Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 3

ഇവിടെ വസന്തം അവിടെ തീക്കുണ്ഡം

ഫഹ്മീ ഹുവൈദി

സ്രയേല്‍ കത്തിക്കാനൊരുങ്ങുന്ന കാട്ടുതീയെക്കുറിച്ച് അറബ് വസന്തം നമ്മെ അശ്രദ്ധരാക്കരുത്. ഇറാനെതിരെ ഇസ്രയേല്‍ നടത്താനിരിക്കുന്ന ആക്രമണമാണ് ഞാനുദ്ദേശിക്കുന്നത്. ഇതിന്റെ പ്രത്യാഘാതത്തില്‍നിന്ന് ഒരു അറബ് നാടും രക്ഷപ്പെടുകയില്ല.
ഈ വാര്‍ത്തക്ക് പുതുമയൊന്നുമില്ല. പത്ത് വര്‍ഷത്തോളമായി യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള ഇറാന്റെ ആണവ പദ്ധതിക്ക് തുടക്കം കുറിച്ചിട്ട്. ആണവ ഇന്ധനം നല്‍കാന്‍ പാശ്ചാത്യനാടുകള്‍ വിസമ്മതിച്ചതോടെയാണ് ഇത് വേണ്ടിവന്നത്. അന്ന് മുതല്‍ ഇസ്രയേല്‍ വക ഒരു 'വീറ്റോ' നിലവിലുണ്ട്- ഒരിക്കലും ഇറാനെ അതിന് അനുവദിക്കില്ലെന്ന്! കരുതേണ്ടവരൊക്കെ കരുതിക്കോളൂ എന്ന സന്ദേശം ഇസ്രയേല്‍ മുമ്പ് നല്‍കിയിട്ടുണ്ട്, 1981ല്‍ ഇറാഖിന്റെ ആണവ റിയാക്ടറുകള്‍ ബോംബിട്ട് തകര്‍ത്തപ്പോള്‍. അത് പോരാഞ്ഞ് 2002ല്‍ ബുഷ് ഭരണകൂടത്തെക്കൊണ്ട് ഇറാഖിനെ തകര്‍ത്ത് തരിപ്പണമാക്കുന്നതിലും ഇസ്രയേല്‍ വിജയിച്ചു. അങ്ങനെ മേഖലയിലെ ശാക്തിക സന്തുലനത്തില്‍ നിന്ന് ഇറാഖിനെ പുറന്തള്ളി.
ഇസ്രയേല്‍ പ്രശ്നം കൈകാര്യം ചെയ്യുന്നത് പ്രധാനമായും നാല് രീതിയിലാണ്. ഒന്ന്: ഇറാനിയന്‍ പദ്ധതി ഇസ്രയേലിനും മേഖലക്കും ലോകത്തിന് മുഴുക്കെ തന്നെയും ഭീഷണിയാണെന്ന് വരുത്തിത്തീര്‍ത്ത് സകലരെയും ഭയപ്പെടുത്തുകയും അതിനനുസരിച്ച് രാഷ്ട്രീയ- മാധ്യമ സമ്മര്‍ദങ്ങള്‍ ശക്തിപ്പെടുത്തുകയും ചെയ്യുക. രണ്ട്: ഇറാനെ ശ്വാസം മുട്ടിക്കാന്‍ സാമ്പത്തിക ഉപരോധങ്ങള്‍ ശക്തിപ്പെടുത്തുക. വരുന്ന ജൂലൈ മുതല്‍ ഇറാന്റെ എണ്ണ കയറ്റുമതി വേണ്ടെന്നാണ് ഏറ്റവുമൊടുവില്‍ യൂറോപ്യന്‍ യൂനിയന്റെ പ്രഖ്യാപനം. മൂന്ന്: ഇറാന്റെ ആണവ ശാസ്ത്രജ്ഞരെ വധിക്കുകയും(ഇത് വരെ നാല് പേര്‍ വധിക്കപ്പെട്ടു) സൈനിക കേന്ദ്രങ്ങളില്‍ സ്ഫോടനങ്ങളും മറ്റും നടത്തുക. നാല്: ആണവോര്‍ജ നിര്‍മാണ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന പരസ്യ പ്രഖ്യാപനം.
ആദ്യം പറഞ്ഞ മൂന്ന് രീതികളും ഇസ്രയേല്‍ വര്‍ഷങ്ങളായി നടപ്പാക്കി വരുന്നു. അവസാനത്തെ രീതിയെക്കുറിച്ച ചര്‍ച്ച രാഷ്ട്രീയ-മാധ്യമ രംഗങ്ങളില്‍ ഇടക്കിടെ കത്തിപ്പടരാറുണ്ട്. ഈ അവസാനത്തെ ഇനം(ഇറാനെതിരെയുള്ള സൈനികാക്രമണം) ഉണ്ടാവുമെന്ന് തന്നെയാണ് പാശ്ചാത്യ-ഇസ്രയേലി മാധ്യമങ്ങള്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ ഫെബ്രുവരി മൂന്നിന് അമേരിക്കന്‍ ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ഡേവിഡ് ഇഗ്നേഷ്യസ് വാഷിംഗ്ടണ്‍ പോസ്റില്‍ ഒരു ലേഖനമെഴുതുകയുണ്ടായി. "ഇറാന്‍ ആണവബോംബ് നിര്‍മിക്കുമെന്ന് ഇസ്രയേല്‍ പറയുന്ന സമയത്തിന് മുമ്പ് തന്നെ, അതായത് വരുന്ന മൂന്ന് മാസങ്ങളില്‍(ഏപ്രിലിലോ മെയിലോ ജൂണിലോ) ഇറാനെ ഇസ്രയേല്‍ ആക്രമിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ വിശ്വസിക്കുന്നു'' എന്നാണ് ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്. നിര്‍ണിത ലക്ഷ്യങ്ങളില്‍ കേന്ദ്രീകരിച്ച് മാത്രമായിരിക്കും ഇസ്രയേല്‍ ആക്രമണമെന്നും ഇറാനിലെ നതാന്‍സ് ന്യൂക്ളിയര്‍ കേന്ദ്രവും മറ്റു ചില റിയാക്ടറുകളും ആക്രമണത്തിന്റെ ഉന്നമാവാമെന്നും ലേഖനത്തില്‍ തുടര്‍ന്ന് പറയുന്നു. ഖുമ്മിലുള്ള ന്യൂക്ളിയര്‍ സമ്പുഷ്ടീകരണ കേന്ദ്രം വ്യോമാക്രമണത്തിലൂടെ തകര്‍ക്കുക പ്രയാസകരമായിരിക്കും. അഞ്ചോ ആറോ ദിവസം നീണ്ടുനില്‍ക്കുന്ന ഹ്രസ്വമായ ഒരാക്രമണ പരമ്പര. പിന്നെ ഐക്യരാഷ്ട്രസഭയുടെ മാധ്യസ്ഥത്തില്‍ വെടിനിര്‍ത്തല്‍. ഇങ്ങനെയാണത്രെ കണ്ടിരിക്കുന്നത്.
അടുത്ത വേനല്‍ അവസാനത്തോടെ ഇറാന്റെ ന്യൂക്ളിയര്‍ പദ്ധതി ലക്ഷ്യത്തിലെത്തുമെന്ന ധാരണയില്‍ പാശ്ചാത്യ മാധ്യമങ്ങളില്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്ന വിശകലനങ്ങളുടെ ഒരു മാതൃക മാത്രമാണ് മേല്‍ സൂചിപ്പിച്ച ഇഗ്നേഷ്യസിന്റെ ലേഖനം. ഇസ്രയേലി പത്രമായ ഹാരെറ്റ്സ് (ജനുവരി 16), കഴിഞ്ഞ നവംബറില്‍ ഇസ്രയേലീ പ്രതിരോധമന്ത്രി യഹൂദ് ബറാക് നടത്തിയ ഒരു പ്രസ്താവന എടുത്ത് ചേര്‍ത്തിരുന്നു. ഒരു വര്‍ഷത്തിനകം തന്നെ ഇറാന്റെ ആണവ പ്രോജക്ടിന് തടയിട്ടിരിക്കണം എന്നാണ് പ്രസ്താവന. ഇങ്ങനെയൊരു 'ചുവന്നവര' വരയ്ക്കാന്‍ കാരണമുണ്ട്. "ആ സമയത്തിനകം ഇറാനെ തടഞ്ഞില്ലെങ്കില്‍ സമ്പുഷ്ടീകരിച്ച യുറേനിയം അവര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റും. അതോടെ ഇറാന്‍ പിടുത്തത്തില്‍നിന്ന് കുതറിപ്പോകും. പിന്നെ സൈനിക നടപടി അജണ്ടയില്‍നിന്ന് നീക്കം ചെയ്യുകയേ നിര്‍വാഹമുണ്ടാവുകയുള്ളൂ'' എന്നാണ് ബറാകിന്റെ ലോജിക്.
മുന്‍ വര്‍ഷങ്ങളില്‍ ഇറാന്‍ വിഷയത്തില്‍ ചാഞ്ചാടി നിന്നിരുന്ന യൂറോപ്യന്‍ യൂനിയന്‍ ആ അവസ്ഥയില്‍ നിന്ന് മാറി ഇസ്രയേലി രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുന്ന നിലപാടെടുത്തിരിക്കുകയാണ്. എണ്ണക്കയറ്റുമതിയും പണമിടപാടും ഒന്നും വേണ്ടെന്ന് വെച്ച് ഇറാനെ ശ്വാസം മുട്ടിക്കാനുള്ള തീരുമാനത്തിലാണ്. സിറിയയില്‍ ഭരണകൂടം പ്രക്ഷോഭകൊടുങ്കാറ്റില്‍ വീണില്ലെങ്കില്‍ പോലും അവര്‍ക്ക് ഇറാനെ സഹായിക്കാനുള്ള കെല്‍പ്പുണ്ടാവില്ലെന്ന് ഉറപ്പ്. പിന്നെയുള്ളത് ഹിസ്ബുല്ലയാണ്. ഒരു പരിമിത വൃത്തത്തിന് അപ്പുറം അവര്‍ക്കും കാര്യമായൊന്നും ചെയ്യാനാവില്ല. ഇസ്രയേലി ആക്രമണമുണ്ടായാല്‍ സഹായിക്കാനെത്തുമെന്ന് കരുതപ്പെടുന്ന രണ്ട് ശക്തികളാണ് സിറിയയും ഹിസ്ബുല്ലയും.
മേഖലയിലെ അറബ് വസന്തം ഇസ്രയേലിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്ന കാര്യവും ചേര്‍ത്തു വായിക്കുക. ഇസ്രയേല്‍ പുറത്തിറക്കിയ ഒടുവിലത്തെ സ്ട്രാറ്റജിക് റിപ്പോര്‍ട്ടില്‍ അറബ് ലോകത്ത് ശക്തിപ്പെടുന്ന ഇസ്രയേല്‍ വിരുദ്ധ വികാരത്തെക്കുറിച്ച് പ്രത്യേക പരാമര്‍ശമുണ്ട്. ഈജിപ്തുമായുള്ള സമാധാനക്കരാര്‍ നിലനില്‍ക്കുമോ എന്ന കാര്യത്തിലും അവര്‍ ആശങ്കാകുലരാണ്. ഇറാനിയന്‍ ശക്തിയെ തകര്‍ത്ത് പ്രതിലോമകാരികള്‍ക്ക് താക്കീത് നല്‍കാനും മേഖലയില്‍ തങ്ങളുടെ മേധാവിത്തം അരക്കിട്ടുറപ്പിക്കാനും ഇസ്രയേല്‍ ഇതൊരു അവസരമായി കണ്ടേക്കും.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇറാനിയന്‍ നിലപാടുകളോടുള്ള നീരസം വളര്‍ന്നുവരികയാണ് അറബ് വൃത്തങ്ങളില്‍. സിറിയന്‍ ഭരണകൂടത്തെ ഇറാന്‍ പിന്തുണക്കുന്നത് പലരെയും ചൊടിപ്പിക്കുന്നു. ഇറാഖില്‍ നടത്തുന്ന ഇടപെടലുകള്‍ സുന്നി വിഭാഗത്തിന്റെ അമര്‍ഷം ക്ഷണിച്ച് വരുത്തിയിട്ടുണ്ട്. അമേരിക്കന്‍ മേധാവിത്വത്തിന് എതിരെയും ഫലസ്ത്വീന്‍ പ്രശ്നത്തിലും ഇറാനെടുക്കുന്ന ക്രിയാത്മക നിലപാടുകളുടെ ശോഭ ചോര്‍ത്തിക്കളയുന്നുണ്ട് ഇത്തരം നീക്കങ്ങള്‍.

