Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 3

ഇറാനെതിരെ ഗുണ്ട കളിക്കാനുള്ള അമേരിക്കന്‍ ന്യായങ്ങള്‍

പി.കെ നിയാസ്

ണുവായുധങ്ങള്‍ വികസിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇറാനെതിരെ യുദ്ധപ്രഖ്യാപനങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ആറു വര്‍ഷത്തിലേറെയായി കേട്ടുതഴമ്പിച്ച ഭീഷണി ഇത്തവണ കൂടുതലായും മുഴക്കുന്നത് ഇസ്രയേലാണ്. സയണിസ്റ്റ് ചങ്ങാതിയുടെ എടുത്തുചാട്ടം അപക്വമായിരിക്കുമെന്ന് പുറമേക്ക് പറയുന്നുണ്ടെങ്കിലും ഇറാന്റെ ആണവപദ്ധതി തകര്‍ക്കാനുള്ള ഏതു നീക്കവും സര്‍വാത്മനാ സ്വാഗതം ചെയ്യുന്ന നിലപാടാണ് അമേരിക്കയുടേത്. അഫ്ഗാനിസ്താനിലെയും ഇറാഖിലെയും പൊള്ളുന്ന അനുഭവങ്ങളും ഇറാനോട് കളിച്ചാല്‍ വിയറ്റ്‌നാമിലെ അനുഭവമുണ്ടാകുമെന്ന ആശങ്കയുമാണ് നേരിട്ട് ഇടപെടുന്നതില്‍നിന്ന് ബറാക് ഒബാമയെ തടുത്തുനിര്‍ത്തുന്നത്.
അമേരിക്കയുടെ ശിങ്കിടി രാജ്യങ്ങളായ ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയുമാണ് ഇറാനെതിരായ കളത്തില്‍ സജീവം. എന്നാല്‍ ഇവര്‍ക്കാര്‍ക്കും യുദ്ധം വേണ്ട. അത് മേഖലയെ മാത്രമല്ല, ഇപ്പോള്‍ തന്നെ സാമ്പത്തിക ഞെരുക്കത്തില്‍പ്പെട്ടുലയുന്ന അമേരിക്കയെയും യൂറോപ്പിനെയും ബാധിക്കുമെന്ന ആശങ്കയാണ് കാരണം. എന്നാല്‍ ഒരു നിലക്കും ആണവശക്തിയാവാന്‍ ഇറാനെ അനുവദിക്കരുതെന്ന കാര്യത്തില്‍ ഇവര്‍ ഒറ്റക്കെട്ടാണ്. ഇറാനെതിരെ അമേരിക്ക പ്രഖ്യാപിച്ച ഒരു കൂട്ടം ഉപരോധങ്ങള്‍ക്കു പുറമെ യൂറോപ്യന്‍ യൂനിയന്‍ സ്വന്തം നിലക്കും ശിക്ഷാനടപടികള്‍ തെഹ്‌റാനെതിരെ നടപ്പാക്കാന്‍ പോകുന്നുണ്ട്. അക്കൂട്ടത്തില്‍പെട്ടതാണ് ജൂലൈ മുതല്‍ ഇറാന്റെ എണ്ണ ഇറക്കുമതിക്ക് വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം. എന്നാല്‍ ഫ്രാന്‍സിനും ബ്രിട്ടനുമുള്ള എണ്ണ വില്‍പ്പന നിര്‍ത്തിവെച്ചാണ് ഇറാന്‍ ഇതിന് തിരിച്ചടി നല്‍കിയിരിക്കുന്നത്.
ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ അഞ്ച് രാജ്യങ്ങളാണ് പ്രഖ്യാപിത ആണവശക്തികളായി ഗണിക്കപ്പെടുന്നത്. ഇതിനു പുറമെ ഇന്ത്യയും പാകിസ്താനും ഉത്തര കൊറിയയും തങ്ങളുടെ പക്കല്‍ അണുബോംബുകളുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇക്കാലമത്രയും ഇതു മറച്ചുവെച്ച ഏക രാജ്യം ഇസ്രയേലാണ്. 1998 മേയില്‍ അണുപരീക്ഷണം നടത്തി ലോകത്തോട് പ്രഖ്യാപിച്ചാണ് ഇന്ത്യയും പാകിസ്താനും ന്യൂക്ലിയര്‍ ക്ലബ്ബിലെ തങ്ങളുടെ അംഗത്വം ഉറപ്പിച്ചത്. ഇന്ത്യയും പാകിസ്താനും ഇസ്രയേലും ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാന്‍ തയാറായിട്ടുമില്ല. കരാറില്‍ ഒപ്പിട്ട രാജ്യമായിരുന്നെങ്കിലും 2003ല്‍ ഉത്തര കൊറിയ പിന്‍വാങ്ങി. രഹസ്യമായി ആറ് അണുബോംബുകള്‍ നിര്‍മിച്ചെങ്കിലും പദ്ധതി അവസാനിപ്പിച്ചതായി 1993-ല്‍ ദക്ഷിണാഫ്രിക്ക പ്രഖ്യാപിക്കുകയുണ്ടായി.
അണുബോംബുകള്‍ക്കുമേല്‍ അടയിരിക്കുന്ന മധ്യപൗരസ്ത്യ ദേശത്തെ ഏക രാജ്യമാണ് ഇസ്രയേല്‍. ബാലിസ്റ്റിക് മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, മുങ്ങിക്കപ്പലുകള്‍ എന്നിവയില്‍ ഘടിപ്പിക്കാവുന്ന 200 മുതല്‍ 400 വരെ അണുബോംബുകള്‍ ഇസ്രയേലിന്റെ പക്കലുണ്ടെന്നാണ് കണക്ക്. ഇതുസംബന്ധിച്ച് ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്‌സ് 2007 ജൂലൈ ഒന്നിന് പുറത്തുവിട്ടതാണ് ഏറ്റവും ഒടുവിലത്തെ വിവരം. തങ്ങളുടെ പക്കല്‍ അണുബോംബ് ഉണ്ടെന്നോ ഇല്ലെന്നോ സയണിസ്റ്റുകള്‍ പറയാറില്ല. 2006 ഡിസംബര്‍ 12ന് അന്നത്തെ പ്രധാനമന്ത്രി യഹൂദ് ഓല്‍മര്‍ട്ട് ജര്‍മന്‍ ടെലിവിഷന്‍ ചാനലുമായുള്ള അഭിമുഖത്തില്‍ ബോംബ് വിവരം പരസ്യപ്പെടുത്തിയിട്ടും അന്താരാഷ്ട്ര സമൂഹത്തില്‍ അത് ഒരു കുലുക്കവും ഉണ്ടാക്കിയില്ല. ആണവായുധം സ്വായത്തമാക്കിയെന്ന് ഇസ്രയേല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തേടത്തോളം ആ രാജ്യത്തിനെതിരെ നടപടി പാടില്ലെന്നായിരുന്നു അമേരിക്കയുടെ നിലപാട്. അണുബോംബ് പദ്ധതി ഇസ്രയേല്‍ തന്നെ പുറത്തുവിട്ട സ്ഥിതിക്ക് മുഴുവന്‍ ആണവ കേന്ദ്രങ്ങളും യു.എന്‍ പരിശോധനക്ക് കീഴില്‍ കൊണ്ടുവരാന്‍ ആ രാജ്യത്തെ നിര്‍ബന്ധിക്കണമെന്ന് യു.എന്‍ രക്ഷാസമിതിയോട് ഇറാന്‍ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇതിന് വിസമ്മതിച്ചാല്‍ നയതന്ത്ര, സാമ്പത്തികതല ഉപരോധം മുതല്‍ സൈനികനടപടികള്‍ വരെ കൈക്കൊള്ളാന്‍ അനുമതി നല്‍കുന്ന യു.എന്‍ ചാര്‍ട്ടറിലെ ഏഴാം വകുപ്പനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ ഇസ്രയേലിനെതിരെ കൈക്കൊള്ളണമെന്നും തെഹ്‌റാന്‍ നിര്‍ദേശിക്കുകയുണ്ടായി. ഇറാന്റെ ആണവപരിപാടിയുമായി ബന്ധപ്പെട്ട സെനറ്റ് ഹിയറിംഗില്‍ മുന്‍ യു.എസ് പ്രതിരോധ സെക്രട്ടറിയായിരുന്ന റോബര്‍ട്ട് ഗെയ്റ്റ്‌സ് ഇസ്രയേലിനെ വിശേഷിപ്പിച്ചത് അണുബോംബ് ക്ലബ്ബിലെ അംഗമെന്നായിരുന്നു. വര്‍ഷം തോറും സൈനികമായും അല്ലാതെയും രണ്ട് ബില്യന്‍ ഡോളറിനു (ഉദ്ദേശം 200 കോടി രൂപയിലേറെ) മേല്‍ സാമ്പത്തിക സഹായമാണ് ഇസ്രയേലിന് അമേരിക്കയില്‍നിന്ന് ലഭിക്കുന്നത്.
ഇസ്രയേിലിന്റെ പ്രധാന അണു റിയാക്റ്റര്‍ അറുപതുകളുടെ തുടക്കത്തിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. സയണിസ്റ്റുകള്‍ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതായി സി.ഐ.എ കണ്ടെത്തിയത് 1968-ലും. എന്നിട്ടും രണ്ടു പതിറ്റാണ്ടോളം ആണവ പരിപാടികള്‍ അവര്‍ ദുരൂഹമായി തുടര്‍ന്നു. ആണവ കേന്ദ്രത്തിലെ മുന്‍ ടെക്‌നീഷ്യന്‍ മൊര്‍ദേശായി വാനുനു 1986ല്‍ ലണ്ടനിലെ സണ്‍ടേ ടൈംസിന് സമ്പൂര്‍ണ വിവരം ചോര്‍ത്തിക്കൊടുത്തതോടെയാണ് ഇസ്രയേലിന്റെ ദുരൂഹമായ ആണവ പരിപാടി ലോകം അറിയുന്നത്. എന്നാല്‍ സ്വന്തം പാതകം മറച്ചുപിടിച്ച് മേഖലയിലെ മറ്റു രാജ്യങ്ങളുടെ ആണവ പരിപാടികളെ ആക്രമിക്കാനാണ് ജൂതരാഷ്ട്രം ശ്രമിച്ചത്. അതിന് അമേരിക്കയുടെ ഒത്താശയുമുണ്ടായിരുന്നു. എണ്‍പതുകളില്‍ സദ്ദാം ഹുസൈന്റെ നേതൃത്വത്തില്‍ ഇറാഖ് ആണവ പദ്ധതിക്ക് തുടക്കമിട്ടപ്പോള്‍ ബഗ്ദാദിനു പുറത്ത് ഓസിറാക്കിലെ ആണവ ഗവേഷണ സംവിധാനം അറബികളുടെ അണുബോംബിന് ബീജാവാപം നടത്തുകയാണെന്ന് ആരോപിച്ചത് അമേരിക്കയും ഇസ്രയേലുമായിരുന്നു. അങ്ങനെയാണ് അമേരിക്കന്‍ സഹായത്തോടെ 1981 ജൂണ്‍ ഏഴിന് പ്രസ്തുത അണുനിലയം ബോംബിട്ട് തകര്‍ത്തത്.

ഇറാന്റെ അവകാശം
ഇറാന്റെ ആണവപരിപാടി 1953 മുതല്‍ നിലവിലുണ്ട്. തങ്ങളുടെ ഉറ്റതോഴനായ ഷാ റിസാ പഹ്‌ലവിയുടെ ഭരണത്തില്‍ അമേരിക്ക തന്നെയാണ് ഇറാന്റെ ആണവ പദ്ധതികള്‍ക്ക് കരാര്‍ ഒപ്പുവെച്ചത്. എന്നാല്‍ ഷായുടെ മറവില്‍ ഇറാനെ കൊള്ളയടിച്ച അമേരിക്കക്കെതിരെ വിപ്ലവാനന്തരം ശക്തമായ പ്രതിഷേധം ഉയരുകയും ആണവകരാര്‍ വാഷിംഗ്ടണ്‍ റദ്ദാക്കുകയും ചെയ്തു. റിയാക്ടര്‍ നിര്‍മാണവും യുറേനിയവും വാഗ്ദാനം ചെയ്ത് കരാറുകള്‍ ഒപ്പിട്ടിരുന്ന ഫ്രാന്‍സും ജര്‍മനിയും യു.എസ് സമ്മര്‍ദത്തെ തുടര്‍ന്ന് പിന്മാറി.
അണുബോംബ് ഉല്‍പാദിപ്പിക്കുമെന്ന് ഇറാന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാജ്യത്തിന് ആവശ്യമായ അണുശക്തി സമാഹരിക്കലാണ് ഉദ്ദേശ്യമെന്ന് തെഹ്‌റാന്‍ വ്യക്തമാക്കുന്നു. ഇറാന്‍ അണുവായുധങ്ങള്‍ വികസിപ്പിക്കുന്നതിന് ഒരു തെളിവുമില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവനായിരുന്ന മുഹമ്മദ് അല്‍ ബറാദഇ ഒരു അഭിമുഖത്തില്‍ പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബോംബ് നിര്‍മാണത്തിലേക്കാണ് ഇറാന്റെ നീക്കമെന്നു പറഞ്ഞാണ് അമേരിക്കയും കൂട്ടാളികളും രംഗം വഷളാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ആശങ്ക അകറ്റുന്നതിനായി തങ്ങളുടെ പക്കലുള്ള യൂറേനിയം തുര്‍ക്കിയിലേക്ക് അയക്കാന്‍ സമ്മതിക്കുന്ന ഒരു പ്രഖ്യാപനം 2010ല്‍ ഇറാന്‍ നടത്തിയിരുന്നു. തുര്‍ക്കിയും ബ്രസീലുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച കരാര്‍ രൂപപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ അമേരിക്കയും കൂട്ടരും തയാറായില്ല.
അണുനിലയങ്ങള്‍ നിര്‍മിക്കുന്നതും അണുബോംബുകള്‍ ഉല്‍പാദിപ്പിക്കുന്നതും രണ്ടാണ്. അണുശക്തി പ്ലാന്റുകള്‍ നിര്‍മിക്കുന്നതില്‍നിന്ന് ഏതെങ്കിലും രാഷ്ട്രത്തെ തടയുന്ന അന്താരാഷ്ട്ര നിയമം നിലവിലില്ല. ന്യൂക്ലിയര്‍ പ്ലാന്റ് എന്നാല്‍ ന്യൂക്ലിയര്‍ ബോംബാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് അമേരിക്ക. ലോകത്തെ ഏറ്റവും ഭീകരമായ അണുശക്തി രാജ്യമാണ് അമേരിക്ക. 70,000 അണുവായുധങ്ങള്‍ ഉല്‍പാദിപ്പിച്ചതില്‍ 60,000-ത്തില്‍ താഴെ മാത്രമേ നിര്‍വീര്യമാക്കിയിട്ടുള്ളൂ. 1030 അണുപരീക്ഷണങ്ങള്‍ അമേരിക്ക നടത്തിയെന്നാണ് ടൈം വാരിക റിപ്പോര്‍ട്ട് ചെയ്തത്. മേഖലയിലെ ഒരേയൊരു ആണവശക്തിയായി ഇസ്രയേല്‍ മതിയെന്ന അമേരിക്കയുടെയും പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും നിലപാടാണ് യഥാര്‍ഥ പ്രശ്‌നം. ഇറാന്‍ ആണവ ശക്തിയായാല്‍ മേഖലയില്‍ ഇസ്രയേലിന്റെ ഹുങ്കിന് തിരിച്ചടിയാവും. ഇസ്രയേലിന്റെ ചട്ടമ്പിത്തരങ്ങള്‍ക്ക് നിയന്ത്രണമാകും. ലോക പോലീസ് ചമഞ്ഞ് നടത്തിവരുന്ന ധിക്കാരങ്ങള്‍ മേഖലയില്‍ തുടരാന്‍ അമേരിക്കക്ക് കഴിയുകയുമില്ല. അണുബോംബുള്ള ഉത്തര കൊറിയയോട് അമേരിക്ക വല്ലാതെ കളിക്കാത്തതിന് കാരണം മറ്റൊന്നുമല്ലല്ലോ. അതേസമയം, മേഖലയിലെ മുസ്‌ലിം രാജ്യങ്ങള്‍ക്ക്, വിശേഷിച്ചും ഗള്‍ഫ് നാടുകള്‍ക്ക് ഇസ്രയേല്‍ ഭീഷണിയേക്കാള്‍ ഇറാന്റെ മേധാവിത്വമാണ് പ്രശ്‌നം. വിഷയം ഇവ്വിധം തിരിച്ചുവിടുന്നതില്‍ അമേരിക്ക ഏറെക്കുറെ വിജയിച്ചിട്ടുമുണ്ട്.

ഉപരോധങ്ങള്‍
ആണവ വിഷയത്തില്‍ അമേരിക്ക മുന്‍കൈയെടുത്ത് 2006 ജൂലൈ മുതല്‍ 2011 വരെ വിവിധ ഘട്ടങ്ങളിലായി ഏഴ് പ്രമേയങ്ങളാണ് ഇറാനെതിരെ യു.എന്‍ പാസ്സാക്കിയത്. ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും അവയെ ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് ഇതില്‍ ആറു പ്രമേയങ്ങളും. 2010 നു ശേഷം മാത്രം ഇറാന്റെ നാല് ആണവശാസ്ത്രജ്ഞന്മാര്‍ ദുരൂഹ സാഹചര്യങ്ങളില്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നാതന്‍സിലെ യൂറേനിയം സമ്പുഷ്ടീകരണ നിലയത്തില്‍ ജോലി ചെയ്യുന്ന മുപ്പത്തിരണ്ടുകാരന്‍ മുസ്ത്വഫ അഹ്മദി റോഷനാണ് ഏറ്റവുമൊടുവില്‍ കൊല്ലപ്പെട്ടത്. ശാസ്ത്രജ്ഞന്മാരുടെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഇസ്രയേലും അമേരിക്കയുമാണെന്ന് ഇറാന്‍ നിരന്തരം ആരോപിക്കുന്നുണ്ട്. ഒടുവിലത്തെ സംഭവത്തില്‍ ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയത് അദര്‍ബൈജാനാണെന്നാണ് തെഹ്‌റാന്റെ ആരോപണം.
ആണവ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കു പുറമെ, പ്രസിഡന്റ് മഹ്മൂദ് അഹ്മദീ നെജാദിനെതിരായ ഉപജാപങ്ങളും ആഭ്യന്തര രംഗത്തെ ചില പ്രശ്‌നങ്ങളും കുറച്ചുകാലമായി ഇറാനില്‍നിന്ന് പുറത്തുവരുന്ന അസുഖരമായ വാര്‍ത്തകളാണ്. മാര്‍ച്ച് രണ്ടിന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രം കാണാനിരിക്കുന്നു. രാജ്യത്തെ ഏഴരക്കോടി ജനങ്ങളെ ബാധിക്കുന്ന ഉപരോധങ്ങള്‍ സജീവ ചര്‍ച്ചാവിഷയമാണ്. ഉപരോധങ്ങള്‍ ഇറാന് ചില പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നത് നേര്. എന്നാല്‍, 1979ലെ വിപ്ലവത്തിനുശേഷം മൂന്നു പതിറ്റാണ്ടിലേറെയായി തുടരുന്ന അമേരിക്കന്‍ ഉപരോധങ്ങള്‍ വിജയകരമായി നേരിട്ട അനുഭവപാഠം പുതിയ ഉപരോധങ്ങളെയും വെല്ലുവിളിക്കാന്‍ ആ രാജ്യത്തിന് കരുത്തു പകരുന്നു. മാത്രമല്ല, ലോകത്തിലെ രണ്ടാമത്തെ എണ്ണ ഉല്‍പാദന രാജ്യമായ ഇറാനില്‍നിന്ന് എണ്ണ വാങ്ങരുതെന്ന അമേരിക്കയുടെ ഉത്തരവ് പാലിക്കാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സന്നദ്ധമായിട്ടില്ല. തെഹ്‌റാന്റെ എണ്ണ കയറ്റുമതിയില്‍ 13 ശതമാനം ഇന്ത്യയിലേക്കാണ്. ഇറാന്റെ എണ്ണ തുടര്‍ന്നും വാങ്ങുമെന്ന് തുര്‍ക്കി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിദിനം രണ്ട് ലക്ഷം വീപ്പ എണ്ണയാണ് (ഇറാന്റെ കയറ്റുമതിയില്‍ ഏഴു ശതമാനം) തുര്‍ക്കി വാങ്ങുന്നത്. ചൈനയാണ് ഇറാന്റെ എണ്ണ ഏറ്റവുമധികം (22 ശതമാനം) വാങ്ങുന്നത്. പതിനെട്ട് ശതമാനം എണ്ണ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നു. യൂറോപ്യന്‍ യൂനിയന് ആവശ്യമായ എണ്ണ ലഭിക്കാത്ത സാഹചര്യത്തില്‍ വില വര്‍ധിക്കുമെന്നും ഉപരോധം പാളുമെന്നുമാണ് ഇറാന്‍ കണക്കുകൂട്ടുന്നത്.

യുദ്ധഭീഷണി
യുറേനിയം സമ്പുഷ്ടീകരിക്കുന്ന നാതന്‍സ്, ഫോര്‍ദോ നിലയങ്ങളും അറാകിലെ ഘനജല റിയാക്ടറും ഇസ്ഫഹാനിലെ കണ്‍വേര്‍ഷന്‍ പ്ലാന്റും ആക്രമിക്കാനാണ് ഇസ്രയേലിന്റെ പദ്ധതി. ഇത് എളുപ്പമല്ല. ഇറാനെ ആക്രമിക്കല്‍ ഇസ്രയേലിന് പ്രായോഗികമല്ലെന്ന് അമേരിക്കന്‍ പ്രതിരോധ ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലേക്ക് ചെന്നെത്താന്‍ സഖ്യരാഷ്ട്രങ്ങളുടേതല്ലാത്ത വ്യോമമേഖല താണ്ടണമെന്നതാണ് ഏറ്റവും വലിയ പ്രതിബന്ധം. ആയിരം മൈലുകള്‍ താണ്ടി മാത്രമേ ഇറാനിലേക്ക് കടക്കാനാവൂ. ഇറാന്റെ വ്യോമ പ്രതിരോധ സന്നാഹങ്ങളെ മറികടന്നേ ഭൂഗര്‍ഭ നിലയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആണവനിലയങ്ങളില്‍ ബോംബ് വര്‍ഷിക്കാനാവൂ. ഓപറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കണമെങ്കില്‍ നൂറു വിമാനങ്ങളെങ്കിലും വേണം.
ഇറാനില്‍ ബോംബിടണമെന്നൊക്കെ പലരും വിളിച്ചുപറയുന്നുണ്ടെങ്കിലും അതത്ര എളുപ്പമല്ലെന്ന് 1991ല്‍ ഗള്‍ഫ് യുദ്ധത്തിലും 2001ല്‍ അഫ്ഗാനിസ്താനിലും അമേരിക്കന്‍ വ്യോമാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലെഫ്. ജനറല്‍ ഡേവിഡ് എ. ഡെപ്ട്യൂല ഓര്‍മിപ്പിക്കുന്നു. വടക്ക് തുര്‍ക്കിയുടെയും, തെക്ക് സുഊദി അറേബ്യയുടെയും, മധ്യത്തിലൂടെയാണെങ്കില്‍ ജോര്‍ദാന്‍, ഇറാഖ് എന്നിവയുടെയും വ്യോമമേഖലകളിലൂടെ മാത്രമേ ഇസ്രയേലി വിമാനങ്ങള്‍ക്ക് ഇറാനില്‍ കടക്കാനാവൂ. ജോര്‍ദാന്‍ മാത്രമാണ് സയണിസ്റ്റുകളുമായി അല്‍പം സൗഹൃദത്തിലുള്ളത്. ദീര്‍ഘകാലം അമേരിക്കന്‍ അധിനിവേശത്തില്‍ കഴിഞ്ഞ ഇറാഖിന് ഫലപ്രദമായ വ്യോമപ്രതിരോധ സംവിധാനമില്ല. മാത്രമല്ല, ഡിസംബറില്‍ സൈന്യത്തെ പിന്‍വലിച്ചതോടെ ഇറാഖിന്റെ ആകാശ നിയന്ത്രണത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് വാഷിംഗ്ടണ്‍ പിന്‍വലിഞ്ഞിട്ടുമുണ്ട്.
ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ക്ക് കടന്നുപോകാന്‍ ജോര്‍ദാന്‍ സമ്മതം മൂളിയാലും കടമ്പകള്‍ ബാക്കിയാണ്. അമേരിക്കന്‍ നിര്‍മിത എഫ് 15, എഫ് 16 യുദ്ധവിമാനങ്ങള്‍ ലക്ഷ്യസ്ഥാനത്തുപോയി തിരിച്ചുവരണമെങ്കില്‍ 2000 മൈല്‍ സഞ്ചരിക്കാനുള്ള ഇന്ധനശേഷി വേണം. അമേരിക്ക തന്നെ സമ്മാനിച്ച ആകാശത്തുനിന്ന് ഇന്ധനം നിറക്കാനുള്ള എയര്‍ബോണ്‍ വിമാനങ്ങള്‍ ഉപയോഗിക്കാമെന്നു വെച്ചാലും സയണിസ്റ്റ് രാഷ്ട്രത്തിന്റെ പക്കല്‍ ആവശ്യത്തിന് അവയില്ല. ഇത്തരം എട്ടെണ്ണമേ ഇസ്രയേലിന് സ്വന്തമായുള്ളൂവെന്ന് ഐ.എച്ച്.സ് ജെയിന്‍സ് കണ്‍സല്‍ട്ടിംഗ് കമ്പനിയുടെ നിരീക്ഷകന്‍ സ്‌കോട്ട് ജോണ്‍സന്‍ പറയുന്നു. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം ജാം ചെയ്തു മാത്രമേ ഇസ്രയേലി വിമാനങ്ങള്‍ക്ക് ആക്രമണം നടത്താനാവൂ. നൂതനമായ എസ് 300 മിസൈല്‍ സിസ്റ്റം വില്‍ക്കാന്‍ റഷ്യ വിസമ്മതിച്ചതിനാല്‍ 2010ലെ വിമാനവേധ പ്രതിരോധ സംവിധാനമാണ് ഇപ്പോഴും ഇറാന്റെ പക്കലുള്ളത്. എന്നാല്‍ ഇറാന്റെ മിസൈലുകള്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ക്ക് ഭീഷണിയായി നിലനില്‍ക്കുന്നുവെന്നാണ് പെന്റഗണ്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഇറാന്റെ പക്കലുള്ള മിസൈലുകള്‍ ഇസ്രയേല്‍ വരെ ചെന്നെത്താന്‍ കെല്‍പുള്ളതാണെന്നതും ഇസ്രയേലിന് തലവേദനയുളവാക്കുന്നുണ്ട്. ഇസ്രയേലി പോര്‍വിമാനങ്ങള്‍ ഇറാനില്‍ പ്രവേശിച്ചാല്‍ തന്നെ നാതന്‍സിലെ നിലയം എളുപ്പത്തില്‍ തകര്‍ക്കാനാവില്ല. കാരണം ഭൂമിക്കടിയില്‍ 30 അടി താഴ്ചയില്‍ കനത്ത കോണ്‍ക്രീറ്റില്‍ നിര്‍മിച്ചതാണ് ഈ പ്ലാന്റ്. ഫോര്‍ദോയിലെ നിലയം മലയിടുക്കിലുമാണ്. അമേരിക്കന്‍ നിര്‍മിത ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഇവിടെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമോയെന്നതില്‍ പെന്റഗണിലെ വിദഗ്ധര്‍ക്ക് സംശയമുണ്ട്. അത്യാധുനിക ജി.ബി.യു ഇനത്തില്‍പെട്ട 200 ബങ്കര്‍ബസ്റ്ററുകളും ആകാശത്തുനിന്ന് ഇന്ധനം നിറയ്ക്കാവുന്ന മൂന്നു വിമാനങ്ങളും ഇസ്രയേലിന് വില്‍ക്കണമെന്ന് മുന്‍ ഡെമോക്രാറ്റ് സെനറ്റര്‍ ചാള്‍സ് എഫ്. വാള്‍ഡ് ഒബാമ ഭരണകൂടത്തോട് ആവശ്യപ്പെട്ടത് ഇതൊക്കെ മുന്നില്‍ കണ്ടാണ്. ഏതുവിധേനയും ഇറാനെ ആക്രമിക്കാനുള്ള വഴികള്‍ തേടുമ്പോഴും പ്രതിബന്ധങ്ങള്‍ ധാരാളമായി അവശേഷിക്കുന്നുവെന്ന് ചുരുക്കം. ലബനാനും ഗസ്സയുമല്ല ഇറാനെന്ന് തിരിച്ചറിയാനുള്ള വിവേകമെങ്കിലും സയണിസ്റ്റ് ഭരണകൂടത്തിന് ഉണ്ടാകുമെന്ന് കരുതാം.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം