Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 3

കത്തുകള്‍

'വിശുദ്ധ മുടി'യുടെ രാഷ്ട്രീയം
നജീര്‍ ബഹ്‌റൈന്‍

ഒരു കാര്യത്തെ അന്ധമായി വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും ഒരു പോലെയാണ്. രണ്ടിടത്തും ബുദ്ധിയെ ശരിയായ രീതിയില്‍ ഉപയോഗിക്കുന്നില്ല എന്നത് കൊണ്ട്! ദൈവവിശ്വാസത്തിലും അതുമായി ബന്ധപ്പെട്ട മതവിശ്വാസങ്ങളിലും അങ്ങനെയാണ്. അതുകൊണ്ടാണ് ഖുര്‍ആന്‍ മനുഷ്യരോട് ആവശ്യപ്പെടുന്നത്, പ്രപഞ്ച സൃഷ്ടാവിനെ അറിയാന്‍, ആകാശഭൂമികളെ പറ്റി, അവയുടെ സഞ്ചാരത്തെ പറ്റി, രാപ്പകലുകള്‍ ആവര്‍ത്തിച്ചു വരുന്നതിനെ പറ്റി നിരീക്ഷിക്കാന്‍. ചിന്തിക്കാനുള്ള കഴിവു നല്‍കിയില്ലേ, ചിന്തിക്കുക! പഠിക്കുക! നിങ്ങള്‍ ചിന്തിക്കാത്തതെന്ത്! സൂചിപ്പിക്കുന്നത്, മനുഷ്യന്‍ തന്റെ ചിന്തയെ ഉപയോഗിച്ചില്ലെങ്കില്‍ തന്നെ ചൂഷണം ചെയ്യാനുള്ള സാധ്യതകള്‍ അവന്‍ തന്നെ ഒരുക്കുകയാണ്.
പുണ്യവാളന്മാരെ ആരാധിക്കുന്ന, അവരുടെ തിരുശേഷിപ്പുകള്‍ ഭക്തിപൂര്‍വം ദര്‍ശിക്കുന്ന ഇതര മതാചാരങ്ങളുമായി ഐക്യപ്പെടുന്ന രീതിയില്‍ തങ്ങളുടേതായ പുതിയ കണ്ടു പിടുത്തങ്ങള്‍ വിശ്വാസത്തിന്റെ പേരില്‍ ഇസ്‌ലാമില്‍ പരീക്ഷിക്കുന്നു എന്നാണ് തറക്കല്ലിടപ്പെട്ട 'ആസാറേ മസ്ജിദ്' വിളിച്ചു പറയുന്നത്! ചിന്തിക്കാന്‍ തയാറില്ലാത്ത അനുയായി വൃന്ദത്തിന്റെ വൈകാരിക വിശ്വാസത്തെ മുതലെടുത്തു കൊണ്ടാണ് 'മുടിപ്പള്ളി' ഉയരാന്‍ പോകുന്നത്! ആയിരക്കണക്കിന് പള്ളികളുള്ള കേരളത്തില്‍ ഒരു പൈസ പോലും പിരിക്കാതെ അങ്ങനെയൊരു തിരുശേഷിപ്പ് ആവശ്യമെങ്കില്‍ സൂക്ഷിക്കാം എന്നിരിക്കെ, പിന്നെയെന്തിനാണ് കോടികള്‍ ചെലവഴിച്ച് ഒരു പള്ളിനിര്‍മിക്കുന്നത്?

യു.കെയുടെ കാവ്യലോകം
എന്‍.കെ അഹ്മദ്, എന്‍.ഐ.ടി കോഴിക്കോട്

പുതിയ തലമുറക്ക് അപരിചിതമെന്നു തന്നെ പറയാവുന്ന യു.കെ അബൂ സഹ്‌ലയുടെ കാവ്യലോകത്തെക്കുറിച്ച് പി.ടി കുഞ്ഞാലി നടത്തിയ അപഗ്രഥനം വൈജ്ഞാനികവും കാലോചിതവുമായി. മാപ്പിളപ്പാട്ടുകള്‍ എന്ന പേരില്‍ ചാനലുകളിലും റിയാലിറ്റി ഷോകളിലും നാലാംതരം പ്രകടനങ്ങള്‍ കണ്ടും കേട്ടും മടുത്ത ആസ്വാദക ലോകത്തിന് യു.കെയുടെ പാട്ടുകള്‍ വേറിട്ടൊരു അനുഭവം തന്നെയാണ് നല്‍കുക.
അബൂസഹ്‌ലയുടെ രചനകളെക്കുറിച്ച വായനക്കിടയില്‍ സ്‌കൂള്‍ ജീവിതത്തിലെ ഒരു സംഭവം ഓര്‍ക്കാനിടയായി. ഏതോ മദ്‌റസാ വാര്‍ഷിക പരിപാടിയില്‍ അവതരിപ്പിച്ച യു.കെയുടെ ഒരു ഗാനത്തിന്റെ അച്ചടിച്ച കോപ്പി എങ്ങനെയോ എന്റെ കൈയിലെത്തി. ലളിതസുന്ദരമായ ഭാഷയില്‍ ഹൃദ്യമായ ഈണത്തിലുള്ള വരികളില്‍, മാതാപിതാക്കളോടുള്ള കടമകള്‍ വിവരിക്കുന്ന ഒരു ഗാനമായിരുന്നു അത്. അതിലെ ലാളിത്യവും ആസ്വാദ്യതയും കാരണം അത് പാടിപ്പാടി എളുപ്പത്തില്‍ എനിക്ക് ഹൃദിസ്ഥമായി. ആ ഗാനം എവിടെയെങ്കിലും ഒന്നവതരിപ്പിക്കണമെന്ന് എന്റെ ബാലമനസ്സില്‍ കലശലായ ആഗ്രഹം. അതിനിടെ സ്‌കൂള്‍ സാഹിത്യസമാജത്തിന്റെ തീയതിയെത്തി. ഒരു കൂട്ടുകാരനെ ശട്ടം കെട്ടി അടുത്തയോഗത്തിലെ ഉപന്യാസ വിഷയമായി മാതാപിതാക്കളോടുള്ള കടമ തെരഞ്ഞെടുക്കുകയും പ്രബന്ധം സുഹൃത്ത് ഏറ്റെടുക്കുകയും ചെയ്തു. ഗാനാലാപനം ഈയുള്ളവനും.
എന്തും സഹിക്കുന്നു മാതാപിതാക്കള്‍/ സന്താന സംരക്ഷണത്തിന്റെ പേരില്‍
സന്താനം നിലനിന്നു കാണേണ്ടതിനായി/ സന്താപമേതും സഹിക്കും മനുഷ്യന്‍
തുടര്‍ന്നുള്ള വരികള്‍ ഖുര്‍ആനികാശയങ്ങളുടെ കാവ്യാവിഷ്‌കാരം തന്നെയായിരുന്നു. അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന സദസ്സ് യു.കെയുടെ വരികളില്‍ ലയിച്ചിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. പിന്നീട് നടന്ന ചര്‍ച്ചകളിലും പ്രസംഗങ്ങളിലും നിറഞ്ഞുനിന്നത് അബൂ സഹ്‌ല തന്നെയായിരുന്നു. അധ്യക്ഷനും ഹെഡ്മാസ്റ്ററും ഒരു സാഹിത്യാസ്വാദകനുമായ കുട്ടികൃഷ്ണന്‍ നമ്പ്യാര്‍ പറഞ്ഞു: യു.കെയുടെ പേരും അദ്ദേഹത്തിന്റെ രചനയും ഞാനാദ്യമായാണ് കേള്‍ക്കുന്നത്. അതിമനോഹരവും ആശയ സമ്പുഷ്ടവും അതീവ ഹൃദ്യവുമായ ഒരു രചനയാണിതെന്ന് നിസ്സംശയം പറയാവുന്നതാണ്.

'മരുഭൂമിയിലെ നീരുറവ' വേറിട്ട വായനാനുഭവം
വി. മുഹമ്മദ് കോയ
പ്രബോധനം പ്രവാചക പതിപ്പില്‍ എം.ജി.എസ് നാരായണന്‍ എഴുതിയ മരുഭൂമിയിലെ നീരുറവ അസ്സലായിട്ടുണ്ട്. ഈ പതിപ്പിലെ വ്യത്യസ്തവും ശ്രദ്ധേയവുമായ ലേഖനം ഇതാണെന്ന് തോന്നുന്നു. ദൈവദൂതന്‍ അടയാളപ്പെടുത്തിയ മരുഭൂമിയിലെ സ്തൂപങ്ങള്‍ നവംനവങ്ങളായ രൂപ ഭാവങ്ങളോടെ എം.ജി.എസ് പറഞ്ഞുതരുമ്പോള്‍ അതില്‍ മലയാള ഭാഷയുടെ തീവ്ര സൗന്ദര്യമുണ്ട്, ഉദാത്തമായ ചമല്‍ക്കാരങ്ങളുണ്ട്, പ്രവാചകന്റെ മഹിത സാന്നിധ്യവുമുണ്ട്. എല്ലാവരുമുപയോഗിച്ച സാങ്കേതികത എം.ജി.എസ് കൈയൊഴിയുകയും അദ്ദേഹം സ്വയമൊരു വ്യതിരിക്ത ഭാവത്തില്‍ പ്രവാചകനെക്കുറിച്ച് നമ്മോട് സംസാരിക്കാന്‍ തയാറാവുകയും ചെയ്യുന്നു.
ഭൂമുഖത്തിന്റെ എത്രയോ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന മുസ്‌ലിം സഹോദരങ്ങളെ അടുപ്പിച്ചു നിര്‍ത്തുന്ന ഒരദൃശ്യ വലയം മക്കാ പട്ടണമാണെന്ന് പറഞ്ഞുകൊണ്ട് ലേഖനം എം.ജി.എസ് അവസാനിപ്പിക്കുന്നു. പുതിയ പദസമ്പത്തുക്കള്‍ ചേര്‍ത്തിണക്കിയ ഒരു ഹാരമായി വായനക്കാരന്‍ ഇതിനെ സ്വീകരിക്കുന്നു. ഈയടുത്ത കാലത്ത് കേട്ടതില്‍ വെച്ചേറ്റവും ഉല്‍കൃഷ്ട പ്രവാചക കീര്‍ത്തനം ഇതുതന്നെയാണ്.


അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് !
റഹ്മാന്‍ മധുരക്കുഴി

''കേരളത്തില്‍ എന്‍.ഡി.എഫിന്റെയും സോളിഡാരിറ്റിയുടെയും പ്രവര്‍ത്തനം ആസൂത്രിതമാണ്. സ്‌കൂള്‍ കുട്ടികളെ ഉള്‍പ്പെടെ വര്‍ഗീയ ഭ്രാന്തരാക്കുന്ന പ്രവര്‍ത്തനമാണ് ഇവര്‍ സംഘടിപ്പിക്കുന്നത്'' (ദേശാഭിമാനി 12.12.2012). മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ദേശാഭിമാനിയില്‍ വന്ന വിശകലനത്തില്‍ നിന്നുള്ളതാണ് ഈ പരാമര്‍ശം.
ഇസ്‌ലാമിക ദര്‍ശനത്തിലൂന്നിയ മാനവിക യുവജന പ്രസ്ഥാനമാണ് സോളിഡാരിറ്റി. സമൂഹത്തില്‍ അവഗണിക്കപ്പെടുകയും പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്ന വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജാതി-മത വിഭാഗീയതകള്‍ക്കതീതമായി സമര രംഗത്തിറങ്ങിയ ജനസേവന പോരാട്ട പ്രസ്ഥാനമാണത്. ഈ അവകാശവാദത്തിന് വിരുദ്ധമായി, മത സമൂഹങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുന്ന എന്തെങ്കിലും പ്രവര്‍ത്തനം നാളിതുവരെ സോളിഡാരിറ്റി നടത്തിയതിന് ഒറ്റ ഉദാഹരണം പോലും ചൂണ്ടിക്കാണിക്കാനാവില്ല. സംസ്ഥാന സര്‍ക്കാറിന് പോലും പ്രചോദനമായ ജനസേവന പ്രവര്‍ത്തനങ്ങളാണ് അത് നടത്തിക്കൊണ്ടിരിക്കുന്നത്. മുന്‍ ജലവിഭവ മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ പറയട്ടെ: ''സോളിഡാരിറ്റി ആവിഷ്‌കരിച്ച് നടപ്പാക്കിയ ജനകീയ പദ്ധതികള്‍ സര്‍ക്കാറിന്റെ കണ്ണ് തുറപ്പിച്ചു. അവ മാതൃകയാക്കി അത്തരം പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കി.'' സോളിഡാരിറ്റിയുടെ ജനകീയ കുടിവെള്ള പദ്ധതി പ്രഖ്യാപന സമ്മേളനം കൊടുങ്ങല്ലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ''കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിക്ക് സര്‍ക്കാറിന് പ്രേരകശക്തിയായത് സോളിഡാരിറ്റിയാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള സോളിഡാരിറ്റി പദ്ധതിയാണ് സര്‍ക്കാര്‍ മാതൃകയാക്കിയത്. ഇ.എം.എസ് പദ്ധതിയടക്കമുള്ള സര്‍ക്കാറിന്റെ ഭവന പദ്ധതിക്കും പ്രേരകമായത് സോളിഡാരിറ്റിയുടെ ഭവന പദ്ധതിയാണ്. ഇപ്പോള്‍ നടപ്പാക്കുന്ന ചെറുകിട ശുദ്ധജല പദ്ധതിയും സര്‍ക്കാറിന് പ്രേരകമാവും. ഇസ്‌ലാമികാധ്യാപനങ്ങളെ അക്ഷരാര്‍ഥത്തില്‍ നടപ്പാക്കുകയാണ് സോളിഡാരിറ്റി. അതുവഴി, തീവ്രവാദവും ഭീകരവാദവുമല്ല, ഇസ്‌ലാമിക ദര്‍ശനമെന്ന് ബോധ്യപ്പെടുത്തുകയാണ്''- മന്ത്രി പറഞ്ഞു (മാധ്യമം 7.2.2010).
ഇതാണ് യാഥാര്‍ഥ്യമെങ്കില്‍, കമ്യൂണിസ്റ്റുകാര്‍ എന്തിനാണാവോ സോളിഡാരിറ്റി എന്ന യുവജന പ്രസ്ഥാനത്തിന് നേരെ ചളിവാരിയെറിയാന്‍ ശ്രമിക്കുന്നത്. കാരണം മറ്റൊന്നുമല്ല. ഇടതുപക്ഷം പോയ കാലങ്ങളില്‍ ചെയ്തിരുന്നതും എന്നാല്‍ ഇടക്കാലത്ത് ചില സ്ഥാപിത താല്‍പര്യങ്ങളുടെ പേരില്‍ കൈവെടിഞ്ഞതുമായ, നീതിനിഷേധിക്കപ്പെടുകയും പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്ന സമൂഹത്തിന് വേണ്ടിയുള്ള പോരാട്ടയിടങ്ങളില്‍ ആവേശപൂര്‍വം കടന്നുവന്ന് 'ആധിപത്യം' സ്ഥാപിക്കാന്‍ സോളിഡാരിറ്റി ശ്രമിക്കുന്നതിലുള്ള അസൂയയും ഈര്‍ഷ്യയുമാണ് ഈ വെപ്രാളത്തിന് പിന്നില്‍.
സി.പി.എമ്മിന്റെയും ദേശാഭിമാനിയുടെയും സോളിഡാരിറ്റി വിരോധത്തിന്റെ മര്‍മം മറ്റൊന്നല്ല. 'അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്!'
അറബ് വസന്തത്തില്‍
അരാജകത്വം ദര്‍ശിക്കുന്നവര്‍
പറമ്പത്ത് മജീദ് ദോഹ

തുനീഷ്യയില്‍ ഉത്ഭവിച്ച് മിഡില്‍ ഈസ്റ്റിലുടനീളം ആഞ്ഞടിച്ച അറബ് വസന്തത്തെക്കുറിച്ച് 'പാശ്ചാത്യ മാധ്യമ സൃഷ്ടിയാണെന്നും പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളില്‍ ഇപ്പോള്‍ അരാജകത്വമാണ് നിലനില്‍ക്കുന്നതെന്നും' മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് സാരഥി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വിലയിരുത്തിയതായി മാധ്യമം (ഫെബ്രുവരി.14, 2012) റിപ്പോര്‍ട്ടാണ് ഈ കുറിപ്പിന്നാധാരം.
ഈ ദശകത്തിലെ ഏറ്റവും ശ്രദ്ധേയമായ അറബ് ജനമുന്നേറ്റം സ്വേഛാധിപതികളായ ചില ഭരണാധികാരികളുടെ അന്ത്യമാണ് ലോകത്തിന് സമ്മാനിച്ചത്. സ്വേഛാധിപതികളായ സൈനുല്‍ ആബിദീനും ഹുസ്‌നി മുബാറക്കും മുഅമ്മര്‍ ഖദ്ദാഫിയും ഈ മുന്നേറ്റത്തില്‍ തകര്‍ന്നു വീണു. തുനീഷ്യയുടെ തെരുവോരങ്ങളില്‍ ആരംഭിച്ച് ഈജിപ്തിലെ തഹ്‌രീര്‍ സ്‌ക്വയറിലുടെയും ട്രിപ്പോളിയിലൂടെയും മുന്നേറി, യമനിലും സിറിയയിലും മാറ്റത്തിന്റെ പുതിയൊരു പ്രഭാതം അറബ് ജനത പ്രതീക്ഷിച്ചുകൊണ്ടിരിക്കെയാണ് ഈ വിപ്ലവമുന്നേറ്റത്തെ വെറും മാധ്യമ സൃഷ്ടിയായി തരം താഴ്ത്താന്‍ ശ്രമിക്കുന്നത്. അറബ് ലോകത്തു പ്രതീക്ഷയുടെ പൊന്‍കിരണം നല്‍കുക മാത്രമല്ല പാശ്ചാത്യഭരണകൂടങ്ങളുടെ അരമനയെ പോലും ആശങ്കയിലും നിരാശയിലും അരക്ഷിതാവസ്ഥയിലും തളച്ചിട്ടിരിക്കയാണ് ഈ അറബ് മുന്നേറ്റം. ഒരു വേള, അമേരിക്കയിലും യൂറോപ്പിലും ഈയിടെ നടന്ന വാള്‍സ്ട്രീറ്റ് പ്രക്ഷോഭങ്ങളും ചൈനയിലോളമെത്തിയ സമരവീര്യവും അറബ്‌വസന്തത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് നടന്നത്.
അറബ് വസന്തത്തെ തുടര്‍ന്നു ജനകീയവും നിഷ്പക്ഷവുമായ രീതിയില്‍ തെരഞ്ഞെടുപ്പു നടന്ന തുനീഷ്യയിലും ഈജിപ്തിലും അധികാരത്തിലെത്തിയ ഇസ്‌ലാമിക പ്രസ്ഥാനങ്ങളായ അന്നഹ്ദയും ഇഖ്‌വാനുല്‍ മുസ്‌ലിമൂനും അവരുടെ കടമകള്‍ ഭംഗിയായി നിര്‍വഹിച്ചു കൊണ്ടിരിക്കുകയാണ്. പ്രക്ഷോഭത്താല്‍ കലുഷിതമായിരുന്ന തുനീഷ്യ ഇന്ന് ശാന്തമാണ്. ഈജിപ്തില്‍ ഇലക്ഷനെ തുടര്‍ന്ന് ഭരണാഘടനാപരമായ ചില സാങ്കേതികത്വം മൂലം സുഗമമായ അധികാരകൈമാറ്റം വരാനിരിക്കുന്നതേയുള്ളൂ. അല്‍പം കൂടി കാത്തിരിക്കുന്നതിന് പകരം അവിടങ്ങളില്‍ അരാജകത്വമാണെന്നു വിളിച്ചുപറയുന്നതിന്റെ ചേതോവികാരമാണ് മനസ്സിലാകാത്തത്. അറബ് വസന്തം വിമോചനത്തിനു പകരം മതസ്വേഛാധിപത്യവും അരാജകത്വവുമാണ് നല്‍കാന്‍ പോകുന്നതെന്ന ജൂത പ്രചാരണമാണ് ലീഗ് നേതാവ് കടമെടുത്തിരിക്കുന്നത്. അറബ് മേഖലയില്‍ ഇപ്പോള്‍ നടക്കുന്നത് ഇസ്രയേലിനെതിരായ സമരമാണെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രസ്താവന ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം