തര്‍ക്കങ്ങളില്‍ നിന്ന് വഴിമാറിനടത്തങ്ങള്‍ വേണ്ടുന്ന കാലം
മുപ്പത്തിയേഴ് ഏക്കറില്‍ പരന്നുകിടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാരഥ്യവും, അമ്പതോളം കോളേജുകള്‍ അഫിലിയേറ്റു ചെയ്ത 'വാഫീ' കോഴ്സിന്റെ നേതൃത്വവും വഹിക്കുമ്പോഴും വിനയവും സൌമ്യതയും കൈവിടാത്ത പണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമാണ് അബ്ദുല്‍ ഹകീം ഫൈസി ആദൃശേരി. വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി 2009ല്‍ ഇസ്ലാം ഓണ്‍ലൈനും 2012ല്‍ ഇസ്ലാം ഡോട്ട് നെറ്റും അദ്ദേഹത്തിന് 'സ്റാര്‍ ഓഫ് ദ ഇയര്‍' അവാര്‍ഡ് നല്‍കുകയുണ്ടായി.
1957ല്‍ കോട്ടക്കലിനടുത്ത ആദൃശേരിയില്‍ ജനിച്ച അദ്ദേഹം ഫൈസാബാദ് ജാമിഅ നൂരിയയില്‍നിന്ന് 1979ല്‍ 'ഫൈസി' ബിരുദം നേടി. തുടര്‍ന്ന് 10 വര്‍ഷം യു.എ.ഇയിലെ ഇസ്ലാമിക് അഫയേര്‍സ് ആംഡ് ഫോഴ്സില്‍ ജോലി ചെയ്തു. 18 വര്‍ഷമായി വളാഞ്ചേരി കാര്‍ത്തലയിലെ കെ.കെ.എച്ച്.എം ഇസ്ലാമിക് & ആര്‍ട്സ് കോളേജ്- മര്‍കസുത്തര്‍ബിയ്യത്തുല്‍ ഇസ്ലാമിയ്യ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പലാണ്. ഈജിപ്ത്, ലിബിയ, ഖത്തര്‍ എന്നിവിടങ്ങളില്‍ വിവിധ ഇന്റര്‍നാഷ്നല്‍ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തിട്ടുണ്ട്.
1984ല്‍ സ്ഥാപിതമായ 'മര്‍കസുത്തര്‍ബിയ്യത്തില്‍ ഇസ്ലാമിയ്യ'യില്‍ 1997-98ലാണ് അക്കാദമിക പരിഷ്കാരങ്ങള്‍ ആരംഭിച്ചത്. 2000ല്‍ മത ഭൌതിക വിഷയങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള 'വാഫി' കോഴ്സിന് തുടക്കം കുറിച്ചു. 'പ്രതിബദ്ധതയുള്ളവന്‍' എന്ന് അര്‍ഥം വരുന്ന 'വാഫി' ഖുര്‍ആനിലെ സൂറ ആലുഇംറാന്‍ 76-ാം ആയത്ത് അടിസ്ഥാനമാക്കി സ്വീകരിച്ചിട്ടുള്ളതാണ്. 'വാഫിയ്യ' എന്ന പേരില്‍ പെണ്‍കുട്ടികള്‍ക്കും സമാന സ്വഭാവമുള്ള കോഴ്സ് ഉണ്ട്. ജനശ്രദ്ധയാകര്‍ഷിച്ച 'വാഫി' കോഴ്സ് മറ്റു പല സ്ഥാപനങ്ങളും പിന്തുടരാന്‍ തുടങ്ങിയതോടെ അവയെല്ലാം ഒരുമിച്ച് ചേര്‍ത്ത് വ്യവസ്ഥാപിതമായി മുന്നോട്ടു കൊണ്ടുപോകാന്‍ 'കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ്' (ഇകഇ) രൂപീകരിച്ചു. ഹൈദരലി ശിഹാബ് തങ്ങള്‍ റെക്ടറും, അലിഫൈസി ട്രഷററുമായ സി.ഐ.സിയുടെ കോ-ഓര്‍ഡിനേറ്ററാണ് അബ്ദുല്‍ ഹകീം ഫൈസി ആദൃശേരി.
മുസ്ലിം വൈജ്ഞാനിക പാരമ്പര്യവും പുതിയ വിദ്യാഭ്യാസ പരിഷ്കാരവും ചര്‍ച്ചയായ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
കേരളത്തിലെ മതപഠന സമ്പ്രദായത്തെ ചരിത്രപരമായി വിലയിരുത്തുമ്പോള്‍, അതിന്റെ മേന്മയും ന്യൂനതകളും എന്തൊക്കെയാണ്?
കേരളത്തിലെ മതപഠനം പൊതുവെ രണ്ട് ധാരയിലൂടെയാണ് മുമ്പോട്ട് പോയിട്ടുള്ളത്. ഒന്ന്, പൊന്നാനി രീതി. രണ്ട്, വടക്കേ ഇന്ത്യയില്‍നിന്ന് വന്നിട്ടുള്ള നിളാമിയ രീതി. നമ്മുടെ അറബിക് കോളേജുകളും പള്ളിദര്‍സുകളും പൊതുവെ പിന്തുടരുന്നത് നിളാമിയ രീതിയാണ്. ബുദ്ധി ശാസ്ത്രങ്ങള്‍ക്കാണ് (മഅ്ഖൂലാത്ത്) അതില്‍ മുഖ്യ പരിഗണന നല്‍കുന്നത്.
എന്നാല്‍ പൊന്നാനി രീതിയില്‍ ബുദ്ധിശാസ്ത്രങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ല. അതില്‍ തസ്കിയ്യത്തിനാണ് ഊന്നല്‍. ഇര്‍ഷാദ്-മുര്‍ശിദ് പോലുള്ള കിതാബുകള്‍ ഇതിന്റെ ഭാഗമായിരുന്നു. നഹ്വ്, സ്വര്‍ഫ്, ഫിഖ്ഹ് തുടങ്ങിയവയാണ് ഈ രീതിയില്‍ പൊതുവെ പാഠ്യവിഷയങ്ങള്‍. ഹദീസ് പഠനത്തിന് വലിയ പ്രാമുഖ്യം നല്‍കിയില്ല. ഹദീസ്പഠനം ആശയക്കുഴപ്പം സൃഷ്ടിക്കാം എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ മാറ്റിവെക്കുകയാണുണ്ടായത്. എന്നാല്‍ ഖുര്‍ആനും അതിനാവശ്യമായ ഭാഷാസാഹിത്യവും പഠിപ്പിക്കപ്പെടുകയുണ്ടായി.
വടക്കേ ഇന്ത്യയില്‍ നിലനിന്നിരുന്നത് മുല്ലാ നിളാമുദ്ദീന്‍ ആവിഷ്കരിച്ച രീതിയായിരുന്നു. അവിടെ പോയി പഠിച്ചുവന്നവര്‍ വഴി കേരളത്തിലേക്ക് നിളാമിയ രീതി കടന്നുവന്നു. അപ്രഖ്യാപിതമായ ഒരു മാറ്റുരക്കല്‍ രണ്ട് രീതികളും തമ്മില്‍ ഒരു ഘട്ടത്തില്‍ ഇവിടെ നടന്നിട്ടുണ്ട്. എന്നാല്‍ അധികം വൈകാതെ രണ്ട് രീതികളും സമരസപ്പെട്ടും സമന്വയിച്ചും മുന്നോട്ടു പോവുകയാണുണ്ടായത്. പൊന്നാനി രീതി ഏതാണ്ട് അവസാനിക്കുകയും നിളാമിയ രീതി മേല്‍ക്കൈ നേടുകയും ചെയ്തു. നമ്മള്‍ പിന്തുടരുന്നത് ഏതാണ്ട് നിളാമിയ രീതിയാണ്. പേര്‍ഷ്യയിലും മറ്റു നിലവിലുണ്ടായിരുന്ന രീതിയാണ് മുല്ലാ നിളാമുദ്ദീന്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഹദീസുകള്‍ക്ക് പ്രാമുഖ്യം നല്‍കിയ ശാഹ്വലിയുല്ലാഹിദ്ദഹ്ലവിയുടെ രീതിയും ഇവിടെയുണ്ടായിരുന്നുവെങ്കിലും അതിന് സ്വാധീനം നേടാനായില്ല. ദാറുല്‍ ഉലൂം ദയൂബന്ദും മറ്റും പിന്തുടരുന്നത് ശാഹ്വലിയുല്ലാഹിയുടെ രീതിയാണ്. അവിടെ ബുദ്ധിശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്നുണ്ടെങ്കിലും ഹദീസിനാണ് പ്രാമുഖ്യം. വാഫീ സിലബസിലും ഹദീസ് പ്രാധാന്യപൂര്‍വം പഠിപ്പിക്കുന്നുണ്ട്.
ഫിഖ്ഹില്‍ ധാരാളം പുതിയ ഗവേഷണങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്. 'ഫിഖ്ഹുല്‍ അഖല്ലിയാത്ത്' ഉദാഹരണം. വര്‍ത്തമാനകാലത്തെ അനേകം പുതിയ പ്രശ്നങ്ങളും ഫിഖ്ഹ് അഭിമുഖീകരിക്കുന്നു. ഇതിനെ നമുക്ക് എങ്ങനെയാണ് സമീപിക്കാനാവുക?
ഫിഖ്ഹിലെ പുതിയ ചര്‍ച്ചകളും അന്വേഷണ പഠനങ്ങളും ഒരു യാഥാര്‍ഥ്യമാണ്. പുതിയ നിരവധി കര്‍മശാസ്ത്ര പ്രശ്നങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്, അവയ്ക്ക് പരിഹാരങ്ങളും ഉണ്ടാവേണ്ടതുണ്ട്. ഇതിനോടുള്ള പണ്ഡിതന്മാരുടെ സമീപനരീതിയിലാണ് പ്രശ്നങ്ങളുള്ളത്. കര്‍മശാസ്ത്രത്തിലെ മിക്ക നൂതന പ്രശ്നങ്ങള്‍ക്കും പാരമ്പര്യ ഫിഖ്ഹിലൂടെ (ഫിഖ്ഹുത്തുറാസ്) പരിഹാരം കാണാന്‍ കഴിയും എന്നാണ് എന്റെ അഭിപ്രായം. പൌരാണിക ഗ്രന്ഥങ്ങളിലെ മര്‍മങ്ങള്‍ മനസ്സിലാക്കുകയും അവയില്‍ ഊന്നിനിന്ന് പുതിയ വിഷയങ്ങളെ സമീപിക്കുകയും ചെയ്യണം.
'വാഫീ' സിലബസില്‍ പി.ജി തലത്തില്‍ ഉസൂലുല്‍ ഫിഖ്ഹാണ് ഊന്നിപ്പഠിപ്പിക്കുന്നത്. ഫിഖ്ഹിന്റെ മര്‍മം ശരിയായ വിധത്തില്‍ ഗ്രഹിക്കുകയാണിതിന്റെ ലക്ഷ്യം. അടിസ്ഥാനങ്ങള്‍ കൃത്യമായി മനസ്സിലായാല്‍ അവയിലൂന്നി പുതിയ പ്രശ്നങ്ങളെ സമീപിക്കാന്‍ കഴിയും. യഥാര്‍ഥത്തില്‍ ഫിഖ്ഹിന്റെ ബെയ്സുകള്‍ ആഴത്തില്‍ അറിയുന്നവര്‍ ഇന്ന് കുറവാണ്.
പൌരാണിക ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കാത്ത നിരവധി പുതിയ പ്രശ്നങ്ങള്‍ ഉണ്ടല്ലോ?
പുതിയ ചില പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം 'കുതുബുത്തുറാസി'ല്‍ ഒറ്റനോട്ടത്തില്‍ കണ്ടില്ലെന്നു വരാം. അത്തരം സന്ദര്‍ഭങ്ങളില്‍ ആ വിഷയങ്ങളെ എങ്ങനെ സമീപിക്കണം എന്ന് പൌരാണികരായ കര്‍മശാസ്ത്ര പണ്ഡിതര്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. 'ശറഹുല്‍ മുഹദ്ദബി'ലും മറ്റും ഇത് വിശദീകരിച്ചതു കാണാം. ആ രീതികളൊക്കെ നമുക്കു മുമ്പിലുണ്ട്.
ഇജ്തിഹാദിനെ പല കാറ്റഗറികളായി തിരിച്ചുകൊണ്ട് വിഷയങ്ങളെ സമീപിക്കുന്നതിനെക്കുറിച്ചാണ് 'ശറഹുല്‍ മുഹദ്ദബ്' പറയുന്നത്. മുജ്തഹിദ് മുത്ലഖ്, മുജ്തഹിദുല്‍ ഫത്വ, മുജ്തഹിദുല്‍ മദ്ഹബ് തുടങ്ങിയ കാറ്റഗറികളിലുള്ള പണ്ഡിതന്മാരില്ലെങ്കില്‍, ലിഖിതമായ ഫിഖ്ഹീഗ്രന്ഥങ്ങള്‍ മുന്നില്‍വെച്ച് മാനദണ്ഡങ്ങളും സമാനതകളും വഴി പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുന്ന രീതിയാണ് 'ശറഹുല്‍ മുഹദ്ദബ്' നിര്‍ദേശിക്കുന്നത്. ഇങ്ങനെ പരിഹാരം കണ്ടെത്താന്‍ കഴിയാത്ത പ്രശ്നങ്ങള്‍ ഉണ്ടാവുക അകലെയാണെന്നാണ് ഇമാമുല്‍ ഹറമൈനിയെ(റ) ഉദ്ധരിച്ചു നവവി(റ) പറയുന്നത്. നമുക്കിന്നിത് പുതുമയായി തോന്നാം. കാരണം നമുക്ക് പരമ്പരാഗത ഫിഖ്ഹിനെ സമീപിക്കാനറിയില്ല. തര്‍ക്കിക്കാനേ അറിയൂ. പെരുത്തുപറയേണ്ട കാര്യമാണിത്.
'ന്യൂനപക്ഷ ഫിഖ്ഹി'നെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. അതില്‍ നാം എങ്ങനെയാണ് മുന്നോട്ടു പോകേണ്ടത്?
മുസ്ലിംകള്‍ ന്യൂനപക്ഷമായ രാജ്യങ്ങളില്‍ നേരിടേണ്ടിവരുന്ന കര്‍മശാസ്ത്ര പ്രശ്നങ്ങളാണ് ഫിഖ്ഹുല്‍ അഖല്ലിയ്യാത്ത്. 'ശരീഅ ഫാക്കല്‍റ്റി'യില്‍ ഞങ്ങള്‍ 'ഫിഖ്ഹുല്‍ അഖല്ലിയ' പ്രത്യേകം പഠിപ്പിക്കുന്നുണ്ട്. യൂറോപ്പ്, അമേരിക്ക, ഇന്ത്യ തുടങ്ങി മുസ്ലിംകള്‍ ന്യൂനപക്ഷമായ നാടുകളിലൊക്കെ പല കര്‍മശാസ്ത്ര പ്രശ്നങ്ങളുമുണ്ട്. പൌരാണിക ഫിഖ്ഹീ ഗ്രന്ഥങ്ങളില്‍ അവയ്ക്ക് പ്രത്യക്ഷത്തില്‍ പരിഹാരം കാണാന്‍ കഴിയുന്നില്ലെങ്കിലും പരിഹാരങ്ങള്‍ അവയില്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. അവ കണ്ടെത്തി വികസിപ്പിച്ചെടുക്കണം. അതിന് ഫിഖ്ഹിന്റെ, വിശേഷിച്ചും ഉസൂലുല്‍ ഫിഖ്ഹിന്റെ പുനര്‍വായന നടക്കണം. ഇമാം ശാഫിഈയുടെ പ്രമുഖ ഗ്രന്ഥമാണ് 'അര്‍രിസാല' . അദ്ദേഹത്തിന്റെ ശിഷ്യനായ മുസ്നി(റ) പറഞ്ഞത്, 'ഞാന്‍ 500 തവണ രിസാല വായിച്ചിട്ടുണ്ട്. ഓരോ തവണ വായിക്കുമ്പോഴും എനിക്ക് പുതിയ അറിവുകളും ഉള്‍ക്കാഴ്ചയും ലഭിക്കുകയുണ്ടായി' എന്നാണ്. ഈ പാരമ്പര്യം എന്തുകൊണ്ട് നമുക്ക് പിന്തുടര്‍ന്നുകൂടാ?
പക്ഷേ, ഇന്ന് മതവൃത്തത്തില്‍ നടക്കുന്നത് അനാരോഗ്യകരമായ തര്‍ക്കവിതര്‍ക്കങ്ങളല്ലേ?
ഇന്ന് നമുക്കിടയില്‍ നടക്കുന്ന പല ചര്‍ച്ചകളും തര്‍ക്കങ്ങളും മഹാന്മാരായ പഴയ പണ്ഡിതന്മാര്‍ പരിഗണിച്ചിട്ടേ ഉണ്ടാകില്ല. അവര്‍ വളരെ സ്വതന്ത്രമായി, ഇസ്ലാമിനെ അതിന്റെ സ്രോതസ്സുകളില്‍നിന്ന് മനസിലാക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രമാണങ്ങളുടെ വ്യാഖ്യാന വൈവിധ്യങ്ങളെ അവര്‍ ധാരാളമായി കണ്ടെത്തിയിട്ടുണ്ട്. അത് ഇനിയും നാം മനസിലാക്കി കഴിഞ്ഞിട്ടില്ല.
കേരളീയ മുസ്ലിം സമൂഹത്തിലെ പണ്ഡിതന്മാരില്‍ പലരും കഴിവുറ്റവരാണ്. പക്ഷേ, നമുക്ക് പറ്റിയ തെറ്റ്, നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ ലക്ഷണക്കേട്, മതത്തിന്റെ പേരില്‍ തര്‍ക്കിക്കാന്‍ തുടങ്ങി എന്നതാണ്. ഞാനും നിങ്ങളും തര്‍ക്കിക്കാനിരുന്നാല്‍ ചിലപ്പോള്‍ സത്യം വിസ്മരിക്കപ്പെടും. കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കുകയും വീണ്ടും വീണ്ടും ശരി കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന രീതി ഇന്ന് പണ്ഡിതന്മാര്‍ക്കിടയില്‍ ഇല്ലാതാവുകയാണ്. മുസ്ലിം സമുദായത്തില്‍ ഇന്ന് കാണുന്ന തര്‍ക്കവിതര്‍ക്കങ്ങള്‍, ആരുണ്ടാക്കി, എന്തിനുണ്ടായി എന്നത് വലിയൊരു പ്രശ്നമാണ്.
സകാത്ത് വിതരണത്തിന്റെ ക്രിയാത്മക രീതികളെക്കുറിച്ച് പൌരാണിക ഫിഖ്ഹില്‍ ഊന്നിനിന്നുകൊണ്ടുള്ള ചര്‍ച്ച നടക്കേണ്ടതല്ലേ....?
ഇന്നത്തെ സകാത്ത് വിതരണ രീതിയില്‍ ചില അപാകതകളുണ്ട്. മുസ്ലിം സമൂഹത്തില്‍നിന്ന് സകാത്ത് ഇനത്തില്‍ കോടിക്കണക്കിന് രൂപ വിതരണം ചെയ്യപ്പെടുന്നുണ്ട്. പക്ഷേ, ആവശ്യക്കാരുടെ പ്രശ്നങ്ങള്‍ പരിഹാരമില്ലാതെ തുടരുക തന്നെയാണ്. സകാത്ത് കൊണ്ട് ലഭിക്കേണ്ട സാമൂഹിക-സാമ്പത്തിക ഗുണങ്ങള്‍ അതിന്റെ അവകാശികള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. വിതരണ രീതിയിലെ അശാസ്ത്രീയതയാണിതിന് കാരണം. ആസൂത്രിതവും വ്യവസ്ഥാപിതവുമായ സംവിധാനം സകാത്ത് വിതരണത്തിന് ഉണ്ടാകണം. സകാത്ത് ശേഖരണ വിതരണം കാര്യക്ഷമമായി നടന്നാല്‍ ദാരിദ്യ്ര നിര്‍മാര്‍ജനത്തില്‍ നമുക്ക് ഏറെ മുന്നോട്ടുപോകാന്‍ കഴിയും.
ഇസ്ലാമിക കര്‍മശാസ്ത്രം മൂന്നുതരം സകാത്ത് വിതരണ രീതികള്‍ പരിചയപ്പെടുത്തുന്നുണ്ട്. ഒന്ന്, ഭരണകൂടം സകാത്ത് ശേഖരിച്ച് വിതരണം ചെയ്യുക. രണ്ട്, സ്വന്തമായി അവകാശികള്‍ക്ക് എത്തിക്കുക. മൂന്ന്, അവകാശികള്‍ക്ക് നല്‍കാന്‍ മറ്റൊരാളെ ചുമതല(വക്കാലത്ത്) ഏല്‍പിക്കുക. ഇസ്ലാമിക ഭരണം നിലവിലില്ലാത്ത ഇന്ത്യന്‍ സാഹചര്യത്തില്‍ സകാത്തിന്റെ വ്യവസ്ഥാപിത വിതരണം എങ്ങനെ സാധ്യമാകും എന്ന പ്രശ്നത്തിന് പൌരാണിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളുടെ (ഫിഖ്ഹുത്തുറാസ്) അടിസ്ഥാനത്തില്‍ തന്നെ പരിഹാരം കാണേണ്ടതാണ്. ആ നിലക്കുള്ള ഗൌരവപ്പെട്ട ഒരു ചര്‍ച്ച 2011 ഒക്ടോബറില്‍, 'വാഫി' സ്ഥാപനങ്ങളിലെ കര്‍മശാസ്ത്ര അധ്യാപകരും വിദ്യാര്‍ഥികളും നടത്തുകയുണ്ടായി. പഴയ ഫിഖ്ഹീ ഗ്രന്ഥങ്ങളിലെ സകാത്ത് ചര്‍ച്ചകള്‍ ആഴത്തില്‍ പഠിച്ച്, പുതിയ കാലത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം അന്വേഷിക്കുകയായിരുന്നു രീതി. വിദ്യാര്‍ഥികള്‍ വിഷയം പഠിക്കുകയും കണ്ടെത്തിയ കാര്യങ്ങള്‍ വിദഗ്ധരായ അധ്യാപകരുടെ മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്തു. ഇന്ന് സാര്‍വത്രികമായ മഹല്ലു സംവിധാനത്തിന്റെ സാധ്യതകള്‍, സകാത്ത് വിതരണം കാര്യക്ഷമമാക്കുന്നതില്‍ മഹല്ലിന്റെ പങ്ക്, ഖാദിയുടെ അധികാരങ്ങള്‍- ഉത്തരവാദിത്തങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം ആഴമുള്ള ചര്‍ച്ചകള്‍ നടന്നു.
ഇന്ന് സകാത്ത് ശേഖരണ-വിതരണത്തിന് ഇസ്ലാമിക ഗവണ്‍മെന്റ് എന്ന സംവിധാനം നമ്മുടെ നാട്ടില്‍ നിലവിലില്ലാത്തതിനാല്‍ കമ്മിറ്റിയെ ഏല്‍പിക്കണോ, മഹല്ല് ഖാദിയെ ഏല്‍പിക്കണോ, ഒറ്റക്കൊറ്റക്ക് കൊടുക്കണോ തുടങ്ങിയ തര്‍ക്കങ്ങള്‍ നടക്കുന്നു. സകാത്ത് ഫലപ്രദമായി വിതരണം ചെയ്യണം എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. എങ്കില്‍ ഈ വിഷയത്തിലെ അനാവശ്യ തര്‍ക്കങ്ങള്‍ മാറ്റിവെച്ച് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണം. ഒരു പ്രദേശത്തെ മൂന്നോ നാലോ ആളുകള്‍ക്ക് തോന്നുന്ന അഭിപ്രായം എടുത്തുചാടി നടപ്പിലാക്കുന്നതിന് പകരം, കമ്മിറ്റികള്‍ ഉണ്ടാക്കി ഭിന്നിച്ചു പോകുന്നതിനു പകരം മറ്റുള്ളവരെ വിശ്വാസത്തിലെടുത്തും എല്ലാവരുമായും കൂടിയാലോചിച്ചും പണ്ഡിതന്മാരുടെ നേതൃത്വം അംഗീകരിച്ചും വിഷയത്തെ സമീപിക്കണം. മഹല്ല് സംവിധാനത്തെ അതിന് ഉപയോഗപ്പെടുത്തണം. നാം ഒരൊറ്റ ഉമ്മത്താണ്, ഒന്നിച്ചു നില്‍ക്കേണ്ടവരാണ്. മറ്റുള്ളവര്‍ പറയുന്നത് ശരിയാകട്ടെ, തെറ്റാകട്ടെ, അവരുടെ അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കാന്‍ എല്ലാവരും വിശാലത കാണിക്കണം. അഭിപ്രായ ഭിന്നതകള്‍ കൂടിയിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കണം.
എല്ലാ മഹല്ലുകള്‍ക്കും ഖാദിമാരുണ്ട്. എല്ലാവരും ഖാദി സംവിധാനത്തെ അംഗീകരിക്കുന്നുമുണ്ട്. ഖാദി കേവലം ഒരു വ്യക്തിയല്ല, അദ്ദേഹത്തിന് ഒരു ശൂറ-കൂടിയാലോചനാ സംവിധാനം- ഉണ്ടാകാം. ഈ സംവിധാനം സകാത്ത് വിതരണത്തിന് ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് നാം ഗൌരവത്തില്‍ ചിന്തിക്കണം. പഴയ കിതാബുകളുടെ, മദ്ഹബുകളുടെ പിന്‍ബലവും ഇതിനുണ്ട്. പാരമ്പര്യരീതിയില്‍ ചിന്തിക്കുന്ന പ്രമുഖരായ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ തന്നെ ഇത് നടപ്പിലാക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. അപ്പോള്‍ ഉമ്മത്തില്‍ പ്രശ്നങ്ങള്‍ കുറയും. പ്രശ്നങ്ങള്‍ പെരുപ്പിക്കാനല്ല, ലഘൂകരിക്കാനാണ് നാം ശ്രമിക്കേണ്ടത്.
ആ നിലക്ക് ചിന്തിക്കുമ്പോള്‍ മുസ്ലിം ലോകത്തിന്റെ ഇന്നത്തെ അവസ്ഥയെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു?
മുസ്ലിം സമൂഹത്തിന്റെ ചരിത്രത്തില്‍ എവിടെയോ എന്തൊക്കെയോ കാര്യമായ അപാകതകള്‍ സംഭവിച്ചിട്ടുണ്ട്. മുസ്ലിം സ്പെയിനിന്റെ മഹത്തായ ചരിത്രം നമുക്കറിയാം. സ്പെയിന്‍ എങ്ങനെയാണ് മുസ്ലിം സമൂഹത്തിന്റെ കൈയില്‍ വന്നത്? എന്തുകൊണ്ട് സ്പെയിനിന്റെ വൈജ്ഞാനിക നാഗരിക വളര്‍ച്ചക്ക് മുസ്ലിം ലോകത്ത് തുടര്‍ച്ചയുണ്ടായില്ല? ആ മഹത്തായ ചരിത്രത്തിന്റെ തുടര്‍ച്ച നഷ്ടപ്പെടുത്തിയത് അതീവ ഗുരുതരമായ കുറ്റമാണ്.
'ന്റുപ്പാപ്പാക്ക് ഒരാനണ്ടാര്‍ന്നു' എന്ന സ്വഭാവത്തില്‍ പഴയത് പറഞ്ഞുകൊണ്ടിരിക്കുന്നതില്‍ അര്‍ഥമില്ല. പുതിയത് നേടാനാണ്, വളരാനാണ് നാം ശ്രമിക്കേണ്ടത്. മുസ്ലിം സമൂഹം മറ്റുള്ളവരെ കുറ്റം പറഞ്ഞുകൊണ്ടിരിക്കുന്നതും അവസാനിപ്പിക്കണം. അമേരിക്കയും യൂറോപ്പും വളര്‍ന്നത് അല്ലാഹു അവര്‍ക്ക് പ്രത്യേകിച്ച് എന്തെങ്കിലും ഇറക്കിക്കൊടുത്തതുകൊണ്ടല്ല. അല്ലാഹു നല്‍കിയ ബുദ്ധിയും അറിവും ഉപയോഗപ്പെടുത്തുകയാണവര്‍ ചെയ്തത്. നാം നമ്മുടെ കഴിവുകള്‍ ഗുണപരമായി ഉപയോഗിച്ച് വളരാന്‍ ശ്രമിക്കാതെ അവരെ ആക്ഷേപിച്ചു കൊണ്ടിരിക്കുന്നതില്‍ അര്‍ഥമില്ല. 'എതിര്‍ക്കുക' എന്നത് നമ്മുടെ പ്രവര്‍ത്തനത്തിന്റെ പ്രധാന മുഖമാകരുതെന്നാണ് എന്റെ അഭിപ്രായം.
ഈജിപ്തിലെ അല്‍ബറാദഈയെപോലെ മുസ്ലിം സമുദായത്തിലെ പലരെയും അസ്വീകാര്യരായി മാറ്റി നിര്‍ത്തേണ്ടിവരുന്നു. യഥാര്‍ഥത്തില്‍ അങ്ങനെയുള്ള പലരും എങ്ങനെ നമുക്ക് അനഭിമതരായി മാറി എന്നും ആലോചിക്കേണ്ടതാണ്. മുസ്ലിം സമുദായത്തില്‍ ജനിച്ചു, ഇസ്ലാമികാന്തരീക്ഷത്തില്‍ വളര്‍ന്ന പലപ്രമുഖരും പിന്നീട് മറ്റൊരു അവസ്ഥയിലേക്ക് മാറുന്നത് എന്തുകൊണ്ടാണ്? മുസ്ലിം സമൂഹത്തില്‍ പിറന്നവര്‍ ജനിക്കുമ്പോഴേ അമേരിക്കന്‍ അനുകൂലികളല്ലല്ലോ. പിന്നീടവര്‍ അങ്ങനെ ആയിത്തീരുന്നുവെങ്കില്‍, നമ്മുടെ മോള്‍ഡിംഗില്‍ ചില പിഴവുകളുണ്ടെന്നാണര്‍ഥം. തലമുറകളെ വളര്‍ത്തുന്നിടത്ത് നാം ഇനിയും ക്രിയാത്മക സമീപനം കൈക്കൊള്ളേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
(തുടരും)
Comments