Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 3

താങ്ങും തണലുമായി അവസാന ശ്വാസം വരെ

ചരിത്രാഖ്യായിക - ബിന്‍ത് ശാത്വിഅ് വിവ: അബ്ദുറഹ്മാന്‍ തുറക്കല്‍

ച്ചവട സംഘം മക്കയിലെത്തി. ഒട്ടകങ്ങള്‍ മക്കയുടെ മണ്ണില്‍ മുട്ടുകുത്തി. കഅ്ബ പ്രദക്ഷിണത്തിനു ശേഷം ഖദീജയുടെ വീട് ലക്ഷ്യമാക്കി മുഹമ്മദ് നടന്നുനീങ്ങി. മാളികമുകളിലിരുന്ന് കച്ചവട സംഘത്തിന്റെ ആഗമനം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആ മഹതി. തൊട്ടടുത്ത് നേരത്തെ മൈസറ സ്ഥാനമുറപ്പിച്ചിട്ടുണ്ട്.



ശാമില്‍ നിന്ന് കച്ചവട സംഘം ഉമ്മുല്‍ ഖുറാ ലക്ഷ്യമാക്കി മടക്കയാത്ര തുടങ്ങി. അന്തരീക്ഷമാകെ ഒട്ടകങ്ങളെ തെളിക്കുന്നവരുടെ മൂളിപ്പാട്ടുകള്‍. മക്കയിലേക്കുള്ള ദൂരം കുറയുന്തോറും കൂട്ടുകുടുംബങ്ങളെയും ഇഷ്ടക്കാരെയും കണ്ടുമുട്ടാമല്ലോ എന്ന സന്തോഷമാണ് അവരുടെ മനസ്സ് നിറയെ. വഴിയിലുടനീളം ആമോദത്തിന്റെയും ആഹ്ലാദത്തിന്റെയും ആരവങ്ങള്‍. മക്കക്കടുത്ത് 'മുര്‍റ് ദഹ്‌റാനി' ലെത്തിയപ്പോള്‍ ദൂരെ ഉമ്മുല്‍ ഖുറായുടെ മാനത്ത് പറക്കുന്ന കൊടിക്കൂറ ദൃഷ്ടിയില്‍ പതിഞ്ഞു. അതവരെ കൂടുതല്‍ ആഹ്ലാദഭരിതരാക്കി. ഉച്ചത്തില്‍ ഹര്‍ഷാരവങ്ങള്‍ മുഴങ്ങി.
ഇതെല്ലാം കണ്ടും കേട്ടും അവര്‍ക്കിടയില്‍ ഒരു യുവാവ്. മുഹമ്മദ്...…അദ്ദേഹം നിശ്ശബ്ദനായിരുന്നു. എന്തോ ദുഃഖം കടിച്ചിറക്കും പോലെ. കച്ചവടസംഘം അബ്‌വാഇലെത്തി. ആ സമയം ആ യുവാവിന്റെ മനസ്സിലൊളിപ്പിച്ച ദുഃഖം എല്ലാ സീമകളും ലംഘിച്ചു പുറത്തേക്കൊഴുകി. മണ്‍മറഞ്ഞ പ്രിയ മാതാവിനെക്കുറിച്ച സ്മരണകളായിരുന്നു അപ്പോള്‍ ആ യുവ മനസ്സ് നിറയെ. സഹയാത്രികരെല്ലാം സന്തോഷത്തിലും ആഹ്ലാദത്തിലും മതിമറന്നു. അവരോടൊപ്പം ചേരാന്‍ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹമതിന് കൂട്ടാക്കിയില്ല. മക്കയെയും അവിടെ കാത്തിരിക്കുന്നവരെയുമെല്ലാം ഓര്‍മിപ്പിച്ച് നോക്കിയെങ്കിലും അതൊന്നും കേള്‍ക്കാത്തവനെ പോലെ നിന്നു. സമ്പന്നയും കുലീനയും ഉദാരമതിയുമായ ഖദീജയുടെ അടുത്തേക്കുള്ള മടക്കവും ശാം യാത്രക്ക് തന്നെ പ്രത്യേകം തെരഞ്ഞെടുത്തതും മുമ്പ് മറ്റാര്‍ക്കും നല്‍കാത്തത്ര പ്രതിഫലം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതുമെല്ലാം പറഞ്ഞുനോക്കി. അതൊന്നും ആ യുവ മനസ്സിന് സന്തോഷമേകിയില്ല.
സഹയാത്രികനായ മൈസറ പറഞ്ഞു 'മക്കയിലെത്തിയ ഉടനെ എന്റെ യജമാനത്തിയുടെ അരികിലേക്ക് ഞാന്‍ ധൃതിയില്‍ ചെല്ലും. താങ്കള്‍ മുഖേന അവര്‍ക്കുണ്ടായ കച്ചവട ലാഭങ്ങളെ കുറിച്ച് ഞാന്‍ പറയും'. മുഹമ്മദ് ആ വാക്കുകള്‍ ശ്രദ്ധിക്കാത്തവനെ പോലെ നിന്നു. പിന്നിട്ട വഴിയോരങ്ങളിലേക്ക് ദൃഷ്ടിയെ പായിച്ചുകൊണ്ടിരുന്നു. പ്രിയ മാതാവ് 'ആമിന' പിന്തുടരുന്നത് പോലെ തോന്നി. മരുഭൂമിയിലുടനീളം മാതാവിന്റെ സ്മരണകള്‍ നിറഞ്ഞൊഴുകി. ആറാം വയസ്സില്‍ മാതാവിനോടൊപ്പം യാത്ര പോയതും വഴിമധ്യേ അബ്‌വാഇല്‍ വെച്ച് മാതാവ് മരണപ്പെട്ടതും മാതാവില്ലാതെ യസ്‌രിബില്‍ നിന്ന് മടങ്ങിയതുമെല്ലാം ആ യുവമനസ്സില്‍ മിന്നിമറിഞ്ഞുകൊണ്ടിരുന്നു...
കച്ചവട സംഘം മക്കയിലെത്തി. ഒട്ടകങ്ങള്‍ മക്കയുടെ മണ്ണില്‍ മുട്ടുകുത്തി. കഅ്ബ പ്രദക്ഷിണത്തിനു ശേഷം ഖദീജയുടെ വീട് ലക്ഷ്യമാക്കി മുഹമ്മദ് നടന്നുനീങ്ങി. മാളികമുകളിലിരുന്ന് കച്ചവട സംഘത്തിന്റെ ആഗമനം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആ മഹതി. തൊട്ടടുത്ത് നേരത്തെ മൈസറ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. യാത്രയിലുടനീളം മുഹമ്മദിനോടൊപ്പം ഉണ്ടായ അനുഭവങ്ങള്‍ മൈസറ ഖദീജയെ ആദ്യമേ കേള്‍പ്പിച്ചിരുന്നു. മുഹമ്മദ് ഖദീജയുടെ വീട്ടിലെത്തി. കച്ചവടം കഴിഞ്ഞു തിരിച്ചെത്തിയ മുഹമ്മദിനെ ഖദീജ സ്വീകരിച്ചു. യാത്രാനുഭവങ്ങളും കച്ചവട ലാഭങ്ങളും ശാമില്‍ നിന്ന് കൊണ്ടുവന്ന മേത്തരം സാധനങ്ങളും സംബന്ധിച്ച വിവരങ്ങള്‍ കൈമാറി. മുഹമ്മദിന്റെ വാക്കുകള്‍ ഖദീജ ശ്രദ്ധാപൂര്‍വം കേട്ടു. അവര്‍ വിസ്മയം പൂണ്ടൂ. മുഹമ്മദ് മടങ്ങി. കണ്‍മറയും വരെ ഖദീജ അദ്ദേഹത്തിന്റെ നേര്‍ക്ക് ദൃഷ്ടികളയച്ചു. മക്കയില്‍ സുരക്ഷിതനായി തിരിച്ചെത്തിയതിലുള്ള സന്തോഷവും സമാധാനവുമായിരുന്നു അദ്ദേഹത്തിന്. നേരെ പിതൃവ്യന്‍ അബൂത്വാലിബിന്റെ വീട്ടിലേക്കാണ് പോയത്.
മക്കയിലുടനീളം കച്ചവട സംഘം തിരിച്ചെത്തിയ ആനന്ദലഹരിയാണ്. ദിവസങ്ങളോളം അത് നീണ്ടു. വര്‍ത്തക മുതലാളിമാര്‍ ലാഭങ്ങളും നഷ്ടങ്ങളും കൂട്ടിക്കിഴിക്കുന്ന തിരക്കിലാണ്. യാത്രയിലുണ്ടായ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അപകടം പതിയിരുന്ന പാതകള്‍ താണ്ടിയതുമെല്ലാം അവര്‍ അയവിറക്കി. അവര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി. ക്രമേണ കച്ചവടക്കാരും വര്‍ത്തകപ്രമാണിമാരും തമ്മിലെ ബന്ധങ്ങള്‍ ദുര്‍ബലമായി. എന്നാല്‍ വിശ്വസ്തനും സത്യസന്ധനുമായ മുഹമ്മദും ഖദീജയും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടു.
ദാമ്പത്യ ജീവിതത്തില്‍ വിരക്തി പൂണ്ട് കഴിയുകയായിരുന്നു ഖദീജ. അറബികളിലെ മാന്യരും പ്രമാണിമാരുമായ അത്വീഖ്ബ്‌നു ആഇദ് ബ്‌നു അബ്ദുല്ല അല്‍ മഖ്‌സൂമി, അബൂ ഹാല ഹിന്ദ് ബ്‌നു സുറാറ അല്‍തമീമി എന്നിവരുമായി ഖദീജ മുമ്പ് വിവാഹ ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്. യുവാക്കളും പ്രായംകൂടിയവരുമായ ധാരാളമാളുകള്‍ അവള്‍ക്ക് കീഴില്‍ ജോലി ചെയ്തിട്ടുമുണ്ട്. എന്നാല്‍ അവരിലൊന്നും ദര്‍ശിക്കാനാവാത്ത അതുല്യ പ്രഭാവവും അസാധാരണ വ്യക്തിത്വവും ഉദാത്തമായ സ്വഭാവ മഹിമയും ഖദീജ മുഹമ്മദില്‍ ദര്‍ശിച്ചു.
ഹാശിം കുടുംബത്തിലെ ഒരു യുവാവിനെ വിവാഹം കഴിക്കാനുള്ള മോഹം ഒരുവേള ഖദീജയെ തന്നെ ആശ്ചര്യപ്പെടുത്തി. നാല്‍പത് പിന്നിട്ട ഞാനെന്തിനാണ് ഇനിയൊരു വിവാഹ ചിന്തയുമായി കഴിയുന്നത്? എന്റെ കുടുംബക്കാര്‍ ഇതറിയുകയാണെങ്കില്‍? വിവാഹാലോചനയുമായി ഖുറൈശികളിലെയും മക്കയിലെയും പല പ്രമുഖര്‍ മുമ്പ് പലവട്ടം എന്നെ സമീപിച്ചതാണ്. അപ്പേഴൊക്കെ ഞാന്‍ അവരെ നിരാശരാക്കുകയായിരുന്നു. നാല്‍പത് പിന്നിട്ട വൃദ്ധയും വിധവയുമായ എന്റെ ആഗ്രഹത്തിന് യുവാവായ മുഹമ്മദ് എങ്ങനെ ഉത്തരം നല്‍കും? ഇങ്ങനെയുള്ള ചിന്തകള്‍ ഖദീജയുടെ മനസ്സിനെ അസ്വസ്ഥമാക്കി.
ആ സമയത്താണ് കൂട്ടുകാരി നഫീസ ബിന്‍ത് മുനിയയുടെ സന്ദര്‍ശനം. മനസ്സിലൊളിപ്പിച്ച കാര്യങ്ങള്‍ ഖദീജ കൂട്ടുകാരിയുമായി പങ്കുവെച്ചു. എല്ലാ കാര്യങ്ങളും നല്ലനിലയില്‍ വേഗമാകട്ടെയെന്ന് അവള്‍ ആശംസിച്ചു. ഖദീജയെ സമാശ്വസിപ്പിച്ചു. അവള്‍ പറഞ്ഞു: ''ഖുറൈശി സ്ത്രീകളില്‍ ഖദീജയേക്കാള്‍ കുലീനയും മാന്യതയുമുള്ള മറ്റാരുമില്ല. വലിയ സമ്പത്തിനുടമയും ഭംഗിയുള്ളവളുമാണ്. പലരും അവളെ വിവാഹം കഴിക്കാന്‍ കൊതിച്ചിരുന്നു.''
(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം