Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 3

കണ്ണൂരിന്റെ കണ്ണീര്‍ തോരട്ടെ

ഷ്ടമുള്ള ആദര്‍ശങ്ങളും അഭിപ്രായങ്ങളും പുലര്‍ത്താനും പ്രചരിപ്പിക്കാനും പ്രയോഗിക്കാനും സ്വാതന്ത്ര്യം നല്‍കുന്ന സംവിധാനമാണ് ജനാധിപത്യം. ഈ സംവിധാനം നിലനില്‍ക്കാന്‍ എല്ലാവരും അവരവരുടെ ആശയാദര്‍ശങ്ങള്‍ പ്രകടിപ്പിക്കുന്നതിലും പ്രയോഗിക്കുന്നതിലും ചില നിയന്ത്രണങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ആദര്‍ശ വിശ്വാസങ്ങളെന്തായിരുന്നാലും അത് പ്രകടിപ്പിക്കുന്നതും പ്രയോഗിക്കുന്നതും അന്യന്റെ മൂക്കിന്‍ തുമ്പില്‍ തട്ടാതെയായിരിക്കണം. എങ്കിലേ ജനാധിപത്യ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരുപോലെ അനുഭവിക്കാനാകൂ. ആദര്‍ശങ്ങള്‍ തമ്മിലും പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലും, വൈവിധ്യങ്ങളും വൈരുധ്യങ്ങളുമുണ്ടാകും. അത് പരിഹരിക്കേണ്ടത് സായുധ സംഘട്ടനത്തിലൂടെയല്ല; സമാധാനപരമായ സംവാദത്തിലൂടെയും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാത്ത പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെയുമാണ്. അഭിപ്രായ സംഘട്ടനം ആയുധ സംഘട്ടനത്തിന്റെ രൂപം പ്രാപിക്കുമ്പോള്‍ ജനാധിപത്യം ഫാഷിസത്തിനു വഴിമാറുകയായി.
ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ കക്ഷികളും മതേതര ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു എന്നവകാശപ്പെടുന്നവരാണ്. എങ്കിലും പല കക്ഷികളും വര്‍ഗീയ ഫാഷിസ്റ്റ് പ്രവണതകളെ ഒളിഞ്ഞും തെളിഞ്ഞും താലോലിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. ഉത്തരേന്ത്യയില്‍ തെരഞ്ഞെടുപ്പുകാലങ്ങളില്‍ ഇത് വളരെ പ്രകടമായി കാണാം. പാര്‍ട്ടികള്‍ തമ്മിലുള്ള സംഘട്ടനത്തില്‍ കേരളവും പിന്നിലല്ല. വടക്കേ മലബാറാണ് അതില്‍ കുപ്രസിദ്ധി നേടിയിട്ടുള്ളത്. കണ്ണൂരിന്റെ പരിസരങ്ങളില്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ രൂപം കൊള്ളുന്നതും നിലനില്‍ക്കുന്നതും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഫാഷിസ്റ്റ് നടപടികളിലൂടെയാണെന്ന് എല്ലാവര്‍ക്കുമറിയാം. എല്ലാവരും, അഹിംസയും ജനാധിപത്യ സഹവര്‍ത്തിത്വവും തീവ്രവാദ വിരോധവും പ്രസംഗിച്ചുകൊണ്ടിരിക്കെ തന്നെ കണ്ണൂരിനെ കണ്ണീര്‍ക്കയമാക്കിക്കൊണ്ട് സി.പി.എം-കോണ്‍ഗ്രസ്, സി.പി.എം-ആര്‍.എസ്.എസ് രാഷ്ട്രീയ സംഘട്ടനങ്ങള്‍ മൂലം നിരവധി മനുഷ്യ ജീവന്‍ പൊലിഞ്ഞു പോവുകയുണ്ടായി. കുറച്ചു നാളായി ഈ നരമേധ പരമ്പര തെല്ലൊന്നടങ്ങിയെന്നാശ്വസിച്ചിരിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഇപ്പോഴിതാ അത് സി.പി.എം-മുസ്‌ലിം ലീഗ് സംഘട്ടനത്തിന്റെ രൂപത്തില്‍ വീണ്ടും ആളിത്തുടങ്ങിയിരിക്കുന്നു. രണ്ട് മൂന്ന് പേര്‍ ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞു. പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നേതാക്കള്‍ ആക്രമിക്കപ്പെടുന്നു.
മതേതര ജനാധിപത്യവും തീവ്രവാദവിരോധവും പ്രസംഗിക്കുന്നതില്‍ മുന്‍പന്തിയിലാണ് മുസ്‌ലിം ലീഗും. ഏതാനും മാസം മുമ്പ് ബോംബ് നിര്‍മാണത്തിനിടെയുണ്ടായ അബദ്ധ സ്‌ഫോടനത്തില്‍ അവരുടെ അഞ്ച് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ലീഗ് കേന്ദ്രങ്ങളില്‍ നിന്ന് ധാരാളം ബോംബുകള്‍ കണ്ടെടുക്കപ്പെടുകയുമുണ്ടായി. തീവ്രവാദികളെന്നും ഭീകരരെന്നും മുസ്‌ലിം ലീഗ് വാതോരാതെ ആക്ഷേപിച്ചുകൊണ്ടിരിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തകരില്‍ ഇത്രയും ഭീകരവും ദാരുണവുമായ സംഭവങ്ങളുണ്ടായിട്ടില്ല. അക്രമരാഷ്ട്രീയത്തില്‍ ആ പാര്‍ട്ടി അവരുടെ പ്രതിയോഗികള്‍ക്കൊപ്പമെത്താന്‍ മത്സരിക്കുന്നുവെന്നാണിത് സൂചിപ്പിക്കുന്നത്. മുസ്‌ലിം ലീഗ് എന്ന പേര് സൂചിപ്പിക്കുന്നത് അത് മുഴുവന്‍ മുസ്‌ലിംകളെയും പ്രതിനിധീകരിക്കുന്നുവെന്നാണ്. സത്യം അതല്ലെങ്കിലും അങ്ങനെയാണ് മുസ്‌ലിം ലീഗ് അവകാശപ്പെടുന്നതും. തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സമുദായത്തിന്റെ പ്രാതിനിധ്യമുണ്ടെന്നാണതിനര്‍ഥം. തങ്ങളുടെ പ്രവര്‍ത്തകരുടെ തീവ്രവാദപരമായ അക്രമ നടപടികളെ മറ്റു വിഭാഗങ്ങള്‍ ആ നിലയില്‍ മനസ്സിലാക്കാനിടയായാല്‍ അതിന്റെ പരിണതി ഗുരുതരമായിരിക്കുമെന്ന് ലീഗ് നേതൃത്വം ഓര്‍ക്കേണ്ടതുണ്ട്. പാര്‍ട്ടി സംഘട്ടനങ്ങള്‍ പാര്‍ട്ടിയുടെ കണക്കില്‍ തന്നെ വരേണ്ടതാണ്. അത് സമുദായത്തിന്റെ കണക്കിലെഴുതപ്പെട്ടുകൂടാ.
ഉത്തരവാദപ്പെട്ട എല്ലാവരോടും ഞങ്ങള്‍ക്ക് ഉണര്‍ത്താനുള്ളത് ഇതാണ്: അക്രമങ്ങള്‍ക്കിരയാകുന്നതും കൊല്ലപ്പെടുന്നതും ഏതു പാര്‍ട്ടിക്കാരായാലും കേരളീയരാണ്, നമ്മുടെ സഹോദരങ്ങളാണ്. അനാഥരാക്കപ്പെടുന്നത് നമ്മുടെ മക്കളാണ്. വിധവകളാക്കപ്പെടുന്നത് നമ്മുടെ സഹോദരിമാരാണ്. അവരുടെ കദനവും കണ്ണീരും നമ്മുടേതു കൂടിയാണ്; ആയിരിക്കണം. അതുകൊണ്ട് കണ്ണൂരിലാളുന്ന തീ എത്രയും പെട്ടെന്ന് തല്ലിക്കെടുത്താന്‍ രാഷ്ട്രീയ ലാഭ ചേതങ്ങള്‍ മറന്ന് എല്ലാവരും ഒന്നിക്കണം. രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം മത-സാംസ്‌കാരിക നേതാക്കളും മുന്നോട്ടുവരേണ്ടിയിരിക്കുന്നു. കണ്ണൂരില്‍ സമാധാനം സ്ഥാപിക്കാന്‍ സര്‍വകക്ഷി സംവിധാനം രൂപം കൊണ്ടിരിക്കുന്നുവെന്ന വാര്‍ത്ത ആശ്വാസദായകമാണ്. ആ സംരംഭത്തിന് എല്ലാ വിജയവും നേരുന്നു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം