Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 25

അനുസ്മരണം

എം.ഒ.എച്ച് ഫാറൂഖ്‌

ഞാന്‍ ഖുത്വ്ബ പറയുന്ന തൈക്കാട്ടുള്ള പോലീസ് ട്രെയ്നിംഗ് കോളേജ് കാമ്പസിലെ ജുമാ മസ്ജിദിലായിരുന്നു അന്തരിച്ച ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖ് വെള്ളിയാഴ്ച ജുമുഅക്ക് പങ്കെടുത്തിരുന്നത്. ഡിസംബര്‍ 4ന് ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍ ചികിത്സക്കു പോകുന്നതുവരെ അദ്ദേഹം ഖുത്വ്ബ ആരംഭിക്കുന്ന സമയത്ത് തന്നെ പി.റ്റി.സി പള്ളിയില്‍ എത്തിയിരിക്കും.
ഒരിക്കല്‍ അദ്ദേഹത്തെ രാജ്ഭവനില്‍ സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ചു. തികച്ചും സൌഹാര്‍ദപരമായിരുന്നു ആ കൂടിക്കാഴ്ച. അങ്ങേയറ്റത്തെ ലാളിത്യം. വളരെ എളിമയാര്‍ന്ന പെരുമാറ്റം. ആഴത്തിലുള്ള ദൈവവിശ്വാസം. ഏഴ് തവണ അദ്ദേഹം ഹജ്ജ് നിര്‍വഹിച്ചിരുന്നു. ഓരോ ഹജ്ജിലൂടെയും നേടിയ നന്മകള്‍ അദ്ദേഹം വിശദീകരിച്ചു. ആദ്യ ഹജ്ജിന് പോയപ്പോള്‍ ഭാര്യയെ കൂട്ടിപ്പോയി. പിന്നീട് മക്കളോരോരുത്തരെയും കൂട്ടിയാണ് ഹജ്ജിന് പോയത്. ആ വര്‍ഷം ഹജ്ജിന് പോകുന്ന എന്നോട് അതിന്റെ വിവിധ വശങ്ങള്‍ അദ്ദേഹം അന്വേഷിച്ചിരുന്നു.
ഫ്രഞ്ച് അധിനിവേശപ്രദേശമായ കാരക്കലില്‍ 1937 സെപ്റ്റംബര്‍ 6ന് എം.ഒ ഹസന്‍ ഖുദ്ദൂസ് മരക്കാറുടെയും സയ്യിദ സുല്‍താന്‍ ഗനി ദമ്പതികളുടെയും മൂത്ത പുത്രനായാണ് ഫാറൂഖിന്റെ ജനനം. 1953-54 കാലഘട്ടത്തില്‍ നടന്ന പോണ്ടിച്ചേരിയുടെ സ്വാതന്ത്യ്രസമര പോരാട്ടങ്ങളില്‍ പങ്കെടുത്താണ് തന്റെ രാഷ്ട്രീയ ജീവിതത്തിന് അദ്ദേഹം തുടക്കമിട്ടത്. അന്നദ്ദേഹത്തിന് കേവലം 17 വയസു മാത്രമാണുണ്ടായിരുന്നത്.
അദ്ദേഹത്തിന്റെ കുടുംബം ദേശാഭിമാനത്തോടൊപ്പം ആത്മീയതയും ഉയര്‍ത്തിപ്പിടിച്ചവരായിരുന്നു. പറങ്കികളോട് പടവെട്ടിയ മലബാറിലെ ധീര ദേശാഭിമാനി കോട്ടക്കല്‍ കുഞ്ഞാലിമരക്കാരുടെ പിന്‍തലമുറക്കാരായിരുന്നു ഫാറൂഖിന്റെ മുത്തഛന്മാര്‍.
കുഞ്ഞാലി മരക്കാരെ പോര്‍ച്ചുഗീസുകാര്‍ ഗോവയില്‍ കൊണ്ടുപോയി വധിച്ചശേഷം ശിഥിലമായ മരക്കാര്‍ തറവാട്ടുകാര്‍ ദക്ഷിണേന്ത്യയില്‍ പലയിടങ്ങളില്‍ തങ്ങിയ കൂട്ടത്തില്‍ കാരക്കലില്‍ ഫാറൂഖിന്റെ മുന്‍ഗാമികള്‍ കുടിയേറിപ്പാര്‍ത്തു. സിലോണിലെ ആത്മീയ പാരമ്പര്യമുള്ള ഒരു ബന്ധവും ഇതിനോട് ചേര്‍ത്തു പറയപ്പെടുന്നു.
സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ഫാറൂഖ് പോണ്ടിച്ചേരിയിലെ രാഷ്ട്രീയക്കളരിയില്‍ കാലുറപ്പിച്ചു.
1964ല്‍ പോണ്ടിച്ചേരി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 27-ാം വയസ്സില്‍ നിയമസഭാ സ്പീക്കറായി. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കര്‍ എന്ന പദവിക്കര്‍ഹനായി. 1967 ഏപ്രില്‍ 9ന് 29-ാം വയസ്സില്‍ പുതുച്ചേരി മുഖ്യമന്ത്രിയായി. പിന്നീട് 1969 മാര്‍ച്ച് 17 മുതല്‍ 1974 ജനുവരി 3 വരെയും 1985 മാര്‍ച്ച് 16 മുതല്‍ 1989 ജനുവരി 19 വരെയും 3 തവണ പുതുച്ചേരിയുടെ മുഖ്യമന്ത്രിയായി. 1990ല്‍ കുറച്ചുകാലം പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. 1991 മുതല്‍ 3 തവണ ലോക്സഭാംഗമായിരുന്നു.
കേന്ദ്ര വ്യോമയാന-ടൂറിസം വകുപ്പ് സഹമന്ത്രി, നിരവധി പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗം, കോണ്‍ഗ്രസ് പാര്‍ട്ടി ഡെപ്യൂട്ടി ചീഫ് വിപ്പ്, ഹജ്ജ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഫാറൂഖ് 2004 മുതല്‍ 2009 വരെ സുഊദി അറേബ്യയിലെ ഇന്ത്യന്‍ അംബാസഡറായിരുന്നു.
2010 ജനുവരി 22 മുതല്‍ 2011 സെപ്റ്റംബര്‍ 4 വരെ ഝാര്‍ഖണ്ഡ് ഗവര്‍ണറായിരുന്നു.
2011 ആഗസ്റ് 25നാണ് എം.ഒ.എച്ച് ഫാറൂഖിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി നിയമിക്കുന്നത്. 2011 സെബ്റ്റംബര്‍ 8ന് ചുമതലയേറ്റു. 2012 ജനുവരി 26ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ മരണമടയുമ്പോള്‍ കേരളത്തിലെ ഏറ്റവും ഹൃസ്വമായ കാലയളവ് ഗവര്‍ണറായിരുന്ന വ്യക്തിത്വമായി എം.എച്ച് ഫാറൂഖ് അനുസ്മരിക്കപ്പെടുന്നു.
മലയാളികളോട് വളരെ അടുത്ത ഹൃദയബന്ധം പുലര്‍ത്തിയിരുന്നു ഫാറൂഖ് സാഹിബ്. കേന്ദ്രഹജ്ജ് കമ്മിറ്റി അംഗമായിരുന്ന കാലത്തും സുഊദി അംബാസഡറായിരുന്ന കാലത്തും മലയാളികളുമായി ബന്ധപ്പെട്ട ധാരാളം സംഭവങ്ങള്‍ അദ്ദേഹം പങ്കുവെക്കുകയുണ്ടായി.
ജലീല്‍ അഴീക്കോട് 

[email protected]

 

കുഞ്ഞബ്ദുല്ല വള്ളിയോട്
വള്ളിയാട് മസ്ജിദ് റഹ്മാന്റെ പ്രസിഡന്റും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനുമായ എന്‍.സി.കെയെന്ന നന്തോത്ത് ചെറിയ അബ്ദുല്ല നിര്യാതനായി. വള്ളിയോട് പ്രദേശത്തെ ലൈബ്രറി & വായനശാല സ്ഥാപിക്കുന്നതിലും സാംസ്കാരിക സേവന പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു പരേതന്‍. ഒരു നല്ല കര്‍ഷകന്‍ കൂടിയായിരുന്ന അദ്ദേഹം കൃഷിയെ സ്നേഹിക്കുകയും അതിന്റെ മഹത്വം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

യാസിര്‍ പടിഞ്ഞാറത്തറ
വയനാട് ജില്ലയിലെ പടിഞ്ഞാറത്തറയിലെ മാമുസാഹിബിന്റെ മകനായ യാസിര്‍ അല്ലാഹുവിലേക്ക് യാത്രയായി.... കൂട്ടുകാരന്റെ കൂടെ ആലപ്പുഴയില്‍നിന്നും കാറില്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഉണ്ടായ അപകടത്തിലായിരുന്നു മരണം. വയനാട് ജില്ലയിലെ 2008-09 കാലയളവിലെ എസ്. ഐ.ഒ ജില്ലാ സമിതി അംഗമായിരുന്നു യാസിര്‍. പ്രസ്ഥാനത്തെ ഏറെ സ്നേഹിച്ച യാസിര്‍. പടിഞ്ഞാറത്തറയില്‍ കാലങ്ങളോളമായി നിലച്ചുപോയ എസ്.ഐ.ഒ വിനെ വളര്‍ത്തി മെച്ചപ്പെടുത്തിയെടുക്കുന്നതില്‍ യാസിമോന്റെ അദ്ധ്വാനം ചെറുതൊന്നുമല്ല. പ്രസ്ഥാനത്തിന്റെ ഏത് പരിപാടിയായിരുന്നാലും അതിലൊക്കെ യാസിമോന്റെ പ്രവര്‍ത്തനം ഒരുപടി മുമ്പിലായിരുന്നു.
യാസിറിന്റെ വിയോഗം നാട്ടുകാരെ ഒന്നാകെ കരയിപ്പിക്കുകയായിരുന്നു. വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ നാട്ടില്‍ വലിയ മൂകാന്തരീക്ഷമായിരുന്നു. പലരുടെയും കണ്ണുകള്‍ കലങ്ങിയിരുന്നു. നാട്ടില്‍ യാസിറെന്ന് കേട്ടാല്‍ അറിയാത്തവരുണ്ടാവുകയില്ല. നാട്ടുകാരുമായി നല്ല ബന്ധമായിരുന്നു. യാസിറിന്റെ മുമ്പില്‍ ആരെങ്കിലും വന്നുപ്പെട്ടാല്‍ അവന്‍ പിന്നെ യാസി മോന്റെ കൂട്ടുകാരനായിരിക്കും. വലിയ സുഹൃത്ത് ബന്ധമാണ് യാസിറിന്.
യാസിയുടെ പിതാവ് മാമു സാഹിബ് പടിഞ്ഞാറത്തറ ഹല്‍ഖാ നാസിം ആയിരുന്നു. മൂന്ന് സഹോദരിമാരാണ് യാസിറിന് ഉളളത്. ഒരു സഹോദരി ഇപ്പോള്‍ ജി.ഐ.ഒ ജില്ലാ പ്രസിഡന്റാണ്. ജാഫര്‍ വെങ്ങളത്ത്, നവാസ് പൈങ്ങോട്ടായി (പ്രിന്‍സിപ്പള്‍ ഇസ്ലാമിയ കോളേജ് പിണങ്ങോട്) എന്നിവര്‍ സഹോദരി ഭര്‍ത്താക്കന്മാരാണ്.
ശിഹാബുദ്ധീന്‍ ഓമശ്ശേരി

കെ.ഇ തങ്ങള്‍
പട്ടാമ്പിയിലെ മുസ്ലിം ലീഗ് നേതാവും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്നു കെ.ഇ തങ്ങള്‍(58).
നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പട്ടാമ്പിയില്‍, ഇസ്ലാമിക പ്രസ്ഥാന പ്രവര്‍ത്തകര്‍ ഇസ്ലാമിക് കള്‍ച്ചറല്‍ അസോസിയേഷന്‍ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചത് കെ.ഇ തങ്ങളുടെ നേതൃത്വത്തിലായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്നും മതപുരോഹിതന്മാരില്‍നിന്നും പ്രസ്ഥാനത്തിനുണ്ടായ രൂക്ഷമായ എതിര്‍പ്പുകളെ തരണം ചെയ്യാന്‍ കെ.ഇ തങ്ങള്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
ജമാഅത്തെ ഇസ്ലാമിക്ക് പട്ടാമ്പിയില്‍ വേരോട്ടം ഉണ്ടാകാന്‍ കെ.ഇ തങ്ങളുടെ നേതൃത്വം സഹായകമായിട്ടുണ്ട് എന്ന് ആദ്യകാല പ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നു. പിന്നീട് അദ്ദേഹം മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുകയും പട്ടാമ്പി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിക്കുകയും ചെയ്തു.
എ.കെ അബൂബക്കര്‍ പട്ടാമ്പി

ഇ.കെ പരീത്
ചേര്‍ത്തല ഏരിയയിലെ പാണാവള്ളി പ്രാദേശിക ജമാഅത്ത് അംഗം ഇ.കെ പരീത്(72) മകള്‍ റസീനയും(28) കോട്ടയത്തിനടുത്ത് കാറപടകത്തില്‍ച്ചുമരിച്ചു. എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും അതിജയിച്ച് പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന പരീത്ക്ക പ്രവര്‍ത്തകര്‍ക്ക് ആവേശമായിരുന്നു. ഇസ്ലാമിന്റെ യഥാര്‍ഥ സന്ദേശം കടന്നു ചെന്നിട്ടില്ലാതിരുന്ന ഒറ്റപ്പെട്ട പ്രദേശത്തായിരുന്നു പരീത് സാഹിബിന്റെ താമസം. ജമാഅത്ത് അംഗമായിരുന്ന മര്‍ഹൂം പി.എം അബ്ദുല്ല സാഹിബിന്റെ നിത്യ സന്ദര്‍ശനത്തെ തുടര്‍ന്നാണ് പരീത് സാഹിബ് പ്രസ്ഥാനത്തിന്റെ സഹയാത്രികനായത്. രണ്ട് തവണ പാണാവള്ളി കാര്‍കുന്‍ ഹല്‍ഖയുടെ നാസിമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ലളിത ജീവിതത്തിനുടമയായിരുന്നു. മകളുടെ ചികിത്സക്കായി കോട്ടയത്തേക്ക് പോയ യാത്ര അല്ലാഹുവിലേക്കുള്ള യാത്രയായത് ആകസ്മികം.
ഷംസുദ്ദീന്‍ പൂച്ചാക്കല്‍

സി. കുഞ്ഞിമുഹമ്മദ്
വേങ്ങര സലാമത്ത് നഗറിലെ ചാനേത്ത് കുഞ്ഞി മുഹമ്മദ് സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി. ദഅ്വാ രംഗത്ത് ശ്രദ്ധയൂന്നിയ 'സി' പ്രമാണങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് സഹോദര സമുദായങ്ങളുമായി സംവദിക്കുന്നതില്‍ നിപുണനായിരുന്നു. വശ്യമായ ശൈലിയും ഈ രംഗത്തുള്ള ആഴമേറിയ അറിവും ശ്രദ്ധേയമായിരുന്നു. വിവിധ മതവിശ്വാസങ്ങളെ താരതമ്യം ചെയ്തുകൊണ്ട് അദ്ദേഹം പ്രബോധനത്തില്‍ എഴുതിയ ലേഖനങ്ങള്‍ വൈജ്ഞാനികവും ചിന്തോദ്ദീപകവുമായിരുന്നു. അന്നനാളത്തിന് അര്‍ബുദം ബാധിച്ച് കീമോതെറാപ്പി ചികിത്സയുമായി കഴിഞ്ഞ് കൂടുമ്പോള്‍ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ അദ്ദേഹം പറഞ്ഞു "ഭക്ഷണം എന്നോ മുടങ്ങി, സാരമില്ല. ഇപ്പോള്‍ കുടിവെള്ളവും മുട്ടി, അതും പ്രശ്നമല്ല. ഇത്രയും വെള്ളമിറങ്ങാത്തവര്‍ അനവധിയുണ്ട്. പ്രബോധനത്തിലേക്ക് തയാറാക്കിക്കൊണ്ടിരിക്കുന്ന ലേഖനം പൂര്‍ത്തീകരിക്കാനാകില്ലേ എന്നതാണ് പ്രശ്നം.'' പ്രസ്തുത ലേഖനം വിറക്കുന്ന കൈകള്‍ എഴുതിതീര്‍ക്കുകയും വെളിച്ചം കാണുകയും ചെയ്തെങ്കിലും പുതിയ ഒന്ന് അണിയറയില്‍ അപൂര്‍ണതയില്‍ അവസാനിക്കുകയുണ്ടായി. മലപ്പുറം വെസ്റ് ജില്ലാ ദഅ്വാ സെല്‍ കണ്‍വീനറായിരുന്നു.
ഇടപഴകുന്ന ആരെയും വശീകരിക്കുന്നതായിരുന്നു ആ വ്യക്തിത്വം. ഭാര്യയും ആറ് പെണ്‍മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
ഇ.വി അബ്ദുസ്സലാം

ഹസൈനാര്‍
കുഞ്ഞിക്കച്ചേരി വളപ്പില്‍ ഹസൈനാര്‍, എളയാവൂര്‍ നിര്യാതനായി. രാവിലെ തന്നെ ഒരു സഞ്ചിയുമായി പുറത്തിറങ്ങുന്ന ഹസൈനാര്‍ സാഹിബ് വളരെ വ്യത്യസ്തമായ പ്രവര്‍ത്തന ശൈലിക്കുടമയായിരുന്നു. ഇസ്ലാമിക സാഹിത്യങ്ങളായിരിക്കും സഞ്ചിയില്‍. ജീവിതത്തിന്റെ വ്യത്യസ്ത രംഗത്തുള്ളവരുമായി ബന്ധപ്പെട്ട് സംസാരിക്കും, പുസ്തകം കൊടുക്കും. പ്രസ്ഥാനത്തിന്റെ ഏത് പരിപാടിയിലും അദ്ദേഹം പങ്കെടുക്കുമായിരുന്നു
എന്‍.എം അബ്ദുല്ല ആലുവ

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം