വേണ്ടത് ആധുനികതയെ ഉള്‍വഹിക്കുന്ന വൈജ്ഞാനിക പരിഷ്‌കാരങ്ങള്‍
കേരളത്തിലെ ഉന്നത ഇസ്ലാമിക വിദ്യാഭ്യാസ മേഖലക്ക് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തി രണ്ട് തവണ താങ്കള്‍ക്ക് അവാര്‍ഡ് ലഭിക്കുകയുണ്ടായി. മുസ്ലിം കേരളത്തിലെ പാരമ്പര്യ ധാരക്ക് ചിരപരിചിതമല്ലാത്ത വിദ്യാഭ്യാസ പരിഷ്കരണത്തിലേക്ക് എങ്ങനെയാണ് എത്തിച്ചേര്‍ന്നത്.
സമന്വയ വിദ്യാഭ്യാസത്തെക്കുറിച്ച ചിന്തയില്‍നിന്നാണ് 'വാഫി' കോഴ്സ് രൂപം കൊള്ളുന്നത്. പുതിയ തലമുറയുടെ അഭിരുചികള്‍ക്കനുസരിച്ച് മതപരവും ലൌകികവുമായ വിഷയങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള സിലബസും സ്ഥാപനങ്ങളും കാലത്തിന്റെ തേട്ടമാണ്. കാലം ഒരുപാട് മാറിയിട്ടുണ്ട്. പഴയതുപോലെ മതപരമായ വിഷയങ്ങള്‍ മാത്രം പഠിച്ചവര്‍ക്ക്, പുതിയ കാലത്തെ അഭിമുഖീകരിക്കാന്‍ കഴിയില്ല. അധ്യാപനം, അധ്യയനം, സിലബസ്, പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങള്‍ തുടങ്ങി അക്കാദമിക മേഖലകളിലെല്ലാം പുതിയ സമീപനരീതികള്‍ വളരെ വേഗത്തിലാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത് അറിയാനും സ്വീകാര്യമായവ ഉള്‍ക്കൊള്ളാനും തയാറാകാതെ ദീനീ വിദ്യാഭ്യാസ മേഖലക്ക് മുന്നോട്ടു പോകാനാകില്ല.
ഏതെങ്കിലും വിദ്യാഭ്യാസ രീതിയോ യൂനിവേഴ്സിറ്റിയോ ഈ സമന്വയ വിദ്യാഭ്യാസ പദ്ധതിയെ സ്വാധീനിച്ചിട്ടുണ്ടോ?
ദീനീ വിദ്യാഭ്യാസ മേഖലയിലെ പുതിയ രീതികള്‍ പൊതുവെ പ്രചോദനമായിട്ടുണ്ടെങ്കിലും ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റിയാണ് 'വാഫി'യെ മുഖ്യമായും സ്വാധീനിച്ചതെന്നു പറയാം. ഗള്‍ഫ് ജീവിതത്തിലെ അനുഭവങ്ങളുമായി കേരളത്തില്‍ മടങ്ങിയെത്തി, വളാഞ്ചേരി മര്‍കസില്‍ അധ്യാപനം തുടങ്ങിയപ്പോഴാണ് ഉസ്താദ് കുഞ്ഞാമു ഫൈസിയും സമാന ചിന്താഗതിക്കാരായ പണ്ഡിതന്മാരുമൊക്കെയായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നത്. സിലബസിന്റെ വിശദാംശങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഡിഗ്രി-പി.ജി കോഴ്സുകളുടെ സിലബസും ചെമ്മാട് ദാറുല്‍ ഹുദാ, ശാന്തപുരം അല്‍ജാമിഅ തുടങ്ങിയ ഉന്നത ദീനീകലാലയങ്ങളുടെ പാഠ്യപദ്ധതികളും പഠനവിധേയമാക്കിയിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലുമൊരു സിലബസ് അപ്പടി പിന്തുടരുകയല്ല ചെയ്തത്. അവയെല്ലാം മുമ്പില്‍വെച്ച്, ഞങ്ങളുടെ പാരമ്പര്യ വിശ്വാസ രീതികളുടെ അടിത്തറയില്‍ തന്നെ ആധുനികതയെ ഉള്‍ക്കൊള്ളുന്ന സിലബസ് രൂപപ്പെടുത്തുകയാണുണ്ടായത്.
അല്‍ അസ്ഹറിന്റെ സ്വാധീനത്തെക്കുറിച്ച് എടുത്തുപറയുകയുണ്ടായി.
ചിന്താപരമായ പൊരുത്തവും വിദ്യാഭ്യാസ നിലവാരവുമാണ് അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റി 'വാഫി'യെ സ്വാധീനിക്കാനും അവരുടെ അംഗീകാരം നേടി മുന്നോട്ട് പോകാനും പ്രചോദനമായത്. തുറന്നു പറഞ്ഞാല്‍, സുഊദി സലഫിസത്തിന്റെ ഇടുങ്ങിയ കാഴ്ചപ്പാടുകളോ തീവ്ര നിലപാടുകളോ അല്ല ഈജിപ്തിലെ അല്‍ അസ്ഹറിനുള്ളത്. അശ്അരീ ചിന്താധാര പിന്തുടരുകയും മധ്യമനിലപാട്(വസത്വിയ്യ) പുലര്‍ത്തുകയും ചെയ്യുന്നതാണ് അല്‍ അസ്ഹറിന്റെ പാരമ്പര്യം. ഏതു വിഷയത്തിലും തീവ്രവാദത്തിലേക്ക് പോകാത്ത, ദീനിന്റെ മധ്യമ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതാണ് അല്‍ അസ്ഹറിന്റെ രീതി.
ഒരു തരം 'അടഞ്ഞ ചിന്താഗതി'യാണ് സലഫിസവും അവരെ പിന്തുടരുന്നവരും പുലര്‍ത്തുന്നത്. അതിന്റെ കെടുതികള്‍ അവര്‍ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഗ്വാണ്ടനാമോ തടവറയിലുള്ളത് അധികവും സൌദി യുവാക്കളാണ്.
അല്‍അസ്ഹര്‍ അശ്അരി ചിന്താധാരയാണ് പിന്തുടരുന്നതെന്ന് സൂചിപ്പിച്ചുവല്ലോ.
അതെ, നാല് മദ്ഹബുകളും രൂപപ്പെടുന്ന കാലത്തുതന്നെ രണ്ടുതരം ചിന്താഗതികള്‍ മുസ്ലിം സമൂഹത്തിലുണ്ടായി. വിശുദ്ധ ഖുര്‍ആനില്‍നിന്നും സുന്നത്തില്‍നിന്നും നേര്‍ക്കുനേര്‍ ലഭിക്കുന്ന അഖീദ മതി എന്നതാണ് ഒന്ന്. ഇമാം മാലിക്(റ), ഇമാം അഹ്മദ്ബ്നു ഹമ്പല്‍(റ) തുടങ്ങിയ മഹാന്മാര്‍ ഈ ചിന്താധാരയുടെ വക്താക്കളായിരുന്നു.....
ഇതില്‍നിന്ന് വ്യത്യസ്തമായിരുന്നു ഇമാം അബുല്‍ ഹസനുല്‍ അശ്അരി(റ)യുടെ കാഴ്ചപ്പാട്. അദ്ദേഹം രംഗത്ത് വന്നപ്പോള്‍ ആശയ സംഘട്ടനം നടന്നത് ഹനാബിലത്തുമായാണ് (ഹമ്പലി വീക്ഷണം).
ഗ്രീക്ക് തത്വശാസ്ത്രത്തിന്റെ കടന്നുവരവാണ് ഇതിന്റെ നിമിത്തങ്ങളിലൊന്ന്. ഗ്രീക്ക് കൃതികളുടെ അറബി ഭാഷാന്തരം വഴി ബുദ്ധിശാസ്ത്രങ്ങള്‍ പരിചയപ്പെട്ട മുസ്ലിം ധിഷണ, അതില്‍ പലതും സ്വീകരിക്കാന്‍ മുന്നോട്ടുവന്നു. അതിനനുസരിച്ച് ഇസ്ലാമിന്റെ അഖീദ വിശദീകരിക്കാന്‍ ശ്രമം നടത്തി. എന്നാല്‍, ഗ്രീക്ക് തത്വശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ ഇസ്ലാമിക വിശ്വാസപ്രമാണങ്ങള്‍ വിശദീകരിച്ചാല്‍ ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധമാകും അതെന്ന വീക്ഷണമായിരുന്നു മഹാനായ ഇമാം അഹ്മദ്ബ്നു ഹമ്പലി(റ)ന്. ഇതിന്റെ പേരില്‍ ഒരു നിലക്കും നമുക്കദ്ദേഹത്തെ ആക്ഷേപിക്കാനാവില്ല.
എന്നാല്‍, പില്‍ക്കാലത്ത് മുസ്ലിം ലോകത്ത് പൊതുവെ അശ്അരി ചിന്താധാരയാണ് സ്വീകാര്യത നേടിയത്. നാം ഇന്ന് പിന്തുടരുന്നതും അതാണ്.
എന്നാല്‍ ബുദ്ധിക്ക് പരമാധികാരം നല്‍കുന്നതായിരുന്നു 'മുഅ്തസില' ധാര. ഇതിനും ചിന്തക്കും ബുദ്ധിക്കും ആധിപത്യം നല്‍കാത്ത ഹനാബില ധാരയക്കും ഇടക്കുള്ള മധ്യമസരണിയാണ് അശ്അരി യ്യയുടേത്.
'വാഫി' കോഴ്സിന്റെ വിശദാംശങ്ങള്‍, അതിന്റെ പ്രത്യേകതകള്‍ എന്തൊക്കെയാണ്?
അഹ്ലുസുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ പണ്ഡിതന്മാര്‍ പിന്തുടര്‍ന്നുവന്ന ദീനീ പഠനരീതി കാലോചിതമായി പരിഷ്കരിച്ച് തയാറാക്കിയ 'മുത്വവ്വല്‍' സിലബസും, ഭൌതിക വിഷയങ്ങളില്‍ യു.ജി.സി അംഗീകാരമുള്ള യൂനിവേഴ്സിറ്റി ബിരുദവും സമന്വയിപ്പിച്ചുകൊണ്ടുള്ളതാണ് 'വാഫി' കോഴ്സ്. പരമ്പരാഗത മുത്വവ്വല്‍ കോഴ്സിന്റെ തനിമയും ഗുണമേന്മയും നഷ്ടപ്പെടാതെ പരിഷ്കരിച്ചും സുപ്രധാനമായ കാലികവിഷയങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തിയുമാണ് ഈ സിലബസ് രൂപപ്പെടുത്തിയിട്ടുള്ളത്. മദ്റസ ഏഴാം ക്ളാസും, എസ്.എസ്.എല്‍.സിയും പാസായ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. എട്ടുവര്‍ഷംകൊണ്ട് 'വാഫി' സര്‍ട്ടിഫിക്കറ്റും അംഗീകൃത യൂനിവേഴ്സിറ്റി ബിരുദവും നേടാവുന്ന രീതിയിലാണ് കോഴ്സ്. 8 വര്‍ഷം 16 സെമസ്ററുകളായി വിഭജിച്ചിട്ടുണ്ട്. ആദ്യ 4 സെമസ്റര്‍ പ്രിപറേറ്ററി, തുടര്‍ന്നുള്ള 8 സെമസ്റര്‍ ഡിഗ്രി, അവസാനത്തെ 4 സെമസ്റര്‍ പി.ജി. ഓരോ സെമസ്ററിലെയും പരീക്ഷകളിലെ വിജയമാണ് തുടര്‍ പഠനത്തിന്റെ മാനദണ്ഡം.
അധ്യയനത്തിലും അധ്യാപനത്തിലും പുതിയ രീതികള്‍ 'വാഫി' സ്വീകരിച്ചിട്ടുണ്ട്. പൌരാണികവും ആധുനികവുമായ തഫ്സീറുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ആഴവും വൈപുല്യവുമുള്ള ഖുര്‍ആന്‍ പഠനം, അറബി വ്യാകരണശാസ്ത്രമായ നഹ്വിനും സ്വര്‍ഫിനും പ്രയോഗത്തിലൂന്നിയ പഠനരീതി, അധ്യയന മാധ്യമമെന്നതിലുപരി ഒരു ഭാഷയായിതന്നെ 'അറബി' പഠനം, മതങ്ങള്‍ -ഇസങ്ങള്‍- ദര്‍ശനങ്ങള്‍ എന്നിവര്‍ക്കിടയിലെ ഗവേഷണ സ്വഭാവമുള്ള താരതമ്യ പഠനം, ക്ളാസിക്കല്‍-മോഡേണ്‍ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള അറബി സാഹിത്യപഠനം, ശാഫിഈ ഇതര മദ്ഹബുകളുടെ പഠനം, കോഴ്സിന്റെ അവസാനം നിര്‍ദിഷ്ട വിഷയത്തിലെ ഗവേഷണ പ്രബന്ധം തുടങ്ങിയവ 'വാഫി'യുടെ സവിശേഷതകളാണ്. ടെക്സ്റ് പുസ്തകങ്ങളുടെ ഏതാണ്ട് മൂന്നിലൊന്നില്‍ കൂടുതല്‍ ആധുനിക അറബിയിലുള്ളതാണ്. വിദ്യാഭ്യാസ മനശാസ്ത്രം, അധ്യാപനരീതി, കേന്ദ്രസര്‍ക്കാറിന്റെ(എന്‍.സി.പി.യു.എല്‍) അംഗീകാരത്തോടുകൂടിയ ദ്വിവര്‍ഷ ഫങ്ഷനല്‍ അറബിക്, ഏകവര്‍ഷ ഫങ്ഷനല്‍ ഉര്‍ദു പഠനം തുടങ്ങിയവക്കുള്ള സൌകര്യം 'വാഫി'യുടെ പ്രത്യേകതകളില്‍ ചിലതാണ്. ദീനീപഠനം കാര്യക്ഷമമാകുന്നതിനുവേണ്ടി അസൈന്‍മെന്റ്, സെമിനാര്‍, ഡിബേറ്റ്, കലക്ഷന്‍, പ്രൊജക്ട്, സിമ്പോസിയം, ആല്‍ബം സെറ്റിംഗ് തുടങ്ങിയ അനുബന്ധ പ്രവര്‍ത്തനങ്ങളും നിരന്തര മൂല്യനിര്‍ണയവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പി.ജി കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥി സി.ഐ.സിയുടെ അക്കാദമിക് കൌണ്‍സില്‍ അംഗീകരിക്കുന്ന വിഷയത്തില്‍ അറബി ഭാഷയിലുള്ള, 100 പേജില്‍ കുറയാത്ത ഗവേഷണ പ്രബന്ധം സമര്‍പ്പിക്കേണ്ടതുണ്ട്.
ഖുര്‍ആന്‍-ഹദീസ് പഠനത്തില്‍ സ്വീകരിച്ചിട്ടുള്ള പുതിയ രീതികള്‍ എന്തൊക്കെയാണ്.
പരിമിത സ്വഭാവത്തിലുള്ളതായിരുന്നു പഴയ ഖുര്‍ആന്‍ പഠനം. പ്രസിദ്ധ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ 'ജലാലൈനി'യില്‍ കേന്ദ്രിതമായിരുന്നു അത്. മികച്ച തഫ്സീറാണ് ജലാലൈനി. സംക്ഷിപ്തമായി ഖുര്‍ആനികാശയങ്ങള്‍ വിശദീകരിക്കുന്നതാണതിന്റെ ശൈലി. തഫസീര്‍ പഠനം ഒന്നുകൂടി വിപുലപ്പെടുത്തുകയാണ് ചെയ്തത്. ഒരു വര്‍ഷം രണ്ടുതരം തഫ്സീര്‍ പരിചയപ്പെടുന്ന വിധത്തില്‍ ഖുര്‍ആന്‍ പഠനം ക്രമീകരിച്ചു. അതുവഴി നാല് വര്‍ഷ ഡിഗ്രി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥിക്ക് 8 തഫ്സീറുകള്‍ പരിചയപ്പെടാന്‍ സാധിക്കുന്നു. ഖുര്‍ആന്‍ പഠനത്തിന്റെ വിഷയത്തില്‍ മുന്‍കാലത്തെ അപേക്ഷിച്ച് മുന്നേറ്റം തന്നെയാണിത്.
ഹദീസ് പഠനവും ദുര്‍ബലമായ രീതിയിലാണ് ഇവിടെ നടന്നുവന്നിരുന്നത്. ഇതിനും മാറ്റം വരുത്തി . ബുഖാരിയും മുസ്ലിമും സുനനിന്റെ ഭാഗങ്ങളും വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നു. പരിഭാഷ വായിക്കുന്ന പോലെയല്ല പഠനം. സനദും മത്നും ചരിത്രവും ഫിഖ്ഹും കാലിക പ്രശ്നങ്ങളെ മുന്‍നിര്‍ത്തി ഇന്ന് നമുക്ക് നടത്താവുന്ന ഹദീസുകളുടെ പുതിയ വായനയും എല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള ഹദീസ് പഠനം. വര്‍ഷങ്ങളായി ഇവിടെ അത് കൈകാര്യം ചെയ്യുന്നത് ഉസ്താദ് കുഞ്ഞാമു ഫൈസിയാണ്. ഒരു ഹദീസ് തന്നെ പലതവണ വായിക്കുമ്പോഴും അതില്‍നിന്ന് പുതിയ പുതിയ ആശയങ്ങള്‍ നമുക്ക് ഉരുത്തിരിച്ചെടുക്കാന്‍ കഴിയും.
പി.ജി തലത്തില്‍ നടപ്പിലാക്കുന്ന ക്രെഡിറ്റ് ആന്റ് സെമസ്റര്‍ സിസ്റത്തെക്കുറിച്ച്.
പ്രിപറേറ്ററി, ഡിഗ്രി തലങ്ങളില്‍ 6 വര്‍ഷത്തെ കോഴ്സില്‍ എല്ലാ വിഷയങ്ങളും പൊതുവെ പഠിക്കുന്ന വിദ്യാര്‍ഥി പി.ജി തലത്തിലെ ദ്വിവര്‍ഷ കോഴ്സില്‍ 'ചോയ്സ് ബെയ്സ്ഡ് ക്രെഡിറ്റ് ആന്റ് സെമസ്റര്‍ സ്കീ'മാണ് പിന്തുടരുന്നത്. സ്പെഷ്യലൈസേഷന്റെ ഭാഗമായി ഉസൂലുദ്ദീന്‍, ശരീഅ, ലുഗ, ഹളാറ എന്നീ ഫാക്കല്‍റ്റികളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഒരു ഫാക്കല്‍റ്റി തെരഞ്ഞെടുത്ത വിദ്യാര്‍ഥിക്ക്, അതില്‍ താല്‍പര്യമില്ലാത്ത വിഷയങ്ങള്‍ ഒഴിവാക്കി പകരം താല്‍പര്യമുള്ള അത്രയും വിഷയങ്ങള്‍ മറ്റു ഫാക്കല്‍റ്റികളില്‍നിന്ന് സ്വീകരിക്കാം. അഭിരുചിക്കനുസരിച്ച് വിഷയങ്ങള്‍ പഠിക്കാന്‍ ഇത് അവസരം നല്‍കും. ഇസ്ലാമിക് ബാങ്കിംഗ്, ന്യൂനപക്ഷ കര്‍മശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ ലോകതലത്തില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന പ്രതിഭകള്‍ സ്പെഷ്യലൈസേഷന്‍ വഴി വളര്‍ന്നു വരും എന്നാണ് പ്രതീക്ഷിക്കുന്നത്.
ആര്‍ട്സ് വിഷയങ്ങള്‍ക്ക് എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ട്
തീര്‍ച്ചയായും, അര്‍ഹമായ പ്രാധാന്യവും പരിഗണനയും ഭൌതിക വിഷയങ്ങള്‍ക്ക് നല്‍കികൊണ്ടാണ് 'വാഫി' സിലബസ് തയാറാക്കിയിരിക്കുന്നത്. കോഴ്സ് കാലാവധിയുടെ ഏകദേശം 25% സമയം ഇതിനായി നീക്കിവെച്ചിട്ടുണ്ട്. പ്ളസ്ടു, ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ക്കുപുറമെ, കമ്പ്യൂട്ടര്‍ പരിജ്ഞാനവും പ്രാധാന്യപൂര്‍വം നല്‍കുന്നുണ്ട്. പ്ളസ്ടുവില്‍ ഹ്യൂമാനിറ്റീസും കൊമേഴ്സും, ഡിഗ്രിയില്‍ ഇംഗ്ളീഷ് സാഹിത്യവും എക്കണോമിക്സും,കൊമേഴ്സുമൊക്കെ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ത്ഥിക്കവസരമുണ്ട്. 'വാഫി' സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ യൂനിവേഴ്സിറ്റി ബിരുദം നേടിയിരിക്കണം എന്നത് ഒരു 'ശര്‍ത്വ്' ആയാണ് നിശ്ചയിച്ചിരിക്കുന്നത്.
കേന്ദ്ര സ്ഥാപനമായ വളാഞ്ചേരി മര്‍കസില്‍ ഇസ്ലാമിക് ആര്‍ട്സ് കോളേജ്, റസിഡന്‍ഷ്യല്‍ ഹൈസ്കൂള്‍, ടീച്ചേഴ്സ് ട്രെയ്നിംഗ് ഇന്‍സ്റിറ്റ്യൂട്ട്, ആര്‍ട്സ് ആന്റ് സയന്‍സ് കോളേജ്, ട്രെയ്നിംഗ് കോളേജ്, ഇന്‍ഡസ്ട്രിയല്‍ ട്രെയ്നിംഗ് സെന്റര്‍, സി.ബി.എസ്.സി ഇംഗ്ളീഷ് മീഡിയം സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. സമീപ പ്രദേശത്ത് 'മര്‍കസ് മലബാര്‍ മുസ്ലിം മിഷന്‍ ഹോസ്പിറ്റലും' പ്രവര്‍ത്തിക്കുന്നുണ്ട്.
സി.ഐ.സി അംഗീകാരം ലഭിക്കാനുള്ള നിബന്ധനകളില്‍ ലൈബ്രറിക്ക് വലിയ പ്രാധാന്യം നല്‍കിയതായി കാണുന്നു.
ലൈബ്രറിക്ക് മുഖ്യപരിഗണന നല്‍കുന്നതോടൊപ്പം റീഡിംഗ് റൂം, ഓഡിറ്റോറിയം, കമ്പ്യൂട്ടര്‍ലാബ്, പ്ളേഗ്രൌണ്ട് എന്നിവയും മറ്റു നിബന്ധനകള്‍ക്കു പുറമെ അംഗീകാരം ലഭിക്കാനുള്ള മാനദണ്ഡങ്ങളാണ്. വിദ്യാര്‍ഥികള്‍ പാഠപുസ്തകങ്ങളുടെ ലോകത്തു മാത്രം ജീവിക്കേണ്ടവരല്ല. പരന്ന വായനയിലൂടെ അറിവിന്റെ വിശാലമായ ലോകത്തേക്ക് കടന്നുചെല്ലാന്‍ കഴിയണം. അതിന് സഹായകമായ വിപുലമായ സൌകര്യം സ്ഥാപനങ്ങളില്‍ ഉണ്ടാകണം. സ്മാര്‍ട്ട് ക്ളാസുകള്‍ എന്ന ആശയത്തിലേക്ക് വാഫി സ്ഥാപനങ്ങള്‍ പോയിക്കൊണ്ടിരിക്കുകയാണ്. ഗ്രേഡിഗ് മാനദണ്ഡങ്ങള്‍ നടപ്പാക്കിത്തുടങ്ങുന്നു.അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച്കൊണ്ടിരിക്കുന്നു. മതവിദ്യാഭ്യാസം മോഹനമാക്കുക, മതവിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയൊക്കെ ലക്ഷ്യങ്ങളാണ്.എസ്.എസ്.എല്‍.സിക്കു ശേഷം മതപഠനത്തിന് ചെറിയതോതിലെങ്കിലും വാഫി പ്രവേശനത്തിനു മത്സരപരീക്ഷ എഴുതേണ്ടിവരുന്നു. വഫിയ്യ പ്രവേശനത്തിനും പെണ്‍കുട്ടികളുടെ തിരക്കാണ്. അതിന്റെ ഗുണഫലങ്ങള്‍ വിദ്യാര്‍ഥിനികളില്‍ കാണാനും കഴിയുന്നുണ്ട്.
ഈജിപ്തിലെ അല്‍അസ്ഹര്‍ യൂനിവേഴ്സിറ്റിയുടെ എം.ഒ.യു(ങലാീൃമിറീാ ീള ഡിറലൃമിെേറശിഴ) 2007ലാണ് 'വാഫി'ക്ക് ലഭിച്ചത്. കയ്റോ യൂനിവേഴ്സിറ്റിയുടെ ഈക്വലന്‍സും ഈ കോഴ്സിനുണ്ട്. വാഫീ കോഴ്സ് പൂര്‍ത്തിയാക്കിയ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ അല്‍ അസ്ഹറില്‍ ഉസൂലുദ്ദീന്‍ ഫാക്കല്‍റ്റിയില്‍ തഫ്സീര്‍ വിഭാഗത്തില്‍ തുടര്‍ പഠനം നടത്തുന്നുണ്ട്. കയ്റോ യൂനിവേഴ്സിറ്റിയിലെ ദാറുല്‍ ഉലൂം ഫാക്കല്‍റ്റിയില്‍ ഇസ്ലാമിക് ശരീഅ, ഇസ്ലാമിക് ഫിലോസഫി വിഭാഗങ്ങളില്‍ ഡോക്ടറേറ്റ് ചെയ്യാനും 'വാഫി'കള്‍ അര്‍ഹത നേടുകയുണ്ടായി. 8 വര്‍ഷത്തെ വാഫീ കോഴ്സ് പൂര്‍ത്തിയാക്കിയവരെ വാഫി സര്‍ട്ടിഫിക്കറ്റും, അറബി ഭാഷയിലെ ഗവേഷണ പ്രബന്ധവും ആധാരമാക്കി സുപ്രീം കൌണ്‍സില്‍ ഓഫ് യൂനിവേഴ്സിറ്റീസ് നേരിട്ട് ഡോക്ടറേറ്റിന് തെരഞ്ഞെടുക്കുകയാണുണ്ടായത്.
ദല്‍ഹിയിലെ ജെ.എന്‍.യു, ജാമിഅ മില്ലിയ്യ തുടങ്ങിയ സ്ഥാപനങ്ങളിലും വാഫികള്‍ ഉപരിപഠനം നടത്തുന്നുണ്ട്.
'വാഫി' സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ്, 'വാഫി സ്റുഡന്റ്സ് ഫെഡറേഷന്‍'(ംളെ). സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വാഫി വിദ്യാര്‍ഥികളുടെ പങ്കാളിത്തം കാര്യക്ഷമമാക്കാനുള്ള 'വാഫി' ഓര്‍ബിറ്റുകളും അകാദമിക രംഗത്തെ പ്രമുഖരുടെ സേവനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സഹായിക്കുന്ന കൂട്ടായ്മയായ 'വാഫി സൌഹൃദവും' സി.ഐ.സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു.
പെണ്‍കുട്ടികള്‍ക്ക് ഈ കോഴ്സില്‍ എത്രത്തോളം പരിഗണന നല്‍കുന്നുണ്ട്.
വിദ്യാഭ്യാസത്തിലൂടെയുള്ള സ്ത്രീ ശാക്തീകരണത്തിന് അര്‍ഹമായ പരിഗണന നല്‍കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇസ്ലാമിക ചരിത്രത്തില്‍ പാണ്ഡിത്യം കൊണ്ട് മികച്ചുനിന്ന ഒട്ടേറെ മഹതികളുണ്ടായിരുന്നു. ഹസ്രത്ത് ആഇശാ ബീവി(റ) അവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. നഫീസത്തുല്‍ മിസ്വ്രിയ്യ, ഉത്തരേന്ത്യയിലെ നൂറാബീഗം, വളപട്ടണത്തുകാരി ഐശുമ്മ, പാനായിക്കുളം അബ്ദുര്‍റഹ്മാന്‍ മുസ്ലിയാരുടെ ഭാര്യ ഫാത്തിമ തുടങ്ങിയ ഒട്ടേറെ വനിതാ രത്നങ്ങള്‍ ചരിത്രത്തില്‍ കടന്നുപോയിട്ടുണ്ട്. പില്‍ക്കാലത്ത് നമുക്ക് നഷ്ടപ്പെട്ടുപോയ ആ പൈതൃകം വീണ്ടെടുക്കാനുള്ള ശ്രമമാണ് 'വഫിയ്യ' കോഴ്സ്. ഇസ്ലാമിക ചരിത്രത്തില്‍ സമൂഹ നിര്‍മിതിയില്‍ സ്ത്രീകള്‍ വഹിച്ച പങ്ക് ചെറുതല്ല. നമ്മുടെ കാലത്തും ഉത്തമ സമൂഹത്തിന്റെ സൃഷ്ടിപ്പില്‍ നേതൃപരമായ പങ്കുവഹിക്കാന്‍ കഴിയുന്ന സ്ത്രീ രത്നങ്ങളെ വാര്‍ത്തെടുക്കുകയാണ് 'വഫിയ്യ'യുടെ ലക്ഷ്യം. ദീനി അന്തരീക്ഷത്തില്‍, സുരക്ഷിതത്വത്തോടെ മതപഠനവും യൂനിവേഴ്സിറ്റി ബിരുദവും നേടാന്‍ കഴിയുന്നതാണ് 'വഫിയ്യ' കോഴ്സ്. 2008ല്‍ ആരംഭിച്ച 'വഫിയ്യ' 5 വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സാണ്. 2 വര്‍ഷത്തെ പ്രിപറേറ്ററി കോഴ്സില്‍ അടിസ്ഥാന ദീനീവിഷയങ്ങളോടൊപ്പം +2 (ഹ്യുമാനിറ്റീസ്-കൊമേഴ്സ്) പരീക്ഷയും എഴുതുന്നു. മൂന്നുവര്‍ഷമാണ് ഡിഗ്രി. തഫ്സീര്‍, ഹദീസ്, ഫിഖ്ഹ് എന്നിവക്കു പുറമെ, ശൈശവ മനശാസ്ത്രം, വ്യക്തിത്വ വികാസം, കുടുംബസംവിധാനം, വിഭവവിനിയോഗം, ന്യൂട്രീഷന്‍, രോഗ ശുശ്രൂഷ തുടങ്ങിയ ഹോംസയന്‍സിന്റെ പ്രധാനഭാഗങ്ങള്‍ പഠിപ്പിക്കുകയും പരിശീലനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. (അവസാനിച്ചു)
Comments