Prabodhanm Weekly

Pages

Search

2012 ഫെബ്രുവരി 25

വാര്‍ത്തകള്‍ വിശേഷങ്ങള്‍

മൂസക്കുട്ടി വെട്ടിക്കാട്ടിരി

സെനഗലിലും 'അറബ് വസന്തം'

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ സെനഗലില്‍ പ്രസിഡന്റ് അബ്ദുല്ല വാദ് മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദേശം സമര്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഭരണകൂടത്തിനെതിരെ വ്യാപകമായ പ്രക്ഷോഭങ്ങള്‍ നടന്നുവരികയാണ്. അബ്ദുല്ല വാദിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ യുവാക്കള്‍ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് തീവെക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. തലസ്ഥാന നഗരമായ ദക്കാറിലും മറ്റു പ്രമുഖ നഗരങ്ങളിലും ദേശീയ പാതകള്‍ ഉപരോധിച്ചു. രാജ്യത്തെ ബുദ്ധിജീവികളും കലാകാരന്മാരുമടക്കം പൊതുജനങ്ങളുടെ പിന്തുണ ഇതിനകം തന്നെ പ്രക്ഷോഭകാരികള്‍ നേടിക്കഴിഞ്ഞതായി സെനഗല്‍ പ്രതിപക്ഷ കക്ഷികള്‍ വ്യക്തമാക്കി. 'അറബ് സമൂഹത്തില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് പ്രക്ഷോഭം നയിക്കുന്നതെന്ന്' പ്രക്ഷോഭകാരികള്‍ പറഞ്ഞു.
സെനഗലില്‍ അറബി ഭാഷ പ്രചാരം നേടിയത് അറബ് ലോകത്തെ ദൃശ്യമാധ്യമങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് സെനഗല്‍ യുവാക്കളില്‍ നേടിക്കൊടുത്തത്. അറബ് സംസ്‌കാരത്തിന്റെ സ്വാധീനം ഇതര മുസ്‌ലിം ഭൂരിപക്ഷ ആഫ്രിക്കന്‍ നാടുകളിലേക്കും അതിവേഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യത ഏറെയാണ്. മൂന്നാമതൊരു തവണ കൂടി അധികാരത്തില്‍ തുടരാനാണ് പ്രസിഡന്റ് അബ്ദുല്ല വാദിന്റെ തീരുമാനമെങ്കില്‍ അതിനെതിരെ എല്ലാ വിഭാഗങ്ങളെയും അണിനിരത്തി പ്രതിരോധം തീര്‍ക്കുമെന്ന് സെനഗലിലെ പ്രതിപക്ഷ കക്ഷികളുടെ നേതാക്കള്‍ പറഞ്ഞു. സെനഗല്‍ പുതുക്കിയ ഭരണഘടനയനുസരിച്ച് രണ്ട്പ്രാവശ്യം മാത്രമേ ഒരാള്‍ക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പാടുള്ളൂ. അഞ്ചുവര്‍ഷമാണ് ഭരണകൂടത്തിന്റെ കാലാവധി. സെനഗലില്‍ വീശിത്തുടങ്ങിയ കാറ്റ് മറ്റു ആഫ്രിക്കന്‍ നാടുകളിലേക്കും വ്യാപിക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
ഒന്നരക്കോടിയോളംവരുന്ന സെനഗല്‍ ജനസംഖ്യയില്‍ ഭൂരിപക്ഷം (90 ശതമാനം) മുസ്‌ലിംകളാണ്. ഇസ്‌ലാമാണ് ഔദ്യോഗിക മതമെങ്കിലും കോളനി രാഷ്ട്രമായിരുന്ന സെനഗല്‍ ഫ്രഞ്ച് അധിനിവേശ സംസ്‌കാരത്തില്‍നിന്ന് ഇനിയും പൂര്‍ണമായി മുക്തി നേടിയിട്ടില്ല. പരിമിതമായ ജനാധിപത്യ ഭരണരീതിയും സ്വതന്ത്ര ജൂഡീഷ്യറിയും രാജ്യത്ത് നിലനില്‍ക്കുന്നു.


ഫോട്ടോഗ്രഫിക്കുള്ള ഒന്നാം സമ്മാനവും 'അറബ് വസന്ത'ത്തിന്!
നീതി നിഷേധിക്കപ്പെട്ട ഒരു ജനതയുടെ സമര പോരാട്ടങ്ങള്‍ 'അറബ് വസന്ത'മായി ലോകത്ത് മാധ്യമ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രക്ഷോഭകാരികളും പട്ടാളവും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന രണഭൂമികളില്‍ കാമറകളുമായിറങ്ങിയ അനേകം മാധ്യമ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ ജീവന്‍ ബലിനല്‍കേണ്ടിവന്നിട്ടുണ്ട്. അത്തരമൊരു സമരഭൂമിയില്‍നിന്ന് കരളലയിപ്പിക്കുന്ന രംഗം ഒപ്പിയെടുത്ത ഒരു മാധ്യമ പ്രവര്‍ത്തകനെ തേടിയെത്തിയത് പ്രസ് ഫോട്ടോഗ്രഫിക്കുള്ള ലോകത്തെ ഏറ്റവും വലിയ ബഹുമതി.
കഴിഞ്ഞ ഒക്‌ടോബറില്‍ യമനില്‍ അലി സാലിഹിനെ പുറത്താക്കാനുള്ള ബഹുജന പ്രക്ഷോഭത്തിനിടെ പര്‍ദാധാരിണിയായ ഒരു സ്ത്രീ മുറിവേറ്റ തന്റെ ഉറ്റവനെ തലോടുന്ന ചിത്രത്തിനാണ് സ്പാനിഷ് ഫ്രീലാന്‍സ് ഫോട്ടോ ഗ്രാഫര്‍ സാമുവല്‍ അരാന്റക്ക് ഫോട്ടോഗ്രഫിക്കുള്ള ഏറ്റവും വലിയ ലോക അവാര്‍ഡ് നേടിക്കൊടുത്തത്. ന്യൂയോര്‍ക്ക് ടൈംസിലാണ് ചിത്രം പ്രസിദ്ധീകരിച്ചത്. 'ചിത്രം അറബ് വസന്തത്തെ മൊത്തം ഉള്‍ക്കൊള്ളന്നു'വെന്നാണ് അവാര്‍ഡ് ലഭിച്ച ചിത്രത്തെക്കുറിച്ച് ജഡ്ജിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഭിപ്രായപ്പെട്ടത്. 'ചിത്രത്തില്‍ മുറിവേറ്റ തന്റെ ബന്ധുവിനെ തന്നിലേക്ക് ചേര്‍ത്തിരിക്കുന്ന സ്ത്രീ ആരാണെന്നോ മറ്റോ ഞങ്ങള്‍ക്കറിയില്ല, പക്ഷേ മധ്യപൗരസ്ത്യദേശത്തെ ചരിത്രം മാറ്റിയെഴുതിയ ധീരരായ ഒരു ജനതയുടെ കരുത്ത് അതില്‍ പ്രകടമാണ്' ജൂറി അഭിപ്രായപ്പെട്ടു.

വസ്ത്രധാരണരീതിയല്ല സ്‌പോര്‍ട്‌സില്‍ പ്രധാനം
ശരീരം മറക്കുന്ന വസ്ത്രം ധരിച്ച് വിവിധ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ മത്സരിക്കുന്ന മധ്യപൗരസ്ത്യദേശത്തെ മുസ്‌ലിം പെണ്‍കുട്ടികള്‍ ട്രാക്കിലും ഫീല്‍ഡിലും മുന്നേറുന്നതായി ഖത്തറിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂനിവേഴ്‌സിറ്റി ഈയിടെ പുറത്തുവിട്ട ഒരു ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 'ഹിജാബ്' ധരിച്ച് വിവിധ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ മത്സരിക്കുന്ന മുസ്‌ലിംപെണ്‍കുട്ടികള്‍ ഹിജാബിനെക്കുറിച്ച പാശ്ചാത്യ കുപ്രചാരണങ്ങളെ അതിജീവിച്ചാണ് മത്സരരംഗത്തിറങ്ങുന്നത്. തങ്ങളുടെ വിശ്വാസവും സംസ്‌കാരവും നിലനിര്‍ത്തി സ്‌പോര്‍ട്‌സില്‍ മുന്നേറാനാകുമെന്ന് അവര്‍ തെളിയിച്ചതായും റിപ്പോര്‍ട്ട് പറയുന്നു. ശരീരം മറയുന്ന വസ്ത്രവും ശിരോവസ്ത്രവും അണിഞ്ഞ് സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികളുടെയും അവരുടെ കോച്ചുമാരുടെയും ഇടയില്‍ നടത്തിയ പഠനത്തില്‍ ഇസ്‌ലാമിന്റെ സാംസ്‌കാരികത്തനിമ കാത്തുസൂക്ഷിച്ചുകൊണ്ടുതന്നെ സ്‌പോര്‍ട്‌സില്‍ മുന്നേറാന്‍ കഴിയുമെന്ന് തെളിഞ്ഞതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഒമാനിലെ ടെന്നീസ് താരം ഫാത്വിമ അല്‍നബ്ഹാനി, 2008ല്‍ ബീജിംഗില്‍ നടന്ന ഒളിംബിക്‌സില്‍ 'ഹിജാബ്' ധരിച്ച് മെഡലിലേക്ക് ഓടിക്കയറിയ ബഹ്‌റൈനി ഓട്ടക്കാരി റുഖിയ അല്‍ഗസ്‌റ തുടങ്ങിയവര്‍ ഹിജാബ് ധരിച്ച് സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ പങ്കെടുക്കുന്നവരാണ്. 2008 ലെ ബീജിംഗ് ഒളിംബിക്‌സിലാണ് ഏറ്റവും കൂടുതല്‍ മുസ്‌ലിം താരങ്ങള്‍ 'ഹിജാബ്' ധരിച്ച് മത്സരിക്കാനെത്തിയത്. 6 ഈജിപ്ഷ്യന്‍ താരങ്ങളും 3 ഇറാനിയന്‍ താരങ്ങളും അഫ്ഗാന്‍, യമന്‍ എന്നീ രാജ്യങ്ങളില്‍നിന്നു ഒരോരുത്തര്‍ വീതവും.

വലതുപക്ഷ ജൂതവോട്ടര്‍മാരില്‍ കണ്ണ് നട്ട് സര്‍ക്കോസി
ഫ്രാന്‍സില്‍ രണ്ടാമൂഴത്തിനുള്ള ശ്രമം തുടരുന്ന പ്രസിഡന്റ് നിക്കോളാസ് സാര്‍ക്കോസി അടുത്ത ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാന്‍ തീവ്ര വലതുപക്ഷ പാര്‍ട്ടികളെയും ജൂത വോട്ടര്‍മാരെയും സ്വാധീനിക്കാനുള്ള ശ്രമത്തിലാണ്. ഫ്രാന്‍സിലേക്കുള്ള ഇമിഗ്രേഷന്‍ വ്യവസ്ഥകള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് വാദിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവ് ലി ഫിഗറൊയുമായി (Le Figaro) നടത്തിയ കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിലേക്കുള്ള ഇമിഗ്രേഷന്‍ നിയന്ത്രിക്കുമെന്ന് സര്‍ക്കോസി ഉറപ്പ് നല്‍കിയിരുന്നു. അഭിപ്രായ വോട്ടെടുപ്പില്‍ സാര്‍ക്കോസിയെ പിന്നിലാക്കി മുന്നേറുന്ന ഫ്രാന്‍കോയിസ് ഹോളന്റെയിനെ തളക്കാന്‍ സാര്‍ക്കോസി പല അടവുകളും പുറത്തെടുക്കുന്നുണ്ട്. അഭിപ്രായ സര്‍വേയില്‍ സാര്‍ക്കോസിയേക്കാള്‍ 10 ശതമാനം വിജയസാധ്യത ഫ്രാന്‍കോയിസ് ഹോളന്റിനാണ്.
ജൂത വോട്ടുകളെ സ്വാധീനിക്കാനുള്ള ശ്രമം സാര്‍ക്കോസി നേരത്തെ ആരംഭിച്ചിരുന്നു. ഇസ്രയേല്‍ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും ഫ്രാന്‍സ് തയാറാവുകയില്ലെന്ന് ഇസ്രയേല്‍ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സര്‍ക്കോസി ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.

ഖുദ്‌സിലെ വിദ്യാഭ്യാസ അധിനിവേശത്തിനെതിരെ
അധിനിവിഷ്ട ഖുദ്‌സ് നഗരത്തിലെ ഫലസ്ത്വീന്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളുകളിലെ പാഠപുസ്തകങ്ങളില്‍ കൃത്രിമം കാണിച്ച് ഫലസ്ത്വീന്‍ സംസ്‌കാരം തുടച്ചുനീക്കാനുള്ള ജൂതരാഷ്ട്രത്തിന്റെ പുതിയ ശ്രമവും അവര്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന കുതന്ത്രങ്ങളുടെ ഭാഗം തന്നെയാണ്. ഫലസ്ത്വീന്‍ കരിക്കുലം അവലംബിച്ചു പഠനം നടത്തിവന്നിരുന്ന ഖുദ്‌സ് നഗരസഭയുടെ പരിധിയില്‍പ്പെട്ട സ്‌കൂള്‍ പുസ്തകങ്ങളിലാണ് ജൂതക്കൈയേറ്റം നടക്കുന്നത്. അറബിക്, ഇസ്‌ലാമിക പാഠങ്ങള്‍, ചരിത്രം, ഭൂമിശാസ്ത്രം, ആരോഗ്യം, പരിസ്ഥിതി പഠനം തുടങ്ങി ഗണിത ശാസ്ത്രം വരെയുള്ള പാഠപുസ്തകങ്ങളിലാണ് 'തിരിമറി' നടത്തുന്നത്.
ഇതിനെതിരെ ഫലസ്ത്വീന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. പഠനം ബഹിഷ്‌കരിക്കാനാണ് ഖുദ്‌സിലെ വിദ്യാര്‍ഥികളുടെ തീരുമാനം. 52ഓളം സ്‌കൂളുകളിലായി ലക്ഷക്കണക്കിന് ഫലസ്ത്വീന്‍ വിദ്യാര്‍ഥികളാണ് വളച്ചൊടിച്ച കരിക്കുലം പഠിക്കേണ്ടിവരികയെന്ന് ഫലസ്ത്വീന്‍ അക്കാദമിക രംഗത്തെ പ്രമുഖര്‍ പറഞ്ഞു. പ്രസ്തുത നടപടി ഫലസ്ത്വീന്‍ സംസ്‌കാരത്തെ വികൃതമാക്കാനും ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും വളച്ചൊടിക്കാനുമുള്ള ജൂത ഭരണത്തിന്റെ ബോധപൂര്‍വമായ ശ്രമമാണെന്നും ഖുദ്‌സിലെ മുഴുവന്‍ ഫലസ്ത്വീന്‍ വിദ്യാര്‍ഥികളും പ്രതിഷേധ സൂചകമായി സ്‌കൂളുകള്‍ ബഹിഷ്‌കരിച്ച് സമരം തുടരുമെന്നും കിഴക്കന്‍ ഖുദ്‌സ് സ്‌കൂള്‍ രക്ഷാകര്‍തൃ സമിതി ചെയര്‍മാന്‍ അബ്ദുല്‍ കരീം ലാഫി പറഞ്ഞു.

അമേരിക്ക ഈജിപ്തിനോട് ക്ഷമാപണം നടത്തി
ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ടതിന് അമേരിക്കന്‍ ഭരണകൂടം ഈജിപ്തിനോട് ക്ഷമാപണം നടത്തി. ഈജിപ്തില്‍ പിടിയിലായ മൂന്ന് അമേരിക്കന്‍ പൗരന്മാരുടെ മോചനം അഭ്യര്‍ഥിച്ചുകൊണ്ട് കയ്‌റോയിലെ അമേരിക്കന്‍ അംബാസഡര്‍ ആനി പാറ്റേഴ്‌സണ്‍ ഈജിപ്ത് നീതിന്യായ മന്ത്രാലയത്തിന് കത്തയച്ചതായി പീസ് ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗം ഹസന്‍ അല്‍ബര്‍നിസ് വ്യക്തമാക്കി. രാജ്യത്ത് മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ചില സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന കുറ്റംചുമത്തിയാണ് അധികൃതര്‍ മൂന്ന് അമേരിക്കന്‍ പൗരന്മാരെ ബന്ദികളാക്കിയത്. ഈജിപ്തിലെ ജനകീയ പാര്‍ലമെന്റ് നേതാവ് ഡോ. മുഹമ്മദ് സഅദ് ബന്ദികളുടെ കാര്യത്തില്‍ അമേരിക്കന്‍ അംബാസഡറുടെ ഇടപെടല്‍ നിരസിക്കുകയും സംഭവം ഈജിപ്തിന്റെ പരമാധികാരത്തിനുമേലുള്ള കൈകടത്തലാണെന്ന് വ്യക്തമാക്കുകയും ചെയ്തതതോടെയാണ് ആനി പാറ്റേഴ്‌സണ്‍ മാപ്പ് പറയാന്‍ തയാറായത്.
ഖാലിദ് മിശ്അല്‍ സ്ഥാനമൊഴിയുന്നു
ഫലസ്ത്വീന്‍ ചെറുത്തുനില്‍പ് സംഘടനയായ ഹമാസ് നേതാവ് സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചു. ഖാലിദ് മിശ്അലിന്റെ തീരുമാനം ഹമാസ് കൂടിയാലോചനാ സമിതിയിലും രാഷ്ട്രീയ വൃത്തങ്ങളിലും ഞെട്ടലുണ്ടാക്കി. തീരുമാനം പുനഃപരിശോധിക്കണമെന്ന് ഹമാസ് നേതൃത്വവും ഫലസ്ത്വീന്‍ എഴുത്തുകാരുമടങ്ങുന്ന പ്രമുഖര്‍ അദ്ദേഹത്തില്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. എന്നാല്‍ പുതിയ നേതൃനിരക്ക്‌വേണ്ടി സ്ഥാനം ഒഴിയുകയാണെന്നാണ് മിശ്അല്‍ പ്രതികരിച്ചത്.
1995-ലാണ് ഖാലിദ് മിശ്അല്‍ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫീസ് മേധാവിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ആ സ്ഥാനത്തേക്ക് നാലു തവണയാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

Comments

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം