താരിഖ് റമദാന്‍: ദബാശിയുടെ വിമര്‍ശനങ്ങള്‍
താരിഖ് റമദാനെക്കുറിച്ച് വി.എ കബീര്‍ എഴുതിയ ലേഖനം(ലക്കം: 28-30) വായിച്ചു. നമ്മള്‍ പരിചയിച്ചിരുന്ന അറബ്/ഇന്ത്യന്‍/നോര്‍ത്ത് ആഫ്രിക്കന്‍ ഇസ്‌ലാമിക ബുദ്ധിജീവികളില്‍ നിന്ന് വിഭിന്നമായി 1980-കള്‍ക്ക് ശേഷം ഉയര്‍ന്നുവരുന്ന കുടിയേറ്റ (വിശിഷ്യ ആഫ്രോ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് വിവിധ കാരണങ്ങളാല്‍ വെസ്റ്റ് എന്ന് വിളിക്കുന്ന യുറോ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് പോയ) മുസ്‌ലിം സമൂഹങ്ങളില്‍ നിന്നുള്ള ബുദ്ധിജീവികളില്‍ പ്രമുഖ സ്ഥാനം തന്നെയാണ് താരിഖ് റമദാനുള്ളത്. താരിഖ് റമദാനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളുടെ കേന്ദ്രം എന്നത് ലേഖകന്‍ ചൂണ്ടിക്കാണിച്ചത് പോലെ ഇസ്‌ലാമും വെസ്റ്റും തമ്മിലുള്ള ബന്ധത്തിന്റെ പ്രശ്‌നങ്ങളാണ്. സാംസ്‌കാരിക സ്വത്വത്തിന്റെ പ്രശ്‌നം മുതല്‍ ഇസ്‌ലാമിക പീനല്‍ കോഡിന്റെ മുന്‍ഗണനകളില്‍ വരേണ്ട മാറ്റം വരെ താരിഖ് റമദാന്‍ ചര്‍ച്ച ചെയ്യുന്നതായി കാണാം.
രണ്ടു തരത്തിലുള്ള പ്രശ്‌നം താരിഖ് റമദാന്‍ അനുഭവിക്കുന്നുണ്ട്. ഒന്ന്, ഇസ്‌ലാമിക ഫിഖ്ഹ്, ഖുര്‍ആന്‍, ഹദീസ് തുടങ്ങിയ പാഠങ്ങളുടെ വ്യാഖ്യാനം (hermeneutics) താരിഖ് റമദാന്‍ നിര്‍വഹിക്കുന്നു. പടിഞ്ഞാറിന്റെ സാഹചര്യത്തില്‍ (context) ആണ് ഇത് നിര്‍വഹിക്കുന്നതെന്ന് പറയുന്നു. ഇത് ഒരര്‍ഥത്തില്‍ ഇസ്‌ലാമിക വിജ്ഞാനത്തിന്റെ വ്യാഖ്യാനം നടത്തുന്ന ഫകീഹ്, മുഫസ്സിര്‍ തുടങ്ങിയ പദവികളില്‍ റമദാനെ അവരോധിക്കുന്നു.
രണ്ട്, ഇങ്ങനെ വ്യാഖ്യാനിക്കാന്‍ റമദാന്‍ പറയുന്ന ന്യായം ഇസ്‌ലാം/വെസ്റ്റ് എന്നൊരു പ്രശ്‌നമാണ്. എന്താണ് സമകാലിക ഇസ്‌ലാം, എന്താണ് സമകാലിക വെസ്റ്റ് എന്ന രാഷ്ട്രീയപരവും സാമൂഹിക ശാസ്ത്രപരവുമായ ഒരു ചര്‍ച്ചയാണ് ഇത്. ക്രിട്ടിക്കല്‍ തിയറിയിലെ തന്നെ വിശാലമായ ഒരു സംവാദ വിഷയമാണ്. ഇത് നിര്‍വഹിക്കുമ്പോള്‍ താരിഖ് റമദാന്‍ ക്രിട്ടിക്കല്‍ തിയറിയില്‍ ഒരു നിലപാടെടുക്കുകയാണ്. തന്റെ മുഫസ്സിര്‍, ഫകീഹ് എന്ന തരത്തിലുള്ള പാഠവ്യാഖ്യാനം (textual interpretation), ഇടപെടലുകള്‍ എന്നിവ ക്രിട്ടിക്കല്‍ തിയറിയില്‍ റമദാന്‍ തിരിച്ചറിയുന്നത് ഇസ്‌ലാം/ വെസ്റ്റ് എന്ന സന്ദര്‍ഭത്തിനനുസരിച്ചാണ്.
ഈ ലേഖനം വികസിപ്പിക്കാതെ പോയ ഒരു പോയന്റ് താരിഖ് റമദാന്റെ ഇസ്‌ലാം, വെസ്റ്റ്, ആധുനികം എന്നീ നിര്‍വചനങ്ങളുടെ വിമര്‍ശനമാണ്. വ്യാഖ്യാനത്തിന്റെ സന്ദര്‍ഭം (context of the interpretation) എന്താണെന്ന് താരിഖ് റമദാന്‍ സൂക്ഷ്മമായി മനസ്സിലാക്കുന്നില്ല എന്നും 'വെസ്റ്റ്' എന്ന സംവര്‍ഗത്തോട് (west as a category) സൂക്ഷ്മാര്‍ഥത്തില്‍ (വിമര്‍ശനരഹിതമായ) നിലപാടുള്ളത് കൊണ്ടാണ് വെസ്റ്റേണ്‍ മാധ്യമങ്ങള്‍ റമദാനെ പൊക്കി പിടിക്കുന്നതെന്നും വളരെ നീണ്ട ഒരു വിമര്‍ശനത്തിലൂടെ ഹാമിദ് ദബാശി (Islamic Liberation theology: Resisting Empire 2008, Routledge, page 132-140) ചൂണ്ടിക്കാട്ടുന്നുണ്ട്. ദബാശിയോടുള്ള തന്റെ പ്രതികരണം വിമര്‍ശകര്‍ക്കുള്ള മറുപടിയായി പുറത്തിറക്കിയ What I Believe (Oxford University Press, 2010) എന്ന പുസ്തകത്തില്‍ ഒഴുക്കന്‍ മട്ടില്‍ കൈകാര്യം ചെയ്തു രക്ഷപ്പെടുകയായിരുന്നു റമദാന്‍.
ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നു പറഞ്ഞ് റമദാന് വിസ നിഷേധിച്ചതോടെ ഒരു വിഭാഗം ജേര്‍ണലിസ്റ്റുകള്‍ റമദാന്‍ എഴുതിയത് വായിക്കുകയും ഇസ്‌ലാമിന്റെ മാര്‍ട്ടിന്‍ ലൂഥര്‍ എന്ന വിശേഷണവുമായി രംഗത്ത് വരികയുമാണ് ചെയ്തത്. മാര്‍ട്ടിന്‍ ലൂഥര്‍ എന്ന പ്രൊട്ടസ്റ്റന്റ് മത നവീകരണക്കാരനെ ഇസ്‌ലാമില്‍ അന്വേഷിക്കാന്‍, വിശിഷ്യ 9/11നു ശേഷം വാഷിംഗ്ടണ്‍ പോസ്റ്റടക്കമുള്ള പത്രങ്ങളെ പ്രേരിപ്പിക്കുന്നത് എന്തുകൊണ്ടെന്ന് ആലോചിക്കണമെന്നാണ് ദബാശിയുടെ പക്ഷം. അക്രമാസക്തമായ ഇസ്‌ലാമിനെക്കുറിച്ചുള്ള ഭീതിയാണ് ഇതിനു പിന്നിലെന്നും കുടിയേറ്റക്കാരായ യൂറോപ്യന്‍ മുസ്‌ലിംകളില്‍ നിന്ന് തങ്ങള്‍ക്കാവശ്യമുള്ള തരത്തിലുള്ള ഒരു ലിബറല്‍ ക്രിസ്ത്യന്‍ ഇസ്‌ലാമിനെ ഉണ്ടാക്കാനാണ് റമദാന്‍, അബ്ദുല്‍ കരീം സോരൂഷ്, ഖാലിദ് അബു ഫദല്‍ പോലുള്ള 'മുജ്തഹിദു'കളെ സൃഷ്ടിച്ചെടുക്കുന്നതെന്നും ദബാശി പറയുന്നു. താരിഖ് റമദാന്‍ വരേണ്യമായ ഒരു വെസ്റ്റേണ്‍ ഇസ്‌ലാമിനെയാണ് ഉണ്ടാക്കുന്നതെന്നും ഭൂമിയിലെ അടിച്ചമര്‍ത്തപ്പെടുന്നവരോട് സംസാരിക്കുന്ന ദൈവശാസ്ത്രത്തെപ്പറ്റി സംസാരിക്കാന്‍ റമദാന് ഒരിക്കലും കഴിഞ്ഞിട്ടില്ലെന്നും ദബാശി പറയുന്നു.
To Be a European Muslim എന്ന പുസ്തകത്തില്‍ 'Where are We' എന്ന അധ്യായത്തില്‍ ആണ് തന്റെ വ്യാഖ്യാനത്തിന്റെ സ്ഥലവും കാലവും റമദാന്‍ പറയുന്നത്. ദാറുല്‍ ഹര്‍ബ്, ദാറുല്‍ ഇസ്‌ലാം ഇവയെ കുറിച്ച് സംസാരിക്കുമ്പോഴും പടിഞ്ഞാറിനെ കേന്ദ്രമാക്കിയും ലോകത്തിന്റെ മറ്റെല്ലാ ഭൂമിശാസ്ത്ര വൈവിധ്യങ്ങളെയും പടിഞ്ഞാറിന്റെ പുറമ്പോക്കില്‍ പ്രതിഷ്ഠിച്ചുമാണ് റമദാന്‍ ആഖ്യാനം നിര്‍വഹിക്കുന്നത്. യൂറോ കേന്ദ്രീകൃതമായ ഒരു വംശീയ ലോകത്തെ കാണാതെ പോകുന്നു എന്നതാണ് ഈ വിശകലനത്തിലെ അന്ധമേഖല (blindspot). ഇതിന്റെ പ്രതിഫലനമാണ് സാമാന്യ ബോധത്തിന്റെ ആശാന്മാരായ ജേര്‍ണലിസ്റ്റുകള്‍ നല്‍കുന്ന മാര്‍ട്ടിന്‍ ലൂഥര്‍ എന്ന വിശേഷണം.
ദാറുല്‍ ഹര്‍ബ്, ദാറുല്‍ കുഫ്‌റ് തുടങ്ങിയ മുസ്‌ലിം ലോകത്ത് ഇന്നാരും ഉപയോഗിക്കാത്ത വിശകലനോപാധികള്‍ റമദാന്‍ പൊടി തട്ടിയെടുക്കുന്നത് ക്രിട്ടിക്കല്‍ തിയറിയിലെ നിലപാടില്ലായ്മയാണെന്നും പഴയ ഒറിയന്റലിസ്റ്റുകളുടെ ഇസ്‌ലാം കൗതുകത്തെ (Islam as an exotic object in knowledge) ഊട്ടിയുറപ്പിക്കാനാണെന്നും ദബാശി പറയുന്നു. പ്രധാനപ്പെട്ട മറ്റൊരു പ്രശ്‌നം ദബാശി കാണുന്നത്, താരിഖ് റമദാന്‍ ആരോടാണ്, ആരെ മനസ്സില്‍ വെച്ചാണ് ഇത് സംസാരിക്കുന്നതെന്നതാണ്. വെളുത്ത യൂറോപ്പിലെ പൂര്‍ണ പൗരനായ ആണിന്റെ (European White Male Citizen) ഉത്കണ്ഠകളാണ് താരിഖ് റമദാന്‍ അഡ്രസ് ചെയ്യുന്നത്. ഇത് ഇസ്‌ലാമിനെ മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ഒരു നിലപാടായി മാറുന്നു. എല്ലാതരം രാഷ്ട്രീയ ആധുനികതകളുടെയും കേന്ദ്രം യൂറോപ്പാവുന്നത് കൊളോണിയല്‍ കടന്നാക്രമണങ്ങളിലൂടെയാണ് എന്ന് റമദാന്‍ വിസ്മരിക്കുന്നതായി ദബാശി വിമര്‍ശിക്കുന്നു. യൂറോപ്പിനെ അപകേന്ദ്രീകരിക്കുന്ന (decentre) ഇസ്‌ലാമിക ആധുനികതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആണ് മുന്നോട്ട് വരേണ്ടതെന്നാണ് ദബാശി വാദിക്കുന്നത്. ഇങ്ങനെയല്ലാതെ നടത്തുന്ന വിമര്‍ശനം ഒരേസമയം ഇസ്‌ലാമിനെയും പടിഞ്ഞാറിനെയും സത്താപരമായ നിര്‍ണയ വാദങ്ങളില്‍ കൂടുക്കിയിടുന്നു. അങ്ങനെ Islam in West എന്നത് Islam vs West എന്ന കൊളോണിയല്‍ ക്ലിഷേയുടെ തടവിലാകുന്നു. റമദാന്‍ പറയുന്നതിങ്ങനെ: ''Muslim settled in West are at the center, at the heart, at the head.'' പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ പോകാന്‍ സാധിച്ച മുസ്‌ലിംകളെ ഇസ്‌ലാമിന്റെ കേന്ദ്രമായി മനസ്സിലാക്കുന്നു. എന്നാല്‍ ഇങ്ങനെ ആയതുകൊണ്ട് വലിയ കാര്യമില്ല എന്ന് പലപ്പോഴും റമദാന്‍ പറയുന്നുണ്ട് എന്നത് ശരിയാണ്. വാചികമായി ഇല്ല എന്ന് പറയുന്ന ഇസ്‌ലാം/വെസ്റ്റ് എന്ന ദ്വന്ദം വിശകലനത്തില്‍ ഏറെ ഉള്ളതായി ദബാശി കാണിച്ചു തരുന്നു.
എങ്ങനെയെങ്കിലും ഞങ്ങളെ ഒന്ന് അംഗീകരിക്കണം എന്ന് യൂറോപ്യന്‍ കൗണ്ടി ക്ലബ്ബുകളോട് പറയുന്ന റമദാന്‍ യൂറോപ്പില്‍ ജീവിക്കുന്ന ലാറ്റിന്‍ അമേരിക്കക്കാര്‍, ആഫ്രിക്കക്കാര്‍, ഇതര ഏഷ്യന്‍ സമുദായങ്ങള്‍, യൂറോപ്പിലെ തന്നെ വംശീയ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഒക്കെ ഉള്‍പ്പെടുന്ന വലിയ ജനവിഭാഗങ്ങളെയും ഇവരെ കുറിച്ച് സവിശേഷമായി ചിന്തിച്ച പ്രസ്ഥാനങ്ങളെയും മാല്‍ക്കം എക്‌സിന്റെയൊക്കെ വിഭാവനകളെയുമാണ് തമസ്‌കരിക്കുന്നത്. മാല്‍ക്കം എക്‌സിനെയൊക്കെ തിരസ്‌കരിക്കുന്നത്, മുസ്‌ലിം സമൂഹം യൂറോ-അമേരിക്കയില്‍ കഴിഞ്ഞ പത്തു മുപ്പതു വര്‍ഷം മുമ്പ് മാത്രം ആകാശത്ത് നിന്ന് പൊട്ടിവീണു എന്ന് കരുതും പോലെയാണ്. മാത്രമല്ല, ആധുനികത എന്നത് യൂറോപ്പും, പാരമ്പര്യം എന്നത് ഇസ്‌ലാമും ആയി ചിന്തിക്കുന്നത് തന്നെ കൊളോണിയലിസം കലര്‍ന്ന ചരിത്രത്തെയും അതിന്റെ സങ്കീര്‍ണതകളെയും മാറ്റിനിര്‍ത്താനാണ്. യൂറോപ്പിനെ കേന്ദ്രമാക്കിയെടുക്കുന്ന ഭാവന തന്നെ അങ്ങേയറ്റം കോളനിവത്കൃതവും വംശീയവുമാണ്. യൂറോപ്പ് കേന്ദ്രമായത് വിജ്ഞാനത്തിലും രാഷ്ട്രീയത്തിലും അവര്‍ നടത്തിയ കടന്നാക്രമണപരമായ ഇടപെടലുകള്‍ കാരണമാണ്. അത് ഫ്രാന്‍സ് ഫാനന്‍, അലി ശരീഅത്തി, മാല്‍കം എക്‌സ് ഇവരൊക്കെ തിരസ്‌കരിച്ച അധീശ നിര്‍മിതിയാണെന്നാണ് ദബാശി വിലയിരുത്തുന്നത്..
ഏഷ്യന്‍ മുസ്‌ലിം, ആഫ്രിക്കന്‍ മുസ്‌ലിം എന്നൊന്നും ഇന്നേവരെ സാധ്യമായിട്ടില്ലാതിരിക്കെ, യൂറോപ്യന്‍ മുസ്‌ലിം പെട്ടെന്ന് സാധ്യമാകുന്നത് യൂറോപ്പിന്റെ കൊളോണിയല്‍ വംശീയ മേല്‍ക്കോയ്മാ നിലപാടുകളിലൂടെയാണ്. ഇത് കാണാതെയോ കണ്ടില്ലെന്ന് നടിച്ചോ ആണ് റമദാന്‍ യൂറോപ്യന്‍ മുസ്‌ലിമിനെ ഉണ്ടാക്കുന്നത്. ഫ്രാന്‍സ് ഫാനന്‍ നിരീക്ഷിക്കുന്നത്, യൂറോപ്പ് തന്നെ ഉണ്ടാക്കപ്പെടുന്നത് മൂന്നാം ലോകത്തിലൂടെയാണെന്നാണ്. കോളനികളാക്കപ്പെട്ട രാജ്യങ്ങളുടെ ബാധ്യതയായി തീര്‍ന്നിരിക്കുന്നു യൂറോപ്പ്. ഇതിനെ പലതരത്തില്‍ അഭിമുഖീകരിച്ച് ഇസ്‌ലാമിക-ആഫ്രോ-അമേരിക്കന്‍-കരീബിയന്‍ രാഷ്ട്രീയ ചിന്തകളെ/ അനുഭവങ്ങളെ നിരാകരിക്കുന്നതാണ് റമദാന്‍ രൂപപ്പെടുത്തിയ യൂറോപ്യന്‍ മുസ്‌ലിം. ലാറ്റിന്‍ അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നും കുടിയേറിയ മുസ്‌ലീമിതര സമുദായങ്ങള്‍ക്കൊപ്പം പാത്രം കഴുകുന്നവരാണ് അള്‍ജീരിയന്‍, മൊറോക്കന്‍, അഫ്ഗാന്‍, പാകിസ്താന്‍ മുസ്‌ലിംകള്‍. ഇവര്‍ക്കൊപ്പം ടാക്‌സി ഓടിച്ചും ഭിക്ഷാടനം നടത്തിയും പുറമ്പോക്കില്‍ ജീവിക്കുന്ന നിരവധി സാമൂഹിക വിഭാഗങ്ങളെ റമദാന്‍ കാണാതെ പോകുന്നു.
മുസ്‌ലിംകള്‍ അനുഭവിക്കുന്ന പ്രശ്‌നം മതപരമായ സ്വത്വപ്രതിസന്ധി മാത്രമാണെന്നും അത് പരിഹരിക്കലാണ് മുഖ്യ അജണ്ട എന്നും വരുത്തിത്തീര്‍ക്കുകയാണ്. ഇത് ലോകത്ത് പല രീതിയില്‍ പോരാടിക്കൊണ്ടിരിക്കുന്ന കറുത്തവര്‍, സ്ത്രീകള്‍, ലാറ്റിന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ മത സമൂഹങ്ങള്‍ ഇവരൊക്കെ ഉള്‍പ്പെട്ട ഒരു ലോകഭാവന ഇസ്‌ലാമിലൂടെ വികസിപ്പിക്കുന്നതിനു പകരം, യൂറോപ്പിലെ ദേശരാഷ്ട്രങ്ങളുടെ സ്വത്വപ്രതിസന്ധി പരിഹരിക്കുന്ന നയരൂപീകരണ അംബാസഡറായി മാറുകയാണ് റമദാന്‍
റമദാന്‍ എത്തിപ്പെട്ട പല നിഗമനങ്ങളും യോജിക്കാവുന്നതാണെങ്കിലും അതുണ്ടാക്കുന്ന സംവര്‍ഗപരമായ പിഴവുകള്‍ (categorical mistake) എന്നത്, രാഷ്ട്രീയ ബോധ്യങ്ങളുടെ വിശകലന ഉപകരണങ്ങളുടെ അഭാവമാണ്. ദബാശിയുടെ റമദാന്‍ വിമര്‍ശനം സമകാലിക ഇസ്‌ലാമിക ചിന്തയിലെ മറ്റൊരു ദിശയെ ആണ് കാണിക്കുന്നത്. ഇന്ത്യ പോലുള്ള ഒരു സാഹചര്യത്തില്‍ പലതരം സംവാദങ്ങളില്‍ ഇടപെടുന്നത് നമ്മുടെ തന്നെ സവിശേഷതകളെ കൂടുതല്‍ വിമര്‍ശനാത്മകമായി സമീപിക്കാന്‍ ഇടയാക്കും. റമദാന്‍ തെറ്റ്/ ദബാശി ശരി എന്ന ലളിത സമവാക്യങ്ങള്‍ക്കപ്പുറം പുതിയ ഇസ്‌ലാമിക രാഷ്ട്രീയ ഭാവനകളെ ഇത്തരം ചര്‍ച്ചകള്‍ സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കാം.
Comments