*** *** ***
ഇപ്പറഞ്ഞതൊന്നും അവസാനവാക്കുകളല്ല. ഇറാന്റെ ആണവ പദ്ധതികള്‍ സൈനികാക്രമണത്തിലൂടെ തകര്‍ക്കാന്‍ ഇസ്രയേല്‍ അന്തിമ തീരുമാനമെടുത്തതായി എവിടെയും കണ്ടിട്ടില്ല. അതേസമയം എന്ത് വിലകൊടുത്തും ആണവ പ്രോജക്ട് നിര്‍ത്തിവെക്കാന്‍ ഇസ്രയേല്‍ ശ്രമിക്കുന്നുണ്ടെന്നതും സത്യമാണ്. ഇസ്രയേലി- അമേരിക്കന്‍ സൈന്യങ്ങള്‍ നടത്തുന്ന ഒരുക്കങ്ങള്‍ ഇതിന് ഉപോദ്ബലകമായി ചൂണ്ടിക്കാട്ടാനുണ്ട്.
അമേരിക്കന്‍ ദേശീയ രഹസ്യാന്വേഷണവിഭാഗം (17 അന്വേഷണ സംഘങ്ങള്‍ ചേര്‍ന്നതാണിത്) അവതരിപ്പിച്ച 2007-2010 കാലത്തെ റിപ്പോര്‍ട്ടില്‍, ആണവായുധങ്ങള്‍ വികസിപ്പിക്കുന്നത് ഇറാന്‍ 2003ല്‍ നിര്‍ത്തിവെച്ചതായി പറയുന്നുണ്ട്. അത് പുനരാരംഭിച്ചിട്ടുണ്ട് എന്നതിന് തെളിവുകളൊന്നും ഇല്ലതാനും. 2009ല്‍ മുന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേറ്റ്സ്, ഇറാനെ ആക്രമിച്ചാലുണ്ടാവുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയതും ഓര്‍ക്കുക. 2010ല്‍ ഇതേ താക്കീത് അമേരിക്കന്‍ സേനാതലവന്‍ മൈക്ക് മോളനും ആവര്‍ത്തിക്കുകയുണ്ടായി. 2011ല്‍ മുന്‍ മൊസാദ് തലവന്‍ മേയിര്‍ ദാഗാനും ഇതേ ചിന്ത പങ്ക് വെച്ചു. "ഇറാനെതിരെ സൈനിക നീക്കം നടത്താന്‍ യഥാര്‍ഥത്തില്‍ ഇസ്രയേലിനോ അമേരിക്കക്കോ ഉദ്ദേശ്യമില്ല'' എന്ന് 2011ലെ ഇസ്രയേല്‍ സ്ട്രാറ്റജിക് റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. മധ്യപൌരസ്ത്യ വിദഗ്ധനും ബ്രിട്ടീഷ് എഴുത്തുകാരനുമായ പാട്രിക് സിയേല്‍ പറയുന്നത്, അടുത്ത ഭാവിയിലൊന്നും ഇറാനെതിരെ ആക്രമണം ഉണ്ടാകില്ലെന്നാണ്. ഒറ്റക്ക് ഇറാനെ ആക്രമിക്കാന്‍ ഇസ്രയേലിന് ധൈര്യം പോരാ. അമേരിക്ക കൂടെ വേണം. എന്നാല്‍, മധ്യപൌരസ്ത്യ ദേശത്ത് മറ്റൊരു ദുരന്ത പൂര്‍ണമായ യുദ്ധം അമേരിക്ക അനുവദിക്കില്ലെന്ന് ബറാക് ഒബാമ വ്യക്തമാക്കിയിട്ടുണ്ട്(അല്‍ ഹയാത്ത് ലണ്ടന്‍, ജനുവരി 27).
ഇതൊക്കെ സത്യമാണെങ്കിലും സംഭവലോകത്ത് മറ്റൊന്നാണ് നടക്കുന്നത്. ബറാക്-നെതന്യാഹു ഉഭയ കക്ഷി ചര്‍ച്ചക്ക് ശേഷം സൈനിക നടപടി വേണമെന്ന നിലപാടിലേക്ക് ഇരുകൂട്ടരും എത്തിയിട്ടുണ്ടെന്നാണ് മനസ്സിലാവുന്നത്. വരുന്ന മെയില്‍ നടക്കാനിരുന്ന ഇസ്രയേല്‍-അമേരിക്ക സൈനികാഭ്യാസങ്ങള്‍ നേരത്തെയാക്കിയത് ഇതിന്റെ സൂചനയാവാം.

*** *** ***
നേരത്തെ സൂചിപ്പിച്ച ഇഗ്നേഷ്യസിന്റെ വാഷിംഗ്ടണ്‍ പോസ്റ് ലേഖനത്തില്‍, ഇസ്രയേല്‍ ഇറാനെ ആക്രമിച്ചാലുണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അമേരിക്ക പഠിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും പറയുന്നു. ഇറാന്റെ തിരിച്ചടി എങ്ങനെയായിരിക്കും? ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ താവളങ്ങളും കപ്പലുകളും അവര്‍ ആക്രമിക്കുമോ? ഹുര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിടുമോ? (ഗള്‍ഫ് മേഖലയില്‍ നിന്നുള്ള 90% എണ്ണയും കടന്നുപോകുന്നത് ഇത് വഴിയാണ്. ദിനേന 16.5 മില്യന്‍ ബാരല്‍ എന്ന കണക്കില്‍. ലോകത്തിന്റെ മൊത്തം എണ്ണ ഉപഭോഗത്തിന്റെ നാലിലൊന്നു വരുമിത്). എണ്ണ വിലയില്‍ അതിന്റെ ആഘാതം തീര്‍ച്ചയായും കാണാതിരിക്കില്ല. നേരത്തെ തന്നെ അവശമായിക്കഴിഞ്ഞ അമേരിക്കന്‍ സമ്പദ്ഘടനയെ തെരഞ്ഞെടുപ്പ് വര്‍ഷത്തില്‍ ആ നടപടി ശ്വാസം മുട്ടിക്കും.
ആക്രമണമുണ്ടാകുന്ന പക്ഷം ലബ്നാനില്‍നിന്ന് ഹിസ്ബുല്ലയുടെ വക മിസൈലുകളുടെ ഒരു പേമാരി തന്നെ ഇസ്രയേലിന് പ്രതീക്ഷിക്കാമെന്നും ഇഗ്നേഷ്യസ് എഴുതുന്നു. ശീഈ അറബികളില്‍ ഇതുണ്ടാക്കുന്ന പ്രതികരണമെന്തായിരിക്കുമെന്നും ഇസ്രയേലിന് കണക്ക് കൂട്ടാനാവുന്നില്ല. ഈ പശ്ചാത്തലത്തിലാണ് വിഷയം ചര്‍ച്ച ചെയ്യാനായി ഗള്‍ഫ് സഹകരണ കൌണ്‍സില്‍ അംഗ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാര്‍ തുര്‍ക്കി വിദേശകാര്യമന്ത്രി അഹമ്മദ് ദാവൂദ് ഒഗ്ലുവിനോടൊപ്പം ഇസ്തംബൂളില്‍ സംഗമിച്ചത്. നേരത്തെ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ ബ്രസീലുമായി ചേര്‍ന്ന് തുര്‍ക്കി ഒരു മാധ്യസ്ഥത്തിന് ശ്രമിച്ചിരുന്നു.
ആദ്യ ആക്രമണം എപ്പോഴായിരിക്കണമെന്ന് ഇസ്രയേലിന് തീരുമാനിക്കാവുന്നതേയുള്ളൂ. പക്ഷേ, അതിന്റെ പ്രത്യാഘാതങ്ങള്‍ ആ രാഷ്ട്രം കണക്ക് കൂട്ടുന്നതിനും അപ്പുറമായിരിക്കും. അറബ് ലോകത്ത് മിക്കയിടങ്ങളിലേക്കും ആ അഗ്നി പടരും. ഡേവിഡ് ഇഗ്നേഷ്യസും പാട്രിക് സിയേലും ഒരേ സ്വരത്തില്‍ പറയുന്ന ഒരു കാര്യമുണ്ട്. ആക്രമണമുണ്ടായിക്കഴിഞ്ഞാല്‍ ഇസ്രയേലിനെ സംരക്ഷിക്കാന്‍ അമേരിക്ക ബാധ്യസ്ഥമാവും. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ കരാര്‍ അത്തരത്തിലാണ്. തെരഞ്ഞെടുപ്പ് വര്‍ഷമായത് കൊണ്ട് തലയൂരാനും നിവൃത്തിയുണ്ടാകില്ല. അതിനാല്‍ ഇറാനോ ഹിസ്ബുല്ലയോ തിരിച്ചടിച്ചാല്‍ അമേരിക്ക ഇടപെടും. അമേരിക്കന്‍ താവളങ്ങളോ കപ്പലുകളോ ആക്രമിക്കുകയെന്ന അബദ്ധം ഇറാന് സംഭവിക്കാമെന്നും രണ്ട് ലേഖകരും മുന്നറിയിപ്പ് നല്‍കുന്നു. അങ്ങനെയെങ്കില്‍ അമേരിക്ക ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്ന ഒരു യുദ്ധത്തിലേക്ക് അവരെ കൊണ്ടെത്തിക്കലായിരിക്കുമത്.
പ്രതീക്ഷിക്കപ്പെടുന്ന ഒരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, ഗള്‍ഫ് സഹകരണ കൌണ്‍സില്‍ അംഗരാജ്യങ്ങള്‍ എന്ത്കൊണ്ട് ഇറാനുമായി ഒരു ധാരണക്ക് ശ്രമിക്കുന്നില്ല? ആ ധാരണ പ്രകാരം, ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ ഭൂമി വിട്ടുനല്‍കില്ലെന്ന് ഓരോ രാഷ്ട്രവും ഉറപ്പ് നല്‍കണം. പകരം ഈ രാഷ്ട്രങ്ങളിലെ ശീഈ വിഭാഗങ്ങളെ ഭരണകൂടങ്ങള്‍ക്കെതിരെ തിരിച്ച് വിടില്ലെന്ന് ഇറാനും വാക്ക് കൊടുക്കണം. ഈ നിര്‍ദേശം എന്റെ വകയല്ല. പാട്രിക് സിയേല്‍ സദുദ്ദേശ്യത്തോടെ അദ്ദേഹത്തിന്റെ ലേഖനത്തില്‍ മുന്നോട്ട് വെച്ചതാണ്. ഒട്ടും സമയം കളയാതെ ഇത്തരമൊരു ധാരണയെക്കുറിച്ച് ആലോചിക്കണം. പക്ഷേ, ഇപ്പറഞ്ഞതൊന്നും തങ്ങളെ ബാധിക്കുന്ന പ്രശ്നമേ അല്ല എന്ന നിലക്കാണ് അറബ് ലോകത്തിന്റെ നില്‍പ്പ്. അത്തരത്തിലുള്ള നയതന്ത്ര നീക്കങ്ങള്‍ അത്യാവശ്യമാണെന്ന് ഒരാളും ചിന്തിക്കുന്നതായും തോന്നുന്നില്ല.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം