ഗസ്സയിലേക്ക് ഇന്ധനമെത്തിക്കാന്‍ ധാരണ
അമേരിക്കന്‍ പിന്തുണയോടെ ഇസ്രയേല്‍ ഗസ്സയില്‍ തുടരുന്ന അപ്രഖ്യാപിത ഉപരോധം ഗസ്സചീന്തിലെ സാധാരണ ജനങ്ങളെ തെല്ലൊന്നുമല്ല കെടുതിയിലകപ്പെടുത്തിയത്. നിത്യോപയോഗ സാധനങ്ങള്‍വരെ ഗസ്സയില്‍ ലഭ്യമല്ലാത്ത സ്ഥിതിയാണ് പലപ്പോഴും. പ്രധാനമായും ഗസ്സ നേരിടുന്നത് വൈദ്യുതിക്കമ്മിയും വാഹന ഇന്ധനത്തിന്റെ ദൌര്‍ലഭ്യവുമാണ്. ആരോഗ്യ മേഖലയില്‍ വന്‍ പ്രതിസന്ധിയാണ് ഇതുമൂലം ഉണ്ടായത്. അടിക്കടി വൈദ്യുതി നിലക്കുന്നതുമൂലം ആശുപത്രികളില്‍ വെന്റിലേറ്ററുകളിലുള്ള രോഗികള്‍ കഷ്ടപ്പെടുന്നത് സാധാരണ സംഭവം. ഇതിനറുതി വരുത്താന്‍ ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയുടെ കയ്റോ സന്ദര്‍ശനത്തിന് കഴിയുമെന്നാണ് കരുതുന്നത്. മുസ്ലിം രാഷ്ട്രങ്ങളില്‍ പര്യടനം നടത്തുന്നതിന്റെ ഭാഗമായി കയ്റോയിലെത്തിയ ഹനിയ്യ ഗസ്സയിലേക്ക് വൈദ്യുതിയും വാഹന ഇന്ധനവും എത്തിക്കാന്‍ ഈജിപ്ത് അധികൃതരുമായി ധാരണയിലെത്തി. മറ്റു ആഭ്യന്ത രാഷ്ട്രീയ കാര്യങ്ങളും ഈജിപ്ത് അധികൃതര്‍ ഹമാസ് നേതാവുമായി ചര്‍ച്ച ചെയ്തു.
ഗസ്സയിലെ ജനങ്ങള്‍ വൈദ്യുതിക്കായി ആശ്രയിക്കുന്ന ഏക വൈദ്യുത നിലയം പ്രവര്‍ത്തിപ്പിക്കാന്‍ പ്രതിദിനം നാലു ലക്ഷം ലിറ്റര്‍ പെട്രോളെങ്കിലും ആവശ്യമാണ്. ഇതിലൂടെ 80 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാവും. മറ്റു ഇന്ധനാവശ്യങ്ങള്‍ക്ക് പുറമെയാണിത്. 140 മെഗാവാട്ട് ഉല്‍പാദനശേഷിയുണ്ടായിരുന്ന ഗസ്സ വൈദ്യുതി നിലയം 2006ല്‍ ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്നതാണ് ഉല്‍പാദനം കുറയാന്‍ കാരണം.
ഹമാസ് നോതാവ് കയ്റോയുമായുണ്ടാക്കിയ കരാര്‍ പ്രകാരം വൈദ്യുതിയും ഇന്ധനവും അടുത്തുതന്നെ ഗസ്സയിലേക്കെത്തിത്തുടങ്ങുമെന്ന് വൈദ്യുതി മന്ത്രി ഉമര്‍ കത്താന അറിയിച്ചു.
ഇറാനുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കണമെന്ന് ഒബാമ
അമേരിക്കയുമായി ആലോചിക്കാതെ ഇറാനുമായി ഒരു ഏറ്റുമുട്ടല്‍ നടത്തുന്നതില്‍നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഇസ്രയേലിലേക്ക് അമേരിക്കന്‍ ഉന്നത സംഘത്തെ അയച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് മധ്യപൌരസ്ത്യദേശത്ത് ഒരു യുദ്ധം അമേരിക്ക ആഗ്രഹിക്കുന്നില്ല എന്ന സന്ദേശമാണ് ഒബാമയുടെ ദൂതന്മാരായെത്തിയ അമേരിക്കന്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈമാറിയതെന്ന് ഇസ്രയേലി വൃത്തങ്ങള്‍ അറിയിച്ചു. ഇറാന്‍ ആക്രമണത്തിന് ഇസ്രയേല്‍ പദ്ധതിയിടുന്നതായി അമേരിക്ക മനസ്സിലാക്കുന്നു. ഇക്കാര്യത്തില്‍ അമേരിക്കയുമായി അഭിപ്രായവ്യത്യാസമുണ്ടെന്നും എന്നാലിത് അമേരിക്കയുമായി ഇടയുന്ന തലത്തിലേക്കെത്തിയിട്ടില്ലെന്നും ഇസ്രയേല്‍ സൈനിക വാക്താവ് റോണ്‍ ബിന്‍യഷായ് പറഞ്ഞു. വിവിധ തലങ്ങളിലുള്ള ഉപരോധങ്ങള്‍ ഇറാനെ പ്രതിസന്ധിയിലാക്കുമെന്നാണ് അമേരിക്ക ഇസ്രയേലിനു നല്‍കിയ ഉറപ്പ്.
അമേരിക്കയുടെയും ഇസ്രയേലിന്റെയും നീക്കങ്ങള്‍ ഇറാനെ സമ്മര്‍ദത്തിലാക്കി ആണവപദ്ധതികളില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇറാനുമായുള്ള ഒരു സായുധ ഏറ്റുട്ടല്‍ മേഖലയില്‍ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുമെന്ന കണക്കുകൂട്ടലാണ് സമ്മര്‍ദ തന്ത്രം ഉപയോഗിക്കാന്‍ അമേരിക്കയെയും ഇസ്രയേലിനെയും പ്രേരിപ്പിക്കുന്നത്.
വടക്കേ അമേരിക്കയിലെ ഇബാസക്കില്‍ അടുത്ത് നടക്കാനിരിക്കുന്ന അമേരിക്കന്‍ ജൂത സംഘടനകളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്‍യാമീന്‍ നെതന്യാഹു അടുത്ത് തന്നെ വാഷിംഗ്ടണ്‍ സന്ദര്‍ശിക്കാനിരിക്കെ അതിന്റെ മുന്നോടിയായി അമേരിക്കന്‍ ഉന്നത സംഘത്തിന്റെ ഇസ്രയേല്‍ ദൌത്യം പ്രാധാന്യമേറിയതാണ്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് ഒബാമയുടെ നീക്കങ്ങളെന്ന് വ്യക്തം. അതോടൊപ്പം കൊട്ടിഘോഷിക്കപ്പെട്ട അറബ് വസന്തത്തിനൊപ്പം പ്രസ്തുത രാജ്യങ്ങളില്‍ ഇസ്ലാമിക പാര്‍ട്ടികള്‍ ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയതും ഇരു രാജ്യങ്ങളെയും വിറളിപിടിപ്പിക്കുന്നുണ്ട്. മിഡിലീസ്റിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതിയ അറബ് വസന്തം അറബ് രാജ്യങ്ങളുമായി പുതിയ സ്ട്രാറ്റജി രൂപപ്പെടുത്താന്‍ ഇസ്രയേലിനെയും പാശ്ചാത്യ രാജ്യങ്ങളെയും നിര്‍ബന്ധിതരാക്കിയിരിക്കുന്നു.
യമനില്‍ അധികാരക്കൈമാറ്റം പൂര്‍ത്തിയായി
ജനാധിപത്യ പ്രക്രിയയുടെ ഒന്നാം ഘട്ടം പൊതുതെരഞ്ഞെടുപ്പിലൂടെ പൂര്‍ത്തിയാക്കിയ യമന്‍ അറബ് റിപ്പബ്ളിക് 'അറബ് വസന്ത'ത്തിലൂടെ അധികാരക്കൈമാറ്റം സാധ്യമായ ആദ്യ രാഷ്ട്രമെന്ന ബഹുമതി സ്വന്തമാക്കി. രാജ്യത്തെ ഒന്നേക്കാല്‍ കോടിയോളം വരുന്ന വോട്ടര്‍മാരില്‍ 80 ശതമാനത്തോളം സമ്മതിദാനാവകാശം വിനിയോഗിച്ചതായി യമന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി 'സബഅ്' റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിന്റെ നിഴലായിരുന്ന അബ്ദുറബ്ബുഹു മന്‍സൂര്‍ ഹാദി പുതിയ യമന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വിവിധ ലോകനേതാക്കളുടെ സമ്മര്‍ദം കാരണമാണ് അലി സ്വാലിഹ് പുറത്തുപോകേണ്ടിവന്നത്.
രണ്ടു വര്‍ഷമാണ് പുതിയ പ്രസിഡന്റിന്റെ കാലാവധി. അതിനുശേഷം പ്രതിപക്ഷ പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ കരുത്തുറ്റ ജനാധിപത്യ സംവിധാനത്തിലേക്ക് യമന്‍ തിരിച്ചുപോകുമെന്ന ഉറപ്പിന്മേലാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഏക സ്ഥാനാര്‍ഥി മാത്രമുള്ള 'തെരഞ്ഞെടുപ്പ് ഒത്തുതീര്‍പ്പ്' അംഗീകരിക്കപ്പെട്ടത്. പൂര്‍ണ ജനാധിപത്യത്തിലേക്കുള്ള പരിവര്‍ത്തനകാലം എന്നാണ് ഹാദിയുടെ അടുത്ത രണ്ടുവര്‍ഷക്കാലം വിശേഷിക്കപ്പെടുന്നത്.
ഇപ്പോള്‍ അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിന് രാജ്യം വിടേണ്ടിവന്നുവെങ്കിലും അദ്ദേഹത്തിന്റെ ബന്ധുക്കളും സ്വന്തക്കാരുമാണ് യമനിലെ സുരക്ഷാസേനയുടെയും മറ്റു പ്രധാന അധികാര കേന്ദ്രങ്ങളുടെയും തലപ്പത്ത് ഇപ്പോഴുമുള്ളത്. രാജ്യത്ത് ഒരു വര്‍ഷത്തോളം നീണ്ട ബഹുജന പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ലോകരാഷ്ട്രങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 23ന് രിയാളില്‍ അലി സ്വാലിഹ് ഒപ്പുവെച്ച അധികാരക്കൈമാറ്റക്കരാര്‍ പ്രകാരമാണ് ഹാദി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തൊട്ടാകെ സുരക്ഷാ സേനയെ നിയോഗിച്ച് കനത്ത സുരക്ഷാവലയം തീര്‍ത്താണ് തെരഞ്ഞെടുപ്പ് പ്രക്രിയ അരങ്ങേറിയത്. തെരഞ്ഞെടുപ്പ് പൊതുവെ ശാന്തമായിരുന്നുവെങ്കിലും തെക്കേ യമനിലെ ഏദനില്‍ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളുണ്ടായി. ഏദനില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനത്ത സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു. യമന്റെ ശോഭനമായ ഭാവിക്ക് വേണ്ടി കഠിന പ്രയത്നം ചെയ്യുമെന്ന് തെരഞ്ഞെടുപ്പിനുശേഷം മന്‍സൂര്‍ ഹാദി പറഞ്ഞു. ഒരു വലിയ ലക്ഷ്യത്തിലേക്ക് മുന്നേറാനുള്ള ചരിത്ര നിമിഷം എന്നാണ് യമനിലെ വിപ്ളവ നായിക തവക്കല്‍ കിര്‍മാന്‍ തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
അമേരിക്കന്‍ പ്രസിഡന്റിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബ്രണ്ണന്‍ പുതിയ പ്രസിഡന്റിന് പിന്തുണ വാഗ്ദാനം ചെയ്തു. പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ സര്‍വ സഹായവും അമേരിക്ക യമന്‍ ഭരണകൂടത്തിനു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ബശ്ശാര്‍ പുറത്തുപോവണമെന്ന് ബ്രദര്‍ഹുഡ് വിദ്യാര്‍ഥികള്‍
ആയിരക്കണക്കിന് സാധാരണക്കാരെ കൊന്നൊടുക്കുന്ന സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് പുറത്തുപോകണമെന്നാവശ്യപ്പെട്ട് മുസ്ലിം ബ്രദര്‍ഹുഡ് വിദ്യാര്‍ഥികള്‍ കയ്റോയില്‍ കൂറ്റന്‍ റാലി നടത്തി. സിറിയന്‍ ഏകാധിപതിയെ പുറത്താക്കാന്‍ ഈജിപ്ത് കൂടുതല്‍ ശക്തി പ്രയോഗിക്കണമെന്നും പ്രകടനക്കാര്‍ ആവശ്യപ്പെട്ടു. സിറിയല്‍ വിപ്ളവ=കാരികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് കയ്റോയിലെ അല്‍അസ്ഹര്‍ യൂനിവേഴ്സിറ്റി കോംബൌണ്ടില്‍ നടന്ന റാലിയില്‍ സിറിയന്‍ വിപ്ളവത്തിന്റെ പ്രതിനിധികളായ ഡോ. വിസാം മലൂഹി, ശൈഖ് റബീഹ് അല്‍ഹാനി എന്നിവരും പങ്കെടുത്തു.
സിറിയന്‍ വിപ്ളവത്തിന് അഭിവാദ്യങ്ങളര്‍പ്പിച്ച വിദ്യാര്‍ഥികള്‍ 'ബശ്ശാറിനെ പുറത്താക്കി സിറിയന്‍ ജനതയെ രക്ഷിക്കാന്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഈജിപ്തിലെ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. 'ബശ്ശാര്‍ നാടുവിടുക, ഈജിപ്തും സിറിയയും സഹോദരങ്ങളാണ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് വിദ്യാര്‍ഥികള്‍ പ്രകടനം നയിച്ചത്.
ബ്രിട്ടീഷ് മുസ്ലിംകള്‍ വിശ്വാസം മുറുകെപിടിക്കുന്നവരെന്ന് പഠനം
ബ്രിട്ടനിലെ മറ്റു മതവിശ്വാസികളെ അപേക്ഷിച്ച് ബ്രിട്ടീഷ് മുസ്ലിംകള്‍ വിശ്വാസം ജീവിതത്തില്‍ സജീവമായി നിലനിര്‍ത്തുന്നവരും ഇളം തലമുറയിലേക്ക് ഇസ്ലാമിനെ പകര്‍ന്നുനല്‍കാന്‍ ശ്രമിക്കുന്നവരുമാണെന്ന് കാര്‍ഡിഫ് യൂനിവേഴ്സിറ്റി നടത്തിയ പഠനം വ്യക്തമാക്കി. ബി.ബി.സി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ബ്രിട്ടീഷ് മുസ്ലിം യുവാക്കള്‍ ബ്രിട്ടനിലെ വിവിധ ഇസ്ലാമിക സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതായും ഇസ്ലാമിക വിശ്വാസങ്ങളെ നെഞ്ചേറ്റാന്‍ മത്സരിക്കുന്നതായും പറയുന്നുണ്ട്. ബ്രിട്ടീഷ് മുസ്ലിംകള്‍ ഖുര്‍ആനും അറബി ഭാഷയും പഠിക്കാന്‍ മുന്നോട്ടുവരുന്നു. 98 ശതമാനം മുസ്ലിം രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ഇസ്ലാംമത വിദ്യാഭ്യാസം നല്‍കുന്നതില്‍ കണിശത കാണിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ബ്രിട്ടനിലെ മുസ്ലിംകുട്ടികള്‍ ഏതു തിരക്കിനിടയിലും ഇസ്ലാമിനെ പഠിക്കാന്‍ സമയം കണ്ടെത്തുന്നതായും സ്കൂള്‍ ക്ളാസുകള്‍ക്ക് ശേഷം ആഴ്ചയില്‍ മൂന്നോ അതില്‍ കൂടുതലോ തവണ മതപഠന ക്ളാസുകളില്‍ പങ്കെടുക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. കാര്‍ഡിഫ് യൂനിവേഴ്സിറ്റി സോഷ്യന്‍ സയന്‍സ് വിഭാഗവും സെന്റര്‍ ഫോര്‍ സ്റഡി ഓഫ് ഇസ്ലാം യു.കെയും ചേര്‍ന്നാണ് പഠനം തയാറാക്കിയത്. ബ്രിട്ടനിലെ പ്രബല ന്യൂനപക്ഷമായ മുസ്ലിം ജനസംഖ്യ 25 ലക്ഷത്തോളം വരും. ഇസ്ലാമിക രാഷ്ട്രങ്ങളിലും പരമ്പരാഗത മുസ്ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങളിലും മറ്റും മുസ്ലിംകള്‍ പുലര്‍ത്തിവരുന്ന ദീനീ നിഷ്ഠയേക്കാള്‍ കൂടുതലാണ് ബ്രിട്ടീഷ് മുസ്ലിംകളുടെ ഇസ്ലാമിക ബോധമെന്ന് സാരം.
അല്‍ അഖ്സ തകര്‍ക്കുമെന്ന് ഭീഷണി
അല്‍ അഖ്സ തകര്‍ക്കുമെന്ന് ജൂത തീവ്രവാദികള്‍ ഇടക്കിടെ ഭീഷണി മുഴക്കുന്നത് ഖുദ്സ് നഗരം സംഘര്‍ഷഭരിതമാകാനിടയാക്കുന്നു. വലതുപക്ഷ തീവ്രജൂത സംഘടനയായ ലിക്കുഡ് പാര്‍ട്ടിയുടെ വക്താക്കളാണ് അല്‍അഖ്സയില്‍ അതിക്രമിച്ച് കടന്ന് പള്ളിപൊളിക്കാനും പകരം വാഗ്ദത്ത യഹൂദ ദേവാലയം പണിയാനും ആഹ്വാനം നല്‍കിയത്. ഇതോടെ ഖുദ്സ് നഗരം സംഘര്‍ഷത്തിന്റെ വക്കിലെത്തി. സംഘര്‍ഷം തുടങ്ങുന്നതോടെ മസ്ജിദുല്‍ അഖ്സക്ക് ചുറ്റും ഇസ്രയേല്‍ അധിനിവേശസേന വലയം തീര്‍ക്കുകയാണ് പതിവ്.
മസ്ജിദുല്‍ അഖ്സ തകര്‍ക്കുന്നതടക്കമുള്ള ഭീഷണികള്‍ക്കെതിരെ ഫലസ്ത്വീനില്‍ വ്യാപകമായ ബോധവല്‍ക്കരണ പരിപാടികളാണ് നടന്നുവരുന്നത്. അധിനിവേശസേനയുടെ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളെയും സര്‍ക്യൂട്ട് കാമറകളെയും വെട്ടിച്ച് ഹമാസിന്റേതടക്കം ആയിരക്കണക്കിന് ഫലസ്ത്വീന്‍ യുവാക്കളാണ് കഴിഞ്ഞ ഒരാഴ്ചയായി ഖുദ്സിലേക്കൊഴുകിയെത്തിയത്. ഇതോടെ അല്‍അഖ്സയില്‍ പ്രവേശിക്കാനുള്ള ജൂത തീവ്രവാദികളുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. നിരായുധരായ ഫലസ്ത്വീന്‍ പോരാളികളും ആയുധമേന്തിയ അധിനിവേശ സേനയും മസ്ജിദുല്‍ അഖ്സ അങ്കണത്തില്‍ ഒരുമിച്ചുകൂടിയത് ചെറിയ തോതിലുള്ള സംഘര്‍ഷത്തിനിടയാക്കി. ഖുദ്സ് നഗരത്തിന്റെ പല ഭാഗങ്ങളിലും അധിനിവേശ സേനയും ഫലസ്ത്വീന്‍ യുവാക്കളും തമ്മില്‍ ഏറ്റുമുട്ടലുകള്‍ നടന്നു.
മസ്ജിദുല്‍ അഖ്സയില്‍ ഇസ്രയേല്‍ അടിക്കടി പ്രകോപനം സൃഷ്ടിക്കുന്നതിനെ ഹമാസ് ശക്തിയായി അപലപിച്ചു. ഫലസ്ത്വീന്‍ ജനതയോട് ശത്രുത മാത്രം വെച്ചുപുലര്‍ത്തുന്ന ഇസ്രയേല്‍ അധികൃതരുമായുള്ള ബന്ധം വിഛേദിക്കാനും പ്രശ്നത്തിനുള്ള ഏക പരിഹാര മാര്‍ഗമായ ചെറുത്തുനില്‍പ് സമരം തുടങ്ങാനും ഫലസ്ത്വീന്‍ സര്‍ക്കാറിനോട് ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ ആവശ്യപ്പെട്ടു. ഫലസ്ത്വീനില്‍ ഇസ്രയേല്‍ അനുവര്‍ത്തിച്ചുവരുന്ന ശത്രുതാപരമായ നിലപാടുകള്‍ക്ക്നേരെ മൌനം പാലിക്കുന്ന അമേരിക്കയുടെയും യൂറോപ്യന്‍ രാഷ്ട്രങ്ങളുടെയും നിലപാടുകള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ വലതുപക്ഷ ജൂത തീവ്രവാദികളുടെ മസ്ജിദുല്‍ അഖ്സ തകര്‍ക്കാനുള്ള ആഹ്വാനം ഈജിപ്തിന്റെ ദേശീയ സുരക്ഷക്ക് ഭീഷണിയാണെന്ന് ഈജിപ്ത് സായുധ സേനാ മേധാവി സാമി അന്നാന്‍ മുന്നറിയിപ്പ് നല്‍കിയതായി അല്‍ഖുദ്സ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ആദ്യം 'കത്തിച്ചു' പിന്നീട് മാപ്പ് ചോദിച്ചു
അമേരിക്കന്‍ അധിനിവേശ സേന മുസ്ലിം രാഷ്ട്രങ്ങളില്‍ അനുവര്‍ത്തിച്ചുവരുന്ന നയമാണ് ഇസ്ലാമിക ചിഹ്നങ്ങളെ അവമതിക്കുകയും മുസ്ലിം വികാരം 'കത്താന്‍' തുടങ്ങുമ്പോള്‍ മാപ്പ് പറഞ്ഞ് തലയൂരുകയും ചെയ്യുക എന്ന തന്ത്രം. മാപ്പ് വരുന്നതോടെ കത്തലടങ്ങുകയും അടുത്ത സംഭവത്തിനായി കാത്തിരിക്കുകയും ചെയ്യാം. ഈ ഗണത്തില്‍ അവസാനത്തേത് അഫ്ഗാനിലെ ബഗ്രാം വ്യോമത്താവളത്തിലെ സൈനികര്‍ അഫ്ഗാനികള്‍ നോക്കിനില്‍ക്കെ ഖുര്‍ആന്‍ കോപ്പികള്‍ കത്തിച്ചതാണ്. വാര്‍ത്ത പുറത്തുവന്നതോടെ പട്ടാളക്കാര്‍ കണക്കുകൂട്ടിയതുപോലെത്തന്നെ അഫ്ഗാനിസ്താന്റെ പല ഭാഗങ്ങളിലും പ്രകടനങ്ങള്‍ അരങ്ങേറി. പതിവുപോലെ കാബൂളിലെ നാറ്റോ കമാണ്ടര്‍ പ്രസിഡന്റ് കര്‍സായിയോട് മാപ്പ് പറഞ്ഞു. അതിനു പുറമെ വൈറ്റ് ഹൌസ് ഔദ്യോഗിക വക്താവ് ജേയ് കാര്‍ണി നേരിട്ട് മാപ്പ് പറഞ്ഞതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവം അങ്ങേയറ്റം ഖേദകരമാണെന്നും അമേരിക്കന്‍ പട്ടാളം അഫ്ഗാന്‍ ജനതയുടെ മതത്തോട് കാണിക്കുന്ന ബഹുമാനത്തിന് ചേര്‍ന്നതല്ല കൃത്യമെന്നും അദ്ദേഹം പറഞ്ഞു. ഇത് മനഃപൂര്‍വമല്ലെന്നും മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അന്വേഷണം നടത്തുമെന്നും കാര്‍ണി വ്യക്തമാക്കിയിട്ടുണ്ട്.
Comments