Prabodhanm Weekly

Pages

Search

2012 മാര്‍ച്ച്‌ 3

അഞ്ചിടങ്ങളിലെ വിധിയെഴുത്ത് കാത്ത് ദേശീയ രാഷ്ട്രീയംഅഞ്ചിടങ്ങളിലെ വിധിയെഴുത്ത് കാത്ത് ദേശീയ രാഷ്ട്രീയം

വിശകലനം - എം.സി.എ നാസര്‍

ണ്ടാം യു.പി.എ സര്‍ക്കാറിന്റെ ആയുസെത്ര? കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ഭാവിയെന്ത്? 2014ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ രാഹുല്‍ ഗാന്ധി നയിക്കുമോ? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മാര്‍ച്ച് ആറിനറിയാം. യു.പി ഉള്‍പ്പെടെ അഞ്ചിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലങ്ങള്‍ അന്നാണ് പുറത്തു വരിക.
ദേശീയ രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണയിക്കാന്‍ പോന്ന ഒട്ടേറെ ഘടകങ്ങള്‍ ഉണ്ടെന്നതാണ് ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ ജനവിധിയെ ശ്രദ്ധേയമാക്കുന്ന ഘടകം. രണ്ടാം യു.പി.എ സര്‍ക്കാറിനു മേല്‍ നിഴലിട്ട അസ്ഥിരതയുടെ സാഹചര്യം മറികടക്കാന്‍ കോണ്‍ഗ്രസിന് വിജയം കൂടിയേ തീരൂ.
ഏറ്റവും പ്രധാനം യു.പി തന്നെ. ലഖ്‌നൗ മുഖേനയല്ലാതെ ദല്‍ഹി പിടിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവ് നേരത്തെ ഉള്ളതാണ്. ഏറ്റവും വലിയ സംസ്ഥാനം, എണ്‍പതു ലോക്‌സഭാ മണ്ഡലങ്ങള്‍, 403 നിയമസഭാ സീറ്റുകള്‍- യു.പിയുടെ നിയന്ത്രണം കൈയടക്കാനായാല്‍ ദല്‍ഹി സുരക്ഷിതമാണെന്ന് അനുഭവത്തിലൂടെ തെളിയിച്ചത് ഏറെക്കാലം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് തന്നെ. യു.പി കൈവിട്ടതോടെ കോണ്‍ഗ്രസിന്റെ ദല്‍ഹി സിംഹാസനത്തിനും ഇളക്കം തട്ടി. കൂട്ടുകക്ഷി ഭരണത്തിന്റെ നിര്‍ബന്ധിതാവസ്ഥ മറികടക്കണമെന്നുണ്ട് കോണ്‍ഗ്രസിന്. അതിനും യു.പിയില്‍ മണ്ണൊരുക്കിയേ തീരൂ.
കോണ്‍ഗ്രസിനോട് എന്നും ചേര്‍ന്നു നിന്ന യു.പിയില്‍ എണ്‍പതുകളുടെ അവസാനത്തോടെയാണ് വഴിമാറ്റം. മണ്ഡല്‍ റിപ്പോര്‍ട്ട് നടപ്പാക്കുക വഴി രൂപപ്പെട്ട ജാതീയ ഉണര്‍വിന്റെ ഓരം പറ്റി ഉദയം കൊണ്ട പുതിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന്റെ അടിത്തറയിളക്കി. കാന്‍ഷി റാമിന്റെ ബി.എസ്.പി കോണ്‍ഗ്രസില്‍ നിന്നും ദലിത് വിഭാഗത്തെ അടര്‍ത്തി മാറ്റി. യാദവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളാകട്ടെ മുലായം സിംഗ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേക്കേറി. മേല്‍ജാതി വിഭാഗങ്ങള്‍ക്ക് ബി.ജെ.പി ആയിരുന്നു തൊണ്ണൂറുകളില്‍ പ്രിയങ്കരം. മുസ്‌ലിംകളാവട്ടെ കോണ്‍ഗ്രസിനെ വിട്ട് എസ്.പിക്കും ബി.എസ്.പിക്കുമിടയില്‍ ഭാഗ്യനിര്‍ഭാഗ്യം തെരഞ്ഞു.
ജാതീയ ഗണിതങ്ങള്‍ തന്നെയാണ് യു.പിയെ ഇന്നും ഭരിക്കുന്നത്. ഫലശ്രുതിയെ കുറിച്ച ചര്‍ച്ചകളുടെ തുടക്കവും ഒടുക്കവും ആ ബിന്ദുവില്‍ തന്നെ. തൊണ്ണൂറുകളോടെ ശക്തിയാര്‍ജിച്ച ബി.ജെ.പി വളര്‍ച്ച യു.പിയില്‍ മുരടിച്ചിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. അയോധ്യാ വിഷയം ഉള്‍പ്പെടെ ഹിന്ദു ഭൂരിപക്ഷ മനസ്സിലേക്ക് ഇറങ്ങി നില്‍ക്കാന്‍ പോന്ന പലതും പ്രകടന പത്രികയില്‍ ഇത്തവണ മുന്നോട്ടു വെച്ചിരുന്നു. ഉമാ ഭാരതിയെ കൊണ്ടുവന്ന് മത്സരിപ്പിക്കുകയും ചെയ്തു. പക്ഷേ, പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പോലും പഴയ ആവേശം പതപ്പിക്കാനായില്ല.

ജാതീയ ഘടകങ്ങള്‍ തന്നെ പ്രധാനം
കഴിഞ്ഞ തവണ ദലിത് വിഭാഗത്തിനൊപ്പം ബ്രാഹ്മണരെ കൂടി ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞതാണ് ബി.എസ്.പിയുടെ വിജയം. ചതുഷ്‌കോണ മത്സരമായതിനാല്‍ നേരിയ വോട്ടിംഗ് വ്യത്യാസം മതി യു.പിയില്‍ വിധി മാറിമറിയാന്‍. സ്ഥിരം വോട്ടുബാങ്ക് നിലനിര്‍ത്തുക. ഒപ്പം അപ്പുറത്തുള്ള ചില വിഭാഗങ്ങളെ കൂടി ചേര്‍ത്തു നിര്‍ത്തുക ഈ രാഷ്ട്രീയ രസതന്ത്രമാണ് എസ്.പിയുടെയും ബി.എസ്.പിയുടെയും അതിജീവന രഹസ്യം.
ഇത്തവണ പക്ഷേ, മായാവതിയുടെ പരീക്ഷണങ്ങള്‍ അത്രക്കങ്ങ് ഏശുന്നില്ല. ദലിത് വോട്ടുബാങ്കില്‍ കാര്യമായ വിള്ളല്‍ വീഴാനിടയില്ല. മേല്‍ജാതികളില്‍ ഒരു വിഭാഗം ബി.എസ്.പി വിട്ട് കോണ്‍ഗ്രസ്, ബി.ജെ.പി കക്ഷികളിലേക്ക് മാറിയേക്കും. ഭരണവിരുദ്ധ വികാരത്തിലൂടെയും കുറച്ചു വോട്ടുകള്‍ മറിയും. ഒരു കോടിയോളം വരുന്ന പുതിയ വോട്ടര്‍മാരെയും ബി.എസ്.പിക്ക് നമ്പാനാവില്ല. മറുചേരിയിലെ അഖിലേഷ് യാദവും രാഹുല്‍ ഗാന്ധിയുമായിരിക്കും അവര്‍ക്ക് കുറേക്കൂടി പ്രിയങ്കരര്‍. അവശേഷിക്കുന്നത് മുസ്‌ലിം വോട്ടുകളിലെ പ്രതീക്ഷയാണ്. കഴിഞ്ഞ തവണ ബി.എസ്.പിക്ക് അതിന്റെ ഗുണം ലഭിച്ചിരുന്നു. കല്യാണ്‍ സിംഗുമായി കൈകോര്‍ത്ത മുലായം സിംഗിനോടുള്ള മുസ്‌ലിം പകവീട്ടലിന്റെ മെച്ചവും വലിയ അളവില്‍ മായാവതിക്കു ലഭിച്ചു. ഇക്കുറി അങ്ങനെയില്ല. പുറമേക്ക് പ്രകടമല്ലെങ്കില്‍ തന്നെയും അടിയൊഴുക്കുകള്‍ കണക്കുകൂട്ടലുകള്‍ മാറ്റി മറിക്കും.
യു.പിയില്‍ തരക്കേടില്ലാത്ത നേട്ടം ലഭിക്കുമെന്ന ശുഭാപ്തിയിലാണ് കോണ്‍ഗ്രസ് നേതൃത്വം. രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങള്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത നേട്ടം ഉണ്ടാക്കിയെന്നതു നേര്. അതുകൊണ്ട് 2007ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 22 സീറ്റുകളുടെ മൂന്നിരട്ടിയെങ്കിലും പാര്‍ട്ടി പ്രതീക്ഷിക്കുന്നു. സീറ്റുകളുടെ എണ്ണം നൂറ് കവിയുമെന്നു പറയാനും ചില നേതാക്കള്‍ മടിക്കുന്നില്ല. രാഹുല്‍ ഗാന്ധിക്ക് ദേശീയ രാഷ്ട്രീയത്തില്‍ തിളങ്ങണമെങ്കില്‍ യു.പിയില്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കണം. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് രാഹുല്‍ മുന്നില്‍ കാണുന്നത്. യു.പിയില്‍ നിന്നുള്ള 80 ലോക്‌സഭാ സീറ്റുകളില്‍ പകുതിയെങ്കിലും സ്വന്തമാക്കാന്‍ കഴിയുന്ന സാഹചര്യം. ആ ബലത്തില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം വന്നാല്‍ പ്രധാനമന്ത്രി സ്ഥാനം ആര്‍ക്കെന്ന ചോദ്യം കോണ്‍ഗ്രസനുള്ളില്‍ ഉയരാന്‍ പോലും ഇടയില്ല.
മണിപ്പൂരും ഗോവയും നിലനിര്‍ത്തുക. പഞ്ചാബും ഉത്തരാഖണ്ഡും തിരിച്ചു പിടിക്കുക. ഒപ്പം യു.പിയില്‍ നില മെച്ചപ്പെടുത്തുക. ഇതാണ് കോണ്‍ഗ്രസ് സ്വപ്നം കാണുന്നത്. അഴിമതി വിവാദങ്ങളെ തുടര്‍ന്ന് പ്രതിഛായ നഷ്ടപ്പെട്ട കേന്ദ്ര സര്‍ക്കാറിനെ സംബന്ധിച്ചേടത്തോളം അഞ്ചിടങ്ങളില്‍ മികച്ച ജയം നേടാനായാല്‍ രണ്ടാം യു.പി.എ ബലപ്പെടും. യു.പിയിലും ഉത്തരാഖണ്ഡിലും തിളക്കമുള്ള ജയം നേടിയാല്‍ രണ്ടിടങ്ങളില്‍ നിന്നുള്ള രാജ്യസഭാ അംഗങ്ങളുടെ എണ്ണം കൂടുമെന്ന ഗുണം വേറെയും. ഇപ്പോള്‍ യു.പി.എ ന്യൂനപക്ഷമാണ് രാജ്യസഭയില്‍. ഏപ്രില്‍ മാസത്തോടെ 11 രാജ്യസഭാ ഒഴിവുകള്‍ വരാനിരിക്കുന്നു. അംഗബലം കൂടിയാല്‍ സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ വഴിയൊരുങ്ങും.
ദേശീയ രാഷ്ട്രീയത്തില്‍ മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയുടെ നില പരുങ്ങലിലാണ്. അദ്വാനിയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭം പോലും പാര്‍ട്ടിയെ തുണച്ചില്ല. കഴിഞ്ഞ വര്‍ഷം നടന്ന കേരളം, അസം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലായി 800 ഓളം സീറ്റുകളില്‍ ബി.ജെ.പിക്ക് ആകെക്കൂടി ലഭിച്ചത് വെറും 5 സീറ്റുകള്‍ മാത്രം. തങ്ങള്‍ക്ക് ഒട്ടും സ്വാധീനമില്ലാത്ത സ്ഥലങ്ങളാണിവയെന്ന് പറഞ്ഞൊഴിയാന്‍ എളുപ്പം. ഇക്കുറി ബി.ജെ.പിയുടെ നില ശരിക്കും പരിശോധിക്കപ്പെടും. മായാവതിയുടെ ബി.എസ്.പിക്കൊപ്പം ചേര്‍ന്ന് നില മെച്ചപ്പെടുത്താന്‍ നോക്കിയ ബി.ജെ.പിക്ക് പക്ഷേ, അതു പറഞ്ഞു നില്‍ക്കാനാവില്ല.
ന്യൂനപക്ഷ വോട്ടുകള്‍ എങ്ങോട്ടു ചായും?
മുസ്‌ലിം സംവരണം ഇക്കുറി സജീവ ചര്‍ച്ചയായി. ഇലക്ഷനു തൊട്ടു മുമ്പാണ് ഒ.ബി.സിയില്‍ ഉള്‍പ്പെടുത്തി മുസ്‌ലിംകള്‍ ഉള്‍പ്പെടെ ന്യൂനപക്ഷത്തിന് നാലര ശതമാനം പ്രത്യേക ക്വാട്ട ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചത്. സല്‍മാന്‍ ഖുര്‍ശിദും ബേനി പ്രസാദ് വര്‍മയും നടത്തിയ പ്രസ്താവനകള്‍ വിവാദമായി. രംഗനാഥ് മിശ്ര കമീഷന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്ക് പത്തും ന്യൂനപക്ഷങ്ങള്‍ക്ക് അഞ്ചും ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിനു കഴിയുമായിരുന്നു. പടിയിറങ്ങാന്‍ നേരത്താണെങ്കിലും പശ്ചിമ ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാറിന് തോന്നിയ താല്‍പര്യം പോലും യു.പി.എ നേതൃത്വത്തില്‍ കണ്ടില്ല. 1956ല്‍ സിഖ് വിഭാഗത്തെയും 1990ല്‍ ബുദ്ധ വിഭാഗത്തെയും സംവരണാനുകൂല്യത്തിലേക്ക് കൊണ്ടു വന്നത് കേന്ദ്രം ഭരിച്ചവരാണ്. നീതിയുടെ തുല്യത മറ്റു ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ മാത്രം ഉണ്ടായില്ല. ഇക്കുറി ജനസംഖ്യാനുപാതിക സംവരണം സമാജ് വാദി പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ ഇടംപിടിച്ചു. ഒമ്പതു ശതമാനം സംവരണം നല്‍കണമെന്ന് കോണ്‍ഗ്രസും പത്രികയില്‍ പറഞ്ഞു. മതപരമായ സംവരണം രാജ്യത്തെ വെട്ടിമുറിക്കുമെന്ന ചുരമാന്തലാണ് ബി.ജെ.പി പത്രികയില്‍ കണ്ടത്. ദുര്‍ബല പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണവും മറ്റും നല്‍കേണ്ടത് ചരിത്രപരമായ ആവശ്യകതയാണെന്ന് ഭരണഘടനാ ശില്‍പികള്‍ നേരത്തെ പറഞ്ഞു വെച്ചതാണ്. ഇലക്ഷന്‍ വേദികള്‍ക്കപ്പുറം ആര്‍ജവമുള്ള നടപടികളൊന്നും പക്ഷേ, ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല.
ജയസാധ്യതയുള്ള മതേതര പാര്‍ട്ടിക്ക് വോട്ടു നല്‍കുക. പിന്നിട്ട രണ്ടു പതിറ്റാണ്ടുകളില്‍ ഈ തന്ത്രമാണ് മുസ്‌ലിം മണ്ഡലങ്ങളില്‍ ഏറെക്കുറെ കണ്ടത്. ഇക്കുറി സമാജ്‌വാദി പാര്‍ട്ടിക്കും ബി.എസ്.പി, കോണ്‍ഗ്രസ് കക്ഷികള്‍ക്കുമാകും മുസ്‌ലിം മനസ്സിന്റെ ഗുണഫലം ലഭിക്കുക. 18 ശതമാനത്തിനു മുകളില്‍ വരും യു.പിയിലെ മുസ്‌ലിം പ്രാതിനിധ്യം. 140 ഓളം മണ്ഡലങ്ങളില്‍ മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകം. ബ്രാഹ്മണര്‍, രാജ്പുത്ത്, യാദവ, ദലിത് വോട്ട്ബാങ്കുകളുടെ കേന്ദ്രീകൃത സ്വഭാവം മുസ്‌ലിംകളുടെ കാര്യത്തില്‍ പക്ഷേ, ഒരിടത്തും കാണാനില്ല.
ബി.ജെ.പി ഒഴികെയുള്ള മൂന്ന് മുഖ്യ പാര്‍ട്ടികള്‍ മുസ്‌ലിം വോട്ടുറപ്പിക്കാന്‍ ഇക്കുറിയും എല്ലാ തന്ത്രങ്ങളും പയറ്റി. മുസ്‌ലിംകള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കിയത് ബി.എസ്.പിയാണ് - 84. സമാജ്‌വാദി പാര്‍ട്ടി 75ഉം കോണ്‍ഗ്രസ് 61ഉം പേരെ രംഗത്തിറക്കി. 18 ശതമാനത്തിനു മുകളില്‍ വരുന്ന യു.പിയിലെ മുസ്‌ലിം വോട്ടുകള്‍ എവിടെയും നിര്‍ണായകം തന്നെ.
ഇമാം ബുഖാരിയെയും മറ്റും രംഗത്തിറക്കാന്‍ സമാജ്‌വാദി പാര്‍ട്ടി ശ്രമിച്ചെങ്കിലും വലിയ പ്രതികരണമൊന്നും ഉണ്ടായില്ല. ലഖ്‌നൗ നദ്‌വ റെക്ടര്‍ റബീഅ് ഹസന്‍ നദ്‌വിയുമായി മുസ്‌ലിം ക്ഷേമത്തെ കുറിച്ച് രാഹുല്‍ ഗാന്ധി വിശദ ചര്‍ച്ചയും നടത്തി. ദയൂബന്തിലെ പണ്ഡിതരെയും ബറേല്‍വി നേതാക്കളെയും ചെന്നു കാണാന്‍ നേതാക്കള്‍ മത്സരിച്ചു. ബട്‌ല ഹൗസ് പ്രശ്‌നത്തിലും മറ്റും ഉറച്ച നിലപാട് പ്രകടിപ്പിച്ച ദിഗ്വിജയ് സിംഗിനോടും രാഹുല്‍ ഗാന്ധിയോടും മുസ്‌ലിംകളില്‍ അനുഭാവം ഉണ്ടായിട്ടുണ്ട്.
നാലുവര്‍ഷം മുമ്പ് കിഴക്കന്‍ യു.പി കേന്ദ്രീകരിച്ച് രൂപം കൊണ്ട പീസ് പാര്‍ട്ടി മുസ്‌ലിംകള്‍ക്കു പുറമെ മേല്‍ജാതി വിഭാഗങ്ങളെയും ചേര്‍ത്ത് നിരവധി മണ്ഡലങ്ങളില്‍ ഇക്കുറി മത്സര രംഗത്തുണ്ട്. 20 സീറ്റെങ്കിലും ഉറപ്പാണെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു. ഉലമ കൗണ്‍സില്‍, മുസ്‌ലിം ലീഗ്, ഇന്ത്യന്‍ നാഷനല്‍ ലീഗ് എന്നിവയും മത്സര രംഗത്തുണ്ട്.
ഈയിടെ രൂപവത്കരിക്കപ്പെട്ട വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയും ഏതാനും സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. പാര്‍ട്ടിയുടെ അടിത്തറ സംസ്ഥാനത്ത് ശക്തിപ്പെടുത്താന്‍ അവസരം കിട്ടുന്നതിന് മുമ്പാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്.
പീസ് പാര്‍ട്ടി ശക്തമായ പ്രചാരണമാണ് നടത്തിയത്. സമാജ്‌വാദി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും ചെലവില്‍ മുസ്‌ലിം വോട്ടുകളില്‍ പരമാവധി പീസ് പാര്‍ട്ടി സമാഹരിച്ചാല്‍ തങ്ങള്‍ രക്ഷപ്പെട്ടുവെന്നു പറഞ്ഞത് ബി.എസ്.പി നേതൃത്വം. കഴിഞ്ഞ തവണ ബി.ജെ.പിയാണ് പീസ് പാര്‍ട്ടിക്ക് ആളും അര്‍ഥവും നല്‍കിയതെങ്കില്‍ ഇത്തവണ ബി.എസ്.പിയാണ് പിന്നിലെന്ന് പരക്കെ സംസാരമുണ്ട്. എന്തായാലും പീസ് പാര്‍ട്ടി പിടിക്കുന്ന വോട്ടുകള്‍ തങ്ങള്‍ക്കു തുണയാകും എന്നുതന്നെ ബി.എസ്.പി നേതാക്കള്‍ ഉറച്ചുവിശ്വസിക്കുന്നു.
'മുസ്‌ലിംകള്‍ തങ്ങളുടെ വോട്ടിന്റെ വില ഇനിയും മനസ്സിലാക്കുന്നില്ല. അവര്‍ നേരിടുന്ന പരാധീനതകളുടെ അടിസ്ഥാന കാരണം ഈ രാഷ്ട്രീയ അവബോധമില്ലായ്മയാണ്'- സിനിമാ സംവിധായകനും ആക്ടിവിസ്റ്റുമായ മഹേഷ് ഭട്ടിന്റെ വാക്കുകള്‍. സെക്യുലര്‍ പാര്‍ട്ടികള്‍ യു.പി ഭരിച്ചിട്ടും മുസ്‌ലിം പരാധീനത മാറ്റാന്‍ ഒരു നീക്കവും നടന്നില്ലെന്ന് തെളിവുകള്‍ നിരത്തി സ്ഥാപിക്കുകയായിരുന്നു മഹേഷ് ഭട്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം