിയപ്പെടുന്ന ഹാസ്യാവതാരകയും (comedian) ടെലിവിഷന്‍, സ്റ്റേജ് ഷോകളിലെ ഹിജാബ് ധാരിണിയുമായ ഷാസിയ മിര്‍സ, പാശ്ചാത്യ ആസ്വാദകര്‍ക്കിടയില്‍ അംഗീകാരം നേടിയ ഏഷ്യന്‍ വംശജയാണ്. തന്റെ പ്രഫഷന്റെ സ്വീകാര്യതയെ ബാധിക്കുന്ന രൂപത്തിലുള്ള വേഷവിധാനവും അതിലൂടെ ആവിഷ്‌കരിക്കപ്പെടുന്ന മുസ്‌ലിം പ്രതിനിധാനവും തലയില്‍ ധരിക്കുന്ന ഹിജാബിന്റെ ഭാരത്തേക്കാള്‍ മനസ്സില്‍ അസ്വസ്ഥതയുണ്ടാക്കിയപ്പോള്‍ (9/11-നുശേഷം) 2003-ന്റെ അവസാനത്തോടു കൂടി ഹിജാബ് ധരിക്കാതെയും പരിപാടികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഹിജാബോടു കൂടിയും അല്ലാതെയും പ്രത്യക്ഷപ്പെടുന്ന ഷാസിയ മിര്‍സ, വത്തിക്കാനില്‍ വെച്ചു നടന്ന ഒരു പരിപാടിയില്‍ കന്യാസ്ത്രീകള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത നേടാന്‍ ഹിജാബ് കാരണമായതായി വിലയിരുത്തുന്നു. ഒരു മുസ്‌ലിം സ്ത്രീ എന്നതിലുപരി സ്വന്തമായ കാഴ്ചപ്പാടും നിലപാടുകളുമുള്ള ഷാസിയ തന്റേതായ വ്യക്തിത്വം രൂപപ്പെടുത്തിയെടുക്കാനാണ് ആഗ്രഹിക്കുന്നത്.
മത സാമുദായിക പ്രതിനിധാനങ്ങള്‍ക്കപ്പുറം കലാ-സൗന്ദര്യ-സദാചാര-സാമൂഹിക-രാഷ്ട്രീയ ബോധങ്ങളിലധിഷ്ഠിതമായ തെരഞ്ഞെടുപ്പ് ബഹുസ്വര രാഷ്ട്രങ്ങളിലെ മുസ്‌ലിം വനിതകളുടെ വേഷവിധാനങ്ങളില്‍ പ്രകടമാവുന്നതായി ടാര്‍ലോ ചൂണ്ടിക്കാട്ടുന്നു. നവ മുസ്‌ലിം ബ്രിട്ടീഷ് വനിതകളുടെ അനുഭവങ്ങളിലൂടെ ഹിജാബിന്റെ ഭൂമിശാസ്ത്രപരമായ വിശകലനങ്ങള്‍ നടത്തുകയാണ് 'ജ്യോഗ്രഫീസ് ഓഫ് ഡ്രസ്സ്' എന്ന അധ്യായത്തിലൂടെ. ഹെയര്‍ ഡ്രെസ്സിംഗ് സലൂണിലെ ജീവനക്കാരിയായ ജെയ്ന്‍ കോണ്‍വെന്റ് സ്‌കൂളില്‍ പഠിച്ചതിലൂടെ തനിക്ക് നഷ്ടപ്പെട്ടെന്ന് വിശ്വസിക്കുന്ന ബഹുസ്വര സാമൂഹിക ചുറ്റുപാടുകള്‍ തന്റെ മകന് ലഭിക്കാന്‍ വേണ്ടി സര്‍ക്കാര്‍ വിദ്യാലയത്തിലാണ് അവനെ പഠിപ്പിച്ചിരുന്നത്. എന്നാല്‍, സഹജീവനക്കാരി ലോറയ്‌ന്റെ ഇസ്‌ലാം ആശ്ലേഷണവും ഹിജാബ് ധാരണവും ജെയ്‌നിന്റെ മനസ്സിനെ വ്യാകുലപ്പെടുത്തുകയും മകനെ സഭയുടെ കീഴിലുള്ള വിദ്യാലയത്തിലേക്ക് മാറ്റിച്ചേര്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഒരാളുടെ വേഷത്തിലെ മാറ്റം മറ്റൊരാളുടെ വിശ്വാസത്തെയും ജീവിതത്തെ കുറിച്ച കാഴ്ചപ്പാടിനെയും സ്വാധീനിക്കുന്നതെങ്ങനെയെന്ന് ഗ്രന്ഥകാരി ഇത്തരം ഉദാഹരണങ്ങളിലൂടെ എടുത്തു കാട്ടുന്നു.
യൂറോപ്പിലുടനീളമുണ്ടായ ഹിജാബിന്റെ നിരോധവും ആഗോളതലത്തിലെ ഹിജാബ് ആക്ടിവിസത്തിന്റെ വളര്‍ച്ചയും പുസ്തകത്തില്‍ പ്രതിപാദിക്കുന്നു. കറുത്ത വംശജരും നവ മുസ്‌ലിം ബ്രിട്ടീഷ് വനിതകളും കാവ്യ തീര്‍ഥയാത്രാ (Poetic Pilgrimage) സംഘാംഗങ്ങളുമായ സുൈഖനയും മുനീറയുമായുള്ള സംഭാഷണത്തിലൂടെ, ഫാഷനും വിശ്വാസവും സമന്വയിപ്പിച്ചുകൊണ്ടുള്ള വേഷവിധാനങ്ങളുടെ പുതിയ മട്ടും ഭാവവും യുവ തലമുറ എങ്ങനെ ആവിഷ്‌കരിക്കുന്നു എന്ന് പറയുകയാണ് ടാര്‍ലോ. രണ്ടു വര്‍ഷക്കാലം ബ്രിട്ടീഷ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന 'ജില്‍ബാബ് കോണ്‍ട്രോവേഴ്‌സി'യോടനുബന്ധമായുണ്ടായ മീഡിയാ സ്റ്റീരിയോ ടൈപ്പിങ്ങും തീവ്ര ഇസ്‌ലാമിക സംഘടനകളുടെ നിലപാടുകളില്‍ നിന്നുടലെടുത്ത സംഘര്‍ഷങ്ങളുടെ രാഷ്ട്രീയവും ഒക്കെ ഇതിനിടയില്‍ ചര്‍ച്ചയാകുന്നുണ്ട്.
ഇങ്ങനെ ഇസ്‌ലാമിനെതിരെയുള്ള പടിഞ്ഞാറിന്റെ കുപ്രചാരണങ്ങളെ പൊളിച്ചെഴുതിക്കൊണ്ട് രാഷ്ട്രീയ, വിശ്വാസ, കലാ, സൗന്ദര്യ ബോധമുള്ള സ്വതന്ത്ര വ്യക്തിത്വമായി മുസ്‌ലിം സ്ത്രീയെ ഉയര്‍ത്തിക്കാട്ടുന്നു എന്നതാണ് എമ്മാ ടാര്‍ലോയുടെ വിസിബ്‌ലി മുസ്‌ലിം: ഫാഷന്‍, പൊളിറ്റിക്‌സ്, ഫെയ്ത്ത് എന്ന ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നത്.
[email protected]
(ദല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദ വിദ്യാര്‍ഥിനിയാണ് ലേഖിക)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം