പ്രബോധകന്റെ സംവാദശൈലി
മനസ്സിന്റെ മാറ്റത്തിലൂടെയാണ് ഏത് പരിവര്‍ത്തനവും ഉരുവം കൊള്ളുന്നത്. സമ്മര്‍ദ നിര്‍ബന്ധങ്ങളിലൂടെയും പീഡനങ്ങളിലൂടെയും പ്രീണനങ്ങളിലൂടെയും താല്‍ക്കാലികമായി ചില സമ്മതിപ്പിക്കലുകള്‍ മാത്രമേ സാധ്യമാവൂ. വ്യക്തിയെ സ്വന്തം താല്‍പര്യപ്രകാരം മാറ്റിയെടുക്കണമെങ്കില്‍ മറ്റു വഴികള്‍ തന്നെ കണ്ടെത്തണം. ഈ വിഷയത്തില്‍ വിശുദ്ധ ഖുര്‍ആനിന്റെ പ്രായോഗിക നിര്‍ദേശങ്ങളും പ്രവാചകന്റെ നയസമീപന രീതികളും നമുക്ക് വ്യക്തമായ ചൂണ്ടു പലകയാണ്.
മൂസാ നബിയുടെ കാലത്തെ ഈജിപ്ഷ്യന്‍ ഭരണാധികാരി ഫറോവയെ ഖുര്‍ആന്‍ നമുക്ക് പരിചയപ്പെടുത്തി തരുന്നു: 'ഫറോവമാരുടെ അടിമത്തത്തില്‍നിന്ന് നാം നിങ്ങളെ രക്ഷപ്പെടുത്തിയതോര്‍ക്കുക: അവര്‍ നിങ്ങളെ നിഷ്ഠുര മര്‍ദനങ്ങളാല്‍ പീഡിപ്പിക്കുകയായിരുന്നു. നിങ്ങളുടെ പെണ്ണുങ്ങളെ മാത്രം ജീവിക്കാന്‍ അനുവദിച്ച് കൊണ്ട് ആണ്‍മക്കളെ അവര്‍ അറുകൊല ചെയ്തു. ആ അവസ്ഥയില്‍ നിങ്ങളുടെ റബ്ബിങ്കല്‍ നിന്നുള്ള ഭയങ്കരമായ പരീക്ഷണത്തിലകപ്പെട്ടിരുന്നു നിങ്ങള്‍' (അല്‍ബഖറ 49).
'നിശ്ചയം ഫറോവ നിഗളിക്കുകയും അതിലെ നിവാസികളെ വിവിധ കക്ഷികളായി വിഭജിക്കുകയും ചെയ്തു. അതിലൊരു കക്ഷിയെ നിന്ദിതരാക്കിയിട്ടുണ്ടായിരുന്നു. അവരിലെ ആണ്‍ സന്തതികളെ കൊന്നുകളയുകയും പെണ്‍സന്തതികളെ ജീവിക്കാന്‍ വിടുകയും ചെയ്തു. സത്യത്തില്‍ അവന്‍ നാശകാരികളില്‍ പെട്ടവനായിരുന്നു' (ഖസ്വസ്വ് 4).
'നിങ്ങളുടെ പരമോന്നത രക്ഷിതാവ് ഞാനാണെന്ന് അവന്‍ പ്രഖ്യാപിച്ചു' (അന്നാസിആത്ത് 24)
തൊട്ടുമുകളിലുദ്ധരിച്ച മൂന്ന് ഖുര്‍ആന്‍ സൂക്തങ്ങളിലായി കൊടുക്രൂരനും ധിക്കാരിയുമായ ഫറോവയുടെ പേരില്‍ അതിഗുരുതരമായ ആറ് കുറ്റങ്ങളാണ് ചുമത്തിയതെന്ന് വ്യക്തം. എന്നിട്ടും ഫറോവയെ പ്രബോധനം ചെയ്യാന്‍ നിയുക്തരായ പ്രവാചകന്മാരായ മൂസയോടും ഹാറൂനിനോടും നിര്‍ദേശിക്കുന്നത് സംസാരം ശ്രദ്ധിക്കണമെന്നും വാക്കുകളില്‍ ലാളിത്യവും മൃദുലതയും ഉണ്ടായിരിക്കണമെന്നുമാണ്. അപ്പോള്‍ സംസ്കരണ പ്രചാരണ രംഗത്തുള്ളവര്‍ മറുപക്ഷത്തുള്ളവരോട് സംസാരിക്കുമ്പോള്‍ നൂറ് ശതമാനം മാന്യതയും വാക്കുകളുടെ പ്രയോഗത്തില്‍ സൂക്ഷ്മതയും പുലര്‍ത്തിയേ മതിയാവൂ. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഇവിടെ മൃദുവായേ സംസാരിക്കാവൂ എന്ന കല്‍പന ഞാനാണ് നിങ്ങളുടെ പരമോന്നത രക്ഷിതാവ്(അന റബ്ബുകുമുല്‍ അഅ്ലാ) എന്നു വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന സത്യനിഷേധിയായ ഫറോവയുടെയും അവനെപ്പോലെയുള്ളവരുടെയും കാര്യത്തിലാണ്. എന്നാല്‍ അത്രയൊന്നും ധിക്കാരിയാകാത്ത, ദൈവത്തെ തള്ളിപ്പറയാത്ത, തെറ്റുകള്‍ വരുത്തുന്നുണ്ടെങ്കിലും ചിലപ്പോഴെങ്കിലും 'എന്റെ നാഥന്‍ എത്ര പരിശുദ്ധന്‍'(സുബ്ഹാന റബ്ബീ അല്‍അഅ്ലാ) എന്നു പറയുന്ന ഒരു പാപിയായ മുസ്ലിമിനെ ശുദ്ധീകരിച്ചെടുക്കാന്‍ മുതിരുമ്പോള്‍ സംസാരം എത്രമാത്രം പക്വതയാര്‍ന്നതും മൃദുലവുമായിരിക്കണമെന്ന് പറയേണ്ടതില്ലല്ലോ.
നബി(സ)യുടെ കാലത്തുണ്ടായ ഒരു സംഭവം നമുക്ക് ഇതിനോട് ചേര്‍ത്ത് വായിക്കാം. കപട വിശ്വാസികളുടെ തലവന്‍ അബ്ദുല്ലാഹിബ്നു ഉബയ്യ്ബ്നു സുലൂല്‍ മരിച്ചപ്പോള്‍ നബി(സ) കാണിച്ച വിശാല മനസ്കതയും ഉദാരസമീപനവും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. നബിയെയും അനുചരന്മാരെയും തക്കം കിട്ടുമ്പോഴൊക്കെ ഒളിഞ്ഞും തെളിഞ്ഞും ഉപദ്രവിച്ച അബ്ദുല്ലാഹിബ്നു ഉബയ്യ് അവസാന നിമിഷം വരെ നവജാത ഇസ്ലാമിക സമൂഹത്തിന്റെ കഠിന ശത്രുവായിരുന്നു. പവിത്രകളും ചാരിത്യ്രവതികളുമായ നബി പത്നിമാര്‍ക്ക് അഭിമാന ക്ഷതമേല്‍പ്പിക്കാനും നബിയെ അപകടത്തില്‍ പെടുത്തി കൊല്ലുവാനും അബ്ദുല്ല കിണഞ്ഞ് ശ്രമിച്ചു. സഹാബികളില്‍ ഭിന്നിപ്പ് സൃഷ്ടിക്കാന്‍ ഈ നാമമാത്ര മുസ്ലിം ആവുന്നതൊക്കെ ചെയ്തു. ഉഹ്ദ് യുദ്ധത്തിനു പോയ മദീന സൈന്യത്തില്‍നിന്ന് നിര്‍ണായക ഘട്ടത്തില്‍ മൂന്നിലൊരു ഭാഗം യോദ്ധാക്കളെ അടര്‍ത്തിയെടുത്ത് ഇസ്ലാമിക സൈന്യത്തിന്റെ മനോവീര്യം കെടുത്താന്‍ ഉപജാപങ്ങള്‍ നടത്തി. എങ്കിലും മാനവതയുടെ സന്മാര്‍ഗ ദര്‍ശിയായ നബി തിരുമേനി ഈ മനുഷ്യനെ തരം താഴ്ത്താനോ ശത്രുവായി കാണാനോ മുതിര്‍ന്നില്ല. ഭദ്രമായ ഒരു ഭരണകൂടമുണ്ടായിട്ടും ശിക്ഷാ നടപടികളെടുത്തുമില്ല. പകരം മകനെ വിളിച്ച് പിതാവിനോടുള്ള കടപ്പാടുകള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. മാത്രമല്ല അബ്ദുല്ലയുടെ മരണവിവരമറിഞ്ഞപ്പോള്‍ നബിയുടെ പ്രത്യേക വസ്ത്രം കൊടുത്തുവിട്ടു. പ്രവാചകന്റെ ആ വസ്ത്രത്തിലാണ് അയാളെ പൊതിഞ്ഞതും ഖബറടക്കം ചെയ്തതും. അപഥ സഞ്ചാരികളോടുള്ള പെരുമാറ്റത്തിനു മാനുഷിക മുഖത്തിന്റെയും യുക്തിബോധത്തിന്റെയും വിട്ടുവീഴ്ചയുടെയും വിശാല മനസ്കതയുടെയും ശക്തമായ ചേരുവ അനിവാര്യമാണെന്ന വസ്തുതക്കാണ് ഈ രണ്ടു സംഭവങ്ങളും ഊന്നല്‍ നല്‍കുന്നത്.
ഹൃദ്യമായ സമീപനങ്ങളിലൂടെയാണ് മനുഷ്യനെ മാറ്റിയെടുക്കേണ്ടത്. ശ്രദ്ധേയമായ ഈ ശൈലിയെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: 'നന്മയും തിന്മയും സമമാകുകയില്ല. താങ്കള്‍ ഏറ്റവും ഉല്‍കൃഷ്ടമായ നന്മകൊണ്ട് പ്രതിരോധിക്കുക. അപ്പോള്‍ താങ്കളോട് ശത്രുതയില്‍ വര്‍ത്തിക്കുന്നവന്‍ ആത്മമിത്രമായിത്തീരുന്നത് താങ്കള്‍ക്ക് കാണാം. ക്ഷമ കൈക്കൊള്ളുന്നവര്‍ക്കല്ലാതെ ഈ സ്വഭാവ ഗുണം ലഭിക്കുന്നതല്ല' (ഫുസ്സ്വിലത്ത് 34).
സംസ്കരണ പ്രവര്‍ത്തകരുടെ സംശുദ്ധ ജീവിതവും മിന്നുന്ന വ്യക്തിത്വവുമാണ് ഏറ്റവും പ്രധാനം. വ്യതിയാനങ്ങള്‍ എത്ര തന്നെ വലുതാണെങ്കിലും നാം ആരെയും എഴുതിതള്ളരുത്. ഹിദായത്ത് ലഭിക്കാന്‍ നിസ്സാരകാരണങ്ങള്‍ മതി, ആനയും അമ്പാരിയും കൊട്ടും കുരവയുമൊന്നുമില്ലെങ്കിലും ഉപദേശകന്‍ സുസമ്മതനും മാതൃകായോഗ്യനും ദൈവഭക്തനുമാണെങ്കില്‍ ഉദ്ദിഷ്ട ലക്ഷ്യം കൈവരിക്കാം.
Comments