Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 3

അറബ് വസന്തത്തില്‍ അപകടം

ചോദ്യോത്തരം - മുജീബ്

"പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ 'അറബ് വസന്ത'ത്തില്‍ അപകടം ആസന്നമാണെന്ന് സി.പി.എം. ഒരു വശത്ത് സാമ്രാജ്യത്വവും മറുവശത്ത് മതതീവ്രവാദവും ശക്തിപ്പെടുന്ന സ്ഥിതിവിശേഷമാണ് ഈ രാജ്യങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നത്. സ്വത്വരാഷ്ട്രീയം ഇടതു-പുരോഗമന ശക്തികള്‍ക്ക് ഭീഷണിയാണെന്നും പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായി പുറത്തിറക്കിയ കരട് പ്രത്യയശാസ്ത്ര രേഖ പറയുന്നു. സാമ്രാജ്യത്വവും മുസ്ലിം മൌലികവാദശക്തികളും ഇടതുശക്തികളെ ദുര്‍ബലപ്പെടുത്താനാണ് പണിയെടുക്കുന്നത്. ഭരണമാറ്റത്തിനായി പരിശ്രമിച്ച് സാമ്രാജ്യത്വം വിജയിച്ച നാടുകളിലൊക്കെ തീവ്ര വലതുപക്ഷ-മത തീവ്രവാദശക്തികള്‍ വളര്‍ന്നു. ഇടതു, പുരോഗമന ശക്തികളെ ആക്രമിച്ച് തകര്‍ത്തുകൊണ്ടാണിത്. പുരോഗമന ശക്തികള്‍ ദുര്‍ബലപ്പെടേണ്ടത് സാമ്രാജ്യത്വത്തിന്റെ ലക്ഷ്യമാണ്. സാമ്രാജ്യത്വത്തിനെതിരായ ശബ്ദങ്ങള്‍ ഇല്ലാതാവുമെന്നതാണ് അവരുടെ മെച്ചം'' (മാധ്യമം 6-2-2012). പ്രതികരണം?
വി.എം റഹീം

തുനീഷ്യയില്‍ സൈനുല്‍ ആബിദീന്‍ ബിന്‍ അലിയും ഈജിപ്തില്‍ ഹുസ്നി മുബാറക്കും യമനില്‍ അലി അബ്ദുല്ല സ്വാലിഹും പതിറ്റാണ്ടുകളോളം സാമ്രാജ്യത്വ നുകത്തിന്‍ കീഴില്‍ സ്വേഛാധിപത്യം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിച്ചപ്പോഴൊന്നും സി.പി.എം അതില്‍ അപകടം കണ്ടില്ല. ഇപ്പോള്‍ പൊറുതിമുട്ടിയ ജനങ്ങള്‍ സമാധാനപരമായ പ്രക്ഷോഭത്തിലൂടെ സാമ്രാജ്യത്വ ഭടന്മാരെ പടിയിറക്കിയപ്പോഴാണ് അപകട സിഗ്നല്‍ കാണ്മാനായത്! കാഴ്ചക്ക് മാരകമായ കുഴപ്പമുണ്ടെന്ന് തീര്‍ച്ച. ഇടത്-പുരോഗമന ശക്തികള്‍ മധ്യപൌരസ്ത്യ നാടുകളില്‍ മുമ്പേ ദുര്‍ബലമോ ശൂന്യമോ ആണ്. ഇല്ലാത്ത ശക്തികള്‍ 'മതമൌലികവാദി'കള്‍ക്ക് ഭീഷണിയാവുന്നതെങ്ങനെ? ഈജിപ്തില്‍ നാമമാത്ര ഇടതുപക്ഷമാകട്ടെ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു. കാരണം വ്യക്തമാണ്. ജമാല്‍ അബ്ദുന്നാസിറിന്റെ കാലം മുതല്‍ ഹുസ്നി മുബാറക് വരെയുള്ള ഏകാധിപതികളോടൊപ്പമായിരുന്നു, മതേതരത്വത്തിന്റെ പേരില്‍ ഇടതുപക്ഷം നിലയുറപ്പിച്ചത്. ജനങ്ങളുടെ വികാര വിചാരങ്ങള്‍ വിലയിരുത്തുന്നതില്‍ അവര്‍ തീര്‍ത്തും പരാജയപ്പെട്ടു. ഇതേ നിലപാട് തുടര്‍ന്നാല്‍ ഇനിയുള്ള കാലം കൂടുതല്‍ ഒറ്റപ്പെടും. മഹത്തായ ഇസ്ലാമിക പൈതൃകത്തില്‍ അഭിമാനം കൊള്ളുന്ന അറബ് ജനതയുടെ സ്വത്വത്തിന്റെ നേരെ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നവര്‍ ആരായാലും അവര്‍ക്ക് ജനപിന്തുണ നേടാനാവില്ല എന്നതാണ് ഗുണപാഠം. ഇസ്ലാമിക പ്രസ്ഥാനങ്ങളെ അമേരിക്കന്‍ സാമ്രാജ്യത്വത്തേക്കാള്‍ വലിയ വിപത്തായി കാണുന്ന മൌഢ്യം ഇടതുപക്ഷം എവിടെയായാലും ഉപേക്ഷിച്ചില്ലെങ്കില്‍ നഷ്ടം അവര്‍ക്ക് തന്നെയാവും.

ഇഛാഭംഗം വരുന്നവരുടെ മനോവ്യഥകള്‍
"പരിസ്ഥിതി നാശം, ലിംഗ വിവേചനം, പ്രാന്തവത്കൃത സമൂഹത്തിന്റെ ദൈന്യത തുടങ്ങിയ പ്രശ്നങ്ങളില്‍ ഇടതുപക്ഷ യുവതയുടെ പ്രതികരണങ്ങള്‍ പാര്‍ട്ടി ബ്യൂറോക്രാറ്റിക് നിലപാടുകളെ അതിലംഘിച്ച് മുന്നോട്ട് പോകാന്‍ കാണിച്ച വൈമുഖ്യം ഇത്തരം സംഘടനകളുടെ അഭ്യുദയകാംക്ഷികളെയും സ്വാഭാവിക ബന്ധുക്കളെയും നിരാശരാക്കിയിരുന്നു. ഇടതുപക്ഷത്തിന്റെ പിന്‍വാങ്ങല്‍ സൃഷ്ടിച്ച ഈ വിടവ് നികത്താനായി പ്രക്ഷോഭങ്ങളുമായി വന്നത് നവീന മത സാംസ്കാരിക സംഘടനകളും നവ സാമൂഹിക പ്രസ്ഥാനങ്ങളുമാണ്. ഈ ഇടം അവര്‍ കൈയടക്കുന്നതിലെ അപകടം വിശകലനം ചെയ്യാതെ അവരോട് സഹകരിക്കാന്‍ ഇടതു സഹയാത്രിക മണ്ഡലത്തില്‍ നിന്നുള്ള ചിലരെങ്കിലും നിര്‍ബന്ധിക്കപ്പെടുകയുണ്ടായി.
കേരളീയ സമൂഹത്തില്‍ അനഭിലഷണീയമായ ശക്തികള്‍ക്ക് മാന്യതയും സ്വീകാര്യതയും ലഭിക്കുന്ന പരിസരം ഉണ്ടായി എന്നതായിരുന്നു ഇതിന്റെയൊക്കെ പരിണത ഫലം. നവീന മതമൌലിക യുവജന പ്രസ്ഥാനങ്ങള്‍ പല രൂപ ഭാവങ്ങളില്‍ സാമ്രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുടെ മറവില്‍ പ്രക്ഷോഭ യുവത്വത്തിന്റെ മുന്‍നിരയില്‍ നിര്‍ത്തപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി നിയമനിര്‍മാണസഭകളില്‍ എത്തി അനുകൂല നിയമനിര്‍മാണത്തിനു ശ്രമിക്കുന്നു. ദൈവരാജ്യത്തിന്റെ സംസ്ഥാപനത്തില്‍ സാംസ്കാരിക സംഘടന വഴി വ്യക്തികളെ സംസ്കരിച്ചെടുക്കാം എന്ന മുന്‍ നിലപാടിനെ സ്വയം റദ്ദ് ചെയ്യുകയാണെന്ന് പോലുമറിയാതെ രാഷ്ട്രീയ മണ്ഡലത്തിലേക്കെടുത്തു ചാടാന്‍ മത മൌലികവാദികള്‍ ക്യൂവിലായി. ഇത് സനാതനികള്‍ക്കും ഭൂരിപക്ഷ ദേശീയതാവാദികള്‍ക്കും ആള്‍ദൈവങ്ങള്‍ക്കുമെല്ലാം ഭൂരിപക്ഷ സമുദായാംഗങ്ങളില്‍ ഭയം സൃഷ്ടിച്ച് പിടിച്ചുനില്‍ക്കാനും വലുതാവാനും അവസരം നല്‍കി. ശശികല ടീച്ചറുടെ പ്രസംഗങ്ങള്‍ കൂടുതല്‍ ഹിറ്റായി. ദൂരെ മാറിനിന്ന് ചില ഇടതുപക്ഷ അനുയായികള്‍ പ്രസംഗം കേള്‍ക്കുകയും അന്ധാളിപ്പ് ബാധിച്ച് അതില്‍ കുറെ ശരിയുണ്ടല്ലോ എന്ന് അഭിപ്രായപ്പെടുകയും ചെയ്തു'' (മാതൃഭൂമി ആഴ്ചപ്പതിപ്പ്). ഈ വിശകലന വിലയിരുത്തലിനെ പറ്റി മുജീബിന് എന്താണ് പറയാനുള്ളത്?
അബൂ അഫ്നാന്‍ കവ്വായി

ഇന്ത്യയിലെ വിശിഷ്യാ കേരളത്തിലെ ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങള്‍ കടുത്ത മുരടിപ്പും ദിശാബോധമില്ലായ്മയും നൈരാശ്യവും നേരിടുകയാണെന്ന സത്യം എത്ര നിഷേധിച്ചാലും ബാക്കി നില്‍ക്കും. അതിന് കാരണങ്ങള്‍ പലതാണ്. ഒന്നാമതായി, സോഷ്യലിസത്തിന്റെ ആഗോളത്തകര്‍ച്ച തന്നെ. ക്യാപിറ്റലിസത്തിന്റെ എല്ലാവിധ തിന്മകളും വാസ്തവമായിരിക്കെ സോഷ്യലിസമാണ് അതിന് ബദല്‍ എന്ന് ജനങ്ങള്‍ വിശ്വസിക്കുന്നില്ല. സോഷ്യലിസം കടുത്ത ത്യാഗങ്ങളിലൂടെ കെട്ടിപ്പടുത്ത രാജ്യങ്ങളുടെ പതനം തന്നെയാണ് വിശ്വാസത്തകര്‍ച്ചക്ക് നിമിത്തമായത്. രണ്ടാമതായി, ഇന്ത്യയില്‍ കമ്യൂണിസ്റ് പാര്‍ട്ടികളെ ഗ്രസിച്ച ശൈഥില്യവും വിഭാഗീയതയും ജീര്‍ണതകളും ദിനേന മൂര്‍ഛിക്കുന്നതല്ലാതെ ഒരു വീണ്ടെടുപ്പ് എങ്ങും കാണുന്നില്ല. മുതലാളിത്ത ജീര്‍ണതകളായ അഴിമതിയും അധാര്‍മികതയും അവസരവാദവും അധികാരക്കൊതിയും പാര്‍ലമെന്ററി വ്യാമോഹവുമെല്ലാം കുറഞ്ഞോ കൂടിയോ കമ്യൂണിസ്റുകാരിലും ദൃശ്യമാണ്. ഇത് അവരുടെ പിന്‍തലമുറയെ അസ്വസ്ഥരും നിരാശരുമാക്കിയിട്ടുണ്ട്. മൂന്നാമതായി, ലേഖനത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ട ബ്യൂറോക്രാറ്റിക് ഉടക്കുകളാണ്. ഇടതുമുന്നണി അധികാരത്തിലിരിക്കുമ്പോള്‍ പരിസ്ഥിതി നാശമോ മലിനീകരണമോ പ്രാന്തവത്കൃത വിഭാഗങ്ങളുടെ നേരെ കടുത്ത അവഗണനയോ അഴിമതിയോ എന്ത് നടത്തിയാലും അതിനെ ഇടത് യുവജന പ്രസ്ഥാനങ്ങള്‍ ചെറുവിരല്‍ അനക്കാന്‍ പാടില്ലെന്നത് അലിഖിത വഴക്കമാണ്. വഴക്കം ലംഘിച്ചവര്‍ ആരായിരുന്നാലും വൈകാതെ വിവരമറിയും. കുറ്റപത്രം മറ്റു കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കും എന്നു മാത്രം. മൂന്നാറിലെ നഗ്നമായ ഭൂമികൈയേറ്റത്തിനെതിരെ മുഖ്യമന്ത്രി അച്യുതാനന്ദന്‍ നടപടികള്‍ സ്വീകരിക്കാനൊരുങ്ങിയപ്പോള്‍ സി.പി.എം-സി.പി.ഐ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി തടയിട്ടത് ഉദാഹരണം. കിനാലൂര്‍ പാതയുടെ കാര്യത്തിലും ഇപ്പോള്‍ മാലിന്യ വിരുദ്ധ സമരങ്ങളിലും കണ്ടത് ഇടതുപക്ഷ പ്രക്ഷോഭകര്‍ നിര്‍വീര്യമാക്കപ്പെടുന്നതാണ്.
ഈ പരിതസ്ഥിതിയില്‍ മറ്റുള്ളവര്‍ എന്തു ചെയ്യണം? ചൂഷണത്തിനും അരുതായ്മകള്‍ക്കും അഴിമതിക്കുമെതിരെ പോരാടുമെന്ന് വീമ്പിളക്കിയവര്‍ നിശ്ശബ്ദരും നിഷ്ക്രിയരുമാവുമ്പോള്‍ മനുഷ്യ സ്നേഹികളും പരിസ്ഥിതി പ്രേമികളും അഴിമതിവിരുദ്ധരും മിണ്ടാതെ അടങ്ങി ഇരിക്കണം എന്നാണോ? അല്ലെങ്കില്‍ അവര്‍ വിശ്വാസവും ധാര്‍മികബോധവും മൂല്യപ്രതിബദ്ധതയുമൊക്കെ കൈയൊഴിച്ചു വേണം സമരത്തിനിറങ്ങാന്‍ എന്നോ? അതൊക്കെ കൈയൊഴിഞ്ഞവര്‍ മതേതരത്വം ഘോഷിച്ച് മദ്യശാലകളിലും പെണ്‍വാണിഭ കേന്ദ്രങ്ങളിലും ചൂതാട്ട താവളങ്ങളിലുമൊക്കെ ചുറ്റി നടക്കുന്നതല്ലാതെ ജനകീയ പ്രക്ഷോഭവേദികളില്‍ അത്തരക്കാരുണ്ടോ? ദൈവരാജ്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നത് മഹാ പാതകം, പൈശാചിക രാജ്യത്തിന് വേണ്ടി മുഷ്ടിചുരുട്ടുന്നത് അഭികാമ്യമായ വിപ്ളവം എന്ന് ആരാണ് തീരുമാനിച്ചത്.
തലതിരിഞ്ഞ ഈ ബുദ്ധിജീവി വിശകലനത്തിന്റെ തന്നെ മറ്റൊരു നമ്പറാണ് ഭൂരിപക്ഷ വര്‍ഗീയത ശക്തിപ്പെടും എന്ന മുറവിളി. തീവ്ര ഹിന്ദുത്വ ദേശീയതയുടെ ഉല്‍പന്നമായ ഫാഷിസം സ്വതേ രാജ്യത്തിനുമേല്‍ പിടിമുറുക്കികഴിഞ്ഞു. അധികാരത്തിലിരിക്കുന്ന മതേതര സര്‍ക്കാറും അന്വേഷണ ഏജന്‍സികളും ജുഡീഷ്യറിയുമെല്ലാം അതിന്റെ പരോക്ഷ സ്വാധീനത്തിലാണ്. അതിന് പുതുതായി ശക്തിപ്പെട്ടിട്ടു വേണ്ട. ഒന്നിന്റെയും പ്രതികരണമല്ല താനും ഈ പ്രതിഭാസം. മതേതര ജനാധിപത്യത്തിന്റെ കാവല്‍ക്കാര്‍ ഉറങ്ങിക്കിടന്നപ്പോള്‍ ഹിന്ദുത്വവാദികള്‍ എല്ലാം കൈയടക്കുകയായിരുന്നു. അതിന് തടയിടുന്നതില്‍ ഇടതുപക്ഷവും പരാജയപ്പെടുകയാണ്. സമാധാനപൂര്‍വം ജനപക്ഷത്ത് പൊരുതുന്ന ധാര്‍മിക പ്രസ്ഥാനങ്ങളെ നിശ്ശബ്ദരാക്കിയതുകൊണ്ട് ഫാഷിസം പൂര്‍വാധികം ശക്തിപ്പെടുകയല്ലാതെ ഒട്ടും ബലഹീനമാവുകയില്ല. മറിച്ച്, സാമ്രാജ്യത്വ കുതന്ത്രങ്ങള്‍ക്കും ഫാഷിസത്തിനുമെതിരെ, ഭിന്നതകള്‍ക്കതീതമായി ധാര്‍മിക പ്രസ്ഥാനങ്ങളോട് യോജിച്ചു പൊരുതാന്‍ ഇടതുപക്ഷ, പുരോഗമന ശക്തികള്‍ക്ക് കഴിഞ്ഞാല്‍ ഒരളവോളം പിടിച്ചുനില്‍ക്കാം.

സി.പി.എമ്മിന്റെ മുസ്ലിം സ്വാധീനം
മുസ്ലിംകള്‍ പൊതുവെ സാമ്രാജ്യത്വവിരുദ്ധ സമീപനം കൈക്കൊള്ളുന്നുവെങ്കിലും അവര്‍ക്കിടയിലെ സ്വാധീനം എങ്ങനെ വര്‍ധിപ്പിക്കാം എന്നത് ഇനിയും പഠനവിധേയമാക്കണമെന്ന് സി.പി.എം സംസ്ഥാന സമ്മേളന റിപ്പോര്‍ട്ട് (മാതൃഭൂമി 2012 ഫെബ്രുവരി 9). പ്രതികരണം?
എം.ഒ അബ്ദുല്‍ ഖാദിര്‍
തിരുവള്ളൂര്‍

പോര്‍ച്ചുഗീസ് അധിനിവേശം തൊട്ടേ അതിനെതിരെ ആയുധമെടുത്ത് പൊരുതിയവരാണ് മുസ്ലിംകള്‍. 1921-ലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും അവര്‍ അത് തന്നെ ചെയ്തു. സാമ്രാജ്യത്വ വിരോധം അവരുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നതാണ് കാരണം. ഇന്നും അവരില്‍ ആ വികാരം തന്നെയാണ് വലിയ അളവില്‍ അവശേഷിക്കുന്നത്. അമേരിക്കന്‍ സാമ്രാജ്യത്വത്തോടുള്ള എതിര്‍പ്പ് പല കാരണങ്ങളാല്‍ മുസ്ലിംകളില്‍ മൂര്‍ഛിച്ചിട്ടേയുള്ളൂ. പക്ഷേ സാമുദായിക രാഷ്ട്രീയ നേതൃത്വം താല്‍പര്യങ്ങള്‍ക്കു വേണ്ടി സാമ്രാജ്യത്വ ദാസ്യപരമായ സമീപനം സ്വീകരിക്കുന്നതിനാല്‍ മുസ്ലിംജന സാമാന്യത്തിന്റെ വികാരങ്ങള്‍ വേണ്ട അളവില്‍ പ്രകടമാവുന്നില്ല എന്നേയുള്ളൂ. എന്നാലും ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും അതിന്റെ യുവജന സംഘടനയുടെയും മാധ്യമങ്ങളുടെയും നിരന്തരമായ ബോധവത്കരണ ഫലമായി, ഇഷ്യൂ ഉണ്ടാവുമ്പോഴൊക്കെ കേരള മുസ്ലിംകളുടെ സാമ്രാജ്യത്വവിരുദ്ധ വികാരം അണപൊട്ടുന്നത് നാം കണ്ടതാണ്. നമ്മുടെ സാമ്പ്രദായിക മത സംഘടനകളുടെ യുവജന-വിദ്യാര്‍ഥി കൂട്ടായ്മകള്‍ പോലും അതേറ്റെടുക്കേണ്ടിവരുന്നുണ്ട്.
എന്നാല്‍, ഇടതുപക്ഷത്തെസംബന്ധിച്ചേടത്തോളം മുസ്ലിംകളുടെ സാമ്രാജ്യത്വ വിരോധത്തെ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കാന്‍ പലപ്പോഴും സാധിക്കാതെ പോവുന്നത് എന്തുകൊണ്ട് എന്ന് അവര്‍ തന്നെയാണ് പഠന വിധേയമാക്കേണ്ടത്. സ്വത്വ രാഷ്ട്രീയത്തോടുള്ള എതിര്‍പ്പ്, സാമ്രാജ്യത്വ വിരോധത്തിലെ വെള്ളം ചേര്‍ക്കല്‍, മത മൌലികവാദം എന്നു പേരിട്ട് ഇസ്ലാമികപ്രസ്ഥാനങ്ങള്‍ക്ക് അയിത്തം കല്‍പിക്കുന്ന പാശ്ചാത്യ സമീപനത്തോടുള്ള ആഭിമുഖ്യം, ഫാഷിസ്റ് പ്രചാരണങ്ങളുടെ പരോക്ഷ സ്വാധീനം, സി.പി.എം-സി.പി.ഐ നേതൃത്വങ്ങളില്‍ മുസ്ലിം വിശ്വാസം ആര്‍ജിച്ച പ്രമുഖരുടെ അഭാവം തുടങ്ങിയ കാരണങ്ങള്‍ പഠനത്തിന് വിഷയീഭവിക്കണം.

ജനാധിപത്യവും വോട്ടും
അടിയന്തരാവസ്ഥക്കു മുമ്പുവരെ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അതിന്റെ അംഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ വോട്ടു രേഖപ്പെടുത്തുന്നതിന് അനുമതി നല്‍കിയിരുന്നില്ല. അടിയന്തരാവസ്ഥക്കു ശേഷം മിക്ക തെരഞ്ഞെടുപ്പുകളിലും മൂല്യബോധമുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യുന്നതിന് അനുമതി നല്‍കി. ജമാഅത്തെ ഇസ്ലാമിയുടെ വിമര്‍ശകര്‍ ഇപ്പോഴും ഉന്നയിക്കാറുള്ള ആരോപണം അവര്‍ ജനായത്തവും ജനാധിപത്യവും അംഗീകരിക്കാത്തവരാണെന്നാണ്. എന്നാല്‍ അഴിമതിക്കെതിരെ പോരാടുന്ന അണ്ണാ ഹസാരെ പോലുള്ളവര്‍ ആലോചിക്കുന്നത്, വോട്ടിംഗില്‍ നിന്ന് വിട്ടുനില്‍ക്കാനും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുമാണ്. തെരഞ്ഞെടുപ്പ് കമീഷനടക്കം അതില്‍ അപാകത കാണുന്നുമില്ല. വര്‍ത്തമാനകാല ഇന്ത്യയില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ വിഷയം ഇസ്ലാമിക പ്രസ്ഥാനം മുമ്പെടുത്ത തീരുമാനം ശരിവെക്കുന്നതല്ലേ?
പി. ഹംസ ചെര്‍പ്പുളശ്ശേരി

പാര്‍ലമെന്ററി ജനാധിപത്യം, തെരഞ്ഞെടുപ്പ്, വോട്ട് എന്നൊക്കെ പറഞ്ഞാല്‍ ഒന്നിന്റെയും അവസാന വാക്കല്ല. സ്രഷ്ടാവിന്റെ ഹിതത്തിനും ഇംഗിതത്തിനും വിധേയമായി മനുഷ്യര്‍ അവരുടെ സാമൂഹിക ജീവിതം കെട്ടിപ്പടുക്കുമ്പോള്‍ സ്വീകരിക്കേണ്ടിവരുന്ന ചില വ്യവസ്ഥകളും രീതികളുമാണവ. ഭൂമിയില്‍ സമാധാനപരമായി ജീവിക്കാന്‍ കഴിയുക എന്നതാണ് പ്രധാനം. അതേറ്റവും നന്നായി സാധിക്കുക ഇന്നേവരെയുള്ള അനുഭവം വെച്ചു നോക്കുമ്പോള്‍ ജനങ്ങള്‍ തങ്ങളുടെ ഹിതപ്രകാരം പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന, വിമര്‍ശിക്കാനും തെറ്റ് തിരുത്താനും സൌകര്യമുള്ള ജനാധിപത്യ ക്രമത്തിലാണ്. അതുതന്നെ പ്രലോഭനങ്ങളില്‍ നിന്നും ഭീഷണികളില്‍നിന്നും മുക്തമായി സ്വതന്ത്ര തെരഞ്ഞെടുപ്പ് നടന്നാല്‍ മാത്രം. ഇത്തരമൊരു ജനാധിപത്യത്തെ ഇസ്ലാം നിരാകരിച്ചിട്ടില്ല, ഇസ്ലാമിക പ്രസ്ഥാനവും തള്ളിപ്പറഞ്ഞിട്ടില്ല.
ഇന്ത്യയില്‍ നിലവിലുള്ള ജനാധിപത്യം കുറ്റമറ്റതോ സംശുദ്ധമോ അല്ല എന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് ഈ ജനാധിപത്യത്തെ അതിന്റെ ശില്‍പികള്‍ തന്നെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്, ഇപ്പോഴും വിമര്‍ശിക്കുന്നുമുണ്ട്. ഫലത്തില്‍ പണാധിപത്യമാണ് പുലരുന്നതെന്നതും സത്യം മാത്രമാണ്. എങ്കിലും കുറ്റമറ്റ മറ്റൊരു വ്യവസ്ഥിതിയുടെ അഭാവത്തില്‍ നാം ജനാധിപത്യത്തെ കൊണ്ടു നടക്കുന്നു. ഏകാധിപത്യമോ ഫാഷിസമോ ആണ് പകരം വരിക എന്ന ഭീഷണി ഉയര്‍ന്നപ്പോള്‍ ഇസ്ലാമിക പ്രസ്ഥാനവും പാര്‍ലമെന്ററി ജനാധിപത്യത്തെ നിലനിര്‍ത്താനുള്ള ശ്രമങ്ങളില്‍ പങ്കാളികളായി. ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളുടെ സ്വീകാരവും ബഹിഷ്കരണവുമൊക്കെ ഇന്ത്യന്‍ നാഷ്നല്‍ കോണ്‍ഗ്രസ്, കമ്യൂണിസ്റ് പാര്‍ട്ടി തുടങ്ങിയ എല്ലാ പാര്‍ട്ടികളും പല സന്ദര്‍ഭങ്ങളിലായി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ അണ്ണാ ഹസാരെ ടീമും തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തെക്കുറിച്ച് പറയുന്നു. ജനങ്ങളോടും മൂല്യങ്ങളോടും പ്രതിബദ്ധതയുള്ളവരല്ല എങ്ങനെ വോട്ട് ചെയ്താലും തെരഞ്ഞെടുക്കപ്പെടുക എന്ന സാഹചര്യം വന്നാല്‍ ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. അത് ജനാധിപത്യത്തിന്റെ തന്നെ താല്‍പര്യമാണ്. ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ജനാധിപത്യം എന്ത് ജനാധിപത്യം?

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം