Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 3

അടുത്തുനിന്നവര്‍ അകലം പാലിച്ചവര്‍-3 സി.എന്‍ അഹ്മദ് മൗലവി

ടി.കെ അബ്ദുല്ല / സദ്‌റുദ്ദീന്‍ വാഴക്കാട്‌

പഴയ തലമുറയിലെ പ്രമുഖ മതപണ്ഡിതനാണ് മലപ്പുറം ചേറൂര്‍ സ്വദേശി സി.എന്‍ അഹ്മദ് മൌലവി. പള്ളി ദര്‍സുകളില്‍ മതപഠനം നടത്തിയ ശേഷം വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്തില്‍നിന്ന് എം.എഫ്.ബി ബിരുദവും മദ്രാസ് യൂനിവേഴ്സിറ്റിക്ക് കീഴില്‍ അഫ്ദലുല്‍ ഉലമ ബിരുദവും നേടി. പരന്ന വായനയുടെയും നിരന്തര പരിശ്രമത്തിന്റെയും ഉടമയായ മൌലവി ശ്രദ്ധേയമായ ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഖുര്‍ആന്‍ വിവര്‍ത്തനം വിവാദമായി നിന്നകാലത്ത് അദ്ദേഹത്തിന്റെ വിശുദ്ധ ഖുര്‍ആന്‍ വിവര്‍ത്തന-വ്യാഖ്യാനം ഏറെ ശ്രദ്ധേയമായി. സ്വഹീഹുല്‍ ബുഖാരി പരിഭാഷ, ഇസ്ലാമിലെ ധനവിതരണ പദ്ധതി, ഇസ്ലാം സമഗ്രപഠനം, യസ്സര്‍നല്‍ ഖുര്‍ആന്‍, കെ.കെ മുഹമ്മദ് അബ്ദുല്‍ കരീമുമായി ചേര്‍ന്ന് എഴുതിയ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം എന്നിവ പ്രധാന കൃതികള്‍.
ഇസ്ലാമിക ഉല്‍പതിഷ്ണു ചിന്തകളുടെയും ആധുനിക ലിബറലിസത്തിന്റെയും സങ്കലനമായിരുന്നു സി.എന്‍ അഹ്മദ് മൌലവി. ശാബാനു കേസിനോടനുബന്ധിച്ച് കേരളത്തില്‍ കത്തിനിന്ന ശരീഅത്ത്വിവാദത്തില്‍ സി.എന്‍ ശരീഅത്ത് വിരുദ്ധ ചേരിയോടൊപ്പമായിരുന്നെങ്കിലും ശരീഅത്ത് വിരുദ്ധനായിരുന്നില്ല. ഹദീസ് നിഷേധിയായ ചേകന്നൂര്‍ മൌലവിയുടെ വിമര്‍ശകനായിരുന്നു സി.എന്‍. ചേകന്നൂരിന്റെ മൂന്ന് നേര നമസ്കാരവാദത്തെ എതിര്‍ത്തുകൊണ്ട്, അഞ്ചുനേരത്തെ നമസ്കാരം ഖുര്‍ആനില്‍ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. എന്നാല്‍ വിവാഹമോചിതകളായ സ്ത്രീകളുടെ "മതാഇ''ന്റെ അര്‍ഥ നിര്‍ണയത്തില്‍ സുപ്രീം കോടതി വിധിയെ ന്യായീകരിച്ചവരുടെ പക്ഷത്തായിരുന്നു.
കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനങ്ങളുമായി സി.എന്നിന് യോജിച്ചു പോകാനായില്ല. മറിച്ചും അങ്ങനെതന്നെ. ഉമര്‍ മൌലവിയുടെ കഠിനവിമര്‍ശകനായിരുന്നു അദ്ദേഹം. ശരീഅത്ത് വിവാദത്തില്‍ മറുപക്ഷത്തായിരുന്നെങ്കിലും സി.എന്നും ജമാഅത്തെ ഇസ്ലാമിയുമായി പൊതുവില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ജമാഅത്ത് അമീര്‍ കെ.സി അബ്ദുല്ല മൌലവിയുമായി വളരെ അടുത്ത സുഹൃദ് ബന്ധമായിരുന്നു. പ്രായത്തില്‍ 24 വയസിന്റെ വ്യത്യാസമുള്ള ഞാനുമായും ഊഷ്മള ബന്ധമാണുണ്ടായിരുന്നത്. 'ഇബാദത്തി'ന്റെ അര്‍ഥത്തില്‍ അദ്ദേഹത്തിന്റെ നിലപാടും ജമാഅത്ത് നിലപാടും വ്യത്യസ്തമായിരുന്നില്ല. ജമാഅത്ത് സംഘടിപ്പിച്ച ഒട്ടേറെ വിദ്യാഭ്യാസ-സാംസ്കാരിക പരിപാടികളില്‍ സി.എന്‍ അതിഥിയായിരുന്നിട്ടുണ്ട്. വായിച്ചാല്‍ മനസിലാവുന്ന ഒരു ഭാഷ അദ്ദേഹത്തിന് കൈമുതലായിരുന്നു. ലളിതഭാഷയിലുള്ള എഴുത്ത് ജനസമ്മതി നേടിയെടുത്തു. ദീനും ദുനിയാവും എഴുത്തും കച്ചവടവും ഒന്നിച്ചു പോകുമെന്ന് തെളിയിച്ച സ്ഥിരോത്സാഹിയായിരുന്നു അദ്ദേഹം.

സഅദുദ്ദീന്‍ മൌലവി
1940-50കളില്‍ കേരളത്തിലെ അറിയപ്പെട്ട മുജാഹിദ് പണ്ഡിതനിരയില്‍ ഒരാളായിരുന്നു കുമരനെല്ലൂര്‍ സ്വദേശി എം. സഅദുദ്ദീന്‍ മൌലവി. വളാഞ്ചേരിയിലെ ഡോ. സഈദ് മരക്കാരിന്റെ ഭാര്യാപിതാവാണ്. യുവാവായിരിക്കെ തമിഴ്നാട്ടിലായിരുന്ന മൌലവി മദ്രാസ് യൂനിവേഴ്സിറ്റിയില്‍നിന്ന് അഫ്ദലുല്‍ഉലമാ ബിരുദം നേടി. ഉമറാബാദ് ദാറുല്‍ ഇസ്ലാമിലായിരുന്നു തുടര്‍പഠനം. കാസര്‍കോട് ആലിയ അറബിക് കോളേജിലും അഴീക്കോട് ഇര്‍ശാദുല്‍ മുസ്ലിമീന്‍ കോളേജിലും കോഴിക്കോട്ടെ ജെ.ഡി.റ്റി ഇസ്ലാമിലും അധ്യാപകനായിരുന്നിട്ടുണ്ട്. ഹജ്ജിന് പോയി മക്കയില്‍ സുഊദി മതകാര്യവകുപ്പ് തലവനായ ശൈഖ് അബ്ദുല്‍ അസീസ് ഇബ്നുബാസുമായി പരിചയപ്പെടാന്‍ ഇടയായി. അതുവഴി രിയാദിലെ കുല്ലിയത്തു ശരീഅയിലെ ദാറുല്‍ ഹദീസില്‍ അധ്യാപകനാകാനും അവസരം ലഭിച്ചു. തുടര്‍ന്ന് മദീനയിലെ ഇസ്ലാമിക് യൂനിവേഴ്സിറ്റിയില്‍ മുതര്‍ജിമായി നിയമിതനായ അദ്ദേഹത്തിന് സുഊദി പൌരത്വം ലഭിക്കുകയും സുഊദി വനിതയെ വിവാഹം ചെയ്ത് അവിടെ സ്ഥിരതാമസമാവുകയും ചെയ്തു. 1982ല്‍ അന്ത്യം സംഭവിച്ചതു അവിടെ വെച്ചുതന്നെ.
മൌലവിയുടെ ഉറ്റസുഹൃത്തും സന്തത സഹചാരിയുമായ കെ. ഉമര്‍മൌലവി പില്‍ക്കാലത്ത് കടുത്ത ജമാഅത്ത് വിരോധിയായിമാറിയപ്പോള്‍ നേരെ എതിര്‍ദിശയിലായിരുന്നു സഅദുദ്ദീന്‍ മൌലവിയുടെ യാത്ര. കേരള ജമാഅത്ത് സ്ഥാപക നേതാവ് വി.പി മുഹമ്മദലി സാഹിബിന്റെ എടയൂരിലെ വീട്ടില്‍ അദ്ദേഹം സ്ഥിര സന്ദര്‍ശകനായിരുന്നു. പ്രസ്ഥാനത്തെ അടുത്തറിഞ്ഞ അദ്ദേഹം യോഗങ്ങളിലും പരിപാടികളിലും പങ്കെടുക്കുകയും പതിവായിരുന്നു. ജമാഅത്ത് അംഗത്വം മൌലവി ആഗ്രഹിച്ചിരുന്നു. സുഊദി അറേബ്യയിലേക്ക് പോകുന്നതിന് മുമ്പേ വിദേശ യാത്രാ തല്‍പരനായിരുന്നു മൌലവി. ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക മുതലായ രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്.

ജമാലുദ്ദീന്‍ മൌലവി
പാരമ്പര്യ രീതിയില്‍ പള്ളി ദര്‍സ് പഠനം നടത്തിയ കെ.കെ ജമാലുദ്ദീന്‍ മൌലവി കേരളത്തിലെ അറിയപ്പെടുന്ന മുജാഹിദ് പണ്ഡിതനായിരുന്നു. മധുരമായ ശബ്ദവും വശ്യമായ വാക്ചാതുരിയുംകൊണ്ട് അനുഗ്രഹീതനായ മൌലവി, മതപ്രഭാഷണ രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണവും പ്രഭാഷണവും ഒരുപോലെ ഹൃദ്യമായിരുന്നു. സാഹിത്യവാസനയുള്ള മൌലവി അറബിക്കവിയായിരുന്നു. അറബി മലയാളത്തില്‍ രണ്ട് നോവലും എഴുതിയിട്ടുണ്ട്; ഖിയാലിലകത്ത് സൈനബ, ഖിദ്ര്‍ നബിയെ കണ്ട നഫീസ. രണ്ടും തന്റെ എതിര്‍കക്ഷിയായ സുന്നി പണ്ഡിതന്മാരെ കളിയാക്കുന്നതുതന്നെ.
ആയഞ്ചേരി സ്വദേശിയും പില്‍ക്കാലത്ത് ഭാര്യാബന്ധത്തില്‍ കീഴല്‍ പ്രദേശത്ത് താമസക്കാരനുമായിരുന്ന അദ്ദേഹം വകയില്‍ എന്റെ ജ്യേഷ്ഠ സഹോദരനാണ്. ആയഞ്ചേരിയിലെ മസ്ജിദുല്‍ ജമാല്‍ അദ്ദേഹത്തിന്റെ പേരിനെയാണ് ഓര്‍മിപ്പിക്കുന്നത്. ഫാറൂഖ് കോളേജിലെ ഹെഡ് ക്ളാര്‍ക്കായിരുന്ന ഐ. കുഞ്ഞബ്ദുല്ലയുടെ പിതാവാണ് മൌലവി.
ജമാലുദ്ദീന്‍ മൌലവി ഒരിക്കലും ജമാഅത്തുകാരനായിരുന്നിട്ടില്ല. എന്നാല്‍, ജമാഅത്ത് വിരോധിയുമല്ല. ഞാനും അദ്ദേഹവും പല പരിപാടികളിലും ഒന്നിച്ച് പങ്കെടുത്തിട്ടുണ്ട്. നാട്ടിലെ തന്റെ സുഹൃത്തുക്കളും ശിഷ്യന്മാരും ജമാഅത്ത് പ്രവര്‍ത്തകരായി മാറിയ ശേഷവും അവരുമായുള്ള മൌലവിയുടെ ബന്ധം ഊഷ്മളമായിരുന്നു. എപ്പോഴും കാണുകയും ദീര്‍ഘനേരം ഒന്നിച്ചിരുന്ന് വര്‍ത്തമാനം പറയുകയും പതിവായിരുന്നു. ജമാഅത്തിനെ കളിയാക്കി തമാശകള്‍ പറയുമെങ്കിലും അതൊന്നും ബന്ധം മോശമാക്കുന്ന വിധത്തിലായിരുന്നില്ല. ഒരിക്കല്‍ അദ്ദേഹം ഒരു പര്യടനം കഴിഞ്ഞ് നാട്ടില്‍ വന്നപ്പോള്‍ എന്നോട് പറഞ്ഞു: വളാഞ്ചേരി സുന്നികളുമായുള്ള നിങ്ങളുടെ വാദപ്രതിവാദം പ്രബോധനത്തില്‍ വന്നത് ഞാന്‍ വായിച്ചു. സംഗതികൊള്ളാം, പക്ഷേ നിങ്ങള്‍ തോറ്റിരിക്കുന്നു. ഞാന്‍ വിശദീകരണം ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി: 'നിങ്ങള്‍ വാദപ്രതിവാദത്തിനെതിരായിരുന്നല്ലോ! ഇപ്പോള്‍ ഞങ്ങളെപ്പോലെ നിങ്ങളും സുന്നികളോട് വാദപ്രതിവാദം ചെയ്തില്ലേ, അതാണ് നിങ്ങള്‍ തോറ്റുവെന്ന് ഞാന്‍ പറഞ്ഞത്. അല്ലാതെ വാദപ്രതിവാദത്തിലെ വിഷയങ്ങളില്‍ തോറ്റുവെന്നല്ല.' ഇതുപോലുള്ള ഫലിതവിമര്‍ശനങ്ങളല്ലാതെ ഗൌരവപ്പെട്ട ഒരഭിപ്രായ വ്യത്യാസം ഒരിക്കലും മൌലവിയില്‍നിന്ന് കേട്ട അനുഭവമില്ല. സുഹൃത്തുക്കളും ശിഷ്യന്മാരും ജമാഅത്തായതില്‍ ഉള്ളാലെ ഒരു നഷ്ടബോധം തോന്നിയിരിക്കാമെങ്കിലും ആ വസ്തുതയോട് താദാത്മ്യപ്പെട്ടുകൊണ്ട് നല്ലബന്ധം തുടരുവാന്‍ അന്ത്യം വരെ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ഫലിതപ്രിയനായ മൌലവിയുടെ ഗൌരവപ്പെട്ട ഒരു ഫലിതം ഇവിടെ ഉദ്ധരിച്ചില്ലെങ്കില്‍ ഈ ഓര്‍മക്കുറിപ്പ് അപൂര്‍ണമായിരിക്കും. സംഭവം ഇങ്ങനെ: കേരളത്തിന്റെ പലഭാഗങ്ങളില്‍ മതപ്രഭാഷണത്തിന് പോകുന്ന മൌലവി ആഴ്ചകള്‍ കഴിഞ്ഞാണ് വീട്ടില്‍ തിരിച്ചെത്തുക. പതിവുപോലെ ഒരിക്കല്‍ തിരിച്ചുവന്നപ്പോള്‍ നാട്ടിലെ വേണ്ടപ്പെട്ടവരും പള്ളിക്കാരണവന്മാരും അടങ്ങിയ ഒരു സംഘം അല്‍പം ഗൌരവഭാവത്തില്‍ വീട്ടിലേക്ക് വന്നു. ഏതോ കനപ്പെട്ട കാര്യമാണ് അവര്‍ക്ക് പറയാനുള്ളതെന്ന് മുഖഭാവവും പെരുമാറ്റവും കൊണ്ട് മനസിലാക്കാം. കൂട്ടത്തിലെ നേതാവ് സാവധാനം പറഞ്ഞു തുടങ്ങി: മൌലവി പോയ ശേഷം ഇവിടെ പള്ളിയില്‍ ഒരു സംഭവമുണ്ടായി, ഞങ്ങള്‍ക്കൊക്കെ അതില്‍ വലിയ പ്രയാസമുണ്ട്. അത് ശ്രദ്ധയില്‍ പെടുത്താനാണ് വന്നത്. മൌലവിയുടെ മകന്‍ കുഞ്ഞബ്ദുല്ല നമസ്കാരത്തില്‍ നെഞ്ചത്ത് കൈകെട്ടി! ഇതുവരെ ഈ പള്ളിയില്‍ നടക്കാത്ത സംഭവമാണിത്.' ഇത്രയും കേട്ടതോടെ മൌലവി വളരെ കോപിച്ച സ്വരത്തില്‍ മകന്‍ കുഞ്ഞബ്ദുല്ലയെ ഒരൊറ്റ വിളി. പേടിച്ചറച്ചുകൊണ്ട് ചെറുപ്പക്കാരനായ കുഞ്ഞബ്ദുല്ല വാതില്‍ പടിയില്‍ വന്നുനിന്നു. മകനോട് മൌലവിയുടെ ചോദ്യം: 'എടാ ചെറുപ്പത്തില്‍ തന്നെ ഇതൊക്കെയാണോ പഠിക്കുന്നത്? നീ നമസ്കാരത്തില്‍ നെഞ്ചത്ത് കൈകെട്ടിയല്ലേ!' മകന്‍ മൌനം! 'നിന്നോടാണ് ചോദിച്ചത്, ഈ വന്ന മഹാന്മാരില്‍ ആരുടെ നെഞ്ചത്താണെടാ നീ കൈകെട്ടിയത്?' പേടിച്ചു കൊണ്ട്, പതുങ്ങിയ സ്വരത്തില്‍ കുഞ്ഞബ്ദുല്ലയുടെ മറുപടി: 'ഞാന്‍ എന്റെ നെഞ്ചത്തേ കൈകെട്ടിയിട്ടുള്ളൂ.' ഉടനെ വന്നു മൌലവിയുടെ പ്രത്യുത്തരം: 'എടാ നിന്റെ നെഞ്ചത്ത് നീ കൈകെട്ടിയതിന് മാന്യന്മാരായ ഇവര്‍ പരാതി പറയാന്‍ വരികയില്ല. അതൊന്നും അറിയാത്തവരല്ല ഈ മഹാന്മാര്‍. അതുകൊണ്ട് ഉള്ളതുപറ, ആരുടെ നെഞ്ചത്താണ് നീ......?' ഇത്രയുമായപ്പോഴേക്ക് രംഗം മിക്കവാറും കാലിയായിരുന്നു. വന്നവര്‍ക്ക് കിട്ടേണ്ടത് കിട്ടി.
(തുടരും)
മെറമ്വ്ൃസറ@ഴാമശഹ.രീാ

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം